സ്നേഹദൂരം.....💜: ഭാഗം 30

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ മുഖത്തെ അമ്പരപ്പ് അവനിലും ഒരു ആശങ്കയുണർത്തി..... താൻ പറയാൻ പാടില്ലാത്ത എന്തേലും പറഞ്ഞോ എന്നൊരു ഭയം പോലെ അവനു തോന്നി...... അല്ല ഞാൻ പറഞ്ഞത് അവളുടെ വീട്ടിൽ പോകണം എന്ന് തന്നെയല്ലേ എന്ന് അവൻ ഒരിക്കൽ കൂടി ചിന്തിച്ചുനോക്കി..... കുറച്ചുദിവസങ്ങളായി താൻ മനസ്സിൽ ചിന്തിക്കുന്ന കാര്യമല്ല പുറത്തേക്ക് വരുന്നത്, അതുകൊണ്ട് തന്നെ മനസ്സിൽ ഒന്നാണ് എങ്കിലും പുറത്തേക്ക് വരുന്നത് എന്താണെന്ന് തനിക്ക് തന്നെ അറിയില്ല, അതുകൊണ്ട് താൻ പറഞ്ഞത് അത് തന്നെയല്ലേ എന്ന് അവൻ ഒരിക്കൽ കൂടി അവലോകനം നടത്തിയിരുന്നു.....

മനസ്സ് സംഘർഷഭരിതമായതുകൊണ്ടുതന്നെ എന്തു വാക്കാണ് താൻ പറയുന്നത് എന്ന് തനിക്ക് തന്നെ ബോധം ഇല്ലാത്ത അവസ്ഥയാണ്, " എന്താടി ഇങ്ങനെ നോക്കുന്നെ....? പെട്ടെന്ന് അവൻ അങ്ങനെ ചോദിച്ചപ്പോഴാണ് അവൾക്കു ബോധം വന്നത്, " ഞാൻ ഈ കാര്യം ചേട്ടനോട് പറയണം എന്ന് അമ്മയോട് പറഞ്ഞതേയുള്ളൂ, മടിച്ചുമടിച്ച് മറുപടി പറയുന്നവളുടെ മുഖഭാവം കണ്ടപ്പോഴാണ് ശ്രീഹരിക്കും ശ്വാസം നേരെ വീണത്, " നിനക്ക് എന്നോട് എന്തെങ്കിലും പറയണമെങ്കിൽ അത് അമ്മയോട് പറയേണ്ട കാര്യമില്ല, എന്നോട് നേരിട്ട് പറഞ്ഞാൽ മതി..... മുഖത്ത് ഗൗരവം വരുത്തി അവൻ അത് പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു.... " ഞാൻ പറഞ്ഞാൽ ഹരിയേട്ടന് ദേഷ്യം ആയാലോ എന്ന് കരുതി,

" ഇതിലും വലുത് നീ പറഞ്ഞിട്ടും ഞാൻ ഒരു പരിധിയിൽ കൂടുതൽ നിന്നോട് ദേഷ്യപ്പെട്ടിട്ട് ഇല്ലല്ലോ, ഇതിനകത്ത് ദേഷ്യപ്പെടുന്ന കാര്യങ്ങൾ ഒന്നും ഇല്ലല്ലോ, അവൻ അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ മുഖം മങ്ങി പോയിരുന്നു...... ഒരുപക്ഷേ താൻ ചെയ്തത് കുറ്റം ആണ് എന്ന് അവൻ വീണ്ടും പറയുന്നത് പോലെയാണ് അവൾക്ക് തോന്നിയിരുന്നത്.... പെട്ടെന്ന് അവളുടെ മുഖം മങ്ങിയപ്പോൾ താൻ പറഞ്ഞത് തെറ്റാണ് എന്ന് അവനും തോന്നിയിരുന്നു, ഒരു ഓളത്തിന് പറഞ്ഞതാണ്, അങ്ങനെ പറയാൻ പാടില്ലായിരുന്നു, അവളുടെ മനസ്സ് വിഷമിച്ചിട്ട് ഉണ്ടാകുമെന്ന് അവനു തോന്നിയിരുന്നു.... " ഞാൻ വെറുതെ പറഞ്ഞതാടി.... അവൻ പറഞ്ഞപ്പോൾ ഒരു ചിരി അവൾ മുഖത്ത് വരുത്തി....

