സ്നേഹദൂരം.....💜: ഭാഗം 37

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

സലിം പറഞ്ഞതുപോലെ തന്നെ കൂടുതൽ അവളോട് സംസാരിക്കാൻ ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെ ഹരി ശ്രമിച്ചിരുന്നത്..... ദിവസവും ഇരുവരും ദീർഘ സമയങ്ങൾ സംസാരിക്കാൻ തുടങ്ങി, പലകാര്യങ്ങളെപ്പറ്റിയും വാചാലരായി, കോളേജിനെ പറ്റിയും കൂട്ടുകാരെ പറ്റിയുമൊക്കെ അവൾ വാതോരാതെ എന്നും അവനോട് സംസാരിക്കാൻ തുടങ്ങി, ജോലിചെയ്യുന്നതിനെ കുറിച്ചും, ഡ്യൂട്ടിയെപ്പറ്റിയും, റൂമിലുള്ള സുഹൃത്തുക്കളെ പറ്റിയും അവരുടെ കുടുംബങ്ങളെ പറ്റി വരെ ഹരി അവളോട് സംസാരിക്കാൻ തുടങ്ങി, പക്ഷേ പ്രണയത്തിൻറെ ചെറിയൊരു ലാഞ്ചനപോലും ഇരുവരുടെയും സംസാരങ്ങൾക്കിടയിൽ കടന്നു വന്നിരുന്നില്ല,

ജാനകിയെ സംബന്ധിച്ചിടത്തോളം ഹരിയേട്ടൻ സംസാരവും സംരക്ഷണവും ആയിരുന്നു അവളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറക്കുന്ന കാര്യം, അവൻ തന്നോട് സംസാരിക്കുന്നത്, കൊച്ചുകൊച്ചു കാര്യങ്ങളിൽ പോലും തന്റെ അഭിപ്രായം ചോദിക്കുന്നത്, അത് എല്ലാം അവളിൽ സന്തോഷം നിറക്കുന്ന കാര്യങ്ങൾ ആയിരുന്നു.... ശ്രീഹരി ഷോപ്പിങ്ങിന് പോകുമ്പോൾ ഒരു ഷർട്ട് എടുക്കുമ്പോൾ പോലും ഫോട്ടോ അയച്ചതിനു ശേഷം അത് കൊള്ളാമോ എന്ന് അവളോട് ചോദിച്ചാൽ ആ ദിവസം അവൾക്ക് സന്തോഷിക്കുവാൻ ഉള്ള വകയായി, അതിൽ കൂടുതൽ ഒന്നും ആ പെൺകുട്ടി ആഗ്രഹിച്ചിരുന്നില്ല.....

തിരിച്ച് അവളും അങ്ങനെ തന്നെയായിരുന്നു ഒരു കാര്യം പോലും ശ്രീഹരിയുടെ മറയ്ക്കാൻ അവൾക്കുണ്ടായിരുന്നില്ല, എല്ലാ വിശേഷങ്ങളും അവൾ മറക്കാതെ അവനോട് പറഞ്ഞിരുന്നു, അന്ന് പഠിച്ചിട്ട് കുറേ സമയം കഴിഞ്ഞിട്ട് ആയിരുന്നു അവൾ ഫോൺ എടുത്തത്...... അതുകൊണ്ടുതന്നെ നെറ്റ് ഓഫ് ഓൺ ആയിരുന്നില്ല, ഫോൺ സൈലൻറ് ആയിരുന്നു..... അപ്പോഴേക്കും 3 മിസ്ഡ് കോൾ ഹരിയേട്ടന്റെ ആയി കിടപ്പുണ്ടായിരുന്നു, അത് കണ്ടപ്പോഴാണ് ഇന്ന് വിളിച്ചില്ലല്ലോ എന്ന് അവൾ വിചാരിച്ചത്, ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു അതുകൊണ്ട് അവൾ ഫോൺ നോക്കിയില്ലായിരുന്നു......പെട്ടെന്ന് തന്നെ നെറ്റ് ഓൺ ആക്കി,

