സ്നേഹദൂരം.....💜: ഭാഗം 33

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൻറെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു ..... അത് കൂടി കേട്ടതോടെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്...... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അണപൊട്ടി ഒഴുകി തുടങ്ങി, ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയിരുന്നു ശ്രീഹരി... " എൻറെ ജാനി നീ എന്തിനാ കരയുന്നത്....? സഹികെട്ട് അവൻ ചോദിച്ചു പോയിരുന്നു..... ",ചേട്ടൻ എന്നോട് ദേഷ്യം ആണെന്ന് എനിക്ക് അറിയാം, അതുകൊണ്ട് പഴയതുപോലെ അവിടെ ചെന്ന് എന്നെ വിളിക്കില്ലന്നും എനിക്കറിയാം, എന്നെ ഒഴിവാക്കാൻ അല്ലേ ഈ പോക്ക്, "നീ എന്തൊക്കെ ആണ് മോളെ ഈ ആലോചിച്ചു കൂട്ടുന്നത്.... അവൻ അവിശ്വസനീയതോടെ അവളോട് ചോദിച്ചു...

" അതുപോലെ ഒന്നും വിളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും ചേട്ടൻ എന്നോട് സംസാരിക്കില്ലേ, അല്ലേൽ എനിക്ക് ആരുമില്ലാത്ത പോലെ തോന്നും, കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് എന്നോട് പറഞ്ഞില്ലേ ആരില്ലങ്കിലും ഹരിയേട്ടൻ എനിക്ക് ഉണ്ടാവുമേന്ന്, ആ ഒരു വിശ്വാസത്തിലാണ് ഞാൻ ഇപ്പോ ഓരോ ദിവസങ്ങളും തള്ളിനീക്കുന്നത്, എന്നിട്ട് ഹരിയേട്ടൻ തന്നെ എന്നോട് ഒരു അകൽച്ച കാണിച്ചാൽ ചിലപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല, അവളുടെ വാക്കുകൾ കേട്ടപ്പോൾ അവന് അവളോട് വാത്സല്യമാണ് തോന്നിയിരുന്നത്, അവളുടെ അരികിലേക്ക് ചെന്നു അവൻ, കുറെ നാളുകൾക്കു ശേഷം അവൻ അവളെ ഒന്ന് ചേർത്തു പിടിച്ചിരുന്നു,

ആ നിമിഷം അവൾ അത് ആഗ്രഹിച്ചിരുന്നു എന്ന് അവന് തോന്നിയിരുന്നു, അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് അവളുടെ തല മുടിയിഴകളിൽ തലോടി കൊണ്ട് ഇരുന്നു, വാക്കുകളുടെ അകമ്പടി ഇല്ലാതെ കുറച്ച് നേരം അവന്റെ സ്നേഹലാളനം അവളേറ്റു..... ആ നിമിഷം അവൾ ഹരിയേട്ടന്റെ ജാനികുട്ടി മാത്രം ആയിരുന്നു..... " ജാനിക്കുട്ടി ഞാൻ അവിടെ ചെന്ന് സമയം കിട്ടുമ്പോഴൊക്കെ നിന്നെ വിളിച്ചോളാം, നീ ഇങ്ങനെ പേടിക്കാതെ..... ഞാൻ നിന്നെ വിട്ട് എവിടേക്ക് പോകാനാ.....? ഞാൻ എവിടെ പോയാലും ഇവിടെയല്ലാതെ മറ്റെങ്ങൊട്ടാ തിരികെ വരിക, എൻറെ ജീവനും ജീവിതവും എല്ലാം ഈ വീടാണ്,

ഇവിടെ എൻറെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് നിന്ന് ആക്കിയിട്ടാണ് ഞാൻ പോകുന്നത്, നീ ഇങ്ങനെ പേടിച്ചാലോ....? നിന്റെ കരച്ചിൽ കണ്ടാൽ തോന്നും ഞാൻ ഇവിടെ നിന്ന് നിന്നെ ഉപേക്ഷിച്ച് അവിടെ പോയി വേറെ പെണ്ണുകെട്ടാൻ ആണെന്ന്, ഇങ്ങനെയൊക്കെ ചിന്തിക്കാതെ ജാനി...... നീ ഒരു കാര്യം മനസ്സിലാക്കു നമ്മൾ തമ്മിലുള്ള ജീവിതമാരംഭിച്ചു തുടങ്ങുമ്പോൾ നിനക്ക് ഈ സംശയങ്ങൾ എല്ലാം മാറും, ഇതൊക്കെ നിൻറെ പേടി മാത്രമാണ്, ഞാൻ നിന്നെ ഇഷ്ടപ്പെടാതെ വിവാഹം ചെയ്തു എന്നൊരു ചിന്ത മനസ്സിൽ ഉണ്ട്, അതുകൊണ്ട് നിനക്ക് തോന്നുന്നതാണ് ഞാൻ നിന്നെ ഉപേക്ഷിക്കുമെന്ന്,

