സ്നേഹദൂരം.....💜: ഭാഗം 41

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

 തൻറെ ശരീരത്തിലേക്ക് ചേർന്നു കിടക്കുന്ന അവളുടെ ഉടൽ അവന്റെ മനസ്സിലും പലതരത്തിലുമുള്ള മോഹങ്ങൾക്ക് തിരി കൊളുത്തുകയായിരുന്നു, പ്രണയിക്കുവാനും പ്രണയിക്കപെടാനും അതിനുമപ്പുറം പലതിനും അവൻ ആഗ്രഹിച്ചിരുന്നു ആ നിമിഷം...... അവളുടേതായ ഒരു പ്രത്യേക സുഗന്ധം തന്നെ പൊതിയുന്നതും അവൻ അറിഞ്ഞിരുന്നു..... ഒട്ടൊരു കൗതുകത്തോടെ ആണ് അവളുടെ ഗന്ധം അവൻ തിരിച്ച് അറിഞ്ഞിരുന്നത്, ഇണയുടെ ഗന്ധം..... മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് പോലെ..... എത്രയൊക്കെ ശ്രമിച്ചിട്ടും തന്നെ തനിക്ക് പരിചിതമല്ലാത്ത പല വികാരങ്ങളും തന്നിൽ ഉണരുന്നത് ശ്രീഹരി അറിയുന്നുണ്ടായിരുന്നു......

ഇതുവരെ മനസ്സിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അവളോടുള്ള ഇഷ്ടവും പ്രണയവും എല്ലാം ഈ ഒരു നിമിഷം തന്നെ പുറത്തു വന്നു പോകുമോ എന്ന് പോലും അവൻ ഭയന്നു പോയ നിമിഷങ്ങൾ, തന്റെ തൊട്ടടുത്ത് അവളുടെ നിശ്വാസം, അതിനുമപ്പുറം തനിക്ക് സ്വന്തമായി നഷ്ടപ്പെടുന്നത് പോലെ ഒരു തോന്നൽ...... സ്വയം ബോധം വീണ്ടെടുത്ത് അവൾ തന്നെയാണ് ആദ്യം എഴുന്നേറ്റത്, ആ നിമിഷവും ഹരി നിശ്ചലമായിന്നുള്ളൂ...... അവനിൽ സംഭവിക്കുന്ന മാറ്റങ്ങൾ അവന് മനസ്സിലാക്കാൻ കഴിയുന്നില്ല ആയിരുന്നു...... താൻ അവളെ ആഗ്രഹിക്കുന്നുണ്ടോ....? അവൻ മനസിനോട് ചോദിച്ചു നോക്കി.....

കൃത്യമായ മറുപടി അതിനു ലഭിച്ചില്ലെങ്കിലും അവളോട് ഇപ്പോൾ തനിക്ക് തോന്നുന്നത് വാത്സല്യത്തിനപ്പുറം മറ്റുപല ഇഷ്ടങ്ങളും ആണെന്ന് അവൻ മനസ്സിലാക്കിയിരുന്നു, അവൾ തന്റെ ശരീരത്തിലേക്ക് ചേർന്ന നിമിഷം തന്നെ തന്നെ പൊതിഞ്ഞ ആ സുഗന്ധം, തന്നെ മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് പോലെ.... അവളോട് സ്നേഹവും പ്രണയവും അതിനപ്പുറം മറ്റു പലതും ഒക്കെ തോന്നുന്നു, പ്രണയത്തെ മറ്റു പല വികാരങ്ങളും അടിമപ്പെടുന്നത് പോലെ...... ഒന്ന് ചുംബനങ്ങൾ കൊണ്ട് മൂടാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ട്, അവളിൽ ഒന്നായി അലിഞ്ഞു ചേരാൻ ആഗ്രഹം തുടിക്കുന്നുണ്ട്..... പക്ഷേ എന്തോ ഒരു ദൂരം പോലെ,

