സ്നേഹസൂര്യൻ : ഭാഗം 15

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്നാൽ ഞങ്ങളങ്ങോട്ട് ഇറങ്ങുകയാണമ്മേ., ഒത്തിരി കാര്യങ്ങൾ ചെയ്തുതീർക്കുവാനുണ്ട്.. " അരുണൻ ശ്രീദേവിയുടെ അടുത്ത് ചെന്ന് പറഞ്ഞു "മോനെങ്ങോട്ട് പോണൂ.... എവിടേയും പൊകേണ്ട ന്റെ കുട്ടി... ഇത് നിന്റെ വീടാണ്... ഇനി ഇവിടെ നിന്നാൽ മതി... " ശ്രീദേവിയമ്മ അരുണന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു... "സമയമായിട്ടില്ല അമ്മേ... ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുമുണ്ട്... അയാളെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശ്ശമില്ല.... തകർക്കും ഞാനയാളെ.. " അരുണന്റെ കണ്ണിലും മനസ്സിലും അഗ്നിയാളിക്കത്തുകയായിരുന്നു... "വേണ്ട മോനേ... നീയൊന്നിനും പോകേണ്ട... നമുക്ക് പോലീസിലൊരു പരാതി കൊടുക്കാം... പിന്നെ അവര് നോക്കിക്കോളും... " ശ്രീദേവിയമ്മ പറഞ്ഞു "ഇല്ലമ്മേ... അയാളെ പൂട്ടാൻ ഒരു പോലീസിനും കഴിയില്ല... അയാളത്ര വിദക്തമായാണ് എല്ലാം ചെയ്തത്... ഒരുതെളിവും അയാൾക്കെതിരെ അവശേഷിച്ചിട്ടില്ല... മാത്രമല്ല മുകളിൽ അയാൾക്ക് ഒരുപാട് നല്ല ബന്ധങ്ങളുണ്ട്... നമുക്കൊന്നും ചെയ്യാൻ കഴിയില്ല.... " സൂര്യനാണത് പറഞ്ഞത്...

അവർ അവിടെനിന്നും ഇറങ്ങി., ♾️♾️♾️♾️♾️♾️♾️♾️♾️ വീട്ടിൽ തിരിച്ചെത്തിയ സൂര്യനും അരുണനും തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് കണ്ടത്. "ആദീ... നീയെന്താണിവിടെ... അതും യാതൊരു മുന്നറിയിപ്പുമില്ലാതെ... ഒന്ന് വിളിച്ചറിച്ചൂടായിരുന്നോ നിനക്ക്.... " സൂര്യൻ അത്ഭുതത്തോടെ അവനെ നോക്കി ചോദിച്ചു. "പെർമിഷനെടുത്ത് വരാൻ ഞാനതിന് വല്ല മന്ത്രിയേയോ സൂപ്പർസ്റ്റാറിനേയോ കാണിനല്ലല്ലോ വന്നത്... ന്റെ ഏട്ടനെ കാണാനല്ലേ.... അതിന് മുന്നറിയിപ്പൊന്നും വേണ്ട... എനിക്കിപ്പോൾ ഏട്ടനെ കാണണമെന്നു തോന്നി... വന്നു.. അതിന് ആരുടേയും അനുവാദം എനിക്കുവേണ്ട.... ഏട്ടന്റേത്പോലും... " ആദി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു... "ഓ.. സമ്മതിച്ചൂ.... ഞാനൊന്നും ചോദിച്ചിട്ടില്ല., നീയൊന്നും പറഞ്ഞിട്ടുമില്ല.. അതൊക്കെ പോട്ടെ വന്നത് അമ്മയും അച്ഛനും അറിഞ്ഞിട്ടാണല്ലോ.. അല്ലാതെ പറയാതെ പോന്നതോ... എനിക്ക് നിന്നെ വിശ്വാസമില്ല അതുകൊണ്ടാണ് ചോദിക്കുന്നത്... " അവരുതന്നെയാണെന്നെ ഇവിടേക്ക് വിട്ടത്...

