സ്നേഹദൂരം.....💜: ഭാഗം 35

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

കുറെ നേരം വിദ്യയെ കാത്തിരുന്നെങ്കിലും അവൾ വരുന്ന ലക്ഷണമില്ലന്ന് മനസ്സിലാക്കിയതോടെ ജാനകി കിടന്നിരുന്നു, ഹരിയുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിൽ പകുതി ആശ്വാസം നിറഞ്ഞിരുന്നു, അതുകൊണ്ടുതന്നെ ഉറങ്ങാൻ വലിയ ബുദ്ധിമുട്ടൊന്നും അവൾക്ക് തോന്നിയിരുന്നില്ല..... രാവിലെ അതിരാവിലെ സാധാരണ ഉണരുന്നത് പോലെ തന്നെ ആയിരുന്നു അവൾ ഉണർന്നത്, നേരെ അടുക്കളയിലേക്ക് ചെന്നു അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് സുഗന്ധി രാവിലത്തെ പരിപാടി തുടങ്ങിയിരുന്നു, ഇടിയപ്പം ഉണ്ടാക്കുന്നത് തിരക്കിലാണെന്ന് തോന്നുന്നു, അരികിലേക്ക് ചെന്നു നിന്നും സവാള എടുത്ത് അരിയാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ വഴക്കു പറഞ്ഞു,

"നിനക്ക് രാവിലെ കോളേജിൽ പോകണ്ടേ....? അതിനിടയിൽ അടുക്കള പണി ഒന്നും ചെയ്യാൻ നിൽക്കേണ്ട, ഇവിടെ എനിക്ക് ചെയ്യാവുന്ന ജോലി തന്നെ ഇല്ല, അതിൻറെ കൂടെ എന്നെ സഹായിക്കാൻ നിൽക്കണ്ട വേഗം പോയി പോകാൻ റെഡി ആവാൻ നോക്ക്, എട്ടര ആകുമ്പോൾ കോളേജ് ബസ് വരുമെന്നാ സേതുവേട്ടൻ പറഞ്ഞത്, മാത്രമല്ല ഇവിടെ നിന്ന് ഒരുപാട് ദൂരം ഇല്ലേ കോളേജിലേക്ക് പോകാൻ,അവസാനം സമയം കിടന്നു തിരക്ക് പിടിക്കണം, ഭക്ഷണം കഴിക്കാതെ തിരക്ക് ആകേണ്ടി വരും, അല്ലെങ്കിൽ പിന്നെ ഇന്ന് കോളേജ് ബസിന് പോവണ്ട ദേവനോട് നിന്നെ അങ്ങോട്ട് കൊണ്ടുവിടാൻ പറയാം, "വേണ്ട അമ്മേ, ഞാൻ കോളേജിന്റെ ബസ്സിന് പൊയ്ക്കോളം,

ഇപ്പോൾ പ്രത്യേകിച്ച് തിരക്ക് ഒന്നുമില്ല, പുസ്തകങ്ങളൊക്കെ ഇന്നലെ തന്നെ എടുത്തു വച്ചിരുന്നു, യൂണിഫോം മാത്രം അയൺ ചെയ്താൽ മതി, " ചായ കുടിച്ചിട്ട് നീ വേഗം പോയി ഒരുങ്ങിക്കോ, ഒരുപാട് നേരം ഇനി അടുക്കളയിൽ നിന്ന് സമയം കളയണ്ട, വിദ്യ എഴുന്നേറ്റ് വരുമ്പോൾ ഒരു സമയം ആകും, " ചേച്ചി ഞാൻ വന്നിട്ടല്ലേ പോകുള്ളൂ " നീ വരാതെ അവൾ പോകുമോ....? വൈകിട്ട് അഞ്ചുമണിയോടെ കൂടെ അവളെ റെയിൽവേ സ്റ്റേഷനിലേക്ക് ദേവൻ കൊണ്ട് വിടും, അവന് പിന്നെ മറ്റന്നാള് പോയാൽ മതിയല്ലോ, ഹരിക്ക് കൊണ്ടു പോകാൻ ഉണ്ടാക്കിയത് ഒക്കെ ബാക്കി ഇരിപ്പുണ്ട്, അതൊക്കെ കൊടുത്തു വിടാം എന്ന് ഞാൻ വിചാരിക്കുന്നത്.....

