സ്നേഹദൂരം.....💜: ഭാഗം 39

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

മുറിയിൽ കിടന്നുറങ്ങുന്ന രൂപത്തെ അവൾ ഒരിക്കൽ കൂടി നോക്കി, അത് ശ്രീഹരി തന്നെയാണെന്ന് മനസ്സിലായപ്പോൾ സന്തോഷവും പരിഭ്രമവും എല്ലാം മുഖത്ത് തെളിഞ്ഞു..... പെട്ടെന്നുതന്നെ താഴേക്ക് ഓടി, അടുക്കളയിലേക്ക് എത്തിനോക്കി, അപ്പോഴും തിരക്കിട്ട പാചകത്തിൽ ആണ് സുഗന്ധി...... ഒറ്റ ശ്വാസത്തിൽ തന്നെ ഓടി സുഗന്ധിയുടെ അരികിലേക്ക് ആയിരുന്നു വന്നത്, " ഹരിയേട്ടൻ....ഹരിയേട്ടൻ എപ്പോഴാ വന്നത് അമ്മേ.....? സംസാരിക്കാൻ ശ്വാസമെടുക്കാനുള്ള ഒരു അവസരം ഇല്ലാതെയായിരുന്നു അവളുടെ ചോദ്യം എന്ന് സുഗന്ധിക്ക് തോന്നിയിരുന്നു, അവളുടെ മുഖത്തെ തിളക്കവും സന്തോഷവുമെല്ലാം കണ്ടപ്പോൾ സുഗന്ധിക്ക് സന്തോഷം തന്നെയായിരുന്നു തോന്നിയിരുന്നത്........

" നീ ഒന്ന് ശ്വാസം എടുക്ക് കൊച്ചേ, ഹരി ഉച്ച ആയപ്പോഴാ വന്നത്, ആരെയും അറിയിക്കാതെ, പെട്ടെന്നുള്ള ഒരു വരവ്...... ഇവിടെ വന്നപ്പോഴാണ് ഞങ്ങൾ പോലും അറിഞ്ഞത്, നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു സേതുവേട്ടൻ പറഞ്ഞു, അതാണ് ഞാൻ പറയാതിരുന്നത്.... ചിരിയോടെ സുഗന്ധി പറഞ്ഞു, " ഹരിയെവിടെ ഉറക്കമാണോ....? സുഗന്ധി ചോദിച്ചു.... "ഉറക്കം ആണെന്ന് തോന്നുന്നു, ഞാൻ അകത്തേക്ക് കയറിയില്ല, ഹരിയേട്ടൻ തന്നെയാണോ എന്ന് എനിക്കൊരു സംശയം പോലും തോന്നി..... അതുകൊണ്ട് ഞാൻ ഓടി ഇങ്ങോട്ട് വന്നത്, അമ്മയോട് ചോദിച്ചു ഉറപ്പുവരുത്താം എന്ന് വിചാരിച്ചു.... " എങ്കിലേ സംശയിക്കേണ്ട യാതൊരു കാര്യമില്ല, നിൻറെ ഭർത്താവ് ശ്രീഹരി തന്നെയാണ് നിങ്ങൾടെ മുറിയിൽ ഉള്ളത്..... ചിരിയോടെ സുഗന്ധി അത് പറഞ്ഞപ്പോൾ അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു,

" നീ പോയി കുളി കഴിഞ്ഞിട്ട് അവനെയും കൂട്ടി വാ, ചായ കുടിക്കാം..... അവരത് പറഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം അവളിലും നിറഞ്ഞിരുന്നു..... ഒരു ആകാംക്ഷയോടെ തന്നെ അവൾ മുകളിലേക്ക് കയറിയിരുന്നു, ഉള്ളിൽ തുടികൊട്ടിയ സന്തോഷത്തോടെ അവൾ മുകളിലേക്ക് നടന്നു....മുറിയുടെ അരികിൽ ഒന്ന് നിന്നു, ഹൃദയത്തിൽ എന്നോ കൊത്തിവയ്ക്കപ്പെട്ട ആ രൂപത്തെ ആവോളം മനസ്സിൽ ആവാഹിച്ചു....... അവൾ മുറിയിലേക്ക് എത്തിയത് പോലും ശ്രീഹരി അറിഞ്ഞില്ല എന്ന് തോന്നി...... അത്രയ്ക്ക് ഉറക്കമായിരുന്നു, അവനെ വിളിക്കണോ എന്ന് അവൾക്ക് ആശങ്ക തോന്നിയിരുന്നു..... ഇടത് കൈ തണ്ട കണ്ണിനോട് ചേർത്തുവെച്ചാണ് കിടപ്പ്....