എങ്കിലും ആ മുഖത്ത് തെളിച്ചം ഇല്ല എന്ന് കണ്ടപ്പോൾ ശ്രീഹരി സ്വന്തം നാവിനെ പഴിച്ചു, വിഷമിപ്പിക്കരുത് എന്ന് തീരുമാനിച്ചിരുന്നതാണ്, പക്ഷേ ആദ്യദിവസം തന്നെ തൻറെ ഭാഗത്തുനിന്നും അങ്ങനെ ഒരു വാക്ക് വീണ് പോയി..... ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിപ്പോയി, " ജാനി ഞാൻ ഒന്നും വിചാരിച്ച് പറഞ്ഞതല്ല, ആ പറഞ്ഞു പോയ ഒഴുക്കിൽ അങ്ങനെ വന്നു പോയതാ.... അവളുടെ മുഖത്തേക്ക് നോക്കി തന്റെ ഭാഗം ശരിയാക്കാൻ ഒരിക്കൽ കൂടി അവൻ ശ്രമിച്ചിരുന്നു.... ഒരു പുഞ്ചിരിയുടെ മൂടുപടം അവളും അണിഞ്ഞിരുന്നു..... " എനിക്കറിയാം ഹരിയേട്ടാ അത്..... "നീ അത് മനസ്സിൽ വയ്ക്കേണ്ട, ഞാൻ പറഞ്ഞില്ലേ ഒന്നും വിചാരിച്ചു പറഞ്ഞതല്ല,

വെറുതെ നാവിൽ നിന്നും വന്നു പോയത് ആണ്, നീ വേഗം വീട്ടിലേക്ക് പോകാൻ റെഡിയാവാൻ നോക്ക്.... നമുക്ക് അവിടെ ഒന്ന് വൃത്തിയാക്കാം..... അത്രയും പറഞ്ഞ് അവൻ ചായ കപ്പ് എടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ മനസ്സിൽ ഒരു അസ്വസ്ഥത വന്ന് മൂടുന്നത് ജാനകി അറിഞ്ഞിരുന്നു, എങ്കിലും അവന്റെ ആശ്വാസവാക്കുകൾക്കും ഒരു പരിധിവരെ തന്റെ നൊമ്പരത്തെ കുറയ്ക്കുവാൻ ഉള്ള കഴിവുണ്ട് എന്നും അവൾ മനസ്സിലാക്കിയിരുന്നു..... എല്ലാവരും ഒരുമിച്ചിരുന്ന് തന്നെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്, ഒരുമിച്ച് അമ്പലത്തിൽ രണ്ടുപേരും പോകണം എന്ന് എല്ലാവരും ഇരിക്കുമ്പോൾ തന്നെ സുഗന്ദി പറഞ്ഞിരുന്നു, ശ്രീഹരി അതിനു സമ്മതിക്കുകയും ചെയ്തിരുന്നു....

ഭക്ഷണം കഴിഞ്ഞ് ശ്രീഹരി മുറിയിലേക്ക് പോയി.... ജാനകി വേഷം മാറാൻ തുടങ്ങുമ്പോൾ ആണ് സുഗന്ധി അവിടേക്ക് വന്നത്, " ജാനി സെറ്റ് മുണ്ട് ഉടുത്താൽ മതി, അമ്പലത്തിലേക്ക് പോകുന്നത് അല്ലേ, അതിനായി തൻറെ കൈവശമുണ്ടായിരുന്ന പുതിയൊരു സെറ്റുമുണ്ടും അവളെ ഏൽപ്പിച്ച് ആണ് സുഗന്ധി പോയത്,ആരുടെയെങ്കിലും സഹായമില്ലാതെ ഇന്നുവരെ ഒറ്റയ്ക്ക് ഇത് ഉടുത്തിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജാനകിക്ക് രക്ഷയായി ശ്രീവിദ്യ എത്തിയിരുന്നു..... അവൾ തന്നെയായിരുന്നു അവളെ സെറ്റുമുണ്ടും ഉടുപ്പിച്ചിരുന്നത്.... " ഒരു സെറ്റും മുണ്ടും പോലും ശരിക്ക് ഉടുക്കാൻ അറിയാത്ത ഒരു പെണ്ണിനെ ആണല്ലോ ദൈവമേ എൻറെ ഏട്ടന് ഭാര്യയായി കിട്ടിയത്.....

