സ്നേഹദൂരം.....💜: ഭാഗം 36

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" അതെന്താ ഞാൻ വിളിക്കുന്നത് ഒരു ബുദ്ധിമുട്ട് ആയിട്ട് നിനക്ക് തോന്നിയോ....? " ഹരിയേട്ടൻ വിളിക്കുന്നത് എനിക്ക് എപ്പോഴെങ്കിലും ബുദ്ധിമുട്ടാകുമോ.....? അതുകൊണ്ടല്ല ഹരിയേട്ടൻ വിളിക്കുമ്പോൾ എൻറെ മുഖത്തുനോക്കി സംസാരിക്കാൻ പോലും പറ്റുന്നില്ല, ഒരു ബുദ്ധിമുട്ടും ഒരു സംഘർഷവും ഒക്കെ അനുഭവിക്കുന്നുണ്ട്, അത്‌ എനിക്ക് മനസ്സിലാകും, ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും ഹരിയേട്ടാ, എനിക്ക് മനസ്സിലാകും.... എനിക്ക് ഹരിയേട്ടനെ ഒരു ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ ബുദ്ധിമുട്ടൊന്നുമില്ല, കാരണം എന്നോ എൻറെ മനസ്സിൽ ഹരിയേട്ടൻ ചേക്കേറിയിരുന്നു, എനിക്ക് ഹരിയേട്ടനോടുള്ള പ്രണയം ആണെന്ന് ഞാൻ മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി,

ഒരിക്കലും എനിക്ക് ചേട്ടനോട് തോന്നിയിരുന്നത് ഒരു സഹോദരനോടുള്ള ഇഷ്ടമായിരുന്നില്ല, അങ്ങനെയൊരു ഇഷ്ടമായിരുന്നു എനിക്ക് ചേട്ടനോട് തോന്നിയിരുന്നു എങ്കിൽ ഒരിക്കലും എനിക്ക് മറ്റൊരു രീതിയും ഹരിയേട്ടനെ കാണുവാനും സാധിക്കില്ലായിരുന്നു, മറ്റാരെക്കാളും നന്നായി എനിക്ക് മനസ്സിലാകും, പക്ഷേ ചേട്ടൻറെ മനസ്സിൽ ഞാനെന്നും സഹോദരിയുടെ സ്ഥാനത്തായിരുന്നു, എന്നെ ആ ഒരു ഭാര്യയുടെ സ്ഥാനത്തേക്ക് കാണാൻ ഹരിയേട്ടന് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് എനിക്ക് മനസ്സിലാകും, ഒരു രാത്രിമുഴുവൻ ഞാൻ ഹരിയേട്ടന്റെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കി, ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് ഹരിയേട്ടന്റെ ബുദ്ധിമുട്ടുകൾ,

അതുകൊണ്ട് ഹരിയേട്ടന് പൂർണ്ണമായും എന്നോട് സംസാരിക്കാൻ സാധിക്കുന്ന ഒരു സമയത്ത് എന്നോട് മനസ്സ് തുറന്ന് സംസാരിച്ചാൽ മതി, എന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഈ ഫോൺ കോൾ ചേട്ടനും ഞാനും തമ്മിലുള്ള അകലം വർദ്ധിപ്പിക്കുവാനേ ഉപകരിക്കു...... അതുവരെ പഴയതുപോലെ ചേട്ടൻ എന്നെ ഫോൺ വിളിച്ചാൽ മതി, വിശേഷങ്ങളൊക്കെ കേട്ടാൽ മതി...... പണ്ടത്തെ ഹരിയേട്ടനെ പോലെ എൻറെ കാര്യങ്ങളൊക്കെ കേട്ട് എനിക്ക് വിശേഷങ്ങളൊക്കെ തുറന്നു പറയാനുള്ള ഒരാളായി എല്ലാ ദിവസവും ഒരു 5 മിനിറ്റ് സമയം എനിക്ക് വേണ്ടി ഹരിയേട്ടൻ ചെലവഴിച്ചാൽ മാത്രം മതി....... അതിനുമപ്പുറം ഞാൻ ഹരിയേട്ടനെ ഒന്നിനും നിർബന്ധിക്കില്ല,

