സ്നേഹദൂരം.....💜: ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്

"അതു കൊണ്ടല്ലേ മോളെ നാളെ ഒരു പെണ്ണുകാണൽ ഉണ്ട്..... അത് പറയാൻ മറന്നുപോയി..... ഇപ്രാവശ്യം കുടുംബം മൊത്തം പോകുന്നില്ല ...... ഞാൻ മാത്രം പോയി ഒന്ന് കണ്ടിട്ട് വരാം എന്ന് വിചാരിച്ചു...... ഇനി ഞാൻ പോയി കണ്ടു ഇഷ്ടം ആയാൽ ബാക്കി ഉള്ളോർ വന്നാൽ മതിയല്ലോ....? ചെറുചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ നെഞ്ചിലേക്ക് ഒരു കല്ലെടുത്ത് വച്ചത് പോലെ ആയിരുന്നു അവൾക്ക് തോന്നിയിരുന്നത്.....  വല്ലാത്തൊരു വേദന അവൾ അറിഞ്ഞിരുന്നു...... "എവിടുന്നാ ചേട്ടാ പെണ്ണ്..... ശബ്ദം ഇടറാതെ ഇരിക്കാൻ ശ്രെദ്ധിച്ചു തന്നെ അവൾ ചോദിച്ചു..... " പന്തളത്ത്...... അതുകൊണ്ട് രാവിലെ തന്നെ പോണം..... നീ എന്തായാലും അമ്മയോട് പറഞ്ഞേക്ക്....... കേറുന്നില്ല..... നാളെ ഏതായാലും പെണ്ണ് ഒക്കെ കണ്ടിട്ട് എല്ലാം ശരി ആവുക ആണ് എങ്കിൽ ഇങ്ങോട്ട് പോരാം.....

ചെറുചിരിയോടെ അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വല്ലായ്മ തോന്നിയിരുന്നു...... അവൻ പിന്നീട് പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല...... മനസ്സിൽ എന്തോ ഒരു ഭാരം പോലെ....... ഒരു ഒറ്റപെട്ട തുരുത്തിൽ ആണ് താൻ എന്ന് അവൾക്ക് തോന്നി..... അവനോട് ഒപ്പം ഈ നിമിഷം വരെ താൻ അനുഭവിച്ച സന്തോഷം നിമി നേരം കൊണ്ട് കേട്ടടങ്ങുന്നത് അവൾ അറിഞ്ഞു...... ശ്രീഹരി യാത്രപറഞ്ഞു പോയതിനു ശേഷം തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ ഹാളിൽ തന്നെ ജയന്തി ഉണ്ടായിരുന്നു...... "ഹരികുട്ടൻ എവിടെ..... അവളുടെ പിന്നിലേക്ക് നോക്കി അവർ ചോദിച്ചു........ "പോയി.....!! "ഇവിടെ വരെ വന്നിട്ട് കേറാതെ പോയോ....?

അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോഴും അവൾ മറ്റൊരു ലോകത്താണ് എന്ന് തോന്നിയിരുന്നു...... മറുപടി പറയാൻ പോലും അവൾക്ക് ആവതില്ല എന്നു തോന്നിയിരുന്നു...... അവളുടെ മുഖഭാവം പെട്ടെന്ന് തന്നെ ജയന്തിയിൽ ഒരു ആശങ്ക സൃഷ്ടിച്ചു...... " എന്തുപറ്റി നിനക്ക് വയ്യേ....? മകളുടെ മുടിയിൽ അരുമ ആയി തലോടി ജയന്തി ചോദിച്ചു.... " നല്ല തലവേദന പോലെ...... ഹരി ചേട്ടൻ നാളെ പെണ്ണുകാണാൻ പോകുന്നുണ്ട്.... അതുകൊണ്ടാണ് വരാതിരുന്നത്.... "ഈശ്വരാ ഇതെങ്കിലും ഒന്ന് ശരിയായാൽ മതിയായിരുന്നു...... " ഇപ്പോൾ അവന് പ്രായം എത്ര ആകുന്നു.....? കല്യാണം ശരിയാണെങ്കിൽ പെണ്ണിന് പാസ്പോർട്ട് എടുക്കണമെന്ന് സുഗന്ധി പറഞ്ഞത്...... "

