സ്നേഹസൂര്യൻ : ഭാഗം 23

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ല.. ഇയാളെയെനിക്ക് നഷ്ടപ്പെടുമോ എന്നൊരു പേടി കൊണ്ടാണ് ഞാൻ..." നാൻസി അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു.. അരുണൻ സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു "ടാ.... " പെട്ടന്നുള്ള സൂര്യന്റെ വിളികേട്ട് രണ്ടുപേരും അകന്നു മാറി... അവിടെയപ്പോൾ സൂര്യനും സ്നേഹയും നിവേദ്യയും അവരെ നോക്കി ചിരിക്കുകയായിന്നു... നാൻസിയാകെ ചമ്മിയരീതിയിൽ തലകുനിച്ചു എന്തോന്നെടാ ഇത്.... അപ്പുറവും ഇപ്പുറവും ആളുണ്ടെന്ന വിചാരമൊന്നുമില്ലേ... അവരുടെയൊരു കെട്ടിപ്പിടുത്തവും ഒലിപ്പീരും.. ഇപ്പോഴേ ഇങ്ങനെ... കുറച്ചു കഴിഞ്ഞാൽ എന്താകും... സൂര്യനവരെ കളിയാക്കി "ഒന്നു പോടാ അവിടുന്ന്..." അരുണൻ കലിയോടെ പറഞ്ഞു... "സ്നേഹാ... എത്രയും പെട്ടന്ന് അമ്മയോട് പറഞ്ഞ് ഇവരെ ഒന്നിപ്പിക്കാൻ നോക്ക്... ഇല്ലെങ്കിൽ ഇതല്ലാ ഇതിനപ്പുറവും കാണേണ്ടിവരും..." സൂര്യൻ പറഞ്ഞു... "അതിന് ഇയാളും മോശമൊന്നുമല്ലല്ലോ.... ഒരാളെ കുറ്റം പറയുന്നതിന് മുമ്പ് അവനവൻ എങ്ങനെയെന്ന് ഓർക്കണം... ഞാനും കാണുന്നുണ്ട് ചിലതെല്ലാം.... "

അരുണനും വിട്ടില്ല ഞാനൊന്നും പറയുന്നില്ലേ... സൂര്യൻ പെട്ടന്ന് അവിടെ നിന്നും തടിതപ്പി... അവന്റെ വെപ്രാളം കണ്ട് എല്ലാവരും ചിരിച്ചു.. ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു അരുണന്റെ നെറ്റിയിലെ സ്റ്റിച്ചഴിച്ചു.. അവൻ പുറത്തേക്ക് ഇറങ്ങിത്തുടങ്ങി... സ്നേഹയെന്നും കോളേജിൽ പോകുമ്പോൾ അവർക്കുള്ള ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നു..ഒരു ദിവസം ജോഗിങ്ങിന് പോയി വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു സൂര്യനും അരുണനും.... "അരുണാ ഇന്ന് ഞാനൊന്ന് നാട്ടിൽ പോയാലോ എന്നാലോചിക്കുകയാണ്... ഇന്നലെയും ആദി വിളിച്ചിരുന്നു...ഏതായാലും ഞാനൊന്ന് പോയിട്ടു വരാം..." സൂര്യൻ അരുണനോട് പറഞ്ഞു... "ഞാനുമത് പറയാനാലോചിച്ചിരിക്കുകയായിരുന്നു... നീയൊന്ന് പോയിട്ടു വാ... അവർക്കും നിന്നെ കാണാൻ കൊതിയുണ്ടാവില്ലേ... സമയം കളയണ്ട ഇപ്പോൾത്തന്നെ പുറപ്പെട്ടോ" "ഉം... പിന്നെ ഞാനിവിടെയില്ലായെന്നു കരുതി തന്റെ കൂതറ സ്വഭാവവുമായി നടക്കേണ്ട... അടങ്ങിയൊതുങ്ങി ഇവിടെയൊരു മൂലയിൽ കഴിഞ്ഞേക്കണം... മനസ്സിലായല്ലോ... "

