സ്‌നേഹത്തോടെ: ഭാഗം 10

snehathode

രചന: മഹാദേവൻ

" മോനെ ഹരിയേട്ടാ..... ഇതാണ് സുകന്യ . എന്റെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാള്. " അവൻ പതിയെ തലയാട്ടികൊണ്ട് ചിരിയോടെ അവൾക്ക് നേരേ കൈ നീട്ടിയപ്പോൾ സുകന്യ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ രമയെ ഒന്ന് നോക്കിക്കൊണ്ട് തിരികെ ഹരിക്ക് നേരെയും കൈ നീട്ടി ഇനി മുതൽ പരസ്പ്പരം ചേർത്തുവെക്കാനുള്ളതാണ് ആ കൈകൾ എന്നറിയാതെ ! ----- ----- ------ -------- ------- ------- ------- ----- ----- അതായിരുന്നു തുടക്കം. പിന്നെ പലപ്പോഴും അവർ കാണാൻ തുടങ്ങി. നിന്റ അച്ഛനെ കുറിച്ച് രമയ്ക്ക് നല്ലപ്പോലെ അറിയാവുന്നതുകൊണ്ട് തന്നെ അവളും ആ ഇഷ്ടങ്ങൾക്ക് സപ്പോർട്ട് ആയിരുന്നു. അന്നൊക്കെ രമ ഇവിടെ വരുമ്പോൾ അവൾ കളിയെന്നോണം പറയുമായിരുന്നു " എന്റെ അമ്മായി, മുറപ്പെണ്ണിനെ പോലും ഇപ്പോൾ ഇവിടെ ഒരാൾക്ക് ഓർമ്മല്യന്നേ. ഒന്നല്ലെങ്കിൽ ന്റെ സ്ഥാനല്ലേ ഞാൻ വിട്ടുകൊടുക്കുന്നതെന്ന ബഹുമാനം വേണ്ടേ രണ്ടാൾക്കും.. അതുംല്യാ... " അത് കേൾക്കുമ്പോൾ ഞങ്ങളൊക്കെ ചിരിക്കും അന്ന് ങ്ങനെ ഒതുങ്ങി ജീവിക്കുന്ന ഒരു പെണ്ണായിരുന്നില്ല രമ. ഒരുപാട് സംസാരിക്കുന്ന, ചിരിക്കുന്ന, ഒരു പാവം പെണ്ണ്. ഇന്നും അവൾ പാവാ, പക്ഷേ ആ കളിയും ചിരിയും ഒന്നുമില്ലെന്ന് മാത്രം. "

എല്ലാം കേട്ട് ഒരു സ്വപ്നം കാണുന്നപ്പോലെ ഇരിക്കുകയായിരുന്നു സ്നേഹ. ആ ഇഷ്ടം കല്യാണത്തിലെത്തി. സുകന്യ ഈ വീട്ടിലേക്ക് വരുമ്പോൾ അവളെ മണിയറയിലാക്കാൻ കൂടെ രമയും ഉണ്ടായിരുന്നു. സന്തോഷം നിറഞ്ഞ ആ നാളുകളിൽ അതിന്റ മധുരം ഇരട്ടിയാക്കാൻ സുകന്യ ഗർഭിണിയായി. ആ ഇടയ്ക്കാണ് ഹരിയ്ക്ക് ഗൾഫിലേക്ക് പോകേണ്ടി വന്നതും. എനിക്ക് അധികം ഒന്നിനും വയ്യാത്തതുകൊണ്ട് അന്ന് സുകന്യയുടെ കാര്യങ്ങൾ ഒക്കെ നോക്കിയത് രമയാണ്. രാവിലെ വരുന്ന അവൾ എല്ലാം സന്തോഷത്തോടെ ചെയ്തു. ആ ഇടയ്ക്ക് ഹരി പേർസണൽ ലീവ് എടുത്ത് നാട്ടിൽ വന്നിരുന്നു. എട്ട് മാസം തികയുംമുൻപ് തന്നെ അവൾക്ക് പെയിൻ കൂടി ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ വല്ലാത്ത പേടി ഉണ്ടായിരുന്നു. അന്ന് ഹരി വണ്ടി വിളിച്ചു വരുമ്പോൾ കൂടെ രമയും ഉണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തുമ്പോൾ സുകന്യയുടെ നില വഷളായി എന്ന് തന്നെ പറയാ. ഡോക്ടർസ് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ് അവളെ icu. വിലേക്ക് മാറ്റുമ്പോൾ ചങ്കിടിപ്പ് ആയിരുന്നു.

