സ്നേഹദൂരം.....💜: ഭാഗം 34

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

എയർപോർട്ടിലേക്ക് പോയപ്പോൾ പതിവുപോലെയുള്ള വേദന തന്നെ അലട്ടുന്നില്ല എന്ന് ശ്രീഹരി അറിഞ്ഞിരുന്നു..... ഈ സാഹചര്യങ്ങളിൽ നിന്നും ഒന്ന് മാറുവാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു എന്ന് അവനു തോന്നിയിരുന്നു, അവളെ ഇഷ്ടമില്ലാഞ്ഞിട്ടല്ല അവളുടെ അരികിൽ നിൽക്കുമ്പോൾ താൻ അവളുടെ ഭർത്താവ് ആണെന്ന ബോധം തോന്നുമ്പോൾ എന്തുകൊണ്ടോ മനസ്സ് വല്ലാതെ ആയി പോകുന്നത് പോലെ...... വലതുകൈയിലെ മോതിരവിരലിൽ ചേർന്നുകിടക്കുന്ന സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്ത ജാനകി എന്ന പേര് ഒന്നുകൂടി അവൻ നോക്കി, കൈയ്യിൽ ചേർന്നുകിടക്കുന്നവളെ ഹൃദയത്തോട് ചേർത്ത് വയ്ക്കണമെന്ന് അവനും ആഗ്രഹിച്ചിരുന്നു.....

പക്ഷേ ഇനി എത്ര നാൾ എടുക്കും അവളെ താൻ തന്റെ പ്രണയമായി കാണുവാൻ....? എങ്കിലും ആ വാക്കുകൾ തന്റെ മനസ്സിലേക്ക് കൂടി ആലേഖനം ചെയ്യുവാൻ ശ്രമിച്ചിരുന്നു ശ്രീഹരി,  ഹരി കൂടി പോയി കഴിഞ്ഞപ്പോഴേക്കും ആ വീട്ടിൽ മൂകത മാത്രമായി മാറിയിരുന്നു, ജാനകിക്കും ഒറ്റപ്പെടൽ തോന്നിയിരുന്നു, എത്രയൊക്കെ ഹരിയേട്ടൻ സംസാരിച്ചില്ലങ്കിലും ഒപ്പം ഉണ്ടായിരുന്നപ്പോൾ തന്നോടൊപ്പം ഒരാളുണ്ടല്ലോ എന്നും തനിക്ക് സ്വന്തം എന്ന് പറയുവാൻ ഈ ലോകത്ത് ഒരാളെങ്കിലും ഉണ്ടല്ലോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു, അത്‌ നഷ്ടമായപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു......

അവളുടെ വേദന മനസ്സിലാക്കി എന്നതുപോലെ വിദ്യ അവളോട് ഓരോ കാര്യങ്ങൾ പറയുകയും, അവളെ പഴയ രീതിയിലേക്ക് കൊണ്ടുവരുവാനും ഒക്കെ ശ്രമിച്ചിരുന്നു...... ഇടയിൽ കാര്യമായിത്തന്നെ ശ്രീവിദ്യ അവളോട് ചോദിച്ചു.... " ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നിനക്ക് എന്നോട് പിണക്കം തോന്നരുത്.....? കാര്യമറിയാതെ ശ്രീവിദ്യയുടെ മുഖത്തേക്ക് നോക്കി ജാനകി... "എന്താ ചേച്ചി....? "ഞാൻ ഹരിയേട്ടന്റെ പെങ്ങളല്ലേ....? നിന്നോട് ഈ കാര്യം ചോദിക്കാനും എനിക്ക് മടിയുണ്ട്, എങ്കിലും നിന്നോടല്ലേ, നമ്മൾ തമ്മിൽ അല്ലേ, അങ്ങനെ ഒന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ, അതുകൊണ്ട് ഞാൻ ചോദിക്കാം, ഹരിയേട്ടൻ ഒരു ഭാര്യയോട് ഉള്ള സ്നേഹത്തോടെ ആണോ നിന്നോട് ഇടപെടുന്നത്....?

