സ്‌നേഹത്തോടെ: ഭാഗം 13

snehathode

രചന: മഹാദേവൻ

നമ്പർ അഭിയുടെ ആണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം കാൾ കട്ട് ചെയ്തു. പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് വാട്സപ്പിൽ വന്നപ്പോൾ മടിച്ചു മടിച്ചായിരുന്നു അവൾ അത് ഓപ്പൺ ചെയ്തത്. അതിൽ അവൻ അയച്ച വീഡിയോ ഡൗൺലോഡ് ചെയ്ത അവൾ ഞെട്ടലോടെ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു. അതിൽ അപ്പോഴും ഓടുന്നുണ്ടായിരുന്നു ആ മൂന്ന് മിനുറ്റ് ഉള്ള ആ വീഡിയോ. അതിൽ അന്നാ കാടിനുള്ളിലെ വീട്ടിൽ അടച്ച മുറിയിൽ ഡ്രസ്സ്‌ മാറുന്ന പാതി നഗ്നയായ അവളും. തല കറങ്ങുന്നത് പോലെ തോന്നി സ്നേഹയ്ക്ക്. അവൾ ഒരു ആശ്രയമെന്നോണം ചുവരിലേക്ക് ചാരി നിന്നു. ഒരിക്കൽ കൂടി ഫോണിലേക്ക് നോക്കാൻ ശക്തിയില്ലായിരുന്നു അവൾക്ക്. അതിൽ തന്റെ അർദ്ധനഗ്നമായ ശരീരമാണ്. അവൾ വേഗം ഫോൺ ഓഫ്‌ ചെയ്ത് നെഞ്ചോടടക്കി പിടിച്ചു. അഭി തന്നോടിങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു സ്നേഹയ്ക്ക്. നല്ല ഒരു കൂട്ടുകാരൻ ആയാണ് കണ്ടതും സംസാരിച്ചതും ഇടപഴകിയതും. പക്ഷേ അവനിൽ നിന്ന് ഇങ്ങനെ ഒരു ചതി........

അവൾ ശരീരം തളരുന്നപ്പോലെ തോന്നിയപ്പോൾ ചുവർ ചാരി നിലത്തേക്ക് ഊർന്നിരുന്നു. അപ്പോഴായിരുന്നു വീണ്ടും ഫോൺ ശബ്‌ദിച്ചുതുടങ്ങിയത്. അഭിയാണ് വീണ്ടും വിളിക്കുന്നത്. അവൾ ആകെ വിയർക്കാനും വിറയ്ക്കാനും തുടങ്ങി. പെട്ടന്ന് തന്നെ ആ കാൾ കട്ട്‌ ചെയ്യുമ്പോൾ അവന്റെ അടുത്ത മെസ്സേജ് വാട്സ്സ്പ്പിൽ വന്നിരുന്നു. അവൾ വിറയ്ക്കുന്ന കൈകളോടെ മടിച്ചു മടിച്ച് അത് ഓപ്പൺ ചെയ്തു. " എനിക്കറിയാം ഇനി നീ കാൾ എടുക്കില്ലെന്ന്. പക്ഷേ, നീ എടുക്കും. എടുത്തില്ലെങ്കിൽ നാളെ നിന്റ ഈ ഒറിജിനൽ ശരീരത്തോടൊപ്പം ഇച്ചിരി ഡ്യൂപ്ലിക്കേറ്റ് കൂടി ഞാൻ കുത്തിക്കേറ്റും, എന്നിട്ട് ഈ ലോകത്തെ അത് കാണിക്കും. അത് വേണ്ടെങ്കിൽ, ഞാൻ വിളിയ്ക്കുമ്പോൾ ഫോൺ എടുക്കണം, എന്നിട്ട് ഞാൻ പറയുന്ന സ്ഥലത്തേക്ക് വരണം. ഇതൊക്കെ പറയുമ്പോൾ നീ കരുതും ഞാൻ ഒരു ദുഷ്ടൻ ആണെന്ന്. ഒരിക്കലുമല്ല , നിന്നോട് എനിക്ക് സ്നേഹം മാത്രേ ഉള്ളൂ. അടങ്ങാത്ത സ്നേഹം. " അവന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ കനലായ് പതിഞ്ഞു.

