സ്നേഹദൂരം.....💜: ഭാഗം 42

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയാണ് വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നത്, ആരാണെന്ന് അവൻ സൂക്ഷിച്ചു നോക്കിയിരുന്നു, ആദ്യമായി കാണുന്നത് പോലെ അവനു തോന്നി, പിന്നീട് ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് തന്നോടൊപ്പം പഠിച്ചിരുന്ന ഒരു പെൺകുട്ടിയുമായി അവന് സാമ്യം തോന്നിയത്, അവൾ ഇറങ്ങിവന്ന നിമിഷംതന്നെ പെൺകുട്ടി ചിരിയോടെ നടന്നു വരുന്നത് കണ്ടു, തിരിച്ച് ഒരു പുഞ്ചിരി നൽകുവാൻ അവൻ മറന്നിരുന്നില്ല.... " ഹരി അല്ലേ.....? " അതെ.... " എന്നെ മനസ്സിലായില്ലേ നിനക്ക്.....? വളരെ പരിചയമുള്ള സ്വരം അവൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കി, അതിനുശേഷം ചോദിച്ചു... "രോഹിണി അല്ലേ....??

"അത്‌ തന്നെ, നീ മറന്നിട്ടില്ല..... ഞാൻ വിചാരിച്ചു മറന്നിട്ട് ഉണ്ടാകുമേന്നു ..... " നീ എന്താ ഇവിടെ....? കല്യാണമൊക്കെ കഴിഞ്ഞോ....? "പിന്നെ കല്യാണം കഴിഞ്ഞു, രണ്ടു പിള്ളേരും ആയി..... ഇങ്ങോട്ട് നിന്നെ കാണാൻ വേണ്ടി തന്നെ വന്നതാ, നീ വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് തന്നെ വന്നതാ.... അവളുടെ സംസാരം കേട്ടപ്പോൾ അവന് ഒരു അത്ഭുതം തോന്നിയിരുന്നു, " കേറി വാ... അവളെ അകത്തേക്ക് വിളിച്ചിരുന്നു അവൻ, പെട്ടെന്ന് സുഗന്ധിയും പുറത്തേക്ക് ഇറങ്ങി വന്നു... " ആരാണ് മോനെ....? " എൻറെ കൂടെ പഠിച്ചതാ അമ്മേ, " ആണോ....? കേറി ഇരിക്ക് മോളെ, " അമ്മ കുടിക്കാൻ എന്തെങ്കിലും.... ഹരി പറഞ്ഞു... " ഊണ് കഴിച്ചിട്ട് പോകാം മോളെ സുഗന്ധി പറഞ്ഞു...

" അയ്യോ വേണ്ടമ്മേ, ഞാൻ ജോലിയിലാ, ഇവനെ ഒന്ന് കാണാൻ വേണ്ടി വന്നതാ..... കുടിക്കാൻ എന്തെങ്കിലും എടുത്താൽ മതി, ചിരിയോടെ സുഗന്ധി അകത്തേക്ക് പോയിരുന്നു.... " നീ എന്താ പതിവില്ലാതെ എന്നെ കാണാൻ വേണ്ടി വന്നത്.....? " എടാ ജോലിയുടെ ഒരാവശ്യത്തിന് വേണ്ടിയാണ്, എൻറെ ഹസ്ബൻഡ് ഇവിടെ കേബിൾ ടിവിയിൽ വർക്ക് ചെയ്യുന്നത്, ഞാനും ഇവിടെ ജോലി ചെയ്യുവാ, എൽ ഐ സിയില ഒരു വർഷം ആയി, കമ്മീഷൻ ഉണ്ട്, കൂടുതൽ ഗൾഫിലേക്ക് വരുന്നവരെ നോക്കിയിട്ടാണ്, ഞാൻ ഇപ്പോൾ ഇവിടെ അടുത്ത് വന്നതാ, ഒരു കൂട്ടുകാരിയുണ്ട്, അവര് ആണ് പറഞ്ഞത് ഇവിടെ തൊട്ടടുത്ത് ഗൾഫിൽ നിന്ന് വരുന്ന കുറെ ആളുകൾ ഉണ്ട് എന്ന്, പറഞ്ഞു വന്നപ്പോൾ നിന്റെ വീട്.... ഞാൻ ഒരു സഹായം ചോദിച്ചാൽ നീ അത് ചെയ്യാതിരിക്കുമോ....? ഇങ്ങനെയൊക്കെ അല്ലേടാ പഴയ സുഹൃത്തുക്കളെ ഒന്നു സഹായിക്കുന്നത്......?

