സ്നേഹദൂരം.....💜: ഭാഗം 32

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവൻ അത് പറഞ്ഞതെങ്കിലും അവൻറെ വെളിപ്പെടുത്തലിൽ നടുങ്ങി പോയിരുന്നു ജാനകി, ഒരു നിമിഷം തന്റെ മാറിൽ ചേർന്നുകിടക്കുന്ന താലി തന്നെ ചുട്ടുപൊള്ളിക്കുന്നത് പോലെ അവൾക്ക് തോന്നി.....  " അപ്പോൾ അതുകൊണ്ടാണോ ഹരിയേട്ടൻ എന്നെ വിവാഹം കഴിച്ചത്.....? അവളുടെ ആ ചോദ്യത്തിനു മുൻപിൽ എന്തു മറുപടി പറയണമെന്ന് ഹരിക്കും അറിയുമായിരുന്നില്ല...... വിങ്ങിപ്പൊട്ടിയാണ് അവൾ ചോദിക്കുന്നത്, " അതുകൊണ്ടും കൂടിയാണ്.....!! അങ്ങനെ പറയാനാണ് അവന് തോന്നിയത്,ഒരു പ്രകമ്പനം അവളിൽ ഉണർന്നു...... " അമ്മയ്ക്ക് നൽകിയ വാക്കിൻറെ പേരിൽ ഹരിയേട്ടൻ എന്തിനാണ് ഹരിയേട്ടന്റെ ജീവിതം നശിപ്പിച്ചത്...?

ഹരിയേട്ടന് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ച് ചേട്ടൻറെ ജീവിതം പൂർണ്ണമായും ഇല്ലാതാക്കുകയായിരുന്നല്ലൊ ചെയ്തത്...... അവൾക്ക് കണ്ണുനീർ വന്ന് തികട്ടി തുടങ്ങിയിരുന്നു, തൊണ്ട കുഴിയിൽ നിന്നും പുറത്തേക്ക്വരുവാൻ തുടങ്ങി, " സ്വന്തം ജീവിതം ഇല്ലാതാക്കാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ജാനി.... നിൻറെ അമ്മയ്ക്ക് കൊടുത്ത വാക്കിൻറെ പേരിലും കൂടിയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്, പക്ഷേ അത് മാത്രമായിരുന്നില്ല വിവാഹം കഴിക്കാനുള്ള കാരണം, നിന്നെ ഒറ്റയ്ക്ക് മറ്റാരുടെ കൈകളിലേക്ക് കൊടുക്കുവാനും എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല,

ഇനിയും ഒരുവൻറെ കയ്യിൽ നിന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് പൂർണ വിശ്വാസം ഉള്ള ഒരാൾ ആണെങ്കിൽ പോലും ഒരു ദുരനുഭവം നിനക്ക് വന്നാൽ അത് ഞാൻ നിന്നോട് ചെയ്യുന്ന തെറ്റ് ആയിരിക്കും എന്ന് എനിക്ക് തോന്നി, പിന്നെ നിൻറെ ഇഷ്ടം....... അവൻ ഒന്ന് നിർത്തി... "അതും പ്രധാനമാണല്ലോ, അത് കൂടി മാനിച്ച് ഇങ്ങനെ ചെയ്യാൻ ആയിരുന്നു എനിക്ക് തോന്നിയത്, ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല, പക്ഷേ തിരിച്ചുംമറിച്ചും ആലോചിച്ചപ്പോൾ ഇത് തന്നെയാണ് ശരി എന്ന് എനിക്ക് തോന്നി......