ഞാൻ കുറച്ച് സമയം ഒന്ന് മാറി നിന്നാൽ പോലും നിനക്ക് ഒരു ഭയം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള ചിന്തകളൊക്കെ വരുന്നത്, അതൊന്നു മാറ്റി ചിന്തിക്കു, ജീവിതകാലം മുഴുവൻ നീ എന്നോടൊപ്പം വേണ്ടവളാണ്, നിന്നെ ഉപേക്ഷിച്ച് എനിക്ക് എവിടേക്കും പോകാൻ പറ്റില്ല, അത് മാത്രം ചിന്തിച്ചാൽ മതി, അവളുടെ തല മുടിയിഴകൾ തഴുകി അവൻ അത്‌ പറയുമ്പോഴും അവൻറെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഒരു കുഞ്ഞനുജത്തിയുടെ തന്നെയായിരുന്നു, പ്രിയപ്പെട്ട ഒരു മകളെ ചേർത്തുപിടിക്കുന്നതുപോലെ വാത്സല്യം നിറഞ്ഞ ഒരു ചേർത്തുപിടിക്കാൻ ആയിരുന്നു അത്, സ്നേഹം മുഴുവൻ നിറച്ച ഒരു ചേർത്തുപിടിക്കൽ,

അത്‌ അവനിൽ നൽകിയത് വാത്സല്യം ആണെങ്കിൽ അവളിൽ നൽകിയത് പ്രണയത്തിൻറെ സുരക്ഷിതത്വമായിരുന്നു...... എന്നും നിനക്ക് ഞാൻ ഉണ്ടെന്ന് തനിക്ക് വാക്ക് നൽകുന്നതുപോലെ....... എങ്കിലും അവന്റെ വാക്കുകളിൽ അവൾ കണ്ടെത്തിയ സമാധാനം ചെറുതായിരുന്നില്ല....... എങ്കിലും ഈ നിമിഷം വരെ സ്നേഹപൂർവ്വം അവളെ ചേർത്തു പിടിച്ചിട്ട് പോലും അവളെ മറ്റൊരു രീതിയിൽ കാണാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സാധിക്കുന്നില്ല എന്ന് അവൻ അറിഞ്ഞു, അതുവരെ അവളെ ചേർത്ത് പിടിക്കുമ്പോൾ ഒന്നും തനിക്ക് ഇല്ലാത്ത ഒരു ബുദ്ധിമുട്ടാണ് ആ താലി അവളുടെ ശരീരത്തിൽ ചേർന്നതിനുശേഷം അവളെ ചേർത്ത് പിടിക്കുമ്പോൾ തനിക്ക് തോന്നുന്നത്,

അതുകൊണ്ടുതന്നെ അവളിൽ നിന്നും മനപ്പൂർവം ഒരു അകലം സൂക്ഷിച്ചിരുന്നു, ഈയൊരു ചേർത്തുപിടിക്കൽ എങ്കിലും അവൾക്കാവശ്യം ആണെന്ന് അവന് തോന്നി, എങ്കിലും തന്റെ മാനസികസംഘർഷം അവളെ അറിയിക്കാതെ അവന് ശ്രെമിച്ചു..... അവളുടെ തലമുടിയിൽ മൃദുവായി തലോടി കൊണ്ടിരുന്നു...... വാത്സല്യപൂർവ്വം, ഇനി എങ്ങനെയാണ് താൻ അവളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത്, അവളെ തന്റെ നല്ലപാതി ആക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന്, അവളെ കാണാതിരുന്ന് അവളെ മനസ്സിൽ നിറച്ച് അവളാണ് തൻറെ ഭാര്യ എന്ന് തൻറെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുക ഈ ഒരു വർഷക്കാലം........ അതൊന്നും പറഞ്ഞാൽ ഈ പൊട്ടി പെണ്ണിനെ മനസ്സിലാവില്ല എന്ന് അവന് ഉറപ്പായിരുന്നു,

