സ്‌നേഹത്തോടെ: ഭാഗം 12

snehathode

രചന: മഹാദേവൻ

രമ നിറഞ്ഞ കണ്ണുകൾക്കിടയിലും പുഞ്ചിരിയുടെ നിറം പകരുമ്പോൾ ആ അമ്മയോട് ചെയ്തതും പറഞ്ഞതുമായ എല്ലാത്തിനും മനസ്സാൽ മാപ്പ് പറയുകയായിരുന്നു സ്നേഹ അമ്മ എന്ന വാക്കിന് അമൃതിനോളം മധുരമുണ്ടെന്നു മനസ്സിലാക്കാൻ വൈകിയതിൽ...  രണ്ട് ദിവസത്തിനു ശേഷമാണ് രമയെ റൂമിലേക്ക് മാറ്റിയത്. കൂടെ തന്നെ ഉണ്ടായിരുന്നു സ്നേഹയും അമ്മമ്മയും. മോള് വീട്ടിൽ പോയി വാ എന്ന് അമ്മമ്മ പല വട്ടം പറഞ്ഞെങ്കിലും രമക്കരികിൽ നിന്ന് പോവാൻ അവൾ കൂട്ടാക്കിയില്ല. " അമ്മമ്മ വീട്ടിൽ പോയി വരൂ. ഞാൻ ഇവിടെ ഇരുന്നോളാം " എന്നും പറഞ്ഞവൾ രമയുടെ ബെഡിൽ തന്നെ ഇരിക്കുമ്പോൾ രമയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ഇനി ഒരിക്കലും ഇവളിൽ ഒരു മാറ്റം പ്രതീക്ഷിച്ചതല്ല. മോളോട് മിണ്ടാതെ, ഒന്നും പറയാതെ, അവൾക്ക് ഒരു ശത്രുവായി ജീവിക്കണ്ട എന്ന് കരുതിയാണ് ഇങ്ങനെ ഓക്കെ ചെയ്തത്. പക്ഷേ, ഇപ്പോഴത്തെ അവളുടെ സ്നേഹം കാണുമ്പോൾ ജീവൻ നഷ്ടപ്പെടാതെ തിരിച്ചു തന്നതിന് ദൈവത്തോടു നന്ദി പറഞ്ഞു രമ.

രമയുടെ ആവശ്യങ്ങൾ അറിഞ്ഞ് ഓരോന്നും ശ്രദ്ധയോടെ ചെയ്യുമ്പോൾ അവളിൽ ഇതുവരെ കാണാത്ത ഒരു സന്തോഷം കണ്ടു രമ. കഞ്ഞി കോരി വായിൽ വെച്ചു തരുമ്പോഴും ചുണ്ടുകൾ തുടയ്ച്ചുതരുമ്പോഴും അങ്ങനെ അങ്ങനെ.... ഓരോ പ്രവർത്തിയിലും സ്വന്തം അമ്മയോടെന്നപോലെ ഉള്ള അവളുടെ ശ്രദ്ധ ശരിക്കും അത്ഭുതപ്പെടുത്തി. അന്ന് ഉച്ചയ്ക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ ആയിരുന്നു സ്നേഹ രമയോട് പറയുന്നത് " അച്ഛൻ വരുന്നുണ്ട് " എന്ന്. അത് കേട്ട് കണ്ണ് മിഴിച്ചുള്ള രമയുടെ നോട്ടത്തിൽ ഉണ്ടായിരുന്നു " എല്ലാം അറിഞ്ഞിട്ടാണോ ഈ വരവ് " എന്ന്. അതുകൊണ്ട് തന്നെ സ്നേഹ രമയോട് വിശദമായി പറഞ്ഞു. " അന്ന് രമമ്മ icu. വിൽ കിടക്കുമ്പോൾ അച്ഛൻ വിളിച്ചിരുന്നു രാത്രി. ആ രാത്രി ഞാൻ എല്ലാം അച്ഛയോട് പറഞ്ഞു . എനിക്ക് പറ്റിയ തെറ്റുകളും ഞാൻ കാരണം അമ്മയ്ക്കുണ്ടായ വിഷമങ്ങളും പിന്നെ...... പിന്നെ അമ്മ ഇങ്ങനെ ചെയ്തതും ഒക്കെ.. " സ്നേഹ പറയുന്നതെല്ലാം കേട്ട് ഞെട്ടലോടെ ഇരിക്കുകയായിരുന്നു രമ. എല്ലാം ഹരിയേട്ടൻ അറിഞ്ഞ സ്ഥിതിക്ക് ഒന്നും അറിയാക്കാത്തത്തിനുള്ള വഴക്ക് ആയിരിക്കും ആദ്യം. പിന്നെ ഈ കാണിച്ച മണ്ടത്തരത്തിനും. ഓർക്കുമ്പോൾ അവളുടെ ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നു.

