സ്നേഹസൂര്യൻ : ഭാഗം 14

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"അപ്പോൾ അമ്മയ്ക്ക് ഒരു ഇരുപത്തെട്ട് വർഷം മുൻപ് ഈ വീട്ടിൽ നടന്ന എല്ലാ കാര്യവും അറിയാമായിരിക്കുമല്ലേ" "മനസ്സിലായില്ല... മോനെന്താണ് ഉദ്ദേശിക്കുന്നത്... " ശ്രീദേവിയമ്മ സംശയത്തോടെ അവനോട് ചോദിച്ചു.. "ഇയാളെന്തൊക്കെയാണ് ചോദിക്കുന്നത്... വീടിന്റെയും വീട്ടുകാരുടെയും സർവ്വെയെടുക്കാൻ വന്നതാണോ... ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദേവീ... " സ്നേഹ ഒന്നും മനസ്സിലാവാതെ നിവേദ്യയെ നോക്കി.. അവളും ആ അവസ്ഥയിൽ തന്നെയാണെന്ന് അവളുടെ മുഖത്ത് വായിച്ചെടുക്കാം "മേനോനദ്ദേഹത്തിന്റെ അനിയനൊരാൾ ഉണ്ടായിരുന്നല്ലോ.... മരണപ്പെട്ട ദാമോദരമേനോൻ അയാളുടെ ചില കാര്യങ്ങളാണ് ഞങ്ങൾക്കറിയേണ്ടത്... " അവനെ എങ്ങനെയറിയാം.... എട്ടുവർഷം കഴിഞ്ഞു അവൻ മരിച്ചിട്ട്.... " "അതെല്ലാം പറയാം.. അയാളുടെ സ്വഭാവം എങ്ങനെയായിരുന്നു... " സൂര്യൻ കസേര കുറച്ചുകൂടി അവരുടെ അടുത്തേക്ക് വലിച്ചിട്ടാണത് ചോദിച്ചത് "എന്റെ രണ്ട് വയസ്സിന് മൂത്തതാണവൻ.. എന്നാലും ചെറുപ്പംതൊട്ടേ അങ്ങേരുമായുള്ള വിവാഹം പറഞ്ഞുറപ്പിച്ചതിനാൽ അവനെ പേര് വിളിച്ചാണ് ശീലിച്ചത്...

എല്ലാവരും ഇഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു അവന്... നാട്ടുകാർക്കും വീട്ടുകാർക്കും കണ്ണിലുണ്ണി... അധിക ദിവസവും എന്റെ വീട്ടിലായിരുന്നു അവൻ താമസിച്ചിരുന്നത്... പഠനത്തിലും മിടുക്കനായിരുന്നു... എന്ത് രഹസ്യവും എന്നോട് വന്ന് പറയും... കോളേജിൽ പഠിക്കുന്ന സമയത്ത്. മാളിയേക്കൽ തറവാട്ടിൽ മുമ്പ് താമസിച്ചിരുന്ന മാധവൻ നായരുടെ മകളുമായി ഇഷ്ടത്തിലായിരുന്നു അവൻ... അതും പിരിയാൻ കഴിയാത്തവിധം.... എന്നാൽ അപ്പോഴാണ് അവന് തുടർ പഠനത്തിനായി മൂന്നുവർഷത്തേക്ക് കൽക്കട്ടയിലേക്ക് പോകേണ്ടി വന്നത്..... അത് രണ്ടുപേർക്കും വലിയ വേദനയാണ് നൽകിയത്... അവസാനം അവളുടെ നിർബന്ധപ്രകാരം അവൻ കൽക്കട്ടയിലേക്ക് പോയി.... അതുകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്... ജാനകി ആത്മഹത്യ ചെയ്തിരിക്കുന്നു.... ഞാനാകെ തളർന്നു... എങ്ങനെയാണ് ഈ വിവരം അവനെ അറിയിക്കുക... അറിഞ്ഞാൽ അവന്റെ അവസ്ഥയെന്താകും... അവസാനം അവൻ നാട്ടിൽ വന്നിട്ട് പറയാമെന്ന് തീരുമാനിച്ചു... . അങ്ങനെ മൂന്നുവർഷത്തെ പഠനം കഴിഞ്ഞ് അവൻ തിരിച്ചെത്തി. ആദ്യമവൻ എന്റെയടുത്ത് വന്നു... ജാനകിയുടെ കാണാൻ പോവുകയാണെന്നും.