ഇതിനെ ഞാൻ എങ്ങനെയാണ് ഏട്ടത്തി ആയി കാണുക..... ശ്രീവിദ്യ തമാശയോടെ പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് നിഷ്കളങ്കമായ ചിരിയോടെ നോക്കുകയായിരുന്നു ജാനകി ചെയ്തിരുന്നത്, പിന്നീട് അവളുടെ തലയിൽ മുല്ലപ്പൂ വച്ച് കൊടുക്കുവാൻ ശ്രീവിദ്യ മറന്നിരുന്നില്ല, " എന്തിനാ ചേച്ചി ഇതൊക്കെ, മടിയോടെ ജാനകി ചോദിച്ചു..... "ഹരിയേട്ടന് നിന്നോട് ഒരു ഇഷ്ടം തോന്നുന്നു എങ്കിൽ തോന്നട്ടെടി .... ഹരിയേട്ടന് ഭയങ്കര ഇഷ്ടാ മുല്ലപ്പൂ, ഇനി മുല്ലപ്പൂ വെച്ചാണ് നീ അങ്ങേരുടെ മനസ്സിലേക്ക് കേറാൻ പോകുന്നതെങ്കിലൊ...? ഒന്നും പറയാൻ പറ്റത്തില്ല, മനുഷ്യരുടെ കാര്യമല്ലേ.....! ചെറുചിരിയോടെ ശ്രീവിദ്യ പറഞ്ഞപ്പോൾ ആ ചിരിയിൽ അവളും പങ്കുചേർന്നു.....

എത്രയോ ദിവസങ്ങൾക്കു ശേഷമാണ് തൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വരുന്നത് എന്ന് അത്ഭുതപൂർവ്വം അവൾ ഓർക്കുകയായിരുന്നു, ശ്രീവിദ്യയുടെ മുറിയിൽനിന്നും ഒരുങ്ങി താഴേക്ക് വന്നപ്പോഴാണ് ജാനകി ഹരിയെ ശ്രദ്ധിക്കുന്നത്, താൻ ഉടുത്തിരിക്കുന്ന സെറ്റും മുണ്ടും അവന്റെ ഷർട്ടും ഏകദേശം ഒരുപോലെയാണ്, എല്ലാവരും അത് ശ്രദ്ധിക്കുകയും ചെയ്തു....... എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞപ്പോൾ ശ്രീഹരിക്ക് എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു, അറിഞ്ഞു കൊണ്ട് ചെയ്തതല്ല അവിചാരിതമായി സംഭവിച്ചതാണ്...... എങ്കിലും എല്ലാവരുടെയും മുഖത്തെ ആ പുഞ്ചിരി അവനെ കളിയാക്കും പോലെയാണ് തോന്നിയത്......

ശ്രീഹരി കാറിനുള്ളിലേക്ക് കയറി, മുൻപിലെ സീറ്റ് അവൾക്ക് ആയി തുറന്ന് പിടിച്ചു.... അവന്റെ അരികിൽ അവകാശപൂർവ്വം ഇരിക്കുമ്പോൾ എത്ര ഒക്കെ ശ്രേമിച്ചിട്ടും ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു..... എന്നാൽ കാറിനുള്ളിൽ തിങ്ങിനിറഞ്ഞത് മൗനമായിരുന്നു,ഇനി എന്നാണ് പ്രിയ നമ്മുക്കിടയിൽ ഈ മൗനത്തിന്റെ കെട്ടുകൾ അഴിഞ്ഞു വീഴുക,ഈ സ്നേഹദൂരത്തിന്റെ അലകൾ നമ്മിൽ നിന്ന് അകന്നു പോവുക, അവളുടെ മനസ്സിൽ ചോദ്യങ്ങൾ നിരന്നു ..... മൗനത്തെ ഭേദിച്ച് കൊണ്ട് ശ്രീഹരി തന്നെ സംസാരിച്ചുതുടങ്ങി, " എന്തെങ്കിലുമൊക്കെ സംസാരിക്കുന്ന നീയെന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നത്....?