കല്യാണം കഴിക്കുന്ന പെണ്ണിനെ കൊണ്ട് പോകാൻ ആണോ....? അതിശയത്തോടെ അവൾ ചോദിച്ചു.... " അതിപ്പോൾ ഒന്നും പറ്റില്ലല്ലോ..... അത്ര നല്ല ജോലി ഒന്നും അല്ലല്ലോ അവിടെ...... പിന്നെ കുറച്ച് ഒരു വർഷം കൂടി കഴിഞ്ഞാൽ നല്ലരീതിയിൽ അവിടെ ജോലി കിട്ടും എന്ന് പറഞ്ഞത്..... അപ്പോൾ താമസിക്കാൻ സൗകര്യം ഒക്കെ ആകും..... അവനു ഇവിടെ കുറച്ചുനാളിൽ കൂടുതൽ നിൽക്കാൻ പറ്റില്ലല്ലോ...... അക്കര ഇക്കര ഉള്ള ജീവിതവും ശരിയല്ല...... എൻറെ കൃഷ്ണ വേഗം അവന്റെ വിവാഹം നടത്താമെങ്കിൽ ഞാൻ ഒരു ചുറ്റുവിളക്ക് നേർന്നേക്കാം....." ജയന്തിയുടെ ആ പ്രാർത്ഥന ജാനകിയുടെ ഹൃദയത്തിൽ ആയിരുന്നു കൊണ്ടത്......

അമ്മയ്ക്ക് അറിയില്ലല്ലോ അമ്മയുടെ മകളുടെ ഹൃദയം കവർന്നവന് വേണ്ടിയാണ് മറ്റൊരു വിവാഹത്തിന് അമ്മ നേർച്ച നേരുന്നത് എന്ന്..... കൂടുതൽ സമയം അവിടെ നിൽക്കാൻ അവൾക്ക് തോന്നിയിരുന്നില്ല..... മുറിയിലേക്ക് ചെന്നു...... അപ്പോഴും മനസ്സ് വല്ലാതെ വേദനയിൽ ആയിരുന്നു...... നാളെ ആ പെൺകുട്ടിയെ ഹരിയേട്ടന് ഇഷ്ടമാകുമോ.....? ഇഷ്ടമായാൽ വിവാഹം നടക്കും...... മറ്റൊരു പെണ്കുട്ടിയോടൊപ്പം ഹരിയേട്ടൻ...... ഹരിയേട്ടന്റെ താലിയും സിന്ദൂരവും ഏറ്റുവാങ്ങി മറ്റൊരു പെൺകുട്ടി..... ആ ഒരു ചിന്ത പോലും അവളെ വല്ലാതെ തളർത്തി...... ചിന്തിക്കുമ്പോൾ തന്നെ സഹിക്കാൻ കഴിയുന്നില്ല......

മുറിയിലേക്ക് ചെന്നതും കട്ടിലിലേക്ക് തന്നെ കിടന്നു...... കണ്ണുകൾ പോലും അടിക്കാൻ പറ്റുന്നില്ല....... ആ ചിന്തപോലും തന്നെ വല്ലാതെ അസ്വസ്ഥമാകുന്നു...... ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു നിസ്സഹായമായ അവസ്ഥ..... എങ്ങനെ താനി രാത്രി തള്ളിനീക്കു എന്ന് അവൾക്ക് അറിയില്ലായിരുന്നു...... എന്തെങ്കിലും വിശദ വിവരം അറിയുന്നത് വരെ താൻ ഉരുകി തീരും എന്ന് അവൾക്ക് തോന്നി...... തൻറെ മനോവേദനയും പറ്റി ആരോടാണ് പറയുന്നത്.....? ആരാണ് തന്നെ മനസിലാകുന്നത്......?നീറ്റുന്ന ഓർമകൾ വേദന മനസ്സിൽ കോറിയിടുന്നു..... ഒരുപാട് വർഷത്തെ പ്രണയം ഒന്നുമല്ല, ദിവസങ്ങൾ മാത്രം പഴക്കം ഉള്ള ഒരു പ്രണയം.....