ഒരുപക്ഷേ ഇതിനുവേണ്ടി വേദിയൊരുക്കിയത് വിധി ആയിരിക്കാം, ഈ കാരണങ്ങൾ ഒക്കെ എനിക്ക് തോന്നി, പക്ഷെ പൂർണ്ണമായും ആലോചിച്ചു എടുത്ത ഒരു തീരുമാനം തന്നെയാണ്, ഞാൻ നിന്നെ വിവാഹം കഴിച്ചത് ഒരു വാക്കിൻറെ പരിൽ പെട്ടെന്ന് എടുത്ത ഒരു തീരുമാനം ആയിരുന്നില്ല, ഒരു രാത്രി മുഴുവൻ ഞാൻ ഇരുന്നും കിടന്നും ആലോചിച്ചു എന്ത് ചെയ്യണം എന്ന്..... അതിനുശേഷം ഞാൻ എടുത്ത തീരുമാനമായിരുന്നു നിൻറെ കഴുത്തിൽ ഇപ്പോൾ കിടക്കുന്നത്, അല്ലാതെ സഹതാപത്തിന്റെ പേരിൽ അല്ല ഞാൻ നിന്നെ വിവാഹം കഴിച്ചത്, പിന്നെ എനിക്ക് ഇഷ്ടമല്ലാത്ത വിവാഹം കഴിച്ച് ജീവിതം നശിപ്പിച്ചുവെന്ന് നീ പറയുന്നത് എന്ത് അർത്ഥത്തിൽ ആണ്....

ഞാൻ പറഞ്ഞില്ലേ നിന്നെ ഞാൻ എൻറെ ഭാര്യയായി ഒരിക്കലും മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല, അത് അംഗീകരിച്ചു താരൻ ഉള്ള സമയം വേണം എന്നത് സത്യമാണ്, പക്ഷേ ഇഷ്ട്ടം അല്ലാത്ത വിവാഹത്തിന് ആരെങ്കിലും തയ്യാറാകുമോ....? പ്രേത്യേകിച്ചു പുരുഷന്മാർ.....? ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം അവൾക്ക് ചിലപ്പോൾ ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറാക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാവാം, അത് അവളുടെ അവസ്ഥകളും സാഹചര്യങ്ങളുമാണ്, ഒരു പുരുഷനെ ഒരിക്കലും ആർക്കും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാൻ പറ്റില്ലല്ലോ, അയാൾക്ക് പൂർണ സമ്മതമില്ലാതെ വിവാഹം നടക്കുകയും ഇല്ല,

അതുകൊണ്ട് നീ ആ ചോദിച്ച ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല, അത്തരം ചിന്തകൾ ഒന്നും മനസ്സിൽ വിചാരിക്കേണ്ട കാര്യമില്ല, പൂർണ സമ്മതത്തോടെ തന്നെയാണ് നമ്മുടെ വിവാഹം നടന്നത്..... നിന്റെ അമ്മയുടെ വാക്കുകൊണ്ടോ നിന്നോട് ഉള്ള സഹതാപം കൊണ്ട് മാത്രമല്ല, ഞാനല്ലാതെ മറ്റാരാണ് ജീവിതത്തിലേക്ക് വരുന്നതെങ്കിലും സുരക്ഷിതം ആവില്ല നിൻറെ ജീവിതം എന്ന് എനിക്ക് തോന്നിയത് കൊണ്ട് തന്നെയാണ് നിന്നെ ഞാൻ വിവാഹം കഴിച്ചത്....... അതിനുമപ്പുറം നീ ആഗ്രഹിക്കുന്നത് പോലെ ഒരിക്കലും എന്നെയും എൻറെ വീട്ടുകാരേയും പിരിയാതെ നിൻറെ സന്തോഷം നിറഞ്ഞ ജീവിതത്തിന് വേണ്ടി,

" ശ്രീഹരിയുടെ വാക്കുകൾ ചെറുതായെങ്കിലും ഒരു സമാധാനം അവളുടെ ഉള്ളിലും നിറച്ചിരുന്നു, പൂർണമായും അവന് തന്നെ ഉൾക്കൊള്ളാൻ സാധിക്കില്ല എങ്കിലും, ആ മനസിന്റെ ഉള്ളിൽ എവിടെയൊക്കെയോ തന്നോട് സ്നേഹം ഉടലെടുക്കുന്നുണ്ട്, തന്നെ അംഗീകരിക്കാൻ ഉള്ള ഒരു അവസരം നൽകിയാൽ മാത്രം മതി, ഏട്ടൻ തന്നെ ഉൾക്കൊണ്ട് കഴിയുമ്പോൾ ഒരുപക്ഷേ തന്നെ സ്നേഹിക്കാൻ കഴിയുമായിരിക്കാം, ശ്രീഹരി കുറച്ചുസമയം കൂടി അവളെ അവളുടെ ലോകത്തേക്ക് വിട്ട് പുറത്തിറങ്ങിയതിനുശേഷമായിരുന്നു ഇരുവരും പോകാൻ വേണ്ടി ഇറങ്ങിയിരുന്നത്,

