സ്നേഹദൂരം.....💜: ഭാഗം 60

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

 പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നത് ശ്രീഹരി ആയിരുന്നു..... അവൻ ഉണർന്നിട്ടും ജാനകി നല്ല ഉറക്കമാണ്, തന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ്..... ഒരു കൈ സുരക്ഷിതമായ തന്റെ നെഞ്ചിൽ വെച്ചിട്ടുണ്ട്...... ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്നവളെ കണ്ടപ്പോൾ അവനു തോന്നിയത് വാത്സല്യമായിരുന്നു, താൻ ചുംബിച്ചു ചുവപ്പിച്ച അധരങ്ങൾ, നഖക്ഷതങ്ങൾ പടർന്ന ശരീരം, അർദ്ധ നഗ്നയായി തന്നോട് ചേർന്ന് കിടക്കുന്നവൾ .... പുതപ്പ് വലിച്ചു അവളുടെ ശരീരത്തിലേക്ക് ശരിക്ക് ഇട്ടതിനുശേഷം മുണ്ട് മുറുക്കിയുടുത്ത് എഴുന്നേറ്റവൻ...... പല്ലുതേച്ചു മുഖവും കഴുകി വന്നിട്ടും ജാനകി എഴുന്നേൽക്കുന്നില്ല എന്ന് മനസ്സിലായപ്പോഴാണ് അവളെ തട്ടി വിളിച്ചത്.......

അവളെ തൊട്ടപ്പോൾ തന്നെ ശ്രീഹരി ഞെട്ടിപ്പോയിരുന്നു, ചുട്ടുപൊള്ളുന്ന പനി ആണ് അവൾക്ക്....... ഒരു നിമിഷം തൻറെ ശരീരത്തിൽ അവൾ ചേർന്ന് കിടന്ന സമയത്ത് തനിക്കുണ്ടായിരുന്നു ചൂടിനെ പറ്റി അവൻ തിരിച്ചറിഞ്ഞു....... " ജാനി......!! ആവലാതിയോടെ അവൻ കുറെ വിളിച്ചപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്...... കണ്ണുകൾ തുറന്നെങ്കിലും അവൾക്ക് ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല..... ആ രൂപം ശ്രീഹരി ആണെന്ന് മാത്രം മനസ്സിലായി, ശരീരത്തിനാകെ ക്ഷീണവും അതോടൊപ്പം പനിയും കടന്നുകൂടി...... " മോളെ ജാനി..... എന്തേ വയ്യേ....?? ആവലാതി നിറഞ്ഞ സ്വരം കേൾക്കെ എന്ത് മറുപടി പറയണം എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു......

" കുഴപ്പമില്ല...... കുഴപ്പമില്ല ശ്രീ... ഏട്ടാ.... " കുഴപ്പമില്ലന്നോ ചുട്ടുപൊള്ളുന്ന പനി ആണ്..... നീ ഒന്ന് ഡ്രസ്സ് മാറിക്കെ, നമ്മുക്ക് ആശുപത്രിയിലേക്ക് പോകാം.... " വേണ്ട ശ്രീയേട്ടാ കുറച്ചു നേരം കിടന്നാൽ മാറും..... ഒട്ടും ഊർജം ഇല്ലാതെ തളർന്ന സ്വരത്തോടു അവളത് പറഞ്ഞപ്പോൾ, ദേഷ്യമാണ് വന്നത്..... " പറയുന്നത് അനുസരിക്ക് ജാനി..... ഞാനും കൂടി സഹായിക്കാം, അവൻ കൂടി പിടിച്ച് അവളെ എഴുന്നേൽപ്പിച്ചതിനുശേഷം അവളുടെ മുഖം എല്ലാം കഴുകി കൊണ്ടുവന്ന് ഡ്രസ് മാറ്റി....... അതിനുശേഷമാണ് അവൻ അടുക്കളയിലേക്ക് പോയത്....... അറിയാവുന്ന രീതിയിൽ ചുക്ക് കാപ്പിയും ഇട്ടു തിരികെ വരുമ്പോഴേക്കും ജാനകി വീണ്ടും പുതപ്പും ആയി കട്ടിലിൽ കിടന്നിരുന്നു....... "

