സ്നേഹസൂര്യൻ : ഭാഗം 4

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്താടാ അരുണാ ഇത്... എന്താണ് പറ്റിയത് നിനക്ക്... കാര്യമെന്താണെങ്കിലും പറയ്... " "കൊല്ലണം എനിക്കവനെ... എന്നിട്ട് എനിക്കു സ്വന്തമാക്കണം അവളെ...." എന്താണ് അവൻ പറയുന്നതെന്ന് മനസ്സിലാവാതെ പ്രഭാകരനും ഭാര്യയും സ്തംഭിച്ചു നിൽക്കുകയായിരുന്നു.... എന്താണെന്ന് പറയൂ മോനെ...നമുക്ക് പരിഹാരമുണ്ടാക്കാം "അവൾ...ആ മേനോന്റെ മകൾ... അവൾ കാരണം ഇന്ന് ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെട്ടു .... അവളെ അങ്ങനെവിടാൻ ഉദ്ദേശമില്ലെനിക്ക്... അവിടെ ഞാനനുഭവിച്ചതിൽ നാലിരട്ടി അനുഭവിപ്പിക്കും.... അല്ലെങ്കിൽ ഞാനൊരാണാണെന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല..." അവൻ നിന്നു കുറച്ചു.. പ്രഭാകരൻ അവിടേക്കുവന്ന ലക്ഷിയെ നോക്കി. "അതിനുമാത്രം എന്ത് നടന്നെന്നാ നീ റയുന്നത്.... " പ്രഭാകരൻ ഒന്നും മനസ്സില്ലാതെ ചോദിച്ചു. അവൻ നടന്ന സംഭവങ്ങൾ പ്രഭാകരനോട് പറഞ്ഞു. ഓഹോ... അപ്പോൾ നീ പുതിയൊരു ശത്രുവിനെ കൂടി ഉണ്ടാക്കിയല്ലേ... നീ വിഷമിക്കേണ്ട... അവൻ ആരാണെന്ന് അറിയോ... എവിടെയുള്ളതാണവൻ... ഞാനിതിനുമുമ്പ് കണ്ടിട്ടില്ല...

പക്ഷേ അവന്റെ കണ്ണിലെ തീഷ്ണത എന്തോ എന്നെ വല്ലാതെയങ്ങ് ഭയപ്പെടുത്തുന്നുണ്ട്... "ഉം.... നമുക്ക് കണ്ടുപിടിക്കാം... സതീശനോട് ഞാനൊന്ന് സംസാരിക്കട്ടെ... " "അതൊന്നും വേണ്ട.... അവനെ എനിക്കു വേണം... എന്റെ കൈകൊണ്ടാണ് അവന്റെ പതനം.... " "നിനക്ക് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്.... നമുക്കു വഴിയുണ്ടാക്കാം... നീയിപ്പോൾ സമാധാനിക്ക്... " അതുപറഞ്ഞു പ്രഭാകരൻ സതീശനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു "നിങ്ങൾക്ക് എന്തിന്റെ കേടാണ് മനുഷ്യാ... അവനെ ഉപദേശിക്കേണ്ട സമയത്ത് നിങ്ങൾ അവന്റെ ജീവിതം തന്നെ നശിപ്പിക്കുകയാണോ... " എല്ലാം കേട്ടു നിന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മി അയാളോട് ചോദിച്ചു എടീ...എന്റെ ജീവിതത്തിലെ ഒരു തലവേദനയാണ് ആ മേനോൻ അറിയാലോ.... അവൻെറ കുടുംബത്തിനെ സഹായിക്കുന്നവർ എന്റെ ശത്രുവാണ്... അതാരായാലും അവന്റെ പതനം കണ്ടിട്ടേ ഇനി എനിക്കും എൻെറ മകനും വിശ്രമമുള്ളൂ..... ♾️♾️♾️♾️♾️♾️♾️♾️♾️ അന്നു വൈകീട്ട് വീട്ടിലേക്ക് വരുന്നവഴി സ്നേഹ സൂര്യനെ നോക്കുകയായിരുന്നു .