മോൾ വേഗം പോയി ഒരുങ്ങാൻ നോക്ക്, അവർ അത്‌ പറഞ്ഞതോടെ ഇനി അമ്മ അടുക്കളയിൽ നിർത്തിയില്ല എന്ന് ഉറപ്പായിരുന്നു, അതോടെ നേരെ വിദ്യയുടെ മുറിയിലേക്ക് പോയി, അവിടെയെത്തിയപ്പോൾ ഒളിമ്പിക്സിന് ഓടാൻ കിടക്കുന്നത് പോലെയുള്ള ഉറക്കമാണ് ആള്, കാലിലേക്ക് പുതപ്പ് വലിച്ചിട്ടതിനുശേഷം വീണ്ടും ഹരിയേട്ടന്റെ മുറിയിലേക്ക് കയറി, ഹരിയേട്ടൻ ഇല്ലാതെ ആ മുറിയിലേക്ക് കയറിയപ്പോൾ വല്ലാത്ത വേദന പോലെ, ഹരിയേട്ടൻ ഉണ്ടായിരുന്ന സമയത്ത് പരമാവധി ഈ മുറിയിലേക്ക് വരാതെ മാറിനിൽക്കുകയായിരുന്നു ചെയ്യുന്നത്, ഹരിയേട്ടന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് കരുതി ആയിരുന്നു അത്‌.....

അവിടെ മേശയിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന തങ്ങളുടെ കല്യാണ ഫോട്ടോയിലേക്ക് ആണ് ആദ്യം നോട്ടം എത്തിയിരുന്നത്..... എല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്, മാറിൽ ചേർന്ന് കിടക്കുന്ന താലിയിലേക്ക് നോക്കിയപ്പോൾ വീണ്ടും താൻ സ്വപ്നം കാണുകയാണോ എന്ന് തോന്നി, എല്ലാം പെട്ടന്ന് ആയിരുന്നു, ഒരിക്കലും തോന്നാത്ത ഒരു ഇഷ്ടം മനസ്സിൽ തോന്നുകയും അത് ഒരിക്കലും നടക്കില്ല എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തിരുന്നു, പക്ഷേ എങ്ങനെയൊക്കെയോ വിധി വീണ്ടും ഹരിയേട്ടനിൽ തന്നെയാണ് കൊണ്ടുവന്ന് എത്തിച്ചിരിക്കുന്നത്, ഈ മുറിയുടെ അവകാശിയായി താനും മാറിയിരിക്കുന്നു,

ഇനി എന്നാണ് ആ മനസ്സിന്റെ അവകാശിയായി താൻ മാറുന്നത്, അതായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു ചോദ്യം, പതിവ് തെറ്റിക്കാതെ മൊബൈൽ ഫോൺ എടുത്തു ഹരിയേട്ടന് ഒരു ഗുഡ്മോർണിംഗ് മെസ്സേജ് അയച്ചു, പണ്ടും അതായിരുന്നു പതിവ്, രാവിലെ ആദ്യം മെസ്സേജ് അയക്കുന്നത് ഹരിയേട്ടന് ആയിരുന്നു, തങ്ങൾക്കിടയിൽ ഒരു അകലം വന്നപ്പോൾ പോലും അത് താൻ അത്‌ തുടർന്നു, ആദ്യമൊക്കെ അയക്കുമ്പോൾ റിപ്ലൈ തരുന്ന ആൾ പ്രണയം മനസ്സിലാക്കിയ നിമിഷംമുതൽ മെസ്സേജുകൾ ഗൗനിക്കാതെ ആയി, എങ്കിലും താൻ സ്ഥിരമായി തന്നെ മെസ്സേജ് അയക്കുമായിരുന്നു..... അതുപോലെതന്നെ ഇപ്പോഴും അവൾ മെസ്സേജ് അയച്ചിരുന്നു,