പക്ഷേ ഒരിക്കലും ഹരിയേട്ടൻ എന്നെ വെറുക്കരുത്, അങ്ങനെ പറയാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല, ഇതൊക്കെ ഹരി ഏട്ടനോട് നേരിട്ട് മുഖത്ത് നോക്കി പറയണം എന്നുണ്ടായിരുന്നു, പക്ഷെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഒന്നും എനിക്ക് പറയാൻ പറ്റുന്നില്ല, ഇപ്പോൾതന്നെ ഹരിഏട്ടന്റെ മുഖത്തേക്ക് നോക്കി എനിക്ക് ഇങ്ങനെ ഒന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ല, ഹരിയേട്ടന്റെ മനസ്സിൽ എന്നോട് ഒരു വെറുപ്പും ഉണ്ടാകരുത്, എന്ന് എനിക്ക് ആഗ്രഹമുണ്ട്, "

" നിന്നെ വെറുക്കാൻ എനിക്ക് കഴിയുമോ മോളെ.....?? ഹരിയുടെ ആ ചോദ്യത്തിൽ അറിയാതെ അവൾ തലയുയർത്തി നോക്കിയിരുന്നു, അവന്റെ കണ്ണുകളും ആ നിമിഷം അവളുടെ കണ്ണുകളിൽ ഉടക്കി, " ഒരിക്കലും എനിക്ക് നിന്നെ വെറുക്കാൻ കഴിയില്ല ജാനി.....!! ഇതുപോലെ എൻറെ സ്ഥാനത്തുനിന്ന് നീ ഒന്നു ചിന്തിക്കണം എന്ന് മാത്രമേ ഞാനും പറഞ്ഞിരുന്നുള്ളൂ, എൻറെ മനസ്സിലെ വിഷമങ്ങളും സംഘർഷങ്ങളും ഇപ്പോൾ ഞാൻ പറയാതെ തന്നെ നിനക്ക് മനസ്സിലായി, ഞാൻ പറയാതെ തന്നെ നീ അത് എന്നോട് തുറന്നു പറഞ്ഞു, ഞാനും ഇതേ ആഗ്രഹിച്ചിരുന്നുള്ളൂ, നീ എന്നോട് സംസാരിക്കണം, നിൻറെ ഭാഗത്തുനിന്ന് ഞാനും ചിന്തിച്ചു നോക്കിയിട്ടുണ്ട്,

അങ്ങനെ ചിന്തിക്കുമ്പോൾ നീ പറയുന്നത് സത്യമാണ്, എന്നിൽനിന്നും നിനക്ക് കിട്ടിയ സംരക്ഷണം മറ്റൊരുതരത്തിൽ കണ്ടിട്ടുണ്ടായിരുന്നു നീ, ഒരുപരിധിവരെ നിൻറെ മനസ്സിൽ ചെറിയതോതിലെങ്കിലും ആശകൾ നൽകാൻ ഞാനും കാരണക്കാരനായിട്ട് ഉണ്ടാവാം, അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളാണ്, ഇനി അത്‌ സംസാരിച്ചിട്ട് യാതൊരു കാര്യവും ഇല്ലല്ലോ, ഇന്നിൽ ജീവിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്, ഇപ്പൊൾ നമ്മൾ പൂർണമായും അംഗീകരിച്ചത് ആണ്, ഇനിയും അംഗീകരിക്കേണ്ടത് നമ്മളുടെ ജീവിതമാണ്, അതിന് സാവകാശം എനിക്ക് വേണം, ഇപ്പൊൾ മനസ്സിലാകുന്നുണ്ട് നിനക്ക് എന്നെ, അതുതന്നെ എനിക്ക് പകുതി ആശ്വാസം ആണ്,

