സ്നേഹദൂരം.....💜: ഭാഗം 38

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഹരിയേട്ടൻ ഇന്ന് നേരത്തെ ഉണർന്നോ....?? " ഞാൻ ഉറങ്ങി ഇല്ലായിരുന്നു..... നെറ്റ് ഓഫ് ആക്കാൻ മറന്നിരുന്നു, അതുകൊണ്ട് നിൻറെ മെസ്സേജ് കണ്ടത്.... നീ എന്തിനാ ഇത്രയും വെളുപ്പിന് എഴുന്നേൽക്കുന്നത്.....? " ഇപ്പൊ അഞ്ചര ആയി ഹരിയേട്ടാ.... വീട്ടീന്ന് ഉള്ള ശീലം ആണ്,മാറ്റാൻ പറ്റുന്നില്ല.... അടുക്കലേക്ക് ചെന്നാൽ അമ്മ ഒരു ജോലിയും ചെയ്പ്പിക്കില്ല...... എപ്പോഴും പഠിക്ക് പഠിക്ക് എന്ന് ആണ് പറയുന്നത്.... എനിക്ക് ആണെങ്കിൽ ഒരു ജോലിയും ചെയ്യാതെ ഇരുന്നിട്ട് എന്തോ പോലെ, അടുത്ത് പോയിരുന്നു എന്തെങ്കിലും കുറച്ചുനേരം സംസാരിക്കും, അതുകൊണ്ട് ഞാൻ ഇപ്പോ ഇവിടെ നമ്മുടെ ടെറസിലെ ചെറിയ ഗാർഡനിങ് ഒക്കെ തുടങ്ങിയിട്ടുണ്ട്....!!

ഇനി ഹരിയേട്ടൻ വീഡിയോ കോള് ചെയ്യുമ്പോൾ ഞാൻ കാണിച്ചു തരാം, ഇപ്പോൾ കാണില്ല വെട്ടം വീഴുന്നേ ഉള്ളു,ഇല്ലായിരുന്നെങ്കിൽ ഇപ്പൊ കാണിച്ചുതരുന്നേനെ, " ഉത്സാഹത്തോടെ അവൾ പറഞ്ഞപ്പോൾ അവളോടുള്ള തന്റെ ഇഷ്ടത്തില് പല മാറ്റങ്ങളും വന്നു എന്ന് അവൻ അറിയുകയായിരുന്നു അവനും,അവളോട് സംസാരിക്കുമ്പോൾ എന്തൊക്കെ ഒരു പ്രത്യേകതകൾ പോലെ, അവളുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ പോലെ... " പിന്നെ ഹരിയേട്ടാ...!! മടിച്ചുമടിച്ച് അവൾ വിളിച്ചപ്പോൾ അവനും ഒന്ന് മൂളിയിരുന്നു.... " ഞാൻ ഇന്നലെ സാറിൻറെ കാര്യം പറഞ്ഞപ്പോൾ ഹരിയേട്ടൻ എന്തോ ദേഷ്യം ഉള്ളതുപോലെ എനിക്ക് തോന്നി,

" എന്റെ ഭാര്യയെ വേറൊരുത്തൻ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞാൽ, ഏത് ഭർത്താവിനാടി ഇഷ്ടം ആകുന്നത്....?? ഗൗരവത്തോടെ ആയിരുന്നു അവൻറെ മറുപടി എങ്കിലും അവൻ പറഞ്ഞ "എന്റെ ഭാര്യ " എന്ന വാക്ക് അവളിൽ വല്ലാത്തൊരു സന്തോഷം നിറയ്ക്കുന്നതായിരുന്നു..... " ഞാൻ വിചാരിച്ചു, ഇനി രാത്രിയിൽ ഓൺലൈനിൽ എന്നെ കണ്ടു കൊണ്ടായിരിക്കും ഹരിയേട്ടൻ ദേഷ്യപ്പെട്ടത് എന്ന്.... "എല്ലാമുണ്ടായിരുന്നു...... "ഹരിഏട്ടന് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല..... " ഇപ്പോഴല്ലല്ലോ പണ്ടും അങ്ങനെ തന്നെയാണ് ഞാൻ നിന്നോട് പറഞ്ഞിട്ടിള്ളത്, രാത്രിയിൽഓൺലൈനിൽ കിടന്ന് കളിക്കണ്ട എന്ന്... " അ ഞാൻ പിന്നെ ചെയ്തിട്ടില്ലല്ലോ,