മെസ്സേജ് ഡെലിവറി പോലുമായില്ല അപ്പോൾ തന്നെ ആൾ ഉണർന്നിട്ടില്ല എന്ന് മനസ്സിലായിരുന്നു...... പിന്നീട് ഫോൺ മാറ്റിവെച്ച് റെഡിയാവാൻ ആയി തുടങ്ങി, സീമന്തരേഖയിൽ അല്പം സിന്ദൂരവും കുറച്ചു പൗഡറും മാത്രമേ ഒരുക്കമായി ഉണ്ടായിരുന്നുള്ളൂ, ഒരു പൊട്ട് പോലും തൊടുന്നില്ല,. അല്ലെങ്കിലും ഇപ്പോൾ അതൊന്നും തൊടാൻ ഒരു ഉന്മേഷം തോന്നുന്നില്ല, അമ്മയും അച്ഛനെയും ആണ് ഇപ്പോൾ എപ്പോഴും ഉള്ള ചിന്തകളിൽ, അവരെ കാണണമെന്നും അവരുടെ അരികിലേക്ക് പോകണം എന്നൊക്കെ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നത് പോലെ, തന്നെ ഭൂമിയിലേക്ക് പിടിച്ചുനിർത്തുന്ന ഏക കണ്ണി ഹരിയേട്ടൻ മാത്രമാണ്,

എന്നെങ്കിലുമൊരിക്കൽ ഹരിയേട്ടൻ തന്നെ സ്നേഹിക്കുമെന്ന ഒരു വിദൂരമായ പ്രതീക്ഷയിൽ മാത്രമാണ് താൻ ഇപ്പോൾ ജീവിക്കുന്നത് എന്ന് തോന്നിയിരുന്നു, താലിയിൽ ഒരിക്കൽ കൂടി അവൾ കൈകൾ ചേർത്തു, മറ്റൊന്നും വേണ്ട എനിക്ക് ജീവിക്കാൻ ഈ ഒരൊറ്റ പ്രതീക്ഷ മാത്രം മതി എന്ന് പറയാതെ പറയുന്നത് പോലെ...... പുസ്തകങ്ങളെല്ലാം ബാഗിലേക്ക് അടുക്കിവെച്ചതിനുശേഷം യൂണിഫോം അണിഞ്ഞപ്പോൾ എന്തോ ഒരു ചമ്മൽ അവൾക്ക് തോന്നി, യൂണിഫോം ഒക്കെ ഇട്ടപോൾ വീണ്ടും കൊച്ചു കുട്ടി ആയപോലെ, ശ്രീവിദ്യയുടെ മുറിയിലേക്കാണ് ചെന്നത് അപ്പോഴും ആൾ നല്ല ഉറക്കമാണ്, പിന്നീട് ഉണർത്താൻ തോന്നിയില്ല,

താഴേക്ക് ചെന്നപ്പോൾ സേതു പത്രവായനയിൽ മുഴുകിയിരിക്കുന്നു, " ആഹാ മോൾ റെഡിയായോ...? പോകാനുള്ള സമയമായോ...? അയാൾ ക്ലോക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു, " ഇല്ല സമയം ആകുന്നതേയുള്ളൂ അമ്മ പറഞ്ഞു നേരത്തെ റെഡിയാവാൻ, അതുകൊണ്ട് ഞാൻ റെഡി ആയി എന്നെ ഉള്ളൂ, അപ്പോഴേക്കും സുഗന്ധി എല്ലാം ഡൈനിങ് ടേബിളിൽ കൊണ്ടുവന്ന് വെച്ചിരുന്നു, ആവി പറക്കുന്ന ഇടിയപ്പവും കടലക്കറിയും, " ജാനി നീ വേഗം കഴിച്ചോ പെട്ടെന്നെങ്ങാനം ബസ്സ് വന്നാ പിന്നെ ആകെപ്പാടെ ഒരു കഷ്ടപ്പാടാ, ചോറ് ഞാൻ കെട്ടിട്ടുണ്ട് ഒരു പൊതി കയ്യിൽ തന്നു കൊണ്ടാണ് അത് പറഞ്ഞിരുന്നത്, ഇലപൊതി ആണ്.....