ഓപ്പറേഷൻ ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ ഹരിയുടെ കൈ വിറയ്ക്കുകയായിരുന്നു. അന്ന് അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റുമ്പോൾ അവൾ ആവശ്യപ്പെട്ടത് രമയെയും ഹരിയേയും കാണണമെന്ന് ആയിരുന്നു. അവളുടെ നില അത്ര മോശമാണെന്ന് അറിയുന്ന ഡോക്ടർ ആദ്യമത് നിരസിച്ചെങ്കിലും സുകന്യയുടെ വാശി കൊണ്ട് അവർ സമ്മതിച്ചു. കൂടുതൽ സമയം ചിലവഴിക്കരുതെന്ന് പറഞ്ഞായിരുന്നു രമയെയും ഹരിയേയും അകത്തേക്ക് വിട്ടത്.  " അടുത്തേക്ക് വരുന്ന രമയെയും ഹരിയേയും നോക്കി പുഞ്ചിരിയ്ക്കാൻ ശ്രമിക്കുന്നുണ്ട് സുകന്യ. വരണ്ട ചുണ്ടുകൾ വല്ലാതെ തുടിക്കുന്നുണ്ട്. സുകന്യയുടെ അടുത്തേക്ക് വന്ന രമ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു ഒന്നുമില്ലെന്ന് ആശ്വസിപ്പിക്കുംപോലെ. ഹരിയാണെങ്കിൽ ഒന്നും മിണ്ടാൻ കഴിയാതെ ആ കിടപ്പ് കണ്ട് ഉള്ള് പിടഞ്ഞു നിൽക്കുകയായിരുന്നു. " രമേ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.... മറുത്തൊന്നും പറയരുത്... "

അവൾ എന്താണെന്ന് അറിയാതെ ഹരിയുടെയും സുകന്യയുടെയും മുഖത്തേക്ക് മാറിമാറി നോക്കുമ്പോൾ സുകന്യ രമയുടെ കയ്യിൽ ഒന്നുകൂടി മുറുക്കെ പിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " രമേ, ചിലപ്പോൾ ..... ചിലപ്പോൾ ഞാൻ ഇനി.... എന്തോ, എന്റെ മനസ്സ് അങ്ങനെ പറയുന്നു. അങ്ങനെ സംഭവിച്ചാൽ എന്റെ കുഞ്ഞിന് നീ ഉണ്ടാകണം അമ്മയായി. എന്റെ കുട്ടി അമ്മയില്ലാത്ത കുഞ്ഞായി വളരരുത്. ഇല്ലെന്ന് പറയരുത് രമേ, നിന്റ കൂട്ടുകാരീടെ അവസാനത്തെ ആഗ്രഹമായി കണ്ടെങ്കിലും...... " അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ രമയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു. അവൾ മറുപടി എന്തെങ്കിലും പറയുംമുന്നേ സുകന്യ ഹരിക്ക് നേരേ മുഖം തിരിച്ചിരുന്നു . " ഹരിയേട്ടാ.... ഞാൻ പോയാൽ മ്മടെ കുഞ്ഞിനെ പൊന്ന് പോലെ നോക്കണംട്ടോ. അമ്മയുടെ കുറവ് നിങ്ങൾ കുഞ്ഞിനെ അറിയിക്കരുത്. അമ്മയായി രമയും അച്ഛനായി ഏട്ടനും ഇന്നും അവൾക്ക് ഉണ്ടാകണം. കേട്ടല്ലോ... " അത് പറയുമ്പോഴേക്കും സുകന്യ വല്ലാതെ ക്ഷീണിച്ചിരുന്നു. അവളുടെ അവസ്ഥ അറിയാവുന്ന ഡോക്ടർ രണ്ട് പേരെയും റൂമിന് പുറത്തേക്ക് ആക്കുമ്പോൾ രമ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു സുകന്യയ്ക്ക് ഒന്നും വരുത്തല്ലേ എന്ന്.....

