സ്നേഹദൂരം.....💜: ഭാഗം 6

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

എല്ലാവരും കൂടി ഒരുമിച്ച് പുറത്തു പോകാനായി ഒരുങ്ങാൻ പോയപ്പോഴും അവളുടെ മനസിന് ഒരു സമാധാനം ഉണ്ടായിരുന്നില്ല......... എന്താണ് തൻറെ മനസ്സിൽ വന്നു പോകുന്നത് എന്ന് അവൾ ചിന്തിച്ചിരുന്നു....... ഇത്തരം ചിന്തകൾ ഇതാദ്യമാണ്....... ഒരിക്കലും താൻ അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് പലവട്ടം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും അതിനും എല്ലാം അപ്പുറം എന്തോ ഒന്ന് തനിക്ക് ചേട്ടനോട് ഉണ്ട് എന്ന് സ്ഥാപിക്കുകയായിരുന്നു മനസ്സ്......... ഇതായിരുന്നോ തൻറെ മനസ്സിൽ ഹരി ചേട്ടനോടുള്ള സ്നേഹം എന്ന് അവൾ വീണ്ടും വീണ്ടും മനസ്സിനോട് ചോദിച്ചുകൊണ്ടിരുന്നു....... പലവട്ടം ചോദിച്ചിട്ടും ഒരേ ഉത്തരം തന്നെ മനസ്സ് നൽകി...... " നീ റെഡി ആവുന്നില്ല......?

എൻറെ മുറിയിൽ പോയിട്ട് നമുക്ക് റെഡിയാകാം..... എന്റെ ചുരിദാർ ഒക്കെ ഉണ്ടാവും..... ഹോസ്റ്റലിൽ പോകുന്നതിന് മുൻപ് ഉള്ള രണ്ടുമൂന്ന് ചുരിദാർ നിനക്ക് ഫിറ്റ് ആയിരിക്കും...... ശ്രീ വിദ്യ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോഴും താൻ മറ്റൊരു ലോകത്തിൽ ആണ് എന്ന് അവൾക്ക് തോന്നി..... " ഞാൻ ജയന്തി ആന്റിയോട് പറഞ്ഞിട്ടുണ്ട്....... ആന്റി അമ്മയൊടെ സംസാരിക്കുന്ന തിരക്കിലാണ് നമ്മൾ എല്ലാരും കൂടി ഉള്ളതുകൊണ്ട് പോക്കളാൻ പറഞ്ഞു...... എങ്കിലും നീ ഒന്ന് പറഞ്ഞേക്ക് ചിലപ്പോ നീ പറഞ്ഞില്ലെങ്കിലൊന്ന് ഓർത്തലോ..... യാന്ത്രികമായി തലയാട്ടി താഴേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് കടിഞ്ഞാണില്ലാതെ പായുകയായിരുന്നു.......

അടുക്കളയിലേക്ക് ചെന്നപ്പോൾ സുഗന്ധി അമ്മയും അമ്മയും കൂടി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു..... " അമ്മേ പുറത്ത് പോവാമെന്ന് അവർ പറഞ്ഞു...... ഞാൻ കൂടെ...... അവൾ മടിച്ചു മടിച്ചു ചോദിച്ചു..... " എന്നോട് പറഞ്ഞിരുന്നു...... ഒരുപാട് താമസിക്കാൻ നിൽക്കണ്ട കേട്ടോ........ ജയന്തി പറഞ്ഞതിനുള്ള മറുപടി ആയി ശരി അമ്മേ എന്ന് പറഞ്ഞ് നേരെ മുകളിലേക്ക് പോയിരുന്നു അവൾ....... എന്തോ ചിന്തിച്ച് മുകളിലേക്ക് കയറിയ അവൾ താഴേക്ക് ഇറങ്ങി വന്നിരുന്നു ശ്രീഹരിയെ കണ്ടിരുന്നില്ല...... പെട്ടെന്ന് തന്നെ ആ നെഞ്ചിൽ ഇടിച്ചു നിന്നു...... പെട്ടെന്നാണ് സ്വബോധം വീണ്ടെടുത്ത് അവൾ അവനെ നോക്കിയത്...... തൊട്ടുമുൻപിൽ അവനെ കണ്ടപ്പോൾ പ്രേതത്തെ കണ്ടതുപോലെ അന്തിച്ച് അവൾ നോക്കുന്നുണ്ടായിരുന്നു...... " എന്താടി ഇത്..... നീ കുറേ സമയമായി ആലോചനയിൽ ആണല്ലോ........