ഇതിപ്പോ ചേട്ടനോട് സംസാരിക്കാം എന്ന് വിചാരിച്ചിട്ട് ആണ്... " നിന്നോട് സംസാരിക്കാതെ ഈ മൂന്നു മാസത്തിനിടയിൽ ഒരു ദിവസമെങ്കിലും ഞാൻ ഇരുന്നുട്ടുണ്ടോ....പിന്നെ നീ അങ്ങനെ പേടിക്കേണ്ട കാര്യമില്ല, അത് പോട്ടെ, ഞാൻ ഇന്നലെ ആണ് ഒരു കാര്യം ഓർത്തത്, നിനക്ക് എന്തൊക്കെ കാര്യങ്ങൾ കാണും നീ ഒന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ, ഞാനാണെങ്കിൽ വിട്ടുപോവുകയും ചെയ്തു, നമ്മുടെ റൂമിലെ അലമാരയിൽ എന്റെ എടിഎം കാർഡ് ഇരിപ്പുണ്ട്, പിൻ ഞാൻ നിനക്ക് വാട്സാപ്പിൽ ഇട്ടിട്ടുണ്ട്. നിനക്ക് എന്ത് കാര്യം ഉണ്ടെങ്കിലും നീ എന്നോട് ചോദിക്കാതെ തന്നെ അത് എടുത്തോണം, ഞാൻ ആ കാര്യം മറന്നു പോയി, വരണസമയത്ത് നിൻറെ കയ്യിൽ കുറച്ച് കാശ് തരാൻ പോലും ഞാൻ ഓർത്തില്ല,

നീ കോളേജിൽ പോകുന്ന കുട്ടിയല്ലേ, എന്തൊക്കെ ആവശ്യങ്ങൾ കാണും ഞാനത് മറന്നുപോയി," " എനിക്കെന്ത് ആവശ്യമാണ് ഹരിയേട്ടാ..... രാവിലെ ഇവിടുന്ന് കോളേജിലേക്ക് പോയി ഇവിടേക്ക് തിരികെ വരുന്നതുവരെ എനിക്ക് പ്രത്യേകിച്ച് ഒരു ആവശ്യം ഇല്ല.... പിന്നെ അച്ഛൻ വന്ന് എന്നോട് എന്നും ചോദിക്കാറുണ്ട്, എന്തേലും ആവശ്യമുണ്ടോ എന്ന്,കാശ് ബാഗിൽ വച്ചാണ് വിടുന്നത്..... " ഞാൻ ശ്രെദ്ധിക്കണ്ടത് ആയിരുന്നു അതൊക്കെ, ഇതൊക്കെ ഞാൻ ചെയ്യേണ്ടതായിരുന്നു, അത് ഞാൻ മറന്നുപോയി, അത് നീ ക്ഷമിക്ക്, അവന്റെ സ്വരം ആർദ്രമായിരുന്നു. " ഹരിയേട്ടാൻ എന്തിനാ എന്നോട് ക്ഷമ പറയുന്നത്, എനിക്ക് അതൊക്കെ വലിയ വിഷമം ആണുട്ടോ....?

അങ്ങനെയൊന്നും ഹരിയേട്ടൻ എന്നോട് പറയരുത്, പിന്നെ ഹരിയേട്ടാ എനിക്ക് വീട്ടിലേക്ക് പോകണം എന്നുണ്ട്.....ഇപ്പോൾ കുറേ ദിവസം ആയില്ലേ പോയിട്ട്, അവിടെയൊക്കെ കാട് പിടിച്ചിട്ടുണ്ടാവും, " അത് സാരമില്ല ഞാൻ അച്ഛനോട് പറയാം, അവിടെ ഒരാളെ വച്ചു വൃത്തിയാക്കാൻ, നീ ഒറ്റയ്ക്ക് പോകണ്ട, അവിടെ പോയി കഴിഞ്ഞാൽ പിന്നെ നിനക്ക് കരച്ചിലായി വിഷമങ്ങൾ ആയി, അതിലും നല്ലത് അമ്മയും അച്ഛനും കൂടി വരൂന്നത് ആണ്. ഒരു അവധി ദിവസം നിങ്ങൾ മൂന്നുപേരും കൂടെ ഒന്നിച്ചു വീട്ടിലേക്ക് ചെല്ല് ... ഒരാളെ നിർത്തി അവിടുത്തെ കാട് ഒക്കെ കളഞ്ഞ് വൃത്തിയാക്കിട്ട് .......പോരെ....? ഞാൻ അച്ഛനോട് പറഞ്ഞേക്കാം നിനക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്നു,"

അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കു ആശ്വാസമായിരുന്നു, " പിന്നെ ഇന്ന് നീ കോളേജിൽ പോകുമ്പോൾ സിന്ദൂരം നന്നായിട്ട് കാണുന്ന രീതിയിൽ തന്നെ ഇട്ടാ ൽ മതി, ഇനി ഇപ്പോൾ വേറെ വിവാഹാലോചനകൾ ഒന്നും വരണ്ട," പകുതി തമാശയായിരുന്നു അവൻ പറഞ്ഞിരുന്നതെങ്കിലും അവൻറെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന സ്വാർത്ഥത അവളിൽ ഒരു പ്രത്യേക സന്തോഷമായിരുന്നു നിറച്ചിരുന്നത്.... " ഇവിടെ നല്ല പാതിരാത്രി ആണ് ഞാൻ ഇങ്ങനെ ഇരുന്ന് വർത്തമാനം പറയുന്ന കേട്ടു ഇവന്മാർ ആരെങ്കിലും എഴുന്നേറ്റ് വന്നാൽ,എന്നെ കളിയാക്കി ഒരു പരവം ആക്കും, നീ ഫോൺ വച്ചിട്ട് പോയി എന്താണെന്ന് വച്ചാ ചെയ്യാൻ നോക്ക്, ഞാൻ കുറച്ചുനേരം കിടക്കട്ടെ, രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്, "

ശരിയെട്ടാ ഞാൻ കോളേജിൽ പോയി വന്നിട്ട് വൈകിട്ട് വിളിക്കാം, "ശരി....!! അവളോട് സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അവനും ഒരു ആശ്വാസം ഉണ്ടായത്, എന്തിനായിരുന്നു തൻറെ മനസ്സിൽ ഇത്രയും സമയം ഒരു അസ്വസ്ഥത നിറഞ്ഞുനിന്നിരുന്നത്...? അവളുടെ ആ വെളിപ്പെടുത്തൽ ആണോ തൻറെ മനസ്സിൽ അസ്വസ്ഥത തീർത്തത്...? " "എനിക്ക് ഹരിയേട്ടന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യുന്നത് ഇഷ്ടമല്ല " എന്ന് അവളുടെ ആ വാക്കുകൾ, അത് അവനിൽ സന്തോഷത്തിന്റെ അലകൾ ഉണർത്തി, താൻ അവളെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു, വീണ്ടും ഒരു കൗമാരക്കാരൻ ആയി മാറിയത് പോലെ അവനു തോന്നി..... യൗവനം നിറഞ്ഞു നിൽക്കുന്ന സമയത്ത് ഒരു പ്രണയം,

ആ ഓർമയിൽ പോലും ഒരു നിമിഷം അവനു ചിരി വന്ന് പോയിരുന്നു, എത്രയും പെട്ടെന്ന് അവളെ ഒന്ന് കാണാൻ മനസ്സ് കൊതിക്കുന്നത് പോലെ..... അവളോടുള്ള ഇഷ്ടത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നത് പോലെ, എങ്കിലും കൂടുതൽ കൂടുതൽ ചിന്തിക്കുമ്പോൾ അവൾ വീണ്ടും തന്നിൽ നിന്നും അകന്നു പോകുന്നതു പോലെ, അവളെ ഒന്ന് ചേർത്ത് പിടിക്കാനും സ്നേഹത്തോടെ നീ എന്റെതാണെന്ന് പറയുവാനും അതുപോലെ ചേർത്ത് പിടിക്കാനും ഒക്കെ താനിക്കും ഇപ്പോൾ മനസ്സിൽ ആഗ്രഹമുണ്ട്......., അവളെ ഒന്ന് വാരിപ്പുണരാൻ, ഒരു പ്രണയ ചുംബനം നൽകണമെന്ന്, പക്ഷേ അതൊക്കെ ഏറ്റുവാങ്ങേണ്ടിവരുന്നവളെ പറ്റി ചിന്തിക്കുമ്പോൾ അതിനൊന്നും കഴിയുന്നില്ല.....