എങ്കിലും മനസ്സ് അതിർവരമ്പുകൾ ഭേദിക്കാൻ തുടങ്ങുകയാണ് എന്ന് അവനു തോന്നി തുടങ്ങിയിരുന്നു...... പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു, അവളുടെ സാരിയുടെ പകുതിയും അഴിഞ്ഞു പോയിരിക്കുകയാണ്, കാൽതട്ടി ആണ് വീണത് എന്നതുകൊണ്ടുതന്നെ പിൻ വച്ച് ഉറപ്പിച്ചിരുന്ന കുറെ ഭാഗം അഴിഞ്ഞു പോയി, അനാവൃതമായി കിടക്കുന്ന അവളുടെ ശരീരത്തിലെ പല ഭാഗങ്ങളും മറക്കുവാൻ അവൾ പെടാപ്പാട് പെടുന്നത് കണ്ടപ്പോൾ അവൻ ഒന്ന് തല കുടഞ്ഞു കളഞ്ഞിരുന്നു...... " ഞാൻ പുറത്തേക്ക് നിൽക്കാം, നീ ശരിക്കും സാരിയുടുത്തോ....? " ഹരിയേട്ടാ......!! എനിക്ക് സാരിയുടുക്കാൻ അറിയില്ല, ഇത് അമ്മയും ചേച്ചിയും കൂടി ഉടുപ്പിച്ചു തന്നതാ,

നിഷ്കളങ്കയോട് പറയുന്നവളുടെ മുഖത്തേക്ക് അറിയാതെ ഹരി നോക്കി പോയി ....... "അറിയില്ലേ.....? ഞാൻ ഇനി എങ്ങനെ ആണ് അവരുടെ അടുത്തേക്ക് പോകുന്നത്.....? ഇത്ര നാളായിട്ടും നിനക്ക് സാരി ഉടുക്കാൻ അറിയില്ലേ......? അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ നിഷ്കളങ്കമായ ഒരു പുഞ്ചിരി ആയിരുന്നു അവൾ അവന് മറുപടിയായി നൽകിയിരുന്നത്.... " ഹരിയേട്ടൻ ഒന്ന് വിദ്യചേച്ചിയെ വിളിച്ചിട്ട് വരുമോ....? ഇതൊന്നും ഉടുത്തു തരാൻ, ഞാൻ എങ്ങനെ പുറത്തേക്ക് ഇറങ്ങാൻ ആണ് .....? " ശരി നോക്കട്ടെ.... ശ്രീഹരി പുറത്തേക്കിറങ്ങി പോയിരുന്നു,

വിദ്യയുടെ മുറിയിലേക്ക് ചെന്ന് കുറെ പ്രാവശ്യം തട്ടിയിട്ടും അവളുടെ വിവരം കാണാഞ്ഞാണ് മുറി തുറന്നു നോക്കിയത്, അപ്പോഴും കാണാതെ ആയപ്പോൾ അവൻ ഹോളിലേക്ക് ഇറങ്ങി വന്നിരുന്നു, സേതു ടി വി കാണുന്നുണ്ടായിരുന്നു, " വിദ്യ എന്തേ അച്ഛാ.....? സേതുവിന്റെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.... " ഇപ്പൊൾ പുറത്തേക്ക് പോയതേയുള്ളൂ, " എവിടെ പോയതാ...? "സുഭാഷിന്റെ വീട്ടിലോട്ട് പോയതാണ്, സുഗന്ധി ആണ് ആദ്യം പോയത്, വിദ്യ വന്നത് അറിഞ്ഞിട്ട് അവളെ വിളിച്ചു കൊണ്ടു പോയി,എന്താടാ എന്താ കാര്യം.....? രണ്ടും കൂടി കഥ പറഞ്ഞു അവിടെ കൂടിയത് ആണ് എന്ന് തോന്നുന്നു, എന്താടാ എന്തുപറ്റി....? അവൻറെ മുഖത്തെ ഭാവങ്ങൾ കണ്ട് സേതു ചോദിച്ചു, " ഒന്നുമില്ല അവിടെ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാ..... മറുപടിയൊന്നും പറയാതെ അവൻ മുകളിലേക്ക് ചെന്നപ്പോഴും, ജാനകി അതേ നിൽപ്പ് നിൽക്കുകയാണ്,