ഇപ്പോൾ നീ വീണേനെ..... നിലത്തു നോക്കി നടക്കടി...." അവൻ പറഞ്ഞപ്പോൾ ഒരു ചിരി മാത്രമായിരുന്നു അവൾ നൽകിയിരുന്നത്....... "ഞാൻ മുറിയിലേക്ക് പോവായിരുന്നു പുറത്തേക്ക് പോകാൻ ഡ്രസ്സ് എടുക്കാൻ....... " ആ നീ ഡ്രസ്സ് ഒന്ന് കൊണ്ട് വന്നിട്ടുണ്ടാവില്ല....... ഇവിടെ നിൽക്കാൻ വേണ്ടി വന്നത് അല്ലല്ലോ അല്ലേ...... ഇപ്പൊൾ തൽക്കാലം ഏതെങ്കിലും വിദ്യയുടെ ഇടൂ..... നമുക്ക് പോകുമ്പോൾ വേറെ എടുക്കാം........ ശ്രീഹരി അത് പറഞ്ഞ് താഴേക്ക് പോയപ്പോഴും അവൾ മറുപടി ഒന്നും ഇല്ലാതെ ആ നിൽപ്പ് അവിടെ തന്നെ തുടർന്നു....... " ജാനി........ മുകളിൽനിന്നും വിദ്യയുടെ വിളി കേട്ടപ്പോഴാണ് അവൾ മുകളിലേക്ക് കയറിയത്....... മുറിയിലേയ്ക്ക് ചെന്ന ഒന്നും പറയാതെ തോർത്തെടുത്ത് അവൾ നേരെ കുളിക്കാനായി കയറിയിരുന്നു....... തണുത്ത വെള്ളം തലയിൽ വീഴുമ്പോൾ ഒരു മാറ്റമുണ്ടാകുമെന്ന് അവൾ വിശ്വസിച്ചു......

ഒരുപക്ഷേ ഇത് മനസ്സിൻറെ ഭ്രമം ആയിരിക്കാം എന്നായിരുന്നു അവൾ ചിന്തിച്ചിരുന്നത് ......... വെറുതെ ഒരു സ്വപ്നം പോലെ ആയിരിക്കും എന്ന് വിചാരിച്ച് കുറേ വെള്ളം അവൾ തലക്കു മുകളിലേക്ക് കോരി ഒഴിച്ചു....... അതുപോരാഞ്ഞു ഷവറിന് താഴെ നിൽക്കുമ്പോൾ ശരീരം തണുക്കുന്നുണ്ടെങ്കിലും മനസ്സിലെ തീ കുറയ്ക്കുവാൻ തണുത്ത വെള്ളത്തിന് സാധിക്കുന്നില്ല എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു........ ഇല്ല ഇതുതന്റെ മനസ്സിൽ അടിയുറച്ച് പോയതാണ് എന്ന് അവൾക്ക് തോന്നി....... എത്ര ശ്രമിച്ചിട്ടും ചിന്തകൾ പോലും മായുന്നില്ല....... വലിയ തെറ്റാണ് ചിന്തിക്കുന്നത് എന്ന ഒരു വശത്ത് മനസ്സ് ഒരു മുന്നറിയിപ്പ് നൽകുമ്പോഴും, ഇല്ല ഇതിലെന്താണ് തെറ്റ് എന്ന് മറ്റൊരുവശത്ത് മനസ്സ് സ്ഥാപിച്ചെടുക്കുക ആയിരുന്നു........ രക്തബന്ധങ്ങൾ ഉള്ളവർ പോലും പരസ്പരം വിവാഹം കഴിക്കുന്നില്ലേ ..?

