സ്നേഹദൂരം.....💜: ഭാഗം 8

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

അവളുടെ തലയിലേക്ക് കൈവെച്ച് അങ്ങനെയൊരു സത്യം നൽകുമ്പോൾ ആ പെണ്ണിൻറെ മനസ്സിൽ അത് ഒരു പ്രണയസാഗരം ആയി തനിക്കായി അലയടിക്കുന്നുണ്ട് എന്ന് അവൻ അറിഞ്ഞില്ല...  "ഇനി സമാധാനമായിട്ട് ഉറങ്ങാമല്ലോ......? അവൻ മുഖത്തേക്ക് നോക്കി ചോദിച്ചു..... "ഇനി സമാധാനമായി ഉറങ്ങാം...... പക്ഷേ ഈ വാക്ക് തെറ്റിക്കാൻ പാടില്ല....... സംശയം തീരാതെ അവൾ പറഞ്ഞു..... " എൻറെ ദൈവമേ നിനക്ക് എന്തൊരു സംശയം ആണെന്റെ കൊച്ചേ.....!! സത്യമായിട്ടും തെറ്റിക്കില്ല...... ഇനി പോയി കിടന്നുറങ്ങ്....... എനിക്ക് നന്നായിട്ട് ഉറക്കം വരുന്നു, പകലത്തെ ക്ഷീണം ആണ്...മോൾ പോയി കിടക്ക്.... അവൻ നൽകിയ വിശ്വാസത്തിന്റെ പുറത്ത് അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു...... അവളെ മുറിയിലേക്ക് കൊണ്ടുപോയതിനുശേഷമായിരുന്നു ശ്രീഹരി മുറിയിലേക്ക് പോയത്.......

ആ നിമിഷം മുതൽ അവിടെനിന്നും ജാനകി സ്വപ്നം കണ്ടു തുടങ്ങുകയായിരുന്നു ശ്രീഹരിക്ക് ഒപ്പമുള്ള ഒരു ജീവിതം...... ഒരുപക്ഷേ ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്ന് അവളുടെ മനസ്സിൽ തന്നെ ഉറച്ച ഒരു വിശ്വാസം ഉണ്ട് എങ്കിലും സ്വപ്നങ്ങളിലൂടെ എങ്കിലും അത് സാധ്യമാക്കണം എന്ന് അവൾ ചിന്തിക്കുകയായിരുന്നു...... ബുദ്ധിക്ക് മുകളിൽ വികാരം കൊടി നാട്ടി നിൽക്കുന്ന അവസ്ഥ.... അത് വരെ ഹരിയേട്ടൻ എന്ന് വിളിച്ചവൾ ആ നിമിഷം മുതൽ മനസ്സിൽ ഒരു നൂറു വട്ടം ശ്രീയേട്ടന് എന്ന് വിളിക്കാൻ തുടങ്ങി...... " ജാനകിയുടെ മാത്രം ശ്രീയേട്ടൻ...! ആ രാത്രി ഉറങ്ങിയില്ല ജാനകി......

അവനോടൊപ്പം ഉണ്ടായിരുന്നു സുന്ദര നിമിഷങ്ങളെ ഓർത്ത് അവൾ കണ്ണുകളടച്ചു കിടന്നു...... ഓരോനിമിഷവും അവൻറെ മുഖം മാത്രം മനസ്സിൽ തെളിഞ്ഞു നിന്നു...... ഉറക്കം മെല്ലെ പോലും കൺപോളകളെ തഴുകാതെ വന്നപ്പോൾ അടുത്ത് കിടന്ന ശ്രീ വിദ്യ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി അവൾ ഫോൺ എടുത്തു...... ബീച്ചിൽ വച്ചു എടുത്ത ചിത്രങ്ങൾ ഒക്കെ ഒന്ന് കണ്ണോടിച്ചു, പ്രതീക്ഷിച്ചത് എന്തോ ലഭിച്ചത് പോലെ കണ്ണുകൾ ഒന്ന് തിളങ്ങി...... എല്ലാരും നിൽക്കുന്ന ഒരു സെൽഫി...... അതിൽ ശ്രീഹരിക്ക് അരികിൽ നിൽക്കുന്ന തന്റെ ചിത്രം......

