സ്നേഹസൂര്യൻ : ഭാഗം 24

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

 "മോനെ.. അമ്മക്കിപ്പോഴും ഭയം വിട്ടിട്ടില്ലെന്നാണ് തോന്നുന്നത്..." സാവിത്രിയുടെ മുഖഭാവം കണ്ട് നാരായണൻ പറഞ്ഞു.സൂര്യൻ തിരിഞ്ഞ് സാവിത്രിയെ നോക്കി. പിന്നെ ചിരിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു "അമ്മേ... അമ്മ ജനിച്ചു വളർന്ന വീട്ടിലേക്കാണ് പോകുന്നത്.. അപ്പോൾ കുറച്ച് സന്തോഷമൊക്കെ വേണ്ടേ ന്റെ സാവിത്രിയമ്മേ... " സുര്യന്റെ സംസാരംകേട്ട് അവരൊന്ന് ചിരിച്ചു... എന്നിട്ട് സീറ്റിൽ തലചായ്ച്ചു... ♾️♾️♾️♾️♾️♾️♾️♾️♾️ ഈ സമയം സൂര്യൻ പറഞ്ഞതനുസരിച്ച് അരുണൻ പാലത്തറയിലേക്ക് പുറപ്പെട്ടു.. അവൻ അവിടെയെത്തി മണിയടിച്ചു... സ്നേഹ വന്നു വാതിൽ തുറന്നു... "ഏട്ടനെന്താ ഇപ്പോഴിങ്ങോട്ട്... ഞാൻ ഭക്ഷണവുമായി വരാനൊരുങ്ങായിരുന്നു.." അവനെക്കണ്ട് അത്ഭുതത്തോടെ അവൾ ചോദിച്ചു "എനിക്കെന്താ ഇവിടെ വരാൻ പറ്റില്ലേ.... " അവനും തിരിച്ചു ചോദിച്ചു. "ഓ... ഞാനൊന്നും ചോദിക്കുന്നില്ലേ...

കാണാത്ത ഒരാളെ കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയതാണ്.." അവൾ കൈകൂപ്പി പറഞ്ഞു "ഉം...അമ്മയെവിടെ..." അവൻ അകത്തേക്കു കയറുന്നിടയിൽ ചോദിച്ചു ആ.. ആ കാര്യം പറയാത്തതാണ് നല്ലത്... കുറേശ്ശെ നടന്നു തുടങ്ങിയതിനു ശേഷം അടുക്കളയിൽ തന്നെയാണ്... ന്റെ കുട്ടിക്ക് കൊടുക്കുന്ന ഭക്ഷണം നല്ലതാണോ... അതിൽ ഉപ്പ് പാകമാണോ, പുളി പാകമാണോ... എന്നതെല്ലാം പരീക്ഷിക്കുകയാണ്... അവസാനം മകൻ വന്നപ്പോൾ ഞാനും കുഞ്ഞിയും പുറത്ത്... അതങ്ങനെയാണെടീ... പെൺകുട്ടികളേക്കാളും എപ്പോഴും ഒരുപിടി സ്നേഹം അമ്മമാർക്ക് ആൺകുട്ടികളോടാണ്.... "എന്നിട്ടാണോ അമ്മയെ കാണാൻപോലും വരാതിരുന്നത്... അതൊക്കെപോട്ടെ ഏട്ടനെന്താ പെട്ടന്നിവിടെ... " അവൾ സംശയത്തോടെ വീണ്ടും ചോദിച്ചു... "ഞാനമ്മയെ കാണാൻ വന്നതാണ്.. ഒരുപാടായില്ലേ കണ്ടിട്ട്... നീ ഭക്ഷണവുമായി വരുന്നതിനുമുമ്പ് ഇവിടേക്ക് വരാമെന്ന് കരുതി.... ഞാനൊന്ന് അമ്മയെ കാണട്ടെ" സൂര്യൻ പറഞ്ഞിട്ട് വന്നതാണെന്ന കാര്യം അവളോട് പറഞ്ഞില്ല