ഇങ്ങനെ നീയൊന്നും എന്നോട് സംസാരിക്കാതെ ഇരുന്നാൽ നമുക്കിടയിൽ അകലം കൂടുക മാത്രമേയുള്ളൂ, പഴയതുപോലെ നീ എന്നോട് സംസാരിക്കണം, ഇല്ലെങ്കിൽ നിന്നോട് സംസാരിക്കാൻ എനിക്കും ബുദ്ധിമുട്ടായി തുടങ്ങും..... തന്റെ മനസ് അവൻ അവളോട് മറച്ചിരുന്നില്ല, " ഹരിയേട്ടൻ എന്നെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് അല്ലല്ലോ, എന്തൊ തെറ്റ് ചെയ്തത് പോലെ എൻറെ മനസ്സ് പറയുന്നു, അതുകൊണ്ട് ആ മുഖത്ത് നോക്കാൻ തന്നെ എൻറെ കുറ്റബോധം അനുവദിക്കുന്നില്ല, ഹരിയേട്ടൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ജീവിതം ഞാൻ വാശിപിടിച്ച് നേടിയത് പോലെ....... തന്റെ മനസിലെ ചിന്തകൾ മടി കൂടാതെ അവളും പറഞ്ഞു.... "

അതൊക്കെ നിൻറെ തെറ്റിദ്ധാരണ മാത്രമാണ്, ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല...... ഒരാൾ ഭൂമിയിൽ ജനിക്കുമ്പോൾ തന്നെ അയാളെ ആരാണ് വിവാഹം കഴിക്കേണ്ടതെന്നും അയാളുടെ ജീവിതം എങ്ങനെയാണെന്ന് എല്ലാം ഈശ്വരൻ എഴുതി ആണ് വിടുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്....... ഈ ജന്മം എനിക്കായി വിധിച്ചത് നിന്നെ തന്നെയായിരുന്നു, അല്പം വളഞ്ഞ മാർഗത്തിലൂടെ ആണെങ്കിലും അത് തന്നെ വന്നുചേർന്നു, ഇതൊക്കെ ഒരു നിമിത്തമാണെന്ന് ഞാൻ വിശ്വസിച്ചിട്ടുള്ളൂ,

അല്ലെങ്കിൽ നീ പറയുന്നതുപോലെ നിൻറെ പ്രണയം അത്രയ്ക്ക് സത്യം ആയിരുന്നിരിക്കാം, അതുകൊണ്ടല്ലേ അവസാനം അത് നിന്നിൽ തന്നെ വന്നുചേർന്നത്......? അവൻ പറഞ്ഞ അവസാന വാചകം അവളുടെ ഹൃദയത്തെ വീണ്ടും കീറിമുറിക്കാൻ കഴിവുള്ളത് ആയിരുന്നു, " നീ പറഞ്ഞതുപോലെ..... " അപ്പോൾ ഇപ്പോഴും ഹരിയേട്ടന് ഉറപ്പില്ല അത് സത്യമാണെന്ന്, അല്ലെങ്കിൽ ഹരിയേട്ടൻ അത് ഇപ്പോഴും അംഗീകരിച്ചിട്ടില്ല, ആ ഒരു ചിന്ത വീണ്ടും അവളിൽ ഒരു അപകർഷതാബോധം ഉണർത്തിയിരുന്നു...... " ഹരിയേട്ടൻ ഇപ്പോഴും വിശ്വസിക്കുന്നത് എനിക്ക് ഹരി ഏട്ടനോട് ഉണ്ടായിരുന്നത് പ്രണയമല്ല എന്ന് തന്നെയാണോ....? വാക്കുകൾ ഇടറി തുടങ്ങി.... "