"അന്ന് ആരുടേയും പ്രാർത്ഥന ദൈവം കേട്ടില്ല. ഒരു പെൺകുഞ്ഞിന് ജന്മം നൽകി അവളങ് പോയി. ഞങ്ങൾക്കെല്ലാം അതൊരു ഷോക്ക് ആയിരുന്നു. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ ആയിരുന്നു നിന്റ അമ്മ. അവളെ ദൈവം പെട്ടന്ന് തിരിച്ചെടുത്തപ്പോൾ പകരം നിന്നെ ദൈവം ഞങ്ങള്ക്ക് തന്നു. " അമ്മമ്മ പറയുന്നത് കേട്ട് അതുവരെ ദേഷ്യം കൊണ്ട് വിറച്ചുനിന്ന സ്നേഹയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തന്റെ വളർച്ചയ്ക്ക് പിന്നിൽ എത്രയേറെ കഥകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ ഉള്ളിലും ഒരു നീരുറവ പൊടിയാൻ തുടങ്ങിയിരുന്നു. " അന്ന് മാസം തികയാതെ പ്രസവിച്ചത് കൊണ്ട് തന്നെ നിന്നെക്കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് പോരുന്നത് ഒരു മാസം കഴിഞ്ഞാണ്. ഒരു എലിക്കുഞ്ഞിനോളം മാത്രം ഉണ്ടായിരുന്ന നിന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് നീ ഇപ്പോൾ ശത്രുവായി കാണുന്ന അവളുടെ നെഞ്ചിലെ ചൂട് തന്നായിരുന്നു. ഓരോ രാത്രിയും നിനക്ക് വേണ്ടി ഉറക്കം കളഞ്ഞവൾ. കൂട്ടുകാരിക്ക് കൊടുത്ത വാക്ക് അവൾ പാലിച്ചു ഇത്രയും നാൾ. നിന്നെ ഊട്ടി, ഉറക്കി, താരാട്ട് പാടി, നിനക്കവൾ അമ്മയല്ലെന്ന് ഒരാൾ പോലും പറയാത്തപ്പോലെ അവൾ നിന്നെ വളർത്തി. അന്ന് അവളെ കെട്ടാൻ ഞാൻ കുറെ പറഞ്ഞു നിന്റ അച്ഛനോട്.

പക്ഷേ, നിന്റ അമ്മയുടെ സ്ഥാനത് വേറൊരാൾ വേണ്ടെന്നായിരുന്നു നിന്റ അച്ഛന്റെ തീരുമാനം. രമയോട് പറഞ്ഞപ്പോൾ അവളും അതിന് സമ്മതിച്ചില്ല. ആ ഇടയ്ക്കാണ് രമയുടെ അമ്മ മരിക്കുന്നത്. അമ്മ കൂടി മരിച്ചതോടെ അവിടെ ഒറ്റയ്ക്ക് ആയ അവളെ ഹരി ഇങ്ങോട്ട് കൂട്ടി. അന്നൊക്കെ ഇവളോട് ഹരി പറയുമായിരുന്നു കുഞ്ഞിനെ നോക്കാനായി നിന്റ ജീവിതം കളയേണ്ട എന്ന്. ഒന്ന് രണ്ട് ആലോചനകൾ കൊണ്ടുവന്നതും ആണ്. പക്ഷേ, പറക്കമുറ്റാത്ത കുഞ്ഞിനെ അങ്ങനെ ഇട്ടിട്ട് പോകാൻ അവൾ തയ്യാറായില്ല. നിന്റ അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു ഇവൾക്ക് വലുത്. നീ പറഞ്ഞല്ലോ അവളോട് ഒരു വേലക്കാരിയെ പോലെ ആണെന്ന്. അതെ, അവൾ അതുപോലെ ആണ് ഇവിടെ ജീവിക്കുന്നത്. നിനക്ക് വേണ്ടി മാത്രം. പക്ഷേ നീയോ.... നിന്റ അച്ഛനെ തട്ടിയെടുക്കാൻ നിന്റ അമ്മയെ കൊന്നവളെന്ന് വിളിച്ചു, വേലക്കാരിയാക്കി , എന്തിന് ഇന്നവൾക്ക് നേരേ നീ കാണിച്ചത് എന്താ? ഇത്രയൊക്കെ ചെയ്തിട്ടും അവൾ ഒന്നും ചെയ്യാത്തതും പറയാത്തതും നീ അവളുടെ സ്വന്തം മകളെപ്പോലെ ആയത് കൊണ്ടാണ്. നിന്നെ വേണ്ടെന്ന് വെച്ച് എന്നെ അവൾക്ക് സ്വന്തം ജീവിതം തേടി പോകാമായിരുന്നു. മരിക്കുംമുന്നേ പറഞ്ഞ വാക്കല്ലേ, പാലിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് ചിന്തിക്കാമായിരുന്നു. പക്ഷേ അവളത് ചെയ്തില്ല. പകരം നിന്നെ വളർത്തി ഇങ്ങനെ അവൾക്ക് നേരേ കൈ ഉയർത്താൻ പോന്നവളാക്കി. അതിനെല്ലാം നീ കൊടുത്തു ഇപ്പോൾ അവൾക്ക്. "