അത് ക്രോപ്പ് ചെയ്തു അപ്പോൾ തന്നെ വാൾപേപ്പർ ആക്കി, അതുവരെ ലോക്ക് ഇല്ലാതെ ഇരുന്ന ഫോണിന് ഒരു പാറ്റേൺ ലോക്കും ഇട്ടു....... മനസിലും ഫോണിലും ഇപ്പോൾ ആരും അറിയാത്ത ഒരു നിലയിൽ ആയി അവൻ എന്ന് അവൾ ഓർത്തു..... 🔵🔵🔵 പിറ്റേന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ജയന്തിയും ജാനകി തിരിച്ചു വീട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നു യാത്രപറഞ്ഞ് രണ്ടുപേരും ഇറങ്ങിയപ്പോൾ ശ്രീഹരി ആയിരുന്നു അവരെ വീട്ടിൽ കൊണ്ടുപോയി വിടാൻ വേണ്ടി ഇറങ്ങിയത്...... അങ്ങോട്ട് പോകുന്ന യാത്രയിൽ എല്ലാം അവൻറെ ഓരോ ചെയ്തികളും കൗതുകപൂർവം അവൾ വീക്ഷിക്കുകയായിരുന്നു.......

അവന്റെ ഓരോ പ്രവർത്തികൾക്ക് പോലും ഒരു സൗന്ദര്യമുണ്ടെന്ന് അവൾക്ക് തോന്നി....... അല്ലെങ്കിലും പ്രണയത്തിൽ അകപ്പെട്ട് കഴിഞ്ഞാൽ ഇങ്ങനെയാണല്ലോ,മിഴികളിൽ തെളിഞ്ഞു നിൽക്കുന്ന ആ രൂപത്തെ സ്വന്തം ആയി വേണം എന്ന് മനസ്സ് അനുസരണ ഇല്ലാതെ വാശി കാണിക്കുന്നു ..... ജെൽ തേച്ചു ഒതുക്കിയ തല മുടിയും വിടർന്ന കണ്ണുകളും നീണ്ട നാസികയും രക്തവർണ്ണം നിറഞ്ഞ അധരങ്ങളും മേൽച്ചുണ്ടുകൾക്ക് മുകളിൽ പറ്റിയിരിക്കുന്ന കാട്ടിമീശയും, ഒരിക്കലും മായാതെ ആ മുഖത്ത് നിലനിൽക്കുന്ന ഗൗരവവും ഏതൊരു പെണ്മനസിനെയും മോഹിപ്പിക്കാൻ കഴിവുള്ളത് ആയിരുന്നു എന്ന് തോന്നി......

അവനറിയാതെ അവനോട് പ്രണയം മനസ്സിൽ ഇങ്ങനെ പഞ്ചാരിമേളം കൊട്ടുന്നത് അവളറിഞ്ഞു.... ഹൃദയം തടങ്കലിൽ ആക്കിയ ആ ഒരുവന്റെ മുഖം മാത്രം മനസ്സിൽ നിറച്ചു അവൾ കണ്ണുകൾ അടച്ചു ഇരുന്നു...... ആ മുഖം മനസ്സിൽ ആലേഖനം ചെയ്യും പോലെ...... ✳✳✳ പിറ്റേദിവസം കോളേജ് കഴിഞ്ഞ് ബസ്സ്റ്റാൻഡിന് മുൻപിൽ നിൽക്കുമ്പോഴായിരുന്നു പരിചയമുള്ള ഒരു വണ്ടി മുന്നിൽ കൊണ്ടുവന്ന് നിർത്തിയത്...... അത് ആരുടെ വണ്ടി ആണെന്ന് മനസ്സിലാക്കുവാൻ അവൾക്ക് ഒരുപാട് നേരം ഒന്നും വേണ്ടി വന്നില്ല....... ശ്രീഹരിയുടെ കാർ ആണ് എന്ന് മനസ്സിലായതോടെ ചൊടികൾ വിടർന്നു, കണ്ണുകൾക്ക് പ്രസരിപ്പ് വർധിച്ചു.....