മടിച്ചുമടിച്ചാണ് അവൾ ചോദിച്ചെങ്കിലും അതിൻറെ അർത്ഥം അവൾക്ക് മനസ്സിലായിരുന്നു, എന്തു മറുപടിയാണ് താൻ പറയുന്നത് എന്ന് അവൾക്ക് അറിയില്ലായിരുന്നു..... എങ്കിലും മടിച്ചുമടിച്ച് തന്നെ അവളുടെ മുഖത്തേക്ക് നോക്കി ജാനകി പറഞ്ഞു, " ഹരിയേട്ടന് എന്നോട് സ്നേഹം കുറവൊന്നുമില്ല ചേച്ചി, പക്ഷേ എന്നെ ഭാര്യയുടെ സ്ഥാനത്തേക്ക് കാണുവാൻ ഹരിയേട്ടന് കുറച്ച് സമയം വേണം, ഹരിയേട്ടൻ തന്നെ എന്നോട് പറഞ്ഞു, എൻറെ മനസ്സിൽ എപ്പോഴൊക്കെയോ ചേട്ടനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിട്ടുള്ളത് കൊണ്ട് എനിക്ക് എൻറെ ഭർത്താവിൻറെ സ്ഥാനത്തേക്ക് ഹരിയേട്ടനെ കാണാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ,

പക്ഷേ അങ്ങനെയല്ലല്ലോ ഹരിയേട്ടന്... ജാനകി പറഞ്ഞു....!! " അതെ....!! ആ ഒരു കാര്യം മാത്രം നീ മനസ്സിലാക്കിയാൽ മതി, ഹരിയേട്ടൻ നിന്നെ ഭാര്യ ആയി കാണാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും, പക്ഷേ പതുക്കെ പതുക്കെ മാറിക്കോളും..... അതുവരെ നീ കാത്തിരിക്കണം, അല്പം കാത്തിരുന്നാലും നിന്നെ ഭാര്യയായിട്ട് മനസ്സിലേക്ക് സ്വീകരിച്ച് കഴിഞ്ഞാൽ പിന്നെ നിന്നെ ഹരിയേട്ടൻ സ്നേഹിക്കും, ഈ ലോകത്തിൽ മറ്റെന്തിനെക്കാളും ഉപരിയായി...... നിനക്ക് അറിയാലോ, ഒരാളെ ഇഷ്ടപ്പെട്ടാൽ അവർക്ക് വേണ്ടി ജീവൻ പോലും കൊടുക്കാൻ മടിക്കില്ല ഹരിയേട്ടന്, അങ്ങനെയാണ് സ്വഭാവം..... അപ്പോൾ സ്വന്തമായിട്ടുള്ളവൾ ആകുമ്പോഴോ....?

നീ ആഗ്രഹിക്കുന്ന പോലെ തന്നെ ഹരിയേട്ടൻ നിന്നെ സ്നേഹിക്കും, അതിനു നീ കുറച്ചു കാലം കാത്തിരിക്കണം എന്ന് മാത്രമേ ഉള്ളൂ...... പിന്നെ നിനക്ക് വിവാഹപ്രായം ഒക്കെ ആകുന്ന സമയമാകുമ്പോൾ എൻറെ ചേട്ടൻ പോരാന്ന് നിനക്ക് തോന്നുമോടി.......? പകുതി കാര്യം ആയും പകുതി കളി ആയും അവൾ ചോദിച്ചു..... " അപ്പൊൾ ചേച്ചിയും പറയുന്നത് എനിക്ക് ചേട്ടനോട് തോന്നിയത് വെറുമൊരു ആകർഷണം ആണ് എന്ന് ആണോ.....? ജാനകി വിഷമത്തോടെ ചോദിച്ചു... "അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്, ഇപ്പോഴത്തെ ഇഷ്ടങ്ങൾ ആയിരിക്കില്ല രണ്ടു മൂന്നു വർഷം കൂടി കഴിയുമ്പോൾ,