അവനെ കണ്ട മാത്രയിൽ ഒരു നിമിഷം അവൾ പഴയ ജാനകി ആയി പോയത് പോലെ അവൾക്ക് തോന്നിയിരുന്നു...... അവൻറെ മുഖത്തേക്ക് കുറച്ചുനേരം കണ്ണിമചിമ്മാതെ അവൾ നോക്കിയിരുന്നു, എന്തൊരു സൗന്ദര്യമാണ് ഈ മനുഷ്യന് അറിയാതെ അവൾ ചിന്തിച്ചു പോയിരുന്നു...... ഓരോ ദിവസം കാണുമ്പോഴും സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല ഇങ്ങനെ വർദ്ധിക്കുക തന്നെയാണെന്നും, നുണക്കുഴികൾ നിറഞ്ഞ ആ കവിളുകളായിരുന്നു എന്നും പ്രണയപൂർവ്വം നോക്കിയിട്ട് ഉള്ളത്....... വെളുപ്പ് അല്ല ഇളംറോസ് നിറത്തിലുള്ള കവിളുകൾ ആണ് , മനോഹരമായി ഡ്രീം ചെയ്ത അവൻറെ താടികൾക്കിടയിൽ ചെറിയ കുറ്റിക്കാടുകൾ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും അതിനെയെല്ലാം തോല്പിച്ചുകൊണ്ട് അവൻറെ വൈൻ റെഡ് നിറത്തിലുള്ള ചുണ്ടുകൾ മനോഹരമായ രീതിയിൽ നിൽക്കുന്നു .......ഒരു നിമിഷം അവൾക്ക് വീണ്ടും അവനോട് പ്രണയം തോന്നിയിരുന്നു, " ഹരിയേട്ടാ.......!!

പതിഞ്ഞസ്വരത്തിൽ ആയിരുന്നു അവൾ വിളിച്ചെങ്കിലും അവൻ പെട്ടെന്ന് തന്നെ കണ്ണുകൾ തുറന്നിരുന്നു..... കണ്മുൻപിൽ നിൽക്കുന്നവളെ കണ്ടപ്പോൾ ഒരു നിമിഷം അവനിലും വല്ലാത്തൊരു സന്തോഷം നിറഞ്ഞു...... യൂണിഫോം ആണ് വേഷം, കറുത്ത പാന്റും വെള്ളയിൽ കറുത്ത വരകൾ ഉള്ള ഷർട്ടും ആയിരുന്നു യൂണിഫോം, " ആഹാ നീ വന്നോ.....? അമ്മ പറഞ്ഞു നീ വരുമ്പോഴേക്കും നാലുമണി അഞ്ചുമണി ആവുമേന്ന്, അതാ ഞാൻ ഉറങ്ങാം എന്ന് കരുതിയത്..... ചെറുചിരിയോടെ എഴുന്നേറ്റിരുന്ന് കൈകൾ ഒന്ന് വിടർത്തി വിട്ട് അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോഴും അവനെ തന്നെ വീക്ഷിക്കുന്ന ശ്രദ്ധയിൽ ആയിരുന്നു ജാനകി എന്ന് തോന്നിയിരുന്നു......