അവന്റെ ഉദ്ദേശം എന്താണെന്ന് ആ വാക്കുകളിൽ നിന്ന് അവൾക്ക് മനസ്സിലായിരുന്നു. പക്ഷേ,...... വീടും അവന്റെ കാൾ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ അവൾ വേഗം കാൾ അറ്റന്റ് ചെയ്തു. "ആഹ്.. അപ്പോൾ പേടി ഉണ്ടല്ലേ. എനിക്കറിയാം ഇനി നിനക്ക് ഫോൺ എടുക്കാതിരിക്കാൻ കഴിയില്ലെന്ന്. " അവന്റെ വശ്യത നിറഞ്ഞ സംസാരം ആ നിമിഷത്തിൽ അവൾക്ക് വെറുപ്പാണ് തോന്നിയത്. " നിന്റ ഉദ്ദേശം നടക്കില്ലടാ. ഞാൻ ഇത് പോലീസ് കംപ്ലയിന്റ് ചെയ്യും. ബാക്കി അവർ നോക്കിക്കൊള്ളും. നീ ചെയ്ത ഈ കൊല്ലരുതായ്മ്മക്ക് എല്ലാം മറുപടി നിനക്ക് ഞാൻ തരും. ദുഷ്ട്ട.... " അവൾ ഫോണിലൂടെ അവന് നേരേ ആക്രോശിക്കുമ്പോൾ അവൻ ചിരിക്കുകയായിരുന്നു. " എന്നാ മോള് പോയി കംപ്ലയിന്റ് ചെയ്യ്. എന്നിട്ട് എന്നെ പിടിച്ചു മൂക്കിൽ കേറ്റ്. അല്ലെങ്കിലും നീ അതൊക്കെ ചെയ്യുമെന്ന് എനിക്ക് അറിയാം. വാശിയുള്ള കുട്ടി അല്ലേ നീ. പക്ഷേ, മോള് ഒന്നോർത്തോ... ഞാൻ പെട്ടാൽ നീ ഈ ലോകത്ത് ഒരു വാർത്ത ആകും. കിളുന്ത്പെണ്ണിന്റ ശരീരം അല്ലേ. കാഴ്ചക്കാർ കൂടും . പിന്നെ പോലീസ് അതൊക്കെ എടുത്ത് കളയുമ്പോഴേക്ക് മോള് നാട്ടിൽ ഫെയ്മസ് ആകും. അല്ലെങ്കി ഞാൻ ആകും. ഇനി നിനക്ക് തീരുമാനിക്കാം എന്നെ പെടുത്താമോ അതോ ഞാൻ പറയുന്നിടത് വരണോ എന്ന്. നല്ലോണം ആലോചിച്ചു പറഞ്ഞാൽ മതി. "

അവൻ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തപ്പോൾ സ്നേഹ മരവിപ്പോടെ കണ്ണുകൾ പൊത്തി പൊട്ടിക്കരഞ്ഞു. " മോളെ..... " അമ്മമ്മ തന്നെ കാണാത്തത് കൊണ്ട് വിളിക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം ഫോണിൽ നിന്ന് അഭി അയച്ച ആ വീഡിയോ ഡിലീറ്റ് ചെയ്ത് എഴുനേറ്റ് ബാത്റൂമിലേക്ക് ഓടി. മുഖം കഴുകി ഒന്ന് ഫ്രഷ് ആയി വേഗം പുറത്തേക്ക് ഇറങ്ങുമ്പോൾ അവളെ അന്വേഷിച്ചു കൊണ്ട് അമ്മമ്മയും അവിടെ എത്തിയിരുന്നു. " എത്ര വിളിയായി വിളിക്കുന്നു നിന്നെ. ചെവി കേൾക്കാതായോ നിനക്ക്. വിളിച്ചു വിളിച്ചു മനുഷ്യന്റെ വായിലെ വെള്ളം വറ്റി. " അമ്മമ്മ ഇച്ചിരി ഗൗരവത്തിൽ ആണെന്ന് മനസ്സിലായപ്പോൾ ഉള്ളിലെ നീറ്റൽ ഒന്നും പുറത്ത് കാണിക്കാതെ അവൾ ചിരിച്ചു. " നിന്നെ എത്ര നേരമായി അച്ഛൻ അന്വേഷിക്കുന്നു. പുറത്ത് പോകാൻ aആണെന്ന് തോനുന്നു. " അച്ഛൻ പുറത്ത് കൊണ്ടുപോകുന്നത് എന്തെങ്കിലും വാങ്ങിത്തരാൻ ആണ്. പക്ഷേ, സ്നേഹയ്ക്ക് ഇപ്പോൾ പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു. മനസ്സിനുളിൽ ഒരു വലിയ തീകുണ്ഡം ആണ് എരിയുന്നത്. അത് ആളിക്കത്തിപടരുമ്പോൾ അച്ഛനൊപ്പം ചിരിക്കാനോ സന്തോഷിക്കാനോ കഴിയാതെ പോയാൽ ശരിയാകില്ല എന്നറിയാവുന്നത് കൊണ്ട് അവൾ അമ്മമ്മയോട് ഒന്നും പറയാതെ ഉമ്മറത്തേക്ക് നടന്നു. 