നീ എനിക്ക് വേണ്ടി ഒരു പോളിസി എടുക്കണം........ നീയും കൂടി ഒരെണ്ണം എടുക്കുകയാണെങ്കിൽ എൻറെ ഈ മാസത്തെ ടർജറ്റ്‌ കറക്റ്റ് ആകും, വല്ലാത്ത പ്രാരാബ്ധങ്ങൾ ആണ് ശ്രീഹരി.... നിങ്ങളെപ്പോലുള്ളവർ ഒക്കെ ഒരു മാസം LIC അടക്കാൻ പറ്റാത്ത അവസ്ഥയിൽ ഒന്നുമല്ലല്ലോ, അവളുടെ വർത്തമാനം കേട്ട് അവൻ പൊട്ടിച്ചിരിച്ചു പോയിരുന്നു..... " അപ്പൊൾ അതിനാണ് നീ നട്ടുച്ചക്ക് കുറ്റിയും പറിച്ച് വന്നത്, ഞാൻ വിചാരിക്കുകയും ചെയ്തു, സ്കൂൾ കഴിഞ്ഞിട്ട് ഒറ്റ വട്ടം പോലും കണ്ടിട്ടില്ല എന്നിട്ടും നീ എന്നെ തിരക്കി ഇവിടെ വരണമെങ്കിൽ അതിന് പിന്നിലുള്ള കാരണം എന്താണെന്ന്......? " ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടി ഇങ്ങനെ എത്രയെത്ര വേഷങ്ങൾ കെട്ടിയാലോക്കും ശ്രീഹരി,

നിന്റെ ജോലിയൊക്കെ എങ്ങനെയുണ്ട്....? " കുഴപ്പം ഇല്ല എന്ന് പറയാം എന്നേയുള്ളൂ, നീ പറയുന്ന പോലെ ഗൾഫുകാർക്ക് കണ്ണുംപൂട്ടി അങ്ങനെ പോളിസി എടുക്കാൻ പറ്റില്ല, എപ്പോഴാണ് അവിടുത്തെ പണി പോകുന്നതെന്നും അവിടുന്ന് പറഞ്ഞു വിടുന്നത് എന്ന് ഒന്നും ഒരു ഉറപ്പില്ലാത്ത ജോലി അല്ലേ....? ഞാൻ ഇപ്പോൾ തന്നെ പത്ത് ദിവസത്തെ ലീവിന് വന്നത് ആണ്.... ഏതായാലും നിനക്കുവേണ്ടി ഞാൻ ഒരു പോളിസി എടുക്കാം, നീ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരെ വന്നതല്ലേ.....? ചിരിയോടെ ആയിരുന്നു അവനത് പറഞ്ഞിരുന്നത്...... പെട്ടെന്നാണ് മുറ്റത്ത് ഒരു ഓട്ടോ വന്ന് നിർത്തിയത്, പെട്ടെന്ന് അവന്റെ കണ്ണുകൾ അവിടേക്ക് പാറി പോകാൻ തുടങ്ങിയിരുന്നു,