മുറപ്രകാരം ഉള്ളവരും മറ്റും, ഇപ്പോൾ താനുമായി ഹരിച്ചേട്ടന് യാതൊരു ബന്ധവും ഇല്ലാത്ത ആളാണ്........ കർമംകൊണ്ട് തനിക്ക് ചേട്ടൻ ആയവൻ ജന്മം കൊണ്ട് രക്തബന്ധം ഒന്നുമില്ല........ തനിക്ക് എന്തുകൊണ്ട് അവനെ വിവാഹം കഴിച്ചു കൂടാ........ ? മനസ്സിൽ തോന്നിയ ചപലതയ്ക്ക് പലപല ന്യായീകരണങ്ങൾ കണ്ടെത്താൻ അവളുടെ മനസ്സ് വ്യഗ്രത കാട്ടുന്നുണ്ടായിരുന്നു....... പക്ഷേ എല്ലാം തെറ്റാണെന്ന് അറിയാം....... തൻറെ മനസ്സിൽ തോന്നിയത് എന്താണ് എന്ന് ഉറപ്പായതോടെ മനസ്സിലുള്ളത് മനസ്സിൽ തന്നെ ഇരിക്കട്ടെ എന്ന് അവൾ തീരുമാനിച്ചു....... ഇനി മറ്റുള്ളവർ അത് അറിയാൻ ഇടവരരുത് .......തൻറെ മുഖത്ത് നിന്ന് ഒരു ഭാവ വ്യത്യാസം പോലും ആകരുത്......

പഴയത് പോലെ മാറണമെന്ന് അവർ തീരുമാനിച്ചു.......... കുറച്ച് വെള്ളം ഒഴിച്ച് ഒരു പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി വന്നിരുന്നു......... നിനക്ക് ഇത് ചേരും ഒന്ന് നോക്കിക്കേ ഒരു ലെമൺ യെല്ലോ നിറത്തിലുള്ള ബോട്ട് നെക്ക് കുർത്തയും പച്ച നിറത്തിലെ ലെങ്ങിങ്‌സും എടുത്തു വെച്ചു കൊണ്ട് ശ്രീവിദ്യ ചോദിച്ചപ്പോൾ അത് മതി എന്ന രീതിയിൽ അവൾ തലയാട്ടി സമ്മതം കാണിച്ചിരുന്നു........ വിദ്യ ചേച്ചി കുളിക്കാൻ കയറിയ സമയത്ത് നനഞ്ഞ മുടി മെല്ലെ ഉണക്കി ഒരു ക്ലിപ്പ് എടുത്ത് ഇട്ടു........ പിന്നീട് വിദ്യയുടെ ഐലൈനർ എടുത്ത് ഭംഗിയായി കണ്ണുകൾ ഒന്ന് എഴുതി...... ഒരു കുഞ്ഞു കറുത്ത പൊട്ട് അതുകൊണ്ട് തന്നേ തൊട്ടു....... ചേച്ചിയുടെ ഡ്രസ്സ്‌ തനിക്ക് വലിയ വ്യത്യാസമൊന്നുമില്ല എന്ന് അവൾക്ക് തോന്നിയിരുന്നു........ അത്യാവശ്യം ഫിറ്റുമാണ്........ പെട്ടെന്നാണ് ഡോറിൽ ഒരു കൊട്ട് കേട്ടത്....... പെട്ടെന്ന് തന്നെ അവൾ പോയി വാതിൽ തുറന്നു.......

മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ വീണ്ടും ശ്വാസഗതിയിൽ മാറ്റം വരുന്നതുപോലെ....... മനസ്സിലൊളിപ്പിച്ചതോക്കെ വീണ്ടും പുറത്തേക്കിറങ്ങാൻ വെമ്പി നിൽക്കുന്നതുപോലെ....... മുൻപിൽ കണ്ട ശ്രീഹരിയും നന്നായെന്ന് ചിരിച്ചിരുന്നു...... "ജാനിക്കുട്ടി സുന്ദരി ആയല്ലോ.....!! ചെറുചിരിയോടെ അവളുടെ മൊത്തത്തിൽ ഒന്നു നോക്കി സൂപ്പർ എന്ന് അവൻ തമ്പ് ആക്ഷൻ ഉയർത്തി കാണിച്ചു....... ആ നിമിഷം തന്നെ മനസ്സ് നിറഞ്ഞതായി അവൾക്ക് തോന്നിയിരുന്നു....... ഇതിനുമുൻപ് ഒന്നും ഹരിയേട്ടൻ അങ്ങനെ പറയുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല....... പക്ഷേ ഈ നിമിഷം ഹരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ തന്നിൽ വലിയ സന്തോഷം നിറഞ്ഞ പോലെ അവൾക്ക് തോന്നി....... " നല്ല ഭംഗിയുണ്ട്...... പക്ഷേ ഒരു ഷാൾ ഇടണം...... ഒരു മുന്നറിയിപ്പ് പോലെ അവൻ അത് പറഞ്ഞപ്പോൾ അവൾ തലയാട്ടി കാണിച്ചിരുന്നു......