വല്ലപ്പോഴുമുള്ള വിളിയല്ലാതെ ഏട്ടനവിടേക്ക് വന്നിട്ട് മുന്നുനാല് മാസമായില്ലേ... ഇവിടെ വല്ല പെണ്ണുംകെട്ടി ജീവിക്കുകയാണോന്ന് അറിയണമല്ലോ.... അല്ലാ അങ്ങനെ വല്ലതുമുണ്ടോ ഈ സൂര്യനാരായണന്..." ആദി സൂര്യനെ ചുഴിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു... "അത് നീയറിഞ്ഞോ... അങ്ങനെയൊക്കെ സംഭവിച്ചുപോയി... ഇപ്പോൾ പിള്ളേര് രണ്ടെണ്ണവുമായി... ആരേയും അറിയിക്കാൻ പറ്റിയില്ല... " സൂര്യൻ തിരിച്ചടിച്ചു "ആക്കിയതാണല്ലേ... എന്നാൽ അതു വേണ്ടാട്ടോ..." "അതവിടെനിക്കട്ടെ... ഞാനിവിടെയാണെന്ന് നീയെങ്ങിനെയറിഞ്ഞു... ആരുപറഞ്ഞുതന്നു നിന്നോട്... " സൂര്യൻ സംശയത്തോടെ ചോദിച്ചു... "അതൊക്കെയറിഞ്ഞു... ഈ ആദിനാരായണൻ വിചാരിച്ചാൽ ഏട്ടനെ കണ്ടുപിടിക്കാനാണോ പണി.... " ആദി നിസാരമട്ടിൽ പറഞ്ഞതിന് ശേഷം അരുണനെ നോക്കി "ആരാണ് ഏട്ടാ ഇത്...? " "ഇത് എന്റെയൊരു കൂട്ടുകാരനാണ്... പേര് അരുണൻ.. ഞങ്ങളൊന്നിച്ചാണ് താമസിക്കുന്നത്... പിന്നെ അരുണാ ഇത് എന്റെ അനിയൻ ആദിനാരായണൻ... ഏകദേശം ഇവന്റെ സ്വഭാവം പിടികിട്ടിയല്ലോ...

വല്ലാതെ അടുത്തുകൂടണ്ടാ... വിളഞ്ഞ വിത്താണ്...." അരുണനൊന്ന് ചിരിച്ചു സൂര്യൻ ചെന്ന് വാതിൽ തുറന്നു അവർ അകത്തു കയറി. രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സൂര്യൻ ആദിയെ നിരീക്ഷിക്കുകയായിന്നു "ആദീ ഒരു കാര്യവുമില്ലാതെ നീയെന്നെ കാണാൻ വരില്ലെന്നറിയാം.. കാര്യമെന്തായാലും നമുക്കു പരിഹാരമുണ്ടാക്കാം..." "ഒന്നുമില്ലേട്ടാ അച്ഛന് ആദിയേട്ടനെ കാണണമെന്ന് പറഞ്ഞു... അച്ഛന് നെഞ്ചുവേദന കൂടിയിട്ടുണ്ട്. പിന്നെ എപ്പോഴുമെന്തൊക്കെയോ ആലോചനയിലാണ്... ഏട്ടനൊന്ന് അവിടെവരെ വരണം..." അതുപറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു... ഉം ..വീട്ടിലേക്കു വരണമെന്ന് എപ്പോഴും കരുതും... എന്നാൽ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്നരീതിയിലുള്ള തിരക്കാണ്... ഏതായാലും ഞാൻ രണ്ടു ദിവസത്തിനുള്ളിൽ വരാം... ഇതിനിടയിൽ ചില കാര്യങ്ങൾ ചെയയ്തുതീർക്കാനുണ്ട്... അതവിടെ നിൽക്കട്ടെ... നാളെ എപ്പോഴാണ് നിനക്ക് പോകേണ്ടത്.. നാളേയോ... രണ്ടു ദിവസം ഇവിടെ നിന്ന് നമ്മൊളൊരുമിച്ചേ പൊകുന്നുള്ളൂ..