അവനെ എവിടേയും കാണാൻ സാധിച്ചില്ല. വീട്ടിലെത്തിയ അവൾ ശ്രീദേവിയുടെ മുറിയിലേക്കു ചെന്നു. അവിടെ രാഘവനുമായി എന്തോ സംസാരിക്കുകയായിരുന്നു അവർ "ആ... മോളു വന്നോ... കുഞ്ഞി എത്തിയില്ലേ... " നിവേദ്യയെ അവർ കുഞ്ഞി എന്നാണ് വിളിക്കുന്നത് "ഇല്ലമ്മേ... എത്താനാവുന്നതേയുള്ളൂ..." സ്നേഹ പറഞ്ഞു. "പിന്നെ രാഘവമാമയോടും അമ്മയോടും എനിക്ക് ഒരുകൂട്ടം പറയാനുണ്ട്... കുഞ്ഞി അറിയേണ്ട... അവൾ പേടിക്കും... " "എന്താണ് മോളെ വല്ല പ്രശ്നവും..... " "ഉം.... " അവൾ കവലയിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. സൂര്യൻ തന്നോട് അവസാനം പറഞ്ഞ കാര്യമൊഴിച്ച്. "അത് ആരായിരിക്കും ക്ഷേത്രത്തിനു വടക്കു വശത്താണ് വീടെന്നല്ലേ പറഞ്ഞത്.... അത് തമ്പിയുടെ പഴയ വീടാണല്ലോ... ചിലപ്പോൾ അവനോട് ചോദിച്ചാൽ അറിയുമായിരിക്കും... " രാഘവൻ പറഞ്ഞു. "എന്നാലും പ്രഭാകരനും മകനും അടങ്ങിയിരിക്കുമെന്ന് കരതേണ്ട... എന്തിനും മടിക്കാത്തവരാണ് അവർ... മോളൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.... " രാഘവൻ പറഞ്ഞു "ചേച്ചീ..... ചേച്ചീ... "

നിവേദ്യയുടെ വിളികേട്ട് സ്നേഹ പുറത്തേക്ക് വന്നു എന്താ കുഞ്ഞീ... "എന്തായിരുന്നു ചേച്ചീ കവലയിൽ.... " നിവേദ്യ ചോദിച്ചു.. സ്നേഹയൊന്ന് ഞെട്ടി "നിന്നോടാരുപറഞ്ഞു.... " "അതാരെങ്കിലുമാകട്ടെ... ചേച്ചി കാര്യം പറ... " ഇനി അവളോട് ഒന്നും ഒളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അവൾ നടന്നകാര്യം പറഞ്ഞു "ന്റെ ചേച്ചി... ഞാനായിരുന്നെങ്കിൽ അവന്റെ വായിലെ പല്ലെല്ലാം റോഡിൽ കിടന്നേനെ.... അല്ല ചേച്ചി ഇതിന്റെ ഇടയിൽ ആ രക്ഷകൻ എവിടെനിന്നു വന്നു.... ഇനി വല്ല ചുറ്റിക്കളിയും..." "പോടി.... " സ്നേഹ അവളുടെ നേരെ കയ്യോങ്ങി. നിവേദ്യ ബാഗുമെടുത്ത് മുറിയിലേക്കോടി. അവളുടെ ഓട്ടം കണ്ട സ്നേഹ ചിരിച്ചുപോയി എന്നാലും അയാൾ ആരാണ്... എന്തിനാണ് എന്നെ സഹായിക്കാൻ വന്നത്.... എന്നോടിഷ്ടമാണെന്ന് പറയുന്നു.... പെട്ടന്നൊരാൾ ആദ്യമായിട്ടു കാണുന്ന ഒരാളോട് അങ്ങനെ പറയുമോ... അതോ എന്നെ ഞാനറിയാതെ കാണാറുണ്ടിരുന്നോ...? ഇനി ഇഷ്ടമാണെന്ന് പറഞ്ഞത് സത്യമായിരിക്കുമോ.... അതോ എന്നെ കളിയാക്കിയുള്ള പറഞ്ഞതോ...അയാളെ കാണാൻ ഒരു ചേലൊക്കെയുണ്ട്...

സുന്ദരനാണ്... ആരേയും മയക്കുന്ന കണ്ണുകളും.,, ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും.. പക്ഷേ അയാളിൽ എന്തോ ഒരു പ്രശ്നമുണ്ട്.. ന്റെ വീട്ടു പേര് പറഞ്ഞപ്പോൾ അയാളൊന്ന് ഞെട്ടിയത് ശ്രദ്ധിച്ചിരുന്നു....എന്നാലും എന്നെ അയാളിലേക്ക് വലിച്ചടുപ്പിക്കുകയാണ്....ഈശ്വരാ ഞാനയാളെ ഇഷ്ടപ്പെടുകയാണോ.... ഇല്ല... പാടില്ല.... പാടില്ല... "അനുരാഗത്തിൻ വേളയിൽ.. വരമായി വന്നൊരു സന്ധ്യയിൽ... മനമേ നീ പാടു പ്രേമാർദ്രം.. " നിവേദ്യ പാടുന്നത് കേട്ടാണ് സ്നേഹ സുബോധത്തിലേക്ക് വന്നത്. "എന്താ ചേച്ചി ആ ചേട്ടൻ ഇത്രെക്കങ്ങ് മനസ്സിൽ കയറിയോ... " "എടീ നിന്നെ ഞാൻ... " സനേഹ നിവേദ്യയുടെ പുറകെയോടി... എന്നാലും അകത്തേക്കോടിക്കയറി വാതിലടച്ചു ♾️♾️♾️♾️♾️♾️♾️♾️♾️ രാത്രി ശ്രീദേവിക്ക് കഞ്ഞി വാരികൊടുക്കുകയായിരുന്നു സ്നേഹ "മതി മോളെ.... ഇപ്പോൾ ഭക്ഷണമൊന്നും ഇറങ്ങില്ല അമ്മയ്ക്ക്... ന്റെ കുട്ട്യോളെ ഊട്ടേണ്ട സമയത്ത് എന്നെ ഊട്ടേണ്ട ഗതികേട് ന്റെ കുട്ട്യോൾക്ക് വന്നല്ലോ... അതിനു മാത്രം എന്തു പാപമാണീശ്വരാ ഞാൻ ചെയ്തത്.... "