ഒരു ഹായ് അയച്ചു തുടങ്ങിയപ്പോഴാണ് അവൻ ഓൺലൈനിൽ വന്നത്, അപ്പോൾ തന്നെ ഫോൺ ചെയ്യുകയും ചെയ്തു, പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു, " ഹരിയേട്ടാ, " നീ ഉറങ്ങി ഇല്ലായിരുന്നോ....? " ഇല്ല ഹരിയേട്ടാ, എനിക്ക് കുറെ അസൈമെൻറ് എഴുതാൻ ഉണ്ടായിരുന്നു..... അത് എഴുതി കഴിഞ്ഞപ്പോഴാണ് ഫോണ് ചാർജ് ഇട്ടിരിക്കുന്നു എന്ന കാര്യം മറന്നു പോയി, "ഉം.... നിൻറെ ഫോണിൽ ബാലൻസ് ഇല്ലെ...? എനിക്കൊരു മിസ്കോൾ തന്നാൽ മതിയാരുന്നല്ലോ,

നീ 11 മണി കഴിഞ്ഞ് സമയത്ത് നെറ്റ് ഓണാക്കി എനിക്ക് മെസ്സേജ് അയക്കാൻ നിൽക്കണ്ട, എനിക്കിഷ്ടമല്ല...... ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് പത്തുമണി കഴിഞ്ഞാൽ പിന്നെ നീ ഫോണിൽ കളിച്ചു കൊണ്ടിരിക്കല്ലെന്ന്.... അവൻറെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു, അവൾ പെട്ടെന്ന് തന്നെ അവനോട് എന്ത് പറയണം എന്നറിയാതെ നിന്നു..... " ഞാൻ പെട്ടെന്ന് മിസ്കോൾ തരുന്നതിലും ഹരിയേട്ടൻ ഓൺലൈനിൽ ഉണ്ടെങ്കിൽ അതല്ലേ എളുപ്പം എന്ന് കരുതി , " നീ അത്രയും പഠിച്ചു ക്ഷീണിച്ചു വന്നിട്ട് വീണ്ടും മൊബൈലിൽ കളിക്കണ്ട കാര്യമില്ല, ഞാൻ ഏതായാലും നിന്നെ വിളിച്ചു സംസാരിക്കാതെ ഉറങ്ങില്ല, അത് നിനക്കറിയാലോ,

അതിന് പ്രത്യേകിച്ച് ഒരു മെസ്സേജ് ആവശ്യമില്ല, എന്തെങ്കിലും തിരക്കിലായിരിക്കും എന്ന് എനിക്കറിയാം, പതിനൊന്നര വരെ ഞാൻ വിളിച്ചു നോക്കും അതിനുശേഷം നിന്നെ കിട്ടിയില്ലെങ്കിൽ മാത്രമേ ഞാൻ വിളിക്കാതിരിക്കു, അത് ഓർത്താൽ മതി..... ഗൗരവം നിറഞ്ഞ സ്വരം... " എന്നിട്ട് അസൈമെൻറ് ഒക്കെ എഴുതി തീർത്തോ....? " തീർത്തു ഹരിയേട്ടാ, എല്ലാ എഴുതിക്കഴിഞ്ഞു..... ഇനിയിപ്പോ കിടന്നാ മതി, " സമയം ഒരുപാട് ആയില്ലേ, നീ ഭക്ഷണം കഴിച്ചോ....? "ഉം.... അമ്മ അതൊക്കെ സമയത്ത് കഴിപ്പിക്കും,ഹരിയേട്ടനോ...? " ഇല്ല ... കഴിക്കാൻ ഉള്ള സമയം ആകുന്നതേയുള്ളൂ, " ഞാൻ ഇന്നലെ ഒരു കാര്യം പറയാൻ മറന്നു പോയി ഹരിയേട്ടാ,