ചെറുചിരിയോടെ വണ്ടിയിൽ നിന്നും ശ്രീഹരി ഇറങ്ങിയപ്പോൾ അതുവരെ ക്രമമായി ഇടിച്ചിരുന്ന തൻറെ ഹൃദയം ക്രമാതീതമായ പ്രവർത്തനം ആരംഭിക്കുന്നത് അവൾ അറിഞ്ഞിരുന്നു...... ഇതിനു മുൻപ് കാണുമ്പോൾ ഇല്ലാത്ത ഒരു പരിഭ്രമം തന്നെ വലയം ചെയ്യുന്നത് പോലെ അവൾക്ക് തോന്നി........ " ഇവിടെ അടുത്ത് ഒരു കൂട്ടുകാരൻ ഉണ്ട്...... അവന്റെ വീട്ടിൽ കുറച്ച് സാധനം കൊടുക്കാൻ വേണ്ടി വന്നതാ...... അപ്പോൾ ആണ് നിൻറെ കോളേജ് വിടുന്ന സമയം ആണല്ലോ എന്ന് വിചാരിച്ചത്....... നിന്നെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി....... ഏതായാലും പ്രതീക്ഷ തെറ്റിയില്ല ... പോയിട്ടുണ്ടാവും എന്ന് ഞാൻ ഒന്ന് പേടിച്ചു......

ചിരിയോടെ പറയുന്ന ശ്രീഹരിയുടെ മുഖത്ത് തന്നെയായിരുന്നു അവളുടെ നോട്ടം....... ഒരു നിമിഷം അവന്റെ കണ്ണുകളിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അവർ ശ്രദ്ധിച്ചു........ ഇല്ല....!! ആ കണ്ണുകളിൽ നിലനിൽക്കുന്നത് തന്നോടുള്ള വാത്സല്യവും കരുതലും മാത്രമാണ്...... ആ സത്യം ഒരു നിമിഷം അവളെ അശക്തയാക്കിയിരുന്നു....... എങ്കിലും പൂർവാധികം ശക്തിയോടെ അവളുടെ മനസ്സിൽ അവനോടുള്ള പ്രണയം തെളിഞ്ഞുനിന്നു........ ഒരിക്കലും താൻ പോലും ആഗ്രഹിക്കാതെ ആണല്ലോ തൻറെ മനസ്സ് ഈ ഒരുവന് വേണ്ടി ഒരു സ്ഥാനം ഒരുക്കിയത്...... " ഏതായാലും ഇനി ബസ്സിന് പോണ്ട ഞാൻ കൊണ്ടു വിടാം......"

ശ്രീഹരി കയറാൻ പറഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ മുൻപിലേക്ക് തന്നെ അവൾ കയറിയിരുന്നു...... " എങ്ങനെ പോകുന്നു നിൻറെ പഠിത്തം ഒക്കെ...... ഒരു ദിവസം ഞാൻ കോളേജിലേക്ക് വരണം എന്ന് വിചാരിക്കുക ആണ്...... " "അതിനെന്താ ഹരിയേട്ടൻ വായോ..." അവൻ ഭംഗി ആയി ഒന്ന് ചിരിച്ചു അതിൽ അവൾ സ്വയം മറന്നു പോയി.... " പിന്നെ ഇവിടെ കോളേജിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് രാജീവൻ....... നിന്നെ പഠിപ്പിക്കുന്നുണ്ടോ.....? "അയ്യോ രാജീവൻ സാർ ആണോ....? ഫിസിക്സിൽ ആണ്..... കാണാറുണ്ട് ഭയങ്കര സ്ട്രീറ്റ് ആണെന്ന് കുട്ടികളൊക്കെ പറയുന്നത് കേട്ടു....... "ആഹ്.... ആയിരിക്കും പഠിക്കുന്ന സമയത്ത് നല്ല പഠിപ്പിസ്റ്റ് ആയിരുന്നു......