സൂര്യൻ അവന് താക്കീത് നൽകി..... അതുകേട്ട് അരുണനൊന്ന് ചിരിച്ചു. സൂര്യൻ പെട്ടന്നുതന്നെ കുളിച്ചു ഫ്രഷായി പോകാൻ തയ്യാറെടുത്തു.. അതിനിടയിൽ സ്നേഹയെ വിളിച്ചു പോകുന്ന കാര്യം പറഞ്ഞു.. എല്ലാം കഴിഞ്ഞ് അവൻ പുറത്തേക്കുവന്നു... അരുണാ സ്നേഹ ഭക്ഷണവുമായി വരും താൻ പുറത്തേക്കൊന്നും പോയേക്കരുത്... ഞാൻ തന്റെ ബുള്ളറ്റൊന്ന് എടുക്കുന്നുണ്ട്. ഏതായാലും നന്നാക്കിയതിനുശേഷം പുറത്തോട്ടിറക്കിയില്ലല്ലോ അതും പറഞ്ഞവൻ വണ്ടിയെടുത്തുപോയി... അരുണൻ അകത്തേക്ക് നടന്നു. ♾️♾️♾️♾️♾️♾️♾️♾️♾️ വടകരയെത്തി ഒരു ടെക്റ്റൈൽസിൽ കയറി അച്ഛനും ആദിക്കും ഒരോ ഷർട്ടും അമ്മൊക്കൊരു സാരിയും വാങ്ങിച്ച് അടുത്തുള്ള ബേക്കിറിയിൽ നിന്ന് കുറച്ച് സ്വീറ്റ്സും വാങ്ങി നേരെ ലോകനാർകാവ് വഴി വീട്ടിലെത്തി.. മുറ്റത്തു വണ്ടിവന്ന ശബ്ദം കേട്ട് ആദി പുറത്തേക്കു വന്നു. ബുള്ളറ്റ് സ്റ്റാന്റിലിട്ട് ഇറങ്ങുന്ന സൂര്യനെകണ്ട് അവന്റെ കണ്ണ് വിട൪ന്നു "അമ്മേ.. അച്ഛാ... ഏട്ടൻ വന്നു... " അവൻ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു മെല്ലെ വിളിക്കെടാ കഴുതെ അവരെ...

ഞാൻ ഗൾഫിൽ നിന്നു വന്നതല്ല. ഒരു നൂറു കിലോമീറ്റർ അപ്പുറത്തു നിന്നാണ് "അതു ശെരിയാ.. പക്ഷേ ഏട്ടന്റെ വരവ് ഗൾഫിൽ നിന്ന് വരുന്നതുപോലെയാണെന്നു മാത്രം.... " അപ്പോഴേക്കും സാവിത്രിയും നാരായണനും അവിടേക്കു വന്നു... അവരുടെ മുഖത്ത് നിറയെ സന്തോഷമായിരുന്നു "എന്താ മോനെ അച്ഛനേയും അമ്മയേയും വേണ്ടാതായോ എന്റെ കുട്ടിക്ക്..." സാവിത്രി സൂര്യന്റെ അടുത്തേക്കുവന്ന് ചോദിച്ചു "അങ്ങനെയുണ്ടാവുമോ എന്റെ അമ്മേ... കുറച്ചു ദിവസമായി നല്ല തിരക്കാണ്... അതെല്ലാമൊന്ന് തീർത്ത് വരണ്ടേ.... " അവൻ സാവിത്രിയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു "എടോ... താനവനെ അകത്തേക്കൊന്ന് കയറാനനുവദിക്ക്" നാരായണൻ പറഞ്ഞു... "എത്രനാളായിട്ടാണ് ന്റെ കുട്ടിയെ കാണുന്നത്... അവനെ ശെരിക്കൊന്ന് കണ്ടോട്ടെ ഞാൻ... " "അതിനകത്ത് കയറിയിട്ടും അവനെ കണ്ടൂടേ.... അവനിവിടെ തന്നെയുണ്ടല്ലോ.... എവിടേയും പോകുന്നില്ലല്ലോ" "ചിലപ്പോൾ പോയാലോ... അവന്റെ ജോലി തന്നെ അങ്ങനെയുള്ളതല്ലേ... എപ്പോഴാണ് വിളിവരുന്നത് എന്നറിയില്ലല്ലോ... "

