സ്‌നേഹത്തോടെ: ഭാഗം 1

snehathode

രചന: മഹാദേവൻ

" അവള് കുഞ്ഞല്ലേ രമേ, നീയിങ്ങനെ അതിനെ തല്ലിയാലോ. " വൈകീട്ട് സ്കൂൾ വിട്ട് വന്ന മകളെ പൊതിരെ തല്ലുന്നതും അടികൊണ്ട സ്നേഹയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ട് ഓടിവന്ന സരോജിനി രമയെ ആവും വിധം തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. " അമ്മ മുന്നിൽ നിന്ന് മാറിക്കേ, ഇന്നിവളെ ഞാൻ കൊല്ലും. " എന്നും പറഞ്ഞ് രമ മകളെ വീണ്ടും തല്ലാൻ കൈ ഓങ്ങുമ്പോൾ അവളിൽ നിന്നും രക്ഷിക്കാനെന്നോണം സ്നേഹയെ പിന്നിലേക്ക് ചേർത്തു നിർത്തി സരോജിനി. " നിനക്കെന്താ പ്രാന്തായോ രമേ, ഈ പെണ്ണിനെ ങ്ങനെ തല്ലിചതയ്ക്കാൻ. " " അതെ എനിക്ക് പ്രാന്താ.... ഒന്നല്ലേ ഉളളൂ എന്ന് കരുതി ഓരോന്ന് ചെയ്ത് കൊടുക്കുമ്പോൾ പെണ്ണിന് ഓരോ പൂതി. രാവിലെ സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇവിടെ നിന്ന് പോകുന്നുണ്ടെന്ന് മാത്രേ അറിയൂ..

അവിടെ എത്തുന്നുണ്ടോ എന്ന് അറിയില്ലല്ലോ. ഇന്നിപ്പോ ഇവളുടെ ടീച്ചർ വിളിച്ചപ്പോഴാ അറിയുന്നത് നാല് ദിവസമായി ഇവള് സ്കൂളിൽ ചെന്നിട്ടില്ല. " അതും പറഞ്ഞവൾ അമ്മയുടെ പിന്നിൽ നിൽക്കുന്ന സ്നേഹയുടെ കയ്യിൽ പിടിച്ചു ശക്തിയായി മുന്നോട്ട് വലിച്ചു. അവളുടെ ആ വാക്കിന് മുന്നിൽ ഒരു നിമിഷം ഞെട്ടിയ അമ്മയ്ക്ക് തടുക്കാൻ കഴിയുംമുന്നേ സ്നേഹയുടെ കയ്യിൽ വീണ്ടും അടി വീണിരുന്നു. " പറയടി, ഈ നാല് ദിവസം എവിടായിരുന്നെടി നീ? പറഞ്ഞോ ഇല്ലെങ്കിൽ നിന്നെ ഇവിടെ ഇട്ട് ഞാൻ തല്ലികൊല്ലും. " രോഷം അടക്കാൻ കഴിയാതെ രമ സ്നേഹയുടെ തോളിൽ പിടിച്ചുലയ്ക്കുമ്പോൾ അത് വരെ മിണ്ടാതിരുന്ന സ്നേഹ രമയുടെ കൈ തട്ടിമാറ്റി മുഖം കോട്ടി. " അമ്മയ്ക്കിപ്പോ എന്താ അറിയേണ്ടത്. ഞാൻ എവിടായിരുന്നു എന്നല്ലേ. എനിക്ക് ഇഷ്ടപ്പെട്ടവന്റെ കൂടെ ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ എല്ലാം പോയി.