ഏതായാലും രണ്ടു ദിവസം ലീവാണല്ലോ... അതിനിടയിൽ ഇവിടെയൊന്ന് വണ്ടിയെടുത്ത് കറങ്ങണം.. നാട്ടുകാരെ പരിചയപ്പെടണം... പിന്നെ എനിക്കു ചേർന്ന വല്ല പൈതലുകളുമുണ്ടോന്ന് നോക്കണം കൂട്ടത്തിൽ ഏട്ടനും.... സൂര്യനെ ഇടംകണ്ണിട്ട് നോക്കിയാണ് ആദിയത് പറഞ്ഞത്.. "ടാ.. നിന്നെ ഞാൻ... " സൂര്യൻ അവനെ ഇടം കൈകൊണ്ട് അടിക്കാൻ മുതിർന്നപ്പോഴേക്കും.. ആദി പാത്രവുമെടുത്ത് എണീറ്റോടിയിരുന്നു.. അവരുടെ സ്നേഹപ്രകടനം ഒരു ചെറുചിരിയോടെ അരുണൻ നോക്കിനിൽക്കുകയായിരുന്നു... ♾️♾️♾️♾️♾️♾️♾️♾️♾️ കഴിഞ്ഞുപോയ കാര്യങ്ങൾ ഓരോന്നാലോചിച്ച് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു അരുണൻ... "എന്റെ അമ്മയിപ്പോൾ ഉണ്ടായുന്നെങ്കിൽ...ആ മടിയിൽ തലചായ്ച്ചുറങ്ങാനും... അമ്മ ഉരുട്ടി വായയിൽ വച്ചുതരുന്ന ഭക്ഷണത്തിന്റെ രുചിയറിയാനുളള ഭാഗ്യംപൊലും എനിക്കു നിഷേധിച്ചു.... ആ പ്രഭാകരനാണ് എല്ലാം നിഷേധിച്ചത്... അങ്ങനെയുളള ഒരാളെ അച്ഛാ എന്നു വിളിക്കേണ്ട ഗതികേട് വന്നത് ഏത് ജന്മത്തിൽ ചെയ്ത പാപമാണ് ദേവീ.."

"മോനേ... " ഒരു വിളികേട്ടാണ് അവൻ കണ്ണുതുറന്നത്. അവൻ ചുറ്റും നോക്കി. ആരേയും കണ്ടില്ല.. തോന്നിയതായിരിക്കുമെന്ന് കരുതി അവൻ വീണ്ടും കണ്ണടച്ചു കിടന്നു... "മോനെ.. കണ്ണുതുറക്ക് .. ഇത് ഞാനാണ്.. " വീണ്ടും ആ ശബ്ദം കേട്ട് അവൻ കണ്ണു തുറന്നു.. മുന്നിൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നു... മുട്ടോളം മുടിയും നല്ല ചന്ദനത്തിന്റെ നിറവുമായി ഒരപ്സരസ്സ്.. "മോനെ.. ഇതു ഞാനാണ് നിന്റെ അമ്മ.... ന്റെ കുട്ടിയ്ക്ക് എന്തു പറ്റി... അയാൾ ന്റെ കുട്ടിയേയും കൊല്ലാൻ നോക്കിയോ... അവൻ ദുഷ്ടനാണ് മോനെ... ന്റെ കുട്ടിയെ എന്റടുക്കൽനിന്ന് മാറ്റിയവനാണവൻ... അവൻ കാരണമാണ് ന്റെ കുട്ടിയെ ഊട്ടാനും താലോലിക്കാനും എനിക്ക് കഴിയാതെ വന്നത്.... ഇനി ന്റെ കുട്ടി വിഷമിക്കണ്ടട്ടോ.. ന്റെ കുട്ടി അവനെയും അവന്റെ തലമുറകളേയും ഇല്ലാതാക്കണം എന്നാലേ എനിക്ക് മോക്ഷം ലഭിക്കൂ.. ന്റെ കുട്ടി വേധനിക്കരുത്.... എനിക്കറിയാം അമ്മയെ ആലോചിച്ചിരിക്കാണെന്ന്... അമ്മയെപ്പോഴും ന്റെ കുട്ടിയുടെ കൂടെയുണ്ടാകും.. മോനെ താലോലിക്കാനും തലോടാനും അമ്മക്കാഗ്രഹമുണ്ട്...