ഒരുവിധത്തിൽ പറ്റുന്ന രീതിയിൽ ഒക്കെ അവൾ സാരി ഉടുക്കാൻ ഒരു ശ്രമം നടത്തുന്നുണ്ട്, പക്ഷേ എല്ലാം പരാജയപ്പെട്ടു പോവുകയാണ്..... അവളുടെ നിൽപ്പ് പരിഭ്രമവും ഒക്കെ കണ്ടപ്പോൾ ആദ്യം ശ്രീഹരിക്ക് ചിരി വന്നിരുന്നുവെങ്കിലും ഒന്നും മിണ്ടാതെ അവൻ മുറിയിലേക്ക് കയറി ഡോർ ലോക്ക് ചെയ്തിരുന്നു..... പെട്ടെന്നുള്ള അവൻറെ ആ പ്രവർത്തിയും അവളും ഒന്ന് പരിഭ്രമിച്ചു പോയിരുന്നു, " വിദ്യ എവിടെ ഹരിയേട്ടാ.....? " അവൾ ഇവിടെ ഇല്ല, അപ്പുറത്തെ വീട്ടിൽ പോയിരിക്കുവാ, അമ്മയും കൂടെ പോയി.... " ഇനി എന്താ ചെയ്യാ.....? " നീ ഒരു കാര്യം ചെയ്യ് അത് മാറ്റി ചുരിദാറിട്ട് പൊക്കോ.....? ഇല്ലെങ്കിൽ പിന്നെ നിനക്ക് ഇന്ന് വൈകും, "അത്‌ പറ്റില്ല ഹരിയേട്ടാ, എല്ലാരും സാരി ഉടുത്തിട്ട് ആണ് വരുന്നത്, ഞാൻ മാത്രം ചുരിദാറിട്ട പോകാനോ.....? " പിന്നെ എന്ത് ചെയ്യാനാ, അവളും അമ്മയും കൂടി അടുത്ത വീട്ടിൽ പോയിരിക്കുകയാണ്,

അവിടെ ചെന്ന് ഞാൻ എങ്ങനെ ആണെടി വിളിക്കുന്നേ....? " ശോ....!! എങ്കിൽ പിന്നെ ഞാൻ ചുരിദാറിട്ട പോകാം, എങ്കിലും അവളുടെ മുഖം വാടിയപ്പോൾ അവനും സങ്കടം തോന്നിയിരുന്നു, " നിൽക്ക് നമുക്ക് രണ്ടുപേർക്കും കൂടെ എങ്ങനെ എങ്കിലും നോക്കാം..., " അതിന് ഹരിയേട്ടന് സാരി ഉടുക്കാൻ അറിയാമോ....? " പിന്നെ ഞാൻ ദിവസവും സാരി ഉടുത്തു കൊണ്ട് അല്ലേ നടക്കുന്നത്......!! നിന്നെക്കാൾ അറിയാമേന്ന് തോന്നുന്നു, ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ....? കാണുമ്പോൾ മനസ്സിലാവില്ലേ....? അതും പറഞ്ഞു അവൻ അരികിലേക്ക് വന്നപ്പോൾ ഒരു നിമിഷം അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്ന് പോയിരുന്നു, ഞൊറിവുകൾ എല്ലാം നന്നായി തന്നെ അവൻ പിടിച്ചു തന്നപ്പോൾ അവൾ നന്നായത് ഉടുക്കാൻ ശ്രമിച്ചിരുന്നു,