"ഏട്ടാ... ഒരാളവിടെ ഏട്ടന്റെയടുത്തേക്ക് വരുവാൻ കയറുപൊട്ടിക്കുന്നുണ്ട്..." അവൾ ഒരു ചിരിയോടെ അവനോട് പറഞ്ഞു., "ആരാണ്...? " "ചേട്ടൻ ഊഹിച്ചിട്ടു പറയൂ... " "നാൻസിയാണോ...? " അതെ... അപ്പോഴേട്ടന് മനസ്സിലായല്ലേ... അരുണൻ ഒരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു അവർ ചെല്ലുമ്പോൾ ഭക്ഷണം പാത്രത്തിലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നാൻസിയും നിവേദ്യയും . "ഇവൾ ഇപ്പോഴേ തുടങ്ങിയോ അടുക്കളഭരണം...." അരുണന്റെ ചോദ്യം കേട്ട് എല്ലാവരും അവിടേക്ക് നോക്കി.... അവർ അന്ധാളിച്ചു നിന്നു. "മോനെ... ന്റെ കുട്ടി വന്നല്ലോ... എത്രദിവസമായി മോനെയൊന്ന് കാണാൻ കൊതിക്കണൂ എന്നറിയോ...? " അവർ മെല്ലെ ചുമരിൽ പിടിച്ചെഴുന്നേറ്റ് അവനരികിലേക്ക് വന്നു... ശ്രീദേവിയമ്മ അവനെ കൂട്ടിപ്പിടിച്ചു.. "ഓ ഇപ്പോൾ ഞങ്ങളന്ന്യർ... അമ്മയും മോനും ഒന്ന്... " നിവേദ്യ കുശുമ്പോടെ പറഞ്ഞു...

"അതേടി നിങ്ങളന്ന്യ വീട്ടിൽ കഴിയേണ്ടവർ തന്നെയാണ് അവനാണ് ഇവിടുത്തെ എല്ലാം... എനിക്ക് വായ്ക്കരിയിടാനും, കൊള്ളിവെക്കാനും ദൈവം തന്ന നിധി... പിന്നെ എന്റെ മനസ്സിൽ ഇവന്റെ പെണ്ണായി വരുന്ന ഒരു കുട്ടിയുണ്ട്... അത് സമയമാകുമ്പോൾ പറയാം... ഇവന്റേയും സ്നേഹമോളുടേയും വിവാഹം ഒറ്റ പന്തലിൽ ഇവിടെ വെച്ച് നടത്തണമെനിക്ക്... പിന്നെ ന്റെ കുഞ്ഞിയുടെ കാര്യം അതുകൂടി കഴിഞ്ഞിട്ട് ദൈവമെന്നെ വിളിച്ചാൽ മതിയായിരുന്നു.... വാ മോനെ അമ്മക്ക് കുട്ടിയോട് ഒരുപാട് ചോദിക്കാനുണ്ട്..." അവർ കുറച്ച് മുന്നോട്ട് നടന്നതിനു ശേഷം ശ്രീദേവിയമ്മ അരുണനെ പിടിച്ച് തിരിഞ്ഞുനിന്ന് നാൻസിയേയും സിനേഹയേയും മാറി മാറി നോക്കി.എന്നിട്ട് ചിരിച്ചു... "ന്റെ കുട്ട്യോളേ അമ്മ പറഞ്ഞതോർത്താണോ നിങ്ങളുടെ മുഖം കടന്നൽ കുത്തിയതുപോലെയായത്... ഞാനൊരു തമാശ പറഞ്ഞതല്ലേ.... നിക്കെന്റെ കുട്യോളെല്ലാം ഒരുപോലെയല്ലേ... " ശ്രീദേവിയമ്മ വീണ്ടും അവരുടെ അടുത്തേക്കുവന്നു.....