ഓട്ടോയിൽ നിന്നും ജാനകി ഇറങ്ങി വന്നതും അവന്റെ മുഖം തെളിഞ്ഞു, ചിരിയോടെ സുന്ദരിയായ ഒരു യുവതിയോട് സംസാരിച്ചു കൊണ്ടിരുന്ന ഹരിയേട്ടനെ ആണ് അവൾ കണ്ടത്, ഒരു നിമിഷം അവരാണ് എന്നതും അതോടൊപ്പം തന്നെ ചെറിയൊരു അസൂയയും അവളിൽ ജനിപ്പിച്ചിരുന്നു..... ഇതുവരെ തന്നോട് ഇത്രത്തോളം സന്തോഷത്തോടെ സംസാരിച്ചിട്ടില്ല എന്നായിരുന്നു അവൾ ചിന്തിച്ചിരുന്നത്.... അകത്തേക്ക് വന്നതും അവൾ അകത്തേക്ക് കയറണോ വേണ്ടയോ എന്ന് വിചാരിച്ച് നിന്നു, കയറി വരാൻ എന്ന് ഹരി തല കൊണ്ട് ആംഗ്യം കാണിച്ചപ്പോഴാണ് അകത്തേക്ക് കയറിയത്..... " ഇതാണോ നിൻറെ സിസ്റ്റർ....? ട്വിങ്സിൽ ഒരാൾ....? പെട്ടെന്ന് രോഹിണി അങ്ങനെ ചോദിച്ചപ്പോൾ രണ്ടുപേരും വല്ലാതായി പോയിരുന്നു, എന്ത് പറഞ്ഞു അവളെ പരിചയപ്പെടുത്തും എന്ന് ശ്രീഹരിക്കും ഒരു രൂപമുണ്ടായിരുന്നില്ല.....

" അല്ല അവൾ ഇവിടെ ഇല്ല, ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയിരിക്കാം... എൻറെ വൈഫ് ആണ് ജാനകി, " ആഹ, വൈഫ്‌ ആണോ ...? എത്രനാളായി മാര്യേജ് കഴിഞ്ഞിട്ട്...? രോഹിണി ചോദിച്ചു.... " ഒരു വർഷമായി, " എന്തുചെയ്യാ....? പെട്ടെന്ന് രോഹിണി ജാനകിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, അവൾ ഒരു പുഞ്ചിരി പകരം നൽകി അതിനു ശേഷം മെല്ലെ മറുപടി പറയാൻ തുടങ്ങി.... " ഡിഗ്രി സെക്കൻഡ് ഇയർ, പെട്ടെന്ന് രോഹിണി ഒരു പുഞ്ചിരിയോടെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി..... " ലവ് മാരേജ് ആണോടാ.....? മറുപടി എന്ത് പറയണമെന്നറിയാതെ ശ്രീഹരി ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ജാനകിക്കും ചിരി വരുന്നുണ്ടായിരുന്നു......അപ്പോഴേക്കും സുഗന്ധി ജ്യൂസുമായി എത്തിയിരുന്നു.....

" നീ സമയം പോലെ ഒരു ദിവസം പറഞ്ഞാൽ മതി, ഞാൻ അപ്പോൾ പോളിസി എടുക്കാം..... " എനിക്കിപ്പോൾ സമയം ഉണ്ട്, അതുകൊണ്ടല്ലേ ഞാൻ ലഞ്ച് ടൈം നോക്കി തന്നെ വന്നത്, ഈ സമയത്ത് ആകുമ്പോൾ എല്ലാരും വീട്ടിൽ ഉണ്ടാക്കുന്ന സമയം ആണ്..... അതുകൊണ്ട് അത് നോക്കി ഞാൻ വന്നത്, ഞാൻ എഴുതി കൊണ്ടുവന്നിട്ടുണ്ട്, നീ ഒപ്പ് മാത്രം ഇട്ടാൽ മതി, പിന്നെ ഐഡി കാർഡ് നമ്പേഴ്സും, എനിക്ക് അറിയാമായിരുന്നു പറയുമ്പോൾ നീ സമ്മതിക്കുമേന്ന്, " നീ ഇത്രയും കടന്നു ചിന്തിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. ചെറുപുഞ്ചിരിയോടെ ആണ് ശ്രീഹരി അത് പറഞ്ഞിരുന്നത്, " അല്ല നീ എത്ര രൂപയുടെ പോളിസി ആണ് ഉദ്ദേശിക്കുന്നത്....? "