" രമമ്മ പേടിക്കണ്ട. ഞാൻ കാരണം ഇത്രേം അനുഭവിച്ചില്ലേ. അച്ഛ വരുമ്പോൾ എന്നെ ന്തോ പറഞ്ഞോട്ടെ.. പക്ഷേ, രമമ്മയെ അച്ഛൻ ഒന്നും പറയില്ല. ഞാൻ തെറ്റ് ചെയ്ത തെറ്റാണ് രമമ്മയെ ഇതുവരെ എത്തിച്ചത്. അതിനുള്ള എന്ത് ശിക്ഷ അച്ഛൻ തന്നാലും ഞാൻ സ്വീകരിക്കും. " അത് പറയുമ്പോൾ സ്നേഹയുടെ കണ്ണുകൾ നിറഞ്ഞു. കേട്ടിരുന്ന രമയുടെയും. വീട്ടിൽ പോയ അമ്മമ്മ വരുമ്പോൾ ഏറെ വൈകിയിരുന്നു. രണ്ട് പേർക്കും ഉള്ള ഭക്ഷണവും ഡ്രെസ്സും എല്ലാം കരുതിയിരുന്നത് കൊണ്ട് രണ്ട് ദിവസത്തെ ഒരേ ഇരിപ്പും മുഷിപ്പും ഒന്ന് മാറാൻ ബാത്‌റൂമിലേക്ക് കയറി സ്നേഹ. കുളിച്ചു ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ രണ്ട് പേർക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തുവെച്ചിരുന്നു അമ്മമ്മ. " മോള് ഭക്ഷണം കഴിക്ക് " എന്നും പറഞ്ഞ് അവൾക്ക് മുന്നിലേക്ക് ഒരു പ്ലെയ്റ്റ് നീട്ടിയപ്പോൾ സ്നേഹ അത് വാങ്ങി. പിന്നെ രമക്കരികിലേക്ക് ഇരുന്നു. " ഞാൻ അമ്മയ്ക്ക് കൊടുത്തോളാ. അമ്മമ്മ കഴിച്ചോളൂ " എന്നും പറഞ്ഞ് ചോറ് കറിയോട് ചേർത്ത് രമയ്ക്ക് നേരേ നീട്ടുമ്പോൾ അവൾ സന്തോഷത്തോടെ വാ തുറന്നു. ആ ചോറിൽ മോളുടെ സ്നേഹമാണ് ഇപ്പോൾ കൂടുതൽ എന്ന് തിരിച്ചറിയുന്ന രമ വിശപ്പ് ഇല്ലെങ്കിലും വാ തുറക്കും.

ചിലപ്പോ ഇനി ഇതുപോലെ ഈ സ്നേഹം അനുഭവിക്കാൻ പറ്റിയില്ലെങ്കിലോ എന്ന പേടിയും അവളിൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് മരുന്നും കൊടുത്ത് സ്നേഹ കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു വാതിലിൽ മുട്ടുന്നത് കേട്ടത്. " അമ്മമ്മേ, നേഴ്‌സ് ആയിരിക്കും, വാതിൽ തുറക്കാമോ " എന്നും ചോദിച്ചുകൊണ്ട് ചോറിലേക്ക് കൈ വെച്ചതേ ഉളളൂ സ്നേഹ. പക്ഷേ വായിലേക്ക് വെക്കും മുന്നേ അമ്മമ്മ തുറന്ന വാതിൽ കടന്ന് അകത്തേക്ക് വന്ന ആളെ കണ്ട സ്നേഹ പെട്ടന്നുള്ള ഞെട്ടലോടെ ഇരുന്നിടത്ത്‌ നിന്ന് എഴുനേറ്റു " അച്ഛൻ.. ! " അവളിൽ ആശ്ചര്യവും ഭയവും നിറഞ്ഞ ഭാവം ഹരി ശ്രദ്ധിച്ചെങ്കിലും അവൻ രമയ്ക്കരികിലേക്ക് ആണ് ആദ്യം പോയത്. മരുന്നിന്റെ ക്ഷീണത്തിൽ മയങ്ങുന്ന രമയെ ഒന്ന് നോക്കി അവൻ. പിന്നെ സ്‌നേഹയെയും. പക്ഷേ, ആ നോട്ടത്തിൽ ദേഷ്യമൊന്നും കാണാത്തത് അവൾക്കൊരു ആശ്വാസം ആയിരുന്നു. " മോള് കഴിക്ക്. കഴിക്കുന്നിടത് നിന്നാണോ എഴുന്നേൽക്കുന്നത്.? " ആ ചോദ്യത്തിൽ ഒരച്ഛന്റെ സ്നേഹവും ശകാരവും കണ്ടു അവൾ. " അമ്മ കഴിച്ചോ " ഹരി അമ്മയ്ക്ക് അരികിൽ കയ്യിലെ ബാഗ് വെച്ച് ഇരിക്കുമ്പോൾ ഉവ്വെന്ന് തലയാട്ടിക്കൊണ്ട് അവന്റെ കയ്യിൽ ഒന്ന് പിടിച്ചു അവർ. " മോന് സുഖമല്ലേ "

