സ്നേഹസൂര്യൻ : ഭാഗം 3

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

തന്റെ വഴി തടസമുണ്ടാക്കി നിന്നവനെ അവനൊന്നു നോക്കി ഏകദേശം തന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ. ചെറുതാക്കി വെട്ടിയ താടിയും നല്ല കട്ടിമീശയും. അരുണൻ അവനെയൊന്ന് അടിമുടിയായി നോക്കി. "എന്താണ് സാറെ പെൺകുട്ടികളോടാണോ സാറിന്റെ ആണത്വം കാണിക്കുന്നത്.... " "അതുചോദിക്കാൻ നീയാരാടാ,..." "സൂര്യൻ.... സൂര്യനാരായണൻ.... " "സൂര്യനോ ഏത് സൂര്യൻ.... സൂര്യനായാലും ചന്ദ്രനായാലും എന്റെ മുന്നിൽ തടസമായി വന്നവരെ ഒഴിവാക്കിയ ചരിത്രമേ മാളിയേക്കൽ തറവാട്ടിനുള്ളൂ. അതുകൊണ്ട് മോൻ ചെല്ല് തടി കേടാക്കാതെ... " "ആയിരിക്കാം... പക്ഷേ ചുണയുള്ള ആൺകുട്ടികളെ കാണാത്തതിലുള്ള കുറവാണത്.... " "നീയാരാടാ.... ഇവിടെ വന്ന് വേലത്തരം കാണിക്കാൻ... ഇത് സ്ഥലം മാറിയിട്ടാണ് മോനേ... നീ ഏറ്റുമുട്ടാൻ വന്ന ആളും വേറെയാണ്.... അതുകൊണ്ട് മോൻ സ്ഥലം കാലിയാക്കാൻ നോക്ക്.... കണ്ട പെണ്ണിന്റെ മുന്നിൽ ആളാവാനാണ് വിചാരമെങ്കിൽ വീട്ടിലുള്ളവരോട് നിലവിളക്ക് കത്തിച്ചുവെക്കാൻ പറഞ്ഞിട്ട് വാ....

അതും പറഞ്ഞ് അരുണൻ സ്നേഹയ്ക്കു അടുത്തേക്ക് വീണ്ടും ചെന്നു. എന്നാൽ സ്റ്റോപ്പിൽ ബസ്സ് കാത്തുനിന്നവർ അവന്റെ അടുത്തേക്കു വരുന്നത് അവൻ കണ്ടു. തിരിഞ്ഞു സൂര്യനെ നോക്കിയപ്പോൾ അവൻ വണ്ടി സ്റ്റാന്റിലിട്ട് തന്നെ തന്നെ നടക്കുന്നതാണ് കണ്ടത്. അവൻ തന്നെ നോക്കി ചിരിക്കുകയാണെങ്കിലും അവന്റെ കണ്ണിൽ അഗ്നിയാളുന്നത് അവൻ കണ്ടു. സംഭവം തന്റെ കൈവിട്ടു പോയെന്നു മനസ്സിലായി. ഇനി ഇവിടെ നിന്നാൽ ഉള്ള മാനവും പോകും. തല്കാലം പിന്തിരിയുന്നതാണ് നല്ലത്. അരുണൻ സ്നേഹയുടെ അടുത്ത് ചെന്ന് ശബ്ദം താഴ്ത്തി പറഞ്ഞു. "എടീ നീ രക്ഷപ്പെട്ടെന്നു കരുതണ്ട.. നിന്നെ എന്റെ കയ്യിൽ കിട്ടും... അന്ന് ഒരുത്തനും രക്ഷിക്കാൻ വരില്ല... അന്നേരം എന്റെ ചുണയും ചൂരുമെന്താണെന്ന് കാണിച്ചുതരാം... അത് പറഞ്ഞ് അരുണൻ തിരിച്ചു നടന്നു. പോകുന്ന വഴിയെ സൂര്യന്റെ അടുത്തുചെന്നു "നിന്നെ ഞാനെടുത്തോളാം.. ഒരുങ്ങിയിരുന്നോ നീ... " അരുൺ തന്റെ വണ്ടിക്കടുത്തേക്കു നടന്നു "ഹലോ ചേട്ടാ ഒന്നു നിന്നെ..." ഡോർ തുറന്ന് അകത്തു കയറാൻ നിന്ന അരുണൻ തിരിഞ്ഞു നോക്കി.