ഒരു മാസം 5000 രൂപ, അതൊക്കെ പറ്റില്ലേ....? അധികാരത്തോടുള്ള അവളുടെ ആ സംസാരം ജാനകിയിൽ ചെറിയൊരു നൊമ്പരം ഉണർത്തിയിരുന്നു.... " പോടീ ഒരു മാസം 5000 രൂപ ഒക്കെയൊ....? " നീ തന്നെ പറഞ്ഞില്ലേ, ഈ ഗൾഫിലെ ജോലി ഒന്നും അത്ര വിശ്വസിക്കാൻ പറ്റുന്നത് അല്ല എന്ന്, അപ്പോൾ പിന്നെ ഇങ്ങനെ എന്തെങ്കിലും ഒന്ന് നമുക്ക് ആയിട്ട് വേണം, ജോലി പോയാലും നമുക്ക് ജീവിക്കണ്ടേ......? ഇതാകുമ്പോൾ കുറച്ച് വർഷം കഴിയുമ്പോൾ നല്ലൊരു തുക കിട്ടും, വേണമെങ്കിൽ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാം വീട് വെക്കാം അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്, ദേ മോളെ ഇവർ ആണുങ്ങൾ ഉണ്ടല്ലോ, ഇന്നത്തെ കാര്യങ്ങൾ മാത്രം ചിന്തിക്കൂ.....

ഇന്ന് എങ്ങനെ വേണം എത്ര രൂപ ചെലവാക്കണം എന്ന്, നാളെ കുറിച്ച് ചിന്തിക്കേണ്ടത് നമ്മൾ പെണ്ണുങ്ങൾ ആണ്.... നാളെ നിങ്ങൾക്ക് രണ്ടു കുട്ടികൾ ഉണ്ടാവട്ടെ, അപ്പോൾ മനസ്സിലാകും ഒന്നും കരുതിവയ്ക്കാതെ ഇരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്..... ജാനകിയുടെ മുഖത്തേക്ക് നോക്കി രോഹിനി അത് പറഞ്ഞപ്പോൾ ജാനകിയും ശ്രീഹരിയും വല്ലാതെ ആയി പോയിരുന്നു, സുഗന്ധിയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി നിന്നു, ഫോൺ ബെല്ലടിച്ചപ്പോൾ സുഗന്ധി അകത്തേക്ക് പോയി... " കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി എന്നാണ് പറഞ്ഞത്....? ജാനകിയൊടെ ആയിരുന്നു രോഹിണി ചോദിച്ചിരുന്നത്.... " ഒരുവർഷം ആകുന്നു..... "

ഇനി ഇപ്പം വെച്ച് താമസിപ്പിക്കരുത് മോളെ, കുഞ്ഞുങ്ങൾ വേണം, നമ്മൾ വേണ്ട വേണ്ട എന്ന് വെക്കും, പിന്നെ ആഗ്രഹിക്കുന്ന സമയത്ത് ഉണ്ടായെന്നു വരില്ല, ജാനകി അറിയാതെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി അവൻ തലകുമ്പിട്ട് ഇരിക്കുവാ അവൾക്ക് ചിരി വന്നു.. " നീ ആ ഒപ്പിടാനുള്ള പേപ്പർ എടുത്തേ, ഞാൻ ഒപ്പിട്ട് തരാം...... അതും പറഞ്ഞു ശ്രീഹരി മുകളിലേക്ക് പോയിരുന്നു, പേഴ്സിൽ നിന്നും കാശും എടുത്ത് അവളുടെ കയ്യിൽ കൊടുത്തു..... " നീ പോയി ഡ്രസ്സ് മാറിയിട്ട് വാ, ഭക്ഷണം കഴിക്കണ്ടേ.....? ജാനകിയുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ മടിയോടെരോഹിണിയെ നോക്കി ഒന്ന് ചിരിച്ചു മുറിയിലേക്ക് പോയിരുന്നു, "