ഇല്ലെങ്കിൽ ഞാൻ നീ പറഞ്ഞതുപോലെ നിന്നെ സന്തോഷിപ്പിച്ച് ജീവിക്കേണ്ടിവരും, നിനക്ക് എന്നെ മനസ്സിലാകുന്നുണ്ടല്ലോ, അതുമതി.....!! പിന്നെ നിന്നോട് സംസാരിക്കുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല, പക്ഷേ നീ പറഞ്ഞ ഒരു കാര്യം ശരിയാണ് പെട്ടെന്ന് കാണുമ്പോൾ നിന്നെ അഭിമുഖീകരിക്കുമ്പോൾ എനിക്ക് എന്തോ പഴയതുപോലെ നിന്നോട് സംസാരിക്കാൻ പറ്റുന്നില്ല, ഒരുപക്ഷേ ഞാൻ വിചാരിക്കാതെ നീ എൻറെ മനസ്സിൽ മറ്റൊരു സ്ഥാനത്തേക്ക് വന്നതു കൊണ്ടായിരിക്കാം, ഒരു നേർത്ത ദൂരം നമുക്കിടയിൽ ഉണ്ട്, അത് എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കാം, അത്‌ മാത്രമേ ഇപ്പോൾ എനിക്ക് കഴിയു, എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

ഒരു ചിരിയോടെ അവൻ എന്ന് പറഞ്ഞപ്പോൾ മനസ്സിന് കുറച്ച് അയവ് വന്നത് പോലെ അവൾക്കും തോന്നിയിരുന്നു...... കുറച്ചുസമയം കൂടി സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ട് ചെയ്തു, അതിനുശേഷം താഴേക്കിറങ്ങി നാമം ജപിച്ചു..... ഈ സമയമെല്ലാം മനസ്സിൽ നിറഞ്ഞത് ഹരി ആയിരുന്നു, പിന്നീട് വൈകുന്നേരം അവൻ പറഞ്ഞതുപോലെ പഠിക്കുകയും ചെയ്തു, പഠിച്ചു കഴിഞ്ഞപ്പോഴേക്കും വാട്സാപ്പിൽ വോയിസ് മെസ്സേജ് വന്നിരുന്നു, പഠിച്ചോ എന്നും കഴിച്ചോ എന്നൊക്കെ ആയിരുന്നു, ഒരു മിനിറ്റ് പോലും ദൈർഘ്യം ഇല്ലാത്ത ചില സംസാരങ്ങൾ എങ്കിലും അതിൽ അവൾ സന്തോഷം കണ്ടെത്തി, തിരിച്ചു മറുപടി അയച്ചു മുറിയിലെ കട്ടിലിൽ കിടക്കുമ്പോൾ,

അരികിൽ ഇല്ലെങ്കിലും അവൻറെ ഓർമ്മകൾക്ക് കൂട്ടായ് വന്നിരുന്നു....... എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് വേണ്ടി മാത്രമായി ഈ മുറിയും പ്രണയത്താൽ നിറയും എന്ന് അവൾക്ക് അറിയാമായിരുന്നു, ആ ഒരു സന്തോഷം അവളിൽ നിറഞ്ഞു..... നിറഞ്ഞ മനമോടെ വേഗം തന്നെ അവൾ നിദ്രയെ പുൽകി, കടലിന്നക്കരെ ആ ഒരുവളെ മാത്രം മനസ്സിൽ വിചാരിച്ചു അവനും ഇരുന്നു, നല്ലൊരു നാളെ നൽകണമെന്ന് ഈശ്വരനോട് രണ്ട് മനസ്സുകളും പ്രാർത്ഥിച്ചുകൊണ്ട് ഇരുന്നു..... " എന്നാലും എൻറെ ഹരി, സാധാരണ എല്ലാവരും കല്യാണം കഴിക്കുമ്പോൾ ലീവ് കൂടുതൽ കിട്ടണമെന്നാണ് പ്രാർത്ഥിക്കുന്നത്,