നിനക്ക് ഭയങ്കര ഇഷ്ടമാണെന്ന് സുഗന്ധി പറഞ്ഞത് ഞാൻ ഓർത്തു, അതുകൊണ്ടാ ഞാൻ അത്‌ തന്നെ കെട്ടിയത്, അത്‌ പറഞ്ഞപ്പോഴേക്കും അവളുടെ മുഖം മങ്ങിയിരുന്നു..... തനിക്ക് ഇലപൊതിയായിരുന്നു ഇഷ്ടം അതിനുവേണ്ടി മാത്രം അമ്മ പറമ്പിൽ വാഴ നടറായിരുന്നു പതിവ്..... ഇലപൊതി ചോറ് ആയിരുന്നു എല്ലാദിവസവും താൻ കൊണ്ടു പോകുന്നത്, വാഴയില വാട്ടി ചൂട് ചോറ് കെട്ടിതരും അമ്മ, അത്‌ ഓർത്തപ്പോൾ ആ കണ്ണുകൾ നിറഞ്ഞു പോയിരുന്നു, ഒരു നിമിഷം സുഗന്ധി വല്ലാതായിപ്പോയി, അത് പറയേണ്ടിയിരുന്നില്ല എന്ന് പോലും അവർക്ക് തോന്നിയിരുന്നു,സേതുവും വല്ലാതെ ആയി, " എന്താ മോളെ.....?? സുഗന്ധി അവളുടെ തോളിൽ തഴുകി കൊണ്ട് ചോദിച്ചു,

" പെട്ടെന്ന് ഞാൻ അമ്മയെ ഓർത്തുപോയി, " അപ്പൊൾ പിന്നെ ഞാൻ ആരാ....? ഞാൻ നിൻറെ അമ്മയല്ലേ...? അതുകൊണ്ടല്ലേ നിനക്കിഷ്ടപ്പെട്ടതൊക്കെ ഞാൻ തയ്യാറാക്കിയത്, എന്നിട്ടും നീ ഇപ്പോഴും എന്നെ അമ്മയുടെ സ്ഥാനത്തേക്ക് കാണുന്നില്ലേ...? ചെറിയൊരു പരിഭവത്തിന്റെ മേമ്പൊടിയോടെ സുഗന്ധി അത് ചോദിച്ചപ്പോൾ അവൾ അറിയാതെ അവരെ കെട്ടിപ്പിടിച്ചു പോയിരുന്നു, അവളുടെ തലമുടി ഇഴകളിൽ തഴുകി സുഗന്ധി ആശ്വസിപ്പിച്ചപ്പോൾ അതൊരു നിറഞ്ഞ കാഴ്ച തന്നെ ആയിരുന്നു സേതുവിന്... പിന്നീട് ഭക്ഷണം എല്ലാം കഴിച്ച കോളേജ് ബസ് വന്നപ്പോൾ അവൾ കയറിപ്പോയി, പത്തു മണി കഴിഞ്ഞിട്ടും ദേവനും വിദ്യയും ഉറക്കമുണർന്നിരുന്നില്ല,

"ഇന്ന് രണ്ടിനെയും ഞാൻ എഴുന്നേല്പിക്കും" എന്ന് പറഞ്ഞ് ഒരു ബക്കറ്റിൽ വെള്ളവുമായി സുഗന്ധി പോകുന്നത് കണ്ടു സേതു ചിരിച്ചു പോയിരുന്നു,  കോളേജിലേക്ക് ചെന്നപ്പോഴും ആദ്യം എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടങ്ങൾ തന്നെയായിരുന്നു ജാനകിയെ വരവേറ്റത്, ഒരു നിമിഷം അവൾക്ക് വല്ലായ്മ തോന്നിയിരുന്നു അതോടൊപ്പം തന്നെ സീമന്തരേഖയിലെ സിന്ദൂരചുവപ്പും മാറിൽ കിടക്കുന്ന താലിയും ഒക്കെ പലർക്കും കൗതുകം നൽക്കുന്ന കാഴ്ചയാണ് എന്ന് തോന്നിയിരുന്നു, ഇത്രയും ചെറിയ പെൺകുട്ടി ഇത്രയും നേരത്തെ വിവാഹം കഴിക്കുന്നത് അവരെയൊക്കെ സംബന്ധിച്ചിടത്തോളം കൗതുകകരമായ ഒരു കാര്യം ആയിരുന്നു,

ആദ്യമൊക്കെ ഒരു വീർപ്പുമുട്ടൽ തോന്നിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അവൾ പഴയ ജാനകി ആയി മാറുവാൻ ശ്രമിച്ചിരുന്നു, പ്രിയപ്പെട്ട ശ്രുതിയുടെ സഹായത്തോടെ പഠിക്കാതെ പോയ ഭാഗങ്ങൾ എല്ലാം പഠിച്ച് എടുക്കുകയും എല്ലാം എഴുതി എടുക്കുകയും ഒക്കെ ചെയ്തിരുന്നു, ഒന്നുരണ്ട് ടീച്ചേഴ്സ് അവളെ സഹായിച്ച് പാഠഭാഗങ്ങളുടെ സംശയങ്ങളെല്ലാം മാറ്റി കൊടുത്തു, അതോടെ പഴയ കോളേജുമായി അവൾ പൊരുത്തപെട്ട് തുടങ്ങിയിരുന്നു, രാവിലെ കോളേജിൽ എത്തിയ സമയം മുതൽ ഓരോ തിരക്കുകളിലാണ് നോട്ട് എഴുതും സംശയം ചോദിക്കലും പോഷൻ കവർ ചെയ്യലും എല്ലാമായി തിരക്കായിരുന്നു,