ചിലപ്പോൾ അതും അവൾ മറ്റൊരു അർത്ഥത്തിൽ മാത്രമേ എടുക്കു, അതുകൊണ്ടുതന്നെ ഈ തുറന്നുപറച്ചിലിന് യാതൊരു അർത്ഥവുമില്ല എന്ന് അവനു തോന്നിയിരുന്നു, ആകെ ചെയ്യാൻ കഴിയുന്നത് അവൾക്ക് ശക്തി നൽകുക എന്നുള്ളത് മാത്രമാണ്, താൻ അവളിൽ നിന്നും അകന്നു പോകും എന്നാണ് അവൾ ഭയക്കുന്നത്, അങ്ങനെ ഉണ്ടാവില്ല എന്ന് അവളെ വിശ്വസിപ്പിക്കാൻ മാത്രമേ ഈ നിമിഷം തനിക്ക് സാധിക്കുകയുള്ളൂ, പിന്നീടങ്ങോട്ട് തിരക്കായിരുന്നു ഹരിക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ ഉണ്ടാക്കുവാൻ, തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ജാനി സുഗന്ധിയോടൊപ്പം കൂടി, കുറച്ച് സാധനങ്ങൾ മാത്രമേ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ, എങ്കിലും മീൻ അച്ചാറും, കടുമാങ്ങയും,

ഉപ്പേരിയും എല്ലാം പാത്രങ്ങളിൽ നിരന്നിരുന്നു, അതോടൊപ്പം ചെല്ലുന്ന ദിവസം ഇഷ്ടമുള്ള ആഹാരവും ഇലപൊതി ആക്കി, ഉണ്ണിയപ്പവും മുറുക്കും എല്ലാം വളരെ പെട്ടെന്ന് തന്നെ ബാഗിലാക്കി വെച്ചു, ഹരി തന്നെയാണ് കൊണ്ടുപോകാനുള്ള പെട്ടി ഒരുക്കുന്നത്, അവൻ ആരെയും ബുദ്ധിമുട്ടിക്കാറില്ല, എല്ലാ വർഷവും അത് പതിവാണ്, ഇപ്രാവശ്യം ജാനകി കൂടി ഒപ്പംകൂടി, ഓരോ വസ്ത്രങ്ങളും അടുക്കി വെക്കുമ്പോൾ അവൾ ഓരോന്ന് എടുത്തു കൊടുത്തൂ, കൂട്ടത്തിൽ അവൻ തങ്ങളുടെ വിവാഹ ഫോട്ടോ എടുത്ത് അവൻ ബാഗിലേക്ക് വയ്ക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചെറിയൊരു സമാധാനം തോന്നിയിരുന്നു, അവൾ പെട്ടെന്ന് നിറഞ്ഞ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി,

ആ സമയം അവനും അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മറന്നിരുന്നില്ല....... പിറ്റേന്ന് വെളുപ്പിന് ആയിരുന്നു ഫ്ലൈറ്റ്, അതുകൊണ്ടുതന്നെ രാത്രിയിൽ നേരത്തേ കിടക്കാൻ സുഗന്ധി എല്ലാവരോടും പറഞ്ഞിരുന്നു, എല്ലാവരും നേരത്തെ തന്നെ കിടന്നിരുന്നു, ജാനകിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല, നാളെ മുതൽ താൻ ഈ മുറിയിൽ ഒറ്റയ്ക്ക് കിടക്കണം, ഹരിയേട്ടൻ നാളെ കണ്ണെത്താത്ത ദൂരത്തേക്ക് അകന്നുപോകും, ഹരിയേട്ടൻ നൽകിയ വാക്കുകളുടെ ഊർജ്ജത്തിൽ മാത്രമാണ് ഓരോ നിമിഷവും ജീവിക്കുന്നത്, ഹരിയേട്ടൻ മുറിയിൽ ഇല്ലാതെയാകുമ്പോൾ താൻ ഒറ്റയ്ക്ക് ആവുന്നത് പോലെ, വീണ്ടുമൊരു ഏകാന്തതയിലേക്ക് ചേക്കേറുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.......