നീ ഇപ്പോൾ ഉള്ളത് കൂടി നിർത്തിയിട്ട് ഇങ്ങോട്ട് കയറി പോകുന്നതിന്റെ അർത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല..... എന്താടാ നിനക്ക് ഇഷ്ടമില്ലാതെ നടന്ന കല്യാണമാണോ ഇത്....?? ഹരിയുടെ ഏറ്റവുമടുത്ത സുഹൃത്തായ സലിം അവൻറെ അരികിൽ വന്നിരുന്നു ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് ഹരിക്ക് അറിയില്ലായിരുന്നു, പക്ഷേ ഇപ്പോൾ ഒരാളോടെങ്കിലും എല്ലാം തുറന്നു പറയേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയിരുന്നു, ആ ഒരു ചോദ്യം ഏറെ ആഗ്രഹിച്ചത് പോലെ തന്നെ ഉള്ള് ആരുടെയെങ്കിലും മുൻപിൽ തുറക്കാൻ വെമ്പൽകൊണ്ടു, അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം ഒന്നും വിടാതെ സലിമിന്നോട് തുറന്നു പറഞ്ഞു......

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു സലിം.... ഒരു നിമിഷം എന്തിനാണ് അയാൾ പൊട്ടിച്ചിരിച്ചത് എന്ന് പോലും ഹരിക്ക് മനസ്സിലായിരുന്നില്ല, കാര്യമറിയാതെ ഹരി സലീമിന്റെ മുഖത്തേക്ക് നോക്കിയിരുന്നു, "നീ എന്തിനാടാ ചിരിക്കുന്നത്....? ചിരിക്കാൻ മാത്രം എന്ത് കാര്യം ആണ് ഇതിൽ ഉള്ളത്....? ഹരിക്ക് ദേഷ്യം വന്നു.... " എടാ പത്തു മുപ്പത്തിരണ്ട് വയസ്സായ ആമ്പിള്ളേർക്ക് ഇവിടെ എന്തൊക്കെ ചെയ്താലും പെണ്ണ് കിട്ടാത്ത ഒരു കാലമാണ്, സർക്കാർ ജോലി ഉണ്ടെന്ന് പറഞ്ഞാലും പ്രായം 30 കടന്ന് എങ്കിൽ പെൺ വീട്ടുകാരുടെ നെറ്റ് ഒന്ന് ചുളിയുന്നത് സ്വാഭാവികമാണ്, പിന്നെ കൊളസ്ട്രോളും ഷുഗറും, കഷണ്ടിയും ബോണസ് ആയിട്ടുള്ള പ്രവാസികളുടെ കാര്യം പറയേണ്ട കാര്യമുണ്ടോ....?

നിനക്ക് പിന്നെ കുറച്ച് ഗ്ലാമർ ഉള്ളതുകൊണ്ട് പിടിച്ചുനിൽക്കാം..... എങ്കിലും എന്നെ പോലെ ഗ്ലാമർ ഇല്ലാത്തവർ അനുഭവിക്കുന്ന പെടാപ്പാട് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല, ആ സമയത്ത് നല്ല കിളിപോലുള്ള ഒരു പെൺകൊച്ച് നിന്നെ അങ്ങോട്ട് കയറി പ്രേമിച്ചപ്പം നിനക്ക് അതിനെ വേണ്ടെന്ന്, പോരാത്തതിന് ഉപദേശിക്കാൻ ചെന്നിരിക്കുന്നു, എങ്ങനെയൊക്കെയോ നിമിത്തം കൊണ്ട് അത് ഭാര്യ ആയപ്പോൾ നിനക്ക് അവളെ സ്നേഹിക്കാൻ മടി, നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു അളിയാ....!!

സലിം വീണ്ടും ചിരി തുടങ്ങി..... " നീ കളി നിർത്തിക്കെ സലീമേ, നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല, അവളെ ഞാൻ കുട്ടിക്കാലം മുതലേ ഈ നെഞ്ചിൽ ചേർത്തത് ആണ്, ഞാൻ നിന്നോട് ...... ഞാൻ എങ്ങനെയാ പറയാ, ഞാൻ എടുത്തു കൊണ്ട് നടന്ന കുട്ടിയാണ്, സ്വന്തം അനിയത്തിയെ പോലെ കരുതിയ കുട്ടി, അവളെ ഒരു ദിവസം പെട്ടെന്ന് ഭാര്യയായി കാണാൻ പറഞ്ഞാൽ എനിക്ക് അത്‌ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്, " നീ ചിന്തിക്കുന്നതുപോലെ ഒന്നും ചിന്തിക്കാൻ എനിക്ക് കഴിയില്ല, അനിയത്തിയെ പോലെ കണ്ടു കുട്ടിയല്ലേ,