പെട്ടെന്ന് അവളുടെ വാക്കുകൾ കേൾക്കാതെ അവൻ ഫോൺ ഒന്ന് ചെവിയിലേക്ക് അടുപ്പിച്ചു, " ഞങ്ങളുടെ അക്കൗണ്ടൻസി ഡിപ്പാർട്ട്മെന്റിൽ പുതിയ ഒരു സർ വന്നിട്ടുണ്ട്, കുറെനാളായി സർ എന്നെ തന്നെയാണ് നോക്കുന്നത്, ഇന്ന് സർ എന്നെ പ്രൊപ്പോസ് ചെയ്തു... തമാശയോട് ആണ് അവൾ പറഞ്ഞെങ്കിലും ശ്രീഹരിയുടെ നെഞ്ചിൽ ഒരു ഇടിവെട്ടിയ പ്രതീതിയായിരുന്നു, " പ്രൊപ്പോസ് ചെയ്‌തെന്നോ...? അറിയാതെ അവൻ ചോദിച്ചു പോയിരുന്നു, "ആഹ് ഹരിയേട്ടാ..... ഇന്ന് എന്നോട് ചോദിച്ചു, ഞാൻ വീട്ടിൽ വന്നു ആലോചിക്കട്ടെ, എനിക്ക് ജാനകിയെ ഒരുപാട് ഇഷ്ടമാണ് എന്ന്... " എന്നിട്ട്....???

ആ വാക്കുകൾ ശ്രീഹരിയിൽ വല്ലാത്ത ഒരു അസ്വസ്ഥത ഉണർത്തിയിരുന്നു, അത്‌ എന്തിനാണെന്ന് അവനു പോലും അറിയുമായിരുന്നില്ല, " എന്നിട്ട് നീ എന്തു പറഞ്ഞു.....? താല്പര്യം ഇല്ലാതെ അവൻ ചോദിച്ചു.... " ഞാൻ എന്ത് പറയാനാ ഞാൻ പറഞ്ഞു എൻറെ ഭർത്താവ് സമ്മതിക്കില്ല എന്ന്...... ചെറുചിരിയോടെ ആണ് അവൾ അത് പറഞ്ഞിരുന്നതെങ്കിലും, ആ തമാശ എന്തുകൊണ്ടോ ആസ്വദിക്കുവാൻ ശ്രീഹരിക്ക് സാധിച്ചിരുന്നില്ല, "ആൾ ചമ്മിപ്പോയി ഹരിയേട്ടാ, അയ്യോ ജാനകി മാരീഡ് ആയിരുന്നോ ഞാനറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു.... വീണ്ടും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ് ജാനകി എങ്കിലും ശ്രീഹരി മറ്റൊന്നും കേട്ടിരുന്നില്ല,

അവന് ആകെക്കൂടി മനസ്സിന് എന്തോ ഒരു അസ്വസ്ഥത പോലെ, " നീ കോളേജ് പോകുമ്പോൾ സിന്ദൂരം ഇടാറില്ലേ....? " ഇടും ഹരിയേട്ടാ, പക്ഷേ യൂണിഫോം ആയോണ്ട് എൻറെ കൂട്ടുകാരിൽ ചിലർ പറഞ്ഞു ഇങ്ങനെ പടർത്തി ഇടണ്ട എന്ന്, ചെറുതായിട്ട് തൊട്ടാൽ മതി എന്ന്, അതുകൊണ്ട് അങ്ങനെ ആണ് തൊടാറുള്ളത്, നന്നായി സൂക്ഷിച്ചു നോക്കിയാൽ മാത്രമേ കാണുള്ളൂ, അതുകൊണ്ടായിരിക്കും സർ ചിലപ്പോൾ തെറ്റിദ്ധരിച്ചത്, " അതെന്താ സിന്ദൂരം തൊടുന്നത് ഫാഷന് ചേർന്നതല്ലാന്ന് തോന്നിയൊ....? മനസ്സിൽ തോന്നിയ അസ്വസ്ഥത കൊണ്ടായിരുന്നു ശ്രീഹരി അങ്ങനെ ചോദിച്ചിരുന്നത്, പക്ഷേ എന്തോ അത് അവളിൽ ഒരു വേദന നിറച്ചിരുന്നു,