അരികിൽ കിടക്കുന്നവൻ ഉറങ്ങി എന്ന് അവൾക്ക് മനസ്സിലായിരുന്നു, അവന്റെ നിശ്വാസങ്ങൾ അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു...... കുറേ ദിവസങ്ങൾക്കുശേഷം സമാധാനപൂർവം ആയിരുന്നു ശ്രീഹരിയും ഉറങ്ങിയിരുന്നത്, കുറേസമയം ഓരോന്ന് ആലോചിച്ച് അവൾ കിടന്നു, വെളുപ്പിന് അലാറം അടിച്ചപ്പോൾ തന്നെ ജാനകിയാണ് ആദ്യം ഉണർന്നത്, ആ പുറകെ തന്നെ ശ്രീഹരിയും എഴുന്നേറ്റു, എഴുന്നേറ്റ് തന്നെ നോക്കുന്നവളെ കണ്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു, " ഞാൻ കുളിച്ചിട്ടു വരാം, ഒരുങ്ങി കഴിഞ്ഞ് വിളിക്കാം നീ കുറച്ചൂടെ കിടന്നോ..? അവൻ പറഞ്ഞിരുന്നുവെങ്കിലും സമാധാനത്തോടെ കിടക്കുവാൻ തോന്നിയിരുന്നില്ല,

ഇനിയും കുറച്ച് നിമിഷങ്ങൾ കഴിയുമ്പോഴേക്കും ഹരിയേട്ടൻ പോകുമല്ലോ എന്ന ചിന്ത അവളെ വല്ലാത്തൊരു വേദനയിൽ ആയിരുന്നു കൊണ്ടുചെന്ന് എത്തിച്ചേരുന്നത്..... വീണ്ടും താൻ ആരുമില്ലാത്തവൾ ആകാൻ പോകുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു, അതിനുമപ്പുറം തന്നെ കാണാതിരുന്നാൽ ഹരിക്ക് തന്നോട് ഇപ്പോൾ ഉള്ള സ്നേഹം കൂടി കുറഞ്ഞു പോകുമോ എന്നും അവൾ ഭയന്നിരുന്നു...... കുളി കഴിഞ്ഞ് ശ്രീഹരി വന്ന് തയ്യാറായപ്പോഴും അവൾ അരികിൽ തന്നെയായിരുന്നു, "ഹരിയേട്ടന് ചായ എടുക്കട്ടെ.... "ആഹ്, ഒരു ചായ എടുക്ക്.... അവൻ അങ്ങനെ പറഞ്ഞിരുന്നത് അവളെ അഭിമുഖീകരിക്കാതെ ഇരിക്കാൻ വേണ്ടി ആയിരുന്നു, അവൾ അരികിൽ നിൽക്കുമ്പോൾ എന്തോ ഒരു വല്ലായ്മ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.......

ഇഷ്ടമില്ലാഞ്ഞിട്ടല്ല, തന്നോടുള്ള അവളോട് ഇഷ്ടം കാണുമ്പോൾ എന്തോ ഒരു വല്ലായ്മ തന്നെ വലയം ചെയ്യുന്നതുപോലെ....... പ്രതീക്ഷയോടെ നോക്കുന്നവൾക്കു മുൻപിൽ ഒരു പ്രതീക്ഷയും നൽകാനാവാതെ നിൽക്കാൻ കഴിയുന്നവന്റെ നിസ്സഹായത ആയിരുന്നു അവൻറെ മനസ്സിൽ നിറയെ, അവൾ ചായ എടുക്കാൻ പോയ സമയത്ത് തന്നെ ബാഗുമായി ശ്രീഹരി താഴേക്ക് എത്തിയിരുന്നു, അപ്പോഴേക്കും എല്ലാവരും ഉണർന്നിരുന്നു, ശ്രീഹരി പൊതുവേ ആരെയും വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് കൊണ്ടുപോകാറില്ല, യാത്ര പോകുന്ന സമയത്ത് ആരും വരുന്നത് അവന് ഇഷ്ടമല്ല, കാരണം വീണ്ടും ഒരു കാഴ്ച, പ്രിയപ്പെട്ടവരെ കണ്ട് പോകുന്നത് അവന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്,