എന്നാൽ അതിനെനിക്ക് കഴിയുന്നില്ലല്ലോ... മോനുറങ്ങിക്കോളുട്ടോ... അമ്മ പോവാണ്... മോനെയൊന്ന് കാണാൻ വന്നതാണ്.....ന്റെ കുട്ടിക്ക് കാവലായി അമ്മയുടെ ആത്മാവെന്നുമുണ്ടാകും...." പെട്ടന്ന് ആ രൂപം അപ്രത്യക്ഷമായി "അമ്മേ.... " അരുണൻ ഞെട്ടിയുണർന്നു... അവനാകെ വിയർത്തിരുന്നു.. "അപ്പോൾ ഞാൻ... അമ്മയെ കണ്ടത്... അമ്മയെന്നോട് സംസാരിച്ചത്., എല്ലാം സ്വപ്നമായിരുന്നോ... " അവൻ ചുറ്റും ഒന്ന് നോക്കിയിട്ട് കസേരയിൽ നിന്നെഴുന്നേറ്റ് അകത്തേക്ക് നടന്നു. ♾️♾️♾️♾️♾️♾️♾️♾️♾️ പിറ്റേദിവസം രാവിലെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേട്ടാണ് ആദി എഴുന്നേറ്റത്... അപ്പോഴേക്കും സുര്യനും അരുണനും ജോഗിങ്ങിന് പോയിരുന്നു. ആദി കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങുമ്പോഴാണ് സൂര്യനും അരുണനും വരുന്നത് കണ്ടത്.. "നീയെങ്ങോട്ടാ ഇത്ര രാവിലെ...? " സൂര്യൻ അവനെ കണ്ട് ചോദിച്ചു "നിങ്ങള് വന്നോ... ഞാനൊന്ന് അമ്പലത്തിൽ പോയി വരാം.... "അതിന് നിനക്ക് ഇവിടുത്തെ അമ്പലം എവിടെയാണെന്നറിയയോ.... ?"

"എന്റെ ഏട്ടാ വിഡ്ഢിത്തം പറയല്ലേ... ആ കേൾക്കുന്ന പാട്ട് അമ്പലത്തിൽ നിന്നല്ലേ... അല്ലാതെ ഹിമലോകത്തുനിന്നല്ലല്ലോ... " സൂര്യൻ ഒരു ചമ്മിയ ചിരി പാസാക്കി "ഞങ്ങളും അമ്പലത്തിലേക്കുണ്ട്.. നമുക്കൊന്നിച്ച് പോകാം... " അരുണനാണത് പറഞ്ഞത്... "നിങ്ങളുടെ കുളിയും തേവാരവും കഴിഞ്ഞു വരുമ്പോഴേക്കും ഒരുപാട് നേരമാകും.. മാത്രമല്ല ഒരു ക്ഷേത്രത്തിൽ പോകുവാനിറങ്ങിയാൽ നമ്മൾ മറ്റൊന്നിന് വേണ്ടിയും നിൽക്കരുത്... നേരെ പോയി തൊഴുത് വീട്ടിലെത്തുംവരെ മറ്റൊരിടത്ത് നിൽക്കുകയോ., ആരോടെങ്കിലും സംസാരിക്കുകയോ ചെയ്യരുതെന്നാണ് പറയപ്പെടുന്നത്.. നിങ്ങൾ സമയമാകുമ്പോൾ വന്നോളൂ... ഞാൻ പോവാണ്... " അതും പറഞ്ഞ് അരുണൻ നടന്നു "ഓ..അവൻ ചെന്നിട്ടു വേണമായിരിക്കും തിരുമേനിക്ക് പൂജ തുടങ്ങാൻ... ഇവന്റെ സംസാരം കേട്ടാൽ തോന്നും ഇവനെന്റെ അച്ഛനാണെന്ന്... " സൂര്യന്റെ സംസാരം കേട്ട് അരുണൻ ചിരിച്ചു പോയി അമ്പലത്തിലെത്തിയ ആദി എല്ലായിടത്തും തൊഴുത് പ്രസാദം വാങ്ങിച്ച് പുറത്തേക്ക് ഇറങ്ങാൻ തിരിഞ്ഞപ്പോഴാണ് അതുകണ്ടത്..