ഇതിനിടയിൽ ഫോൺ ഒന്ന് ഓൺ ആക്കി പോലുമില്ല, ഹരിയേട്ടൻ മെസ്സേജ് അയച്ചിട്ട് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു, ഫോണെടുത്ത് വാട്സ്ആപ്പിലേക്ക് നോക്കി, ഗുഡ്മോർണിംഗ് മെസ്സേജ് ഉണ്ട്, അതിനോടൊപ്പം ഒരു മെസ്സേജ് കോളേജിൽ എത്തിയോ എന്നാണ് ചോദിച്ചിരിക്കുന്നത്.... അത് കണ്ടപ്പോൾ ഒരു സമാധാനം തോന്നിയിരുന്നു, എത്തി എന്നും, നോട്ട് എഴുതുക ആണെന്നും ഒക്കെ മറുപടി അയച്ചു, അപ്പോൾ തന്നെ ആള് ഓൺലൈനിൽ വന്നിരുന്നു.... " എങ്കിൽ എഴുതിക്കോളൂ" എന്നായിരുന്നു തിരിച്ചു മെസ്സേജ് വന്നത്, വീട്ടിൽ വന്നതിനുശേഷം വിളിക്കാം എന്നും പറഞ്ഞിരുന്നു, ഒരു ഓക്കേ തിരിച്ചയച്ചു, നെറ്റ് ഓഫാക്കി ഫോൺ ബാഗിലേക്ക് ഇട്ടിരുന്നു,

വൈകുന്നേരം വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവൾ തളർന്നു പോയിരുന്നു, അത്രത്തോളം ബുദ്ധിമുട്ടേറിയത് ആയിരുന്നു ഇന്നത്തെ ദിവസം, വീട്ടിലേക്ക് വന്നപ്പോൾ ശ്രീവിദ്യ പോകുവാനുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തിയിരിക്കുകയാണ്, പിന്നെ ക്ഷീണം ഒക്കെ മറന്ന് അവൾക്ക് പോകുവാനുള്ള സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തു, ഡ്രസ്സ് എടുത്തു വയ്ക്കുകയും ചെയ്തിരുന്നു, പോകുന്നതിനു മുൻപ് വിദ്യ കെട്ടിപ്പിടിച്ച് അവളോട് പറഞ്ഞു.. " എൻറെ ചേട്ടത്തി ഞങ്ങൾ ഇനി വരുമ്പോൾ ഉഷാർ ആയി ഇരിക്കണം, ആ പഴയ ജാനി ആയി.... കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്ത് യാത്ര പറഞ്ഞു, വിദ്യ പോയതോടെ ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു,

എങ്കിലും സ്നേഹം കൊണ്ട് തന്നെ വീർപ്പുമുട്ടിച്ചു സേതുവും സുഗന്ധി ഉണ്ടായിരുന്നു, അതിനു ശേഷം മുറിയിലേയ്ക്ക് ചെന്ന ഒന്നു കുളിച്ചതിന് ശേഷമാണ് നെറ്റ് ഓൺ ആക്കയത്, രണ്ടുമൂന്നു വട്ടം വീട്ടിലെത്തിയില്ലേ...? എന്ന് ചോദിച്ചുള്ള ഹരിയേട്ടന്റെ മെസ്സേജ് കണ്ടിരുന്നു, അതുകണ്ടപ്പോൾ ഒരു സമാധാനം തോന്നിയിരുന്നു..... തന്നെ ഓർക്കുന്നുണ്ടല്ലോ എന്ന ഒരു സമാധാനം, ഉടനെതന്നെ വാട്സാപ്പിൽ ഒരു മിസ്കോൾ അടിച്ചു, കുറച്ചു സമയങ്ങൾക്കു ശേഷം ആൾ ഓൺലൈനിൽ വരുന്നതും വീഡിയോ കോൾ ഫോണിലേക്ക് വരുന്നതും അവൾ അറിഞ്ഞിരുന്നു, ഒരു സന്തോഷത്തോടെ തന്നെ ഫോൺ എടുത്തു.... " നീ എന്താ ഇത്രയും താമസിച്ചത്, വീട്ടിൽ വരാൻ....?