"ഞാൻ വന്നത് ഞാൻ റെഡി ആവാൻ പോവാണ്..... അത് കഴിഞ്ഞ് ഒരു അരമണിക്കൂർ അതിൽ കൂടുതൽ നിങ്ങൾ റെഡി ആവാൻ എടുക്കരുത്...... ദേവൻ കുളിക്കാൻ കയറി....... അത് പറയാൻ വേണ്ടിയാണ്..... അവൾ സമ്മത ഭാവത്തിൽ തലയാട്ടി ഇരുന്നു...... ആ മുഖം കണ്ടപ്പോഴേക്കും വാക്കുകളൊക്കെ തന്നിൽ നിന്നും അന്യമായതുപോലെ...... പെട്ടെന്ന് മനസ്സിലൊരു പിടച്ചിൽ...... അടിവയറ്റിൽ ഒരു ആളൽ....... യാത്ര പറഞ്ഞു തിരികെ ആൾ പോയത് പോലുമറിഞ്ഞില്ല....... ആ വാതിൽ അങ്ങനെതന്നെ നിന്നു...... തന്നിലെ മാറ്റങ്ങൾ സ്വയം അറിഞ്ഞു തുടങ്ങി....... മനസ്സ് ഇപ്പോൾ ഹരിയേട്ടനെ കാണുമ്പോൾ തുടി കൊട്ടുന്നത് ഏത് അർത്ഥത്തിലാണ് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.......

ഇതിനു മുൻപ് പലവട്ടം ചേട്ടനെ കണ്ടിട്ടുണ്ട്........ അപ്പോൾ ഒന്നും തോന്നാത്തത് ഇപ്പോൾ തോന്നുന്നത് എന്നും അവൾ മനസ്സിലാക്കി...... വിദ്യ ചേച്ചി കൂടി കുളി കഴിഞ്ഞ് എത്തിയപ്പോഴേക്കും പിന്നീട് ചിന്തിക്കുവാനും സമയം ലഭിച്ചിരുന്നില്ല........ "ചേച്ചി ഒരു ഷോൾ താ.... "ഷോളോ....? ലെഗിനും കുർത്തയ്ക്കും ഒപ്പമോ....? ചേച്ചി പുരികം ഉയർത്തി ചോദിച്ചു..... "ആഹ്...ചേച്ചി ഹരിച്ചേട്ടൻ പറഞ്ഞു.... "അതാണോ....?? ഹരി ചേട്ടൻ 90'സ് പ്രോഡക്റ്റ് അല്ലേ, പഴയ ജനറേഷൻ അല്ലേ അതാണ്... നീ മൈൻഡ് ആകണ്ട, എന്നോടും പറയും ഞാൻ മൈൻഡ് ചെയ്യില്ല ...... "എങ്കിലും എന്നോട് പറയുമ്പോൾ ഞാൻ കേട്ടില്ല എങ്കിൽ എനിക്കൊരു സങ്കടം, "നിന്റെ കാര്യം....!!