പക്ഷെ അവൻ പതിഞ്ഞത് തന്റെ ഹൃദയത്തിൽ ആയിരുന്നു....ആ പ്രണയം മറക്കാൻ ശ്രെമിക്കുമ്പോൾ ഹൃദയത്തിൽ ചെന്നിണം വാർന്നോഴുകുന്നു....... അവൾക്ക് ഒരു ഉത്സാഹവും തോന്നിയിരുന്നില്ല......കുറച്ചു സമയം അങ്ങനെ തന്നെ കിടന്നു.... അതുകഴിഞ്ഞ് എഴുന്നേറ്റ് കുളിക്കാൻ ആയിപോയി.... നെറുകയിൽ തണുത്ത വെള്ളം വീണപ്പോൾ കുറച്ച് ആശ്വാസം കിട്ടി എങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല....... വൈകുന്നേരം വെറുതെ ഒരു മെസ്സേജ് ഹരിയേട്ടന് വാട്സാപ്പിൽ അയച്ചു...... "നാളെ എപ്പോഴാ പോകുന്നത്.....? ചേട്ടന് മെസ്സേജ് ഡെലിവർ ആയെങ്കിലും റിപ്ലൈ വന്നില്ല,

ആൾ അങ്ങനെ ഓൺലൈനിൽ ഒന്നും ഇരിക്കുന്ന പ്രകൃതത്തിൽ അല്ല..... എങ്കിലും നെറ്റ് ഓൺ ആണ്...... ചിലപ്പോൾ യൂട്യൂബിൽ എന്തെങ്കിലും പാട്ടുകേൾക്കുകയോ സിനിമ കാണുകയോ ഒക്കെ ആയിരിക്കും...... കുറച്ചു സമയങ്ങൾക്ക് ശേഷം ഫോണിൻറെ ബീപ്പ് സൗണ്ട് അടിച്ചപ്പോൾ ഓൺലൈനിൽ കണ്ടു...... ഹൃദയവേദനയോടെ തന്നെ അത് എടുത്തു നോക്കി.... " പോകുന്നില്ല.....!! ഒറ്റവാക്കിലുള്ള മറുപടി, അത് കേട്ടപ്പോൾ സന്തോഷവും സമാധാനവും ഒരുപോലെ ആണ് മനസ്സിൽ നിറഞ്ഞത് എങ്കിലും എങ്കിലും കാരണം ചോദിക്കാൻ മനസ്സിൽ വല്ലാത്ത ആകാംഷ.... " എന്തുപറ്റി ഹരിയേട്ടാ.....?

അങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഒരു ഓഡിയോ റെക്കോർഡ് ചെയ്യുന്നത് കേൾക്കാമായിരുന്നു...... അത് എന്താണെന്ന് അറിയാൻ വേണ്ടി ഇയർഫോൺ അപ്പോഴേക്കും തപ്പി ഫോണിൽ കണക്ട് ചെയ്തു...... ശേഷം മൂന്നു സെക്കൻഡ് ഓഡിയോ പ്ലേ ചെയ്തു.... " ജാതകം കൊടുത്തിട്ടുണ്ടായിരുന്നു ജാതകം നോക്കിയപ്പോൾ ജാതകങ്ങൾ തമ്മിൽ ചേരില്ല അതുകൊണ്ട് പോകുന്നില്ല എന്ന് വെച്ചു......" ആ വാക്കുകൾ വലിയൊരു സമാധാനമായിരുന്നു മനസ്സിൽ നിറച്ചിരുന്നത്...... താൻ കേൾക്കാൻ ആഗ്രഹിച്ചതും അങ്ങനെ ഒരു മറുപടിയായിരുന്നു...... അതിന്റെ ഒരു സമാധാനം അവൾക്ക് തോന്നി...... അതു വരെ മൂടി കെട്ടിനിന്നിരുന്ന മനസ്സിന് ഒരു കുളിർകാറ്റു വീഴുന്നതുപോലെ......

ആ സന്തോഷത്തിൽ അറിയാതെ കണ്ണിൽ ലവ് നിറഞ്ഞ ഒരു സ്മൈലി ആയിരുന്നു അയച്ചത്.... ബോധം വീണ്ടെടുത്ത് നോക്കിയപ്പോൾ ഹരി ചേട്ടൻ അത് കണ്ടിട്ടില്ല..... അതിനു മുൻപേ പെട്ടെന്നുതന്നെ അത് ഡിലീറ്റ് ചെയ്തു.....ഡിലീറ്റ് ചെയ്യുന്ന നിമിഷം തന്നെ ആള് ഓൺലൈനിൽ വന്നു എന്താണ് അയച്ചത് എന്ന് ക്വസ്റ്റ്യൻ മാർക്ക് അയക്കുകയും ചെയ്തു.... ഒന്നുമില്ല എന്നു പറഞ്ഞപ്പോൾ തന്നെ ഓഫ് ലൈൻ ആയി..... പിരിമുറുക്കം ബാധിച്ച മനസിന്‌ ആശ്വാസം കിട്ടിയ സമാധാനം അവളുടെ മുഖത്ത് ഉണ്ടായിരുന്നു...... ആ സന്തോഷത്തിൽ പെട്ടന്ന് മ്യൂസിക് പ്ലയെർ ഓൺ ആക്കി....