അമ്മമ്മ പറഞ്ഞു നിർത്തുമ്പോൾ സ്നേഹ പൊട്ടിക്കരയുകയായിരുന്നു. അതുവരെ അവളിൽ കണ്ട ഭാവമേ അല്ലായിരുന്നു അപ്പൊൾ. " ആരൊക്കെയോ ന്തൊക്കെയോ പറഞ്ഞപ്പോൾ ഞാൻ... എന്റെ ആരുമില്ലാത്ത ഒരാൾ ഇങ്ങനെഒക്കെ പെരുമാറിയപ്പോൾ. എനിക്കറിയില്ലായിരുന്നു അമ്മമ്മേ. ഞാൻ..... പറ്റിപ്പോയി..... എനിക്ക്.... അമ്മയെ... " അവൾ ഏങ്ങലടിച്ചുകൊണ്ട് അമ്മമ്മയെ വട്ടം പിടിക്കുമ്പോൾ അമ്മമ്മ അവളുടെ മുടിയിലൂടെ തലോടി, "നിന്റ തെറ്റ് നിനക്ക് മനസ്സിലായെങ്കിൽ തെറ്റ് ഏറ്റു പറയേണ്ടത് അവളോട് ആണ്. നീ സ്നേഹത്തോടെ അമ്മേ എന്നൊന്ന് വിളിച്ചാൽ മതി. അത്ര മതി അവൾക്ക് എല്ലാം മറക്കാനും പൊറുക്കാനും, കാരണം അവൾ അമ്മയാണ്... നെഞ്ചിലെ ചൂട് തന്ന് വളർത്തിയ നിന്റെ അമ്മ. " അമ്മമ്മ അത് പറയേണ്ട താമസം അവൾ വേഗം രമയുടെ മുറി ലക്ഷ്യമാക്കി ഓടി. അവിടെ എത്തുമ്പോൾ മുറി അടച്ചിട്ട നിലയിൽ ആയിരുന്നു. കുറെ വാതിലിൽ തട്ടി അമ്മേ എന്ന് വിളിച്ചെങ്കിലും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ പരിഭ്രമത്തോടെ സ്നേഹ അമ്മമ്മയെ വിളിച്ചു. പിന്നെ കയ്യിൽ കിട്ടിയ ചിരവ കൊണ്ട് വാതിലിൽ ആഞ്ഞടിച്ചു. ഏറെ നേരത്തെ ശ്രമത്തിൽ വാതിൽ മലർക്കെ തുറക്കുമ്പോൾ ഉള്ളിലെ കാഴ്ച കണ്ട് അവൾ അമ്മേ എന്നുറക്കെ വിളിച്ചുകൊണ്ട് അകത്തേക്കു പാഞ്ഞു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story