" അയ്യോ ഹരിയേട്ടാ അങ്ങനെ പറയല്ലേ....!! അതുകൊണ്ടല്ല, കോളേജിൽ പോകുവല്ലെന്ന് വിചാരിച്ച്, " ഞാൻ വെറുതെ ചോദിച്ചതാടി... അവളുടെ സ്വരം ചിലമ്പിച്ചു തുടങ്ങിയപ്പോൾ ഹരി സ്വരം തണുപ്പിച്ചു.... " എന്തായാലും നിൻറെ സാറിനോട് പറ, ഞാൻ വന്നതിനു ശേഷം ആലോചിക്കാമെന്ന്, അവൾ പറഞ്ഞ അതേ തമാശയോട് തന്നെ പറയുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അവന്റെ മനസ്സിൽ അത്‌ ഒരു നോവായി പോയിരുന്നു, " അവിടെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു, ഞാൻ നാളെ വിളിക്കാം.....!!

അവൻ പെട്ടെന്ന് തന്നെ ഫോൺ കട്ടാക്കി, എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നത് ശ്രീഹരി അറിഞ്ഞു.... അത്‌ എന്തേ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചിരുന്നു, അവളും ഒരു വേദനയിൽ ആയിരുന്നു..... ഇതൊന്നും പറയേണ്ടിയിരുന്നില്ല എന്ന് പോലും അവളോർത്തു, വളരെ രസകരമായ രീതിയിൽ ഇത് ഹരി ഏട്ടനോട് പറയണം എന്നായിരുന്നു ചിന്തിച്ചിരുന്നത്, താൻ ഒക്കെ പറയുമ്പോൾ ഹരിയേട്ടനെ അസൂയ ഉണ്ടോ എന്ന് അറിയണം എന്ന് പോലും ചിന്തിച്ചിരുന്നു, വീഡിയോ കോൾ ചെയ്ത് പറഞ്ഞാൽ നന്നായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നത്, ആ മുഖഭാവം കാണാല്ലോ, പിന്നെ വിചാരിച്ചു ഒരു പക്ഷേ ഇതൊന്നും കേൾക്കുമ്പോൾ ഹരിയേട്ടൻ ഒന്നും തോന്നില്ല എന്ന്,

തന്നെ സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ മാത്രം അല്ലേ അസൂയ തോന്നു, പക്ഷേ ഹരിയിൽ എന്തോ ഒരു വേദന പോലെ അവൾക്ക് തോന്നിയിരുന്നു, ഹരിയേട്ടൻ തന്നെ സ്നേഹിക്കാൻ തുടങ്ങിയോ എന്ന് അവൾക്ക് ഒരു സംശയം തോന്നാതിരുന്നില്ല, എങ്കിലും ഉറക്കം നഷ്ട്ടം ആയ പോലെ ആയിരുന്നു ജാനകി, എന്തായിരിക്കും ഹരിയേട്ടന്റെ മനസ്സിൽ എന്ന ചിന്ത അവളെ അലട്ടാൻ തുടങ്ങിയിരുന്നു, 💙റിൻസി 💙 ഹരിക്കും അത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു, അവൾ പറഞ്ഞ ആ കാര്യങ്ങൾ മനസ്സിനെ വേദനിപ്പിക്കുന്നത് പോലെ, അവളെ മറ്റൊരാൾ പ്രണയപൂർവ്വം നോക്കി എന്നറിഞ്ഞപ്പോൾ എന്തിനാണ് തൻറെ മനസ്സ് വേദനിക്കുന്നത്...? അവൻ ചിന്തിച്ചു പോയിരുന്നു,

അവൾ തന്റെ ഭാര്യയാണ് എന്നുള്ള ചിന്തയാണോ തന്നെ ഈ വേദനയിലേക്ക് എറിയുന്നത്...? അതോ അവളുടെ കഴുത്തിൽ കെട്ടിയ ലോഹതകിടിന്റെ ശക്തിയൊ....? ഇതൊന്നും അല്ലാതെ മറ്റെന്ത് കാരണമാണ് തന്നെ അവളുടെ ഈ വാക്കുകളിൽ വേദനിപ്പിക്കാൻ കഴിവുള്ളത്...? ഒരിക്കലും അവളെ ഭാര്യയായി സ്നേഹിക്കാൻ കഴിയില്ല എന്ന് തന്നെ ആയിരുന്നു തൻറെ മനസ്സ് വിശ്വസിച്ചിരുന്നത്, അത്‌ മാറ്റണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, അവളെ മറ്റൊരാൾ പ്രണയത്തോടെ നോക്കി എന്ന് അറിഞ്ഞപ്പോൾ ഉള്ളം വിങ്ങി, തൻറെ സ്വന്തം എന്ന് ചിന്തിച്ചിട്ടുണ്ടോയിരുന്നില്ല താൻ ഇതുവരെ,