അന്നേരം തോന്നും, ഇതിലും നല്ലൊരു ആളിനെ നിനക്ക് കിട്ടിയേനെന്ന്, നിനക്ക് സൗന്ദര്യം ഉണ്ട്, വിദ്യാഭ്യാസം ഉണ്ട്, അങ്ങനെയൊക്കെ നോക്കുമ്പോൾ ഹരിയേട്ടന് വിദ്യാഭ്യാസം കുറവാണ്, നിന്നെക്കാൾ പ്രായം ഉണ്ട്, അങ്ങനെ പല പല ചിന്തകൾ വരാലോ...... അങ്ങനെയൊക്കെ നീ ചിന്തിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ അത് മോശമായി ബാധിക്കില്ലെന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ..... അതുകൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്...... നിനക്ക് തോന്നിയ ഇഷ്ടം യഥാർത്ഥമല്ല എന്നല്ല ഞാൻ പറഞ്ഞത്...... കുറേക്കാലം കഴിഞ്ഞ് ജീവിച്ചു തുടങ്ങുമ്പോൾ ചിലപ്പോൾ നിങ്ങൾ തമ്മിലുള്ള അഭിപ്രായങ്ങൾക്ക് വ്യത്യാസങ്ങൾ ഉണ്ടാകാം, ഹരിയേട്ടൻ ഒരു പഴഞ്ചൻ ആണ്......

ആ ജനറേഷനായി ഒത്തുപോകുന്ന ചിന്താഗതികൾ ആയിരിക്കില്ലേ ......? അതൊക്കെ നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ, " ഈയൊരു ഭയം ആണെന്ന് തോന്നുന്നു ചേച്ചി ഹരി ഏട്ടനും, പക്ഷേ എൻറെ മനസ്സിലുള്ള ഹരി ഏട്ടനോട് തോന്നിയ ഇഷ്ടം അത് പറഞ്ഞു തരാൻ എനിക്ക് അറിയില്ല, എനിക്ക് ജീവിച്ച് കാണിക്കാൻ മാത്രമേ അറിയൂ..... ചേച്ചിക്ക് അറിയോ ഹരിയേട്ടനെ പിരിയേണ്ടി വരും എന്നോർത്ത് എൻറെ മനസ്സിൽ ഞാൻപോലുമറിയാതെ ഹരി ഏട്ടനോട് ഉണ്ടായിരുന്നത് പ്രണയമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നത്,

അതുവരെ ഞാൻ കരുതിയിരുന്നത് ഹരിയേട്ടൻ വിചാരിച്ചത് പോലെ ഞാനും ഹരിയേട്ടൻ എൻറെ സ്വന്തം ചേട്ടൻ ആയിട്ട് ആണ് കരുതിയത് എന്നാണ്, പക്ഷേ നഷ്ടപ്പെടുമെന്ന് തോന്നിയ നിമിഷം ആണ് എനിക്ക് എൻറെ മനസ്സിൽ ഉള്ളത് പ്രണയമായിരുന്നു എന്ന് മനസ്സിലായത്...... ഹരിയേട്ടൻ കാണാതെ, മിണ്ടാതെ, ഹരിയേട്ടനെ നഷ്ടപ്പെട്ട ജീവിക്കാൻ എനിക്ക് കഴിയില്ല ചേച്ചി, അതുകൊണ്ടാണ് ഹരിയേട്ടൻ ഇത്രയൊക്കെ അവഗണിച്ചിട്ടും ഞാനും ഈ വിവാഹത്തിന് സമ്മതിച്ചത്...... ഹരിയേട്ടൻ എന്നോട് തോന്നിയത് സഹതാപത്തിന്റെ പുറത്തുള്ള ഇഷ്ടമാണെന്ന് എനിക്കറിയാം, എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് സ്വർഗം ആണ് ചേച്ചി......

ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ ഹരിയേട്ടൻ മാത്രമേ ഉള്ളൂ, അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു...... അത് അവളിലും ഒരു വിഷമം നിറച്ചിരുന്നു, " നിന്റെ ഒരു കാര്യം, ഞങ്ങളൊക്കെ നിനക്ക് ആരും അല്ലേ.....?അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ആയിരുന്നു വിദ്യ അത്‌ പറഞ്ഞിരുന്നത്...... പിന്നീട് അവരെ സന്തോഷിപ്പിക്കാൻ വേണ്ടി മറ്റു ചില കാര്യങ്ങളൊക്കെ പറഞ്ഞു അവൾ നിന്നിരുന്നു,  വീട് പഴയ അവസ്ഥയിലേക്ക് എത്തിയിരുന്നു, ജാനകിക്ക് ആകെപ്പാടെ ഉള്ള ആശ്വാസം ശ്രീവിദ്യയായിരുന്നു, വിദ്യ നാളെ വൈകിട്ട് പോകും എന്നത് അവൾക്ക് വേദനിക്കുന്ന ഒരു കാര്യമായിരുന്നു,