" ഇന്നലെ വിളിച്ചപ്പോൾ പോലും ഹരിയേട്ടൻ പറഞ്ഞില്ലല്ലോ, വരുന്നുണ്ടെന്ന്..... സർപ്രൈസ് ആയി പോയി...... പെട്ടെന്ന് ഹരിയേട്ടൻ ഇവിടെ കണ്ടപ്പോൾ ഞാൻ വിശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി പോയി എന്ന് പറയുന്നതായിരിക്കും സത്യം......... ഉത്സാഹത്തോടെ അവൾ പറഞ്ഞു.....!! " നീയല്ലേ പറഞ്ഞത് ഈ ഓണത്തിന് ഞാനും കൂടെ ഇല്ലെങ്കിൽ നിനക്ക് സങ്കടം ആണെന്ന്....... ചിരിയോടെ അവൻ പറഞ്ഞു.... " ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണോ ഹരിയേട്ടൻ പെട്ടെന്ന് വന്നത്.....? ആകാംക്ഷയോടെ അതിൽ ഏറെ പ്രതീക്ഷകൾ നിറഞ്ഞ ഒരു ചോദ്യമായിരുന്നു അതെന്ന് അവന് തോന്നിയിരുന്നു, അവളുടെ മുഖത്തെ പലഭാഗങ്ങളും അവന്റെ മറുപടിക്ക് വേണ്ടി കാത്തു നിൽക്കുന്നത് പോലെ അവന് തോന്നി...... " അങ്ങനെ ആണോ എന്ന് ചോദിച്ചാൽ നീ പറഞ്ഞതും ഒരു കാരണമാണ്, പിന്നെ ഒരുപാട് ദിവസം നിൽക്കാൻ വേണ്ടി വന്നത് ഒന്നും അല്ല,

എനിക്ക് ഒരു പത്ത് ദിവസത്തെ അവധിയെ ഉള്ളൂ..... ഉടനെ തന്നെ തിരിച്ചു പോണം, എൻറെ ഒരു സുഹൃത്ത് ഇവിടെ നാട്ടിലേക്ക് വരുന്നുണ്ടായിരുന്നു..... എനിക്ക് ഒരു പത്ത് ദിവസം അവധി ഉണ്ടായിരുന്നു ബാക്കി, അതുകൊണ്ട് ഞാൻ വെറുതെ ഒന്ന് എച്ച് ആറിനോട് ചോദിച്ചു നോക്കിയതാ...... ഓക്കേ പറഞ്ഞപ്പോൾ ഞാൻ ഇങ്ങ് പോന്നു, ഓണം കഴിഞ്ഞ് സന്തോഷത്തോടെ തിരിച്ചു പോകാം എന്ന് വിചാരിച്ചു, അപ്പൊൾ പത്ത് ദിവസത്തെ അവധിയെ ഉള്ളോ ഹരിയേട്ട.....!! അവളുടെ മുഖം മങ്ങുന്നതും അവിടെ ആ പ്രതീക്ഷകൾ കെട്ടടങ്ങുന്നതും ഒക്കെ അവൻ കണ്ടിരുന്നു, " പത്ത് ദിവസത്തെ അവധി എങ്കിലും ഉണ്ടല്ലോ, അങ്ങനെ ആശ്വസിക്കാം ഇല്ലെങ്കിൽ ഞാൻ നാലുമാസം കഴിഞ്ഞല്ലേ വരുമായിരുന്നുള്ളൂ,

ഇപ്പോ എനിക്ക് പത്ത് ദിവസത്തെ അവധി കിട്ടിയില്ലേ....?? ഇനി നാലുമാസം കഴിഞ്ഞ് ഒരു മാസം നിൽക്കാൻ ആയിട്ട് വരാം, നീ വന്നതല്ലേയുള്ളൂ...... ക്ഷീണം പോലും മാറിയില്ലല്ലോ, പോയി ഫ്രഷ് ആയിട്ടു വാ...... " അമ്മ പറഞ്ഞു ചായ കുടിക്കാൻ ചെല്ലാൻ...... " നീ ചെന്ന് കുളിക്ക്, ഒരുമിച്ചു പോകാം.... " ശരി ഹരിയേട്ടാ. അവൾ ഉത്സാഹത്തോടെ പോയി..... തന്നോട് സംസാരിക്കുമ്പോൾ അവന് ആ പഴയ പരിഭവം ഇല്ല എന്നത് അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു നിറച്ചിരുന്നത്....... അവനെ അടുത്ത് ആ സമയത്ത് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നിയിരുന്നു..... അതുപോലെ അവൻറെ ആ വാക്കുകൾ,

