സ്നേഹസൂര്യൻ : ഭാഗം 19

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

എന്നാൽ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.. അയാൾ കാലുയർത്തി ആദിയെ ചവിട്ടി.. മലർന്നടിച്ചുവീണ ആദി യുടെ നെഞ്ചിൽ അയാൾ വലതുകാൽ വെച്ചമർത്തി... "എന്താ മോനെ... ചെറുപ്പത്തിൽ കുടിച്ച അമ്മയുടെ മുലപ്പാൽ കിനിയുന്നുണ്ടോ... കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കേണം.... നീയെന്താണ് കരുതിയത്... ഇത് മോന്റെ നാടല്ലാ... കളിക്കുമ്പോൾ അത് മനസ്സിലാക്കി കളിക്ക്... " മുരളി അത്രയും പറഞ്ഞ് ആദിയുടെ നെഞ്ചിലെ കാൽ കുറച്ചുകൂടി അമർത്തി... എന്നാൽ ആദി കാലുയർത്തി ഒരു ചവിട്ട് കൊടുത്തു. ആ നിമിഷം അയാൾ മുന്നോട്ട് തെറിച്ചുവീണു.... ആദിയെഴുന്നേറ്റ് വീണുകിടക്കുന്ന അയാളുടെ നാഭിക്ക് ഒരു ചവിട്ട് കൊടുത്തു. അയാൾ നിലവിളിച്ച് ചുരുണ്ടു.. അപ്പോഴേക്കും ആദി അവിടെനിന്ന് ഓടിയിരുന്നു... വീട്ടിലെത്തിയതിനു ശേഷമാണ് ആദി നിന്നത്...

അവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... അകത്തു കയറി കുറച്ചു വെള്ളമെടുത്ത് കുടിച്ചു.... ആദിയുടെ വെപ്രാളം കണ്ട് അരുണനും സൂര്യനും മുഖത്തോട് മുഖം നോക്കി.... "എന്താടാ.... എന്തുപറ്റി നീ വല്ലതും കണ്ട് പേടിച്ചോ... " അരുണനായിരുന്നു ചോദിച്ചത് "പേടിച്ചതൊന്നുമല്ല" അവൻ ഉണ്ടായ സംഭവങ്ങൾ പറഞ്ഞു... "ഇവൻ പറയുന്നത് വെച്ച് നോക്കുമ്പോൾ അത് ആ മുരളിയാകാനേ സാധ്യതയുള്ളൂ... " അരുണൻ പറഞ്ഞു... "ഏത് മുരളി.... " സൂര്യൻ സംശയത്തോടെ ചോദിച്ചു.... "അത് ആ കോന്നത്തെ കമലയുടെ മകനാണ്.... അവിടെ വീട്ടിലെപ്പോഴും വരും... എന്റെ അച്ഛനെ ന്ന് പറഞ്ഞിരുന്ന അയാളുടെ വിശ്വസ്തനാണ് ഈ മുരളി... എന്തു രഹസ്യത്തിന്റേയും സൂക്ഷിപ്പുകാരൻ... നാലഞ്ചു കൊല്ലമായി അവിടെ കാണാറുണ്ട്... " അരുണൻ പറഞ്ഞു... അവന്റെ അച്ഛനാരാണെന്ന് ആർക്കുമറിയില്ല... ഇതുവരെ അവന്റെ അമ്മയത് പുറത്തു വിട്ടിട്ടില്ല.... "അയാൾ എന്തിനാണ് ആ വഴി വന്നത്... അയാൾക്ക് ഇതിലെ വരേണ്ട കാര്യമില്ലല്ലോ... " സൂര്യൻ ചോദിച്ചു "അയാൾക്ക് എന്തെങ്കിലും ചുറ്റിക്കളിയുണ്ടാകും.....