താൻ വല്ലാതെ ആകുന്നതുപോലെ, തൻറെ പ്രണയം അനുഭവിക്കേണ്ടവൾ അവൾ ആണല്ലോ എന്ന് ചിന്തിക്കുമ്പോൾ താൻ വീണ്ടും കുറ്റക്കാരനായി മാറുന്നതുപോലെ, ചെയ്യുന്നത് തെറ്റാണോ എന്ന് ഒരു തോന്നൽ ഉള്ളിലേക്ക് വരുന്നതുപോലെ........ അവളെ തൻറെ കരവലയത്തിൽ ആക്കി കിടക്കുന്നത് പോലും ഓർക്കാൻ സാധിക്കുന്നില്ല, അങ്ങനെ ഒരു സ്നേഹ ദൂരം തങ്ങൾക്കിടയിൽ ഇപ്പോഴും ഉണ്ടെന്ന് അവന് തോന്നിയിരുന്നു, അത് ഉടനെ ഒന്നും മാറുന്നതല്ല എന്ന് അവനറിയാമായിരുന്നു....... എങ്കിലും ഉള്ളിനുള്ളിൽ ജാനകി ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി ചിന്തിക്കാൻ കഴിയില്ല എന്ന് പൂർണബോധ്യം അവനുണ്ടായിരുന്നു, ജാനകി ഇല്ലാതെ ശ്രീഹരി ഇല്ല എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ.....

©️റിൻസി ©️ ദിവസങ്ങൾ വീണ്ടും രഥം പോലെ പാഞ്ഞു പോയി.... പരീക്ഷയും തിരക്കുകളും ഒക്കെ ആയി ജാനകിയും അവളുടെ ലോകത്തായിരുന്നു ഇതിനിടയിൽ ഇരുവരും തമ്മിൽ സംസാരിക്കുവാൻ മറന്നിരുന്നില്ല........ ഓരോ സംസാരങ്ങളും ഇരുവർക്കുമിടയിൽ ഉള്ള മൗനത്തിന്റെ അകലം കുറയ്ക്കുകയായിരുന്നു ചെയ്തിരുന്നത്....... ശ്രീവിദ്യയും ശ്രീദേവും ഒക്കെ വന്നതോടെ ജാനകിയെ ശ്രദ്ധിച്ചിരുന്നു, വിഷമങ്ങൾ ഉണ്ട് എന്നുള്ള ഒരു തോന്നൽ വരാതെ അവർ അവളെ നോക്കി........ ഒരിക്കൽ പോലും അവൾ ക്ക് വേദനയുണ്ടാക്കുന്ന ഒരു കാര്യങ്ങളും ചെയ്തിരുന്നില്ല, ഇടയ്ക്കിടെ വീട്ടിൽ പോവുകയും അവിടെ കുറച്ച് സമയം നിൽക്കുകയും ചെയ്തിരുന്നു, എല്ലാവരും,

ശ്രീവിദ്യയും ശ്രീദേവും വന്നു കഴിഞ്ഞാൽ പിന്നെ ജാനകി പഴയ ജാനകി ആയി മാറും........ കുറച്ചുസമയം പോലും ഒരു കാര്യവും ചിന്തിച്ച് വേദനിക്കുവാൻ അവർ അവൾക്ക് അവസരം നൽകിയില്ല..... അവളോട് വർത്തമാനം പറഞ്ഞു അവളെ കളിയാക്കി കൊണ്ട്, ചില ദിവസം ഹരിയെ പോലും അവൾ വിളിക്കാൻ മറന്നുപോകും, ഹരിക്ക് അത് സന്തോഷകരമായ ഒരുസ്വാർത്ഥത ഉണ്ടാകുമായിരുന്നു...... എത്രയൊക്കെ തിരക്കുണ്ടെങ്കിലും തന്നെ വിളിക്കാതെ ഉറങ്ങരുത് എന്ന് അവസാനം ഹരിക്ക് അവളോട് നേരിട്ട് പറയേണ്ടതായി വന്നു........ അവളോട് സംസാരിക്കാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൻ........