ഓണത്തിന് താൻ പറഞ്ഞിട്ടാണ് വന്നത് എന്ന ആ വാക്കുകളിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു.... കുളിച്ചു എന്നൊക്കെ വരുത്തുകയായിരുന്നു ജാനകി..... എങ്ങനെയെങ്കിലും അവൻറെ അരികിലേക്ക് എത്തുവാൻ മനസ്സ് വെമ്പൽ കൊള്ളുകയായിരുന്നു, അതുകൊണ്ട് പെട്ടെന്ന് തന്നെ കുളിച്ചു എന്ന് വരുത്തി ഇറങ്ങുകയായിരുന്നു അവൾ ചെയ്തത്....... കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആളെ മുറിയിൽ കാണാനില്ല, ആൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന് പറയുന്നത് ബാൽക്കണി ആണെന്ന് അവൾക്ക് അറിയാമായിരുന്നു, അതുകൊണ്ടുതന്നെ നേരെ ആ ബാൽക്കണിയിലേക്ക് ചെന്നു...... പ്രതീക്ഷ തെറ്റിക്കാതെ ആൾ അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു,

എന്തോ ചിന്തയിൽ ആണെന്ന് തോന്നുന്നു.... കയ്യിൽ മൊബൈൽ ഉണ്ട് , ആരെങ്കിലും വിളിച്ചുരിക്കുമ്പോൾ തോന്നിയ എന്തോ ചിന്ത ആണ് എന്നും അവൾക്ക് തോന്നി.... " ഹരിയേട്ടാ..... അവൾ വിളിച്ചപ്പോൾ അവൻ പെട്ടെന്ന് മുഖമുയർത്തി അവളെ നോക്കി, ഒരുവേള അവന്റെ കണ്ണുകൾ അവളുടെ സീമന്തരേഖയിൽ തന്നെ ഉടക്കി പോയിരുന്നു, അത്രമേൽ പടർത്തിയിട്ടുണ്ട് ആ സിന്ദൂരചുവപ്പ്....... ഇന്ന് അതിന് ഒരു പ്രേത്യക തിളക്കം, ആകപ്പാടെ ഒരു ഇരുത്തം വന്ന പോലെയാണ് ഇപ്പോൾ അവളുടെ രൂപം എന്ന് അവനു തോന്നി...... പഴയ കുറുമ്പുള്ള പാവം കുട്ടി അല്ല, ഇപ്പോൾ കണ്ടാൽ ഒരു ഭാര്യയാണെന്നും കുടുംബിനി ആണെന്നും ഒക്കെ തോന്നുന്ന രീതിയിലേക്ക് അവൾ മാറി എന്ന് അവന് മനസ്സിലായി......

വളരെ പെട്ടെന്ന് തന്നെ അവളിൽ ഒരു ഉത്തരവാദിത്വമുള്ള സ്ത്രീയെ കാണുവാൻ അവനു സാധിച്ചിരുന്നു, നേർത്തത് എങ്കിലും കട്ടിയുള്ള ഒരു ചെയിനിൽ മാറിൽ ചേർന്നു കിടക്കുന്ന തൻറെ പേര് എഴുതിയ ആലിലത്താലി, അതോടൊപ്പം തന്നെ ചുവന്ന തുടങ്ങിയ സീമന്തരേഖ, അതെല്ലാം അവനിലെ പുരുഷനിൽ വളരെയധികം സന്തോഷം നിറയുന്ന കാര്യങ്ങളായിരുന്നു ...... " ചായ കുടിക്കണ്ടേ....? വളരെ ഉത്സാഹത്തോടെയാണ് ഓരോ കാര്യങ്ങൾ ചോദിക്കുന്നത്, യന്ത്രികമായി അവൻ തലയാട്ടി പോയിരുന്നു, അതോടൊപ്പം തന്നെ മനസ്സിൽ ഇപ്പോൾ അവളെ കാണുമ്പോൾ തോന്നുന്നത് മറ്റു പല വികാരങ്ങളും ആണെന്ന് അവനും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.......