അലമാരയിൽ നിന്ന് ഒരു ഷോൾ എടുത്തു കൊടുത്തൂ വിദ്യ പറഞ്ഞു.... വിദ്യേച്ചിക്ക് അറിയില്ലല്ലോ ആ ഒരുവന്റെ മനസ്സിൽ ഇടം നേടാൻ താൻ ഇപ്പോൾ എന്തും ചെയ്യും എന്ന്...... ആ ഒരുവന്റെ തോന്നലിൽ മാത്രം ആണ് ഇപ്പോൾ ഈ ജന്മം എന്ന്.... തന്റെ പ്രതീക്ഷകളുടെ തളിർനാമ്പുകൾ ആ ഒരു സൂര്യനിൽ മാത്രം ആണ് എന്ന്...... പ്രിയപ്പെട്ടവനെ....!!നീ അറിയുന്നോ എന്റെ ജീവനിൽ നീ അലിഞ്ഞു പോയെന്ന്, നീ ആകുന്ന വിസ്മയം മാത്രം ആണ് എന്റെ ഉള്ളിൽ എന്ന്..... നിന്നെ മാത്രം കാണാൻ വേണ്ടി ആണ് എന്റെ കണ്ണുകൾ കൊതിക്കുന്നത് എന്ന്.... നിന്റെ സ്വരം കേൾക്കുന്ന കർണ്ണപുടം മറ്റെല്ലാ ശബ്ദങ്ങളും തിരസ്കരിക്കുന്നു എന്ന് ... നിന്റെ കരസ്പർശം ആഗ്രഹിച്ച് ഒരു ഉടൽ പൂക്കാൻ വെമ്പി നില്കുന്നു എന്ന്..... അറിയുന്നുവോ നീ എന്റെ ആത്മാവിന്റെ മൗനഭാഷണം....?എന്താവും നിന്നിലേക്ക് എന്നെ വലിച്ചു അടുപ്പിച്ച ഇന്ദ്രജാലം.....

അതിന്റെ കാരണം അജ്ഞാതമാണെങ്കിലും ഞാൻ അറിയുന്നു നീ എന്റെ പ്രാണൻ ആണ് എന്ന്...... എന്നേക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങി എന്ന് .... പെട്ടെന്ന് തന്നെ റെഡിയായി അപ്പോഴേക്കും ദേവേട്ടൻ വന്ന വാതിലിൽ കൊട്ടാൻ തുടങ്ങിയിരുന്നു...... " റെഡിയായൊ....? നിങ്ങൾ താമസിച്ചാൽ ആ കാര്യം പറഞ്ഞു കൊണ്ടായിരിക്കും ഹരിചേട്ടൻ ഈ യാത്ര ക്യാൻസൽ ചെയ്യുന്നത്....... ദേവ് പറഞ്ഞതോടെ രണ്ട് പെൺകുട്ടികളും താഴേക്ക് ഇറങ്ങി വന്നിരുന്നു...... താഴേക്ക് വന്നപ്പോഴാണ് ഹരിയേട്ടന്റെ ഷർട്ട് ശ്രദ്ധിച്ചത് തൻറെ കുർത്തയ്ക്ക് മാച്ച് ചെയ്യുന്ന രീതിയിലുള്ള ഒരു ഷർട്ടാണ് ഹരിയേട്ടൻ ഇട്ടിരിക്കുന്നത്...... ഒരുവേള ഒരു സന്തോഷം....... ഇതുവരെ ഇത്തരം ചിന്തകൾ ഒന്നും മനസ്സിൽ കൂടി പോയിട്ടില്ല....... കാറിലേക്ക് കയറി എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും യാത്ര തുടങ്ങുകയായിരുന്നു.......

. എല്ലാവർക്കും അത് സന്തോഷ നിമിഷം ആയിരുന്നു എന്ന് പറയുന്നതായിരിക്കും സത്യം........ കാരണം ഹരിയേട്ടൻ ഒരുപാട് കാലം കൂടി വരുന്നതുകൊണ്ട് ഹരിയേട്ടൻ വലിയ സന്തോഷമായിരുന്നു........ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ താൻ ഇടയ്ക്ക് അവരോടൊപ്പം കൂടി....... ദേവ് ചേട്ടൻ പറയുന്ന ഓരോ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ഹരിയേട്ടനെ കാണുമ്പോൾ വീണ്ടും മനസ്സ് മറ്റൊരു തലത്തിലേക്ക് പായാൻ തുടങ്ങും......... ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴി കവിളുകൾ സംസാരിക്കുമ്പോൾ വിടരുകയും ചെറുതാവുകയും ചെയ്യുന്ന നിറയെ പീലികൾ ഉള്ള കണ്ണുകൾ, കാട്ടിമീശ ഇവയൊക്കെ കാണുമ്പോൾ വീണ്ടും പ്രണയത്തിൻറെ അലയൊലികൾ തന്റെ ഉള്ളിൽ ഉണരുന്നത് ജാനകി അറിയുന്നുണ്ടായിരുന്നു........ ആ നിമിഷം അവൾ എത്ര നിയന്ത്രിച്ചിട്ടും മനസ്സ് താൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കുന്നില്ലയിരുന്നു.......

