സ്നേഹദൂരം.....💜: ഭാഗം 26

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൾ അങ്ങനെ പറയുമെന്ന് സത് അവൻ വിചാരിച്ചിരുന്നില്ല... ഇത്രയൊക്കെ താൻ പറയുമ്പോൾ ചിലപ്പോൾ എന്തെങ്കിലും എതിർപ്പുകൾ അവളുടെ ഭാഗത്തുനിന്ന് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്, ഒരു നിമിഷം അവളുടെ മനസ്സിൽ തന്നോട് തോന്നിയത് വെറും ഒരു ഇഷ്ടമല്ല എന്ന് അവന് തോന്നി പോയിരുന്നു...... അത്തരത്തിൽ ഒരു മറുപടിയായിരുന്നു അവളുടെ നാവിൽ നിന്നും തിരികെ വന്നിരുന്നത്.... " ഹരിയേട്ടൻ ഒരിക്കലും എന്നെ തിരിച്ച് സ്നേഹിച്ചില്ലെങ്കിലും സാരമില്ല എന്ന് ഹരി ചേട്ടനോടൊപ്പം നല്ലപാതി ആയി ജീവിക്കാൻ സാധിക്കുമല്ലോ, ആ താലിയുടെ അവകാശി ഞാൻ ആണ് എന്ന് പറയാൻ സാധിക്കുമല്ലോ,

ഹരിയേട്ടന്റെ ദീർഘയുസ്സിനു വേണ്ടി എൻറെ സീമന്തരേഖ ചുവക്കുമല്ലല്ലോ, അത് മാത്രം മതി, പിന്നെ ഹരി ചേട്ടൻ പറഞ്ഞതുപോലെ വെറുതെയെങ്കിലും എന്നെങ്കിലുമൊരിക്കൽ ഹരിയേട്ടൻ എന്നെ തിരിച്ച് സ്നേഹിക്കുമെന്ന പ്രതീക്ഷയോടെ എനിക്കറിയാമല്ലോ...... വെറുതെ ആണെങ്കിലും ഹരിയേട്ടൻ പറഞ്ഞില്ലേ എപ്പോഴെങ്കിലും എന്നെ തിരിച്ച് സ്നേഹിക്കുമെന്ന്, അത് മാത്രം മതി എനിക്ക്...... ആ പ്രതീക്ഷ മാത്രം മതി ഹരിയേട്ടാ, ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാണ് എൻറെ പ്രണയം ഹരിയേട്ടനെ മുൻപിൽ തുറന്നു കാണിക്കുന്നത്......?

ഇത് ഭ്രമം അല്ല ഹരിയേട്ടാ, എന്റെ ജീവിതം കൊണ്ടാണ് ഞാൻ ഹരി ഏട്ടനോട് ഇഷ്ടം ഇനി തെളിയിക്കാൻ പോകുന്നത്, അല്ലാതെ ഞാൻ എത്രയൊക്കെ പറഞ്ഞാലും അത് മനസ്സിലാവില്ല ഹരിയേട്ടന്......." അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ശ്രീഹരി, വളരെ പെട്ടെന്ന് തന്നെ അവളുടെ തീരുമാനം സേതുവിനോടും സുഗാന്ധിയോടും പറഞ്ഞിരുന്നു, മറ്റൊരു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ അവൾ അത് സമ്മതിച്ചത് എന്ന് സുഗന്തിക്ക് തോന്നിയിരുന്നു,

അതുകൊണ്ട് അവർ പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് ചെന്നിരുന്നു, ഒരു പ്രത്യേക ഉത്സാഹവും അവളുടെ മുഖത്ത് അവർ കണ്ടിരുന്നില്ല , അത് അവരിൽ ആശങ്ക നിറച്ചു.... അവളുടെ അരികിലേക്ക് ഇരുന്ന് അവളുടെ തല മുടിയിഴകളിൽ ആർദ്രമായി തലോടി.... " മോളേ നിൻറെ സാഹചര്യം കൊണ്ട് നീ സമ്മതിച്ചതാണോ ഈ വിവാഹത്തിന്....? ഹരിയെ നീ നിന്റെ ഏട്ടന്റെ സ്ഥാനത്താണ് കണ്ടിട്ടുള്ളത് എന്ന് എനിക്ക് നന്നായി അറിയാം, മോൾക്ക് അവനെ അംഗീകരിക്കാൻ പറ്റില്ലെങ്കിൽ അങ്കിളും ആൻറിയും ഒരിക്കലും മോളെ നിർബന്ധിക്കില്ല, നീ ഒറ്റയ്ക്കായി പോകേണ്ട എന്ന് കരുതി മാത്രം ഞങ്ങൾ എടുത്ത തീരുമാനമാണിത്,

അവരുടെ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ സഹതാപമായിരുന്നു അവൾക്ക് തോന്നിയത്..... അവൾ അവരുടെ മടിയിലേക്ക് കിടന്നു, അതിനുശേഷം പറഞ്ഞു, " എനിക്ക് പൂർണ്ണ സമ്മതമാണ് ആന്റി.... ഹരിയേട്ടനെ പോലെ ഒരാളെ ഭർത്താവായി ലഭിക്കുകയാണെങ്കിൽ അതിലും വലിയ ഭാഗ്യമെന്താണ് ഞാൻ ഈ ജന്മം ചെയ്യുന്നത്, ആരും ഇല്ലാത്ത എനിക്ക് ഹരിയേട്ടനെ കിട്ടിയാൽ അത് എന്റെ പുണ്യം അല്ലേ, ഹരിയേട്ടൻ എന്നും ഒപ്പം ഉണ്ടാകുമല്ലോ, ഹരിയേട്ടനെ കൂടി നഷ്ട്ടം ആയാൽ ചിലപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കും ആന്റി...." അവളുടെ ആ മറുപടിയിൽ സുഗന്ധിയുടെ മനസ്സും നിറഞ്ഞിരുന്നു..... " ചിലപ്പോൾ ഇതായിരിക്കും മോളെ ദൈവകല്പന,

അതിനു വേണ്ടി ആയിരിക്കും ഇങ്ങനെയൊക്കെ നടന്നത്, ഈ വീട്ടിൽ എൻറെ മൂത്ത മരുമകൾ ആയി നീ വരുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം, ആർദ്രമായി അവളുടെ തല മുടിയിഴകളിൽ തലോടി സുഗന്ധി അത് പറഞ്ഞപ്പോൾ അവളുടെ മനസ്സു നിറഞ്ഞിരുന്നു..... പക്ഷേ ശ്രീഹരിയുടെ മനസ്സിൽ മാത്രം ഒരു വല്ലാത്ത പ്രക്ഷോഭം തന്നെ നടക്കുന്നുണ്ടായിരുന്നു, കൂടപ്പിറപ്പിന്റെ സ്ഥാനത്ത് കണ്ടവനെ ഇനിമുതൽ നല്ല പാതിയായി കാണണം, അത് തനിക്ക് സാധിക്കുമോ എന്ന് സംശയം അവനിൽ നിലനിന്നിരുന്നു, തൻറെ താലി കഴുത്തിൽ വീഴുന്ന നിമിഷം മുതൽ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും തനിക്ക് സാധിക്കില്ല എന്ന് അവനു തോന്നി......

തങ്ങൾ തമ്മിലുള്ള ബന്ധത്തിന് പരിശുദ്ധി പൂർണ്ണമായും നഷ്ടപ്പെടുന്നത് പോലെയാണ് അവന് തോന്നിയത്.......താൻ അവളെ ഇഷ്ടപ്പെടുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് പക്ഷേ അവളെ പ്രണയിക്കാൻ തനിക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും സാധിക്കുമോ.....? ഈയൊരു സാഹചര്യത്തിൽ അവളെ ഒറ്റയ്ക്ക് ആക്കുവാനും തനിക്ക് സാധിക്കുന്നില്ല, എന്താണ് ചെയ്യുക....? ഇനിയിപ്പോൾ വിവാഹം നടക്കുക മാത്രമേ മുൻപിൽ ഒരു വഴിയുള്ളൂ എന്ന് ശ്രീഹരി അറിയുകയായിരുന്നു..... പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു, ശ്രീദേവും ശ്രീവിദ്യയും വിവരമറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയിരുന്നു, എങ്ങനെയാണ് ശ്രീഹരിയും ജാനകിയും തമ്മിൽ ഉള്ള വിവാഹം എന്ന് കേട്ടപ്പോൾ ഇരുവരും ഒന്ന് ഞെട്ടിയിരുന്നു....

എങ്കിലും ഇരുവർക്കും സന്തോഷം തന്നെയായിരുന്നു, തങ്ങളുടെ കുടുംബത്തിലേക്ക് അവൾ വരുന്നത്.... വീട്ടിലേക്ക് കയറിവന്ന രണ്ടുപേരും അവളെ കെട്ടി പിടിക്കുകയായിരുന്നു ചെയ്തത്...... " ഇനിയിപ്പോ നിന്നെ ഞങ്ങൾ ചേട്ടത്തി എന്ന് വിളിക്കണം അല്ലേ... ശ്രീദേവ് കളിയോടെ അത് പറഞ്ഞപ്പോൾ ശ്രീഹരി വല്ലാതെ ആയി... കൂടുതൽ സമയം അവിടെ ഇരിക്കാതെ മുകളിലേക്ക് കയറി പോയിരുന്നു, ജാനകി അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു...... എന്തുകൊണ്ടോ ആ തമാശ ആസ്വദിക്കാൻ അവൾക്കും സാധിച്ചിരുന്നില്ല, ശ്രീവിദ്യ മാത്രം അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.... " പൂർണ്ണ മനസ്സോടെയാണോ നീ ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്....?

വിദ്യയുടെ ആ ചോദ്യത്തിന് അർത്ഥം അവൾക്ക് മനസ്സിലായിരുന്നില്ല, " അതെന്താ വിദ്യേച്ചി അങ്ങനെ ചോദിച്ചത്.... " ഏട്ടൻറെ പ്രായം...!! നീ തീരെ ചെറിയ കുട്ടിയല്ലേ, വിവാഹത്തെപ്പറ്റി നിനക്കും ചില സ്വപ്നങ്ങൾ ഒക്കെ ഉണ്ടായിരിക്കില്ലേ, നിൻറെ അവസ്ഥ കൊണ്ട് നീ സമ്മതിച്ചതാണോ ഈ വിവാഹത്തിന്, അങ്ങനെയാണെങ്കിൽ ഞാൻ പറയാം ചേട്ടനോട്...... എനിക്ക് നിന്റെ വേദന മനസ്സിലാകും, നിനക്ക് ഹരി ഏട്ടനോട് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആണെങ്കിൽ.... വിദ്യ അത് ചോദിച്ചപ്പോൾ അറിയാതെ അവൾ കരഞ്ഞു പോയിരുന്നു...... അവളുടെ കണ്ണുനീരിന്റെ അർത്ഥം ശ്രീവിദ്യയ്ക്ക് മനസ്സിലായിരുന്നില്ല,

ഒരുപക്ഷേ വിവാഹത്തിനു സമ്മതം അല്ലാത്തതുകൊണ്ട് ആണോ അവൾ കരയുന്നത് എന്ന് പോലും ശ്രീവിദ്യ തെറ്റിദ്ധരിച്ചു..... " സത്യം പറ..!! ഏട്ടൻ നിന്നെ നിർബന്ധിച്ചോ വിവാഹത്തിനു വേണ്ടി.... ആ ചോദ്യം അവൾക്ക് വല്ലാത്തൊരു വേദനയായിരുന്നു നിറച്ചിരുന്നത്..... ഒരു നിമിഷം ശ്രീഹരിയുടെ മുഖം ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു, ഒരുപക്ഷേ എല്ലാവരും ചിന്തിക്കുന്നത് ഇങ്ങനെ ആയിരിക്കും.... ഹരിയേട്ടൻ വീണ്ടും കുറ്റക്കാരനായി മാറുകയാണോ എന്ന വേദന അവളിൽ ഉടലെടുത്തു തുടങ്ങി..... " ചേച്ചി അങ്ങനെ പറയരുത്....!! ദൈവദോഷം കിട്ടും, ഞാനാണ്...... ഞാനാണ് ഹരിയേട്ടനെ പറ്റി ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത ഒക്കെ ചിന്തിച്ചത്,

പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീവിദ്യയോട് നടന്ന കാര്യങ്ങളെല്ലാം തുറന്നു പറയുമ്പോൾ ആ നിമിഷം അവൾക്ക് എല്ലാം പറയാൻ ഒരാൾ അത്യാവശ്യം ആയിരുന്നു എന്ന് ശ്രീവിദ്യയ്ക്കും തോന്നിയിരുന്നു...... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ വിദ്യയുടെ ചുണ്ടിലൊരു പുഞ്ചിരി ഓടിയിരുന്നു..... " ഏട്ടൻ എവിടെയാ നിന്നെ അടിച്ചത്......? ചിരിച്ചു കൊണ്ടായിരുന്നു അവൾ ചോദിച്ചത്..... "ഇവിടെ ആയിരുന്നു... ഇടത്തെ കവിളിൽ തൊട്ട് കാണിച്ച് അവൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞപ്പോൾ അറിയാതെ വിദ്യയേയും കൂടെ ചിരിച്ചു പോയിരുന്നു.....

" നീ ആൾ കൊള്ളാല്ലോടി....!! ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി വിദ്യ പറഞ്ഞപ്പോൾ വീണ്ടും ഒരു കുറ്റബോധം എവിടെനിന്നൊ ഉണരുന്നത് ആയി അവൾ അറിഞ്ഞു.... " എനിക്കറിയാം ചേച്ചി തെറ്റായിരുന്നു.... ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ലായിരുന്നു, പക്ഷേ എപ്പോഴോ ഏതോ ഒരു നിമിഷം അറിയാതെ ഇഷ്ടപ്പെട്ടു പോയി, കുറ്റബോധത്തോടെ അവൾ പറഞ്ഞു... " തെറ്റാണെന്ന് ഞാൻ പറയില്ല, നമ്മുടെ മനസ്സിൻറെ ചിന്തകൾ നമ്മൾ വിചാരിക്കുന്നതുപോലെ ആയി എന്ന് വരില്ല..... അല്ലെങ്കിൽതന്നെ ഇതിൽ എന്ത് തെറ്റാണുള്ളത്....? നീയും ഹരിയേട്ടൻ തമ്മിൽ ബന്ധം ഒന്നുമില്ലല്ലോ,

പിന്നെ നമ്മൾ എല്ലാവരും ഒരുപോലെ ഇങ്ങനെ ഫാമിലി ഫ്രണ്ടസ് അല്ലേ, ഒരിക്കലും ഇവിടെ നീയും ചേട്ടനും തമ്മിൽ സിസ്റ്റർ ബ്രദർ ആണെന്ന് പറഞ്ഞിട്ടുണ്ടോ...? എല്ലാവരും അങ്ങനെ കരുതി എന്നല്ലേ ഉള്ളൂ, " എങ്കിലും അങ്ങനെ കരുതി എന്ന് ഉള്ളത് സത്യമല്ലേ...? " ഞാൻ കാണുന്നില്ല..... നിങ്ങൾ രണ്ടുപേരും കൂടെ കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവില്ലേ....? എടീ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നു, അതിന് ഒരു മാനദണ്ഡങ്ങളും ഇല്ല..... നമുക്ക് ഒരു നിമിഷം തോന്നി പോകാവുന്നതാണ് ഇഷ്ടം അതിൽ ഞാൻ ഒരിക്കലും നിന്നെ തെറ്റ് പറയില്ല.... ശ്രീവിദ്യ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിൽ ഒരു ആശ്വാസം കിട്ടിയതുപോലെ അവൾക്ക് തോന്നിയിരുന്നു....

എല്ലാവരും തന്നെ കുറ്റപ്പെടുത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്, ആദ്യമായി വിദ്യയുടെ നാവിൽനിന്നും താൻ ചെയ്തത് അത്ര വല്ല്യ ഒരു തെറ്റ് അല്ല എന്ന് കേട്ടപ്പോൾ മനസ്സിന് സന്തോഷം തോന്നുന്നതുപോലെ...... അതോടൊപ്പം ഒരാളോടെങ്കിലും എല്ലാം തുറന്നു പറഞ്ഞതിന്റെ ഒരു ചാരിതാർത്ഥ്യം...... പിന്നീട് എല്ലാം വളരെ പെട്ടെന്ന് തന്നെ ആയിരുന്നു, വലിയ ചടങ്ങായി ഒന്നും വിവാഹം നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു, അമ്പലത്തിൽ വച്ച് ചെറിയൊരു ചടങ്ങ്...... കുടുംബക്കാരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള ഒരു ചടങ്ങ്, അങ്ങനെയായിരുന്നു തീരുമാനിച്ചിരുന്നത്...... അച്ഛനെയും അമ്മയെയും കാണാൻ സേതുവിന്റെ ഒപ്പം ഒരിക്കൽ കൂടി അവൾ വീട്ടിൽ പോയി,

ഒരുപാട് ബലം ഉപയോഗിച്ച് ആയിരുന്നു സേതു അവളെ അവിടെ നിന്ന് കൂട്ടികൊണ്ട് വന്നത്, അനുഗ്രഹം വാങ്ങാൻ വന്നവൾ കരഞ്ഞു വീർത്ത മുഖവും ആയി ആയിരുന്നു തിരികെ പോയത്.... വിവാഹ വസ്ത്രങ്ങൾ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു എല്ലാരും..... കൂടുതൽ സമയവും ജാനകി വിദ്യയ്ക്ക് ഒപ്പം ആയിരുന്നു...... ആ സമയത്ത് വിദ്യയുടെ സാന്നിധ്യവും സംസാരവും നൽകുന്ന ആത്മവിശ്വാസം വലിയൊരു ശക്തി തന്നെയായിരുന്നു നൽകിയിരുന്നത്....... പല ബന്ധുക്കളുടെയും ഇടയിൽനിന്നും പലപല മുറുമുറുപ്പുകളുണ്ടായിരുന്നു....... ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് പോലും കഥകൾ വന്നിരുന്നു......

എല്ലാത്തിനെയും ചെയ്തും സുഗന്ധിയും സേതുവും അവഗണിച്ചിരുന്നു, പക്ഷേ ശ്രീഹരിക്ക് ഒരു വല്ലായ്മ ആയിരുന്നു തോന്നിയത്....... എല്ലാവരുടെയും മുൻപിൽ താൻ ഒരു കോമാളി ആവുന്നത് പോലെ ശ്രീഹരിക്ക് തോന്നിയിരുന്നു........ ഇത്രയും ചെറിയ പെൺകുട്ടിയെ ഇവന് കിട്ടിയല്ലോ എന്ന് പറഞ്ഞു ചിലർ സന്തോഷം പങ്കുവച്ചപ്പോൾ അവന് വല്ലായ്മ ആണ് തോന്നിയത്...... എങ്കിലും അവൻ അത് സ്വയം സഹിച്ചു, എല്ലാവർക്കും എടുത്തു പറയാനുണ്ടായിരുന്നത് ഇരുവരുടെയും പ്രായവ്യത്യാസം തന്നെയായിരുന്നു....... ഇരുവരും തമ്മിൽ 13 വയസ്സിന് വ്യത്യാസമുണ്ടായിരുന്നു, ബന്ധുക്കൾക്കിടയിൽ തന്നെ പല രീതിയിലുള്ള ചർച്ചകൾ ഉയർന്നപ്പോൾ ശ്രീഹരിക്ക് ഒരു വേദന നിറച്ചിരുന്നു......

ശ്രീവിദ്യയും ശ്രീദേവിയും നോക്കാൻ പോലും ശ്രീഹരിക്ക് മടിയായി തുടങ്ങി...... അവന്റെ മാനസിക അവസ്ഥ മനസ്സിലാക്കി തമാശകൾ ആയി ഇരുവരും കൂടെയുണ്ടായിരുന്നു...... അത് ഒരു പരിധിവരെ പിരിമുറുക്കം ബാധിച്ച ശ്രീഹരിയുടെ മനസ്സിന് ഒരു ആശ്വാസം തന്നെ ആയിരുന്നു നൽകിയിരുന്നത്...... അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹത്തിന്റെ ദിവസം വന്നെത്തി...... അച്ഛൻറെയും അമ്മയുടെയും ആത്മാവിനോട് മനസ്സാലെ അനുഗ്രഹം വാങ്ങി, മെറൂൺ നിറത്തിലുള്ള കസവ് സാരിയും പച്ച സിൽക്ക് ഹാൻഡ് വർക്ക് ബ്ലൗസ്സിലും അതിസുന്ദരിയായി ജാനകി ഒരുങ്ങി.....

എങ്കിലും മനസ്സിൽ എന്തോ ഒരു വേദന പോലെ, തന്റെ പ്രണയം സ്വന്തമാക്കിയ നിമിഷം ഒപ്പം അമ്മ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയിരുന്നു....... അവൾ ഒരുങ്ങിക്കഴിഞ്ഞു കുറച്ച് സമയം ഒറ്റയ്ക്കിരുന്നപ്പോൾ ഒരു കുളിർതെന്നൽ തന്നെ തഴുകിത്തലോടി പോകുന്നത് പോലെ അവൾക്ക് തോന്നി...... അത് അമ്മയുടെ ആത്മാവാണെന്ന് വിശ്വസിക്കുവാൻ ആയിരുന്നു അവൾക്കിഷ്ടം, അമ്മ ഇവിടെത്തന്നെയുണ്ട്, തൻറെ ജീവിതത്തിൽ സന്തോഷം ഉണ്ടായിരിക്കും, ഏറ്റവും നല്ല ഒരാളെ തനിക്ക് ലഭിക്കുന്നതിൽ, ഈ ഭൂമിയിൽ അമ്മയ്ക്ക് വിശ്വാസം ഹരിയേട്ടനോളം മറ്റാരുമുണ്ടായിരുന്നില്ല.......