അവൾ തന്റെ ഭാര്യയാണെന്ന് തൻറെ മനസ്സ് തന്നെ ഓർമ്മിപ്പിക്കുന്നത് പോലെ...... അവളോട് തോന്നുന്ന ഇഷ്ടത്തിന് മറ്റൊരു നിറം കൈ വന്നതുപോലെ........ പക്ഷേ പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും തനിക്ക് അറിയില്ല, അതിനുമാത്രം തനിക്കൊരു ബുദ്ധിമുട്ടുണ്ട് ..... അവൾ അരികിൽ നിൽക്കുമ്പോൾ ഒരു പുരുഷന് തന്റെ ഭാര്യയോട് തോന്നുന്ന എല്ലാ വികാരങ്ങളും തന്നെ വലയം ചെയ്യുന്നുണ്ട്, പക്ഷേ അതെല്ലാം സ്വീകരിക്കേണ്ടവളെ കാണുമ്പോൾ ഒന്നും കഴിയാത്ത ഒരു അവസ്ഥ, മനസ്സ് വല്ലാതെ തളർന്നു പോകുന്നതുപോലെ....... അവളോടൊപ്പം താഴേക്കിറങ്ങി ശ്രീഹരി വരുമ്പോൾ ആ കാഴ്ച കണ്ട് സേതുവിൻറെയും സുഗന്ധിയുടെ മനസ്സും നിറഞ്ഞിരുന്നു.....

രണ്ടു പേരും സന്തോഷത്തോടെ ജീവിക്കണം എന്ന് തന്നെയാണ് അവർ ആഗ്രഹിക്കുന്നത്..... ശ്രീഹരിക്ക് അത്രപെട്ടെന്നൊന്നും ജാനകിയെ ഭാര്യയായി കാണാൻ കഴിയില്ലെന്ന് മറ്റാരേക്കാൾ നന്നായി സേതുവിന് അറിയാമായിരുന്നു, ചായ നാലുപേരും ഒരുമിച്ചിരുന്ന് ആയിരുന്നു കുടിച്ചത്..... ശ്രീദേവും ശ്രീവിദ്യയും വൈകുന്നേരം എത്തും എന്ന് പറഞ്ഞിരുന്നു, ശ്രീഹരി അവരെ കൂട്ടാൻ പോകാമെന്ന് പറഞ്ഞപ്പോൾ സേതു അത്‌ എതിർത്തു.... ശ്രീദേവും വിദ്യയും കൂടി ആയിരിക്കും വരുന്നത് എന്നും പ്രത്യേകം പോകേണ്ടെന്നും ഇനി അവര് വിളിക്കുകയാണെങ്കിൽ താൻ പൊയ്ക്കോളാം എന്നും വന്ന ദിവസം തന്നെ യാത്ര വേണ്ട എന്നുമൊക്കെ വിലക്കുകയും ചെയ്തിരുന്നു......

നാട്ടുവർത്തമാനങ്ങളും വിദേശ വർത്തമാനങ്ങളും ഒക്കെ പറഞ്ഞ് കുറെ സമയം നാലുപേരും ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ സുഗന്ധി അടുക്കളയിലേക്ക് ചെന്നപ്പോൾ ഒപ്പംജാനകിയും അടുക്കളയിലേക്ക് ചെന്നു, അടുക്കളയിലെ ചെറിയ പരിപാടികൾ എല്ലാം തീർത്തു സന്ധ്യയോടെ സുഗന്ധിയോടൊപ്പം അവൾ നാമം ജപിക്കാൻ ഇരുന്നപ്പോൾ ശ്രീഹരിയും ഉണ്ടായിരുന്നു ഉമ്മറത്തു..... പ്രാർഥനാ മന്ത്രങ്ങളും ഗീതങ്ങളും കണ്ണടച്ചിരുന്ന് ചൊല്ലുന്ന നിഷ്കളങ്കമായ അവളുടെ പ്രാർത്ഥന ശ്രദ്ധിക്കുമ്പോഴും അറിയാതെ അവന്റെ കണ്ണുകളിൽ മുഴുവൻ അവൾ ആയിരുന്നു.....!!