"അതൊന്നുമല്ല അമ്മേ ചേച്ചിക്കും ചേട്ടനും പറ്റിയ ബന്ധം കണ്ടെത്തിയെന്ന് അമ്മ പറഞ്ഞല്ലോ.. അത് അവരുടെ സമ്മതംകൂടി ചോദിച്ചിട്ടാണോ അമ്മ ഈയൊരു തീരുമാനമെടുത്തത്.... " നിവേദ്യമായി ചോദിച്ചു... ശ്രീദേവിയമ്മ ചിരിച്ചു.. മോളെ.... ഞാനൊരു അമ്മയാണ്... ഒരമ്മക്കേ അവരുടെ മനസ്സറിയൂ... ന്റെ സ്നേഹമോൾക്ക് ഒരാളെ ഇഷ്ടമാണെന്നെനിക്കറിയാം അത് സൂര്യനാണെന്നും എനിക്കറിയാം ഈ കാര്യം നിങ്ങളുടെ നാവിൽ നിന്ന് കേൾക്കാൻ കൊതിച്ചു ഞാൻ... പിന്നെ ഇവൾ... " ശ്രീദേവിയമ്മ നാൻസിയുടെ അടുത്തേക്ക് നടന്നു ഇവളെ എനിക്ക് ഒരാൺകുട്ടിയുണ്ടായിരുന്നെങ്കിൽ... സ്വന്തം മോളായി വലതുകാൽവെച്ച് അകത്തേക്ക് കയറ്റുമായിരുന്നു ഞാൻ... എന്നാലിപ്പോൾ എനിക്കൊരു മകനുണ്ട്... അവൻ വന്നപ്പോൾത്തന്നെ ഒരുകാര്യം പറഞ്ഞല്ലോ... അറിയാതെ ഇവന്റെ നാവിൽനിന്ന് വന്നതാണെന്ന് എനിക്കു മനസ്സിലായി.... അന്നേരം ഞാൻ ഊഹിച്ചു...ഇവർക്കിടയിലും എന്തോ ഉണ്ടെന്ന കാര്യം ശ്രീദേവി അരുണനെ നോക്കി. അവന് എന്താണെന്ന് മനസ്സിലായില്ല

"മോൻ വല്ലാതെ ആലോചിച്ച് തല പുണ്ണാക്കണ്ട... നീ വന്നപ്പോൾ പറഞ്ഞതെന്താണെന്നല്ലേ... ഇപ്പോഴേ തുടങ്ങിയോ അടുക്കള ഭരണം എന്നൊരു വാക്ക് മോന്റെ വായിൽ നിന്ന് വന്നല്ലോ... അതു മതിയായിരുന്നു അമ്മക്ക് നിങ്ങളുടെ ചുറ്റിക്കളി മനസ്സിലാക്കാൻ.... " അപ്പോഴാണ് മുറ്റത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടത് "സൂര്യൻ വന്നല്ലോ..." അരുണനതും പറഞ്ഞ് പുറത്തേക്ക് നടന്നു. പുറകെ മറ്റുള്ളവരും... ശ്രീദേവി അവിടെയുള്ള കസേരയിൽ ഇരുന്നു എന്നാൽ പുറത്തേക്ക് വന്ന അവർ ബുള്ളറ്റിനുപുറമേ ഒരുകാറുംകൂടി കണ്ടപ്പോൾ അവരൊന്നമ്പരന്നു കാറിൽ നിന്ന് സൂര്യനിറങ്ങി... പുറകെ നാരായണനുമിറങ്ങി മൂന്നാമതിറങ്ങിയ ആളെ കണ്ട് സ്നേഹയും നിവേദ്യയും മുഖത്തോടു മുഖം നോക്കി.. എവിടെയോ കണ്ട മുഖം. അവർ വീണ്ടുമാലോചിച്ചു.... അതെ അകത്തെ മിറിയിലുള്ള ഫോട്ടോയിൽ അച്ഛനോടൊപ്പം നിൽക്കുന്ന സ്ത്രീ.. അപ്പച്ചി.... അതെ അപ്പച്ചി തന്നെ... അവൾ അകത്തേക്കോടി ശ്രീദേവിയെ വിളിച്ചുകൊണ്ടുവന്നു.. അവർ പുറത്ത് നിൽക്കുന്നവരെ നോക്കി.. സാവിത്രിയുടെ കണ്ടയുടനെ അവരൊന്ന് ഞെട്ടി.. പിന്നെ മുഖത്ത് സന്തോഷം തെളിഞ്ഞു... "സാവിത്രി..... ന്റെ സാവിത്രി..... " സാവിത്രി ഓടിവന്ന് ശ്രീദേവിയമ്മയെ കെട്ടിപ്പിടിച്ചു