അല്ലാതെ ഇതുവഴി വരേണ്ട കാര്യമില്ലല്ലോ... നമുക്കേതായാലും അവനെയൊന്ന് നിരീക്ഷിക്കണം.... നീയേതായാലും സൂക്ഷിച്ചോ... അയാൾ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല... " "ന്റെ അരുണേട്ടാ പേടിപ്പിക്കല്ലെ.... ഒരു വിധത്തിലാണ് അയാളുടെ കയ്യിൽനിന്ന് രക്ഷപ്പെട്ടത്... ഞാനേതായാലും രാവിലെത്തന്നെ നാട്ടിലേക്ക് പോകും... എന്തിനാ മറ്റുള്ളവരുടെ തല്ല്മേടിച്ചുകൂട്ടുന്നത്.... നല്ല തല്ല് നാട്ടിൽനിന്ന് കിട്ടുമല്ലോ... ഏട്ടൻ ജോഗിങ്ങിന് പോകുമ്പോൾ എന്നെ വിളിച്ചാൽ മതി..." ആദി പേടിയോടെ പറഞ്ഞു "അതാ നല്ലത്... അല്ലെങ്കിൽ അവൻ മണത്തറിഞ്ഞ് ഇവിടെയെത്താം... അല്ലാതെതന്നെ പ്രശ്നങ്ങൾ ഒരുപാടുണ്ട്..." അതുപറഞ്ഞ് സൂര്യൻ ആദിയുടെ നേരെ തിരഞ്ഞു. പിന്നെ പോകുന്നതൊക്കെ നന്ന്..... ഇവിടെ നടന്നതൊന്നും വീട്ടിൽ പറയേണ്ട.... അവർ വല്ലാതെ പേടിക്കും... പിന്നെ എല്ലാരും കൂടി ഇവിടേക്ക് വരും... അത് അതിനേക്കാൾ പ്രശ്നമാകും... മനസ്സിലായല്ലോ... " സൂര്യൻ താക്കീതോടെ പറഞ്ഞു "ഞാനാരോടും പറയാൻ പോകുന്നില്ല... അച്ഛനുമമ്മയും ഏട്ടന്റെ കാര്യം ചോദിച്ചാൽ എന്തുപറയണം..... "

ആദി സൂര്യനോട് ചോദിച്ചു "ഏതായാലും കുറച്ചു ദിവസം കഴിയട്ടെ... ഞാൻ വന്നോളാമെന്ന് അവരോട് പറയൂ.... ഞാനുമൊന്ന് വിളിച്ചു പറയാം...." സൂര്യൻ പറഞ്ഞു "സൂര്യാ.. നീയൊന്ന് വീടുവരെ പോയിട്ടും വാ... അവർക്കുമുണ്ടാകില്ലേ തന്നെ കാണാൻ ആഗ്രഹം... അച്ഛന് സുഖമല്ല എന്നല്ലേ പറഞ്ഞത്... നീയൊന്ന് പോയിട്ടു വാ... എന്റെ കാര്യമാലോചിച്ചിട്ടാണെങ്കിൽ അത് പ്രശ്നമാക്കണ്ട ഞാൻ അജെസ്റ്റ് ചെയ്തോളാം... " അരുണൻ പറഞ്ഞു... "അതുമാത്രമല്ലെടോ പ്രശ്നം..... പ്രസാദ്സാറ് നാട്ടിലില്ലാത്തതല്ലേ പെട്ടന്ന് ഞാനും കൂടി പോയാൽ ഇവിടെയാണു കുഴയും ..... രാവിലെ ഞാൻ സാറിനെ വിളിച്ചിരുന്നു... കുറച്ചു ദിവസത്തെ ലീവ് ചോദിച്ച്... അടുത്താഴ്ച അദ്ദേഹം വരുമെന്നാണ് പറഞ്ഞത്.... അതുവരെ നിൽക്കണമെന്നാണ് പറഞ്ഞത്... ഇവനേതായാലും പോവട്ടെ.... മറ്റെന്നാൾ ക്ലാസ്സുള്ളതല്ലേ.... നാളെ ഞാനിവനെ സിറ്റി വരെ കൊണ്ടുചെന്നാക്കാം..... പിന്നെ പേടിക്കേണ്ട കാര്യമില്ലല്ലോ.... " സൂര്യൻ പറഞ്ഞു. "എന്നാലങ്ങനെയാവട്ടെ... " ആദി പുറത്തേക്കിറങ്ങി.. സൂര്യൻ അരുണനെ നോക്കി ചിരിച്ചു ♾️♾️♾️♾️♾️♾️♾️♾️♾️