ഞൊറിവുകൾ കൃത്യമായി പിടിച്ച് അവളുടെ കാൽക്കൽ ഇരിക്കുമ്പോൾ അറിയാതെ നോട്ടം മുകളിലേ വയറിലേക്ക് പായുന്നത് അവനും അറിയുന്നുണ്ടായിരുന്നു.... നോട്ടം ചെല്ലുന്നതെല്ലാം വയറിലേക്ക് തന്നെയാണ്, എത്ര ശ്രമിച്ചിട്ടും അവളുടെ വയറിലേക്ക് ഉള്ള ആ നോട്ടം തന്നെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് അവന് തോന്നിയിരുന്നു...... ഏകദേശം കൃത്യമായ രീതിയിൽ ഒക്കെ സാരി ഉടുത്തു കഴിഞ്ഞപ്പോൾ അവളുടെ മുഖം തിളങ്ങുന്നത് കണ്ടിരുന്നു, അത്‌ അവനിലും ഒരു സന്തോഷം നിറച്ചിരുന്നു...... " വയറു മറച്ചു ഒരു. പിൻ എടുത്ത് കുത്ത്, അവൻ ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞപ്പോഴാണ്, അവൾ പെട്ടെന്ന് ആ കാര്യമോർത്തത്, പെട്ടെന്ന് തന്നെ പിന്ന് എടുത്തു കുത്തിയിരുന്നു, അപ്പോഴേക്കും പുറംഭാഗം മുഴുവൻ കാണാം എന്ന അവസ്ഥ ആയി... " ഹരിയേട്ടാ......!!!

കൊച്ചുകുട്ടികളെപ്പോലെ കണ്ണാടിയിൽ നോക്കി അവൾ കെഞ്ചുന്നത് കണ്ടപ്പോൾ അവനും ചിരി വരുന്നുണ്ടായിരുന്നു, അവസാനം അവൻ തന്നെ നന്നായി പുറംഭാഗം വലിച്ചു പിടിച്ച് അവളുടെ വയറു മറച്ചു പിൻ കുത്തികൊടുത്തു.... ഒരു നിമിഷം അവന്റെ കൈകളുടെ ചൂട് ശരീരത്തിലൂടെ ഒന്ന് പാഞ്ഞപ്പോൾ അവളിൽ ഒരു മിന്നൽ പാഞ്ഞു...... അറിയാതെയാണെങ്കിലും അവൻറെ വിരലുകളും ആ വയറിനെ തഴുകി, " ഇപ്പോ ഒക്കെ ആയില്ലേ....? അവളെ മൊത്തത്തിൽ നോക്കി അവൻ ചോദിച്ചു...!! " ഒപ്പിച്ചു എന്ന് പറയാം, കണ്ണാടിയിൽ നോക്കി അവൾ പറഞ്ഞു... " പോടീ ഒപ്പിച്ചു എന്ന്, ഞാൻ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.... നിനക്ക് ഇത്രയും പോലും അറിയില്ലായിരുന്നല്ലോ..... വലിയ കാര്യം പോലെ അവൻ അതും പറഞ്ഞ് മുണ്ട് മടക്കി മീശപിരിച്ച് കാണിച്ചു..... സൂപ്പർ എന്ന ആക്ഷനും കാണിച്ചു....

" ഒരു സാരി മര്യാദക്ക് ഉടുക്കാൻ പോലും അറിയില്ല, അവൾ കല്യാണം കഴിക്കാൻ നടക്കുന്നു, ചിരിയോടെ അത് പറഞ്ഞത് വാതിൽ തുറന്ന് അവൻ പോയപ്പോൾ അവളുടെ ചൊടിയിലും ഒരു പുഞ്ചിരി ബാക്കിയായിരുന്നു..... ഹരിക്കൊപ്പം തന്നെയായിരുന്നു അവൾ താഴേക്ക് ഇറങ്ങി വന്നിരുന്നത്... ശ്രീദേവ് ഫോണിൽ സംസാരിക്കുകയായിരുന്നു രണ്ടുപേരുടെയും വരവ് കണ്ട് അവൻറെ മനസ്സും നിറഞ്ഞിരുന്നു..... " നീയിനി ഇപ്പോൾ ബസിന് ഒന്നും പോകണ്ട, " ദേവ, ഒരു ഓട്ടോ വിളിച്ചിട്ട് വാ,ഇവളെ ഒന്ന് കോളേജിലേക്ക് കൊണ്ടുപോണം, " അതിനെന്തിനാ ഏട്ടാ ഓട്ടോ,എന്റെ ബുള്ളറ്റ് ഉണ്ട്, അത്‌ പോരെ, ഏട്ടൻ കൊണ്ട് വിടു, " അതൊന്നും ശരിയാവില്ല, നീ ഒരു ഓട്ടോ പോയി വിളിച്ചിട്ട് വാ, അവൾക്ക് സമയമായി, ഉച്ചവരെ ഉള്ളല്ലോ അല്ലേ....? അവളുടെ മുഖത്തേക്ക് നോക്കി ശ്രീഹരീ ചോദിച്ചപ്പോൾ അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു...