അങ്ങനെ പൂർണമായും ഞാൻ പറയുന്നില്ല, എനിക്ക് പക്ഷേ നിന്നെ പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നില്ല, അത് നിന്നോട് ഉള്ള വിശ്വാസകുറവല്ല, നിന്റെ കൊണ്ടല്ല പ്രായം തന്നെയാണ് അതിന് പ്രധാന കാരണം. നിന്റെ പ്രായത്തെ എനിക്ക് പേടിയാണ് ജാനി..... 19 വയസ്സുള്ള നിനക്ക് ജീവിതത്തെപ്പറ്റി എന്തറിയാം......? ഈ പ്രായത്തിൽ എന്നോട് തോന്നിയ ഇഷ്ടത്തിന് എത്രത്തോളം ആയുസ്സ് ഉണ്ടാകും.....? ഒരുപക്ഷേ രണ്ടുവർഷം കഴിയുമ്പോൾ ഇഷ്ടം നിനക്കെന്നോട് ഇഷ്ട്ടം ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും.....? സത്യം പറഞ്ഞാൽ എനിക്ക് പേടിയുണ്ട് ജാനി..... നമ്മുടെ ചിന്താഗതികൾ, നമ്മുടെ ഇഷ്ടങ്ങൾ അതെല്ലാം വേറെ വേറെയാണ്,

ഒരു പക്ഷേ ഒരിക്കലും എന്നോട് പൊരുത്തപ്പെട്ട് പോകുവാൻ നിനക്ക് സാധിച്ചില്ലെങ്കിലോ....? അക്കമിട്ട് നിരത്തി തന്റെ മനസിലെ സംശയങ്ങൾ എല്ലാം അവൻ തുറന്നു പറഞ്ഞു.... " അങ്ങനെയാണെങ്കിൽ ഹരിയേട്ടൻ എന്ത് ചെയ്യും...? വല്ലാത്ത ഒരു വേദന നിറഞ്ഞിരുന്നു അവളുടെ ചോദ്യത്തിൽ....? അവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവനു മനസ്സിലായിരുന്നില്ല, ഒരു പക്ഷേ താൻ അവളേ ഉപേക്ഷിക്കുമോ എന്നായിരിക്കും അവൾ ഭയപ്പെടുന്നത് എന്ന് അവന് തോന്നിയിരുന്നു, " ഒന്നും ചെയ്യാൻ പറ്റില്ല....!! അതാ ഞാൻ പറഞ്ഞത് ചിലപ്പോൾ നമുക്ക് രണ്ടുപേർക്കും ആ ജീവിതം ഒരു അഡ്ജസ്റ്റമെൻറൽ മുന്നോട്ട് കൊണ്ടു പോകാനെ പറ്റൂ,

നമ്മുടെ പ്രായം തമ്മിലുള്ള അന്തരം അത് ചെറുതാണെന്ന് നിനക്ക് തോന്നും, പക്ഷേ ജീവിച്ചു തുടങ്ങുമ്പോൾ മാത്രമേ അത് എങ്ങനെയാണെന്ന് നിനക്ക് മനസ്സിലാവു.... ഞാൻ ഒരു പഴയ ആൾ അല്ലേ....? എൻറെ ചിന്തകളും അല്പം പഴഞ്ചൻ ആയിരിക്കും, അതുപോലെ ഞാൻ ഓരോ കാര്യവും ചിന്തിക്കുന്നത് ആ പഴമയുടെ രീതിയിൽ നിന്ന് കൊണ്ടായിരിക്കും, നീ പക്ഷേ അങ്ങനെയല്ല, ചെറിയ കുട്ടിയാണ് നിൻറെ ചിന്തകളും നിൻറെ പ്രായത്തിനനുസരിച്ച് ആയിരിക്കും..... അത് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അത് ഒത്തു പോകും എന്ന് എനിക്ക് തോന്നുന്നില്ല..... അറത്തുമുറിച്ചു ഹരി അങ്ങനെ പറഞ്ഞപ്പോൾ അവൾ ഞെട്ടി പോയി..... "