ന്തേ, സന്തോഷമായോ? " അവളുടെ ഒട്ടും കൂസാതെ ഉള്ള വാക്ക് കേട്ടപ്പോൾ സഹിക്കാൻ കഴിയാതെ രമ വീണ്ടും തല്ലാൻ കൈ ഓങ്ങിയെങ്കിലും അതിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് സ്നേഹ ആക്രോശിച്ചു, " ഇനി എന്നെ തല്ലരുത്. എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെ എവിടെ പോകാനും ആരുടേം അനുവാദം വേണ്ട എനിക്ക്. അല്ലെങ്കി തന്നെ നിങ്ങൾക്ക് എന്നെ തല്ലാൻ മാത്രം ന്ത്‌ യോഗ്യതയാണ് ഉള്ളത്. എന്നെ പ്രസവിച്ചത് നിങ്ങളൊന്നും അല്ലല്ലോ. എന്റെ അമ്മ പോവാൻ വേണ്ടി കാത്തിരുന്ന ആളല്ലേ നിങ്ങൾ ഇങ്ങോട്ട് വലിഞ്ഞുകേറി വരാൻ. എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മുന്നിൽ നിങ്ങടെ മുഖം ആയത് കൊണ്ട് അമ്മയാണെന്ന് കരുതി, പിന്നെ എല്ലാം അറിഞ്ഞപ്പോൾ നിങ്ങളോട് എനിക്ക് പുച്ഛമാണ് തോന്നിയത്. നിങ്ങളൊക്കെ കൂടി എന്റെ അമ്മയെ കൊന്നതാ, എന്നിട്ടിപ്പോ ഒരു അമ്മ ചമയൽ. നിങ്ങളെന്റെ അച്ഛന്റെ ഭാര്യ ആയിരിക്കാം, പക്ഷേ, ഞാൻ നിങ്ങളെ ഈ വീട്ടിലെ വേലക്കാരിയായെ കണ്ടിട്ടുള്ളൂ. അതിനപ്പുറത്തേക്ക് എന്റെ മെല് അധികാരം കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ................

" സ്നേഹ ഒരു താക്കീത് പോലെ രമയ്ക്ക് നേരേ വിരൽ ചൂണ്ടി വിറയ്ക്കുമ്പോൾ രമ ഒരക്ഷരം മിണ്ടാൻ കഴിയാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു. " എന്തൊക്കെയാ മോളെ നീ ഈ പറയണത്. ആരോടാ നീ ഇങ്ങനൊക്കെ പറയാണതെന്ന് വല്ല ബോധോം ണ്ടോ " സരോജിനി ഒരു താക്കീതെന്നോണം സ്നേഹയുടെ കയ്യിൽ പിടിക്കുമ്പോൾ അവൾ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു " എനിക്കറിയാം അമ്മമ്മേ, ഇവരെ കുറിച്ചിനി കൂടുതൽ ആരും ന്നേ പടിപ്പിക്കേണ്ട, എന്റെ അമ്മയുടെ സ്ഥാനം തട്ടിയെടുക്കാൻ തക്കം പാർത്തിരുന്ന പൂതനയാണ് എനിക്കിവർ. " അതും പറഞ്ഞവൾ അമ്മമ്മയുടെ കയ്യിൽ നിന്ന് സ്വന്തം കൈ വലിച്ചെടുത്തുകൊണ്ട് ദേഷ്യത്തോടെ അകത്തേക്ക് നടന്നു. അവളുടെ ആ പോക്ക് നോക്കി നിന്ന സരോജിനി നിർവികാരതയോടെ നിൽക്കുന്ന രമയുടെ തോളിൽ പതിയെ തൊട്ടു, " മോളിത് കാര്യാക്കണ്ട, അവള് ചെറിയ കുട്ടി അല്ലേ. പിന്നെ ആരേലും ന്തേലും പറഞ്ഞ്കൊടുത്തിട്ടുണ്ടാകും,