തിരിച്ചുള്ള യാത്രയിൽ തങ്ങൾ തമ്മിലുള്ള അകലത്തിന്റെ മതിലുകൾ കുറച്ചൊക്കെ ഒന്ന് മാഞ്ഞു പോകുന്നതുപോലെ രണ്ടുപേർക്കും തോന്നിയിരുന്നു........ ഒന്നു തുറന്നു സംസാരിച്ചപ്പോൾ പകുതി സമാധാനമായി എന്ന് ശ്രീഹരിക്ക് തോന്നിയിരുന്നു, തന്റെ മാനസികാവസ്ഥ അവൾക്ക് ഒരുപക്ഷേ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരിക്കാം, താൻ എന്തുകൊണ്ടാണ് അവളോട് അകൽച്ച കാണിക്കുന്നത് എന്നും അവൾക്ക് മനസ്സിലാകുന്നുണ്ടായിരിക്കാം എന്ന് അവൻ വിശ്വസിച്ചിരുന്നു..... വീട്ടിലേക്ക് വന്നപ്പോഴും അവളുടെ ചുവന്നിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ സുഗന്ധിക്ക് ആകുലതകൾ നിറഞ്ഞിരുന്നു..... ശ്രീഹരി അവളെ വഴക്ക് വല്ലതും പറഞ്ഞോ എന്നായിരുന്നു അവരുടെ ഭയം,

അവർ ചെന്ന് അവളുടെ കയ്യിൽ പിടിച്ച് എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ വീട്ടിലേക്ക് പോയപ്പോൾ അമ്മയുടെ ഓർമ്മകളിൽ കരഞ്ഞു പോയതാണ് എന്ന് പറഞ്ഞ് സുഗന്ധിയെ കെട്ടിപ്പിടിച്ച് അവൾ നിന്നപ്പോൾ അവർക്ക് പകുതി സമാധാനമായിരുന്നു, പിന്നീട് ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിച്ചു, ശ്രീവിദ്യ കൂടി വന്നതോടെ വീണ്ടും അവളെ പഴയ ജാനി ആക്കി തിരിച്ചുകൊണ്ടുവരുവാൻ അവർ ശ്രമം നടത്തിയിരുന്നു, എങ്കിലും പഴയ കുറുമ്പും ഉത്സാഹവും എല്ലാം അവളിൽ നിന്നും വിട്ടു നിന്നിരുന്നു......

ഒതുങ്ങിയ ഒരു അവസ്ഥയിലേക്ക് മാറിപ്പോയിരുന്നു, 💚 റിൻസി 💚 അന്ന് വൈകുന്നേരം തന്നെ ശ്രീഹരിയും ജാനിയും കോളേജിൽ ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞു അടുത്ത ആഴ്ച മുതൽ കോളേജിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു, അടുത്ത ആഴ്ച മുതൽ കോളേജ് ബസ്സിൽ അവളെ കോളേജിലേക്ക് എത്തിക്കാനുള്ള സൗകര്യങ്ങളും ശ്രീഹരി ചെയ്തിരുന്നു, അത് സേതുവിനോട് പറയുകയും ചെയ്തു, ശ്രീഹരി തന്നെയാണ് അവളോട് അടുത്താഴ്ച മുതൽ കോളേജിൽ പോകണം എന്ന് പറഞ്ഞത്, ഒരുകണക്കിന് അതൊരു സമാധാനം ആണ് എന്ന് അവൾക്കും തോന്നിയിരുന്നു, ഒറ്റയ്ക്കിരിക്കുമ്പോൾ ആണ് ഓർമ്മകൾ നീറ്റി തുടങ്ങുന്നത്,

