സ്നേഹദൂരം.....💜: ഭാഗം 43

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

ഒട്ടും പിടിച്ചു നിൽക്കുവാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ സുഗന്ധിയിൽ നിന്നും മുഖം മറക്കുന്നതിന് വേണ്ടി മുഖം നന്നായി കഴുകി, അതിനുശേഷം തലവേദനയാണ് എന്ന് പറഞ്ഞ് മുകളിലേക്ക് പോയിരുന്നു...... ഹരിയേട്ടന് താനൊരു ബാധ്യതയാണോ എന്ന ചോദ്യം വീണ്ടും വീണ്ടും അവളെ ഉലച്ചു കൊണ്ടിരുന്നു, തന്നോടൊപ്പം സന്തോഷം എന്തെന്ന് ഹരിയേട്ടൻ അറിയുന്നില്ല , ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിൽ ഒരു ലോഹ തകിടിൽ പൂട്ടിയിട്ടിരിക്കുകയാണ്, ആ ഒരു ചിന്ത അവളെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് ആയിരുന്നു കൊണ്ടുചെന്നെത്തിച്ചിരുന്നത്.....

അവൾ പോലുമറിയാതെ കണ്ണിൽ നിന്നും നീർമണികൾ പൊഴിയാൻ തുടങ്ങി, അത് വളരെ പെട്ടെന്ന് തന്നെ അവളുടെ കവിളുകളിൽ ചുംബിച്ചുകൊണ്ട് താഴെക്കുതിർന്നിരുന്നു...... എത്ര ശ്രമിച്ചിട്ടും ആ കണ്ണുനീർത്തുള്ളികൾ അവളിൽ നിന്നും പോകാൻ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല....... എന്തൊരു ജന്മമാണ് തന്റെ, സന്തോഷിക്കുവാൻ യാതൊന്നും ഈ ലോകത്തിൽ അർഹതപ്പെട്ടിട്ട് ഇല്ലാത്ത ഒരു ആളായി താൻ മാറിയല്ലോ, തന്നോടുള്ള സഹതാപം കൊണ്ടു തന്നെ ഭാര്യ ആക്കിയത്, ഒരിക്കലും അദ്ദേഹത്തിനു തന്നെ ഭാര്യയായി കാണാൻ സാധിക്കില്ല, തന്നോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളിലെല്ലാം ശ്രീഹരി വീർപ്പുമുട്ടും,

അഭിനയിച്ചാണ് ജീവിക്കുന്നത്, വീണ്ടും വീണ്ടും അദ്ദേഹത്തിൻറെ ജീവിതത്തിൽ താൻ ഒരു ബാധ്യത ആവുകയാണ് എന്ന് അവൾക്ക് തോന്നി....... ഹരി ഏട്ടന് ഇതിൽനിന്നും ഒരു മോചനം നൽകണം, അദ്ദേഹം ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടാവില്ലേ.....? ഒരു കടപ്പാടിന്റെ പേരിൽ സ്വന്തം ജീവിതം ഹരിയേട്ടന് നഷ്ടമാകാൻ പാടില്ല........ തന്നെ സ്നേഹിക്കാൻ സാധിക്കില്ല എങ്കിൽ പിന്നെ ഒരുമിച്ച് ജീവിക്കുന്നത് എന്തർത്ഥമാണുള്ളത്......? തന്നെ സംബന്ധിച്ചിടത്തോളം വേറെ താനൊന്നും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടുതന്നെ ഹരിയേട്ടന്റെ ഒരു വാക്കിൽ ഒരു നോക്കിൽ തനിക്ക് സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ട്, പക്ഷേ ഹരിയേട്ടൻ അദ്ദേഹം ഒരിക്കലും തന്നെ സ്നേഹിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഓരോ സാമിപ്യവും അദ്ദേഹത്തിന് നൽകുന്നത് അസ്വസ്ഥതകൾ മാത്രമായിരിക്കും,