ജാനി എഴുന്നേൽക്ക്...... ഇങ്ങനെ കിടന്നാൽ ക്ഷീണം കൂടുകയേ ഉള്ളൂ......ഈ കാപ്പി കുടിച്ചെ..... ഞാൻ ഡ്രസ്സ്‌ മാറീട്ട് വരാം...... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.... പോകാൻ തുടങ്ങുന്നവൻറെ കയ്യിൽ അവർ പിടുത്തമിട്ടു അവൾ.... " വേണ്ടെന്നെ......... എനിക്ക് കുഴപ്പമൊന്നുമില്ല....... ഒന്ന് കിടന്നാൽ മതി...... എനിക്ക് ഒരു അസുഖവും ഇല്ല..... ഏട്ടൻ എന്റെ അടുത്ത് ഇരുന്നാൽ മതി..... " ഇതൊക്കെ സിനിമയിലും കഥകളിലൊക്കെ വായിക്കാനും കാണാനും കൊള്ളാം, യഥാർത്ഥത്തിൽ പനി വന്നാൽ ആശുപത്രിയിൽ പോകുക തന്നെ വേണം..... " നീ വേഗം എഴുന്നേറ്റിരിക്കാൻ നോക്കിക്കേ , കാപ്പി മുഴുവനും കൂടി കുടിക്ക്, ഇത്തിരി എരിവ് ഉണ്ടാവും.......

അത്‌ പറഞ്ഞു അവൻ റൂമിലേക്ക് കയറി മുഖം എല്ലാം കഴുകി ഡ്രസ്സ് മാറി, വണ്ടിയുടെ താക്കോലുമായി വന്നപ്പോഴേക്കും ജാനകി തീർത്തും അവശനിലയിലായിരുന്നു...... ഒരുവിധത്തിൽ അവൻ അവളെ താങ്ങി എടുത്താണ് വണ്ടിയിലേക്ക് കയറിയത്...... അവളുടെ അവസ്ഥ കണ്ടപ്പോൾ അവൻ ആശുപത്രിയിലേക്ക് വേഗത്തിൽ വണ്ടി വിട്ടു...... നോക്കിയപ്പോൾ നൂറ്റി ഡിഗ്രിക്കും അപ്പുറം കടന്നിരിക്കുന്നു...... അപ്പോൾ തന്നെ ഇൻജക്ഷൻ കൊടുത്തൂ.... അവൾ അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തിരുന്നു....... ശ്രീഹരി അപ്പോൾ തന്നെ വീട്ടിൽ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു..... ഹോസ്പിറ്റലിലേക്ക് വരാമെന്ന് സേതു പറഞ്ഞെങ്കിലും വരണ്ട എന്നും താൻ ഇവിടെ ഉണ്ട് എന്നും പറഞ്ഞു ശ്രീഹരി അവരെ ആശ്വസിപ്പിച്ചു...... വീണ്ടും കുറെ സമയങ്ങൾക്ക് ശേഷമാണ് ജാനകി കണ്ണുതുറന്നത്...... ആ സമയത്ത് കസേരയിൽ ഇരിക്കുന്ന ശ്രീഹരി ആണ് കണ്ടത്.......

ഡ്രിപ്പ് കയറിയതിന്റെ ആശ്വാസത്തിൽ അവൾക്ക് സംസാരിക്കാം എന്നായിരുന്നു...... " നമ്മൾ എപ്പോഴാ ശ്രീയേട്ടാ ആശുപത്രിയിലേക്ക് വന്നത്.... ഡ്രിപ്പ് സ്റ്റാൻഡിലേക്കും, മുറിയിലേക്കും നോക്കിക്കൊണ്ട് അവൾ അത് ചോദിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി...... " അപ്പോൾ നിനക്ക് ബോധം ഇല്ലായിരുന്നല്ലേ.....? പനി 102 ഡിഗ്രി കടന്നിരുന്നു...... നീ അന്നേരം പറഞ്ഞത് ആശുപത്രിയിൽ പോകേണ്ട എന്നാ, ഞാൻ പറഞ്ഞില്ലാരുന്നെങ്കിൽ നീ വരിക പോലുമില്ലായിരുന്നു..... എന്നെ വേണം അടിക്കാൻ, നിന്റെ വാക്കുകേട്ട് മഴ നനയാൻ വന്നതിന്....... ഇതൊക്കെ ആണ് കൊച്ചു പിള്ളേരൊക്കെ കല്യാണം കഴിച്ചാൽ ഉള്ള കുഴപ്പം.......