ആദ്യത്തെ ചോദ്യം അതായിരുന്നു.... " താമസിച്ചത് അല്ല ഹരിയേട്ടാ, ഞാൻ ഇവിടെ വന്നപ്പോൾ വിദ്യേച്ചി പോകാൻ വേണ്ടി നിൽക്കാ, പിന്നെ ചേച്ചി പോയി കഴിഞ്ഞിട്ട് ഞാൻ കുളിയൊക്കെ കഴിഞ്ഞത്, എല്ലാം കഴിഞ്ഞ് ഒന്ന് ഫ്രീ ആയത് ഇപ്പഴാ.... " എനിക്ക് തോന്നിയിരുന്നു.... അത് കൊണ്ടാണ് ഞാൻ പിന്നെ വിളിക്കാതിരുന്നത്, " ഹരിയേട്ടൻ ജോലിക്ക് പോയില്ലേ....? " ഇല്ല നാളെ മുതൽ പോകത്തുള്ളൂ, ഞാൻ റൂമിൽ തന്നെ ഉണ്ടായിരുന്നു, ഉറക്കം ഒക്കെ ആയിരുന്നു, പിന്നെ എങ്ങനെയുണ്ടായിരുന്നു കോളേജിൽ പോയിട്ട്.... കോളേജ് വിശേഷങ്ങൾ മുഴുവൻ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അവൾ ഹരിയോട് പറഞ്ഞു, അവൻ ഒന്നുവിടാതെ എല്ലാം കേട്ടിരുന്നു,

അവൾ പഴയ രീതിയിലേക്ക് എത്തുന്നുണ്ടെന്ന് സമാധാനം ഹരിയിലും നിറഞ്ഞിരുന്നു..... ഇടയ്ക്ക് അവളോട് മറുപടികൾ പറയുകയും ചെയ്തിരുന്നു, " ഇനിയിപ്പോൾ വിദ്യ ഇല്ലല്ലോ, അതുകൊണ്ട് സമാധാനമായിരുന്നു പഠിച്ചോ, ഇല്ലെങ്കിൽ പിന്നെ നിങ്ങൾ രണ്ടുപേരും കൂടി വർത്തമാനം പറഞ്ഞു, എത്രനേരം വേണമെങ്കിലും ഇരുന്നോളൂല്ലോ, ഇനി സമാധാനമായിരുന്നു പഠിക്കാം, ഇതുവരെ പോയ ക്ലാസ്സുകളുടെ നോട്ട് ഒക്കെ നന്നായി തന്നെ എഴുതി പഠിച്ച് മനസ്സിലാക്കിക്കോണം, മുൻ കരുതൽ പോലെ ഹരി പറയുന്നുണ്ടായിരുന്നു..... അവൾ തലയാട്ടി.... " പിന്നെ നീ വന്നിട്ട് ഒന്നും കഴിച്ചില്ലേ....? " ഞാനും ചേച്ചിയും ഒരുമിച്ചിരുന്ന് ആണ് ഭക്ഷണം കഴിച്ചത്,

"ഉം.... നിനക്കവിടെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലല്ലോ..... " എനിക്ക് എന്ത് ബുദ്ധിമുട്ട് ആണ് ഹരിയേട്ടാ....? ഇവിടെ ആണ് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്, ഇവിടെ എന്നെ അമ്മയും അച്ഛനും ഒരു നിമിഷം പോലും വിഷമിപ്പിക്കാൻ സമ്മതിക്കാതെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുക ആണ്..... അമ്മയാണെങ്കിൽ രാവിലെ എനിക്ക് ഇല പൊതി ആണ് കെട്ടി തന്നത്..... ഉത്സാഹത്തോടെയാണ് അവൾ പറഞ്ഞത്, " എനിക്ക് അതു മാത്രം കേട്ടാൽ മതി.... നിനക്ക് സന്തോഷം ആണെന്ന് അറിഞ്ഞാൽ മതി, പിന്നെ ഹരിയേട്ടാ... വിളിച്ചില്ലെങ്കിൽ ഞാൻ എന്ത് ചിന്തിക്കും എന്ന് കരുതി ഹരിയേട്ടൻ എന്നെ വിളിക്കണ്ട, എനിക്കിപ്പോ അങ്ങനെയുള്ള ടെൻഷൻ ഒന്നുമില്ല.....