അവളുടെ അച്ഛനെ കണ്ട് അവളെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നറിയുക്കുമെന്നും പറഞ്ഞു... ഞാനാകെ തളർന്നു... അവസാനം ഗത്യന്തരമില്ലാതെ എല്ലാ കാര്യവും അവനോട് പറഞ്ഞു.. ഒരു കൊച്ചുകുട്ടിയെപ്പോലെ അവൻ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു... " അത്രയും പറഞ്ഞപ്പോഴേക്കും ശ്രീദേവിയമ്മ കരഞ്ഞു പോയിരുന്നു.. ഏറെക്കാലം വേണ്ടിവന്നു അവനെ ആ പഴയ ദാമുവായി തിരിച്ചു കിട്ടാൻ അതിനിടയിൽ അവന് മുംബൈയിൽ നല്ലൊരു കമ്പനിയിൽ ജോലികിട്ടി...ആയിടക്ക് അദ്ദേഹവുമായുള്ള എന്റെ വിവാഹം നടന്നു...അങ്ങനെ രണ്ടുവർഷം കഴിഞ്ഞു.... ഞങ്ങൾക്ക് സ്നേഹ ജനിച്ചിരുന്നു.... അവനെ ഒരു വിവാഹം കഴിപ്പിക്കാൻ അമ്മാവനും അദ്ദേഹവും തീരുമാനിച്ചു... എന്നാൽ ആദ്യമൊന്നും അവൻ സമ്മതിച്ചില്ല. അവസാനം നിവൃത്തിയില്ലാതെ അവനതിന് സമ്മതിച്ചു... ന്റെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയെയായിരുന്നു അവൻ വിവാഹം കഴിച്ചത്...പേര് ഗായത്രി...അതിൽ അവർക്കൊരു ആൺകുട്ടി ജനിച്ചു.... ആദിത്യൻ.. ഉണ്ണിമോനെന്നു വിളിച്ചു ഞങ്ങളവനെ....

ദാമുവിനെപ്പോലെത്തന്നെയായിരുന്നു അവനും ഏവർക്കും പ്രിയ്യപ്പെട്ടവൻ അതിനിടയിൽ കുഞ്ഞിയും ജനിച്ചു.... ഉണ്ണിമോനും കുഞ്ഞിയും ഒരു വയസ്സിനുള്ള വ്യത്യാസമേയുള്ളൂ... കുഞ്ഞിയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് അമ്മാവൻ മരണപ്പെട്ടത്.,... ഏകദേശം ആറുമാസം കഴിഞ്ഞപ്പോൾ അമ്മായിയും പോയി.... ഉണ്ണിമോന് പതിനൊന്ന് വയസ്സായസമയത്താണ്" അത് നടന്നത്... ഗായത്രി യുടെ വീട്ടിൽ പോയിവരുന്നവഴി..." മുഴുമിക്കാതെ അവൻ മുഖം പൊത്തിക്കരഞ്ഞു... ഇതെല്ലാം കേട്ട് സ്നേഹയുടേയും നിവേദ്യയുടേയും കണ്ണ് നിറഞ്ഞിരുന്നു. സൂര്യൻ അരുണനെ നോക്കി അവന്റെ കണ്ണും നിറഞ്ഞിരുന്നു.. സൂര്യൻ കസേരയിൽ നിന്ന് എഴുന്നേറ്റു... "നിങ്ങളെയാരേയും വിഷമിപ്പിക്കാൻവേണ്ടി ചോദിച്ചതല്ല ഒന്നും.... ഇനി ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടും ആരും വിഷമിക്കരുത്.... " എല്ലാവരും സൂര്യന്റെ മുഖത്തേക്കു നോക്കി.. "അന്ന് കൽക്കട്ടയിലേക്ക് പോയ നിങ്ങളുടെ ദാമു ജാനകിയ്ക്ക് ഒരു സമ്മാനം കൊടുത്തിട്ടായിരുന്നു പോയത്... അയാൾ പോകുമ്പോൾ ജാനകി ഗർഭിണിയായിരുന്നു....