അതുകൊണ്ടുതന്നെ സ്വന്തമായി ടാക്സി വിളിച്ച് അതിലാണ് എപ്പോഴും പോകാറുള്ളത്..... ചിലപ്പോൾ ആരെങ്കിലും കൂട്ടുകാർ ഒപ്പമുണ്ടാകും, വീട്ടിൽ നിന്നും ഒരാളെ പോലും അവൻ കൂടെ കൊണ്ടു പോകാറില്ല, അത് അവന് വേദനിക്കുന്ന കാഴ്ചയാണ്, അവനെ യാത്ര ആക്കാൻ എല്ലാവരും വന്നിരുന്നു, ചായ അവന്റെ കൈകളിലേക്ക് വെച്ച് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് അവൻ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു.... സുഗന്ധി ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചിട്ടും അവൻ വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയിരുന്നു, ചായ കുടിച്ചതിനുശേഷം എല്ലാവരോടും യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴും ജാനകിയുടെ കണ്ണുകളെ അവൻ മനഃപൂർവം ശ്രദ്ധിച്ചിരുന്നില്ല,

എങ്കിലും അവളോട് താൻ ചെയ്യുന്നത് തെറ്റാണ് എന്ന് അവന് തോന്നി...... അവളോട് പ്രത്യേകിച്ച് എന്തെങ്കിലും ഒരു വാക്ക് താൻ പറയണം എന്ന് തോന്നി...... പക്ഷേ എല്ലാവരും ഉണ്ട്, എങ്ങനെയാണ്, അത് ഒരിക്കലും തന്നെക്കൊണ്ട് സാധിക്കാത്ത ഒരു കാര്യമാണെന്നും അവനറിയാമായിരുന്നു, ഒടുവിൽ രണ്ടും കൽപ്പിച്ച് തൻറെ ഷോൾഡർ ബാഗ് ഒന്നു തിരഞ്ഞു ശ്രീഹരി, ശേഷം എന്തോ മറന്നപോലെ നടിച്ചു മുറിയിലേക്ക് പോയി " ഞാൻ ടിക്കറ്റ് മുറിയിൽ നിന്ന് എടുത്തില്ല എന്ന് തോന്നുന്നു, ഞാൻ എടുത്തിട്ട് വരാം, ശ്രീഹരി പറഞ്ഞു....!! "

മോനെ നീ തിരിച്ചു കയറണ്ട, എവിടെ ആണെന്ന് പറ എടുത്തു തരാം, സുഗന്ധി പറഞ്ഞു... " വേണ്ട അമ്മേ, ഞാൻ പൊക്കോളാം, അത് പറഞ്ഞു അവൻ കയറിയിരുന്നു അകത്തേക്ക് കയറി, മുറിയിലേക്ക് ചെന്ന് ഒന്ന് രണ്ട് നിമിഷം നിന്നിട്ടും ജാനകി അവിടേക്ക് കാണുന്നില്ല എന്ന് മനസിലായപ്പോൾ, മറ്റ് നിവർത്തി ഇല്ല എന്ന് അവന് മനസ്സിലായിരുന്നു...... സാധാരണ എന്നതുപോലെ നീട്ടി ഒന്ന് വിളിച്ചു, "ജാനി...........!!! അലമാരയുടെ താക്കോൽ എവിടെയാണ് വച്ചിരിക്കുന്നത്....?

ഉറക്കെയുള്ള അവൻ ശബ്ദം കേട്ട് അപ്പോഴേക്കും അവൾ മുറിയിലേക്ക് ചെന്നിരുന്നു, ഉടനെ സേതുവിന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു,അതിന്റെ അർത്ഥം ആദ്യം മനസിലായില്ല എങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ ആ പുഞ്ചിരി സുഗാന്ധിയിലും നിറഞ്ഞു....  " ഞാൻ കണ്ടില്ല ഹരിയേട്ടാ, മുറിയുടെ വാതിൽക്കൽ നിന്ന് പറയുന്നവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നിരുന്നത്, "ആ കതക് അടച്ചിട്ട് വാ... അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം അവളും സ്തംഭിച്ചു പോയിരുന്നു..... " എന്താ....?? മനസിലാകാതെ അവൾ ചോദിച്ചു... " ആ മുറിയുടെ ഡോർ ചാരാൻ..... കാര്യം മനസ്സിലായില്ലെങ്കിലും അവൾ അവൻ പറഞ്ഞതുപോലെ അനുസരിച്ചു,