🎶 കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ? മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ? അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ? നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?.🎶🎶 അവന്റെ ചിരിക്കുന്ന മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു..... പക്ഷേ എത്രനാൾ......? വളരെ ക്ഷണികമാണ് ഇത്തരം സന്തോഷങ്ങൾ...... ഇന്ന് അല്ലെങ്കിൽ നാളെ മറ്റൊരു ആലോചന വരും...... ചേട്ടൻ തന്റെ ഇഷ്ടം അറിയാത്ത കാലത്തോളം അങ്ങനെ വരുന്ന ആലോചന പോയി കാണുകയും ചിലപ്പോൾ അത് നടക്കുകയും ചെയ്യും...... തനിക്കത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.......

പക്ഷേ തൻറെ ഇഷ്ടം ആരോടും തുറന്നു പറയുവാനും വയ്യ...... താൻ എന്താണ് ചെയ്യുന്നത് എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷവും അവൾ.... ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം മാത്രം ഒട്ടും മാറ്റ് കുറയാതെ തെളിഞ്ഞുനിന്നു...... അത് പക്ഷേ എങ്ങനെ പറയുമെന്ന് അറിയില്ല...... ആരോടാണ് പറയുന്നത്.....? സഹോദരനായി കണ്ട ഒരുവനെ മറ്റൊരു രീതിയിൽ കാണുന്നത് തന്നെ മറ്റുള്ളവർ ഏത് രീതിയിലായിരിക്കും ചിന്തിക്കുന്നത്.....? അങ്ങനെ പല സംശയങ്ങൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു...... കുറച്ചു കഴിഞ്ഞപ്പോഴാണ് വാതിലിൽ ഒരു തട്ട്....... പെട്ടെന്ന് പോയി തുറന്നു....... മുൻപിൽ ജയന്തിയെ കണ്ടു....

അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കാര്യം മനസ്സിലാവാതെ അവൾ ഒന്ന് നോക്കി.... "ജാനി നാളെ നീ കോളേജിൽ പോകണ്ട.....? ജയന്തിയുടെ മുഖത്ത് മിന്നി നിന്ന് സന്തോഷം എന്താണെന്ന് മനസ്സിലാവാതെ സംശയത്തിൽ തന്നെ അവൾ ജയന്തിയുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി..... " മറ്റൊന്നും കൊണ്ടല്ല ഹരിക്കുട്ടന്റെ ഒരു കൂട്ടുകാരൻ നിന്നെ ഒന്ന് കാണാൻ വരുന്നുണ്ട്...... കൂട്ടുകാരൻ അല്ല കൂട്ടുകാരൻറെ അനിയൻ ആണ് എന്നാണ് പറഞ്ഞത്..... ഹരിക്ക് നേരിട്ട് അറിയാവുന്ന ആൾക്കാർ ആയതു കൊണ്ട് നമുക്ക് കുഴപ്പമില്ല...... ഒരു വർഷം കഴിഞ്ഞു മതി എന്ന് വെച്ചാലും ഇപ്പോൾ തന്നെ എല്ലാം നോക്കണ്ടേ......

ഹരി പറയുന്നത് അവൻ പോകുന്നതിനു മുൻപ് നിശ്ചയം എങ്കിലും നടത്താം എന്നാണ്....... പറ്റുമെങ്കിൽ കല്യാണം ഒരുമിച്ച് നടത്താരുന്നു ..... ഹരി പോകാനിരുന്ന കുട്ടിയും ഹരിയുടെയും ജാതകംവും തമ്മിൽ പൊരുത്തമില്ല...... ജയന്തി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്, പക്ഷേ ഒന്നിനും മറുപടി പറയുവാൻ അവൾക്ക് സാധിക്കുന്നില്ല..... നാളെ തന്നെ കാണാൻ മറ്റൊരാൾ വരുന്നു എന്നും അത് ഹരിയേട്ടൻ കൂടി അറിഞ്ഞു കൊണ്ട് ആണെന്നുള്ള അറിവ് മാത്രം മതിയായിരുന്നു അവളെ തകർത്തു കളയുന്നതിനായി..... " ഇങ്ങനെ പെട്ടെന്ന് ഒക്കെയാണോ മറ്റൊരാൾ കാണാൻ വരുന്നു എന്ന് പറയുന്നത്....? നാളെ എനിക്ക് കോളേജിൽ അസൈമെൻറ് ഉള്ളത് ആണ്....