പക്ഷേ അയാളത് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം... ഇതറിഞ്ഞ് അവരുടെ അച്ഛൻ കുഴഞ്ഞു വീണു പിന്നെ ഒരിക്കലും എണീറ്റില്ല... എന്നാൽ ജാനകിയെ സ്വന്തമാക്കാൻ മറ്റൊരാൾ അവിടെ പ്രതിജ്ഞയെടുത്തിട്ടുണ്ടായിരുന്നു.... മാളിയേക്കലിലെ പ്രഭാകരൻ... " സൂര്യൻ പറയുന്ന വാക്കുകൾ ഇടിത്തീ വന്നുവീഴുന്നതുപോലെയാണ് ശ്രീദേവിയമ്മ കേട്ടത്. സൂര്യൻ തുടർന്നു.. " അന്ന് ഈ നാട്ടിലെ ഏറ്റവും വലിയ ചട്ടമ്പിയായിരുന്ന പ്രഭാകരൻ മാളിയേക്കലിലെ അന്നത്തെ കാര്യസ്ഥൻ ഭീഷണിപ്പെടുത്തി ഈ സത്യം പുറംലോകമറിയിക്കാതെ പോന്നു. ജാനകിയുടെ പ്രസവമടുത്തപ്പോൾ അറിയാവുന്ന ഒരു വയറ്റാട്ടിയെക്കൊണ്ട് പ്രസവമെടുപ്പിച്ചു. തുടർന്ന് ആ കുഞ്ഞിനെ കൊല്ലാൻ വയറ്റാട്ടിയെക്കൊണ്ട് ഏൽപ്പിച്ചു. അവർ ആ കുഞ്ഞിനെ കൊന്നില്ല....അവരുടെ മകൾ ആ കുഞ്ഞിനെ വളർത്തി..... ഏകദേശം ഒരുവർഷം കഴിഞ്ഞു...ഒരുദിവസം കാമവെറിമൂത്ത പ്രഭാകരൻ ജാനകിയെ കടന്നുപിടിച്ചു ആ മൽപ്പിടുത്തത്തിൽ ശ്വാസംമുട്ടി അവർ മരിച്ചു....

പ്രഭാകരൻ അതൊരു ആത്മഹത്യയാക്കാൻ അവരെ കെട്ടിത്തൂക്കി...മകളുടെ മരണവാർത്തയറിഞ്ഞ് മാധവൻ നായർ ഹൃദയം പൊട്ടി മരിച്ചു..." സൂര്യനൊന്ന് നിർത്തിയതിനു ശേഷം വീണ്ടും തുടർന്നു "കുറച്ചു ദിവസം കഴിഞ്ഞ് മദ്യലഹരിയിൽ പ്രഭാകരൻ വയറ്റാട്ടിയുടെ ഭർത്താവിൽനിന്ന് കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന സത്യമറിഞ്ഞു... അയാൾ ആ കുഞ്ഞിനെ വയറ്റാട്ടിയുടെ മകളുടെ കയ്യിൽനിന്ന് എടുത്തുകൊണ്ടുപോന്നു... ആദ്യം കുഞ്ഞിനെ കൊല്ലാനായിരുന്നു പ്ലാൻ... എന്നാൽകണക്കില്ലാത്ത മാളിയേക്കൽ തറവാടിന്റെ ഒരേയൊരു അവകാശിയാണ് ആ കുഞ്ഞെന്ന് ഓർത്തപ്പോൾ അവനെ വളർത്തി വലുതാക്കി..... " "അപ്പോൾ ആ കുട്ടി.... എന്റെ ദാമുവിന്റെ മകൻ ഇപ്പോഴും ജീവനോടെയുണ്ടോ... " ശ്രീദേവി കരഞ്ഞുകൊണ്ട് ചോദിച്ചു "ഉണ്ട്.... ഇന്നിപ്പോൾ അവൻ സത്യമെല്ലാം മനസ്സിലാക്കി... അതും പ്രഭാകരനിൽ നിന്നുതന്നെ... ഇന്നവനെ കൊല്ലാൻ നടക്കുകയാണ് അയാൾ... ഇപ്പോഴവൻ സുരക്ഷിതനാണ്.... ഏതുനിമിഷവും അയാളുടേയോ അല്ലെങ്കിൽ അയാളേൽപ്പിച്ച മറ്റാരുടെയെങ്കിലും ആക്രമണം അവനു നേരെ നടന്നേക്കാം... "