അനിയത്തി ഒന്നുമല്ലല്ലോ, മുള്ളി തെറിച്ച ബന്ധം പോലും നിങ്ങൾ തമ്മിൽ ഇല്ല, പിന്നെ നീ എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്.... ഓരോ ആളുകൾക്ക് ഭാഗ്യം വരുന്നത് ഏത് സമയത്താണ് എന്ന് പറയാൻ പറ്റില്ല, അതിന് നിന്നെ ഇഷ്ടമായിരുന്നു, അത് നിന്നോട് തുറന്നു പറയുകയും ചെയ്തു, ഇപ്പോൾ എന്തൊക്കെയാണെങ്കിലും നീ കെട്ടി, ഇഷ്ട്ടം അല്ലെങ്കിൽ നീ പിന്നെ എന്തിനാ ജീവിതത്തിലേക്ക് കൂട്ടിയത്, നിനക്ക് അവളെ സ്നേഹിക്കാൻ പറ്റില്ല ആയിരുന്നെങ്കിൽ നീ അവളെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു.....

വിവാഹം കഴിച്ചിട്ട് അവളെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റുന്ന കാര്യമാണോ ഹരി...... ആ കൊച്ചിന്റെ ജീവിതം തകർത്തത് പോലെ ആവില്ലേ ഹരി...... " സ്നേഹിക്കാൻ പറ്റില്ല എന്ന് ആരാ പറഞ്ഞത്....? എനിക്ക് ഇഷ്ടമാണ്, ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഞാൻ എങ്ങനെയാണ് നിന്നോട് പറയുക, കൊച്ചുകുട്ടിയല്ലേ അവൾ, അവളെ ഞാൻ എങ്ങനെ എൻറെ ഭാര്യ ആയി കാണണം എന്ന് എനിക്ക് അറിയില്ല സലിം , ആ രീതിയിൽ സ്നേഹിക്കുക എങ്ങനെ...? മനസ്സറിഞ്ഞ് ഒന്ന് തൊടാൻ പോലും എനിക്ക് പറ്റില്ല സലീമേ, അവളെ ഒന്ന് ചേർത്തുനിർത്താൻ പോലും പറ്റുന്നില്ല, എന്തോ ഒരു തെറ്റ് ചെയ്യുമ്പലേ, എൻറെ മനസ്സിനുള്ളിലെ വല്ലായ്മ തോന്നൂന്നു, "

നിനക്ക് നല്ലൊരു കൗൺസിലിംഗ് ആവശ്യമാണെന്ന് തോന്നുന്നത്, അങ്ങനെയാണെങ്കിൽ ഈ പ്രശ്നം മാറും..... " ഒരു കൗൺസിലിംഗ് ഒന്നും ആവശ്യമില്ല, എൻറെ മനസ്സിന് യാതൊരു പ്രശ്നവും വന്നിട്ടില്ലടാ, "എങ്കിൽ നീ ആദ്യം നിൻറെ മനസ്സിനുള്ളിൽ വച്ചിരിക്കുന്ന അനുജത്തി എന്ന ബോർഡ് എടുത്ത് മാറ്റി കള, എന്നിട്ട് അവൾ ഭാര്യ ആണെന്ന് നീ അവിടെ ഒന്ന് ചിന്തിച്ചു നോക്കൂ, നിൻറെ ഉള്ളിലെ പ്രശ്നങ്ങൾ എല്ലാം മാറും, ഒറ്റയടിക്ക് തന്നെ നീ അവളെ കേറി കെട്ടിപിടിക്കണം എന്ന് അല്ല ഞാൻ പറഞ്ഞത്, പതുക്കെ പതുക്കെ നീയൊന്ന് ഇഷ്ടപ്പെട്ട് നോക്ക്, പ്രണയിച്ചു നോക്കടാ, ഈ ഒരു വർഷം ഇവിടെ നീ, അവൾ അവിടെ, ആ ഒരു സമയം കൊണ്ട് നീ അവളെ മറ്റൊരു സ്ഥാനത്തേക്ക് കണ്ടു നോക്കൂ,