എങ്കിലും സേതു പറഞ്ഞത് പിറ്റേന്നുമുതൽ അവളും കോളേജിലേക്ക് പോയി തുടങ്ങാനാണ്, അതോടെ ഒരു മാറ്റം ആവശ്യമാണ് എന്ന് അവൾക്കും തോന്നിയിരുന്നു, എല്ലാവരും ഒരുമിച്ചായിരുന്നു വൈകിട്ട് ഭക്ഷണം കഴിച്ചിരുന്നത്...... ഭക്ഷണം വിളമ്പുന്ന സമയം ആയപ്പോഴാണ് ശ്രീദേവ് ചോദിച്ചത്, " ഏട്ടൻ ചെന്നിട്ട് വിളിച്ചില്ലേ ജാനി.....? " ജാനി അല്ല ഏടത്തി, അങ്ങനെ വിളിച്ചാൽ മതി..... ഏട്ടന്റെ ഭാര്യ ആണ്, സുഗന്ധി ആണ് തിരുത്തിയത്..... അപ്പോഴേക്കും ശ്രീവിദ്യയ്ക്ക് ചിരി വന്നിരുന്നു, " ഞാനും ജാനിഏടത്തി എന്ന് വിളിക്കണോ.....? ഭക്ഷണം എടുക്കുന്നതിന് ഇടയിൽ ചിരിയോടെ അവളെ നോക്കി ശ്രീവിദ്യ ചോദിച്ചു.... " അതെന്താ നിനക്ക് കൊമ്പുണ്ടോ.....?

നീയും ദേവനും ഒരേ പ്രായം തന്നെയല്ലേ....? നീയും അങ്ങനെ തന്നെ വിളിക്കണം, വിളിക്കാതിരിക്കാൻ ഹരി നിന്റെ അനിയൻ അല്ലല്ലോ, ശ്രീവിദ്യയായോടും ഒരു താക്കീതോടെ സുഗന്ധി പറഞ്ഞിരുന്നു, അപ്പോഴെല്ലാം ജാനകി ദയനീയമായി അവരെ നോക്കുകയായിരുന്നു ചെയ്തിരുന്നത്...... " ശരി പറഞ്ഞത് ഞാൻ തിരിച്ചെടുത്തു, ചേട്ടൻ വിളിച്ചില്ലേ ചേട്ടത്തി ഒരു താളത്തിൽ ദേവ് അത്‌ പറഞ്ഞപ്പോൾ അറിയാതെ സേതു ചിരിച്ചു പോയിരുന്നു, പെട്ടെന്ന് ജാനകിയും ചിരിച്ചു.....കുറേ ദിവസങ്ങൾക്കുശേഷം ജാനകി ഒന്ന് ചിരിച്ചപ്പോൾ എല്ലാവർക്കും സന്തോഷം തോന്നിയിരുന്നു, കാരണം അത്രത്തോളം പിരിമുറുക്കം നിറഞ്ഞ രീതിയിൽ ആയിരുന്നു അവളെ കാണുമ്പോൾ എല്ലാവർക്കും അനുഭവപ്പെട്ടിരുന്നത്,

അവളുടെ ആ ചിരി എല്ലാവരിലും സന്തോഷം നിറച്ചിരുന്നു, പെട്ടെന്നാണ് സേതുവിന്റെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തിരുന്നത്, മൊബൈലിലേക്ക് നോക്കി സേതു പറഞ്ഞു " ഹരിക്കുട്ടൻ ആണ്....!! പെട്ടെന്ന് നൂറ് പൂർണചന്ദ്രന്മാരെ പോലെ ജാനകിയുടെ മുഖം വിടരുന്നത് ശ്രീവിദ്യ തിരിച്ചറിഞ്ഞിരുന്നു, പെട്ടെന്നുതന്നെ സേതു ഫോൺ എടുത്തു... " മോനേ അവിടെ എത്തിയോ.....? " ഇങ്ങോട്ട് വന്നതേയുള്ളൂ അച്ഛാ....!! റൂമിലെത്തി ഒന്ന് ഫ്രഷ് ആയി, അതിനുശേഷം വേണം ഇനി വല്ലതും കഴിക്കാൻ..... "