പിറ്റേദിവസം രാവിലെ അരുണനും അമ്മക്കുമുള്ള കഞ്ഞിയും മറ്റുള്ളവർക്കുള്ള ചോറും കറിയും തയ്യാറാക്കുകയായിരുന്നു സ്നേഹ. അപ്പോഴാണ് നിവേദ്യ അവിടേക്കു വന്നത് "കുഞ്ഞീ.. ഇതൊന്ന് നോക്കണേ ഞാനിപ്പോൾ വരാം.. സൂര്യേട്ടനെയൊന്ന് വിളിക്കട്ടെ... അവരവിടെ ഭക്ഷണമുണ്ടാക്കുന്നതി മുമ്പ് വിളിച്ചു പറയണം.... " അതും പറഞ്ഞ് സ്നേഹ ഫോണെടുക്കാൻ മുറിയിലേക്ക് പോയി... കുറച്ച് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പുറത്ത് മണിയടി കേട്ടത്. സ്നേഹ ചെന്നു വാതിൽ തുറന്നു.. പുറത്ത് നിൽക്കുന്ന ആളെ കണ്ട് അവളൊന്ന് ഞെട്ടി.. "നാൻസീ..." സ്നേഹക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല.. "ഇപ്പോഴെങ്കിലും നിനക്ക് ഇവിടേക്ക് വരാൻ തോന്നിയല്ലോ..... അച്ഛൻ മരിച്ച് പതിനാറിന്റെയന്ന് വന്നതാണ്... പിന്നെയിപ്പോഴാണ് വരുന്നത്... എനിക്കെത്ര സന്തോഷമായെന്നറിയാമോ.. " സ്നേഹ തന്റെ പരിഭവക്കെട്ടഴിച്ചു.. "കഴിഞ്ഞോ നിന്റെ പരാതി... ഇനിയെനിക്ക് അകത്തേക്ക് കയറാലോ... " നാൻസി പറഞ്ഞത് കേട്ട് സ്നേഹ ചിരിച്ചുകൊണ്ട് നാൻസിയുടെ കൈപിടിച്ച് അകത്തേക്ക് നടന്നു.... "എന്താടോ നീയൊരു മുന്നറിയിപ്പുമില്ലാതെ.... വരുന്നത് ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ... " അകത്തേക്കു നടക്കുന്നിടയിൽ സ്നേഹ ചോദിച്ചു.. അതിന് നിന്നെ കാണാൻ വന്നതല്ലല്ലോ ഞാൻ... അമ്മയെ കാണാൻ വന്നതല്ലേ...