സാവിത്രി അവനെയും കൂട്ടി അകത്തേക്കു നടന്നു സൂര്യൻ കൊണ്ടുവന്ന ഡ്രെസ്സെല്ലാം അവരോരുത്തർക്കും കൊടുത്തു.. പലഹാരപ്പൊതി അമ്മയുടെ അടുത്ത് കൊടുത്തതു അമ്മാ.. സ്വീറ്റ്സൊന്നും വല്ലാതെ അച്ചന് കൊടുക്കേണ്ടെ... വയ്യാതിരിക്കുകയല്ലേ... " "നല്ല പുള്ളിയാണ്.. ന്റെ കണ്ണൊന്ന് തെറ്റിയാൽ അതെല്ലാം കാലിയാക്കും നിന്റെയച്ഛൻ... " സാവിത്രി സുകുമാരനെ നോക്കി പറഞ്ഞു "അതുപോട്ടെ നിനക്ക് അവിടെ ഏതോ ഒരു കുട്ടിയുമായി ലോഹ്യമുണ്ടെന്ന് ആദിമോൻ പറഞ്ഞല്ലോ... ഏതാണെടാ ആ കുട്ടി... നല്ല സുന്ദരിയാണോ...?" സാവിത്രി ചോദിച്ചു... സൂര്യൻ ആദിയെ തറപ്പിച്ചൊന്ന് നോക്കി... ആദി അവനെ നോക്കി തലയൊന്ന് കുലുക്കി... "അത് അവിടെയടുത്തുള്ളൊരു കുട്ടിയാണ്... " അവനൊരു പരങ്ങലോടെ പറഞ്ഞു അതുമനസ്സിലായി... അത് ആരുടെ മകളെന്നാണ് ചോദിച്ചത്... ഞങ്ങളും ആ നാട്ടിൽ കുറച്ചുകാലം ഉണ്ടായിരുന്നു... പിന്നെയാണ് ഇവിടേക്ക് വന്നത്... അവിടെയുള്ള ഒരുവിധം ആൾക്കാരെ ഞങ്ങൾക്കറിയാം... അതുകൊണ്ട് ഞങ്ങളുടെ മോനൊന്ന് പറയ് ആ കുട്ടിയേതാണെന്ന്... " നാരായണനാണ് അതു പറഞ്ഞത് "അത്..." അവൻ ആദിയെ നോക്കി "എന്താടാ നീയവനെ നോക്കുന്നത്... അവന് അറിയുന്ന കുട്ടിയല്ലേ അത്..."

സാവിത്രി അതുകണ്ട് സൂര്യനോട് ചോദിച്ചു. അവളെ അവനറിയാം... പക്ഷേ ആരുടെ മകളാണെന്നവറില്ല... "അതെന്താ അവനറിയാൻ പാടില്ലാത്ത വല്ല ബന്ധമാണോ അത്...." സാവിത്രി അവനോട് ചോദിച്ചു... "അതെ... പക്ഷേ ഇനിയതവനറിയണം... എത്ര കാലമാണെന്നുവെച്ചാണ് അവനിൽനിന്നത് മറച്ചു വെക്കുന്നത്... പാലത്തറയിലെ കുട്ടിയാണവൾ... പാലത്തറയിലെ ഗംഗാധര മേനോന്റെ മൂത്ത മകൾ... അമ്മയുടെ ചേട്ടന്റെ മകൾ... " "മോനെ.... അത്...അത് നമുക്കുവേണോ മോനെ... അല്ലാതെത്തന്നെ അവരെയെല്ലാം ചതിച്ച് നിന്റെ അച്ഛനോടൊപ്പം ഇറങ്ങിവന്നവളാണ് ഞാൻ... അതെല്ലാം അവർ മറന്നുകാണില്ല... ദാമുവിന്റേയും കുടുംബത്തിന്റേയും മരണവാർത്ത നിന്റെ അച്ഛനിൽനിന്നറിഞ്ഞ് ഒരിക്കൽ അവിടേക്ക് പോകുവാൻ തുനിഞ്ഞവളാണ് ഞാൻ.... നിന്റെ അച്ഛനന്ന് പറഞ്ഞ വാക്കുകളാണ് എന്നെ പിടിച്ചു നിർത്തിയത്... പിന്നീടിപ്പോൾ ഏട്ടൻ മരിച്ചപ്പോൾ പോലും ഞാൻ പോയില്ല... ഇവിടെയിരുന്നു സങ്കടം കരഞ്ഞു തീർത്തു..... ഇനിയുമൊരു ദുഃഖം താങ്ങാനുള്ള ശക്തി ഈ അമ്മയ്ക്കില്ല...