അതുകൊണ്ട് ഇങ്ങനെ ഒരു ജോലി ചെയ്യാനെ പറ്റൂ....... " അപ്പോൾ ഹരി ചേട്ടന് പഠിക്കാൻ കഴിയില്ലായിരുന്നോ.....? "കഴിവ് ഒക്കെ ഉണ്ടായിരുന്നു, കഴിവിന് ഒത്ത സാഹചര്യമായിരുന്നില്ല.... ഒരു നെടുവീർപ്പോടെ അവൻ അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ അവൻറെ പ്രവർത്തികളിൽ ആയിരുന്നു...... സ്റ്റീരിയോയിൽ നിന്നും ഒഴുകിവരുന്ന തനിക്ക് പരിചിതമല്ലാത്ത ഗാനങ്ങൾക്ക് പോലും വല്ലാത്ത ഒരു പ്രണയത്തിൻറെ ഗന്ധമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.......

🎶🎶 വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ🎶🎶 പ്രണയത്താൽ ഉരുകിയ തൻറെ മനസ്സിനെ തണുപ്പിക്കാൻ എങ്ങനെ ആണ് ഈ കേട്ടിട്ടുപോലുമില്ലാത്ത പാട്ടുകൾക്ക് സാധിക്കുന്നത്....ഇതിന് മുൻപ് പലവട്ടം ഹരിയേട്ടന്റെ മുറിയിൽ ഈ പാട്ട് കേട്ടിട്ടുണ്ട്, ഇതായിരിക്കും ആൾക്ക് ഇഷ്ടം ഉള്ള പാട്ട്... " എവിടുന്നു കിട്ടുന്നു ചേട്ടാ ഇത്രയും പഴയ പാട്ടുകൾ ഒക്കെ.....? ഇത്രയും പഴയ പാട്ടുകൾ ആണോ ചേട്ടന് ഇഷ്ടം........!! "

പഴയ പാട്ടുകളിൽ ആണ് മോളെ ഏറ്റവും മനോഹരമായ പ്രണയം ഒളിഞ്ഞിരിക്കുന്നത്...... നിനക്കറിയൊ യഥാർത്ഥ പ്രണയം എന്ന് പറയുന്നത് എത്ര മനോഹരം ആയി ആണ് ഈ വരികളിലൂടെ വിവരിച്ചിരിക്കുന്നത്..... 🎶🎶 വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..🎶🎶🎶 " വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു.."

പാട്ടിൻറെ വരികൾ പാടിക്കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൻ പാടുന്നതിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു അവൾ......... " ഇതൊക്കെ ഏതോ ആദമിൻറെ കാലത്തെ പാട്ടാണ് ഹരിയേട്ടാ..... അവൾ പറഞ്ഞു.... " പാട്ടിന്റെ കാലം അല്ലല്ലോ, അതിലെ വരികൾ അല്ലേ ശ്രദ്ധിക്കേണ്ടത്......? അതിലെ വരികൾ എങ്ങനെയുണ്ട്, നമ്മുടെ മനസ്സിനെ തൊട്ടുണർത്താൻ കഴിവുള്ളതാണോ എന്നൊക്കെ അല്ലേ....? " പഴയ പാട്ടുകൾ ആണെങ്കിലും ഹരിയേട്ടൻ കൂടുതലും കേൾക്കുന്നത് റൊമാൻറിക് സോങ്സ് തന്നെയാണ്..... ഹരിയേട്ടനു എവിടെയോ ഒരു നഷ്ടപ്രണയം മണക്കുന്നുണ്ടല്ലോ....?

അവൻറെ മനസ്സ് അറിയാൻ വേണ്ടി ആയിരുന്നു അവൾ അത് പറഞ്ഞിരുന്നത് പെട്ടെന്ന് അവൻ പൊട്ടിചിരിച്ചു പോയിരുന്നു.... " റൊമാൻറിക് പാട്ട് കേൾക്കുന്നവരൊക്കെ പ്രണയം ഉള്ളവരാണെന്ന് നിന്നോട് ആരാ പറഞ്ഞത്......? ഏറ്റവും കൂടുതൽ ആളുകൾ കേൾക്കുന്നത് റൊമാൻറിക് പാട്ട് തന്നെയാണ്...... മാത്രമല്ല ഏറ്റവും കൂടുതൽ ആളുകൾ എഴുതിയിട്ടുള്ളതും പാടിയിട്ട് ഉള്ളതും പ്രണയത്തെക്കുറിച്ച് തന്നെയാണ്........ കാരണം പ്രണയത്തെപ്പറ്റി എഴുതിയാൽ ആരെങ്കിലും വായിക്കാതിരിക്കുമൊ.....?