അതെ എന്നവൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറയുമ്പോൾ ഭക്ഷണം പാതിയിൽ മതിയാക്കി എഴുന്നേറ്റിരുന്നു സ്നേഹ. ബാക്കി വന്ന ഭക്ഷണം വെസ്റ്റ് കൊട്ടയിൽ ഇട്ട് കൈകഴുകി അച്ഛൻ മുന്നിൽ വന്നു നിൽക്കുമ്പോൾ സ്നേഹയുടെ തല താഴ്ന്നിരുന്നു. അച്ഛന്റെ വഴക്കായിരുന്നു അവൾ പ്രതീക്ഷിച്ചത്. എന്നാൽ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ച് അരികിലേക്ക് ഇരുത്തി ഹരി. " മോളെന്താ ങ്ങനെ പേടിച്ചു നിൽക്കുന്നത്. " എന്നും ചോദിച്ചുകൊണ്ട് അവളുടെ മുടിയിലൂടെ ഒന്ന് തലോടിയപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാം വിഷമവും ഒരു പൊട്ടിക്കരച്ചിലായി ഹരിയെ കെട്ടിപിടിച്ചു സ്നേഹ. " ഞാൻ കാരണ അച്ഛാ രമമ്മ ഇങ്ങനെ കിടക്കണേ... എന്റെ ധിക്കാരവും കുരുത്തക്കേടും കൊണ്ടാണ് എല്ലാം.... എനിക്ക് തെറ്റ് പറ്റിപ്പോയി അച്ഛാ.... " അവൾ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു പൊട്ടിക്കരയുമ്പോൾ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഹരി. " സാരമില്ല മോളെ... കഴിഞ്ഞത് കഴിഞ്ഞില്ലേ. മോൾക്ക് തെറ്റ് മനസ്സിലാക്കി നല്ലത് ചിന്തിക്കാനും തീരുമാനം എടുക്കാനും കഴിഞ്ഞല്ലോ.

അത് മതി. ഒരിക്കൽ പറ്റിയ തെറ്റ് ഇനി ആവർത്തിക്കാതിരുന്നാൽ മതി. തെറ്റിലേക്ക് എത്താൻ എളുപ്പമാണ് മോളെ, എത്തിക്കാൻ ഒരുപാട് ആളുകളും നമുക്ക് ചുറ്റും ഉണ്ടാകും. പക്ഷേ, ആ തെറ്റിൽ നിന്ന് ഒന്ന് കര കയറാൻ പിന്നെ പ്രയാസപ്പെടും. ആ സമയത്ത് സഹായിക്കാൻ ആയിരിക്കില്ല, തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വലിച്ചിടാൻ ആയിരിക്കും ആളുകൾ ശ്രമിക്കുക. പിന്നെ വീട്ടിലുള്ളവർ പറയുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതും ധിക്കരിക്കുന്നതും ഈ പ്രായത്തിന്റെ പക്വത ഇല്ലായ്‌മയാണ്. എല്ലാം തികഞ്ഞെന്ന് ധരിക്കുന്നിടത്താണ് മക്കള് തോറ്റു പോകുന്നത്. ദിനം പ്രതി ഓരോ വാർത്തകൾ കേട്ടിട്ട് പോലും പിന്നെയും കുട്ടികൾ അതുപോലെ ഉള്ള അപകടങ്ങളിൽ ചെന്ന് ചാടുന്നതും ഈ പക്വത കുറവും എന്നാൽ എല്ലാം ഞങ്ങൾക്ക് അറിയാം എന്നുള്ള അഹങ്കാരവും കൊണ്ടാണ്. ഇതൊക്കെ ചെയ്യുമ്പോൾ വീട്ടിലുള്ളവർ എത്ര തീ തിന്നുന്നു എന്നോർത്തിട്ടുണ്ടോ. ഓർക്കില്ല. അതിനു മക്കൾക്ക് സമയം ഇല്ല, കാരണം നിങ്ങൾ തെറ്റുകളിലേക്ക് വശീകരിക്കപ്പെടുന്ന സമയമാകും അത്. ആ തെറ്റ് ആയിരിക്കും അപ്പോൾ നിങ്ങൾക്ക് ശരി,