പിന്നെ ഒരാളെ ഞാൻ റോഡ്സൈഡിൽ കിടക്കുന്നതു കണ്ട് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു... അയാളേയുമൊന്ന് കാണണം... അതിനാണ് കാര്യമായിട്ട് വന്നത്... " നാൻസി പറഞ്ഞു "അങ്ങനെ വരട്ടെ...അല്ലാതെ ഇത്ര ഓടികിതച്ച് വന്നത് വേറൊന്നും കൊണ്ടല്ല... എന്താടി നിനക്ക് ഏട്ടനോട് വല്ലതെയങ്ങ് പിടിച്ചോ... " സ്നേഹ അവളുടെ താടിക്കു പിടിച്ച് തന്റെ മുഖത്തിനുനേരെയടുപ്പിച്ച് ചോദിച്ചു "എടീ.. വേണ്ടട്ടോ.. ഒരാളെ സഹായിച്ചതിന് ഇത്രവലിയ ഒരു ശിക്ഷ കല്പിക്കല്ലേ...നീ പറയുന്ന പോലെ ഒരർത്ഥം ഇതിനില്ല... ഇനി ഉണ്ടാവുമരുത്.... നിങ്ങളും ഞാനുമായിട്ടെവിടെ കിടക്കുന്നു. മാത്രമല്ല ഒരന്യമതത്തിൽ ജനിച്ചവളുമാണ് ഞാൻ.... ഈ വീട്ടിൽ തന്നെ കയറിവരാനും നിങ്ങളുടെ സ്നേഹമനുഭവിക്കാനുമുള്ള അവസരം കിട്ടിയതുതന്നെ മുൻജന്മത്തിലെ പുണ്യമായി കരുതുന്നവളാണ് ഞാൻ... സ്വന്തം മകളായിട്ടാണ് നിന്റെയമ്മ എന്നെ കാണുന്നത്.... ഞാനും അതുപോലെ ത്തന്നെയാണ്... അതൊന്നും ഒരിക്കലും മറന്ന് പ്രവർത്തിക്കുന്നവളല്ല ഈ നാൻസി... പിന്നെ നിന്റെ ഏട്ടനെ എനിക്ക് ഇഷ്ടമാണ്...

അത് നീ കരുതുന്നതു പോലെയുള്ള ഒരിഷ്ടമല്ല... ഇനിയത് മറിച്ചാവുകയുമില്ല..." നാൻസി അത് പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു "ടി.. എന്തായിത് കൊച്ചുകുട്ടികളെപ്പോലെ... ഞാനൊരു തമാശ പറഞ്ഞതല്ലേ... അതിനാണോ ഇങ്ങനെ...അയ്യേ... " സ്നേഹ അവളുടെ കണ്ണു തുടച്ചു "ആ പിന്നെ അമ്മയോട് ഏട്ടനുപറ്റിയത് പറയണ്ടാട്ടോ... അമ്മയറിഞ്ഞിട്ടില്ല... അറിഞ്ഞാൽ ആ പാവത്തിന് സഹിക്കാൻ പറ്റില്ല... " "ഉം... ഞാനൊന്ന് അമ്മയെ കാണട്ടെ... നീ പെട്ടന്ന് റെഡിയായി വാ.... നമുക്ക് നിന്റെ ഏട്ടന്റെ അടുത്ത് പോകണം... എന്നിട്ട് വേഗമെനിക്ക് പോകണം... " നാൻസി പറഞ്ഞു. "അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി... വൈകീട്ടല്ലാതെ പോകുന്ന പ്രശ്നമില്ല.. " "അതല്ലെടി... എനിക്ക് പോയിട്ട് ഒരുപാട് സ്ഥലത്ത് പോവാനുണ്ട്....പള്ളിയിൽ നിന്ന് നേരിട്ടിവിടേക്ക് വന്നതാണ്...." നാൻസി പറഞ്ഞു എന്നാൽ പിന്നെ ഇങ്ങോട്ട് കെട്ടിയെടുക്കണമായിരുന്നോ...