യാത്രയിലുടനീളം അവൾ അവനെ തന്നെ വീക്ഷിക്കുകയായിരുന്നു......... ഇതുവരെ താൻ ശ്രദ്ധിക്കാതെ പോയ അവൻറെ സൗന്ദര്യത്തെപ്പറ്റി അവൾ ഒരു അവലോകനം നടത്തുകയായിരുന്നു......... ഇടയ്ക്കിടെ ഡ്രൈവിങ്ങിനിടയിൽ ശ്രീദേവിനോട് എന്തൊക്കെയോ പറഞ്ഞ് അവൻ ചിരിക്കുന്നുണ്ടായിരുന്നു...... നേരെ പോയത് ബീച്ചിലേക്ക് ആണ്........ ചെന്നത്തോടെ ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും എല്ലാവരും എന്തൊക്കെയോ സംസാരിക്കുകയും മറ്റും ചെയ്തിരുന്നു........ സന്തോഷത്തിന്റെ ഇടയിൽ ബാക്കി ചിന്തകൾക്കോന്നും സ്ഥാനമുണ്ടായിരുന്നില്ല....... ഏറെനേരം വിദ്യ ചേച്ചിയോടൊപ്പം പൂഴി മണ്ണിൽ കളിക്കുകയും കടലിൽ ഇറങ്ങുകയും ചെയ്തു......

ഇതിനിടയിൽ ദേവേട്ടനും ഹരി ചേട്ടനും കൂടി അപ്പുറത്തേക്ക് പോയി നല്ല കക്ക റോസ്റ്റും കപ്പയും വാങ്ങി കൊണ്ട് വന്നു..... എല്ലാവരും രുചിയോടെ തന്നെ അത് കഴിക്കുകയും ചെയ്തു...... എവിടെയെങ്കിലും ഇരുന്ന് കഴിക്കാമെന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ പൂഴി മണ്ണിലേക്ക് ഇരുന്നുകൊണ്ട് ആയിരുന്നു കഴിച്ചിരുന്നത്........ തന്നെ ശ്രദ്ധിക്കാതെ കഴിക്കുന്ന ഹരിയേട്ടനെ ഒന്ന് പാളി നോക്കിയിരുന്നു ജാനകി...... ആ കണ്ണുകൾ അറിയാതെ പോലും തന്നെ ശ്രദ്ധിക്കുന്നില്ല എന്നറിയാം, എങ്കിലും ഇടയ്ക്കിടെ പാളി പാളി അവളുടെ കണ്ണുകളിലേക്ക് നോട്ടം എത്തുന്നുണ്ടായിരുന്നു....... തമ്മിൽ ഇടയുന്ന മിഴികളിൽ ഒന്നിൽ കരുതൽ ആയിരുന്നു എങ്കിൽ മറ്റൊരു കണ്ണിൽ പ്രണയമായിരുന്നു......

അത് അവനു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല......... ഇടയ്ക്കിടെ ശ്രീഹരിയുടെ കയ്യിൽ പിടിച്ചും അല്ലാതെയും ഒക്കെ നടന്ന് നീങ്ങിയപ്പോൾ തൻറെ ഉള്ളിലെ പ്രണയം ബലപ്പെടുകയാണ് എന്ന് ജാനകി അറിയുകയായിരുന്നു...... പക്ഷെ എന്നെങ്കിലും ഹരിയേട്ടൻ ഇതറിഞ്ഞാൽ ആ ചിന്തയിൽ പോലും അവൾ ഭയന്നു...... തീർച്ചയായും ഹരിയേട്ടൻ തന്നെ ഒരു മോശം പെൺകുട്ടിയായി തന്നെ ആയിരിക്കില്ലേ ആ നിമിഷം കരുതുന്നത് എന്ന് അവൾ ഓർത്തു........ വേണ്ട ആരും അറിയേണ്ട തൻറെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ........ അങ്ങനെതന്നെ........ അപ്പോഴും ആ ഗാനത്തിൻറെ വരികൾ മാത്രം അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു....... 💙""മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു.. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു.."💙 കുറേസമയം ബീച്ചിൽ നിന്ന് തുണികടയിലേക്ക് പോയി ഷോപ്പിംഗ് നടത്തി.....