നമ്മുടെ നാട്ടുകാരും ബന്ധുക്കളും അല്ലേ. അതും കേട്ടുള്ള ചാട്ടമാ ഇത്. പിന്നെ പെട്ടന്നുള്ള നിന്റ ഈ പെരുമാറ്റം കൂടി ആയപ്പോൾ... സാരമില്ല. എല്ലാം ഒന്ന് ആറിത്തണുക്കുമ്പോൾ ഒക്കെ ശരിയാകും. നീ വിഷമിക്കണ്ട " സരോജിനി ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും രമയുടെ ഉള്ള് വിങ്ങുകയായിരുന്നു. " എന്നാലും അമ്മേ, അവളുടെ അമ്മ മരിക്കാൻ കാരണം ഞാൻ ആണെന്ന് പറഞ്ഞപ്പോൾ.... അമ്മയ്ക്ക് അറിയാലോ എല്ലാം. സുകന്യയും ഞാനും എങ്ങനെ ആയിരുന്നു എന്ന്. അവസാനം അവൾ മരിക്കുമ്പോൾ പറഞ്ഞ വാക്കേ ഞാൻ ഇപ്പോഴും പാലിക്കുന്നുള്ളൂ. പെറ്റമ്മ ആവാൻ കഴിയില്ലെങ്കിലും അവൾക്കൊരു അമ്മയുടെ കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ? ന്റെ വയറ്റിൽ പിറന്നില്ലന്നെ ഉളളൂ, അവളെ ഞാൻസ്വന്തം മോളായല്ലേ നോക്കുന്നത്. അങ്ങനെ ഉള്ള മകൾ ഇങ്ങനെ ഒക്കെ ചെയ്തെന്ന് അറിയുമ്പോൾ ഏതൊരമ്മയ്ക്കും പെട്ടന്ന് ഉണ്ടാകുന്ന ദേഷ്യവും സങ്കടവും എനിക്കും ഉണ്ടായി. സ്വന്തം മകൾ വഴിതെറ്റിപോകുന്നത് ഒരമ്മയ്ക്ക് സഹിക്കോ.

ആ ദേഷ്യത്തിൽ തള്ളിപ്പോയി, പക്ഷേ.... അവളുടെ മനസ്സിൽ ഞാൻ വെറും വേലക്കാരി ആയിരുന്നെന്ന്... ഞാൻ വെറും വേലക്കാരി ആണ് അമ്മേ.... " അതും പറഞ്ഞവൾ പുഞ്ചിരിയ്ക്കാൻ ശ്രമിക്കുമ്പോൾ കണ്ണുകൾ ധാരയായൊഴുകുന്നുണ്ടായിരുന്നു. പിന്നീട് വീട്ടിലെ ഓരോ പണികളും ചെയ്യുന്നത് യാന്ത്രികമായിരുന്നു. ഓരോന്ന് ചെയ്യുന്നുണ്ടെന്ന് അല്ലാതെ മനസ്സ് രമയിൽ നിന്ന് കൈവിട്ടിരുന്നു. " നിങ്ങളെനിക്ക് വെറും വേലക്കാരി ആണെന്ന് വാക്കുകൾ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്നുവരെ ഒരു വാക്ക് കൊണ്ട് പോലും അവളെ നോവിച്ചിട്ടില്ല. സുകന്യയുടെ അവസാനവാക്ക് മാത്രം ആയിരുന്നു മനസ്സിൽ. ഒരമ്മയുടെ കുറവ് അറിയിച്ചിട്ടില്ല. പക്ഷേ, അവളുടെ മനസ്സിൽ അമ്മ ഒരു കുറവ് ആണെന്ന് ഇന്നറിഞ്ഞു. എത്രയൊക്കെ ശ്രമിച്ചാലും അവൾക്കൊരു അമ്മയായി മാറാൻ തനിക്ക് കഴിയില്ലെന്ന് രമയ്ക്ക് മനസ്സിലായി. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോലും റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല സ്നേഹ.