പോവാനുള്ള സ്ഥലത്തേക്ക് പോയാൽ പോരായിരുന്നോ..." സ്നേഹ പരിഭവത്തോടെ പറഞ്ഞു "നിന്നോട് എന്തുപറഞ്ഞിട്ടും കാര്യമില്ല... നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.... ഇനി ഞാൻ ഒന്നും പറയുന്നില്ല... " അതാണ് നല്ലത്.... ന്റെ മോള് നല്ല കുട്ടിയായി അമ്മയുടെ അടുത്തേക്ക് ചെല്ല്... ഞാൻ ചായയായിട്ട് വരാം... അതുപറഞ്ഞ് ചിരിച്ചുകൊണ്ട് സ്നേഹ അടുക്കളയിലേക്ക് പോയി.. നാൻസി ശ്രീദേവിയമ്മയുടെ അടുത്തേക്കു പോയി "അമ്മേ... " നാൻസി ശ്രീദേവിയമ്മ കിടക്കുന്ന മുറിയിലേക്ക് കടന്നുകൊണ്ട് വിളിച്ചു "അല്ലാ..ഇതാരാണ് നാൻസിമോളോ.... ഇങ്ങോട്ടുള്ള വഴിയെല്ലാം അറിയോ... എത്രനാളായി ന്റെ കുട്ടിയെ കണ്ടിട്ട്.... ന്നെ മറന്നോ ന്റെ കുട്ടി" അവർ പരിഭവം നടിച്ചു "അതുകൊണ്ടല്ലേ അമ്മേ ഞാനോടിവന്നത്.... പിന്നെ ഇവിടെ പുതിയ സംഭവങ്ങൾ നടന്നെന്നറിഞ്ഞു.... " ആ... അങ്ങനെ ഒരു അത്ഭുതം നടന്നു.... എനിക്കൊരു മകനെ ദൈവം തന്നു.... " അവരെയൊന്ന് കാണണം.... സ്നേഹയെ കൂട്ടി അവിടെ വളരെ ഒന്ന് പോകണം... എന്നൊക്കെയുള്ള ലക്ഷ്യത്തോടെയാണ് ഞാൻ വന്നത്.... " "അതേയോ... നല്ലകാര്യം... അവനോട് ഒരുപാട് പറഞ്ഞു ഇവിടെ നിൽക്കാൻ.... അവൻ കൂട്ടാക്കിയില്ല... അവന്റെ വീട് തിരിച്ചു പിടിച്ചിട്ടേ ഇവിടേക്ക് വരൂ എന്ന വാശിയിലാണവൻ.....

ഒരപകടത്തിലും ചെന്നുചാടാതിരുന്നാൽ മതിയായിരുന്നു ന്റെ കുട്ടി.... " അവരൊന്ന് നെടുവീർപ്പിട്ടു.. "ഒന്നും വരില്ലമ്മേ.... കൂട്ടിന് സൂര്യേട്ടനുമില്ലേ...." അതാണൊരാശ്വാസം.... അവൻ നല്ലൊരു പയ്യനാണ്.... വരട്ടെ ചില കാര്യങ്ങൾ ഞാൻ മനസ്സിൽ കാണുന്നുണ്ട്.... അരുണന്റെ പ്രശ്നമെല്ലാം തീർത്ത് അവൻ ഇങ്ങോട്ട് വരട്ടെ... അതുകഴിഞ്ഞ് എല്ലാം ആലോചിക്കാം... അതുകേട്ട് നാൻസിയൊന്നു ചിരിച്ചു. "ഞാൻ സ്നേഹയെ ഒന്ന് സഹായിക്കട്ടെ... " നാൻസി അടുക്കളയിലേക്ക് നടന്നു ♾️♾️♾️♾️♾️♾️♾️♾️♾️ കുറച്ചു സമയത്തിനുശേഷം സ്നേഹവും നാൻസിയും നിവേദ്യയും ഭക്ഷണവുമായി വീട്ടിൽ നിന്നിറങ്ങി.. പാടവരമ്പിലൂടെ നടക്കുമ്പോൾ അവരുടെ മുന്നിലായി മുരളി നടന്നുവരുന്നത് കണ്ടു. അവനെ കണ്ട് സ്നേഹയൊന്ന് ചിരിച്ചു. എന്നാൽ അവന്റെ മുഖത്ത് ഒരുതരം ദേഷ്യമായിരുന്നു.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story