അതിലും എത്രയോ നല്ലതാണ് കോളേജിലേക്ക് പോകുന്നത് എന്ന് അവൾ വിചാരിച്ചിരുന്നു, എങ്കിലും രാത്രികൾ ശ്രീഹരിക്ക് പേടിസ്വപ്നമായിരുന്നു, എങ്ങനെ അവളെ അഭിമുഖീകരിക്കും, അവളോട് ഒപ്പം ഒരു കട്ടിലിൽ ഒരുമിച്ച് കിടക്കും, അതൊക്കെ അവനെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു ഉദ്യമം തന്നെയായിരുന്നു, അവളോടൊപ്പം ഒരുമിച്ച് കിടക്കുന്ന സമയങ്ങളിൽ ഉറക്കം പോലും അവനെ തേടി എത്തുന്നില്ല, ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ, പെങ്ങളായി കണ്ടവൾക്കൊപ്പം എങ്ങനെയാണ് താൻ ശയിക്കുന്നത്....? അവളോട് ആദർശം പറഞ്ഞു എങ്കിലും ഹൃദയം കുറ്റപ്പെടുത്തും പോലെ തോന്നുന്നു,

മറുവശത്ത് കിടക്കുന്നവൾ തൻറെ ഭാര്യയാണ് എന്ന് അംഗീകരിക്കാൻ പോലും കഴിയാത്ത ഒരവസ്ഥ തന്റെ മനസ്സിൽ മാത്രം ഒരു സംഘർഷമായി നിറഞ്ഞുനിന്നു, അത് ജാനകി പോലും അറിയിക്കാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു, എങ്കിലും തനിക്ക് അവളുടെ മുന്നിൽ നിൽക്കാതിരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരുന്നു അവൻ ആഗ്രഹിച്ചിരുന്നത്, അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു, ഒട്ടും സാധിക്കുന്നില്ല എന്ന് മനസ്സിലായ നിമിഷം അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി അവൻ മുറി തുറന്ന് പുറത്തേക്കിറങ്ങി,

അതിനുശേഷം ഫോണിൽ നിന്നും എച്ച്ആർ എന്ന സേവ് ചെയ്ത നമ്പർ എടുത്തു ചെവിയിൽ വച്ചു, കുറച്ചു സമയങ്ങൾക്ക് ശേഷം അവിടെ നിന്നും ഫോൺ എടുത്തപ്പോൾ കുറച്ച് കുശലാന്വേഷണങ്ങളും വിവാഹ വിശേഷങ്ങൾക്കും എല്ലാം ശേഷം ഹരി തന്നെ അവിടേക്ക് പറഞ്ഞു. എനിക്ക് തിരിച്ച് അവിടേക്ക് വരണം എന്ന്, മറുപുറം അത്ഭുതം ആയിരുന്നു എന്ന് തോന്നുന്നു, വിവാഹം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് തിരികെ വരണം എന്ന് പറയുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതം ഉളവാക്കുന്ന ഒരു കാരണം തന്നെയായിരുന്നു, എത്രയും പെട്ടെന്ന് തന്നെ തിരിച്ചുവരണം എന്നും അടുത്താഴ്ച ടിക്കറ്റ് ശരിയാക്കാനും ആയിരുന്നു ശ്രീഹരി അയാളോട് ആവശ്യപ്പെടുന്നത്,

അയാൾ അത് സമ്മതിക്കുകയും ചെയ്തു, പകുതി ആശ്വാസം ആയതുപോലെ ഹരി തിരികെ മുറിയിലേക്ക് വന്നു, അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു ജാനകി, അവളെ ഒരു പുതപ്പെടുത്തു പുതപ്പികുവാനും അവൻ മറന്നിരുന്നില്ല, അതിനുശേഷം ഒരു ഓരം ചേർന്ന് അവനും കിടന്നു... അവളിൽ നിന്നും അകന്നു തുടങ്ങുമ്പോൾ ഒരുപക്ഷേ തനിക്ക് അവളെ ഭാര്യ ആയി സ്നേഹിക്കാൻ കഴിയും എന്ന വിശ്വാസമായിരുന്നു അവൻറെ ഉള്ളിൽ, അവൾ അരികിൽ നിൽക്കുമ്പോൾ തനിക്ക് അവളോട് പ്രണയം തോന്നുന്നില്ല, ഒരുപക്ഷേ അകന്നു കഴിയുമ്പോൾ അവളോടുള്ള ഇഷ്ടത്തിന് മറ്റെന്തെങ്കിലും നിറം കൈ വന്നാലോ....? അങ്ങനെ വിശ്വസിക്കുവാൻ ആയിരുന്നു അവന് ഇഷ്ടം,

