സ്നേഹസൂര്യൻ : ഭാഗം 9

Snehasooryan

രചന:   രാജേഷ് വള്ളിക്കുന്ന്

എന്നാൽ ഈ സമയം സ്നേഹക്കും സൂര്യനുമെതിരെ പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു അരുണൻ അടുത്തപടിയായിട്ട് അവളുടെ വീട്ടിൽ പോകണം... ആ ശ്രീദേവിയമ്മയേയും രാഘവനേയും കയ്യിലെടുക്കണം.... അതിന് ആദ്യം അവളുടെ അനിയത്തിയെ വശീകരിച്ചു വീഴ്ത്തി അതിന് പറ്റിയ അവസരമുണ്ടാകണം.... അവളുടെ സ്കൂളിനു സമീപത്തു ഒന്നു നിരീക്ഷിച്ചാൽ എന്തെങ്കിലും വഴി തെളിയാതിരിക്കില്ല... " അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കുമ്പോഴാണ് പ്രഭാകരൻ അങ്ങോട്ടു വന്നത്... "മോനെ അരുണാ.... എന്തുപറ്റി നിനക്ക്... എന്താണ് എന്നുമില്ലാത്തൊരു ആലോചന... കാര്യമായിട്ടൊന്നുമില്ലച്ഛാ... അവളെ വരുതിയിലാക്കാനുള്ള അടുത്ത പദ്ധതിയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. "ഉം... മോനെ അച്ഛന് നിന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്" അവൻ അയാളുടെ മുഖത്തേക്കു നോക്കി.

എന്താണെന്നമട്ടിൽ.. നീ അവളെ സത്യത്തിൽ ഇഷ്ടപ്പെടുന്നുണ്ടോ... മനസ്സിലുള്ളത് വ്യക്തമായി പറയണം... "എന്താണച്ഛാ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം...? അച്ഛൻ പറഞ്ഞതനുസരിച്ചല്ലേ ഞാനീ നാടകത്തിന് തയ്യാറായത്... എനിക്ക് അവളോട് ഇഷ്ടമല്ല ഒരുതരം പകയാണുള്ളത്... അന്നാ നാട്ടുകാരുടെ മുന്നിൽ എന്നെ നാണം കെടുത്തിയവളാണ് അവൾ... അതുവഴി പുതിയൊരു ശത്രുവിനെ കൂടി തന്നു അവൾ. സൂര്യൻ... രണ്ടെണ്ണത്തിന്റേയും പതനം എന്റെ ഈ കൈകൊണ്ടാകും.... " മോനെ ഒന്നിനും തിടുക്കംകുട്ടേണ്ട..... അത് മറ്റുള്ളവർക്ക് സംശയമുണ്ടാക്കും.... എല്ലാം അതിന്റേതായ നേരത്ത് നടക്കും..." "ഉം... ആ ഒരു സമയത്തിനുവേണ്ടിയാണ് ഞാനും കാത്തു നിൽക്കുന്നത്" "ആ പിന്നെ... എന്നാ നീ ചെന്നൈയിലേക്ക് തിരിച്ചു പോകുന്നത്... ? " പ്രഭാകരൻ ചോദിച്ചു "രണ്ടു ദിവസം കഴിയും... എന്താണച്ഛാ...?' നമ്മുടെ പുത്തൻവീട്ടിലെ രാജശേഖരന്റെ ടൗണിലുള്ള അമ്പത് സെന്റ് കൊടുക്കുവാണെന്ന് കേട്ടു.. നമ്മുടെ കാവിനടുള്ള സ്ഥലം അങ്ങട്ട് വിറ്റാലോ എന്നാണാലോചന....