ഒത്തു പോയില്ലെങ്കിൽ ഹരിയേട്ടൻ എന്നെ വേണ്ടെന്നു വെയ്ക്കുമോ....?വേറെ വിവാഹം കഴിക്കുമോ...? തൻറെ മനസ്സിലെ ആകുലത അവൾ മറച്ചുവെച്ചില്ല, ഹരി പെട്ടെന്ന് വണ്ടി സഡൻ ബ്രേക്കിട്ടു നിർത്തിയിരുന്നു...... ശേഷം അവളുടെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി.... മുഖം ഒക്കെ ചുവന്നിരിക്കുന്നുണ്ട്, കണ്ണുകൾ നിറഞ്ഞുതുളുമ്പാറായി, തന്റെ മറുപടിക്ക് കാത്തു നിൽക്കുകയാണ് അവൾ എന്ന് അവനു തോന്നി..... വല്ലാത്തൊരു വേദന അവനു തോന്നിയിരുന്നു, താൻ പറഞ്ഞത് സത്യങ്ങളാണ്, പക്ഷേ അവൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല, താൻ ഉപേക്ഷിക്കുമോ എന്ന ഭയമാണ് അവൾക്ക്, അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു അവൻ....

അവൾ ഒന്ന് പാളി അവനെ നോക്കി, ഗൗരവമാണ് ആ മുഖത്ത് ഉള്ളത്..... " ഇതാണ് ഞാൻ പറഞ്ഞത് നിൻറെ ചിന്ത അങ്ങനെയാണെന്ന്, വിവാഹം ഒരു കുട്ടിക്കളിയല്ല ജാനകി.... ഒരാളുമായി ഒത്തു പോകാതെ വരുമ്പോൾ ഉടനെ അയാളെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുന്നതല്ല അതിനുള്ള പരിഹാരം..... അങ്ങേയറ്റം പവിത്രമായ ഒന്നാണ് വിവാഹം..... അങ്ങനെ നിന്നെ ഉപേക്ഷിക്കാൻ ആയിരുന്നു എങ്കിൽ എനിക്ക് നിന്നെ വിവാഹം കഴിക്കണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ....

അവൻറെ ആ ചോദ്യത്തിൽ അവളുടെ മുഖം ഒന്ന് പ്രകാശപൂരിതം ആകുന്നത് അവൻ ശ്രദ്ധിച്ചിരുന്നു..... " വരാനിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ഞാൻ പറഞ്ഞു തന്നു എന്നേയുള്ളൂ, അതിനർത്ഥം ഉപേക്ഷിക്കണം എന്നല്ല..... പിന്നീട് അമ്പലം എത്തുന്നതുവരെ രണ്ടുപേരും ഒന്നും മിണ്ടുന്നില്ല, ഹരിയുടെ മനസ്സിലെ ആകുലതകൾ ഇതൊക്കെയാണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു...... പക്ഷേ അതിനൊന്നും തൻറെ കയ്യിൽ വ്യക്തമായ മറുപടിയില്ല, ഒരു പക്ഷേ അവൻ പറയുന്നതൊക്കെ സത്യമായിരിക്കാം, അതൊന്നും സത്യമല്ല എന്ന് തനിക്ക് ജീവിച്ചേ തെളിയിക്കാൻ കഴിയു,

അവനോളം വലുതായി തനിക്ക് ഒന്നുമില്ലെന്നും അവന്റെ സ്നേഹത്തിലും പ്രാധാന്യമുള്ള ഒന്നും തനിക്കില്ലെന്നും, ആ ഒരാളുടെ മനസ്സിൽ ഒരു ഇടം മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നും തനിക്ക് തന്റെ ജീവിതത്തിലൂടെ മാത്രമേ പ്രവർത്തിച്ചു കാണിക്കാൻ സാധിക്കു എന്ന് ചിന്തിക്കുകയായിരുന്നു അവൾ.... പ്രണയമാണ്, തീരാത്ത പ്രണയം.....!! ആ പ്രണയത്തിനു മുൻപിൽ അവനുമായുള്ള യാതൊരു അന്തരങ്ങളും തന്നെ ബാധിക്കുന്നില്ല, അല്ലെങ്കിൽ അവൻ ചിന്തിക്കുന്നത് പോലെ ഒന്നും തന്നെ ആകുലപ്പെടുതുന്നില്ല, ചിലപ്പോൾ അവൻ പറഞ്ഞതൊക്കെ സത്യങ്ങൾ ആയിരിക്കാം, തങ്ങളുടെ പ്രായത്തിന് അന്തരം ചിന്തകളിലും പ്രവർത്തികളിലും ഒക്കെ വരാം... പക്ഷേ അവനോളം വലുതായി തനിക്ക് ഒന്നും ഇല്ല........................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story