അത് മാത്രമല്ല അവളുടെ അരികിൽ നിന്ന് ഓടിയൊളിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു...... എല്ലാംകൊണ്ടും ഇവിടെ അവൾ സുരക്ഷിതയാണ്..... കോളേജിൽ കൂടി പോയി തുടങ്ങുമ്പോഴേക്കും അവളുടെ മനസ്സിൽ നിന്നും വേണ്ടാത്ത വിചാരങ്ങൾ എല്ലാം മാറും, എല്ലാത്തിനുമൊപ്പം അമ്മയും അച്ഛനും ഉണ്ടാകും...... സമാധാനത്തോടെ തനിക്ക് തിരികെ പോകാം, ഈ വരവ് തനിക്ക് സമ്മാനിച്ചിരുന്നത് താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ആയിരുന്നു എന്ന് കണ്ണുകളടച്ച് ശ്രീഹരി ഓർത്തു...... വീണ്ടും തൻറെ ഏകാന്തതയുടെ മരുഭൂമിയിലേക്ക് ചേക്കേറുവാൻ അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയിരുന്നു......

പിറ്റേന്ന് തന്നെ എച്ച്ആർ വിളിച്ചിരുന്നു രണ്ടുദിവസത്തിനുള്ളിൽ തന്നെ തിരികെ പോകണം എന്നായിരുന്നു അറിയിച്ചത്, വലിയ ആശ്വാസമായിരുന്നു ശ്രീഹരിക്ക് തോന്നിയിരുന്നത്, എന്തിൽ നിന്ന് ഒക്കെയോ ഉള്ള ഒരു രക്ഷപെടൽ പോലെ, ആരെയൊക്കെയോ അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും തനിക്കു ലഭിച്ച മോചനം പോലെ, ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരുപക്ഷേ തിരികെ പോകുന്ന കാര്യം അറിഞ്ഞപ്പോൾ അവൻ ഇത്രത്തോളം സന്തോഷിക്കുന്നത് എന്ന് അവന് തന്നെ തോന്നിയിരുന്നു..... തിരിച്ചുപോകുക എന്നാൽ എപ്പോഴും വേദന നിറഞ്ഞതാണ്, ഇവിടെ വന്നതിനു ശേഷം തിരികെ പോകാൻ തോന്നാറില്ല,

അപ്പോഴെല്ലാം മനസ്സിൽ എടുക്കുന്ന തീരുമാനം ഉടനെ പ്രവാസജീവിതം അവസാനിപ്പിക്കണമെന്ന് ആണ്.... നാട്ടിൽ എന്തെങ്കിലും ചെറിയ ജോലിചെയ്ത് ആണെങ്കിലും ജീവിക്കണമെന്നും ഒക്കെ ആയിരിക്കും അപ്പോൾ തോന്നുക...... ആദ്യമായി സമാധാനം തോന്നുന്നു...... ഈ തിരിച്ചുപോക്ക് അവൻ ആഗ്രഹിച്ചിരുന്നു, 💚റിൻസി 💚 ടിക്കറ്റിന്റെ കാര്യം ഉറപ്പായതോടെ അവൻ വീട്ടിൽ എല്ലാവരോടും പോകുന്ന കാര്യത്തെപ്പറ്റി പറഞ്ഞിരുന്നു, എല്ലാവർക്കും വേദനയായിരുന്നു തോന്നിയിരുന്നത്...... " ഇത്ര പെട്ടെന്ന് നീ പോയാൽ എങ്ങനെയാ, കല്യാണം കഴിഞ്ഞിട്ട് കുറച്ച് ആയുള്ളൂ മോനെ..... നിങ്ങൾ ബന്ധുവീടുകളിൽ പോലും പോയിട്ടില്ലല്ലോ, സുഗന്ധി പറഞ്ഞു... "