"ശ്രീദേവി... നിനെക്കെന്നോട് വെറുപ്പുണ്ടാകുമെന്ന് എനിക്കറിയാം... എന്നോട് ക്ഷമിക്കില്ലേ നീ... " "ക്ഷമിക്കാനോ... അതിന് എന്ത് തെറ്റാണ് നീ ചെയ്തത്... എന്നാലും ഇത്രയും കാലം ഇങ്ങോട്ടൊന്നും വന്നില്ലല്ലോ നീ... അത്രക്ക് വേണ്ടാതായോ ഞങ്ങളെ.... നിന്നെ പ്രതീക്ഷിച്ച് ഒരുപാട്കാലം കാത്തിരുന്നു അദ്ദേഹവും അമ്മാവനും... " അതു പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു "അതൊക്കെ പോട്ടെ നിങ്ങളെന്താണ് സൂര്യന്റെ കൂടെ..." ശ്രീദേവി സംശയത്തോടെ ചോദിച്ചു.... സാവിത്രിയൊന്ന് ചിരിച്ചു "ശ്രീദേവിക്ക് ഇപ്പോഴും മനസ്സിലായില്ല അല്ലേ.. ഇവനെന്റെ മകനാടോടോ... അത് മൂത്തമകൻ സൂര്യനാരായണൻ ഇളയമകൻ ആദിനാരായണൻ..... അത്കേട്ട് എല്ലാവരുമൊന്ന് ഞെട്ടി... ഇത്രയും നാൾ ഇവിടെയുണ്ടായിട്ടും എനിക്കിവനെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ ദേവീ.. അന്നേരം സൂര്യൻ അരുണന്റെ അടുത്തേക്കു വന്നു.. ഞാൻ പറഞ്ഞില്ലേ എനിക്കു ചില ലക്ഷ്യങ്ങളുണ്ടെന്ന്... അതിൽ ഒന്നാണിത്... അടുത്ത ലക്ഷ്യം ഉടനെ പൂർത്തിയാകും...." അരുണൻ കേൾക്കാൻ പാകത്തിൽ സൂര്യൻ പറഞ്ഞു. പിന്നെ സാവിത്രിയെ നോക്കി അമ്മേ ഇത് ആരാണെന്ന് മനസ്സിലായോ..."