ശ്രീഹരിയെ കൊണ്ട് തന്നെ സെലക്ട്‌ ചെയ്യിപ്പിച്ചു രണ്ട് ചുരിദാർ മെറ്റീരിയൽ അവന്റെ നിർബന്ധം കൊണ്ട് അവൾ എടുത്തു...... അതിനുശേഷം സന്ധ്യയോട് അടുപ്പിച്ച് ആയിരുന്നു എല്ലാവരും തിരിച്ചു പോകാനായി തീരുമാനിച്ചത്....... തിരിച്ചു പോകുന്ന വഴി തട്ടുകടയിൽ കയറി ബൂസ്റ്റിട്ട ഒരു ചായയും കുടിച്ചു...... എല്ലാവരും ചായ കുടിച്ചു കൊണ്ട് നിന്നപ്പോഴാണ് പെട്ടെന്ന് ഹരി ഏട്ടന് ഒരു ഫോൺകോൾ വന്നത്...... കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് കാറിന് മുകളിലേക്ക് വെച്ച ഫോൺ വിളിക്കാനായി ഹരിയേട്ടൻ തിരിഞ്ഞപ്പോൾ, ആ നിമിഷം അവൾ ഒന്ന് നോക്കി ദേവേട്ടനും ഫോൺ കാളിംഗ് ആണ്, വിദ്യ ചേച്ചി തട്ടുകട മുതൽ റോഡ് വരെ ഉള്ള ഫോട്ടോ എടുപ്പിൽ ആണ്.....

ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൾ നിമിഷനേരം കൊണ്ട് തന്നെ ചായ വെച്ച് മാറിയിരുന്നു...... ആരും നോക്കുന്നില്ല എന്ന ഉറപ്പോടെ അവൻ പാതി കുടിച്ചു ബാക്കിവെച്ച ചായ അവൾ കുടിച്ചു തുടങ്ങുമ്പോൾ അതുവരെ അറിയാത്ത ഒരു മധുരം ആ ചായയുണ്ട് എന്ന് അവൾക്ക് തോന്നിയിരുന്നു...... തിരികെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും എല്ലാവരും മടുത്തിരുന്നു..... നേരെ മുകളിലേക്ക് പോയി കുളിയെല്ലാം കഴിഞ്ഞ് തിരികെ ഭക്ഷണത്തിനായി ഇറങ്ങി വന്നു ..... ഭക്ഷണം എല്ലാം കഴിഞ്ഞതിനു ശേഷം എല്ലാവരും കിടക്കാൻ പോകുന്നതിനു മുൻപ് ആണ് സേതു ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്......

എന്തോ ഗൗരവമായ കാര്യമാണ് എന്ന് അയാളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി...... അതുകൊണ്ട് എല്ലാവരും അവിടെ നിന്നിരുന്നു..... " ജയന്തി...!! സേതു വിളിച്ചപ്പോഴാണ് ജാനകി ശ്രദ്ധിച്ചത്.... " ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് ജയന്തി ടെൻഷൻ അടിക്കരുത്..... അതുകൊണ്ടാണ് നേരത്തെ തന്നെ പറയുന്നത്.... അമ്മയുടെ മുഖത്തേക്ക് നോക്കി സേതു അത് പറഞ്ഞപ്പോൾ ജാനകിയിലും വല്ലാത്തൊരു ഭയം തോന്നിയിരുന്നു...... തങ്ങളെ സംബന്ധിക്കുന്ന ഒരു കാര്യമാണ് പറയാനുള്ളത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... ഒരു നിമിഷം എല്ലാവരും ആകാംക്ഷയോടെ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി കാതോർത്തു......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story