" പരിപാടി തീരാറാകുമ്പോൾ നീ എന്നെ ഒന്നു വിളിച്ചാൽ മതി, ഞാൻ അപ്പോ ഓട്ടോ പറഞ്ഞേക്കാം.... ശ്രീഹരി അങ്ങനെ പറഞ്ഞപ്പോഴും അവളുടെ മുഖം അത്ര തെളിഞ്ഞിരുന്നില്ല, അവനോടൊപ്പം ആ ബൈക്കിൽ ഒരുമിച്ച് ചേർന്ന് പോകുവാൻ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമായിരുന്നു..... പക്ഷേ അവളുടെ മുഖത്ത് മ്ലാനത ശ്രീഹരിക്ക് അറിയാൻ കഴിഞ്ഞില്ല...... അപ്പോഴേക്കും ശ്രീദേവ് ഓട്ടോ വിളിക്കാനായി പോയിരുന്നു, ഓട്ടോയിൽ അവളെ കയറ്റി വിട്ടതിന് ശേഷമാണ് ശ്രീഹരി മുറിയിലേക്ക് എത്തിയത്, മുറിയിലേക്ക് വന്നപ്പോൾ അവൻ നേരെ കട്ടിലിലേക്ക് കിടക്കുകയായിരുന്നു ചെയ്തിരുന്നത്....

കഴിഞ്ഞുപോയ ചില നിമിഷങ്ങളുടെ ഓർമ്മകൾ ചൊടിയിൽ ഒരു പുഞ്ചിരിയായി പരിണമിച്ചിരുന്നു, എന്താണ് തനിക്ക് സംഭവിച്ചത് ഒരിക്കലും ഇങ്ങനെ അവളെ കാണാൻ സാധിക്കില്ല എന്ന് കരുതി, ഈ ഒരുവളിൽ താൻ പ്രണയം കണ്ടെത്താൻ ശ്രമിക്കുകയാണ്, ഈ യൗവനകാലത്ത് തന്നിൽ വീണ്ടും ഒരു കൗമാരക്കാരൻ ഉണരുകയാണോ.....? അങ്ങനെ പല ചോദ്യങ്ങൾ അവനവൻറെ മനസ്സിനോട് തന്നെ ചോദിച്ചിരുന്നു...... എല്ലാത്തിലും ഒരു മുഖം മാത്രം തെളിഞ്ഞുനിന്നു, ജാനകി, അതെ അവളാണ് തൻറെ ഭാര്യ എന്ന് തൻറെ മനസ്സ് അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു..... പക്ഷേ തങ്ങൾക്കിടയിൽ ഇപ്പോഴും നേർത്ത ഒരു സ്നേഹദൂരമുണ്ട് അത് ഈശ്വരൻ തന്നെ മാറ്റി തരട്ടെ എന്ന് അവൻ ആഗ്രഹിച്ചു,

