സ്‌നേഹത്തോടെ: ഭാഗം 16

snehathode

രചന: മഹാദേവൻ

അമ്മയുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് ഞെട്ടി. അവളോട് മനസ്സിൽ ഇഷ്ടം ഉണ്ട്. പക്ഷേ, സ്നേഹിക്കുന്ന ഒരാൾ ഇപ്പോഴും ഉള്ളപ്പോൾ.. അനിരുദ്ധൻ മുഖം മനസ്സിലേക്ക് ഓടിക്കയറിയപ്പോൾ മുന്നിൽ അമ്മയുടെ വാക്കുകൾ മനസ്സിനെ പിടിമുറുക്കി... "നീ അമ്മയ്ക്ക് വാക്ക് തരണം. ഒരിക്കലും ആ പെണ്ണിനെ കൈവിടില്ല എന്ന്. " എന്ത് ചെയ്യണമെന്നോ പറയണമെന്നൊ ഹരിക്ക് അറിയില്ലായിരുന്നു. അമ്മയുടെ മനസ്സിൽ അവൾ മോളാണ്. മകന്റെ കുട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച അവൾ ദേവതയാണ്. അവളെ ഒരിക്കലും കൈവിടാൻ അമ്മയുടെ മനസ്സ് സമ്മതിക്കില്ല. മകന്റെ ഭാര്യയായി , പേരമകളുടെ അമ്മയായി, അതിലുപരി സ്വന്തം മോളായി ഈ വീട്ടിൽ തന്നെ വേണമെന്ന ആഗ്രഹത്തിന് പറഞ്ഞു പറ്റില്ലെന്ന് അറുത്തുമുറിച്ചു പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഹരി. തനിക്ക് വേണ്ടിയല്ലന്ന് പറയണമെന്നുണ്ട്. അവളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടെന്ന് അമ്മയെ അറിയിക്കണമെന്നുണ്ട്. പക്ഷേ... "അമ്മേ... ഞാൻ.... അവൾക്ക്..... "

എന്തോ പറയാൻ തുടങ്ങിയ അവനെ അമ്മ സ്നേഹപൂർവ്വം തടഞ്ഞു. "എനിക്കറിയാം നീ എന്താ പറയാൻ തുടങ്ങുന്നതെന്ന്. അവളെ നീ അങ്ങനെ കണ്ടിട്ടില്ല എന്നല്ലേ... എന്നാൽ ഇനി മുതൽ കാണണം. നിന്റ മോൾക്ക് വേണ്ടിയാണ് അവൾ ഇക്കാലമത്രയും ജീവിച്ചത്. ആ പെണ്ണിന് ഇനിയെങ്കിലും സ്വന്തമായൊരു ജീവിതം വേണം. നീ തന്നെ ആകുമ്പോൾ അവൾക്കും എതിർപ്പൊന്നും ഉണ്ടാകില്ല. ഒന്നുമല്ലെങ്കിൽ അമ്മാവന്റെ മോള് അല്ലേ. ഇനി നിനക്ക് അവളോട് സംസാരിക്കാൻ മടിയാണെങ്കിൽ ഞാൻ സംസാരിക്കാം അവളോട്" അമ്മയുടെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായി ഹരിക്ക്. എന്തെങ്കിലും കാരണം പറഞ്ഞ് പിന്മാറാൻ കഴിയില്ലെന്നും. ഇനി ഒരു വഴി മാത്രമേ അവന്റെ മുന്നിൽ തെളിഞ്ഞുള്ളൂ. അമ്മയ്ക്ക് മുന്നിൽ ഇപ്പോൾ എല്ലാം സമ്മതിക്കുക. പിന്നെ സമയംപോലെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക. അല്ലാതെ വഴിയില്ലെന്ന് മനസ്സിലായി ഹരിക്ക്. " നീ ഒന്നും പറഞ്ഞില്ല " അമ്മയുടെ പ്രതീക്ഷയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ ഒരു കള്ളം കൊണ്ട് അമ്മയെ പറ്റിക്കുകയാണല്ലോ എന്ന വേദനയോടെ അവൻ പതിയെ തലയാട്ടിക്കൊണ്ട് എഴുനേറ്റ് അകത്തേക്ക് നടന്നു. 

രാവിലെ ശിവനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു അനി. രമ വിളിച്ചതും മോൾക്ക് ചതി പറ്റിയെന്ന് പറഞ്ഞതും എല്ലാം. നീ ക്ലബ്ബിലേക്ക് വാ എന്നും പറഞ്ഞാണ് ശിവൻ ഫോൺ വെച്ചത്. കുളി കഴിഞ്ഞ് ഡ്രെസ് മാറി കവലയിലെ ഒറ്റമുറിക്ലബ്ബിൽ എത്തുമ്പോൾ ശിവൻ ഉണ്ടായിരുന്നു അവിടെ. " അപ്പൊ നമ്മൾ കരുതിയ പോലെ തന്നെ ആയല്ലേ. " ശിവൻ വരാന്തയിൽ നിന്ന് ഒരു ബീഡി കൊളുത്തുമ്പോൾ അനിരുദ്ധൻ ഉവ്വെന്ന് തലയാട്ടി. " പക്ഷേ, ഇത്രത്തോളം നമ്മളും അന്ന് ചിന്തിച്ചില്ലല്ലോ. പ്രതീക്ഷിക്കേണ്ടതായിരുന്നു. ഇന്ന് നടക്കുന്ന ഭൂരിഭാഗം കേസുകളും ഇതുപോലെ ഉള്ളവ ആയത് കൊണ്ട് ഒന്നുകൂടെ നമ്മൾ കറുതണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ആ നരുന്ത്‌ ചെക്കൻ ഇത്രത്തോളം ഒപ്പിക്കണമെങ്കിൽ അതിന് പിന്നിൽ വേറേം ആളുകൾ ഉണ്ടാകും. ഒന്നല്ലെങ്കിൽ അവിടെ കണ്ട ആ പെണ്ണും കൂടെ ഉള്ളവനും. അല്ലെങ്കിൽ ഇതുപോലെ ട്രാപ്പിൽ പെടുത്തുന്ന മറ്റൊരു ഗ്യാങ്. ഇതുപോലെ എത്ര പെൺകുട്ടികളെ അവന്മാർ പെടുത്തിയിട്ടുണ്ടാകും...

പലരും പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ടാകും. കഞ്ചാവിനും മറ്റ് ലഹരികൾക്കും അടിമപ്പെട്ട് അവസാനം അത് കിട്ടാൻ വേണ്ടി ഇവന്മാർ വിളിക്കാതെ തന്നെ അവരുള്ള സ്ഥലങ്ങളിൽ പോകുന്നവർ തന്നെ ഉണ്ടാകും. ