സ്നേഹദൂരം.....💜: ഭാഗം 29

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഞാനീ ചെയ്യുന്നത് തെറ്റാണെങ്കിൽ മോൾ ഏട്ടനോട് ക്ഷമിക്കണം......!! ഏട്ടന് കുറച്ചുസമയം..... കുറച്ച് സാവകാശം ലഭിച്ചേ പറ്റൂ....... അപേക്ഷ പോലെ അവൻ പറഞ്ഞു...... തൻറെ കണ്ണുകളിലേക്ക് ഉറ്റു നോക്കി നിൽക്കുന്നവളോട് ഇനിയും എന്തുപറയണമെന്നറിയാതെ ശ്രീഹരിയും നിന്നും.....  " എനിക്ക് മനസ്സിലാകും ഹരിയേട്ടാ......... എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞാലും ഹരിയേട്ടൻ അത് അംഗീകരിക്കുമെന്നോ നമ്മുടെ വിവാഹം നടക്കുമെന്നോ സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ഹരിയേട്ടൻ ഭർത്താവ് ആയി വന്ന ഒരു അമ്പരപ്പ് എനിക്കും ഉണ്ട്....... ഹരിയേട്ടൻ പറഞ്ഞതുപോലെ കുറച്ചുസമയം എനിക്കും ആവശ്യമാണ്......

അവളുടെ ആ മറുപടി അവനിൽ ഒരു സമാധാനം നിറച്ചിരുന്നു...... ഒരുപക്ഷേ തൻറെ മറുപടിയിൽ അവൾ തകർന്നുപോകും എന്നും അവളുടെ നിറഞ്ഞ കണ്ണുകൾ കാണണം എന്നൊക്കെ ആയിരുന്നു അവൻ പ്രതീക്ഷിച്ചിരുന്നത്..... അത് ഒന്നുമില്ലാതെ വളരെ പക്വതയോടെ തന്നോട് സംസാരിക്കുന്ന ജാനകി അവനിൽ ഒരു പുതുമ ഉണർത്തിയിരുന്നു....... " എങ്കിൽ നീ കിടക്ക്..... ഞാൻ കുളിച്ചില്ല, ഞാൻ കുളിച്ചിട്ട് വന്നിട്ട് കിടന്നോളാം..... ശ്രീഹരി പറഞ്ഞു...... അവൾ തലയാട്ടി സമ്മതം അറിയിച്ചപ്പോൾ കബോർഡിൽ നിന്നും ഒരു കാവിമുണ്ടും ടീഷർട്ടും ആയി അവൻ കുളിമുറിയിലേക്ക് കയറിയിരുന്നു,

കുറച്ചു സമയങ്ങൾക്ക് ശേഷം അവൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ കാണുന്ന കാഴ്ച അവൻറെ ഹൃദയത്തിന് വല്ലാതെ വേദന ഉണർത്തുന്നത് തന്നെയായിരുന്നു...... ബെഡ്ഷീറ്റ് വിരിച്ചു നിലത്തു കിടന്നുറങ്ങുന്ന ജാനകി, അത് ഹൃദയത്തെ ഒന്ന് പൊള്ളിച്ചു...... അതിനുമാത്രം താൻ എന്തു പറഞ്ഞു....? അതായിരുന്നു അവന്റെ മനസ്സിലെ ചോദ്യം...... തന്നോടൊപ്പം ഒരുമിച്ച് ഉറങ്ങി എന്നുപറഞ്ഞ് എന്തു സംഭവിക്കാനാണ്.....? " ജാനി.....!!! അവൻറെ ആ വിളി അവളിൽ ഒരു ഞെട്ടൽ ഉണർത്തിയിരുന്നു...... പെട്ടെന്ന് കണ്ണുതുറന്ന് അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഗൗരവം അവളിൽ ഒരു ഭീതി നിറച്ചു..... " നിന്നോടാരാ തറയിൽ കിടക്കാൻ പറഞ്ഞത്.....?

കയറി കട്ടിലിൽ കിടക്ക്...... അവന് ശരിക്കും ദേഷ്യം വന്നിരുന്നു.... " അത് ഹരിയേട്ടാ, ഹരിയേട്ടൻ എന്നെ ഉൾക്കൊള്ളാൻ കുറച്ച് സമയം വേണം എന്നല്ലേ പറഞ്ഞത്.....? വിക്കി വിക്കി അവൾ പറഞ്ഞു.... "അതും ഈ തറയിൽ കിടക്കുന്നതും തമ്മിൽ എന്ത് ബന്ധമാണ്.....? ഓരോ സിനിമ കണ്ടിട്ട് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടരുത്...... നമ്മൾ ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നു എന്ന് പറഞ്ഞു ഒന്നും സംഭവിക്കാൻ പോകുന്നില്ല...... രണ്ടുപേര് ഒരു കിടക്ക പങ്കിടുന്നതിന്റെ അർത്ഥം നീ ഉദ്ദേശിക്കുന്നത് മാത്രമല്ല...... ഇതാണ് പക്വത കുറവ്........ വീണ്ടും അവൻറെ ഗൗരവപൂർവ്വം ഉള്ള ആ വർത്തമാനം അവളിൽ ഒരു നൊമ്പരം നിറച്ചിരുന്നു..... എങ്കിലും മറുപടിക്ക് കാക്കാതെ അവൻ പറഞ്ഞതനുസരിച്ച് അവൾ കാട്ടിലേക്ക് തന്നെ കയറി കിടന്നിരുന്നു.....

ഒരു ഓരം ചേർന്ന് കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ അവനിൽ വീണ്ടും വാത്സല്യമാണ് തോന്നിയത്...... കുറച്ച് സമയങ്ങൾക്കു ശേഷം ലൈറ്റ് അണച്ചു അവൻറെ സാന്നിധ്യം അരികിൽ അവൾ അറിഞ്ഞിരുന്നു....... ഒരു അകലം ഇട്ടാണ് രണ്ടാളും കിടക്കുന്നത്....... മനസ്സുകൾ തമ്മിൽ അത്രത്തോളം അകലം ഉണ്ടെന്ന് രണ്ടുപേർക്കും തോന്നിയിരുന്നു....... കാലത്ത് ആദ്യം ഉണർന്നത് ജാനകി തന്നെയായിരുന്നു...... വീട്ടിൽ മുതലേ ഉള്ള ശീലമാണ്, രാവിലെ എഴുന്നേറ്റ് അത്യാവശ്യം ജോലികളൊക്കെ തീർത്തതിനു ശേഷമാണ് കോളേജിലേക്ക് പോകുന്നത്...... അതുകൊണ്ട് തന്നെ ആ ശീലം കുറെ നാളുകളായി കൂട്ടിനുണ്ട്.....

എഴുന്നേറ്റതേ കുളി മുറിയിലേക്ക് പോയി കുളിച്ചു വേഷംമാറി മുറിയിലേക്ക് വന്നപ്പോഴും ശ്രീഹരി നല്ല ഉറക്കമാണ്, ഉണർത്തേണ്ട എന്നു കരുതി പുറത്തേക്കിറങ്ങി പോയിരുന്നു....... നേരെ ചെന്നത് അടുക്കളയിലേക്ക് ആയിരുന്നു, അവിടെ സുഗന്ധി അമ്മ രാവിലെ എഴുന്നേറ്റ് ദോശയ്ക്കുള്ള കറി ഉണ്ടാകുന്ന തിരക്കിലാണ് ....... തന്നെ കണ്ടതെ ഒരു പുഞ്ചിരി നൽകിയിരുന്നു, അകത്തേക്ക് ചെന്നപ്പോഴാണ് കണ്ടത് സാമ്പാറിന് ഉള്ള കഷണങ്ങൾ നുറുക്കുന്നത് സേതു അങ്കിൾ ആണ് ........ അവരുടെ ഒത്തൊരുമ വളരെയധികം അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു...... ഒരു അച്ഛൻറെ ഗൗരവം ഇല്ലാതെയാണ് സേതുവിനോട്‌ മക്കളൊക്കെ ഇടപെടുന്നത്, അത് എന്നും തനിക്ക് കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെയായിരുന്നു......

തന്നെ കണ്ടത് ഒരു ചിരിയോടെ ഗുഡ്മോർണിംഗ് പറഞ്ഞിരുന്നു.... "ജാനിമോൾക്ക് ചായ കൊടുക്കടീ..... സുഗന്ധിയൊടെ സേതു പറഞ്ഞു...... സുഗന്ധി ഫ്ലാസ്ക്കിൽ നിന്നും ചായ എടുത്തു അവളുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.... " എനിക്ക് ഇപ്പോൾ വേണ്ട അമ്മേ, ഹരിയേട്ടൻ ഉണരട്ടെ...... വല്ലായ്മയോടെ അവൾ പറഞ്ഞു.... " അങ്ങനെ ഒന്നും ഇവിടെ ഇല്ല മോളെ..... ഭർത്താവ് കഴിച്ചതിനു ശേഷം മാത്രമേ ഭാര്യ കഴിക്കാവൂ എന്ന നിയമങ്ങൾ ഒന്നും എവിടെയും എഴുതിയിട്ടില്ല, ആർക്ക് വിശക്കുന്നോ അപ്പൊൾ തന്നെ കഴിച്ചോണം, ഇവിടെ ഒന്നുമില്ലെങ്കിൽ അവർ തന്നെ ഉണ്ടാക്കി കഴിച്ചോണം, അതാണ് ഇവിടുത്തെ നിയമം...... സേതു അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നിയിരുന്നു......

അമ്മ പറഞ്ഞു തന്നിട്ടുള്ള ഭാര്യ സങ്കല്പങ്ങൾ ഇങ്ങനെയൊന്നുമായിരുന്നില്ല, ഒരുപക്ഷേ അമ്മ അനുസരിച്ച് ജീവിച്ചത് അത് ആയത് കൊണ്ടായിരിക്കാം...... എങ്കിലും സ്ത്രീക്കും പുരുഷനും ഒരുപോലെ തുല്യത നൽകുന്ന ഒരു കുടുംബത്തിൽ തന്നെ ചെന്ന് കയറണം എന്ന് ആഗ്രഹിച്ചിരുന്നു......... അത് ഇവിടെ ഉണ്ടെന്ന് മനസ്സിലായി, രാവിലെ എഴുന്നേറ്റപ്പോൾ വരവേറ്റ ആദ്യ കാഴ്ചയിൽ തന്നെ ഇത് മനസ്സിലായിരുന്നു ........ മുറിയുടെ ഉൾവശം തൂക്കുന്നതും സുഗന്ധി അമ്മയോടൊപ്പം അടുക്കളയിൽ സഹായിക്കുന്നതിനും ഒന്നും അച്ഛന് യാതൊരു മടിയുമില്ല, പലവട്ടം കണ്ടിട്ടുണ്ട്...... അപ്പോഴെല്ലാം മതിപ്പ് തോന്നിയിട്ടുണ്ട്...... ഇപ്പോൾ വീണ്ടും ഈ വാചകങ്ങൾ കേട്ടപ്പോൾ അത് കൂടുകയായിരുന്നു ചെയ്തത്.......

" ഞാൻ അരിയാം അങ്കിൾ ..... "അങ്കിൾ അല്ല, അച്ഛൻ..... സേതു തന്നെ അത് തിരുത്തി..... അവൾ അപ്പോൾ ഒന്ന് നാക്ക് കടിച്ചു..... സുഗന്ധി അവളെ നോക്കി ഒരു പുഞ്ചിരി നൽകി.... " വേണ്ട മോളെ ഇത് തീർന്നു...... മോൾ കുറച്ച് സവാള അരിഞ്ഞു വയ്ക്ക..... ഹരിക്ക് ആണെങ്കിൽ ദോശയുടെ കൂടെ രാവിലെ ഓംപ്ലറ്റ് വേണം..... സേതു പറഞ്ഞു... അരിഞ്ഞ കഷണങ്ങൾ എല്ലാം പാത്രത്തിലാക്കി സുഗന്ധിയുടെ അരികിൽ വച്ചതിനുശേഷം സേതു തൻറെ കട്ടൻ കാപ്പിയുമായി പുറത്തേക്ക് പോയി..... " നീ കല്യാണത്തിന് ആയിട്ട് എത്ര ദിവസം അവധി എടുത്തിട്ടുണ്ട് കോളേജിൽ നിന്നും.....? അടുത്താഴ്ച കോളേജിൽ പോകണ്ടേ....? സുഗന്ധി അങ്ങനെ ചോദിച്ചപ്പോഴാണ് അതിനെ പറ്റി അവളും ഓർത്തത്.......

അമ്മയുടെ മരണത്തിനു ശേഷം കോളേജിൽ പോയിട്ടില്ല, കുറേ ദിവസത്തെ നോട്ടുകൾ എഴുതിയെടുക്കാൻ ഉണ്ടാകും...... ഇതിനിടയിൽ വിവാഹമാണെന്നും വിളിച്ചു പറഞ്ഞിരുന്നു, അതുകൊണ്ട് കൂട്ടുകാരെല്ലാവരും സഹായിച്ച് നോട്ടുകൾ എഴുതി തരാമെന്ന് പറഞ്ഞതായിരുന്നു...... തൻറെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടും പഠനത്തിൽ അത്ര മോശമല്ലാത്തതുകൊണ്ട് ആരും തന്നെ വഴക്കു പറയില്ല എന്ന് ഉറപ്പായിരുന്നു...... " അടുത്താഴ്ച മുതൽ പോകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്..... ഹരിയേട്ടനോടും ചോദിക്കണ്ടേ.....? " ഹരിക്ക് അതിനൊന്നും ഒരു എതിർപ്പും ഉണ്ടാവില്ല..... പെൺകുട്ടികൾ പഠിക്കണമെന്ന് മാത്രമല്ല പഠിച്ച് നല്ല നിലയിലേക്ക് എത്തണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഹരിക്കുട്ടൻ,

ഇവിടെനിന്ന് മോൾ എങ്ങനെ പോയി വരും....? കോളേജ് ബസ് ഇതിലേ കൂടി വരുമോ....? " വരും പക്ഷേ നേരത്തെ പറയണം, ചിലപ്പോ കൂടുതൽ പൈസ ആകുമായിരിക്കും..... " അതൊന്നും സാരമില്ല , നാളെയോ മറ്റന്നാളോ ഈ തിരക്കൊക്കെ തീർന്നാൽ ഹരിയെ കൂട്ടി കോളേജിൽ ചെന്നിട്ട് പോയ പോഷൻ ഒക്കെ എഴുതി എടുക്കണം, എന്നിട്ട് പഠിക്കാൻ തുടങ്ങണം..... ഒരുപാട് ഉണ്ടാകും പഠിക്കാൻ...... ഇപ്പോൾ തന്നെ കുറെ ക്ലാസുകൾ മിസ്സ് ആയി പോയില്ലേ........ ഒരു പുഞ്ചിരി മാത്രമാണ് അതിന് അവൾ പകരം നൽകിയത്, മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു കാര്യം എങ്ങനെയാണ് സുഗന്ധിയൊടെ പറയുന്നത് എന്ന് ഒരു ഭാവം അവളിൽ നിറഞ്ഞിരുന്നു.....

"അമ്മേ..... അവൾ മടിച്ചുമടിച്ച് വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി.... "എന്താ മോളെ.....??? വാത്സല്യത്തോടെ ചോദിച്ചു.... അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ ജാനകിക്ക് യാതൊരു ഭയവും ഇല്ലാതെ മനസ്സിലുള്ളത് പറയാൻ തോന്നി.... "എനിക്ക് വീട്ടിൽ ഒന്ന് പോണം.... " വീട്ടിലോ....?? അവിടെ ആരും ഇല്ലല്ലോ, " ആരുമില്ലെങ്കിലും ഒന്ന് പോകണം.... കുറെ നാളായി അടഞ്ഞു കിടക്കുന്നു, ഒന്ന് വൃത്തിയാക്കണം..... പിന്നെ കുറച്ച് നേരം അമ്മയുടെ മുറിയിൽ ഇരിക്കണം .. എൻറെ വിവാഹം കഴിഞ്ഞു എന്ന് അച്ഛനോടും അമ്മയോടും പറയണം ...... അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..... ആ കണ്ണുകൾ സുഗാന്ധിയിലും വേദനയായി....

അവളുടെ മുഖത്ത് തലോടിക്കൊണ്ട് അവർ പറഞ്ഞു.... "മോൾടെ ഓരോ കാര്യങ്ങളും അവർ അറിയുന്നുണ്ട്...... അവർക്ക് മനസ്സിലാകും, കാലത്തെ ഹരി എഴുന്നേറ്റിട്ട്, രണ്ടാളും കൂടി അമ്പലത്തിൽ പോണം, അതു കഴിഞ്ഞു വീട്ടിൽ കയറി മോൾക്ക് ഇഷ്ടമുള്ള സമയമത്രയും അവിടെ ഇരുന്നിട്ട് തിരിച്ചു വന്നാൽമതി..... ഇന്ന് വന്നില്ലെങ്കിലും സാരമില്ല, അങ്ങനെ ഒരു ചടങ്ങുണ്ട്..... ജയന്തി ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ മൂന്നു ദിവസം അവിടെ പോയി നിൽക്കേണ്ടത് അല്ലേ... ? അത് പറഞ്ഞപ്പോൾ സുഗന്ധിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.... "ചേട്ടനോട്.... " ഞാൻ പറഞ്ഞോളാം,അവന് മനസ്സിലാകും.... മോൾ വിഷമിക്കേണ്ട, പെട്ടെന്നുതന്നെ ക്ലോക്കിൽ ആറുമണി അടിച്ചിരുന്നു...... "

ഹരി ഇപ്പോൾ ഉണരും കുറച്ച് കാപ്പി എടുത്ത് മോൾ മുകളിലേക്ക് ചെല്ല്..... 6 മണി ആകുമ്പോൾ അവൻ എഴുന്നേൽക്കും, വീട്ടിലേക്ക് പോകാം എന്നുള്ള സന്തോഷം മനസ്സിൽ നിറഞ്ഞത് കൊണ്ട് ഒരു കപ്പിൽ കാപ്പിയും ആയി അവൾ നേരെ മുകളിലേക്ക് പോയി, അപ്പോഴാണ് താഴേക്കിറങ്ങി വരുന്ന ശ്രീദേവിനെ കണ്ടത്.... " ചേട്ടത്തിയമ്മ ചായ കൊടുക്കാൻ പോവാണോ....? ചിരിയോടെ ശ്രീദേവ് ചോദിച്ചപ്പോൾ അവൾക്ക് ചിരി വന്നിരുന്നു.... അത് കണ്ട് അവന്റെ മുഖത്ത് ചിരി പൊട്ടിയത് ആയി തോന്നി.... " കളിയാക്കല്ലേ ദേവേട്ടാ..... അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... "ഇനി ദേവേട്ടൻ എന്ന് ഒന്നും വിളിക്കരുത്, എൻറെ ചേട്ടൻറെ ഭാര്യ അല്ലേ, ദേവ് എന്ന് വിളിച്ചാൽ മതി എന്ന് ആണ് ഇന്നലെ അമ്മ പറഞ്ഞിരിക്കുന്നത്.....

അതുകൊണ്ട് ചേട്ടത്തി അങ്ങനെ വിളിച്ചാൽ മതി..... നിസ്സഹായതയോട് അവൾ അവന്റെ മുഖത്തേക്ക് നോക്കി... " പിന്നെ ഇത് മൂത്ത മരുമോൾ അല്ലേ, അമ്മയുടെ സ്ഥാനമാണ് എന്ന് ആണ് പറഞ്ഞത്.... ചേട്ടത്തി കൊണ്ട് ചായ കൊടുക്ക്..... ഒരു താളത്തിൽ അതും പറഞ്ഞു ശ്രീദേവ് താഴെ ഇറങ്ങി പോയപ്പോൾ അവൾക്ക് ഒരു ചിരി വരുന്നുണ്ടായിരുന്നു.... എന്തൊക്കെയോ വലിയ സ്ഥാനങ്ങൾ തനിക്ക് ലഭിക്കുന്നതുപോലെ, ശ്രീഹരിയുടെ ഭാര്യ എന്ന പദവിയുടെ അപ്പുറം മറ്റൊരു സ്ഥാനങ്ങളും തന്നെ ഭ്രമിപ്പിക്കുന്നില്ല എന്ന് അവൾ ഓർത്തു..... ഇന്നലെ അവൻ പറഞ്ഞ വാചകം മാത്രമാണ് തുടർന്ന് തനിക്ക് ജീവിക്കാനുള്ള പ്രചോദനം,

" ഞാൻ താലികെട്ടിയ എൻറെ പെണ്ണ് " അങ്ങനെയൊന്ന് അവന്റെ നാവിൽ നിന്നും കേൾക്കുവാൻ എത്രയോ ആഗ്രഹിച്ചിരുന്നു...... അതിനുവേണ്ടി എത്രയോ രാത്രികളിൽ താൻ സ്വപ്നം കണ്ടിരുന്നു,അത് യാഥാർഥ്യമായി ജാനകിക്ക് മറ്റൊന്നും വേണ്ട എന്ന് തോന്നിയിരുന്നു....... മുറിയിലേക്ക് കയറിയപ്പോൾ ആളെ മുറിയിൽ കണ്ടില്ല, ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടപ്പോൾ തന്നെ ആൾ ബാത്റൂമിന്റെ ഉള്ളിൽ ഉണ്ടായിരിക്കും എന്ന് അവൾക്ക് തോന്നിയിരുന്നു..... കിടക്ക ഒക്കെ നന്നായി തന്നെ വിരിച്ചിട്ടുണ്ട്, പുതപ്പ് ഒക്കെ നന്നായി തന്നെ മടക്കി വെച്ചിട്ടുണ്ട്, ഹരിയേട്ടന് വൃത്തിയും ചിട്ടയും അടുക്കും ഒക്കെ ഒരല്പം കൂടിയ കൂട്ടത്തിലാണെന്ന് അരിയം......

മുറിയൊക്കെ വൃത്തിയാക്കി ഇടുക എന്നത് ഹരിയേട്ടന്റെ പ്രധാന ശീലം ആണ് ... അത് സത്യമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്...... വിദ്യേച്ചിയുടെയോ ദേവേട്ടന്റെയോ മുറി പോലെയല്ല ഒരിക്കലും ഹരിയേട്ടന്റെ മുറി, എപ്പോഴും മനോഹരമായിരിക്കും ഒരു അടുക്കും ചിട്ടയും അതിൽ ഉണ്ടായിരിക്കും..... രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ അതിൽ ഒരു മാറ്റവും വരുത്തുവാൻ ശ്രമിക്കാറില്ല എന്നും അവൾക്ക് മനസ്സിലായി.... പെട്ടെന്നാണ് ബാത്റൂം തുറന്നു ഇറങ്ങിവന്ന ആളെ കണ്ടത്..... അവളെ കണ്ടപ്പോൾ ഒരു നിമിഷം അവനും ഒന്ന് പരുങ്ങി ...... എങ്കിലും ഒരു പുഞ്ചിരി നൽകി ... "ചായ..... അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കും അല്പം ജാള്യത തോന്നിയിരുന്നു, ഇതുവരെ ഉള്ളത് പോലെ അല്ലല്ലോ, ഇന്നലെ മുതൽ അവൻ തൻറെ ഭർത്താവ് അല്ലേ...? തന്നിൽ അവകാശങ്ങൾ ഉള്ളവൻ,

അതുകൊണ്ടുതന്നെ അവന്റെ മുഖത്തേക്ക് നോക്കാൻ തന്റെ മിഴികൾക്ക് എന്തോ ഒരു മടി പോലെ..... " അവിടേക്ക് വെച്ചേക്ക് ജാനി, മേശപ്പുറത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ പറഞ്ഞു..... ശേഷം ടവൽ എടുത്തു മുഖം നന്നായി തുടച്ചു..... മുറിയിൽനിന്നും പോകാൻ തുടങ്ങുന്നവളെ ഒരിക്കൽ കൂടി വിളിച്ചു.... " ജാനി, നമുക്ക് നിൻറെ വീട് വരെ ഒന്നു പോണ്ടേ...? കുറെ നാളായി ഇങ്ങനെ അടച്ചുപൂട്ടി കിടക്കുവല്ലേ....? താൻ ആഗ്രഹിച്ച കാര്യം തന്നെ അവൻ തുറന്നു പറഞ്ഞതിൽ അവൾക്ക് വലിയ സമാധാനം തോന്നിയിരുന്നു..... അവിശ്വസനീയതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു പോയിരുന്നു......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story