സൂര്യൻ തന്റെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു "ഞാൻ കുളിച്ചു കുറിതൊട്ട് സുന്ദരകുട്ടപ്പനായി നിൽക്കാം... എന്നെയെടുക്കാൻ വരുന്ന സമയം ഒന്നറിയിക്കണേ.... " സൂര്യൻ അവൻെറ മുഖത്തുനോക്കി ഒരു ചിരിയോടെ കണ്ണിറുക്കി കാണിച്ചുകൊണ്ട് തിരിഞ്ഞുനടന്നു. "ഛെ...." അരുണൻ ദേഷ്യത്തോടെ കൈ ചുരുട്ടി ബോണറ്റിലിടിച്ചു. ഡോർ തുറന്ന് വണ്ടിയെടുത്തു. പോകുന്ന വഴി സൂര്യനെ തറപ്പിച്ചൊന്നു നോക്കി ഇതെല്ലാം കണ്ട് ഒരു ശിലപോലെ നിൽക്കുകയായിരുന്നു സ്നേഹ. എന്തൊക്കെയാണ് ഇവിടെ നടന്നത്. ഒരാവേശത്തിലായിരുന്നു അരുണനോട് കോർത്തത്. തന്റെ അച്ഛനെ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ തന്നെ രക്ഷിക്കാൻ ഒരാൾ വന്നിരിക്കുന്നു. "ആരാണ് അയാൾ". ഇവിടെയെവിടേയും ഇതിനുമുമ്പ് കണ്ടിട്ടില്ല . അവൾ സൂര്യനെ മൊത്തത്തിൽ ഒന്നു നോക്കി. ഒരു കാവിമുണ്ടും, നീല കളർ ഷർട്ടുമാണ് വേഷം. നെറ്റിയിൽ ചന്ദനക്കുറിയുമുണ്ട്. കാണാൻ ഒരു കൊച്ചു സുന്ദരൻ തന്നെയാണ്.

സൂര്യൻ തന്റെ ബൈക്കെടുത്ത് പോകുവാൻ നേരം ഒരു പ്രായം ചെന്ന മനുഷ്യൻ അവന്റടുത്തേക്കു വന്നു. സൂര്യൻ അയാളുടെ മുഖത്തേക്കു നോക്കി. "മോനെ.. മോൻ ചെയ്തത് വലിയൊരു കാര്യമാണ്....അവൻ ഇവിടെയുള്ള സമയത്ത് എല്ലാവരുടേയും നെഞ്ചിൽ തീയാണ്.... എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നതെന്ന് ആർക്കും പറയാൻ പറ്റില്ല.... മോൻ ആരാണെന്നോ എവിടെയുള്ളതാണെന്നോഞങ്ങൾക്കറിയില്ല.... എന്നാലും മോനൊന്ന് സൂക്ഷിക്കണം.... അവൻ അങ്ങനെ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല.... മുറിവേറ്റ മൃഗമാണവൻ... പിന്നെ ഇത് ഞങ്ങളുടെ കുട്ടിയാണ്. ഞങ്ങളുടെ അങ്ങുന്നിന്റെ മകൾ... " "എന്നിട്ടാണ് ഇത്രയൊക്കെ നടന്നിട്ടും ഒരാൾ പോലും തടയാൻ ശ്രമിക്കാതിരുന്നത്...." എല്ലാവരേയും നോക്കി സൂര്യൻ സംശയത്തോടെ അയാളോട് ചോദിച്ചു. "അവനോട് എതിർക്കാൻ ഞങ്ങൾ മതിയാവില്ല.... അവൻ ഞങ്ങളുടെ കുടുംബം വരെ നശിപ്പിക്കും.... പേടിച്ചിട്ടാണ് മോനെ ഞങ്ങൾ... " അയാൾ ദയനീയതയോടെ പറഞ്ഞു "തെറ്റ് കണ്ടാൽ അത് എന്തുതന്നെയായാലും എതിർക്കണം... ഞാനുണ്ടാകും കൂടെ... കുറച്ചുകാലം ഞാൻ ഇവിടെയൊക്കെ കാണും... " "മോനിവിടെ..??? "