അതിനൊക്കെ ഇനി സമയം ഉണ്ടല്ലോ, ഇനി വരുമ്പോൾ പോകാല്ലോ, മാത്രമല്ല ഇനി രണ്ട് ദിവസം കൂടി ഉണ്ട്, ഇന്നും നാളെയുമായി അത്യാവശ്യം ചില വീടുകളിൽ ഒക്കെ പോകാവുന്നതേയുള്ളൂ, എല്ലായിടത്തും ഒന്ന് തല കാണിച്ചു തിരിച്ചു വരാമല്ലോ, ശ്രീഹരി പറഞ്ഞു... " എങ്കിലും മോൾക്ക് വിഷമം ഇല്ലേ നീ ഇത്ര പെട്ടെന്ന് പോവുമ്പോൾ.... സേതു പറഞ്ഞു... " അവൾക്കറിയാത്ത ഒന്നുമല്ലല്ലോ നിങ്ങളെ ആരെയും, ഇവിടെയുള്ളവർ ഒന്നും അവൾക്ക് അന്യർ അല്ലല്ലോ, ഒരു വർഷം കഴിയുമ്പോൾ ഞാൻ ഇങ്ങ് വരില്ലേ....? അവൻ അത്രയും പറഞ്ഞ് സുഗന്ധിയുടെ അരികിൽ നിന്നും പോയിരുന്നു, ജാനി ആണെങ്കിൽ മുറിയിൽ കയറി ഈ വിവരം അറിഞ്ഞപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാണ്,

എന്തുകൊണ്ടോ ഹരിയുടെ സാന്നിധ്യം അവൾക്ക് വല്ലാത്തൊരു സമാധാനം പകർന്നു നൽകിയിരുന്നു ..... വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും ഒരു ആശ്വാസം, ഹരിയേട്ടൻ സ്വന്തമാണല്ലോ എന്ന വിശ്വാസം എപ്പോഴുമുണ്ടായിരുന്നു...... തിരിച്ചുപോകുമ്പോൾ ആ സംരക്ഷണം തനിക്ക് നഷ്ടമാകുന്നത് പോലേ, അതോടൊപ്പം തന്നെ തിരിച്ചു പോയാൽ പഴയതുപോലെ തന്നോട് സംസാരിക്കുമോ എന്ന് ഉള്ള ഭയം ആ 19 വയസ്സ് കാരിയുടെ മനസ്സിൽ നിറഞ്ഞിരുന്നു .... ഒരുപക്ഷേ ഒരിക്കലും ഇനി ഹരിയേട്ടൻ തന്നെ വിളിക്കില്ലായരിക്കും എന്നൊക്കെ ചിന്തിച്ചു തുടങ്ങിയിരുന്നു....... മുറി തുറന്ന് ഹരി അകത്തേക്ക് കയറിയപ്പോഴാണ് അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടിരുന്നത്,

ഒരു നിമിഷം അവന് അത്ഭുതം തോന്നിയിരുന്നു, ഇത്രയും കരയാനും മാത്രം എന്താണ് സംഭവിച്ചത്.....? താൻ തിരികെ പോകുന്നതിന് ആണോ അവളുടെ മനസ്സ് ഇത്രത്തോളം വേദനിക്കുന്നത്.....? അത്രമേൽ അവൾ തന്നെ സ്നേഹിച്ചിരുന്നൊ...? അങ്ങനെ പല ചോദ്യങ്ങളും അവന്റെ മുഖത്ത് നിന്നിരുന്നു, അവനെ കണ്ടതോടെ അവൾ പെട്ടെന്ന് ചുരിദാർ ഷോൾ കൊണ്ട് കണ്ണുകൾ തുടച്ചു, " നീ എന്തിനാ ജാനി കരയുന്നത്.....? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു...... " ഞാൻ വെറുതെ...... ഹരിയേട്ടൻ പെട്ടെന്ന് പോവുകയാണെന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിയാത്ത ഒരു സങ്കടം..... തൻറെ മുഖത്തേക്ക് നോക്കാതെ പറയുന്നവളെ കണ്ടപ്പോൾ അവന് അത്ഭുതം തോന്നിയിരുന്നു,