എപ്പോഴും സംസാരിച്ച് നിനക്ക് പരിചയമുള്ള പഴയ ആളല്ല എന്ന് മനസ്സിലാക്കി, എല്ലാത്തിലുമുപരി ഇപ്പൊൾ ജാനകി അല്ലായിരുന്നുവെങ്കിൽ മറ്റൊരു പെൺകുട്ടി ആയിരുന്നെങ്കിൽ വിവാഹം കഴിയുമ്പോൾ നീ എങ്ങനെയായിരിക്കും അവളോട് ഇടപെടുന്നത്, അങ്ങനെ ഒന്നു ചിന്തിച്ചുനോക്കൂ.... നീ കെട്ടിയ താലിയുമായി നിന്നെ മാത്രം ഓർത്തു കഴിയുന്ന ഒരു പെണ്ണ്, അത്‌ ചിന്തിക്കുമ്പോൾ തന്നെ ബാക്കി കാര്യങ്ങളൊക്കെ നിൻറെ മനസ്സിൽ നിന്ന് താനെ പൊക്കോളും, അവളെ സ്നേഹിക്കുവാൻ നിനക്ക് കഴിയും, അതിന് നീ ഇങ്ങനെ ഭീരുക്കളെപ്പോലെ ഓടിപ്പിടിച്ച് ഇങ്ങോട്ട് വരിക ആയിരുന്നില്ല ചെയ്യേണ്ടത്. കുറച്ചു ദിവസം കൂടെ ലീവ് ഒക്കെ മാറ്റി അവിടെത്തന്നെ നിൽക്കണമായിരുന്നു,

പതിയെ പതിയെ അറിഞ്ഞു സ്നേഹിക്കാൻ തുടങ്ങണമായിരുന്നു..... സ്നേഹത്തിനു മുൻപിൽ തോറ്റു പോകാത്ത എന്താണ് ഉള്ളത് ഹരി....!! " എനിക്കും ആഗ്രഹമുണ്ട് സലിമേ, നല്ലൊരു കുടുംബജീവിതം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്....? പക്ഷേ എൻറെ അവസ്ഥ മറ്റാരോടും പറഞ്ഞാൽ ചിലപ്പോൾ മനസിലാകില്ല, അല്ലെങ്കിലും ഒരാളുടെ അവസ്ഥ അതേ തീവ്രതയിൽ മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയില്ലല്ലോ, അതിന് നമ്മൾ ആ അവസ്ഥയിലൂടെ കടന്നു പോവുക തന്നെ വേണം, ": ഒരു കാര്യം മാത്രം നീ ഓർത്താൽ മതി, ജാനകി നിന്റെ ഭാര്യയാണ്, ഈ ലോകത്ത് അവൾക്ക് സ്വന്തം എന്ന് പറയാൻ നീ മാത്രമേയുള്ളൂ,

അവളെ നീ നിരാശപ്പെടുത്തരുത്, എന്ത് ഉണ്ടായാലും മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്, ആരും ഇല്ലാത്തവരുടെ വിഷമം പറഞ്ഞാൽ അത് അവർക്ക് മാത്രമേ മനസ്സിലാവൂ, കൂടുതലായി നീ അവളോട് സംസാരിച്ചാൽ മതി, അപ്പോൾ തന്നെ എല്ലാ പ്രശ്നങ്ങളും മാറും, നിങ്ങൾ തമ്മിലുള്ള അകലം പതിയെ പതിയെ കുറഞ്ഞു വരും, സലിം അതു പറഞ്ഞപ്പോൾ ചെറിയൊരു പുഞ്ചിരി നൽകി അവൻ പുറത്തേക്ക് ഇറങ്ങിയിരുന്നു, കര കാണാത്ത മരുഭൂമിയിലേക്ക് നോക്കി അവൻ കണ്ണുകൾ വലിച്ചടച്ചു, മനസ്സിൽ അവളുടെ മുഖം മാത്രം ആവാഹിച്ചുകൊണ്ട്...................................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story