എങ്കിൽ ഞാൻ ഇറങ്ങട്ടെ ഹരി, ഹരി സർട്ടിഫിക്കറ്റുകൾ എല്ലാം ഫയലിൽ വച്ചതിനുശേഷം രോഹിണി ചോദിച്ചു..... " ഉച്ചയ്ക്ക് വന്നിട്ട് ചോറൂണ്ണാതെയൊ.....? ഭക്ഷണം കഴിച്ചിട്ട് പോകാടി, നീ കഷ്ടപ്പെട്ട് വന്നതല്ലേ, ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി... " വേണ്ടടാ, താമസിക്കും... " താമസിക്കില്ല നീ ഭക്ഷണം കഴിക്ക്, കറക്റ്റ് സമയത്ത് തന്നെ നിന്നെ ഓഫീസിൽ എത്തിച്ചാൽ പോരെ.....? ഞാൻ പോയി ജാനിയെ വിളിച്ചിട്ട് വരാം..... അതും പറഞ്ഞ് അവൻ മുകളിലേക്ക് കയറി, മുറിയിലേക്ക് ചെല്ലുമ്പോഴും ജാനകി വസ്ത്രം മാറാതെ കട്ടിലിലിരുന്ന് ഒരേ ആലോചനയാണ്...... " നീ ഡ്രസ്സ്‌ മാറിയില്ലേ, വേഗം വാടി, ഭക്ഷണം കഴിക്കാം, നേരം ഒരുപാടായി ഞാൻ നീ വരട്ടെ എന്ന് കരുതിയ ഭക്ഷണം കഴിക്കാതെ ഇരുന്നത്.....

അവൻറെ ആ വാചകങ്ങൾ അവളുടെ മനസ്സിൽ ഉള്ള എല്ലാ സന്ദേഹങ്ങളും അലിയിച്ച് അവളുടെ മനസ്സിൽ സന്തോഷം കൊണ്ടുവരാൻ കഴിവുള്ളത് ആയിരുന്നു, അവൾ പെട്ടെന്ന് തന്നെ തലയാട്ടി ഇരുന്നു.... " അതാരാ ഹരിയേട്ടാ.....?? മടിച്ചുമടിച്ചാണ് അവൾ ചോദിച്ചിരുന്നത്.... " എൻറെ കൂടെ പഠിച്ച ഒരു ഫ്രണ്ട്, അവൾക്ക് LIC ആണ് ജോലി, എന്നെക്കൊണ്ട് ഒരു പോളിസി എടുപ്പിക്കാൻ വേണ്ടി വന്നത് ആണ്...... നീ വേഗം താഴേക്ക് വാ, അതും പറഞ്ഞ് ശ്രീഹരി താഴേക്ക് പോയിരുന്നു.......ഭക്ഷണം കഴിക്കുവാൻ അവൻ തന്നെ കാത്തിരുന്നു എന്ന് അവൻറെ വാചകം അത്‌ അവളിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു.... ആ ഒരു ഊർജ്ജത്തിൽ അവൾ പെട്ടെന്ന് തന്നെ വേഷമൊക്കെ മാറി താഴേക്ക് വന്നിരുന്നു..

അപ്പോഴേക്കും ശ്രീഹരിയും രോഹിണിയും കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു...... " നീ കൂടി ഇരുന്നോ മോളെ..... സുഗന്ധി പറഞ്ഞു.... " വേണ്ട ഞാൻ അമ്മയുടെ കൂടെ ഇരുന്നോളാം.... " സാരമില്ല നീ ഇരിക്ക്, സേതുവേട്ടൻ വന്നിട്ട് ഞാൻ കഴിക്കുന്നുള്ളൂ, അത് ഒരു സമയമാകും..... ഹരി നിന്നെ നോക്കിയിരുന്നത് ആണ്, ഹരിയുടെ അരികിലുള്ള കസേര അവൾക്ക് നേരെ നീക്കി കൊണ്ട് സുഗന്ധി പറഞ്ഞു..... പിന്നീട് അവൾക്ക് എതിർക്കാൻ പറ്റുമായിരുന്നില്ല, ഭക്ഷണം കഴിക്കുന്നതിനിടയിൽ രോഹിണി പഴയ സ്കൂൾ ജീവിതത്തെപ്പറ്റി ഒക്കെ പറയുമ്പോൾ ശ്രീഹരി പുഞ്ചിരിക്കുന്നതും, ഹരി അതിൽ പങ്കുചേർന്നതും ഒക്കെ അവൾ കണ്ടിരുന്നു,