പോകാതിരിക്കാൻ പറ്റില്ല നാളെ..... അവൾ ഒഴിയാൻ നോക്കി.... " ഒരു ദിവസത്തേക്ക് നീ പോകണ്ട..... ഹരി പറഞ്ഞിട്ട് അവൻ കാണാൻ വേണ്ടി വരുന്നതല്ലേ.... ആ സമയത്ത് നീ ഇവിടെ ഇല്ലെങ്കിൽ നമ്മൾ അവരെ അപമാനിച്ചത് പോലെയായിരിക്കില്ലേ.....? ഹരി പറഞ്ഞത് അല്ലേ....? ഏതായാലും അവർ വന്നു കണ്ടോട്ടെ...... ഒരുപാട് ആളുകൾ ഒന്നും ഉണ്ടാവില്ല പയ്യനും പിന്നെ ഹരിയും കാണും..... മറ്റാരും കാണില്ല..... അത്രയും പറഞ്ഞ് ജയന്തി പോയപ്പോൾ അപ്പോൾ തന്നെ ഫോണെടുത്ത് അവൾ ഹരിയുടെ നമ്പറിലേക്ക് വിളിച്ചിരുന്നു.... ഒന്ന് രണ്ട് ബെല്ലിനുള്ളിൽ തന്നെ ഫോൺ എടുക്കപ്പെട്ടു..... " എന്താടി നിനക്ക് രാത്രിയിൽ ഉറക്കം ഒന്നും ഇല്ലേ.....?

കേൾക്കാൻ കൊതിച്ച ശബ്ദം കാതുകളിലേക്ക് അലയടിച്ചു.... " എടുത്തു പിടിച്ച് എൻറെ കല്യാണം നടത്തില്ല എന്ന് എനിക്ക് വാക്ക് തന്നിട്ട്, നാളെ തന്നെ എന്നെ പെണ്ണ് കാണിക്കാൻ ആളെ കൊണ്ടുവരുവാണോ....? വിഷമവും പരിഭവവും ഒക്കെ നിറഞ്ഞ സ്വരം ആയിരുന്നു അവൻറെ കാതുകളിലേക്ക് എത്തിയത്...... അവളുടെ ആ പരിഭവം കേട്ടപ്പോൾ അവന് ചിരിയാണ് വന്നതെങ്കിലും അത് കടിച്ചമർത്തി തന്നെ അവൻ പറഞ്ഞു.... " അതിന് നാളെ നിന്റെ കല്യാണം ഒന്നുമല്ലല്ലോ ജാനി...... അവൻ നിന്നെ ഒന്ന് കാണുന്നു പോകുന്നു അത്രയേ ഉള്ളൂ.... അതിനപ്പുറം ഒന്നുമില്ല..... നീ കാണാൻ ഒന്ന് നിന്ന് കൊടുത്താൽ മതി...... അങ്ങനെ വന്നു കണ്ടാൽ ഉടനെ കല്യാണം നടക്കുമോ....?

അങ്ങനെയാണെങ്കിൽ ഞാൻ എത്ര കല്യാണം കഴിക്കേണ്ടി വന്നേനെ...... പയ്യൻ നിന്നെ കാണണം ഇഷ്ട്ടം ആകണം, നിനക്ക് പയ്യനെ ഇഷ്ടപ്പെടണം, വീട്ടുകാർക്ക് ഇഷ്ടപ്പെടണം, പിന്നെ ജാതകങ്ങൾ തമ്മിൽ ചേരണം അങ്ങനെ എത്രയെത്ര കടമ്പകൾ കടന്ന് മാത്രമേ വിവാഹം ആവുകയുള്ളൂ..... അതുകൊണ്ട് ഒന്ന് കാണണം എന്ന് പറഞ്ഞത്..... അതിന് നീ ഇത്ര ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല...... അവൻ അവളെ ആശ്വസിപ്പിക്കാൻ നോക്കി..... " എങ്കിലും വേണ്ട ചേട്ടാ..... ഇപ്പോൾ എന്നെ കാണാൻ ആരും വരേണ്ട....... അവസാന ശ്രെമം എന്നപോലെ അവൾ പറഞ്ഞു.... "ഇപ്പൊൾ ആരും വരില്ല...... നാളെ രാവിലെ ഒരു 11:00 ആകും വരാൻ.....