അപ്പൊ നീ ഫ്ലൈറ്റിൽ നിന്ന് ഒന്നും കഴിച്ചിരുന്നില്ലേ....? " കഴിച്ചിരുന്നു..... " നിങ്ങൾ കഴിച്ചോ....? ", കഴിച്ചുകൊണ്ടിരിക്കുവാ..... "ഇങ്ങ് താ ഞാൻ സംസാരിക്കട്ടെ, അതും പറഞ്ഞ് സുഗന്ധി അയാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിയിരുന്നു, " മോനേ യാത്രയൊക്കെ സുഖമായിരുന്നൊ....? സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നൊന്നായി സുഗന്ധി അക്കമിട്ട് ചോദിക്കുന്നുണ്ടായിരുന്നു, എല്ലാവരുടെയും വിശേഷങ്ങൾ ഹരി അന്വേഷിക്കുന്നുണ്ടായിരുന്നു.... " ഞാൻ ജാനകിയുടെ കൈയ്യിൽ കൊടുക്കാം, അത് പറഞ്ഞു സുഗന്ധി ഫോണ് ജാനകിയുടെ കൈകളിലേക്ക് കൊടുത്തിരുന്നു....... എല്ലാവരുടെയും അരികിൽ നിന്ന് എങ്ങനെയാണ് ഹരിയോട് സംസാരിക്കുന്നത് എന്ന് അവൾക്കും തോന്നിയിരുന്നു.....

പെട്ടെന്ന് അവളുടെ കയ്യിൽ കൊടുക്കാം എന്ന് പറഞ്ഞപ്പോൾ എന്തുപറയണമെന്ന് ഹരിക്കും അറിയുമായിരുന്നില്ല, വേണമെന്നോ വേണ്ടെന്നോ പറയുന്നതിന് മുൻപ് തന്നെ സുഗന്ധി അവളുടെ കൈകളിലേക്ക് ഫോൺ വെച്ചു കൊടുത്തിരുന്നു...... അവൾ ഹലോ പറഞ്ഞപ്പോൾ തന്നെ എന്തുപറയണമെന്നറിയാതെ ഹരിയും ഒന്ന് പകച്ചിരുന്നു, "ജാനി നിന്റെ ഫോൺ കയ്യിൽ ഇല്ലേ....? ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു, വന്ന കാര്യം...... അവൻ ഒരു തുടക്കത്തിന് എന്നതുപോലെ പറഞ്ഞു, " റൂമില് ആണ് ഹരിയേട്ടാ...... " ആഹ്..... ഞാൻ കരുതി നീയാ ഫോൺ മാറ്റിവെച്ചിട്ട് വിദ്യയുടെ അടുത്ത് ഇരിക്കുകയാണ് എന്ന്, അതാണ് പിന്നെ നിൻറെ ഫോണിലേക്ക് വിളിക്കാതിരുന്നത്, കഴിച്ചോ.....?

" കഴിക്കാൻ തുടങ്ങുകയായിരുന്നു....... എന്നാൽ നിങ്ങളുടെ പരിപാടികൾ ഒക്കെ നടക്കട്ടെ ഞാൻ വന്നതേയുള്ളൂ, നിങ്ങൾ ഭക്ഷണം കഴിച്ച ശേഷം വിളിക്കാം, "ശരി ഏട്ടാ.....!! ജാനകി പറഞ്ഞപ്പോൾ അവൻ ഫോൺ കട്ട് ചെയ്തിരുന്നു, അവളോട് എന്തുപറയണമെന്ന് അവനും അറിയില്ലായിരുന്നു..... ഒരു സമാധാനം ജാനകിയിൽ നിറഞ്ഞിരുന്നു..... അതിനുശേഷം ഭക്ഷണം കഴിക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം...... ഭക്ഷണം കഴിച്ചുകഴിഞ്ഞ് സുഗന്ധിയോടൊപ്പം നിന്ന് വിദ്യയും ജാനകിയും പാത്രങ്ങളൊക്കെ കഴുകാനും സഹായിച്ചിരുന്നു,