പ്രണയത്തെക്കാൾ മനോഹരമായി മറ്റെന്തുണ്ട്.....? നീ ഒന്ന് ശ്രദ്ധിച്ചുനോക്കൂ കഥയാണെങ്കിലും സിനിമയാണെങ്കിലും കവിത യാണെങ്കിലും പ്രണയത്തിനെ പറ്റിയുള്ളതിനുമാത്രം കുറച്ച് ആരാധകർ കൂടുതലായിരിക്കും...... അതിനു ഒറ്റ കാര്യമേ ഉള്ളൂ ഏതൊരു മനുഷ്യൻറെ ഉള്ളിലും പ്രണയം ഉണ്ട്....... അതിന് ഒന്ന് പ്രേമിച്ചു നോക്കണം എന്ന് ഒന്നുമില്ല...... "അപ്പോൾ ഇതുവരെ ഹരി ചേട്ടൻ പ്രേമിച്ചിട്ടില്ലേ.....? ആ മനസ്സ് അറിയണം എന്നുള്ളത് ആ നിമിഷം അവളുടെ ആവശ്യം ആയിരുന്നതുകൊണ്ട് ഒരിക്കൽ കൂടി അവൾ ചോദിച്ചു...... "നല്ല പ്രായത്തിൽ കടൽ കടന്നുപോയ ഞാൻ എങ്ങനെ പ്രേമിക്കാൻ ആടി...?

എവിടുന്ന് സമയം കിട്ടാൻ......,അങ്ങനെ പ്രേമം ഉണ്ടായിരുന്നു എങ്കിൽ ഈ നാട്ടിൽ മുഴുവൻ പെണ്ണ് അന്വേഷിച്ചു എനിക്ക് നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ......? ഭയന്നത് പോലെ ഒന്നും ഇല്ല എന്ന ആശ്വാസം അവളിൽ വല്ലാത്തൊരു സമാധാനം നിറച്ചിരുന്നു..... "നമ്മുക്ക് ഭക്ഷണം വല്ലോം കഴിച്ചാലോ....? ഞാൻ ഉച്ചയ്ക്ക് ഒന്നും കഴിച്ചിരുന്നില്ല.....അതുകൊണ്ട് നല്ല വിശപ്പുണ്ട്...... അവൻ ചോദിച്ചപ്പോൾ ഒന്ന് ആലോചിച്ചതിനു ശേഷം അവൾ സമ്മതം അറിയിച്ചിരുന്നു...... കുറച്ചുസമയം കൂടി ഹരിയേട്ടൻ ഒപ്പം ഇരിക്കാമല്ലോ, ആൾ തന്നോടൊപ്പം ഉണ്ടാകുമല്ലോ എന്ന് മാത്രമേ ആ നിമിഷം അവൾ ചിന്തിച്ചിരുന്നുള്ളൂ........

അല്ലാതെ വിശപ്പും തോന്നി പോലുമില്ല....... ഈ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോൾ എങ്ങനെയാണ് വിശപ്പു വരുന്നത്........ തൊട്ടടുത്ത് കണ്ട ഒരു വെജിറ്റബിൾ കടയിലേക്ക് ആയിരുന്നു അവൻ വണ്ടി നിർത്തിയത്....... "ഈവനിംഗ് വെജിറ്റബിൾ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്...... ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നു ചിരിച്ചു..... ഒപ്പം അവനോടൊപ്പം പുറത്തേക്ക് ഇറങ്ങിയിരുന്നു.. " നിനക്ക് എന്താ കഴിക്കാൻ വേണ്ടത്.....? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു... "

എന്താണെങ്കിലും..... ഹരിയേട്ടന് ഇഷ്ടമുള്ളത്..... പെട്ടെന്നാണ് ഹരിക്ക് ഒരു ഫോൺ വന്നത്, അവൻ പെട്ടെന്ന് തന്നെ എടുത്ത് ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ടതും കോളേജിൽ പഠിക്കുന്ന തനിക്ക് പോലും ഇത്ര മനോഹരമായ ഹിന്ദി പറയാൻ പറ്റില്ല എന്ന് അവൾ ചിന്തിക്കുകയായിരുന്നു..... അത്ര ഒഴുക്കോട് ആണ് അവൻ സംസാരിക്കുന്നത്...... വെയിറ്റർ വന്നു ഓർഡർ ആയി നിൽക്കുന്നത് കണ്ടപ്പോൾ കൈകൊണ്ട് അവളോട് ഓർഡർ കൊടുത്തോളാൻ അവൻ ആംഗ്യം കാണിച്ചിരുന്നു......