ആരോടൊക്കെയോ ഉള്ള വാശി അവൾ തീർത്തത് സ്വന്തം റൂമിലെ ഓരോ സാധനങ്ങളിലും ആയിരുന്നു. റൂമിലുള്ളതെല്ലാം വലിച്ചുവാരി നിലത്തിട്ടു. ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ ചെയ്തു. അമ്മയുടെ നിറം മങ്ങിയ ചിത്രത്തിലേക്ക് നോക്കിക്കോ ഒരുപാട് നേരം ഇരുന്നു, പിന്നെ കുറെ കരഞ്ഞു, അവസാനം തളർന്നുള്ള ഉറക്കം എണീറ്റത് അമ്മമ്മയുടെ വാതിൽ മുടിയുള്ള വിളി കേട്ടായിരുന്നു. " മോളെ, വാതിൽ തുറക്ക്, " അവർ ആവർത്തിച്ചു വാതിലിൽ മുട്ടാൻ തുടങ്ങിയപ്പോൾ ദേഷ്യത്തോടെ സ്നേഹ വാതിൽ തുറന്നു. അവളുടെ മുഖഭാവം കണ്ടപ്പോഴേ സരോജിനിയ്ക്ക് തോന്നി ഉള്ളിലെ തീ അണഞ്ഞിട്ടില്ലെന്ന്. " മോളെ ദേഷ്യവും വാശിയും കാണിക്കാതെ മെല് കഴുകി വാ, ഭക്ഷണം കഴിക്കാം. " അവർ സ്നേഹത്തോടെ അവളുടെ മുടിയിലൊന്ന് തലോടി, പക്ഷേ, സ്നേഹ ഒന്നിനും സമ്മതിക്കാതെ തല വെട്ടിച്ചുകൊണ്ട് " എനിക്കൊന്നും വേണ്ട " എന്നും പറഞ്ഞ് തിരികെ നടക്കാൻ തുടങ്ങിയപ്പോൾ സരോജിനി ആ കയ്യിൽ പിടിച്ചു. "

അമ്മമ്മേടെ മോളല്ലേ, വാ, വന്നു ആഹാരം കഴിക്ക്, ഭക്ഷണത്തോടെ വാശി കാണിച്ചു രാത്രി വയറു വിശന്നു കിടക്കുന്നത് നല്ലതല്ല. ഇങ്ങനെ വാശി കാണിക്കാൻ മാത്രം എന്താപ്പോ ണ്ടായേ, നീ നാല് ദിവസായി സ്കൂളിൽ ചെന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സങ്കടവും ദേഷ്യവും ആണ് മോളോട് അവൾ കാണിച്ചത്. അതിൽ ന്താ മോളെ തെറ്റ്? മോള് ഇവിടെ നിന്ന് പോകുമ്പോൾ സ്കൂളിലേക്ക് ആണെന്ന് വിശ്വസിച്ചു ഇരിക്കുന്ന വീട്ടിലുള്ളവർ ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഇതൊക്കെ തന്നെ അല്ലേ ചെയ്യുക. മോള് ചെയ്ത തെറ്റ് എന്താണെന്ന് മോള് ചിന്തിച്ചിട്ടുണ്ടോ? പതിനാല് വയസ്സായ ഒരു പെൺകുട്ടി ചെയ്യുന്നതാണോ മോള് ചെയ്തത്? ഏതൊരമ്മയ്ക്കും മക്കളങ്ങനെ ഒക്കെ ചെയ്യുന്നത് സഹിക്കില്ല. അതെ അവളും കാണിച്ചുള്ളൂ. ഒന്നല്ലെങ്കിൽ നിന്നെ വളർത്തി ഇത്രടം വരെ ആക്കിയത് അവളല്ലേ.. പ്രസവിച്ചില്ലെങ്കിലും മോൾടെ അമ്മയല്ലേ അവൾ." അത് മൗനം പാലിച്ച സ്നേഹ അവസാന വാക്ക് പറഞ്ഞപ്പോൾ അമ്മമ്മയെ കൈ ഉയർത്തി തടഞ്ഞു, " ഇനി അത് മാത്രം പറയരുത് എന്നോട്. അവരെന്റെ അമ്മയല്ല.. ഒരിക്കലും അവർക്കത്തിന് കഴിയില്ല.. പൂതനയാണവർ. എന്റെയും അമ്മയുടെയും ജീവിതത്തിൽ നാശം വിതയ്ക്കാൻ വന്ന പൂതന " ( തുടരും ).

Share this story