നേരത്തെ അവളെ കാണുമ്പോൾ തന്റെ മനസ്സിൽ ഉടലെടുക്കുന്ന വികാരം വാത്സല്യം ആയിരുന്നുവെങ്കിൽ ഇപ്പോൾ അവളെ കാണുമ്പോൾ തനിക്ക് ഉണ്ടാകുന്നത് പേരറിയാത്ത മറ്റൊരു വികാരമാണെന്ന് അവൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു...... പക്ഷേ അത് അവളോട് പ്രകടിപ്പിക്കുവാൻ തനിക്ക് സാധിക്കുന്നില്ല, ഒന്ന് ചേർത്ത് പുൽകുവാൻ തൻറെ കൈകൾക്ക് എന്തോ ഒരു ബലക്ഷയം ഉള്ളതുപോലെ, നീ എൻറെ സ്വന്തമല്ലേ എന്ന് ചോദിച്ച് അവളെ തന്റെ മാറോടു ചേർക്കുവാൻ കരങ്ങൾക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു...... ഉള്ളിൽ ഉടലെടുക്കുന്ന ഓരോ വികാരങ്ങളെയും വിവേകത്തിൽ പൊതിഞ്ഞു പിടിക്കുവാൻ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു ശ്രീഹരി.....

ഈ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ താൻ വീണ്ടും പ്രണയത്തിൻറെ മായലോകത്ത് എത്തിയിരിക്കുന്നു....... യൗവനത്തിൽ നിന്ന് പെട്ടന്ന് കൗമാരത്തിലേക്ക് വലിച്ചെറിയപ്പെട്ട പോലെ അവനു തോന്നി...... വീണ്ടും മനസ്സിൽ പ്രണയമുകുളങ്ങൾ നമ്പിട്ട് തുടങ്ങുന്നു.....മനസ്സ് വീണ്ടും ഒരു കൗമാരക്കാരൻ ആവുന്നത് പോലെ അവനു തോന്നി....... ഈ തീക്ഷണമായ യൗവനകാലത്ത് വീണ്ടുമൊരു പ്രണയവല്ലരി തൻറെ മനസ്സിൽ തളിർക്കുന്നത് പോലെ, അതും ഇവൾക്ക് വേണ്ടിയോ......? അത്‌ ഒരു ചെറുചിരിയോടെ ആയിരുന്നു അവൻ അറിഞ്ഞത്, അറിയാതെ ആ പുഞ്ചിരി അവൻറെ ചൊടിയിൽ ബാക്കിയായിരുന്നു, കണ്ണുതുറന്ന് ജാനകി കണ്ടത് പുഞ്ചിരിയോടെ ഇരിക്കുന്ന ശ്രീഹരിയെ ആണ്.....

കാരണം അറിയില്ലെങ്കിലും അവൻറെ പ്രസന്നമായ മുഖം അവളിലും ഒരു സമാധാനം നിറച്ചിരുന്നു, നാമജപം എല്ലാം കഴിഞ്ഞ് സേതു പുറത്തേക്ക് പോകാൻ ആയി തുടങ്ങിയപ്പോഴാണ് ശ്രീദേവിന്റെ ഫോൺ വരുന്നത്, രണ്ടുപേരും നാളെ രാവിലെ എത്തുകയുള്ളൂ എന്ന്...... ഹരി വന്ന വിവരം അവനോട് പറയണ്ട എന്ന് അവൻ നേരത്തെ തന്നെ പറഞ്ഞിരുന്നു, ഇവിടെ വരുമ്പോൾ അറിഞ്ഞാൽ മതി, അവർക്ക് ഒരു സർപ്രൈസ് ആയിരുന്നു....... അതുകൊണ്ടുതന്നെ ആ വിവരം ആരും പറഞ്ഞിരുന്നില്ല, സേതു പുറത്തേക്ക് പോകാനായി തയ്യാറെടുത്തിരുന്നു..... എല്ലാ ദിവസവും വൈകുന്നേരം കുറച്ചുസമയം പുറത്തു പോയിരിക്കുന്നത് അയാളുടെ ഒരു പതിവാണ്,