സൂര്യൻ പറഞ്ഞു നിർത്തി "മോനെ എനിക്കവനെ ഒന്നു കാണാൻ പറ്റുമോ... അവനു ദേഷ്യമായിരിക്കും ദാമുവിനോടും ഈ കുടുംബത്തോടും.... അവന്റെ അമ്മയെ ചതിച്ചു എന്നൊരു പേരുവന്നല്ലോ ദാമുവിന്... എന്നാലും എനിക്കവനെയൊന്ന് കാണണം..." ശ്രീദേവി വീണ്ടും മുഖം പൊത്തിക്കരഞ്ഞു "അവന് ഇന്ന് ഈ കുടുംബത്തോട് ഒരുവിധത്തിലുമുള്ള ദേഷ്യവുമില്ല..... മറിച്ച് ബഹുമാനം മാത്രമേയുള്ളൂ.... സ്വന്തം ചോര തിരിച്ചറിഞ്ഞ സന്തോഷം... അവനെ നിങ്ങൾക്ക് കാണാം ഇന്നുതന്നെ ഇവിടെ വെച്ച്... നിങ്ങളുടെ ദാമുവിന്റ മുഖം ഇപ്പോഴും മനസ്സിലുണ്ടെങ്കിൽ... ഇവനെയൊന്ന് നോക്ക്യേ.... എന്തെങ്കിലും സാമ്യമുണ്ടോന്ന് പറഞ്ഞേ..." സൂര്യൻ അവന്റെ തോളിൽ കൈവെച്ചു ചോദിച്ചപ്പോൾ എല്ലാവരുമൊന്ന് ഞെട്ടി... സ്നേഹയ്ക്കു തലകറങ്ങുന്നതുപോലെ തോന്നി... അവളവിടെ ഇരുന്നു പോയി "ഇത് അരുണൻ എന്ന അരുൺ പ്രഭാകർ.... നിങ്ങളെല്ലാവരും വെറുപ്പോടെ നോക്കിയിരുന്ന..., പ്രഭാകരൻ വളർത്തിയ നിങ്ങളുടെ ദാമുവിന്റ മകൻ... വിശ്വാസമാവുന്നില്ലല്ലേ....

ആവില്ല... കാരണം പ്രഭാകരന് സ്വന്തം മോനെങ്ങിനെയാണ് നിങ്ങളുടെ മകനാവുക എന്നല്ലേ.... അവിടേയും പ്രഭാകരൻ നല്ലൊരു തന്ത്രമെടുത്തു... സ്വന്തം ചോരയിൽ ജനിച്ച കുഞ്ഞിനെ അയാൾ ഭാര്യ ലക്ഷ്മിയുടെ സഹോദരനെ ഏൽപ്പിച്ചു അവൻ അവിടെ വളർന്നു... ഇപ്പോൾ വിദേശത്താണ് അവൻ.. " "അപ്പോൾ... അപ്പോൾ എന്റെ ദാമുവിന്റ മോനാണോ ഇത്.... ഈശ്വരാ.... എന്റെ കുട്ടി ഇത്യടുത്തുണ്ടായിട്ടും ഞാനറിഞ്ഞില്ലല്ലോ ഇതുവരെ.... അങ്ങേരുണ്ടായിരുന്നെങ്ങിൽ ഈ വിവരമറിഞ്ഞ് എത്ര സന്തോഷിക്കുമെന്നറിയോ... പക്ഷേ അതിനുള്ള ഭാഗ്യം അങ്ങേക്ക് കൊടുത്തില്ലല്ലോ...." അവർ മുഖം പൊത്തിക്കരഞ്ഞു... "ന്റെ കുട്ടി ന്റെ അടുത്തേക്കൊന്ന് വരുമോ..." അവർ അരുണനു നേരെ വലതുകൈ നീട്ടി.. അരുണൻ വേഗം ചെന്ന് ആ കയ്യിൽ മുറുകെപിടിച്ച് പൊട്ടിക്കരഞ്ഞു.. ഇത്രയും നാളിൽ അവൻ ആ കുടുംബത്തോട് ചെയ്ത തെറ്റിനെല്ലാമുളള പശ്ചാത്താപം ആ കണ്ണീരിലുണ്ടായിരുന്നു.... "ഇത്രയും അടുത്തുണ്ടായിരുന്നിട്ടും ഇത് ന്റെ കുഞ്ഞാണെന്നറിയാൻ പറ്റിയില്ലല്ലോ ദേവീ.... ഇനി ഞാൻ ന്റെ കുട്ടിയെ എവിടേയും വിടില്ല... ന്റടുത്ത് തന്നെ വേണം.... ടീ സ്നേഹമോളെ..കുഞ്ഞീ .. ഏട്ടനാണിത്... നിങ്ങളുടെ പൊന്നേട്ടൻ.... ഇനിയാർക്കും ഏട്ടനെ വിട്ടുകൊടുക്കരുത്...."