ഏതായാലും ആ സ്ഥലംകൊണ്ട് നമുക്ക് ഗുണമൊന്നുമില്ല. അതു വിറ്റ് നമുക്ക് ടൗണിലുള്ള സ്ഥലം വാങ്ങിച്ചാലോ... കുറച്ചു പണം കൂട്ടേണ്ടിവരും... എന്നാലും സാരമില്ല... നല്ല കണ്ണായ സ്ഥലമാണത്... നീയെന്ത് പറയുന്നു..." "ഇതൊക്കെ എന്നോട് ചോദിക്കണോ അച്ഛാ.... അച്ഛന്റെ താൽപര്യമനുസരിച്ച് ചെയ്യ്... " "നമ്മുടെ അമ്പലത്തിലെ തുരുമേനിയ്ക്ക് ആ സ്ഥലത്തിനൊരു കണ്ണുണ്ട്... ഞാനയാളോട് ഇന്നുതന്നെ സംസാരിക്കാം... നിന്റെ ലീവ് നീട്ടുകയാണെങ്കിൽ നീ പോകുന്നതിനു മുമ്പ് റെജിസ്റ്ററേഷൻ നടത്താമായിരുന്നു... " "അതിന് എനിക്കിനി ലീവ് നീട്ടികിട്ടില്ല... നോക്കാം നമുക്ക് ... അച്ഛൻ ദൈര്യമായി മുന്നോട്ട് പൊയ്ക്കൊളൂ ... " "എന്നാപ്പിന്നെ അങ്ങനെവട്ടെ.... എനിയ്ക്ക് പുറത്തൊന്നു പോണം ഒരാളെ കാണണം... വരുന്ന വഴി ആ തിരുമേനിയെ കണ്ട് കാര്യങ്ങൾ സംസാരിക്കാം" പ്രഭാകരൻ നേരെ പോയത് ലക്ഷ്മിയുടെ അടുത്തേക്കാണ്... "എടീ ഇനി നമ്മൾ കാത്തിരുന്നിട്ട് കാര്യമില്ല....അഥവാ അവൻ അറിയാതെ അവളെയങ്ങ് ഇഷ്ടപ്പെട്ടാൽ നമ്മുടെ പ്ലാനൊന്നും നടക്കില്ല....

"അതിന് മനുഷ്യാ അവന് അവളെ ഇഷ്ടമായിട്ടല്ലല്ലോ. അവളുടെ പുറകെ പോകുന്നത്... " "എടീ... നീയെന്തറിഞ്ഞിട്ടാണ് പറയുന്നത്... ഒരുപെണ്ണു വിചാരിച്ചാലാണോ ഒരാണിനെ മാറ്റിയെടുക്കാൻ പണി... അതിന് ഏറ്റവും വലിയ ഉദാഹരണം നീ തന്നെയല്ലേ.... കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്നിരുന്ന എന്നെ മാറ്റിയെടുത്ത പെണ്ണല്ലേ നീ.. അതിനുശേഷം ഇവിടെ വരെ എത്തിയതിനു പിന്നിലും നീ തന്നെയാണ്... അതുപോലെ അവളും തുനിഞ്ഞിറങ്ങിയാൽ... അവൻെറ മനസ്സ് മാറിയാൽ... എല്ലാം തീർന്നു... ഇപ്പോൾ അവനിൽ പല മാറ്റവും കാണുന്നുണ്ട്.. ഞാൻ അവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ വലിയ ആലോചനയിലാണ്... അവളെ കുറിച്ചായിക്കും... ഞാൻ ചോദിച്ചപ്പോൾ അവളെ വീഴ്ത്താനുള്ള പുതിയ തന്ത്രം മെനയുകയാണെന്നാണ് പറഞ്ഞത്. എനിക്കത് വിശ്വാസമില്ല... അവനെന്തൊക്കെയോ മാറ്റങ്ങളുണ്ട്... " "നിങ്ങൾക്ക് തോന്നുന്നതാവും... അവനൊരു മാറ്റവും ഞാൻ കാണുന്നില്ല " "എടീ.. തോന്നുന്നതാവാം എന്നാലും നമ്മളൊരു മുൻകരുതൽ എടുക്കുന്നത് നല്ലതാണ്... " അയാൾ പറഞ്ഞു

"എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്.... " ഞാനേതായാലും മാർക്കോസിനെ കാണാൻ പോവാണ്.... ഇനി കാത്തിരുന്നിട്ട് കാര്യമില്ല.... " "അപ്പോൾ നിങ്ങളെല്ലാം തീരുമാനിച്ചോ... അവനെ നിങ്ങൾ... " "അതേടീ അതുതന്നെ...." ഈ സമയം അരുണൻ ലക്ഷിയുടെ അടുത്തേക്ക് വരികയായിരുന്നു... മുറിയിൽനിന്ന് അവരുടെ സംസാരം കേട്ട് അവൻ പെട്ടെന്നു നിന്നു "എടീ ഈ കാണുന്ന സ്വത്തെല്ലാം അവന്റേതു മാത്രമാണെന്ന് അവനറിഞ്ഞാൽ... അത് നമ്മൾ കൈക്കലാക്കാൻ നോക്കുകയാണെന്നു കൂടി അറിഞ്ഞാൽ പിന്നെ തീർന്നു... അവനെ തീർക്കണം ഇതെല്ലാം നമുക്കും എന്റെ മകനും മാത്രം അനുഭവിക്കാനുള്ളതാണ്... അതിനുവേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്... " "ആരുടെ കാര്യമാണ് അച്ഛനുമമ്മയും പറയുന്നത്... " അവൻ അവർ പറയുന്നത് ചെവിയോർത്തു. അരുണൻ നമ്മുടെ മകനല്ലാന്ന് അവനറിഞ്ഞാൽ.. " അയാളൊന്ന് നിർത്തി പ്രഭാകരൻ പഞ്ഞ വാക്കുകൾ ഇടിത്തീക്കും പോലെയാണ് അരുണന്റെ ചെവിയിൽ വന്നു പതിച്ചത്... "ഞാൻ... ഞാൻ ഇവരുടെ മകനല്ലേ... അപ്പോൾ എന്നെയാണണോ കൊല്ലാൻ നോക്കുന്നത് ...