പലപ്പോഴും വിദ്യയുടെ മുറിയിൽ ആയിരിക്കും അവൾ, അതുകൊണ്ടുതന്നെ ശ്രീഹരിയുമായുള്ള സംസാരം ചിലപ്പോഴൊക്കെ ചുരുങ്ങി പോകാറുണ്ട്, അവനെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷമം നൽകുന്ന ഒരു അവസ്ഥയായിരുന്നു, അത്രത്തോളം അവളെ സ്നേഹിച്ചോ എന്ന് അവൻ പോലും ചിന്തിച്ചു പോയിരുന്നു........ ഇപ്പോൾ എട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു, കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടായിരുന്നു ജാനകിക്ക് പക്വത വന്ന സ്ത്രീയെപ്പോലെ അവൾ മാറിക്കഴിഞ്ഞു, ഒരു കുടുംബത്തിൽ താമസിക്കുന്നത് എങ്ങനെ ആണ് എന്നും അവൾ പഠിച്ചു, എല്ലാ കാര്യങ്ങളിലും അവളുടെ ശ്രദ്ധ കടന്ന് ചെന്നിരുന്നു, അങ്ങനെ കാത്തിരുന്ന ഒരു ഓണക്കാലം എത്തി,

എല്ലാവർക്കും വസ്ത്രങ്ങൾ എടുക്കുവാൻ സേതുവും സുഗന്ധിയുടെ തീരുമാനിച്ചിരുന്നു, പ്രത്യേകം കുറച്ചു കാശ് ജാനകി വേണ്ടി ശ്രീഹരി കൊടുക്കുവാനും മറന്നിരുന്നില്ല, ഇഷ്ടപ്പെട്ട എന്താണെങ്കിലും എടുത്തുകൊള്ളാൻ ആയിരുന്നു അവൻ പറഞ്ഞിരുന്നത്...... ആ കാശുകൊണ്ട് അവൾ വാങ്ങിയത് അവനുവേണ്ടി തന്നെ ഒരു ഷർട്ടും മുണ്ടും ആയിരുന്നു, ഓണക്കാലത്ത് അവൻ എത്തില്ല എന്നറിയാം, എങ്കിലും പിന്നീട് എപ്പോഴെങ്കിലും അവൻ വരുമ്പോൾ തൻറെ ഇഷ്ടത്തിന് ഉള്ള ഒരു സമ്മാനം അവന് നൽകുവാൻ വേണ്ടി, എല്ലാവർക്കും ആവശ്യത്തിനുള്ള വസ്ത്രങ്ങൾ തന്നെ എടുത്തിരുന്നു....... ശ്രീവിദ്യയും ജാനകിയും ചുരിദാർ തുണികൾ ആയിരുന്നു എടുത്തത്,

സുഗന്ധിയുടെ നിർബന്ധം കാരണം ഒരു ടിഷു സെറ്റ് സാരി എടുത്തു....... " വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ഓണം ഹരിക്കുട്ടൻ ഇല്ലാത്തതുകൊണ്ട് മോള് വിഷമിക്കരുത്........അവളുടെ മുടിയിഴകളിൽ തലോടി സുഗന്ധി അത് പറഞ്ഞപ്പോൾ ഒരു വരണ്ട ചിരി ആയിരുന്നു അവൾക്ക് പകരം നൽകാൻ ഉണ്ടായിരുന്നത്, ഹരിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അവളും ആ നിമിഷം ആഗ്രഹിച്ചു പോയിരുന്നു....... നിറമുള്ള ഒരു ആഘോഷങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല ഓർമിച്ചു വെക്കാൻ...... എല്ലാത്തിനും എന്തെങ്കിലും ഒരു വേദനയുടെ മെമ്പോടിയുണ്ടായിരുന്നു....... വിവാഹം പോലും അങ്ങനെ ആയിരുന്നു......