അതിനുശേഷവും കണ്ണുനിറച്ച് നിൽക്കുകന്നവളുടെ അരികിലേക്ക് വന്നു അവൻ പറഞ്ഞു.... " ഹരി ഏട്ടന് നിന്നോട് ഒരു ഇഷ്ട കുറവുമില്ല, ഇഷ്ടക്കൂടുതൽ മാത്രമേയുള്ളൂ....... വേണ്ടാത്ത കാര്യങ്ങൾ ഒന്നും ആലോചിച്ച് വിഷമിക്കേണ്ട, ഞാൻ പോയിട്ട് പെട്ടെന്ന് വരും, ഈ പോക്ക് തന്നെ നമുക്ക് വേണ്ടിയാണ്........ നിന്നെ എനിക്ക് സ്വന്തമായി കരുതാൻ വേണ്ടി, നിൻറെ അരികിൽ നിൽക്കുമ്പോൾ എനിക്ക് നിന്നെ സ്നേഹിക്കാനോ , നീ എൻറെ ഭാര്യ ആണെന്ന് കരുതാനോ കഴിയുന്നില്ല, അത് നിനക്ക് എത്രത്തോളം മനസ്സിലാകും എന്ന് എനിക്ക് അറിയില്ല, പക്ഷേ നീ എന്നെ മനസ്സിലാക്കണം, നമ്മൾ അകന്നിരിക്കുമ്പോൾ നീ എൻറെ സ്വന്തമാണെന്ന് തോന്നൽ മനസ്സിൽ ഉണ്ടാക്കി എടുക്കാൻ വേണ്ടിയാണ് ഞാൻ പോകുന്നത്,

നമ്മുടെ നല്ലതിനുവേണ്ടി, നീ സ്വപ്നം കാണുന്ന നമ്മുടെ ജീവിതത്തിനുവേണ്ടി, അങ്ങനെ മാത്രം വിചാരിച്ചാൽ മതി.....!! പഠിക്കണം മറ്റ് കാര്യങ്ങൾ ഒന്നും ഓർത്തു വിഷമിക്കരുത്, എന്നും ഞാൻ വിളിക്കാം, പഴയതുപോലെതന്നെ...... സമയം കിട്ടുമ്പോൾ ഒക്കെ വീഡിയോ കോൾ ചെയ്യാം, കണ്ണ് നിറയ്ക്കാതെ സമാധാനത്തോടെ പഠിച്ച് ഇരിക്ക് തൽക്കാലം, എന്നെ ആലോചിച്ചിരുന്നു വേണ്ടാത്ത ചിന്തകൾ ഒന്നും മനസ്സിൽ നിറക്കേണ്ട...... പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി, ഒരു ഓർമ്മപ്പെടുത്തലോടെ അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളിലെ സന്തോഷത്തിന് അതിരില്ലായിരുന്നു.....

ഇങ്ങനെ എന്തേലും രണ്ടു വാക്ക് തന്നോട് അവൻ പറഞ്ഞിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചിരുന്നു എന്ന് തോന്നിയിരുന്നു....... അതോടൊപ്പം അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിക്കാനും അവൻ മറന്നിരുന്നില്ല...... സ്നേഹവും വാത്സല്യവും മുഴുവൻ ചേർത്ത് ഒരു ചേർത്തുനിർത്തൽ ആയിരുന്നു അവനും നൽകിയത് എന്ന് അവൾക്കും തോന്നിയിരുന്നു, അവളുടെ മനസ്സും നിറഞ്ഞിരുന്നു....... അത്രയേ ഉണ്ടായിരുന്നുള്ളൂ അവൾക്കും ആഗ്രഹം, അവൾക്കായി ആ മനസ്സിൽ ഒരു സ്ഥാനമുണ്ടെന്ന് അറിഞ്ഞാൽ മാത്രം മതിയായിരുന്നു, " നമ്മൾക്ക് വേണ്ടിയാണ് ഞാൻ പോകുന്നത് "

എന്ന് അവൻ പറഞ്ഞത് അവളുടെ മനസ്സിൽ നിറച്ച് സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു, നിറ ശോഭയായ് നിൽക്കുന്ന അവളുടെ മുഖം അവനിലും സമാധാനം നിറച്ചിരുന്നു, അവളുടെ മുടിയിഴകളിൽ തലോടി വാത്സല്യപൂർവ്വം ആ കവിളിൽ ഒന്ന് തട്ടിയതിനുശേഷമാണ് അവൻ യാത്ര പറഞ്ഞു താഴെ ഇറങ്ങിയത്..... വീണ്ടും പ്രവാസത്തിലേക്ക് ചേക്കേറുവാൻ, അവിടെനിന്നും തന്റെ പ്രിയപ്പെട്ടവളുടെ സ്വന്തം ആകാൻ....ഒരു നല്ല നാളേക്ക് വേണ്ടി ........................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story