അവളെ മറ്റൊരാൾ പ്രണയത്തോടെ നോക്കിയപ്പോൾ പ്രണയപൂർവ്വം സംസാരിച്ചുവെന്നും അറിഞ്ഞ നിമിഷം തൻറെ ഹൃദയത്തിൽ ഒരു പിടച്ചിൽ പോലെ, താൻ അവളെ തന്റെ സ്വന്തമായി കണ്ടിരുന്നു എന്ന് അറിയാതെ അവൻ മനസ്സിലാക്കുകയായിരുന്നു..... ഹൃദയം അവൾക്ക് ഒരു സ്ഥാനം കൊടുത്തിരുന്നു..... അവൾ സിന്ദൂരം പൊട്ടു പോലെ ആണ് ഇടുന്നത് എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു വേദന എന്തിനാണ്....? അവൾ തന്നെ മറച്ചു പിടിക്കുന്നപോലെ ഒരു ദുഃഖം മനസ്സിൽ നിറയുന്നത് പോലെ, ഇങ്ങനെയൊന്നും ഉള്ള ചിന്തകൾ തന്നെ ഇതുവരെ അലട്ടിയിട്ടില്ല എന്ന് ശ്രീഹരി ഓർത്തു, അവൾ നഷ്ടമാകുമോ എന്ന് താൻ ഭയക്കുന്നുണ്ട്,

ഉള്ളിലെവിടെയോ താനും അവളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്..... കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം അവൻ ഒന്ന് ഓർത്തെടുക്കാൻ നോക്കി, ഇപ്പോൾ അവിടെ നിന്നും വന്നിട്ട് ഏകദേശം മൂന്ന് മാസം ആയിരിക്കുന്നു, ഈ മൂന്ന് മാസത്തിൽ ഒരിക്കൽ പോലും ജാനകിയൊടെ സംസാരിക്കാതെ ഇരുന്നിട്ടില്ല, അവളോട് സംസാരിക്കാതെ ഉറങ്ങിയാൽ എന്തുകൊണ്ടോ തനിക്ക് ഉറക്കം വരാർ ഉണ്ടായിരുന്നില്ല, താൻ അവളോട് എന്നും സംസാരിക്കും, ഒന്നോ രണ്ടോ സെക്കൻഡിൽ നിൽക്കുന്ന ഒരു സംസാരം ഉണ്ടായിരുന്നുള്ളൂ, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ വിളിച്ച് സംസാരിക്കും, അതിനുമപ്പുറം നീണ്ടു പോകാത്ത ഒരു സൗഹൃദമായിരുന്നു,

എന്നാൽ ഇപ്പോൾ അങ്ങനെയല്ല ദിവസവും അവളുടെ ശബ്ദം കേട്ട് ഇല്ലെങ്കിൽ തനിക്കും എന്തൊക്കെയോ വേദന തോന്നാറുണ്ട്, രാവിലെ എഴുന്നേൽക്കുമ്പോൾ ഫോണെടുത്താൽ ആദ്യം നോക്കുന്നത് അവളുടെ മെസ്സേജ് വന്നിട്ടുണ്ടോ എന്നാണ്, ഒരു ദിവസം രാവിലെ അവളുടെ ഗുഡ്മോർണിംഗ് വന്നില്ലെങ്കിൽ അന്നത്തെ ദിവസത്തിന് തനിക്കൊരു ഊർജ്ജം ഉണ്ടാവില്ല, താനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു, എപ്പോഴാണെന്നറിയില്ല, ഒരുപക്ഷേ സലിം പറഞ്ഞതിനുശേഷം ആയിരിക്കും, അവളോടുള്ള തന്റെ ചിന്താഗതികൾ തന്നെ മാറിയത്, രാത്രിയിൽ അവളുടെ മുഖം മനസിലേക്ക് നിറച്ചാണ് ഉറങ്ങാൻ കിടക്കുന്നത്,