പൂരി മസാല ആയിരുന്നു അവൾ ഓർഡർ കൊടുത്തിരുന്നത്...... ഓർഡർ വാങ്ങി അയാൾ പോയിട്ടും ശ്രീഹരിയുടെ ഫോൺകോൾ തീരുന്നുണ്ടായിരുന്നില്ല...... അവൻ വീണ്ടും ചിരിയോടെ എന്തൊക്കെയോ സംസാരിക്കുകയാണ്, അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ....... അവനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി ....താനിതുവരെ ഹരിയേട്ടൻ നന്നായി ശ്രദ്ധിച്ചിട്ടില്ല എന്ന് അവൾ വിചാരിച്ചിരുന്നു...... ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾ അവന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു......

അത് അവനെ അതിസുന്ദരനാക്കുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു..... താടിയിൽ പറയാൻ വിധം ചെറിയ രോമങ്ങൾ കാണുന്നുണ്ട്.... അതും അവന് ചെറിയ അലങ്കാരമാണ് നൽകുന്നത്...... വുഡ്ലാൻഡിൻറെ ലെതർ വാച്ച് കയ്യിൽ കെട്ടിയിരിക്കുന്നു..... രോമങ്ങളാൽ ആവരണം തീർത്ത ആ കൈകൾക്ക് അതൊരു പ്രേത്യക അലങ്കാരം നൽകുന്നുണ്ട് എന്ന് അവൾക്ക് തോന്നി...... താടിയിൽ ഇടയ്ക്കിടെ കൈകൾ പരതി ആണ് സംസാരം....... ഭക്ഷണം കൊണ്ട് വെയിറ്റർ വന്നപ്പോഴേക്കും പിന്നീട് വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തിരുന്നു..... അവൾ എന്നിട്ടും അതെ ഇരുപ്പ് തന്നെ തുടരുകയാണ്......

അവളുടെ മുഖത്തേക്ക് നോക്കി അവൻ ഒന്ന് വിരൽ ഞൊടിച്ചു..... " സ്വപ്നം കാണുവാണോ നീ.... ഭക്ഷണം കൊണ്ടുവന്നത് കണ്ടില്ലേ....? അവൻ പറഞ്ഞപ്പോഴേക്കും അവൾ ചമ്മിയ മുഖത്തോടെ ഒന്ന് ചിരിച്ചു...... മെല്ലെ ഭക്ഷണത്തിൻറെ പ്ളേറ്റ് അവൻ തന്നെ അവളുടെ അരികിലേക്ക് നീക്കി വച്ചു കൊടുത്തു......... അവൻ പൂരി നന്നായി ഒന്ന് കൈ കൊണ്ട് കുത്തി അതിലേക്ക് വെജിറ്റബിൾ കുറുമയും ഒഴിച്ച് ആസ്വദിച്ച് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്..... ആളൊരു ഭക്ഷപ്രിയൻ ആണ് എന്ന് അവൾക്ക് തോന്നി..... അവന്റെ ഓരോ പ്രവർത്തികൾക്കും ഒരു പ്രത്യേകത സൗന്ദര്യമുണ്ട്....... കണ്ടുകൊണ്ടിരിക്കാൻ തന്നെ അവൾക്ക് തോന്നിയിരുന്നു.....