"അമ്മയൊന്നു മിണ്ടാതെ ഈ കഞ്ഞി കുടിച്ചേ.... വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടേണ്ട... " "എല്ലാം ശെരിയാകുമമ്മേ.... ഡോക്ടർ ഉറപ്പുതന്നതല്ലേ... മനസ്സിൽ ടെൻഷനൊന്നും പാടില്ലെന്നും പറഞ്ഞില്ലേ..." അവിടേക്ക് വന്ന നിവേദ്യയാണ് അതു പറഞ്ഞത്... "ആ..എല്ലാം ശെരിയാവട്ടെ... അല്ല മോളെ... ഇന്ന് കണ്ട ആ ചെറുപ്പക്കാരനെ ഇനി മോൾ കണ്ടാൽ ഇവിടെ വരെ ഒന്നു വരാൻ പറയോ... ? അമ്മക്കൊന്ന് കാണാനാണ്... മോൾക്ക് മടിയാണെങ്കിൽ രാഘവനോട് പറഞ്ഞാലും മതി... ന്റെ കുട്ടിയെ ആ പിശാചിന്റെ അടുത്തുനിന്ന് രക്ഷിച്ചവനല്ലേ... അമ്മ പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി.... " "ഞാൻ പറയാമമ്മേ... " സ്നേഹ പറഞ്ഞു ശ്രീദേവിക്ക് കഞ്ഞി കൊടുത്ത പാത്രവുമായി സ്നേഹ പുറത്തേക്ക് പോയി. "ഇവിടെ ഒരു കല്യാണാലോചന നടക്കുന്നുണ്ടോന്നൊരു സംശയം..." വഴിയേ ചെന്ന നിവേദ്യ അവളോട് കളിയാക്കി പറഞ്ഞു "ദേ കുഞ്ഞി...നീയെന്റെ വായിൽ വരുന്നത് കേൾക്കേണ്ടെങ്കിൽ മിണ്ടാതെ പോകുന്നതാണ് നല്ലത്... " "അതല്ല ചേച്ചീ... കേട്ടിടത്തോളം ആള് നല്ലനാണെന്നാണ് തോന്നുന്നത്.

ഇനി അയാളുടെ ബാക്ക്ഗ്രൌണ്ട് അന്വേഷിച്ചാൽ മതി..." "ടീ...നീയിപ്പോൾ വലിയ കാര്യങ്ങൾ ചിന്തിക്കാതെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ നോക്ക്... " സ്നേഹ നിവേദ്യയുടെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു "ആ... ആ... ചേച്ചീ വിട് വേദനിക്കുന്നു... " "വേദനിക്കണം നിനക്ക്.. കുറച്ചു കുറുമ്പ് കൂടുന്നുണ്ട്... അത് മാറ്റിയെടുക്കാൻ പറ്റുമോന്ന് ഞാൻ നോക്കട്ടെ.... " സ്നേഹ പിടിവിട്ടു "വേണ്ടായോ... ഇനി ഇതിനെ പറ്റി ഞാൻ മിണ്ടിയില്ല പോരെ.... ന്റെ ചെവി പൊന്നായെന്നാ തോന്നുന്നത്... " "എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും..." "ഹാ..ന്റെ വിധി.. ഒരുകാര്യവുമില്ലാതെ പണിമേടിച്ചതാണ്... പക്ഷേ ഇതിനെ പറ്റി പറയില്ല എന്നേയുള്ളൂ... പ്രവർത്തിക്കും ഞാൻ... ന്റെ ചേച്ചിയെ അയാളുടെ കയ്യിൽ പിടിച്ചുകൊടുക്കുന്നതുവരെ എനിക്കിനി വിശ്രമമില്ലാ.. " "ടീ..നിനക്കു കിട്ടിയത് പോരെ... " സ്നേഹ അവളുടെ നേരെ വന്നു. നിവേദ്യ പെട്ടെന്നുതന്നെ റൂമിലേക്കോടി.. സ്നേഹ ചിരിച്ചുപോയി ♾️♾️♾️♾️♾️♾️♾️♾️♾️ രാവിലെ കോളേജിലേക്ക് പോകുമ്പോൾ അമ്പലത്തിലും ആൽത്തറയിലും സൂര്യനെ നോക്കി നടന്നു സ്നേഹ.