സൂര്യന്റെ ചോദ്യം കേട്ട് അവർ അരുണനെ നോക്കി. അവരുടെ മുഖത്തു മാറി മറയുന്ന ഭാവങ്ങൾ സൂര്യൻ ശ്രദ്ധിച്ചു.... ""അതുതന്നെ അമ്മ വിചാരിച്ച ആളുതന്നെയാണ്... " ദാമുവിന്റെ മകൻ.... മോനേ നിന്റെ അപ്പച്ചിയാടാ ഞാൻ... അവർ അവനെ കെട്ടിപ്പിടിച്ചു... അപ്പോഴാണ് പറമ്പിൽനിന്ന് രാഘവൻ വന്നത് മുറ്റത്തു നിൽക്കുന്ന സൂര്യനെ മാത്രമേ അയാൾക്ക് മനസ്സിലായുള്ളു... അയാൾ ഉമ്മറത്തേക്കി നോക്കി അയാളിൽ ഒരു ഞെട്ടലുണ്ടായി... സാവിത്രി... സാവിത്രിക്കുഞ്ഞേ... കുഞ്ഞെവിടെയായിരുന്നു ഇതുവരെ... അങ്ങന്ന് എത്ര കാലം അന്വേഷിച്ചെന്നറിയോ... എന്നാലും ഇപ്പോഴെങ്കിലും കുഞ്ഞിന് വരാൻ തോന്നിയല്ലോ...... ഇതാണോ മോളുടെ... അതെ രാഘവേട്ടാ പേര് നാരായണൻ.. അതെന്റെ ചെറിയ മകൻ.. ഇത് മൂത്തവൻ... സൂര്യനെ പരിചയപ്പെടുത്തിയപ്പോൾ അയാൾ വീണ്ടുമൊന്ന് ഞെട്ടി.... സൂര്യൻ നിന്റെ മകനോ.. എന്നിട്ടവിടെ ഇതുവരെ പറഞ്ഞില്ലോ.. രാഘവൻ സൂര്യനെ നോക്കി അവനൊന്നു ചിരിച്ചു.. നിന്റെ മക്കൾ..... രണ്ടുപേരെന്നാണല്ലോ സൂര്യൻ പറഞ്ഞത്.... സാവിത്രി ശ്രീദേവി യോട് ചോദിച്ചു...

അവൻ പറഞ്ഞത് ശെരിതന്നെയാണ്.... എന്നാൽ ഇവർ മൂന്നും എന്റെ മക്കളാണ്... ശ്രീദേവി കുട്ടികളെ പരിചയപ്പെടുത്തി. "അപ്പോൾ എന്റെ മോൻ കണ്ടുവച്ച സുന്ദരിക്കുട്ടി ഇതാണല്ലേ... " സാവിത്രി സ്നേഹയെ കൂട്ടിപ്പിടിച്ചു "ഇനിമുതൽ ഇവൾ ന്റെ മോളാണ്.. " അവർ അവളുടെ നെറ്റിയിൽ ഉമ്മവച്ചു..... പിന്നെ നാൻസിയുടെ അടുത്തേക്കു ചെന്നു "മോളെ നിനക്കെന്നെ മനസ്സിലായിക്കാണുമല്ലോ.. ഇനി മോളുടെകുടി അപ്പച്ചിയാണ് ഞാൻ അങ്ങനെയേ ഇനി വിളിക്കാവൂ... " അവർ അവരുടെ നെറ്റിയിലും ഉമ്മവച്ചു. "അപ്പോൾ ഞാൻ പുറത്ത് എല്ലാവർക്കും അമ്മയും അപ്പച്ചിയും എല്ലാമായി എനിക്കു മാത്രം ആരുമില്ല..." നിവേദ്യ പരിഭവം പറഞ്ഞു. "ആരുപറഞ്ഞു നിനക്ക് ആരുമില്ലെന്ന്.... നീയെന്റെ കാന്താരിപ്പെണ്ണല്ലേ... നിന്റേയും കൂടി അപ്പച്ചിയല്ലേ ഞാൻ...." അവളുടെ നെറ്റിയിലും ഉമ്മ കൊടുത്തു.. അപ്പോഴാണ് മുറ്റത്തൊരു പോലീസ് വണ്ടി വന്നുനിന്നത്. അതിൽ നിന്ന് എസ്ഐയും മറ്റു പോലീസുകാരുമിറങ്ങി അവരെക്കണ്ട് എല്ലാവരുമൊന്ന് ഞെട്ടി........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story