ഓരോന്ന് ചിന്തിക്കും തോറും കണ്ണുകൾ കലങ്ങുകയും അത് കണ്ണുനീരായി പരിണമിക്കുകയും ചെയ്തിരുന്നു......... കുറച്ച് സമയങ്ങൾക്ക് ശേഷം പുറത്ത് വണ്ടിയുടെ ഇരമ്പൽ കേട്ടപ്പോൾ അവൾ കണ്ണുകൾ തുടച്ച് ഉറങ്ങുന്നത് പോലെ കിടന്നിരുന്നു, കുറേ സമയങ്ങൾക്കു ശേഷം മുറിയിൽ അവൻറെ സാന്നിധ്യം അറിഞ്ഞിരുന്നു..... " എന്തുപറ്റി ജാനി, അരികിൽ ഇരുന്നു കൊണ്ട് തലമുടിയിൽ തഴുകിയാണ് ചോദ്യം..... ഒരു നിമിഷം അവൾ ഒന്ന് പതറിയെങ്കിലും പെട്ടെന്ന് കണ്ണുകൾ തുറന്നിരുന്നു, അവളുടെ കലങ്ങി ചുവന്ന കണ്ണുകൾ കണ്ടു അവൻറെ മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞു...... " നീ കരഞ്ഞോ....? അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, " ഇല്ല ഹരിയേട്ടാ...... അത് പറഞ്ഞപ്പോൾ പോലും അവളുടെ വാക്കുകൾ ഇടറിയിരുന്നു, " നിനക്ക് തലവേദനയാണെന്ന് അമ്മ പറഞ്ഞതുകൊണ്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത്,

പക്ഷേ നീ കാര്യമായിട്ട് കരഞ്ഞത് പോലെ ഉണ്ടല്ലോ, എന്തുപറ്റി കരയാൻ മാത്രം.....? അതിന് മാത്രം എന്താണ് സംഭവിച്ചത്......? " ഒന്നും ഇല്ല.....!! എനിക്ക് തലവേദന ആയോണ്ട് കണ്ണുകൾ കലങ്ങി ഇരിക്കുന്നത് ആണ് എന്ന് തോന്നുന്നു, " നിനക്ക് ഇടയ്ക്കിടയ്ക്ക് വരുന്നുണ്ടല്ലോ ഈ തലവേദന, ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല, നമുക്ക് എതെങ്കിലും ആശുപത്രിയിൽ കൊണ്ട് കാണിക്കാം, നീ വേഗം റെഡി ആയിക്കെ, " അത്രയ്ക്ക് ഒന്നും ഇല്ല ഏട്ടാ, അത്‌ മാറി " ഇത്രയും പെട്ടന്നോ....? പണ്ടുമുതലേ ഉണ്ട് എന്ത് കാര്യം പറഞ്ഞാലും നിനക്ക് ഒരു തലവേദന, ഇല്ലാത്ത തലവേദനയുടെ കാര്യം പറഞ്ഞ് വെറുതെ ഓരോ അസുഖങ്ങൾ ഉണ്ടാക്കരുത് നീ.......!!

എന്തിനാണ് കരഞ്ഞത് എന്നാണ് ഞാൻ ചോദിച്ചത്.....? പെട്ടെന്ന് അവൻറെ മുഖത്തെ ഭാവം ഒക്കെ മാറി അവിടെ ഗൗരവം നിറഞ്ഞു നിൽക്കാൻ തുടങ്ങി....... " ഏട്ടൻറെ അവസ്ഥ ഓർത്ത് ആണ് ഞാൻ കരഞ്ഞത്, അവള് പറഞ്ഞത് മനസ്സിലാവാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി അവിശ്വസനീയതയോടെ...... " എൻറെ അവസ്ഥയൊ....? എന്റെ അവസ്ഥയ്ക്ക് എന്താ കുഴപ്പം....? " ഹരിയേട്ടൻ എന്നെ ഒരുപാട് ബുദ്ധിമുട്ടി ആണ് സ്നേഹിക്കുന്നത്..... അത്‌ ഓർത്തിട്ട് ഞാൻ കരഞ്ഞത്, എന്നോടൊപ്പമുള്ള ഒരു നിമിഷം പോലും ഹരിയേട്ടൻ സന്തോഷവാൻ അല്ലല്ലോ, അത്‌ ഇന്ന് ആ ചേച്ചി വന്നപ്പോഴാ എനിക്ക് മനസ്സിലായത്, എത്ര സന്തോഷത്തോടെയാണ് അവരോട് ഒക്കെ സംസാരിക്കുന്നത്, എൻറെ അരികിൽ ഇരിക്കുന്നതും എന്നോട് സംസാരിക്കുന്നതും സാധിക്കാത്ത കാര്യം ആണ്.....