എവിടേയും അവനെ കണ്ടെത്താനായില്ല. " ഇനിയിപ്പോ നേരത്തെ പോയോ..." അവനെ ഒന്നു കാണാൻ മനസ്സു കൊതിച്ചു. "അയാൾക്ക് തന്നോടുള്ള ഇഷ്ടം ആത്മാർത്ഥമായിട്ടാണോ... അതോ ഒരു നേരംപോക്കായിട്ടോ... എങ്ങനെയറിയും... അതിന് ആളെ കാണേണ്ടെ...ആളൊരു ചുള്ളനാണ്... ആരുമൊന്നു കൊതിച്ചുപോകും അവനെ സ്വന്തമാക്കാൻ... തനിക്കും അവനോട് ഇഷ്ടം തുടങ്ങിയോ... ഇല്ല.. അങ്ങനെയൊന്നും മനസ്സിൽ ചിന്തിക്കുകപോലും ചെയ്യരുത്... അമ്മയെ വേധനിപ്പിക്കരുത്... ഇനി കുഞ്ഞി പറഞ്ഞതുപോലെ അമ്മ അവനെ കാണണമെന്നു പറഞ്ഞത് തന്നെ അയാുമായി വിവാഹക്കാര്യം സംസാരിക്കാനാണോ.... ഏയ് ആയിരിക്കില്ല... ആളെ അമ്മയ്ക്ക് പരിചയമില്ലല്ലോ... പിന്നെ എങ്ങനെയാണ്....ഒന്നു കാണുവാൻ വേണ്ടിയാകും... എന്തെങ്കിലുമാകട്ടെ ഞാനെന്തിനു മനസ്സു പുണ്ണാക്കണം..... " അങ്ങനെയോരോന്ന് മനസ്സിലാലോചിച്ച് നടക്കുകയായിരുന്ന സ്നേഹയുടെ മുന്നിൽ ഒരു ബൈക്ക് വന്നുനിന്നു. അവൾ പെട്ടന്ന് ഞെട്ടി തലയുയർത്തി നോക്കി... അവളുടെ മുഖത്ത് ആശ്വാസച്ചിരി വന്നു.. "സൂര്യൻ.... "

"എന്തു സ്വപ്നംകണ്ടാണ് നടക്കുന്നത്... ആള് ഈ ലോകത്തൊന്നുമല്ലാന്നു തോന്നുന്നല്ലോ.... ഇങ്ങനെ നടന്നാൽ പിന്നെ അച്ഛന്റെ അടുത്തേക്ക് വേഗം ചെല്ലാം..." അവൾ തലതാഴ്ത്തി ചിരിച്ചു "താൻ അമ്പലത്തിലും ആൽത്തറയിലും ആരെയോ തിരയുന്നത് കണ്ടല്ലോ... ആരെയാണ്... " "ദേവീ... ഇയാൾ അതെല്ലാം കണ്ടിരുന്നോ... അപ്പോൾ തൻെറ പുറകിൽ ഇയാൾ ഉണ്ടായിരുന്നോ... ശ്ശെ ... ആകെ നാണക്കേടായല്ലോ" "അത്....... അമ്മ പറഞ്ഞു ഇയാളോട് അത്രേടംവരെ ചെല്ലാൻ... " "ഉം.... എന്തിനാണ്.... " "അറിയില്ല... " "അമ്മമാത്രമേ ആഗ്രഹിക്കുള്ളോ അവിടേക്കു വരുന്നത്.... ഇയാൾക്ക് ഇല്ലേ...." അവൻ അവളെ നോക്കി പതിയെ ചോദിച്ചു "ദേ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട... അമ്മ പറഞ്ഞത് ഞാൻ പറഞ്ഞന്നേയുള്ളൂ.... ഇയാൾക്ക് സൌകര്യമുണ്ടെങ്കിൽ ചെല്ല്.... അത് പറഞ്ഞ് അവൾ കലിതുള്ളി മുന്നോട്ടു നടന്നു അവളുടെ ആ പോക്കുകണ്ട് അവൻ ചിരിച്ചുപോയി "എടീ... നിന്റെ തുള്ളൽ ഞാൻ മാറ്റിയെടുക്കുന്നുണ്ട്..." മനസ്സിൽ അതു പറഞ്ഞ് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഈ നിമിഷം സ്നേഹയെ സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനയുകയാണ് അരുണൻ.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story