അപകടത്തിൽ ചെന്ന് ചാടുന്ന നിമിഷം വരെ. " ഹരി പറയുന്നതെല്ലാം കേൾക്കുമ്പോൾ സ്നേഹയുടെ കണ്ണുകൾ ധാരധാരയായി ഒഴുകുകയായിരുന്നു. " സ്വന്തം വയറ്റിൽ പിറന്ന കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നുകളയുന്ന ഈ നാട്ടിൽ ഇവളുടെ വയറ്റിൽ പിറന്നത് അല്ലാഞ്ഞിട്ടും അതുപോലെ നോക്കുന്ന ഒരമ്മയെ കിട്ടിയ നിന്നെപ്പോലെ ഭാഗ്യം കിട്ടിയ വേറൊരാൾ ഉണ്ടാകില്ല മോളെ. നീ ക്ഷമ ചോദിക്കേണ്ടതും ക്ഷമിക്കേണ്ടതും അവളാണ്. ഞാൻ അല്ല. എന്നേക്കാൾ കൂടുതൽ നിന്നെ അറിഞ്ഞതും അരികിൽ ചേർത്തുപിടിച്ചതും അവളല്ലേ. " അച്ഛൻ പറഞ്ഞതെല്ലാം ഉള്ളിൽ തറച്ചെങ്കിലും മറുപടി ഒന്നും പറയാതെ അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നു സ്നേഹ. എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല. ഇടയ്ക് രമ കണ്ണ് തുറക്കുമ്പോൾ മുന്നിൽ ഹരി ഇരിക്കുന്നത് കണ്ടു എഴുനേൽക്കാൻ തുടങ്ങുമ്പോൾ " വേണ്ട, കിടന്നോ " എന്ന് അച്ഛൻ പറയുന്നത് കേട്ടാണ് സ്നേഹയും അച്ഛന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റത്. " ഹരിയേട്ടൻ എപ്പോ വന്നു. " " ഞാൻ വന്നിട്ട് കുറച്ചു നേരായി. ന്നാലും നീ ഇങ്ങനെ ഒക്കെ കാണിക്കുമെന്ന് കരുതിയില്ല. " അവന് മറുപടി എന്നോണം അവൾ പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. എല്ലാ ഉത്തരവും അതിൽ ഒതുക്കാൻ ആയിരുന്നു അവൾക്ക് താല്പര്യം.

ഒരാഴ്ച കഴിഞ്ഞപ്പോൾ രമയെ ഡിസ്ചാർജ് ചെയ്തു. ഹരി വന്നത് കൊണ്ട് തന്നെ സ്നേഹയുടെ റൂമിൽ ആയിരുന്നു രമ. എല്ലാം കലങ്ങിതെളിഞ്ഞതിന്റെ ആകാം രമയിൽ ഇതുവരെ കാണാത്ത സന്തോഷം ആയിരുന്നു അന്ന്. അതുപോലെ സ്നേഹയിലും. പക്ഷേ ആ സന്തോഷങ്ങളെ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ആയിരുന്നു ആ രാത്രി സ്നേഹയുടെ ഫോണിലേക്ക് ആ കാൾ വന്നത്. നമ്പർ അഭിയുടെ ആണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം കാൾ കട്ട് ചെയ്തു. പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് വാട്സപ്പിൽ വന്നപ്പോൾ മടിച്ചു മടിച്ചായിരുന്നു അവൾ അത് ഓപ്പൺ ചെയ്തത്. അതിൽ അവൻ അയച്ച വീഡിയോ ഡൗൺലോഡ് ചെയ്ത അവൾ ഞെട്ടലോടെ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു. അതിൽ അപ്പോഴും ഓടുന്നുണ്ടായിരുന്നു ആ മൂന്ന് മിനുറ്റ് ഉള്ള ആ വീഡിയോ. അതിൽ അന്നാ കാടിനുള്ളിലെ വീട്ടിൽ അടച്ച മുറിയിൽ ഡ്രസ്സ്‌ മാറുന്ന പാതി നഗ്നയായ അവളും......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story