"ഞാനിവിടെ തമ്പി മുതലാളിയുടെ പുതിയ വീടിന്റെ സൂപ്രൈസറായി ശരത് സാറിന്റെ കീഴിൽ വർക്കുചെയ്യുന്നു...." "അപ്പോൾ എവിടെയാണ് താമസം... " "ഇവിടെ ഭഗവതി ക്ഷേത്രത്തിനു വടക്കുവശത്തുള്ള തമ്പി മുതലാളിയുടെ ചെറിയ വീട്ടിലാണ്" "ഒറ്റക്കാണോ... കൂടെയാരെങ്കിലും.. " "ഇല്ല. ഒറ്റക്കാണ്... എന്നാൽ ശരി....എന്ക്കത്യാവിശ്യമായി ഒരുവഴിക്കു പോകാനുണ്ട്...." "കുട്ടിയെങ്ങോട്ടാണ്... " കൂടുതൽ ചോദ്യം വരന്നതിനുമുൻപ് അവൻ സ്നേഹയോട് ചോദിച്ചു "കോളേജിലേക്ക്.. " "ബസ്സ് വന്നില്ലേ"... ഇല്ല.... ഇതുവരേയും ഒരുവണ്ടിയും വന്നില്ല...." മറുപടി കൊടുത്തത് ആ പ്രായം ചെന്ന മനുഷ്യനായിരുന്നു..... വിരോധമില്ലെങ്കിൽ ഞാൻ കൊണ്ടുവിടാം... എനിക്ക് ആ വഴിയാണ് പോകേണ്ടത്. "വേണ്ട ബസ്സിപ്പോൾ വരും..." സ്നേഹ തല കുനിച്ചുനിന്ന് പറഞ്ഞു. "മോളെ... കുട്ടി ഈ വണ്ടിയിൽ കയറിക്കോളൂ.... മോളുടെ വണ്ടി ഇനി വരുമെന്ന് തോന്നുന്നില്ല... " ആ പ്രായം ചെന്ന മനുഷ്യൻ പറഞ്ഞു മടിച്ചു മടിച്ചിട്ടാണെങ്കിലും അവൾ സൂര്യന്റെ ബൈക്കിൽ കയറി. അപ്പോൾ സൂര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ബൈക്ക് മുന്നോട്ടെടുത്തു. പാതിവഴി പിന്നിട്ടിട്ടും അവർതമ്മിൽ ഒരു സംസാരവും ഉണ്ടായില്ല. അവസാനം അവൻതന്നെ അതിനൊരു വിരാമമിട്ടു.

"താനെന്താണെടോ ഒന്നും മിണ്ടാതെ ബലം പിടിച്ചിരിക്കുന്നത്.... എന്തെങ്കിലുമൊക്കെ പടയെടോ... ഇതൊരുമാതിരി അവാർഡ് പടം പോലെ..." അവൻ പറഞ്ഞതിനു മറുപടിയായി അവളൊന്നു ചിരിച്ചു "അവിടെ കണ്ട തന്റെ ചങ്കൂറ്റം അവിടെ കൂടിയവർക്കു കൊടുത്തുപോന്നോ... എന്തായിരുന്നു... ഭദ്രകാളിയുടെ ബാധ കൂടിയതുപോലെയല്ലെ ഉറഞ്ഞു തുള്ളിയത്... " "അത് പിന്നെ.... എൻെറ അച്ഛനേയും വീട്ടുകാരേയും പറ്റി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു.... " "അങ്ങനെവേണം പെൺകുട്ടികളായാൽ... എന്തും കേട്ടും സഹിച്ചും ജീവിക്കുന്നവരെ എനിക്കു പുച്ചമാണ്.... എതിരിടാൻ വരുന്നവരെ അതേ കണക്കിന് നേരിടാനുള്ള ചങ്കൂറ്റം വേണം.... എനിക്കിഷ്ടമായി... "എ.. എന്ത്...? " "അല്ലാ... തൻെറ അന്നേരത്തെ പ്രകടനം..... പിന്നെ......... പിന്നെ അതു നടത്തിയ ഇയാളേയും" അത് പറഞ്ഞ് അവൻ ഗ്ലാസിൽകൂടി അവളെയൊന്ന് നോക്കി... "വണ്ടി നിർത്തിക്കേ... " "എന്തുപറ്റി.... " "വണ്ടി നിർത്താൻ... " അവളുടെ ശബ്ദം ഒന്നു കനത്തിരുന്നു. അവൻ ബൈക്ക് നിറുത്തി. അവൾ പെട്ടന്ന് ഇറങ്ങി അവന്റെ മുന്നിലോട്ടുവന്നു "താനെന്താ കരുതിയത് എന്നെ പറ്റി... താനൊരു മാന്യനാണെന്നു കരുതിയാണ് തന്റെ പുറകിൽ കയറിയത്....അത് മുതലാക്കുകയാണ് താനല്ലേ.... ഈവആണുങ്ങളെല്ലാം ഇങ്ങനെയാണ്....."