നല്ല മുഖശ്രീയും അതിനൊത്ത സൌന്ദര്യവുമുള്ള ഒരു പെൺകുട്ടി അമ്പലത്തിലേക്ക് കയറിവരുന്നു... അവൻ അവളെത്തന്നെ നോക്കിനിന്നു. പെട്ടന്നുതന്നെ അവൻ സുബോദത്തിലേക്ക് വന്നു. താൻ അമ്പലത്തിലാണെന്ന കാര്യം മനസ്സിലാക്കി അവൻ പുത്തേക്കിറങ്ങി.. അപ്പോൾ കണ്ടു സൂര്യനും അരുണനും വരുന്നത്. "നീ തൊഴുതിറങ്ങിയോ... എന്നാൽ നടന്നോ ഞങ്ങൾ വന്നോളാം.... " സൂര്യനത് പറഞ്ഞ് രണ്ടുപേരും ഷർട്ടയിച്ച് അമ്പലത്തിനുള്ളിലേക്ക് കയറി... "നിങ്ങൾ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ... " ആദി വിളിച്ചുപറഞ്ഞു. സൂര്യൻ തിരുഞ്ഞവനെയൊന്ന് നോക്കി. ആദി ഷർട്ടിട്ടു അവിടെയുള്ള മതിലിൽ ചാരി നിന്നു.. അവൻ ആലോചിക്കുകയായിരുന്നു.. "ആരായിരിക്കും ആ കുട്ടി.. എന്തു നല്ല ചന്തമാണവൾക്ക്. ഏതോ നല്ല കുടുംബത്തിലെ കുട്ടിയാണെന്നു തോന്നുന്നു.. " അങ്ങനെ ഓരോന്നാലോചിച്ച് നിൽക്കുമ്പോഴാണ്.. സൂര്യനും അരുണനും ആ പെൺകുട്ടിയും, കൂടെ മറ്റൊരു പെൺകുട്ടിയും പുറത്തേക്കു വരുന്നത് കണ്ടത്...

ആദി അന്തം വിട്ട് നിൽക്കുകയായിരുന്നു... "എന്റീശ്വരാ.. ഇതെന്താ മാലാഖമാരുടെ നാടാണോ..." അവൻ അറിയാതെ പറഞ്ഞുപോയി. "എന്താടാ നിന്ന് പിറുപിറുക്കുന്നത്... " സൂര്യന്റെ ചോദ്യം കേട്ടാണ് ആദിക്ക് സ്വബോധം തിരിച്ചു കിട്ടിയത്.. "സ്നേഹാ ഇത് എന്റെ അനിയനാണ്... " സൂര്യൻ ആദിയെ അവർക്കു പരിചയപ്പെടുത്തി... "ആദിനാരായണൻ അല്ലേ..." നിവേദ്യയുടെ ചോദ്യം കേട്ട് വീണ്ടുമവന്റെ കിളിപോയി.. അവൻ അതേയെന്ന് തലയാട്ടി "ആദീ.. ഇത് സ്നേഹ ഇവിടെയടുത്തുതന്നെയാണ് വീട്... ഇത് ഇവളുടെ അനിയത്തി നിവേദ്യ... കുഞ്ഞിയെന്ന് വിളിക്കും... ഈ നിൽക്കുന്ന അരുണിന്റെ അനിയത്തിമാരാണ്... അതെല്ലാം പിന്നെ പറയാം... എന്നാൽ സ്നേഹാ ഞങ്ങളിറങ്ങാണ്...

പിന്നെ കാണാം... " പെട്ടെന്നു നിവേദ്യ അരുണന്റെ കയ്യിൽ പിടിച്ചു "ഏട്ടാ.... ഇന്നലെ ഏട്ടൻ പോയതിനുശേഷം അമ്മ നല്ല കരച്ചിലായിരുന്നു... ഏട്ടന് അവിടെ വന്നു നിന്നൂടെ... " അവൾ കണ്ണീരോടെ അരുണനോട് പറഞ്ഞു.. "സമയമായിട്ടില്ല മോളേ... ഏട്ടൻ വരും എന്റെ കുട്ടികളേയും അമ്മയേയും കാണാൻ.... എന്നാൽ എന്റെ ലക്ഷ്യം നിറവേറട്ടെ... അതിനുശേഷം ഞാൻവരും എന്റെ കുട്ടികളുടെ ഏട്ടനായി ബാക്കിയുള്ള കാലം ആ വീട്ടിൽ കഴിയാൻ... ഇപ്പോൾ നിങ്ങൾ പൊയ്ക്കൊളൂ..." അതു പറഞ്ഞവൻ മുന്നോട്ടു നടന്നു... പുറകേ സൂര്യനും നടന്നു. ഒന്നും മനസ്സില്ലാതെ ആദി അന്തം വിട്ട് നിൽക്കുകയായിരുന്നു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story