ഹരിയേട്ടന് തോന്നുമ്പോൾ എന്നോട് വിളിച്ചാൽ മതി, ഹരിയേട്ടന് സംസാരിക്കണം എങ്കിൽ എന്നെ വിളിക്കണം, അങ്ങനെ തോന്നുന്ന നിമിഷം എന്നെ വിളിക്കണം, അങ്ങനെ വിളിക്കുമ്പോൾ അത് എനിക്കും സന്തോഷം ആണ്.... ഇതിപ്പോൾ എനിക്കറിയാം ഞാൻ മറ്റൊന്നും ചിന്തിക്കാതെ ഇരിക്കാൻ വേണ്ടി ആണെന്ന്..... ഹരിയേട്ടൻ എന്നെ ഉപേക്ഷിക്കുമോ എന്ന് എനിക്ക് പേടി ഉണ്ടെന്ന് ഉള്ളതുകൊണ്ടാണെന്ന്...... അങ്ങനെ എന്നെ ബോധിപ്പിക്കാൻ വേണ്ടി ഹരിയേട്ടൻ ഒന്നും ചെയ്യേണ്ട, അങ്ങനെ ചെയ്യുമ്പോൾ നമ്മൾ തമ്മിലുള്ള അകലം കൂടുകയുള്ളൂ, ഹരിയേട്ടൻ എപ്പോഴെങ്കിലും എന്നെ കാണണം എന്ന് തോന്നുമ്പോൾ തോന്നുമ്പോൾ, അതാണ് എൻറെ സന്തോഷം,

ഹരിയേട്ടൻ എന്നെ ഓർക്കുമല്ലോന്ന് എനിക്ക് സമാധാനിക്കാല്ലോ.... ഒരു നിമിഷം അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ അത്ഭുതപെട്ട് പോയിരുന്നു, സത്യത്തിൽ അവൾ അങ്ങനെ ഭയക്കും എന്ന് വിചാരിച്ചിട്ടാണ് അവളോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പോലും താൻ ഇങ്ങനെ എപ്പോഴും വിളിക്കുന്നത്, തൻറെ മനസ്സ് അവൾ മനസ്സിലാക്കിയതിൽ അവന് സന്തോഷം തോന്നിയിരുന്നു, അതോടൊപ്പം ജാനകി അല്പം പക്വത വന്ന പോലെ സംസാരിക്കുന്നത് ആയും അവന് തോന്നിയിരുന്നു, അത്‌ അവൻറെ മനസ്സിൽ സന്തോഷം നിറക്കുന്ന ഒരു കാര്യമായിരുന്നു, " എന്തേ നിനക്ക് അങ്ങനെ തോന്നിയോ....? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...

"ഏട്ടൻ നേരത്തെ എന്നെ വീഡിയോ കോൾ ചെയ്യാറ് ഉണ്ടായിരുന്നില്ലല്ലോ, എന്നും മെസ്സേജ് അയക്കും എന്നും വിളിക്കും അങ്ങനെയൊക്കെ അല്ലേ ഉണ്ടായിരുന്നുള്ളൂ, ഇങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി ഹരിയേട്ടൻ എന്നെ ബോധിപ്പിക്കാൻ ചെയ്യുന്നതുപോലെ..... അങ്ങനെ ചെയ്യുമ്പോൾ അതിൽ ഒരു സ്നേഹം ഉണ്ടാവില്ല ഹരിയേട്ടാ, ഹരിയേട്ടൻ ആയി തോന്നി ചെയ്യുമ്പോൾ, അതാണ് ഞാൻ ആഗ്രഹിക്കുന്നത്...... എനിക്കുവേണ്ടി ആയി ഹരിയേട്ടൻ ഒന്നും ചെയ്യേണ്ട, നമുക്ക് വേണ്ടി ആയി ഹരിയേട്ടൻ ഓരോന്നും ചെയ്യുന്നത് ആണ് എനിക്ക് ഇഷ്ട്ടം......................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story