"അതിന് ഞാനെന്താടോ പറഞ്ഞത്... " "തന്റെ ഇളക്കം എങ്ങോട്ടാണെന്ന് മനസ്സിലാക്കാൻ വലിയ വിദ്യാഭ്യാസമൊന്നും വേണ്ട.... ഏതൊരാൾക്കും അത് മനസ്സിലാവും... " "അയ്യോ.... ന്റെ കൊച്ചേ ഞാനൊരു തമാശ പറഞ്ഞതാണ്.... താൻ വണ്ടിയിൽ കയറൂ. ആളുകൾ ശ്രദ്ധിക്കുന്നു...." അവൻ ചുറ്റും നോക്കി പറഞ്ഞു. അപ്പോഴാണ് അവളാക്കാര്യം ശ്രദ്ധിച്ചത് "ഇല്ല ഇയാൾ പൊയ്ക്കൊ... ഞാനൊരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം... " "ഞാൻ സോറി പറഞ്ഞില്ലേ... ഇനിയുമെന്നെ നാണം കെടുത്തല്ലേ... ഞാൻ കാലിൽ വീഴാം... " അവൻ കൈകൂപ്പി അവളോട് പറഞ്ഞു "ഉം...ഇത്തവണത്തേക്ക് മാപ്പു തന്നിരിക്കുന്നു..." അവൾ ചിരിച്ചുകൊണ്ട് അവൾ ബൈക്കിൽ കയറി "ഇവളാരാ മാണിക്യകോലോത്തെ തമ്പുരാട്ടിയെ.... എവിടുന്നു കുറ്റിയും പറച്ച് വന്നതാണ്... വല്ലാത്ത ജാതി മറുതയാണ്... നല്ലകാര്യം ചെയ്തതിന് കിട്ടിയ കൂലി വളരെ നന്നായിട്ടുണ്ട്.. എനിക്കു വേണം,, എങ്ങുനിന്നോ വന്ന വയ്യാവേലി തലയിലെടുത്തുവച്ചതല്ലേ... അനുഭവിക്കണം.... " അവൻ വണ്ടിയെടുക്കുമ്പോൾ പിറുപിറുത്തു "എന്താണാവോ പിറുപിറുക്കുന്നത്... "

"ഒന്നുമില്ലെന്റെ പൊന്നോ..." "ഉം..." അവളൊന്ന് പുഞ്ചിരിച്ചു "അല്ലാ... ഇത്രയും സമയത്തെ പരിചയംവെച്ച് ചോദിക്കാണ്... അത് തെറ്റാണെങ്കിൽ അടിയനോട് ക്ഷമിക്കണം... " "താൻ ഉരുണ്ടുകളിക്കാതെ കാര്യം പറയൂ..." "തൻെറ പേരെന്താണ്...? " "ഏ.. എന്ത്...? " "തൻെറ പേരെന്താണെന്ന്...? ചോദിച്ചത് കുഴപ്പമായോ..?" അതുകേട്ടതും അവൾ പൊട്ടിച്ചിരിച്ചു. "ഈശ്വരാ ഇനിയിവൾ വല്ല യക്ഷിയുമാണോ.... പേരുചോദിച്ചതിന് ഇങ്ങനെ ചിരിക്കുമോ" "ഇതിനായിരുന്നോ വട്ടംകറങ്ങിവന്നത്... സ്നേഹ എന്നാണ് പേര്... " "ആ പേരിൽ മാത്രമേ സ്നേഹമുള്ളൂ....സ്വഭാവം ഭദ്രകാളി യുടേയും.... " "എന്താടോ എന്റെ സ്വഭാവത്തിനു കുഴപ്പം... " "അതു ഞാൻ കുറച്ചുമുമ്പ് കണ്ടു... " "കണക്കായിപ്പോയി.... എന്നോട് വേണ്ടാത്തത് പറഞ്ഞിട്ടില്ലേ.... " "ഓ... സമ്മതിച്ചു... ഇനിയതിൻെറ പേരിൽ വണ്ടിയിൽ നിന്നിറങ്ങേണ്ട..... " അതുകേട്ട് അവളൊന്ന് ചിരിച്ചു. "തന്റെ വീടെവിടെയാ.... " ഭഗവതിക്കാവിനു പുറകിലുള്ള വയലിനു അപ്പുറത്താണ്... " "വീട്ടു പേര്...? " "പാലത്തറ... " പെട്ടന്ന് അവൻ വണ്ടി നിറുത്തി "ഉം എന്തേ...? " ഒന്നും മനസ്സില്ലാതെ അവൾ ചോദിച്ചു "പാലത്തറ ഗംഗാധരമേനോന്റെ.... " "മകളാണ്... " അച്ഛനെ അറിയുമോ...? " "നേരിട്ട് പരിചയമില്ല.... പിന്നെ പത്രങ്ങളിൽ മരണവാർത്ത വായിച്ചിരുന്നു...