സ്നേഹ വരുന്നതും നോക്കി കാത്തുനില്ക്കുകയായിരുന്നു ഹരി. കൂടെ രമയും. അവളെയും അമ്മയെയും കൂടെ വിളിച്ചതാണ്. പക്ഷേ, ക്ഷീണം മാറാത്തത് കൊണ്ട് രമ ഇല്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. അവൾ ഇല്ലെന്ന് പറഞ്ഞപ്പോൾ രമയെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാൻ മടിയുള്ളത് കൊണ്ട് " നീയും മോള് പോയി വാ, ഞങ്ങളിവിടെ നിന്നോളാ " എന്നും പറഞ്ഞ് അമ്മയും ഒഴിവായി. " ഇവളിത് എവിടെ പോയി കിടക്കുവാ. "! ഹരി അക്ഷമയോടെ നോക്കുമ്പോൾ രമ പുഞ്ചിരിച്ചു. " അവൾ വരും ഹരിയേട്ടാ. " അത് കേട്ടപ്പോൾ അവനും ഒന്ന് പുഞ്ചിരിച്ചു. " ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ? " ഹരി മുഖവുരയോടെ ചോദിക്കുമ്പോൾ അവൾ എന്താണെന്ന അർത്ഥത്തിൽ അവൻ ഒന്ന് മടിച്ചാണ് ചോദിച്ചത്. " അന്ന് സ്നേഹമോൾ അവൾക്ക് സംഭവിച്ച ഒരു തെറ്റിനെ കുറിച്ച് എന്നോട് പറഞ്ഞ് കരഞ്ഞു. അന്ന് അവൾ കൂട്ടുകാരനോടൊപ്പം ക്ലാസ്സ്‌ കട്ട് ചെയ്ത് പോയപ്പോൾ അവളെ ഒരു വലിയ തെറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത് രണ്ട് പേരാണെന്ന് അവൾ പറഞ്ഞു,

അതിൽ ഒരാളുടെ പേര് ശിവൻ എന്നാണ്, മറ്റൊരാൾ അനിരുദ്ധനും. അന്ന് വെറുപ്പോടെ ഓർത്ത പേരാണെങ്കിലും ഇന്നവൾ ബഹുമാനത്തോടെ ഓർക്കുന്ന പേരായത് കൊണ്ട് തന്നെ മറന്നില്ല. അവർ എവിടെ നിന്ന് വന്നെന്ന് അവൾക്ക് അറിയില്ല. പക്ഷേ, അവളാ പേരുകൾ പറഞ്ഞപ്പോൾ എനിക്കൊരു സംശയം. ഞാൻ പല വട്ടം കേട്ടിട്ടുള്ള പേരാണ് അത്. സുകന്യയിൽ നിന്നും പിന്നെ നിന്റ നാവിൽ നിന്നും. വിവാഹത്തിന് മുൻപ് സുകന്യ നിന്റ സൗഹൃദത്തെ പറ്റി പറയുമ്പോൾ ആദ്യം പറയുന്ന പേര് അനിരുദ്ധന്റെ ആയിരുന്നു. ഇത് എന്റെ ഒരു സംശയം മാത്രമാണ്. ആ അനിരുദ്ധൻ തന്നെ ആണോ അന്ന് മോളെ അന്വോഷിച്ചു ചെന്ന അനിരുദ്ധൻ ? !. നീ പറഞ്ഞിട്ടാണോ അവർ സ്നേഹയെ പിന്തുടർന്നതും അന്ന് ആ വലിയ ഒരാപത്തിൽ നിന്നും രക്ഷിച്ചതും !? അവൾ ആദ്യമൊന്ന് മടിച്ചെങ്കിലും പതിയെ അതെ എന്നവൾ തലയാട്ടുമ്പോൾ അവന്റെ കണ്ണിൽ കണ്ടത് സന്തോഷത്തിന്റെ പുഞ്ചിരി ആയിരുന്നു. തന്റെ മകൾക്ക് വേണ്ടി ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരമ്മയെ അവൻ അവളിൽ കാണുകയായിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story