സന്തോഷത്തോടെയുള്ള ശ്രീഹരിയുടെ മുഖം അവൾക്ക് വളരെയധികം സന്തോഷം നിറച്ചെങ്കിലും തന്നോടൊപ്പം അവൻ അത്രത്തോളം സന്തോഷവാൻ അല്ലല്ലോ എന്ന ചിന്ത അവളെ അലട്ടിയിരുന്നു...... ഇഷ്ടമില്ലാത്ത ജീവിതത്തിൽ താൻ കെട്ടി പൂട്ടിയിട്ടിരിക്കുകയാണ് ഹരിയേട്ടനെ എന്ന ഒരു കുറ്റബോധം അവളിലൂടെ നിറഞ്ഞു തുടങ്ങിയിരുന്നു...... ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവൾ പാത്രങ്ങൾ എല്ലാം എടുത്ത് അടുക്കളയിലേക്ക് പോയപ്പോഴായിരുന്നു, ശ്രീഹരിയുടെ ആ വാചകം കേട്ടിരുന്നത്..... " അമ്മേ വണ്ടിയുടെ താക്കോൽ എവിടെ, ഞാനിവളെ ബസ്റ്റോപ്പ് വരെ കൊണ്ടുവിട്ടിട്ട് വരാം.... " വേണ്ടടാ ഞാൻ ഇവിടുന്ന് ഓട്ടോയോ മറ്റോ വിളിച്ചു പൊയ്ക്കോളാം..... "

എപ്പോഴും ഓട്ടോ കിട്ടുന്ന സ്ഥലം ഒന്നുമല്ലടി ഇത്, അത്‌ മാത്രം അല്ല നിനക്ക് താമസിക്കാതെ ഓഫീസിൽ എത്തണം എന്നല്ലേ പറഞ്ഞത്.....? ഇനി ഞാൻ കാരണം നിൻറെ ഇന്നത്തെ പകുതി സാലറി പോകണ്ട, ഞാൻ സ്റ്റോപ്പിലേക്ക് കൊണ്ട് നിർത്താം, അവിടുന്ന് ഓട്ടോ ഒക്കെ പെട്ടെന്ന് തന്നെ കിട്ടും, എന്തുകൊണ്ടോ ആ ഒരു സംഭവം ജാനകിയുടെ മനസ്സിൽ വല്ലാത്ത ഒരു വേദനയായിരുന്നു സമ്മാനിച്ചിരുന്നത്.... പെട്ടെന്ന് രാവിലെ ദേവൻ പറഞ്ഞപ്പോൾ തന്നെ കോളേജിലേക്ക് കൊണ്ടുപോയി വിടാതിരുന്ന ഹരിയേട്ടന്റെ മുഖമാണ് അവൾക്ക് മനസ്സിൽ തെളിഞ്ഞുവരുന്നത്, എന്തുകൊണ്ടോ തൊണ്ടക്കുഴിയിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.....

" എന്നോട് മാത്രം എന്തിനാണ് ഈ അവഗണന...? ഇത്രമേൽ സ്നേഹിച്ചതു കൊണ്ടോ....? ഒരു സുഹൃത്തിനോട് കാണിക്കുന്ന പരിഗണന പോലും തനിക്ക് ഹരിയേട്ടൻ നൽകുന്നില്ലല്ലോ എന്ന് ചിന്തിച്ചപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു..... എങ്ങനെയൊക്കെയോ പാത്രങ്ങളെല്ലാം കഴുകി, അതിനിടയിൽ പുറത്ത് വണ്ടി സ്റ്റാർട്ട് ആകുന്നതും പോകുന്നതുമായ ഒച്ച അവൾ കേട്ടിരുന്നു, അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു തുടങ്ങി................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story