വെയിറ്റർ ഫിൽറ്റർ കോഫിയുമായി രണ്ടാമത് വന്നപ്പോഴും അവൾ പകുതി പോലും ഭക്ഷണം കഴിച്ചിരുന്നില്ല...... അവൻ അരികിൽ ഇരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് അറിയാതെ മിഴികൾ പോവുകയാണ്...... മറ്റൊന്നും തോന്നുന്നില്ല ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ, ഈ ജന്മം മുഴുവൻ..... " നീ എന്താ ഭക്ഷണം കഴിക്കാത്തത്.....? അവന്റെ ശാസന നിറഞ്ഞ വാക്കുകളാണ് അവളെ ബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്...... ഭക്ഷണമൊക്കെ കഴിച്ച് ബില്ല് എല്ലാം പെയ്ത വീണ്ടും തിരികെ അവളെ വീട്ടിലേക്ക് കൊണ്ടുപോയി വിടാൻ ആയി അവൻ തീരുമാനിച്ചിരുന്നു...... കാറിലേക്ക് കയറി വീണ്ടും ഓരോ സംസാരങ്ങളിൽ മുഴുകിയപ്പോഴായിരുന്നു അവളുടെ ഫോൺ ബെല്ലടിച്ചിരുന്നു......

. 🎶 പ്രിയനേ.. നിൻ ഹൃദയതാളത്തിൽ.. നിൻ പൊൻ വാക്കുകളിൽ ഞാൻ അറിയുന്നു എന്നോടുള്ള നിൻ സ്നേഹം...🎶🎶 റിങ്ടോൺ കേട്ടതും അവന് അവളുടെ മുഖത്തേക്ക് അത്ഭുത പൂർവ്വം നോക്കിയിരുന്നു.... " അമ്മയാണ്.... " അവൾ പറഞ്ഞു.... "എടുത്ത് സംസാരിക്ക്.... "ഹലോ അമ്മേ.... "ജാനി നീ എന്താ താമസിക്കുന്നെ....? ജയന്തിയുടെ ആകുലത നിറഞ്ഞ സ്വരം എത്തി... " ബസ് സ്റ്റോപ്പിന് മുന്നിൽ വെച്ച് ഹരി ചേട്ടനെ കണ്ടു.... അതുകൊണ്ട് താമസിച്ചത്...... ചേട്ടനും എന്നോടൊപ്പമുണ്ട് അമ്മേ..... കൊടുക്കാം... അവൾ നീട്ടിയപ്പോൾ അവൻ ഫോൺ വാങ്ങി....... " ഞാൻ കൂടെയുണ്ട് അമ്മേ....!! അതുകൊണ്ടാണ് താമസിച്ചത് എന്നും ഒക്കെ പറയുന്നുണ്ടായിരുന്നു.....

പെട്ടെന്ന് ആണ് അവൾക്ക് ബോധം വന്നത്, ഒരുമിച്ചു ഉള്ള ചിത്രം ആണ് വോൾപേപ്പർ ഇട്ടിരിക്കുന്നത്..... അത് അവൻ കാണുകയാണെങ്കിൽ ആ ഒരു നിമിഷം തന്നെ തെറ്റിദ്ധരിച്ചാൽ...... ഫോൺ അവന്റെ കൈകളിലേക്ക് കൊടുക്കാൻ തുടങ്ങിയ നിമിഷത്തെ ഒരു നിമിഷം അവൾ പഴിച്ചു പോയിരുന്നു...... പെട്ടെന്ന് തന്നെ ഫോൺ കട്ട് ആയതിനു ശേഷം ഫോണിലേക്ക് നോക്കാതെ അവൻ തനിക്ക് നേരെ നീട്ടിയപ്പോഴാണ് അവൾക്ക് ആശ്വാസം തോന്നിയിരുന്നത്..... "നല്ല അടിപൊളി റിങ്ടോൺ ഒക്കെ ആണല്ലോ ജാനികുട്ടി.... അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.... അവൾ ഒരു പുഞ്ചിരി ആയിരുന്നു അതിന് മറുപടിയായി നൽകിയത്.....