അവൾ അത് തുറന്ന് പറയുമേന്ന് വിചാരിച്ചിരുന്നില്ല, അപ്പോൾ അത് തന്നെയായിരുന്നു അവളുടെ സങ്കടം..... ഒരു നിമിഷം അവന് വീണ്ടും അത്ഭുതം തോന്നിയിരുന്നു, " ഞാൻ പോകുന്നത് ആദ്യത്തെ കാര്യം ഒന്നും അല്ലല്ലോ, ഒരു വർഷം കഴിയുമ്പോൾ ഞാൻ തിരികെ വരാം, " ഹരിയേട്ടൻ അവിടെ ചെന്നാൽ എന്നെ വിളിക്കൂമൊ...? അതോ എന്നോടുള്ള ദേഷ്യം കൊണ്ട് ഇനി ഒരിക്കലും എന്നെ വിളിക്കാതിരിക്കുമൊ...? അത് കേട്ടപ്പോൾ അത്ഭുതം ആയി ആണ് അവന് തോന്നിയത്...... ഇതാണ് അവളുടെ പ്രശ്നം, താൻ ഇനി അവളോട് സംസാരിക്കുമോ എന്ന് അവൾ പേടിക്കുന്നുണ്ട്, അവളിൽ നിന്നും താൻ അകന്നു പോവുകയാണെന്ന് ആണ് അവൾ വിശ്വസിക്കുന്നത്,

വീണ്ടും അവളുടെ പ്രായത്തെ ഓർത്ത് അവന് സഹതാപം തോന്നി, അതോടൊപ്പം തന്നെ തങ്ങളുടെ തുടർ ജീവിതത്തെപ്പറ്റിയുള്ള ഭയം അവനിൽ നിറഞ്ഞുനിന്നിരുന്നു, ഇങ്ങനെയൊക്കെയാണ് അവളുടെ ചിന്തകൾ എങ്കിൽ എങ്ങനെയായിരിക്കും തങ്ങളുടെ മുന്നോട്ടുള്ള ജീവിതം എന്ന് ആ നിമിഷം അവൻ ഓർത്തിരുന്നില്ല, ഒരു പ്രായത്തിന്റെ ചാപല്യം കഴിയുമ്പോൾ അവൾക്ക് താൻ യോഗ്യനല്ല എന്ന് അവൾക്ക് തോന്നിത്തുടങ്ങുമൊ എന്നുപോലും അവനിൽ ഒരു ഭയമായി അവശേഷിച്ചിരുന്നു, " ജാനി നിനക്ക് 19 വയസ്സേ ഉള്ളൂ, അത് എനിക്ക് മനസ്സിലാകും, പക്ഷേ നീ വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടിയാണ്, കുറച്ചുകൂടി പക്വത ഉള്ള രീതിയിൽ ചിന്തിക്കൂ,

നിന്നെ വിളിക്കാതിരിക്കാൻ മാത്രം എന്ത് പ്രശ്നമാണ് നമുക്കിടയിൽ ഉള്ളത്.....? അല്ലെങ്കിൽ നിന്നെ ഒരിക്കലും വിളിക്കാതെ ഇരുന്നാൽ നമ്മൾ തമ്മിലുള്ള ബന്ധം തീരും എന്നാണോ നീ വിചാരിക്കുന്നത്....? ഒന്നോ രണ്ടോ ദിവസത്തേക്ക് ഉള്ള ബന്ധം ആണോ നമ്മൾ തമ്മിൽ ഉള്ളത്. ഇനിയെങ്കിലും നിർത്തു നിന്റെ കുട്ടിക്കളി, ഇങ്ങനെയൊക്കെ ആണോ നീ ചിന്തിക്കുന്നത്....? അവൻറെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു ..... അത് കൂടി കേട്ടതോടെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്...... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകി തുടങ്ങി, ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയിരുന്നു ശ്രീഹരി.............................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story