. അവർക്ക് ഞാനല്ലാത്ത ഒരു മകനോ.... അപ്പോൾ ആരാണ് ഞാൻ" അവൻ പെട്ടന്ന് ആ മുറിയിലേക്ക് കയറി... അവന്റെ വരവ് കണ്ട് പ്രഭാകരനും ലക്ഷ്മിയും പേടിച്ചു... "സത്യം പറയണം ഞാൻ നിങ്ങളുടെ മകനല്ലേ... പിന്നെയാരാണ് നിങ്ങളുടെ മകൻ.... " അവന്റെ ചോദ്യത്തിനുമുന്നിൽ അവരൊന്നും പതറി.. എന്നാലും അതു കാണിക്കാതെ പ്രഭാകരൻ അവന്റെ അടുത്തേക്കുവന്നു അവന്റെ തോളിൽ കൈവെച്ചു. "എന്താണ് മോനെ നീയിപ്പറയുന്നത്.... നീയല്ലാതെ വേറെയാരാണ് ഞങ്ങളുടെ മകൻ.... " അരുണൻ പ്രഭാകരന്റെ കൈ തോളിൽ നിന്ന് തട്ടിമാറ്റി "ഞാനല്ലാം കേട്ടിട്ടു തന്നെയാണ് കയറിവന്നത്... എനിക്ക് സത്യമറിയണം... " "ഓഹോ... അപ്പോൾ നീ എല്ലാം അറിഞ്ഞിരിക്കുന്നല്ലേ... അതേടാ... നീ ഞങ്ങളുടെ മകനല്ല... പക്ഷേ നിന്റെ പേരിലുള്ള ഒതുങ്ങാത്ത സ്വത്ത് അത് എനിക്കുവേണം... അതിനാണ് നിന്നെ വളർത്തി ഇതുപോലെ ആക്കിയത്... പക്ഷേ അത് കിട്ടുവാൻ നിന്നെ തീർക്കാൻ തന്നെയാണ് എന്റെ ഉദ്ദേശം... " പ്രഭാകരൻ അരയിൽ നിന്ന് തോക്കെടുത്ത് അവനു നേരെ ചൂണ്ടി. അവനൊന്നു പതറി.

"എന്റെ സ്വത്തോ..... നിങ്ങളുടെ ഈ സ്വത്തെങ്ങിനെ എന്റേതാകും... " "ഹ.. ഹ. ഹഹ... എങ്ങനെയെന്നോ... പറയാം.... മരിക്കുന്നതിനുമുമ്പ് അതെല്ലാം നിയറിയണമെന്നാകും ദൈവനിശ്ചയം... അങ്ങനെതന്നെയാവട്ടെ... ലക്ഷ്മി നീ അപ്പുറത്തോട്ട് പോ..." ലക്ഷ്മി പുറത്തേക്കു പോയി. പ്രഭാകരൻ പല്ല് വരിച്ചു "ഇരുപത്തിയെട്ട് വർഷം മുമ്പ് ഞാനീ നാട്ടിൽ ഒന്നുമില്ലാത്ത വെറുമൊരു ചട്ടമ്പിയായിരുന്നു... അന്ന് പാലത്തറ മേനോനെപ്പോലെ അറിയപ്പെടുന്ന തറവാടായ മാളിയേക്കൽ തറവാട്ടിലെ കാരണവരായിരുന്നു മാധവൻ നായർ.... അയാളുടെ ഭാര്യയായിരുന്നു സരസ്വതിയമ്മ... അയാളുടെ മകളായിരുന്നു..ജാനകി... ജാനകിയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ ദീനം വന്ന് സരസ്വതിയമ്മ മരിച്ചു... അതിനുശേഷം പൊന്നുപോലെയാണ് മാധവൻ നായർ ജാനകീയെ വളർത്തിയത്... ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യമായിരുന്നു ജാനകിയുടേത്. ആരും സ്വന്തമാക്കാൻ കൊതി ക്കും... ഞാനും കൊതിച്ചു... കൊതിക്കുകമാത്രമല്ല അതൊരുറച്ച തീരുമാനവുമായിരുന്നു.. എന്നാൽ അവളുടെ കൂടെ പഠിച്ചിച്ചിരുന്ന പാലത്തറയിലെ മേനോൻൻെറ അനിയൻ ദാമോദരനുമായി അവൾ പ്രണയത്തിലാണെന്ന വീർത്ത എന്നെ ഞെട്ടിച്ചു... അവർ തമ്മിൽ അത്രയേറെ അടുത്തു...