ഒരുപാട് ബുദ്ധിമുട്ടി എന്നെ സ്നേഹിക്കുന്നതുപോലെ എനിക്ക് തോന്നുന്നു, ഹരിയേട്ടന്റെ ജീവിതത്തിൽ ഞാൻ ഒരു ബാധ്യതയായതുപോലെ, എൻറെ കാര്യം ഹരിയേട്ടൻ ചിന്തിക്കേണ്ട, ചേട്ടൻറെ മുൻപിൽ ഇനിയും നല്ലൊരു ജീവിതം ഉണ്ട്, ഇഷ്ടമില്ലാത്ത ഒരാളെ ജീവിതകാലം മുഴുവൻ ഹരിയേട്ടൻ ചുമക്കണം എന്ന് ഞാൻ പറയില്ല, പക്ഷെ ഈ താലി തിരികെ ചോദിക്കരുത്, എന്നെ വല്ല അനാഥമന്തിരത്തിലും കൊണ്ടാക്കിയാൽ മതി...... ഞാൻ ഒരിക്കലും ഹരിയേട്ടന്റെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല, ഹരിയേട്ടൻ നല്ലൊരു ജീവിതം തുടങ്ങിയാൽ അവിടെ ഞാൻ ഒരിക്കലും ഒരു ബാധ്യതയും ആയി വരില്ല, ഹരിയേട്ടന് എന്നെ സ്നേഹിക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് എനിക്കറിയാം," " നിർത്തടി.......!!! അവൻറെ മുഖം ദേഷ്യത്താൽ നിറഞ്ഞിരുന്നു, " എന്തറിഞ്ഞിട്ടാണ് വലിയ വായിൽ പറയുന്നത്,

തോന്നുന്നത് എല്ലാം അങ്ങ് വിളിച്ചു പറയുവാനോ....? എന്തിനാണ് ദേഷ്യപെട്ടത് എന്ന് അവന് അറിയില്ലായിരുന്നു, സങ്കടവും ദേഷ്യവും എല്ലാം ഒരുപോലെ അവൻറെ മനസ്സിനെ നീറ്റി തുടങ്ങിയിരുന്നു, തനിക്ക് ബുദ്ധിമുട്ട് ആണത്രേ, കുറച്ചു മുൻപ് പോലും താൻ അവളോട് ചെയ്തു പോയത് തെറ്റ് ആയല്ലോ എന്ന് വിചാരിച്ച് വിലപിച്ചവൻ ആണ് താൻ...... ആ സ്നേഹം മുഴുവൻ അവൾക്ക് തിരിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചവനാണ്, അവളെ ഒന്ന് കാണുവാൻ ആയി കാത്തിരുന്നവനാണ്........ ആ തന്നോട് ആണ് ഇപ്പോൾ അവൾ ഇങ്ങനെ പറയുന്നത്........ അതിന്റെ കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായിരുന്നില്ല, അതുകൊണ്ടുതന്നെ അവന് ദേഷ്യം നന്നായി തന്നെ വന്നു,

" നീ എനിക്ക് ബാധ്യതയാണെന്ന് ഞാൻ നിന്നോട് പറഞ്ഞോ....? അങ്ങനെ ആയിരുന്നു എങ്കിൽ നിന്നെ എനിക്ക് കെട്ടണമായിരുന്നോടി, മാറ്റാരെങ്കിലും കെട്ടിയാൽ പോരെ, ഈ ജീവിതം എനിക്ക് പറ്റില്ല എന്ന് നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ......? അതോ എൻറെ കൂടെ ജീവിക്കാൻ നിനക്ക് പറ്റില്ല എന്ന് തോന്നി തുടങ്ങിയോ.....? ഗൗരവത്തോടെ അവൻ ചോദിച്ചപ്പോൾ മാത്രം അരുതാത്തതെന്തോ കേട്ടതുപോലെ അവളുടെ മുഖം വിവർണമായി....... അവൻ അവളുടെ മുഖത്തേക്ക് നോക്കി, " അങ്ങനെ എനിക്ക് തോന്നില്ല ഹരിയേട്ടാ, അത്‌ എന്റെ മരണമായിരിക്കും, പക്ഷേ ഹരിയേട്ടൻ അങ്ങനെയല്ലല്ലോ,എന്നോടൊപ്പമുള്ള നിമിഷങ്ങളിലെല്ലാം ഹരിയേട്ടൻ അനുഭവിക്കുന്നത് വലിയ വീർപ്പുമുട്ടൽ ആയിരുന്നു..... ദേവേട്ടൻ എന്നെ കൊണ്ട് കോളേജിൽ വിടാൻ പറഞ്ഞപ്പോൾ ഹരിയേട്ടൻ എന്താ പറഞ്ഞത് അതിൻറെ ആവശ്യമില്ല എന്ന്,