ആ സമയങ്ങളിൽ എല്ലാം ഒരു പ്രാർത്ഥന അവളെ തന്റെ പാതിയായി കാണാൻ സാധിക്കും എന്ന് തന്നെയാണ്, ആ പ്രാർത്ഥനകൾക്ക് ഒക്കെ ഫലം വന്നു എന്ന് അവനു തോന്നി, താൻ പോലുമറിയാതെ അവൾ തന്റെ മനസ്സിലേക്ക് ചേക്കേറിയിരിക്കുന്നു, അല്ലെങ്കിലും സ്വന്തം എന്ന് കരുതുന്നത് നഷ്ടമാകുമ്പോൾ ആണല്ലോ അത് നമുക്ക് എത്രത്തോളം അമൂല്യമായ ഒന്ന് ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത്, ഒരുപക്ഷേ ജാനകിയും അവളുടെ ഇഷ്ട്ടം അറിഞ്ഞത് അങ്ങനെ ആയിരിക്കും, തൻറെ മനസ്സിലും അവളെ നഷ്ടമാകുമോ എന്ന് ഒരു ആവശ്യമില്ലാത്ത ഭയം ഉടലെടുത്തത് എന്ന് ശ്രീഹരി അറിഞ്ഞു..... അവൾ തന്റെ അല്ലേ ,

തൻറെ സ്വന്തം അല്ലേ എന്ന തോന്നൽ, മറ്റൊരാൾ അവളെ നോക്കണ്ട എന്ന് ഒരു സ്വാർത്ഥത, ആ ഒരു അസ്വസ്ഥത ആയിരുന്നു അതെന്ന് ചെറു സന്തോഷത്തോടെ അവൻ അറിഞ്ഞു, അതൊരു നല്ല ലക്ഷണമാണെന്ന് അവനും തോന്നിയിരുന്നു, മനസ്സ് വല്ലാതെ പൂത്തുലഞ്ഞത് പോലെ, ഈ മൂന്ന് മാസം കൊണ്ട് താൻ അവളെ സ്നേഹിച്ചു തുടങ്ങി എന്ന അത്ഭുതപൂർവ്വം അവൻ ആലോചിച്ചിരുന്നു, പെട്ടെന്ന് തന്നെ അവൻ ഫോൺ എടുത്തു നോക്കി സമയം 12 കാലിനോട് അടുത്തിട്ട് ഉണ്ടാവും നാട്ടിൽ, ഈ സമയത്ത് ഇനി വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് അവൻ രാവിലെ വിളിക്കാം എന്ന് കരുതി ഉറക്കത്തിനായി കിടന്നു,

രാവിലെ ജാനകി ഉണർന്നപ്പോൾ തന്നെ ഒരു മെസ്സേജ് ശ്രീഹരിക്ക് അയച്ചിരുന്നു, അത് ഡെലിവേർഡ് ആയപ്പോൾ അവളും ഒന്നു അത്ഭുതപ്പെട്ടിരുന്നു, സാധാരണ ഇത്രയും വെളുപ്പിന് ഒക്കെ അയക്കുമ്പോൾ മെസ്സേജ് കാണാറില്ല, അവൻ നല്ല ഉറക്കത്തിലായിരിക്കും, മെസ്സേജ് സീൻ ആയപ്പോൾ തന്നെ ആള് ഓൺലൈനിൽ വരികയും തിരിച്ച് ഒരു ഗുഡ്മോർണിംഗ് നൽകുകയും ചെയ്തു , ആ സമയത്ത് പിന്നീട് എന്ത് ചോദിക്കണമെന്ന് അവളറിയാതെ നിന്നപ്പോൾ പെട്ടെന്ന് ഫോൺ വന്നിരുന്നു, അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു ചെവിയോട് ചേർത്തു.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story