.അതും ഒരു വേദനയിലൂടെ തന്നെയാണ്, വിവാഹത്തെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം തെളിഞ്ഞുവരുന്നത് അമ്മയുടെ മരിച്ചു കിടക്കുന്ന മുഖമാണ്...... നിറമുള്ള ഒരു ആഘോഷങ്ങളും ജീവിതത്തിൽ ഒരിക്കലും തനിക്ക് വിരുന്നു വന്നിട്ടില്ല........ ഈ ഓണക്കാലത്ത് ഹരിയേട്ടൻ ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ എക്കാലവും തനിക്ക് ഓർത്തുവയ്ക്കാൻ ഉള്ള സുന്ദരമായ ഒരു ഓണമായി അത് മാറിയെനെ എന്ന് വെറുതെ അവൾ ആഗ്രഹിച്ചിരുന്നു...... അന്ന് വൈകിട്ട് ഫോൺ വിളിച്ചപ്പോൾ അവൾ അത് ഹരിയോട് തുറന്നു പറയുകയും ചെയ്തിരുന്നു........ ഒരു ചിരിയായിരുന്നു അവൻ അതിനു മറുപടിയായി നൽകിയിരുന്നത്....... "

ഗൾഫിൽ ജോലി ചെയ്യുന്നവരുടെ ഭാര്യമാര് ഇങ്ങനെ ഒന്നും ആഗ്രഹിക്കാൻ പാടില്ല മോളെ...... ഒരു തമാശയോടെ അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.... " ഇതിന്റെയൊക്കെ വല്ല കാര്യമുണ്ടായിരുന്നോ....? നിനക്ക് നാട്ടിലുള്ള ഏതെങ്കിലും ഒരു ചെറുക്കനെ കെട്ടിയാൽ പോരായിരുന്നോ.....? ഓണവും വിഷുവും ആഘോഷിച്ചു കൂടെ തന്നെ ഉണ്ടായേനെ, എനിക്കിപ്പോ ഒരു വർഷം കഴിഞ്ഞു അല്ലേ വരാൻ പറ്റൂ.....? അതും കൂടി അവൻ പറഞ്ഞപ്പോഴേക്കും അവളുടെ എങ്ങൽ അടി അവൻ വ്യക്തമായി കേട്ടിരുന്നു..... ഒരു നിമിഷം അവൻ വല്ലാതായി പോയിരുന്നു...... " ജാനി......!! ആർദ്രമായ് രീതിയിൽ അവൻ വിളിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു..... "

എന്താടി...!! ഞാൻ അതിനുമാത്രം എന്തു പറഞ്ഞു...?? " ഹരിയേട്ടൻ ഇപ്പോഴും ഇങ്ങനെയൊക്കെയാണോ വിശ്വസിച്ചിരിക്കുന്നത്...? ഞാനൊരു ആഗ്രഹംകൊണ്ട് പറഞ്ഞതല്ലേ ഹരിയേട്ടൻ കൂടി ഒപ്പമുണ്ടാവണം എന്ന്, അതിന് ഹരിയേട്ടൻ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്....? എൻറെ ഇഷ്ടമല്ലെങ്കിലും എന്നും ഹരി ഏട്ടന് ഒരു തമാശ ആയിരുന്നല്ലോ അല്ലേ....?? അത് പറഞ്ഞപ്പോഴേക്കും അവൾക്ക് വാക്കുകൾ ഇടറിയിരുന്നു, അവൻ പറഞ്ഞ തമാശയിൽ വല്ലാത്ത വേദന തോന്നിയിരുന്നു....... " എൻറെ ജാനി....!! ഞാൻ വെറുതെ പറഞ്ഞതാ...... നിൻറെ ഇഷ്ടം തമാശയാണെന്ന് ഞാൻ പറഞ്ഞൊ....?