എത്രയോ സമയം താൻ ബുദ്ധിമുട്ടി സേർച്ച്‌ ചെയ്താണ് ഈ റിങ്ടോൺ തൻറെ ഫോണിലേക്ക് ഇട്ടത്...... ഈയൊരു വാക്കുകളിൽ കൂടി അല്ലാതെ എങ്ങനെയാണ് പ്രിയപ്പെട്ടവന് തന്നോടുള്ള സ്നേഹത്തെ താൻ വരച്ചുകാട്ടുന്നത് എന്ന് അവൾ ചിന്തിച്ചിരുന്നു....... ഈ പാട്ട് കേൾക്കുമ്പോൾ ഹരിയേട്ടനെ ആണ് ഓർമ്മ വരുന്നത്..... പക്ഷേ അവൻറെ ചിന്ത പോയത് മറ്റൊരു തലത്തിലേക്കാണ്, പ്രണയത്തെ പറ്റിയുള്ള അവളുടെ ആകാംഷയും പ്രണയ ഗാനങ്ങളോട് ഉള്ള അവളുടെ ഇഷ്ടവും ഒക്കെ അവനെ കൊണ്ടുചെന്നെത്തിച്ചത് മറ്റൊരു അനുമാനത്തിൽ ആയിരുന്നു......

അവളുടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടാകുമോ എന്നായിരുന്നു ആ നിമിഷം ശ്രീഹരി ചിന്തിച്ചിരുന്നത്...... അടുത്തകാലത്തായി പലപ്പോഴും ചിന്തിച്ചിരിക്കുന്ന ജാനകി അവനിൽ ഒരു സംശയം ഉണർത്തിയിരുന്നു...... ഇനി കോളേജിൽ അവൾക്ക് ആരോടെങ്കിലും ഒരു താല്പര്യം ഉണ്ടായിരിക്കുമോ എന്ന് അവൻ ചിന്തിച്ചു...... എന്നാൽ അത് തുറന്ന് ചോദിക്കുവാനും അവന് ധൈര്യമുണ്ടായിരുന്നില്ല...... വീടിന് മുൻപിലേക്ക് എത്തിയപ്പോൾ ആണ് ജാനകിക്ക് സുബോധം വന്നത്..... അതുവരെ സ്റ്റീരിയോയിൽ നിന്നും കേൾക്കുന്ന ആ പ്രണയ ഗാനത്തിൽ തന്നെ അലിഞ്ഞു ഇരിക്കുകയായിരുന്നു അവൾ......

ഗാനത്തിൽ അപ്പോൾ താനും തൻറെ രാജകുമാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ..... " അതെ വീടെത്തി......നിൻറെ ആലോചന കഴിഞ്ഞെങ്കിൽ ഇറങ്ങാം..... ഒരു സംശയദൃഷ്ടിയോടെ ശ്രീഹരി പറഞ്ഞപ്പോൾ അവൾക്ക് ചെറിയ ചമ്മൽ തോന്നിയിരുന്നു.... " ഹരി ചേട്ടൻ ഇറങ്ങുന്നില്ലേ....? അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു...... "ഇല്ലെടി ഇറങ്ങിയാൽ താമസിക്കും...... ചെന്നിട്ട് വേണം ബാർബർ ഷോപ്പിലേക്ക് പോകാൻ...... ഷേവ് ചെയ്യണം..... ഭയങ്കര ക്ഷീണം രാവിലെ ഇറങ്ങിയത് ആണ് മടുത്തുപോയി..... "ഷേവ് നാളെ ചെയ്താ പോരെ ഹരിയേട്ടാ......? വീടിൻറെ പടിക്കൽ വരെ വന്നിട്ട് ....

"അതു കൊണ്ടല്ലേ മോളെ നാളെ ഒരു പെണ്ണുകാണൽ ഉണ്ട്..... അത് പറയാൻ മറന്നുപോയി..... ഇപ്രാവശ്യം കുടുംബം മൊത്തം പോകുന്നില്ല ...... ഞാൻ മാത്രം പോയി ഒന്ന് കണ്ടിട്ട് വരാം എന്ന് വിചാരിച്ചു...... ഇനി ഞാൻ പോയി കണ്ടു ഇഷ്ടം ആയാൽ ബാക്കി ഉള്ളോർ വന്നാൽ മതിയല്ലോ....? ചെറുചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ നെഞ്ചിലേക്ക് ഒരു കല്ലെടുത്ത് വച്ചത് പോലെ ആയിരുന്നു അവൾക്ക് തോന്നിയിരുന്നത്............................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story