അവർ സന്തോഷത്തിൽ എന്തൊക്കെ പറഞ്ഞു കൊണ്ടിരുന്നു... പിന്നെ അവർ മുന്നോട്ടുയർന്ന് അവന്റെ മുഖത്തും തലയിലും ഉമ്മ വെച്ചു... അതുകണ്ട എല്ലാവരുടേയും മനസ്സിൽ അത്ഭുതവും സന്തോഷവും വന്നു.. മെല്ലെ എണീറ്റിരിക്കുമെന്നല്ലാതെ ഇതുവരെ ഇങ്ങനെ നിവർന്നിരുന്നില്ല അവർ... അരുണന്റെ വരവ് അവരെയാകെ മാറ്റിയിരിക്കുന്നു... അരുണൻ മെല്ലെ അവരെ അവിടെ ചാരിയിരുത്തി.... "എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല... ഒരുപാട് ക്രൂരതകൾ ചെയ്തു കൂട്ടിയവനാണ് ഞാൻ... ഞാൻ വളർന്നതും അതുപോലുള്ള രീതിയിലായിരുന്നു... ഒന്നും എനിക്കു മുകളിലുണ്ടാവരുതെന്ന ചിന്താഗതിയായിരുന്നു... മറ്റുള്ളവരെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല.. എന്റെ കാര്യം മാത്രം നടക്കണം എന്ന മോഹം... എന്നാൽ ഇപ്പോൾ ഞാൻ തന്നെ എന്റെ തെറ്റ് മനസ്സിലാക്കുന്നു.... ഇനി എനിക്ക് ജീവിക്കണം... ഒരുനല്ല മനുഷ്യനായി... ഒരു നല്ല മകനായി... ഒരുനല്ലസഹോദരനായി, സുഹൃത്തായി ജീവിക്കണം.... ഇന്നെനിക്ക് ഒരു അമ്മയുണ്ട്.. രണ്ട് സഹോദരിമാരുണ്ട്, നല്ല വഴിക്ക് നയിക്കാനറിയാവുന്ന ഒരു നല്ല ചങ്ങാതിയുമുണ്ട്...