ഞാൻ വെറുതെ നീ അങ്ങനെ പറഞ്ഞപ്പോൾ ഒരു ഓളത്തിന് പറഞ്ഞത് അല്ലെ,ഇനി അത് വിചാരിച്ച് വിഷമിക്കാൻ ഇരിക്കേണ്ട...... എനിക്ക് ആഗ്രഹമുണ്ട് ഓണത്തിന് നാട്ടിൽ വരണം എല്ലാവരും കൂടിയിരുന്ന് സദ്യ കഴിക്കണം എന്ന് ഒക്കെ, പക്ഷേ പ്രവാസികൾക്ക് അങ്ങനെയൊക്കെ ആഗ്രഹിക്കാൻ പോലും പറ്റില്ല മോളെ...... നിന്റെ ഇഷ്ടം ആത്മാർത്ഥമായി ആണ് എന്ന് എനിക്കറിയാം...... അവൻ അത് പറഞ്ഞപ്പോഴേക്കും അവൾക്ക് ഒരു നിമിഷം വല്ലാത്ത ഒരു അത്ഭുതം തോന്നിയിരുന്നു, ഇത്രയും മാസങ്ങൾക്കിടയിൽ ആദ്യമായാണ് ഇത്രയും തന്നോട് സംസാരിക്കുന്നത്, തൻറെ ഇഷ്ടം അതിനെ പറ്റി പറഞ്ഞപ്പോൾ എപ്പോഴും തന്റെ ചാപല്യം ആണെന്ന് പറഞ്ഞ് കളിയാക്കിയ ആൾ ആദ്യമായി തൻറെ സ്നേഹത്തെ അംഗീകരിച്ചപ്പോൾ അവൾക്ക് വല്ലാത്ത സമാധാനം തോന്നിയിരുന്നു,

നിറ കണ്ണുകളിലും അവളുടെ ചൊടിയിൽ അതൊരു പുഞ്ചിരി ആയി പരിണമിച്ചു...... ©️ റിൻസി ©️ രണ്ടാഴ്ച കൂടി പൂർണമായും കഴിഞ്ഞുപോയി, കോളേജ് അവധിക്കു വേണ്ടി അടച്ച സമയത്ത് ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക് വന്നപ്പോൾ എല്ലാവരുടെയും മുഖത്ത് പതിവിലും സന്തോഷം അവൾ കണ്ടിരുന്നു....... എല്ലാരും വലിയ സന്തോഷത്തോടെയാണ് ഇരിക്കുന്നത്, നാളെ ശ്രീവിദ്യയും ശ്രീദേവും വരുന്നതിന്റെ ആകും എന്നാണ് വിചാരിച്ചിരുന്നത്..... സുഗന്ധി ആണെങ്കിൽ തിരക്കിട്ട് എന്തൊക്കെ ഉണ്ടാക്കുന്ന തിരക്കിലുമാണ്, " വിദ്യ ചേച്ചി വന്നൊ അമ്മേ....? ഓടിച്ചെന്ന് അവൾ അടുക്കളയിലേക്കു ചെന്ന് അതാണ് ചോദിച്ചത്.... " അവൾ ഇന്ന് വൈകിട്ട് വരും എന്നല്ലേ പറഞ്ഞത്, ഉത്സാഹത്തോടെ സുഗന്ധി അത് പറഞ്ഞു..... " വൈകുന്നേരം വരുന്നതിനാണോ അമ്മ ഇത്രത്തോളം നേരത്തെ ഇത്രയും സാധനങ്ങൾ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത്.....

അവിടെ ഉണ്ടാക്കി വച്ചിരിക്കുന്ന ഉണ്ണിയപ്പവും നോക്കിക്കൊണ്ട് അവളത് പറഞ്ഞു.... " എപ്പോഴാണെങ്കിലും ഉണ്ടാക്കണ്ടേ.....?നേരത്തെ ഉണ്ടാക്കി എന്നേയുള്ളൂ, നീ വേഗം മുറിയിലേയ്ക്ക് ചെന്ന് കുളി കഴിഞ്ഞിട്ട് വാ, ഇതൊക്കെ ചൂടോടെ തന്നെ കഴിക്കാം, "ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം, " ഞാൻ ചായ ഇടാമേ.....? അതും പറഞ്ഞ് അവർ ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു വച്ചു...... വീണ്ടും കുറച്ചുസമയം അവിടെനിന്നതിനുശേഷമാണ് ജാനകി മുറിയിലേക്ക് ചെന്നത്......... മുറിയിലേക്ക് ചെന്ന് കതക് തുറന്നപ്പോൾ പെട്ടെന്നവൾ ഞെട്ടിപ്പോയിരുന്നു..... മുൻപിൽ കണ്ടത് സത്യമാണോ എന്ന് അറിയാതെ ഒരിക്കൽ കൂടി അവൾ കണ്ണുകൾ തിരുമ്മി നോക്കി.....!!!................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story