അച്ഛന്റെ കാറിൽ ഇടിച്ച ആളെ പറ്റി വല്ല വിവരവും...? " അവൻ ബൈക്ക് മുന്നോട്ടെടുത്തു ചോദിച്ചു "ഇല്ല.... " അതു പറയുമ്പോൾ അവളുടെ ശബ്ദമിടറിയിരുന്നു. കണ്ണ് നിറഞ്ഞിരുന്നു. അയ്യോ... തന്നെ സങ്കടപ്പെടുത്താൻ ചോദിച്ചതല്ല... കണ്ണ് തുടക്കൂ തൻെറ കോളേജ് എത്തി അവൾ കണ്ണു തുടച്ച് ബൈക്കിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു. പെട്ടന്ന് തിരിഞ്ഞ് അവനെ നോക്കി "താങ്ക്സ്... എല്ലാത്തിനും..." "ഓ... സ്വീകരിച്ചിരിക്കുന്നു...." ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു "സ്നേഹാ.... ഒന്നു നിന്നേ... " അവൾ തിരഞ്ഞുനിന്നു,. എന്താണെന്ന ഭാവത്തോടെ.. ഒരു കാര്യം പറയാൻ മറന്നു... "എന്താണ്...? " എന്തോ പറയാൻ വന്നതായിരുന്നു... മറന്നല്ലോ.. ആ കിട്ടിപ്പോയി... "എന്നാണെങ്കിലും വേഗം പറഞ്ഞോളൂ... എനിക്ക് സമയം വൈകി... " വേറൊന്നുമല്ല.... ഞാൻ മുമ്പ് പറഞ്ഞതുതന്നെ.... ഇയാളെ എനിക്കിഷ്ടമാണ് "പോടാ പട്ടി... "

"ഓ... അതും സ്വീകരിച്ചിരിക്കുന്നു...." അതു പറഞ്ഞ് അവൻ ബൈക്കെടുത്തുപോയി സ്നേഹ ചിരിച്ചുകൊണ്ട് കോളേജ് ഗെയ്റ്റ് കടന്നുപോയി ♾️♾️♾️♾️♾️♾️♾️♾️♾️ അരുണന്റെ വണ്ടി പോർച്ചിൽ ഇരമ്പിനിന്നു. ഡോർ തുറന്നു പുറത്തിറങ്ങി. പോർച്ചിന്റെ സൈഡിൽ വെച്ചിരുന്ന പൂച്ചട്ടി ചവിട്ടി തെറിപ്പിച്ചു. കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. ശബ്ദം കേട്ട് പുറത്തേക്കു വന്ന പ്രഭാകരൻ അവനെ കണ്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു. എന്താണ് ഇവന് പറ്റിയത്. "എന്താടാ അരുണാ ഇത്... എന്താണ് പറ്റിയത് നിനക്ക്... കാര്യമെന്താണെങ്കിലും പറയ്... " "കൊല്ലണം എനിക്കവനെ... എന്നിട്ട് എനിക്കു സ്വന്തമാക്കണം അവളെ...." എന്താണ് അവൻ പറയുന്നതെന്ന് മനസ്സിലാവാതെ പ്രഭാകരനും ഭാര്യയും സ്തംഭിച്ചു നിൽക്കുകയായിരുന്നു.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story