വന്നു വന്നു ഞാനും നിൻറെ കൂടെ കൂടി കുട്ടികളെ പോലെ ആയി എന്നാണ് എനിക്ക് തോന്നുന്നത്.... ചെറുചിരിയോടെ അവന് പറഞ്ഞപ്പോഴേക്കും അവൾ കണ്ണുരുട്ടി ഒന്ന് നോക്കി..... " നിനക്ക് പനി ആണ് എന്നറിഞ്ഞപ്പോൾ ഞാൻ എന്ത് പേടിച്ചു എന്നറിയൊ....? വീട്ടിലാണെങ്കിൽ ആരുമില്ല ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യും, അതെ കപ്പാസിറ്റി ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിൽക്കരുത് കെട്ടോ.....!! ചിരിയോടെ അവളുടെ ചെവിയിൽ അവൻ അത് പറഞ്ഞപ്പോൾ തളർച്ചയിലും അവളുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി..... അത് കണ്ട് അവന് ചിരിയാണ് വന്നത...... ," ശ്രീയേട്ടാ........ അവൾ ചിണുങ്ങി കൊണ്ട് വിളിച്ചപ്പോൾ അവളെ എന്നും പ്രണയത്തിലാകുന്ന ഒരു നുണക്കുഴി ചിരി സമ്മാനിച്ച് അവൻ എഴുന്നേറ്റു പോയി........

" വല്ലതും കഴിക്കാൻ മേടിക്കാം....... ഇപ്പോൾ തന്നെ സമയം പത്തര കഴിഞ്ഞു, നമ്മൾ വരുമ്പോൾ 7 മണി ആയിരുന്നു...... ഞാനും ഒന്നും കഴിച്ചിട്ടില്ല, നീ ഉണരട്ടെ എന്ന് വിചാരിച്ചു..... ഞാൻ എന്തെങ്കിലും വാങ്ങി കൊണ്ടു വരാം.....! വാലറ്റ് പോക്കറ്റിൽ ഉണ്ടോ എന്ന് ഒന്ന് ഉറപ്പിച്ചതിനുശേഷം അവന് വെളിയിലേക്ക് ഇറങ്ങിയിരുന്നു...... അവിടെ നിന്നും തിരികെ വരുമ്പോഴും ജാനകി കട്ടിലിൽ ചാരി ഇരിക്കുകയാണ്...... അപ്പോഴാണ് അവളുടെ വലതു കൈയിൽ ആണ് ഡ്രിപ്പ് എന്ന ബോധം അവന് വന്നത്..... അവന് അവളുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി കൊണ്ട് പറഞ്ഞു... " എങ്ങനെ കഴിക്കും, ഒരു സ്പൂൺ വാങ്ങി തരട്ടെ......

" എനിക്ക് സ്പൂൺ ഒന്നും വേണ്ട, ഹരിയേട്ടൻ എനിക്ക് വാരി തന്നാൽ മതി..... കുട്ടികളെപ്പോലെ അവൾ വാശി പിടിച്ചപ്പോൾ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞു അവന്റെ, മറുപടിയൊന്നും പറയാതെ അതിൽനിന്നും ഒരു ഇഡ്ഡലി എടുത്ത് ചമ്മന്തിയിൽ മുക്കി അല്പം വട കൂടി അതിനോടൊപ്പം ചേർത്ത് അവളുടെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവളുടെ വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു....... ജാനകിക്ക് വയ്യ എന്ന് അറിഞ്ഞ് കഴിഞ്ഞ് പിന്നെ ഒരു സമാധാനവും ഇല്ലായിരുന്നു സുഗന്ധിക്കും സേതുവിനും...... അങ്ങനെ അവർ നാല് പേരും വൈകുന്നേരം തന്നെ ആശുപത്രിയിലെത്തിയിരുന്നു....... ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജാനകി നല്ല മയക്കത്തിലാണ്,

പനിയുടെ പ്രശ്നം മാത്രമേയുള്ളൂവെന്നും, രണ്ടുദിവസം കഴിഞ്ഞാൽ തിരികെ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞു എന്ന് ശ്രീഹരി പറഞ്ഞപ്പോഴാണ് രണ്ടുപേർക്കും സമാധാനമായത്...... ശ്രീദേവും ശ്രീവിദ്യയും ആവശ്യമുള്ള സാധനങ്ങൾ എടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയിരുന്നു...... ജാനകി കണ്ണുതുറന്നപ്പോൾ മുൻപിൽ ആദ്യം കണ്ടത് സുഗന്ധിയെയാണ്...... അവരെ കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു...... സുഗന്ധിയേ കണ്ട് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ സേതു ആണ് വിലക്കിയത്... " മോളെ എണ്ണീക്കണ്ട കിടന്നൊ..... ക്ഷീണം കാണും, " ഇല്ല അച്ഛ, കുഴപ്പമൊന്നുമില്ല..... " നിങ്ങൾ എപ്പോ വന്നു....