എന്നിട്ട് ഫ്രണ്ട് വന്നപ്പോൾ ഹരിയേട്ടൻ അവരെ കൂട്ടി ബസ്റ്റോപ്പ് വരെ കൊണ്ടുവിട്ടു, അവർക്ക് തരുന്ന പരിഗണനപോലും ഹരിയേട്ടന്റെ ഉള്ളിൽ എനിക്കില്ല, ഹരിയേട്ടൻ ആരോടൊക്കെയൊ ഉള്ള കടപ്പാട് തീർക്കുന്നത് പോലെ എന്നെ വിവാഹംകഴിച്ചതാണ്, അതിലും എനിക്ക് പരാതിയില്ല, പക്ഷേ കടമയുടെ പേരിൽ ചേട്ടൻറെ ജീവിതം നശിച്ചു പോകുന്നത് കാണുമ്പോൾ എനിക്ക് സങ്കടമാണ്..... പരാതിയോടെ മനസ്സിൽ ഉള്ള നിഷ്കളങ്കത നിറഞ്ഞ അവളുടെ വർത്തമാനം കേട്ട് അവൻ തലയിൽ കൈ വെച്ച് പോയിരുന്നു....... അപ്പോൾ ഇതാണ് കാര്യം സ്ത്രീ സഹജമായ അസൂയയാണ്, ഒരു നിമിഷം ഹരിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയായിരുന്നു...... " ജാനി......!!

ആർദ്രമായി ആയിരുന്നു അവൻ വിളിച്ചിരുന്നത്, തൻറെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി ഇരുന്ന് കണ്ണീർ വാർക്കുക ആണ് അവൾ, ആ നിമിഷം അവൾ ചെയ്തത് അവളുടെ ആ പ്രവർത്തി അവനിൽ വീണ്ടും ദേഷ്യമായിരുന്നു വരുത്തിയിരുന്നത്..... " ഇങ്ങോട്ട് നോക്കാൻ...... ദേഷ്യത്തോടെ അവൻ പറഞ്ഞപ്പോൾ ഞെട്ടി അവൾ അവന്റെ മുഖത്തേക്ക് നോക്കി...... " നിന്നോട് ഞാൻ കല്യാണം കഴിഞ്ഞു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ, എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്, എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റില്ല എന്ന്, ഉണ്ടോന്ന്.....??? അവൻ ഒരിക്കൽ കൂടി കനപ്പിച്ചു ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി, " നിന്നോട് ഞാൻ എന്താ പറഞ്ഞത്.......?

" എന്നെ സ്നേഹിക്കാൻ കുറച്ചു സമയം വേണം എന്ന്, ഈ കാര്യങ്ങളൊക്കെ ഉൾക്കൊണ്ട് വന്നാൽ എന്നെ സ്നേഹിക്കാം എന്ന്..... " അങ്ങനെയല്ലേ പറഞ്ഞത്.....? " ഉം.... " അത് മാത്രമല്ല നീ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ഞാൻ പറഞ്ഞിരുന്നു, എല്ലാം ഉൾക്കൊണ്ട് കഴിയുമ്പോൾ നീ സ്നേഹിക്കുന്നതിൽ കൂടുതൽ ചിലപ്പോൾ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയുമെന്ന്, നീ അതൊന്നും കേൾക്കുന്നില്ലല്ലോ......... നിൻറെ ചെവിയിൽ ആകെ നീ എനിക്ക് ബാധ്യതയാണ്, പ്രശ്നമാണ് ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ അല്ലേ വരുള്ളൂ...... നിൻറെ മനസ്സിൽ അങ്ങനെയൊരു ചിന്ത ഉള്ളതുകൊണ്ടാണ്, അത് തന്നെ നീ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത്, ഞാൻ ഇങ്ങനെ ഒന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല .......