അതുകൊണ്ട് ന്റെ കുട്ടി അതങ്ങ് വിട്ടേക്ക്..." സാവിത്രി പറഞ്ഞവസാനിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു "ഇല്ലമ്മേ.... എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല... ചിലപ്പോൾ ഇതുകൊണ്ടെല്ലാ പ്രശ്നവും തീരുമെന്ന് മനസ്സ് പറയുന്നു... പിന്നെയൊരു കാര്യമുണ്ടമ്മേ...." അവൻ സാവിത്രിയുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.. സാവിത്രി അവന്റെ മുഖത്തേക്ക് നോക്കി "അമ്മയുടെ അനിയൻ ദാമുമാമ പഠിക്കുന്ന കാലത്ത് ഒരു പ്രേമമൊക്കെയുണ്ടായിരുന്നല്ലേ.... " "ഉണ്ടായിരുന്നു മാളിയേക്കലിലെ മാധവൻനായരുടെ മകൾ ജാനകിയുമായിട്ട് അവൾ ആത്മഹത്യ ചെയതായിരുന്നല്ലോ... നിനക്കിതൊക്കെ എങ്ങനെയറിയാം... " "അതൊക്കെയുണ്ട്... എന്നാൽ ആ ജാനകിയിൽ ദാമുമാമ്മന് ഒരു കുഞ്ഞ് ജനിച്ചിരുന്നു... " അവൻ എല്ലാകാര്യവും അവരോട് പറഞ്ഞു... പിന്നെ അവന് നാൻസിയോടുള്ള ഇഷ്ടവും ഇതെല്ലാം കേട്ട് സ്ഥംഭിച്ചിരിക്കുയായിരുന്നുആദി....അവൻ സൂര്യനെ നോക്കി... "പിന്നെയൊരു സന്തോഷ വാർത്ത പറയുണ്ട്... " സൂര്യൻ എല്ലാവരോടുമായി പറഞ്ഞു. അവരെല്ലാവരും അവനെ നോക്കി "നാളെ നമ്മളെല്ലാവരും മേലെക്കാവിലേക്കു പോകുന്നു... പാലത്തറയിലുള്ളവരെ കാണുന്നു... " "അത് വേണ്ടാ മോനേ... അത് ശെരിയാവില്ല... " സാവിത്രി നിരാശയോടെ പറഞ്ഞു...

"അത് ശെരിയാകും സാവിത്രി..... അതിനുള്ള സമയമായിരിക്കുന്നു.... എല്ലാം ഇതോടെ തീരണം.... ഇവൻ പറഞ്ഞതുപോലെ നാളെത്തന്നെ നമുക്കവിടേക്ക് പോകണം.... ആദീ ആ വണ്ടിയൊന്ന് കഴുകിയിടൂ....." നാരായണൻ പറഞ്ഞു.. അടുത്ത ദിവസം രാവിലെ എല്ലാവരും ഭഗവതിക്ഷേത്രത്തിൽ പോയി തൊഴുത് തിരുച്ചുവന്നു.. നാരായണൻ വണ്ടിയെടുക്കാമെന്ന് പറഞ്ഞെങ്കിലും സൂര്യനത് സമ്മതിച്ചില്ല.. ആദിയോട് ബുള്ളറ്റെടുക്കാൻ പറഞ്ഞതിനു ശേഷം സൂര്യൻ കാറെടുത്തു മേലേക്കാവിലേക്ക് പുറപ്പെട്ടു... സൂര്യൻ അരുണനെ വിളിച്ച് പാലത്തറയിലേക്ക് എത്താൻ പറഞ്ഞു. കാര്യമെന്താണെന്ന് പറഞ്ഞില്ല.. സാവിത്രിയുടെ മനസ്സിൽ ശ്രീദേവിയമ്മയും മക്കളും എങ്ങനെ പ്രതികരിക്കണമെന്ന പേടിയായിരുന്നു "മോനെ.. അമ്മക്കിപ്പോഴും ഭയം വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്..." സാവിത്രിയുടെ മുഖഭാവം കണ്ട് നാരായണൻ പറഞ്ഞു.സൂര്യൻ തിരിഞ്ഞ് സാവിത്രിയെ നോക്കി. പിന്നെ ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു "അമ്മേ... അമ്മ ജനിച്ചു വളർന്ന വീട്ടിലേക്കാണ് പോകുന്നത്.. അപ്പോൾ കുറച്ച് സന്തോഷമൊക്കെ വേണ്ടേ ന്റെ സാവിത്രിയമ്മേ... " സുര്യന്റെ സംസാരംകേട്ട് അവരൊന്ന് ചിരിച്ചു... എന്നിട്ട് സീറ്റിൽ തലചായ്ച്ചു......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story