പുറത്തേക്ക് പോകുവാൻ ഉള്ള വണ്ടിയുമെടുത്ത് അയാൾ പോയി, ടിവി ഓണാക്കി സുഗന്ധി സീരിയൽ കാണാൻ ആയിരുന്നപ്പോൾ ശ്രീഹരി മുകളിലേക്ക് പോയി, മുകളിലേക്ക് പോകുവാൻ എന്തുകൊണ്ട് ജാനകിക്ക് ഒരു മടി തോന്നി...... അതുകൊണ്ട് തന്നെ അവൾ സുഗന്ധിക്ക് ഒപ്പമിരുന്നു...... പതിവില്ലാതെ അവൾ തന്റെ അരികിൽ ഇരിക്കുന്നത് കണ്ടപ്പോൾ സുഗന്ധിക്ക് ചിരി വരുന്നുണ്ടായിരുന്നു.... " നിനക്ക് ഒന്നും പഠിക്കാനില്ലേ കൊച്ചേ....? അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവർ ചോദിച്ചു..... " എനിക്ക് മുകളിലേക്ക് പോകാൻ ഒരു മടി, " അതിനെന്താ നിങ്ങടെ മുറി അല്ലേ...? പോയിരുന്ന പഠിക്കാൻ നോക്ക്...... എല്ലാ ദിവസവും ഉള്ള ശീലങ്ങളൊന്നും മാറ്റാൻ നിൽക്കണ്ട..... "

ഹരി ഏട്ടന് കിടക്കുവല്ലേ, ഞാൻ ചെന്നാൽ അത് ബുദ്ധിമുട്ടാകില്ലേ.... " എന്ത് ബുദ്ധിമുട്ട്, ഭാര്യയും ഭർത്താവും ഒരു മുറിയിലാണ് താമസിക്കുന്നത്, രണ്ടുപേരും ചെയ്യുന്ന പ്രവർത്തികൾ അങ്ങോട്ടുമിങ്ങോട്ടും അംഗീകരിക്കേണ്ടതാണ്..... ഇപ്പൊൾ അവൻ കിടക്കുന്നതിനേക്കാൾ മുഖ്യം നിൻറെ പഠിത്തം അല്ലേ....? അവിടെ പോയിരുന്നു പഠിക്കാൻ നോക്ക്, സുഗന്ധി നിർബന്ധിച്ചപ്പോൾ പോകാതിരിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല, മടിച്ചുമടിച്ച് അവൾ മുറിയിലേക്ക് ചെന്നപ്പോൾ ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുകയാണ് ശ്രീഹരി..... ആ മുഖം കണ്ടപ്പോൾ വീണ്ടും ശക്തി ഒക്കെ എവിടെയോ പോകുന്നത് പോലെ അവൾക്ക് തോന്നി......

പെട്ടന്ന് വാതിൽക്കൽ അവളെ കണ്ടപ്പോൾ ഒന്ന് തലയുയർത്തി നോക്കുവാൻ അവനും മറന്നിരുന്നില്ല, അവളുടെ മുഖത്തെ പരുങ്ങൽ കണ്ടപ്പോൾ അവനും ചിരിയാണ് വന്നത്..... " നീ എന്താ അവിടെ നിന്ന് തിരിഞ്ഞു കളിക്കുന്നത്......?? അവൻ ഫോൺ മാറ്റിവെച്ച് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " ഞാൻ ബുക്ക് എടുക്കാൻ വന്നതാ, പഠിക്കാൻ വേണ്ടി, ബാൽക്കണിയിൽ പോയി.... " എന്നും നീ ബാൽക്കണിയിൽ ഇരുന്ന് ആണോ പഠിക്കുന്നത്....? ഇവിടെ മുറിയിലിരുന്ന് അല്ലേ....? പിന്നെന്താ ഇന്ന് ബാൽക്കണിയിൽ, " ഹരിയേട്ടന് അതൊരു ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി, " എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല നീ വന്നു ഇവിടെ ഇരുന്നു പഠിച്ചോ.....