അവന്റെ കൂടെ ഞാനുമുണ്ടാകും...... " ചേട്ടാ.......!!!!!! ദേഷ്യത്തോടെ വിളിച്ചപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയിരുന്നു....... "എടി മോളെ, എന്റെ കൂട്ടുകാരൻറെ അനിയൻ ആണ് അവൻ, അമൽ എന്നാണ് പേര്, അവൻ ഇപ്പോ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്..... ചെറുപ്പക്കാരുടെ ഒരു ദുസ്വഭാവങ്ങളും അവന് ഇല്ല...... നല്ല പയ്യൻ, കണ്ടാൽ തന്നെ നിനക്ക് ഇഷ്ട്ടം ആകും, നീ ഒന്ന് കണ്ടു നോക്കൂ..... ജാതകങ്ങൾ ചേരുക ആണെങ്കിൽ ഒരു വർഷം കഴിഞ്ഞേ വിവാഹം നടത്തു...... ശരിയായാൽ ഒരു നിശ്ചയം നടത്താം....... അങ്ങനെയാണ് വിചാരിച്ചിരിക്കുന്നത്.... എൻറെ ജാതകം പിന്നെ എല്ലാ ബ്രോക്കർമാരും കൈയിലുണ്ട് ആദ്യം തന്നെ അത് നോക്കിയിട്ട് മതി ഇനി കല്യാണം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്.....

മറ്റൊന്നും കൊണ്ടല്ല നമ്മളുടെ പോയി ഒരു പെങ്കൊച്ചിനെ കണ്ട് ഇഷ്ടമായി കഴിഞ്ഞിട്ട് ജാതകം ചേർന്നില്ലെങ്കിൽ പിന്നെ അത് വലിയ വിഷമം ആയിരിക്കില്ലേ......? "എങ്കിലും എനിക്ക് ഇപ്പൊൾ കല്യാണം വേണ്ട ചേട്ടാ..... പഠിക്കുക അല്ലേ ഞാൻ...... അത് പറഞ്ഞപ്പോഴേക്കും അവളുടെ വാക്കുകൾ ഇടറി തുടങ്ങിയിരുന്നു..... അവൾ വെറുതെ പറയുകയല്ല എന്ന് തോന്നി തുടങ്ങിയപ്പോൾ അവൻ മുറിയിൽനിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു..... അതിനുശേഷം അവൻ ഗൗരവത്തോടെ ഫോണിൽ ചോദിച്ചു.... " ചേട്ടൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം..... ഒരു നിമിഷം അവളുടെ ഹൃദയതാളം ക്രമാതീതമായി ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... എന്തായിരിക്കും ഹരിയേട്ടൻ ചോദിക്കാൻ പോകുന്നത് എന്ന് സംശയം അവളിലും നിറഞ്ഞുനിന്നു......

. " എന്താ ഹരിയേട്ടാ......? അവൾ ഒരിക്കൽ കൂടി ചോദിച്ചു.... " മോളുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ....? അവൻറെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, വല്ലാത്ത ഒരു പ്രകമ്പനം തന്നെ ആ ചോദ്യം അവളുടെ മനസ്സിൽ സൃഷ്ടിച്ചിരുന്നു...... " നിൻറെ വാക്കിലും പ്രവർത്തിയിലും ഒക്കെ പലവട്ടം എനിക്ക് അങ്ങനെ ഒരു സംശയം തോന്നിയിട്ടുണ്ട്...... അങ്ങനെ ആരെങ്കിലും നിൻറെ മനസ്സിൽ ഉണ്ടെങ്കിൽ അത് തുറന്നു പറ...... നമുക്ക് വേണ്ടത് ചെയ്യാം.... അവൻറെ ആ വാക്കുകൾ അവളിൽ ഒരു ആത്മവിശ്വാസം പടർത്തിയിരുന്നു...... ഇതു തന്നെയാണ് യഥാർത്ഥ സമയം എന്ന് അവൾക്ക് തോന്നി...... തൻറെ മനസ്സിലുള്ള ഇഷ്ടം അവനോട് തുറന്നു പറഞ്ഞാലോ എന്ന് പോലും അവൾ ചിന്തിച്ചു പോയിരുന്നു..... " ഉണ്ട് ചേട്ടാ ..... അവളുടെ ആ വാക്കുകൾ അവനിൽ വല്ലാത്ത ഒരു പ്രകമ്പനം ആയിരുന്നു സൃഷ്ടിച്ചിരുന്നത്................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story