" ഞങ്ങളു വന്നതേയുള്ളൂ..... നിനക്ക് പനി ആണെന്ന് അറിഞ്ഞിട്ട് ഞങ്ങൾ എങ്ങനെ അവിടെ സ്വസ്ഥമായിട്ട് നിൽക്കുന്നത്........ എന്തുപറ്റി പെട്ടെന്ന്....? സുഗന്ധി ചോദിച്ചപ്പോൾ അറിയാതെ ജാനകി ഹരിയുടെ മുഖത്തേക്ക് നോക്കി.......പെട്ടെന്ന് എന്ത് മറുപടി പറയണമെന്നറിയാതെ ശ്രീഹരിയും ഒന്ന് ഞെട്ടിയിരുന്നു.... " ഞങ്ങളെ പുറത്ത് നിന്ന് ഒക്കെ അല്ലേ ഫുഡ് കഴിച്ചത്.... അതായിരിക്കും പെട്ടെന്ന് പിടിച്ചില്ല, ചെറിയ ഫുട്പോയിസൻ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞത്.....അതാണ് പനിച്ചത്..... പെട്ടെന്ന് വായിൽ വന്ന കള്ളമതായിരുന്നു..... ശ്രീഹരി അത് പറഞ്ഞപ്പോൾ അറിയാതെ ജാനകിക്ക് ചിരി വന്നു പോയിരുന്നു....... " ഞാൻ കൂടി നിങ്ങടെ കൂടെ വന്നാൽ മതിയായിരുന്നു......

ഇങ്ങനെ ഒന്നും വരില്ലായിരുന്നു...... സുഗന്ധിക്ക് സങ്കടം സഹിക്കാൻ വയ്യ..... " അതിനുമാത്രം ഒന്നുമില്ലല്ലോ, ഒരു രണ്ടുദിവസം ആശുപത്രി കിടക്കാൻ പറഞ്ഞു..... പനി മാറുമ്പോൾ വീട്ടിലേക്ക് വരും, പനി ഒരു രോഗമല്ല ഇത്രയും പേടിക്കാൻ മാത്രം..... ശ്രീഹരി നിസാരമായി പറഞ്ഞു.... " എങ്കിൽ പിന്നെ ഞാൻ ഇന്ന് മോളുടെ കൂടെ നിൽക്കാം.... നീ വേണമെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ...... സുഗന്ധി അത്‌ പറഞ്ഞപ്പോൾ മാത്രം ജാനകിയുടെ മുഖം മങ്ങുന്നത് ശ്രീഹരി കണ്ടിരുന്നു...... അവൻറെ മനസ്സിലും ഒരു നൊമ്പരം ആയിരുന്നു..... പക്ഷേ എങ്ങനെയാണ് അമ്മയോട് പറയുന്നത്......? എങ്കിലും അവളുടെ മങ്ങിയ മുഖം കാണെ വീട്ടിലേക്ക് പോകാൻ അവന് തോന്നിയിരുന്നില്ല......

അമ്മയുടെ മുഖത്തേക്ക് നോക്കി പറയാനും വയ്യ..... സേതുവിന് അവൻറെ അവസ്ഥ മനസ്സിലായിരുന്നു..... " അത് സാരമില്ല അമ്മേ, എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല...... ഇതിപ്പോ ഞാൻ നിന്നോളം, എന്തെങ്കിലും അത്യാവശ്യം വരുകയാണെങ്കിൽ നിങ്ങൾ രണ്ട് സ്ത്രീകൾ മാത്രമായാൽ ശരിയാവില്ലല്ലോ...... രാത്രിയിലെ മെഡിസിൻ വാങ്ങി തിരികെ വരാൻ പറ്റുമോ.....? അമ്മ വയ്യാതെ ഇവിടെ ആശുപത്രി നിൽക്കേണ്ട, ഒരു ദിവസം നിൽക്കുമ്പോഴേക്കും അമ്മയുടെ അസുഖങ്ങളും ചിലപ്പോൾ കൂടും...... " എന്റെ കൊച്ചിന് വേണ്ടി ആശുപത്രിയിൽ നിന്നു എന്ന് വച്ച് അസുഖം കൂടുന്നു എങ്കിൽ കൂടട്ടെ, ഇവൾ ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ എങ്ങനെ മനസമാധാനത്തോടെ അവിടെ പോയി കിടക്കുന്നത്......