എന്നാൽ എനിക്കിന്ന് ഒരാളോട് മാത്രം മാപ്പ് ചോദിക്കാനുള്ളൂ... അത് ഇവളോടാണ്.... " അരുണൻ സ്നേഹയുടെ അടുത്തേക്ക് നടന്നു..... "അറിയില്ലായിരുന്നു നീയാരാണെന്ന്.,.. ഒരു സഹോദരനും സഹോദരിയോട് ചെയ്യാനും പറയാനും പറ്റാത്ത കാര്യങ്ങളാണ് എന്നിൽനിന്ന് വന്നത്... മാപ്പേക്ഷിക്കാൻ പറ്റാത്ത തെറ്റ്... എന്നാലും എല്ലാം ക്ഷമിച്ച് മാപ്പ്തരണമെനിക്ക്... കാലു പിടിച്ച് മാപ്പപേക്ഷിക്കാം ഞാൻ... " അവൻ അവളുടെ കാല് പിടിക്കാൻ കുനിഞ്ഞപ്പോൾ.. അവൾ അവനെ പിടിച്ചു... എന്താണിത്.... അരുത് മഹാപാപം ചെയ്യരുത്... എനിക്കറിയാം നിനക്ക് എന്നോട് പൊറുക്കണം പറ്റില്ലെന്ന്... ആരായാലും പൊറുക്കില്ല... അത്രക്ക് ദ്രോഹം ചെയ്തിട്ടുണ്ട് നിന്നോട് ഞാൻ..." സ്നേഹക്ക് എന്തുപറയണമെന്നറിയാതെ നിന്നു... അവൾ സൂര്യനേയും ശ്രീദേവിയമ്മ യേയും നോക്കി... പിന്നെ അരുണ ന്റെ മുഖത്തേക്കു നോക്കി.... ഇന്നുവരെ നിങ്ങളെ ഒരു ക്രിമിനലായി മാത്രമേ കണ്ടിരുന്നുള്ളൂ എന്നാൽ ഇപ്പോൾ നിങ്ങൾ എന്റെ സഹോദരനാണെന്ന് അറിഞ്ഞപ്പോൾ അതും ഞാൻ ഇതുവരെ വെറുത്തിരുന്ന ഒരാളാണ് അതെന്നറിഞ്ഞപ്പോൾ...

ഇത്രയും കാലം ആ സഹോദരനെയാണല്ലോ ഞാൻ വെറുത്തിരുന്നത്.. എന്നാൽ ഞാൻ ന്റെ ഏട്ടനോട് പൊറുത്തില്ലെങ്കിൽ വേരെയാരാണ് പൊറുക്കുക.... ഇപ്പോഴെങ്കിലും ദേവിയെന്റെ ഏട്ടനെ തന്നല്ലോ... അനുമതി...അതുമതിയെനിക്ക്.... " അവൾ അരുണന്റെ നെഞ്ചിൽ മുഖം അമർത്തിക്കരഞ്ഞു.... അവനവളെ ചേർത്തുപിടിച്ച് തലയിൽ തഴുകി... അവൻ നിവേദ്യയെ വിളിച്ചു അവൾ അവന്റെയടുത്തേക്കു വന്നു.. രണ്ടുപേരെയും അവൻ കൂട്ടിപ്പിടിച്ചു... "കണ്ടോ സൂര്യാ എന്റെ കുഞ്ഞനിയത്തിമാർ.. സന്തോഷമായെടോ...എനിക്ക് സന്തോഷമായി... ഇനിയെന്നും ഞാനുണ്ടാകും എന്റെ ഈ കുട്ടികളുടെ കൂടെ ഈ അമ്മയുടെകൂടെ.... " അരുണൻ നിവേദ്യയുടെ തലയിൽ മുഖംഅമർത്തിക്കരഞ്ഞു.. എല്ലാം കണ്ടുനിന്ന സൂര്യന്റെ കണ്ണും ഈറനണിഞ്ഞു.... പിന്നെ ഈ സംഭവങ്ങൾ ആരുടെ നാവിൽനിന്നും പുത്തറിയരുത്.... അത് രാഘവേട്ടനോട്പോലും...

അദ്ദേഹം നല്ല വിശ്വസ്തനായിരിക്കാം... എന്നാലും വേണ്ടാ... എല്ലാവർക്കും മനസ്സിലായല്ലോ..." സൂര്യൻ പറഞ്ഞു "എന്നാൽ ഞങ്ങങ്ങോട്ട് ഇറങ്ങുകയാണമ്മേ., ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കുവാനുണ്ട്.. " അരുണൻ ശ്രീദേവിയുടെ അടുത്ത് ചെന്ന് പറഞ്ഞു "മോനെങ്ങോട്ട് പോണൂ.... എവിടേയും പൊകേണ്ട ന്റെ കുട്ടി... ഇത് നിന്റെ വീടാണ്... ഇനി ഇവിടെ നിന്നാൽ മതി... " ശ്രീദേവി അരുണന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു... "സമയമായിട്ടില്ല അമ്മേ... ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുമുണ്ട്... അയാളെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശ്ശമില്ല.... തകർക്കും ഞാനയാളെ.. " അരുണന്റെ കണ്ണിലും മനസ്സിലും അഗ്നിയാളിക്കത്തുകയായിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story