അതിനുശേഷം വിദ്യയോടൊപ്പം ആണ് ജാനകി കിടക്കാനായി പോയിരുന്നത്, കുറേസമയം വിദ്യയുടെ അരികിലിരുന്നു, എങ്കിലും രാഹുലിന്റെ ഫോൺ വന്നപ്പോഴേക്കും വിദ്യ അവളോട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് ബാൽക്കണിയിലേക്ക് ഇറങ്ങിയിരുന്നു, കുറേസമയം കാത്തിരുന്നിട്ടും വിദ്യ വരുന്നില്ല എന്ന് മനസ്സിലാക്കിയത് അവൾ വെറുതെ ഫോണെടുത്ത് നെറ്റ് ഒന്ന് ഓണാക്കി നോക്കി, ചേട്ടൻറെ മെസ്സേജ് ആണ് ആദ്യം തന്നെ കിടക്കുന്നത്...... വാട്സാപ്പിൽ അയച്ചിട്ടുണ്ട്, റൂമിലെത്തി എന്നാണ് പറഞ്ഞിരിക്കുന്നത്, ആ നമ്പറിലേക്ക് വെറുതെ നോക്കി കൊണ്ടിരുന്നപ്പോൾ തന്നെ ആള് ഓൺലൈനായി, പെട്ടെന്ന് തന്നെ വീഡിയോ കോൾ വരുന്നത് ജാനകി അറിഞ്ഞു....

. ഇതുവരെ ഹരിയേട്ടൻ വിളിക്കുമ്പോൾ തോന്നാതിരുന്ന ഒരു പരിഭ്രമം തനിക്ക് ഇപ്പോൾ തോന്നുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു, വീഡിയോ കോൾ ആൻസർ കൊടുക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു അവൾ, എടുത്തില്ലെങ്കിൽ ഇനി വിളിച്ചില്ലെങ്കിലോ എന്ന് കരുതി അവൾ പെട്ടെന്ന് തന്നെ കോൾ ബട്ടൺ ഓൺ ആക്കിയിരുന്നു..... പെട്ടെന്ന് തന്നെ അപ്പുറത്തുനിന്നും ടീഷർട്ടും ലുങ്കിയും ഉടുത്ത് ഹരിയുടെ രൂപം കണ്ടു, അവൾക്ക് മനസ്സ് നിറഞ്ഞത് പോലെ തോന്നിയിരുന്നു...... അവളെ കണ്ടപ്പോൾ പറയണമെന്ന് ശ്രീഹരിക്ക് നിശ്ചയം ഇല്ലായിരുന്നു, താൻ വിളിച്ചില്ലെങ്കിൽ അവൾ മറ്റെന്തെങ്കിലും ഒക്കെ ചിന്തിച്ചു കൂട്ടും എന്ന് ഭയന്നായിരുന്നു അവൻ വിളിച്ചിരുന്നത്....

കുളികഴിഞ്ഞ് വിടർത്തിയിട്ടിരുന്ന അവളുടെ മുടിയും, പാതിമാഞ്ഞ് തുടങ്ങിയ സീമന്തരേഖയിലെ സിന്ദൂരവും ആയിരുന്നു ആദ്യം അവൻറെ കണ്ണുകളിൽ പെടുന്നത്, അവളെ കാണും തോറും അതു തന്റെ ഭാര്യയാണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഹരി ചെയ്തിരുന്നത്, പെട്ടെന്ന് അവളോട് എന്ത് സംസാരിക്കണം എന്ന് അവന് അറിയില്ലായിരുന്നു, രണ്ടുപേർക്കുമിടയിൽ ഒരു മൗനം തളം കെട്ടിയിരുന്നു........ കുറച്ചുനേരം അവളെ നോക്കിയിരുന്ന അവൻ തന്റെ മൗനത്തിന് വിരാമമിട്ടു, " ഭക്ഷണം കഴിച്ചോ.....?

" കഴിച്ചിട്ട് ഇങ്ങോട്ട് വന്നതേയുള്ളൂ ഹരിയേട്ടാ, ഹരിയേട്ടൻ വല്ലതും കഴിച്ചോ....? " കഴിക്കാനുള്ള സമയം ആകുന്നുള്ളൂ, അവിടുത്തെ സമയമല്ലല്ലോ ഇവിടെ...... പിന്നെ അച്ഛനും അമ്മയും ഒക്കെ എന്തു പറയുന്നു, " എല്ലാവരും താഴെ ഉണ്ട്, ഞാൻ താഴേക്ക് പോണോ....? അച്ഛൻറെ കയ്യിൽ കൊണ്ടുപോയി കൊടുക്കാം, " വേണ്ട അവരെയൊക്കെ ഞാൻ നാളെ വിളിച്ചോളാം, ഞാൻ വിളിച്ചില്ലെങ്കിൽ ഞാൻ നിന്നെ മറന്നു എന്ന് വിചാരിച്ച് നീ രാത്രിയിൽ എന്തെങ്കിലുമൊക്കെ കാടുകയറി ചിന്തിച്ചാലോ എന്ന് പേടിച്ചു വിളിച്ചതാ,