മനസ്സുകൊണ്ടും ശരീരംകൊണ്ടും... എന്നാൽ ഇതൊന്നും കാര്യമാക്കാതെ അവളെ സ്വന്തമാക്കുവാൻ ഞാൻ പലവഴിയുമാലോച്ചു... എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടാണ് അവരുടെ കാര്യസ്ഥനായ രാമനിൽ നിന്ന് ആ വാർത്ത ഞാനറിഞ്ഞത്... ജാനകി ഗർഭിയാണെന്ന്. എനിക്കത് ഓർക്കപ്പുറത്ത് കിട്ടിയ അടിയായിരുന്നു... എന്നാൽ കൽക്കട്ടയിലേക്ക് തുടർ പഠനത്തിന് പോയ ദാമോദരൻ ഇതൊന്നുമറിഞ്ഞില്ല ഈ കാര്യം രാമനോട് ഞാൻ പുറത്തു പറയരുതെന്നും പറഞ്ഞു....അയാളാവാക്ക് പാലിച്ചു... ഞാനും രാമനും അവളും പിന്നെ അവളുടെ തന്ത മാധവൻ നായരും മാത്രമേ ഈ കാര്യം അറിഞ്ഞിരുന്നുള്ളൂ... എന്നാൽ ആ വാർത്തയറിഞ്ഞ് മാധവൻ നായർ തളർന്നുവീണു.... ദിവസങ്ങൾ കഴിഞ്ഞ് ജാനകിയുടെ പ്രസവ സമയം അടുത്തു.. ഞാനേർപ്പാടാക്കിയ വയറ്റാട്ടിയെക്കൊണ്ട് അവളുടെ പ്രസവമെടുപ്പിച്ചു... അവരോടും ഈ കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് കുറച്ചു പണം അവരുടെ കയ്യിലേൽപ്പിച്ചു. കൂടാതെ ആ കുട്ടിയെ കൊണ്ടുപോയി കൊല്ലാനും പറഞ്ഞു...."

പ്രഭാകരൻ പറഞ്ഞു നിർത്തിയിട്ട് അരുണനെ നോക്കി "ഇതുമായിട്ട് എനിക്കെന്തു ബന്ധം... ". അരുണൻ ചോദിച്ചു "ബന്ധമുണ്ട്... അതിലേക്കു വരുന്നതിനുമുമ്പ് ഇതുംകൂടി കേട്ടോ... അന്ന് ജാനകിയ്ക്ക് ബോധം വന്നസമയത്ത് കുട്ടിയെ ചോദിച്ചു. കുട്ടി പ്രസവത്തിൽ മരിച്ചുപോയെന്ന് അവളെ പറഞ്ഞു വിശ്വസിപ്പിച്ചു... എന്നാൽ ആ വയറ്റാട്ടി ആ കുഞ്ഞിനെ കൊന്നില്ലായിരുന്നു.. ഞാനത് അറിയാതിരിക്കാനായി അവർ രഹസ്യമായി അവരുടെ മകളുടെ വീട്ടിൽ വളർത്തി... മാസങ്ങൾ കടന്നു പോയി... ജാനകിയുടെ സ്വന്തമാക്കണമെന്ന മോഹം മനസ്സിൽ വീണ്ടുമുണർന്നു.... അവസാനം അവളോട് പറയാൻ തന്നെ തീരുമാനിച്ചു...ഒരു ദിവസം രാത്രി ഞാൻ മാളിയേക്കൽ തറവാട്ടിലേക്ക് ചെന്നു. അവൾ മാത്രമേ പുറത്തേക്കു വരൂ എന്നനിക്കറിയാം... കാരണം അന്ന് വീണാതിൽ പിന്നെ ഒരു ജീവഛവമായിട്ട് കട്ടിൽ തന്നെയാണ് മാധവൻ നായർ... ഞാൻ ചെന്ന് വാതിലിൽ മുട്ടി... ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story