സുഗന്ധിക്ക് വിഷമം പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല....... അവസാനം നിസ്സഹായനായി ശ്രീഹരി സേതുവിൻറെ മുഖത്തേക്ക് നോക്കി...... ആ മുഖത്ത് ആർക്കും മനസ്സിലാകാത്ത ഒരു പുഞ്ചിരി മാത്രമേ അവശേഷിച്ചു...... " നിന്നോട് പറഞ്ഞില്ലേ അവൻ നിന്നോളം എന്ന്..... പിന്നെ നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്......? ഭാര്യക്കൊരു വയ്യായ്ക വരുമ്പോൾ കൂടെ നിന്ന് നോക്കേണ്ടത് ഭർത്താവാണ് ...... തിരിച്ചു ഭർത്താവിന് വയ്യാതെ വന്നാൽ ഭാര്യയും....നീ ഇങ്ങ് വന്നേ.... സുഗന്ധിയെ വിളിച്ചു സേതു പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ശ്രീഹരി ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ട് ജാനകിയേ നോക്കി ഇരുകണ്ണുകളും ചിമ്മി കാണിച്ചു......

ഭർത്താവിന്റെ മാറ്റത്തിന്റെ അർത്ഥം മനസ്സിലാവാതെ അവിശ്വസനീയതയോടെ നോക്കുകയായിരുന്നു സുഗന്ധി, സുഗന്ധിയുടെ കൈക്ക് പിടിച്ചു വലിച്ച് ഹോസ്പിറ്റലിന് അപ്പുറത്തുള്ള ഒരു കോർഡോറിലേക്ക് നിന്നുകൊണ്ടാണ് സേതു ഒരു രഹസ്യം പോലെ പറഞ്ഞത്........ " നിനക്ക് പറഞ്ഞാൽ മനസിലാകില്ലേ....? അവന് അവളെ വിട്ട് പിരിയാൻ താൽപര്യമില്ലെന്ന്, രണ്ടുപേരും ഒരുമിച്ച് നിൽക്കട്ടെ...... അതിനിടയിൽ നീ ഇങ്ങനെ വാശി പിടിച്ചാൽ എങ്ങനെയാ.... " അയ്യോ.... ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല, അവന് വീട്ടിലേക്ക് പോകണം എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.... " എടി ദേവനെപ്പോലെയൊ വിദ്യയേ പോലെയൊ ഒന്നുമല്ല ഹരി.....

അവന് നമ്മുടെ അടുത്ത ചില കാര്യങ്ങളൊക്കെ പറയാൻ ഒരു ബുദ്ധിമുട്ട് കാണും..... അത്‌ നീ മനസ്സിലാക്കി വേണം പെരുമാറാൻ........ " ശരിയാ ആ കൊച്ചിനെ വിട്ടുപോകാൻ മനസ്സിലായിരുന്നു അവന് കഴിഞ്ഞ വട്ടം തന്നെ..... അതുകൊണ്ട് ആണ് ഞാൻ അവർ രണ്ടുപേരും തന്നെ വീട്ടിലേക്ക് വന്നോട്ടെ എന്ന് പറഞ്ഞത്...... സേതു ഏട്ടാ അവന് ഇപ്പോൾ അവളെ വലിയ ഇഷ്ടമാ..... അവൾ നിൽക്കുന്ന സ്ഥലങ്ങളിലൊക്കെ കറങ്ങി നില്കുന്നത് ഞാനും കണ്ടിട്ടുണ്ട്...... " അതാ ഞാൻ പറഞ്ഞത് അവർ രണ്ടുപേരും തന്നെയുള്ള നിമിഷങ്ങളിൽ അവർ സന്തോഷിക്കട്ടെ...... അതിനിടയിൽ കട്ടുറുമ്പ് ആയിട്ട് നമ്മൾ പോകാൻ നിൽക്കണ്ട.....