പിന്നെ ആദ്യംമുതലേ നീ പറയുന്ന ഒരു കാര്യമാണ് ഹരിയേട്ടന്റെ ജീവിതം നശിച്ചു, നശിപ്പിച്ചു കൊണ്ട് ജീവിക്കുന്നു എന്നൊക്കെ, സ്വന്തം ജീവിതം നശിക്കുവാൻ ആരെങ്കിലും സമ്മതിക്കുമോ....? ഞാനൊന്നും ചെയ്യില്ല ഒരിക്കലും അങ്ങനെ..... എൻറെ ജീവിതത്തിനെ ഞാൻ സ്നേഹിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് ജീവിതം നശിപ്പിക്കാൻ ഞാൻ മുൻകൈ എടുക്കില്ല, ജീവിതം നശിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല, പിന്നെ അവളെ കൊണ്ടുപോയി വിട്ടത് ആണ് കാര്യം എങ്കിൽ, അവള് ഭക്ഷണം കഴിക്കുന്നില്ല സമയം പോകും തിരിച്ചു പോകുകയാണെന്ന് പറഞ്ഞപ്പോൾ ഞാനാണ് നിർബന്ധിച്ച് ഭക്ഷണം കഴിച്ചതിനു ശേഷം പോയാൽ മതി എന്ന് പറഞ്ഞത്,

അത് കഴിഞ്ഞ് ചെല്ലുമ്പോൾ അവൾക്ക് ഒരു പ്രശ്നങ്ങളും വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ പെട്ടെന്ന് അവളെ കൊണ്ടുപോയി വിട്ടത്, പിന്നെ രാവിലെ നിന്നെ കൊണ്ടുപോയി കോളേജിൽ കൊണ്ടുപോയി വിടാത്ത കാര്യം ഒരു മുറിയിൽ പോലും സാരി ഉടുത്തു കൊണ്ട് നിൽക്കാൻ പറ്റാത്ത നീ എങ്ങനെയാണ് ഒരു ബൈക്കിനു പുറകിൽ സാരി ഉടുത്ത് ഇരിക്കുക, നിന്നെക്കൊണ്ട് ഞാൻ പോകേണ്ടത് കോളേജിൽ ആയിരിക്കില്ല ഹോസ്പിറ്റൽ ആയിരിക്കും, അതുകൊണ്ടാണ് നീ ഓട്ടോയിൽ പോയാൽ മതിയെന്ന് പറഞ്ഞത്..... ബസ്സിൽ പോയാലും നീ എവിടെയെങ്കിലും തട്ടി വീഴും എന്ന് എനിക്ക് ഉറപ്പായിരുന്നു, ഈ ഒരു ഒറ്റക്കാരണം കൊണ്ടാണ് ഞാൻ രാവിലെ ദേവൻ പറഞ്ഞിട്ടും നിന്നെ ഓട്ടോയിൽ കയറ്റി വിട്ടത്,

നിന്നെ ഒന്ന് കോളേജിൽ കൊണ്ടുപോയി വിട്ടു എന്ന് കരുതി എനിക്ക് എന്ത് സംഭവിക്കാൻ ആണെടി, ചെറിയ കാര്യങ്ങൾ വലുതാക്കി നീ ചിത്രീകരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്..... ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ..... അതിനാണോ നീ ഇവിടെ ഇത്രയും വലിയൊരു കണ്ണീർ പുഴ ഒഴുക്കിയത്......? ഈ കാര്യങ്ങളൊക്കെ നിനക്ക് എന്നോട് ചോദിച്ചാൽ പോരായിരുന്നോ.....? അതിനു മുൻപേ അവൾ ചിന്തിച്ചു കൂട്ടി, എന്തിനാ ചേട്ടാ എന്നെ രാവിലെ കൊണ്ടുപോകാഞ്ഞത് എന്ന് ചോദിച്ചിരുന്നെങ്കിൽ അപ്പോൾ തന്നെ മറുപടി പറഞ്ഞേനെയല്ലോ ഞാൻ..... " സോറി ഹരിയേട്ടാ, അവളുടെ മുഖത്ത് ഒരു നിഷ്കളങ്കത നിറഞ്ഞു,