അവൻ പറഞ്ഞപ്പോൾ പിന്നീട് അവർക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല, മടിച്ചുമടിച്ച് അവൾ മുറിയിലേക്ക് കയറി ബുക്ക് തുറന്നു പഠിക്കാൻ നോക്കി...... പക്ഷേ കണ്ണുകൾ പാളി അവൻറെ നേർക്ക് പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു, വായിക്കുന്നത് എന്താണെന്ന് പോലും അവൾക്ക് ബോധം ഉണ്ടായിരുന്നില്ല, അരികിൽ അവൻ ഇരിക്കുമ്പോൾ തനിക്ക് തന്നെ സ്വയം നഷ്ടമാകുന്നത് ജാനകി തിരിച്ചറിയുന്നുണ്ടായിരുന്നു....... രണ്ടുപേർക്കും മനസ്സിൻറെ കടിഞ്ഞാൺ നഷ്ടമായ നിമിഷങ്ങൾ.... പക്ഷേ പരസ്പരം തുറന്നു പറയുവാൻ വയ്യ, അവസാനം ജാനകി തന്നെ ബുക്ക് മടക്കിവെച്ചു....... പഠിക്കുന്നതൊന്നും മനസ്സിലാവുന്നില്ല.....

കുറച്ചു സമയം കൊണ്ട് തന്നെ ബുക്ക് മടക്കിവെച്ച് വളരെ അത്ഭുതത്തോടെയാണ് ശ്രീഹരി നോക്കിയത്..... " ഇത്രപെട്ടെന്ന് പഠിച്ചുകഴിഞ്ഞോ....? ഇതാണോ നിന്റെ പഠിപ്പ്....?? " ഇന്ന് പ്രത്യേകിച്ച് ഒന്നും പഠിപ്പിച്ചില്ല ഹരിയേട്ടാ, കുറച്ചേ ഉണ്ടായിരുന്നുള്ളൂ...... പിന്നെ കുറച്ച് എഴുതാനുള്ളത് ആണ്, അത്‌ ഞാൻ വെളുപ്പിനെയെഴുന്നേറ്റു എഴുതി കൊള്ളാം, എങ്കിലേ എനിക്ക് മനസ്സിലാവുള്ളൂ, " എങ്കിൽ ബുക്ക് അടച്ചുവെച്ച് ഇവിടെ വാ.....!! ശ്രീഹരി അത് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് തന്നെ കട്ടിലിൽ ഒരു ഓരത്തായി വന്നിരുന്നു, കട്ടിലിനടിയിൽ നിന്നും ബാഗ് എടുത്ത് കട്ടിലിലേക്ക് വച്ചു ശ്രീഹരി.... " പെട്ടെന്ന് വന്നത് അതുകൊണ്ട് അധികം സാധനങ്ങൾ ഒന്നും വാങ്ങാൻ പറ്റില്ല,

എങ്കിലും വീട്ടിൽ ഉള്ള ആർക്കും ഒന്നും വാങ്ങാതിരിക്കാൻ പറ്റില്ലല്ലോ, കുറച്ചു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി..... നിൻറെ ഇഷ്ടങ്ങൾ ഒന്നും എനിക്ക് സത്യത്തിൽ അറിയില്ല എന്ന് അറിയാമല്ലോ, എല്ലാം ഞാൻ നിന്നോട് ചോദിച്ചിട്ടല്ലേ വാങ്ങാറ്, ആരോടും പറയാത്തത് കൊണ്ട് എനിക്കിഷ്ടപ്പെട്ടത് ഒക്കെ ആണ് വാങ്ങിയത്, ബാഗ് തുറന്ന് അവൾക്ക് സ്ഥിരം കൊണ്ടുവരുന്നത് പോലെ കുറെ ചോക്ലേറ്റുകൾ, പെർഫ്യൂം,എല്ലാം അവൻ എടുത്തു വച്ചു.... " പിന്നെ നിനക്ക് ഇഷ്ടം ആവുമോന്ന് എനിക്ക് അറിയില്ല, എനിക്ക് ഇഷ്ടപ്പെട്ടപ്പോൾ ഞാൻ വാങ്ങിയത് ആണ് നിനക്ക് വേണ്ടി.... ബാഗിൽ നിന്നും ഒരു ബോക്സ് എടുത്ത് അവളുടെ നേരെ അവൻ നീട്ടിയിരുന്നു,

ചെറിയൊരു ഡയമണ്ട് പെൻഡന്റ് ലോക്കറ്റ് ഉള്ള ഒരു നേരിയ ചെയിനിൽ ഉള്ള മാല ആയിരുന്നു..... അതേ പാറ്റേണിൽ ഉള്ള ഒരു കമ്മലും, സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... ആ നിമിഷം മനസ്സിലാവാതെ ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി.................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story