ചെറു ചിരിയോടെ അയാൾ അത് പറഞ്ഞപ്പോൾ അവരും അത് അംഗീകരിച്ചു കൊടുത്തിരുന്നു...... പിന്നീട് രണ്ടുപേർക്കും വൈകിട്ട്തേക്ക് ആഹാരമെല്ലാം വാങ്ങി കൊടുത്തതിനു ശേഷമാണ് ആശുപത്രിയിൽ നിന്നും പോകുന്നത്..... അപ്പോഴേക്കും മാറാൻ ഉള്ള വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ആയി ശ്രീദേവും ശ്രീവിദ്യയും എത്തിയിരുന്നു..... കുറച്ചുസമയം സംസാരിച്ചതിനുശേഷം അവരും യാത്ര പറഞ്ഞു ഇറങ്ങി..... രാത്രിയിലും ജാനകിക്ക് ഇഞ്ചക്ഷൻ ഉണ്ടായിരുന്നു..... സിസ്റ്റർ ഇഞ്ചക്ഷൻ എടുക്കാൻ വന്നപ്പോൾ ശ്രീഹരിക്ക് അത് കണ്ടുനിൽക്കാൻ ഉള്ള ഒരു കരുത്ത് ഇല്ല ആയിരുന്നു.....

പണ്ട് മുതലേ അങ്ങനെയായിരുന്നു, കൊച്ചുകുട്ടികൾക്ക് മുതൽ വലിയവർക്ക് വരെ ഇൻജക്ഷൻ എടുക്കുന്നത് കണ്ടു നിൽക്കാനുള്ള കരുത്തില്ല...... അവന്റെ പല ഭാവങ്ങളും കണ്ടു സിസ്റ്റർക്ക് പോലും ചിരി വന്നിരുന്നു..... " ഇഞ്ചക്ഷൻ എടുത്തത് ഇവിടെ ആണെങ്കിലും, വേദനിച്ചത് അവിടെ ആണെന്ന് തോന്നുന്നു.., അവനെ നോക്കി ചെറുചിരിയോടെ പറഞ്ഞിട്ട് അവർ പോയപ്പോൾ ജാനകിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു...... അവൾക്കുള്ള മരുന്നും ഭക്ഷണവും എല്ലാം എടുത്തു കൊടുത്തതിനു ശേഷം ബിസ്റ്റാൻഡക്ക് ഉള്ള കട്ടലിലേക്ക് ഇരുന്നപ്പോൾ അവളുടെ മുഖം മാറുന്നത് അവൻ കണ്ടു...... " ഇനി എന്താടി.....?? ചെറുചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....

അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി..... " നിൻറെ പനിയൊക്കെ ഒറ്റ സെക്കൻഡ് കൊണ്ട് മാറ്റാൻ എനിക്കറിയാം...... പക്ഷേ ആശുപത്രി ആയിപോയി, ഇവിടെ വല്ല ക്യാമറ ഉണ്ടോ എന്ന് ആർക്ക് അറിയാം...... ഇല്ലേൽ ഇന്ന് തന്നെ നിൻറെ പനി ഞാൻ മാറ്റിയേനെ...... ഒരു പ്രത്യേക താളത്തിൽ അവളുടെ അടുത്തേക്ക് വന്നു അവളെ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ അറിയാതെ അവൾ ചിരിച്ചു പോയിരുന്നു...... പിന്നെ മൃദുവായി ആ മൂർദ്ധാവിൽ ചുംബിച്ചു..... " നീങ്ങി കിടക്കടി.... അവന്റെ മറുപടി കേൾക്കെ അവളുടെ മുഖം വിടർന്നു.... " എൻറെ ഒപ്പം ആണോ കിടക്കുന്നത്.....? " പിന്നല്ലാതെ, ഞാൻ ഉള്ളപ്പോൾ എന്റെ മോൾ ഒറ്റയ്ക്ക് കിടക്കണ്ട...... " അയ്യോ ഏട്ടന് പനി പകരില്ലേ.....? " അങ്ങനെ പെട്ടെന്ന് പനി പകരുന്ന കൂട്ടത്തിൽ ഒന്നുമല്ല ഞാൻ... ഇനി പകരുവാരുന്നെങ്കിൽ ഇന്നലെ തന്നെ പകരാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാരുന്നല്ലോ....!! കണ്ണിൽ ഒളിപ്പിച്ച കുസൃതിയോടെ പറഞ്ഞു ശ്രീഹരി............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story