എനിക്കും നല്ല യാത്ര ക്ഷീണമുണ്ട്, തൻറെ മനസ്സിലുള്ളത് ഒരു മറയുമില്ലാതെ അവൻ തുറന്നു പറഞ്ഞപ്പോൾ അറിയാതെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു, ആ പുഞ്ചിരി അവൻറെ മനസ്സും നിറച്ചു..... വേദന നിറഞ്ഞ ഒരു മുഖം മാത്രമായിരുന്നു അടുത്ത കാലങ്ങളിൽ താൻ അവളിൽ കണ്ടിരുന്നത്, അതിൽ നിന്നും മാറി അവളുടെ മുഖത്ത് തെളിഞ്ഞു പുഞ്ചിരി അവനിലും വലിയൊരു പ്രത്യാശ ആയിരുന്നു നിറച്ചിരുന്നത്...... " നാളെ മുതൽ ഞാനും കോളേജിലേക്ക് പോവാ, വിദ്യ ചേച്ചി നാളെ വൈകുന്നേരം പോകും എന്ന് ആണ് പറയുന്നത്, അച്ഛൻ പറഞ്ഞു നാളെ മുതൽ ഞാനും കോളേജിലേക്ക് പോകാൻ, "

കുറേ ദിവസത്തെ നോട്ടുകൾ ഒക്കെ എഴുതി എടുക്കാൻ കാണുമല്ലോ, മടികൂടാതെ ഇരുന്ന് പഠിക്കണം.... അവൾ തലയാട്ടി..... "എന്നാൽ കിടന്നോ...?? രാവിലെ എഴുന്നേൽക്കണ്ടേത് അല്ലേ....? അതുകൊണ്ട് ഉറങ്ങിക്കോ....? ഗുഡ് നൈറ്റ്..... ഹരി പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞു, പെട്ടെന്ന് തന്നെ അവൻ ഫോൺ കട്ട് ചെയ്യുകയും ചെയ്തിരുന്നു...... അവനോട് സംസാരിച്ചപ്പോൾ ചെറിയൊരു സമാധാനം മനസ്സിൽ നിറയുന്നത് അവൾ അറിഞ്ഞിരുന്നു, ഇത്രയൊക്കെയെ താനും ആഗ്രഹിക്കുന്നുള്ളൂ, തന്നോട് സംസാരിക്കുക പഴയപോലെ ആണെങ്കിലും വെറുപ്പില്ലാതെ ഇടപെടുക, അതുമാത്രമായിരുന്നു ഹരിയേട്ടാ എൻറെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം എന്ന് അവൾ മനസ്സിൽ പറഞ്ഞിരുന്നു,

അതിനുമപ്പുറം ഒക്കെ ആഗ്രഹിച്ചു തുടങ്ങാൻ ഇപ്പോൾ തനിക്ക് അവകാശം ഉണ്ടോ എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു....... ആരും ഇല്ലാത്ത ഒരു അനാഥ പെണ്ണിന് ജീവിതം നൽകിയ വലിയൊരു മനുഷ്യനാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്, അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്ക് ഒന്നും അല്ല അവിടെ പ്രാധാന്യമുള്ളത്, ഹരിയേട്ടൻ എന്നെങ്കിലും തന്നെ സ്നേഹിക്കാൻ കഴിയുമെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിവസം ആയി കണക്കാക്കുക, അല്ലാതെ തന്റെ മുൻപിൽ ഇപ്പോൾ ആ സ്നേഹത്തിനു വേണ്ടി വാശി പിടിക്കാൻ കഴിയില്ല, അല്ലെങ്കിലും വാശിപിടിച്ച് നേടേണ്ട ഒന്നല്ലല്ലോ സ്നേഹം, പ്രത്യാശ നിറഞ്ഞ ഒരു ജീവിതം തന്നെ കാത്തിരിപ്പുണ്ടെന്ന് ഒരു പ്രതീക്ഷയും അവൾക്കു വന്നിരുന്നു............................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story