അതോടൊപ്പം ഇനി ഒരു പ്രവാസ ജീവിതം വല്ലാതെ വേദനയായിരിക്കും നൽകുന്നത് എന്നും അവനു മനസ്സിലായിരുന്നു......... ഈ കുറച്ചു കാലങ്ങൾ കൊണ്ട് അവൾ തൻറെ മനസ്സിൽ ഇ ത്രത്തോളം ഇടം നേടി എങ്കിൽ, താൻ ഇത്രത്തോളം അവളുടെ സാന്നിധ്യം ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, തന്നെ അവൾ പ്രണയിച്ചിരുന്നു എന്ന് പറഞ്ഞ നിമിഷങ്ങൾ മുതൽ തന്റെ സാന്നിധ്യവും കരുതലും സംരക്ഷണവും ഒക്കെ എത്രത്തോളം അവൾ ആഗ്രഹിച്ചിട്ടുണ്ടാകും, താൻ അകറ്റിനിർത്തിയ നിമിഷങ്ങളിൽ അവൾ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും, ഈ നിമിഷം പോലും...... വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിനു മുൻപേ താൻ മരുഭൂമിയിലേക്ക് യാത്രയായപ്പോൾ അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ തന്റെ സ്നേഹം....? തന്റെ സാന്നിധ്യം......?

താൻ ചെയ്തതൊക്കെ തെറ്റാണോ എന്ന കുറ്റബോധം ആ നിമിഷം അവൻറെ മനസ്സിനെ മഥിക്കുവാൻ തുടങ്ങിയിരുന്നു, എന്നിട്ടും ഒരു പരാതിയും പരിഭവവും പറയാതെ തന്റെ സ്നേഹം ഏറ്റുവാങ്ങുകയാണ് അവൾ, ചെറിയൊരു സമ്മാനം ആണെങ്കിലും പുഞ്ചിരി ആണെങ്കിലും അതിൽ അവൾ സന്തോഷം കണ്ടെത്തുന്നു, യഥാർത്ഥ പ്രണയം അങ്ങനെയാണ് എന്ന് അവൻ മനസ്സിലാക്കി, താൻ അവളെ വേദനിപ്പിച്ചതിന് പകരമായി അവളെ കൂടുതൽ സ്നേഹിക്കണം എന്ന് ആ നിമിഷം അവൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു, അന്നത്തെ ദിവസം മുഴുവൻ അവൻ ആലോചിച്ചത് ജാനകി തിരികെ വരുന്നതിനെക്കുറിച്ച് ആയിരുന്നു. തിരികെ വന്നു അവന്റെ അരികിലേക്ക് ഇരിക്കുന്നതും. അവന്റെ സാന്നിധ്യവും എല്ലാം ആ ദിവസം അവൻ വല്ലാതെ ആഗ്രഹിച്ചിരുന്നു...... എത്രയും പെട്ടെന്ന് അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് പോലും തോന്നിയിരുന്നു,

ഇടയ്ക്ക് പല പ്രവർത്തികൾ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും കണ്ണുകൾ പാളി ക്ലോക്കിലേക്ക് ആണ് പോകുന്നത്...... ഉച്ചയായപ്പോഴേക്കും ജാനിയുടെ ഫോൺ വന്നിരുന്നു, വലിയ സന്തോഷം ആയിരുന്നു അവന് ആ നിമിഷം തോന്നിയിരുന്നത്, പെട്ടെന്ന് തന്നെ ഓട്ടോ റെഡിയായി എന്ന് പറഞ്ഞ് അവൻ വിളിച്ചിരുന്നു, പിന്നീട് ഒരു കാത്തിരിപ്പായിരുന്നു..... അവൾ തിരികെ വരുന്നത് വരെയുള്ള ഒരു മനോഹരമായ കാത്തിരിപ്പ്.... ടിവി കാണാൻ എന്ന വ്യാജേന അവൻ ഹോളിൽ വന്ന് ഇരിക്കുകയായിരുന്നു, അതിൻറെ ലക്ഷ്യം അവളെ കാത്തിരിക്കുക എന്നത് തന്നെയായിരുന്നു..... ഒരു ഓട്ടോ കൊണ്ടുവന്നു നിർത്തിയപ്പോൾ പതിവിലും സന്തോഷമായിരുന്നു തോന്നിയത്....... ഇറങ്ങുന്ന ആളെ കണ്ടപ്പോൾ മുഖത്തെ സന്തോഷം കെട്ട് തുടങ്ങിയിരുന്നു............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story