അതോടൊപ്പം തന്നെ ആ മിഴികൾ ഒന്ന് വിടർന്നതും അവൻ കണ്ടിരുന്നു, " ജാനി....... ഇത്തവണ അവൻറെ ശബ്ദം ശാന്തമായിരുന്നു, " എനിക്കറിയാം നീ എൻറെ ഭാര്യ ആണെന്ന്, നല്ല ബോധ്യമുണ്ട് ആ കാര്യത്തിൽ, മറ്റേതൊരു ബന്ധത്തിനെക്കാൾ കൂടുതൽ പവിത്രത ഉള്ളതാണ് ഭാര്യാഭർത്തൃബന്ധം, അച്ഛനായും സഹോദരനായും സുഹൃത്തായും ഭർത്താവായും കാമുകനായും ഭർത്താവിന് മാത്രമേ മാറ്റുവാൻ സാധിക്കുകയുള്ളൂ, അത്‌ തന്നെയാണ് ഞാൻ കാണുന്നത്, പ്രതീക്ഷിക്കാത്ത സമയത്ത് നീ എൻറെ ഭാര്യയായി വന്നു, നിന്നെ ഉൾകൊള്ളാൻ എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു, അത് ഞാൻ ചോദിച്ചു എന്നേയുള്ളൂ, അതിനർത്ഥം നിന്നെ എനിക്കിഷ്ടമല്ല എന്നല്ല,

ഇടയിൽ വച്ച് ഉപേക്ഷിക്കുവാൻ അല്ല ഞാൻ നിന്നെ കൂടെക്കൂട്ടിയത്, അങ്ങനെയായിരുന്നുവെങ്കിൽ ആദ്യം തന്നെ എനിക്ക് നിന്നെ കൂടെ കൂട്ടാതെ ഇരുന്നാൽ മതിയായിരുന്നല്ലോ, മരണവും വിവാഹവും ഒന്നേ ഉള്ളു ശ്രീഹരിക്ക്, ഇനി ഇത്തരത്തിലുള്ള ചിന്തകളൊന്നും നിൻറെ മനസ്സിൽ വേണ്ട, പിന്നെ ഒരു ചോദ്യം ഒരൊറ്റ ചോദ്യം കൂടി ഞാൻ നിന്നോട് ചോദിക്കട്ടേ.....? " എന്താ ഹരിയേട്ടാ.....? " നിനക്കെന്നെ സംശയമുണ്ടോ....? " ഹരിയേട്ടാ.....!!! സർവ്വം മറന്ന് അവളുടെ മുഖത്തേക്ക് നോക്കി അവൻ,

" മറ്റൊന്നും കൊണ്ടല്ല, ഇടയ്ക്ക് നീ പറയുന്നുണ്ട് നല്ലൊരു ജീവിതം തുടങ്ങുകയാണെങ്കിൽ ഞാൻ അതിന് തടസ്സമാകില്ല എന്ന്, ഞാൻ അങ്ങനെ മറ്റൊരു ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ അങ്ങനെ ഞാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ട് എന്ന് നിനക്ക് തോന്നുന്നുണ്ടോ....? അങ്ങനെ നിനക്ക് തോന്നിയത് കൊണ്ട് ആയിരിക്കുമല്ലോ എന്തെങ്കിലും വിഷമം വന്നാൽ നീ ആദ്യം തന്നെ അത് പറയുന്നത്, " അങ്ങനെ ഒന്നും പറയല്ലേ ഹരിയേട്ടാ..... ഞാൻ സ്വപ്നത്തിൽ പോലും അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല, ഹരിയേട്ടൻ എന്നെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ ഒട്ടും സാധിക്കുന്നില്ലെങ്കിൽ....... " നീ മാറി തരുമോ....?

സാധിക്കുന്നില്ലെങ്കിൽ നീ മാറി തരുമോന്ന്....? ഗൗരവപൂർവം ആയിരുന്നു അവൻറെ ചോദ്യം, എന്നാൽ അതിന് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല..... " പറ അങ്ങനെയാണെങ്കിൽ നീ എൻറെ ജീവിതത്തിൽ നിന്നും മാറി പോകുവോ.....? " ഇങ്ങനെയൊന്നും എന്നോട് ചോദിക്കല്ലേ ഹരിയേട്ടാ...... അതും പറഞ്ഞ് അവൾ കരഞ്ഞുകൊണ്ട് അവൻറെ നെഞ്ചിലേക്ക് ചാഞ്ഞു..... അവളുടെ അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ ഒരു നിമിഷം അവൻ ഞെട്ടിപ്പോയിരുന്നു, അവൾ അങ്ങനെ ചെയ്യുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story