തനിക്കൊരു വിവാഹലോചന ഹരി ഏട്ടനോട് പറഞ്ഞപ്പോഴും അമ്മ പറഞ്ഞത് ഹരിയേട്ടനെ പോലെ സ്വഭാവമുള്ള നല്ലൊരാളെ നോക്കണം എന്നായിരുന്നു....... ആ കൈകളിലേക്ക് താൻ ചെന്ന് ചേരുമ്പോൾ ലോകത്തിൽ വച്ച് ഏറ്റവും സുരക്ഷിതമായ കരങ്ങളിലേക്ക് എത്തുമ്പോൾ അമ്മ സന്തോഷിക്കുന്നുണ്ടാകും എന്ന് അവൾക്ക് അറിയാമായിരുന്നു........ എങ്കിലും ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ വിരുന്നു വന്നു....... ശ്രീഹരിയുടെ മനസിലും സംഘർഷം നിറഞ്ഞു, ഇനിയും കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൾ തന്റെ ഭാര്യ ആകും, ഒരു പുരുഷന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കണ്ട നിമിഷം അവന്റെ മനസ്സിൽ പിരിമുറുക്കം നിറഞ്ഞു നിന്നു,

ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അറിയാത്ത ഒരു അവസ്ഥ.... വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീഹരി എന്ന് സ്വർണ്ണ ലിപികളാൽ എഴുതിയ താലി ജാനകിയുടെ മാറിൽ അമരുമ്പോൾ അവൻറെ കൈയുടെ ചൂട് അവൾ പിൻകഴുത്തിൽ അറിഞ്ഞു......ഒരുപാട് പണിപെട്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി നൽകുവാൻ ശ്രീഹരി മറന്നില്ല...... പക്ഷേ അവന്റെ മനസ്സിലും വടംവലികൾ നടക്കുക ആയിരുന്നു...... ഇനിമുതൽ എങ്ങനെയാണ് അവളെ കാണുന്നത്.....? സഹോദരിയായി കണ്ടവളെ ഭാര്യയായി കാണാൻ തനിക്ക് എത്ര കാതങ്ങൾ തണ്ടേണ്ടി വരും, താനും അവളും തമ്മിലുള്ള സ്നേഹ ദൂരം എത്ര കാതങ്ങൾ താണ്ടിയാൽ ആണ് തീരുക...?

അങ്ങനെ പല സംശയങ്ങളും അവൻറെ ഉള്ളിലെ പിറന്നിരുന്നു...... അവളോട് ഒപ്പം ഒരു ജീവിതയാത്ര സ്വപ്നം കണ്ടിരുന്നില്ല എങ്കിലും അതാണ് യാഥാർഥ്യം എന്ന് അവൻ മനസിലാക്കി..... എഴുത്തപ്പെട്ട ജീവിതയാത്ര ഇതായിരുന്നു .... അവളെ നോക്കി സമാധാനം നിറഞ്ഞ ഒരു പുഞ്ചിരി തന്നെയായിരുന്നു അവൻ നൽകിയിരുന്നത്..... അവന്റെ വിരലുകൾ അവളുടെ സീമന്തരേഖ ചുവപ്പിച്ചപ്പോൾ തൻറെ പ്രണയം കൈക്കുമ്പിളിൽ ആക്കി ഏറ്റവും ഭാഗ്യമുള്ള പെണ്ണായി മാറിയതുപോലെയായിരുന്നു അവൾക്ക് തോന്നിയിരുന്നത്..... വരണമാല്യം ചാർത്തി ശ്രീഹരിയോടൊപ്പം കതിർമണ്ഡപം വലം വയ്ക്കുമ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അധ്യായം തുറക്കുകയാണ് ഇന്ന് എന്ന് അവളും തിരിച്ചറിയുകയായിരുന്നു, പ്രിയപ്പെട്ട ആരും അരികിൽ ഇല്ലാതെ ഒറ്റയ്ക്ക്................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story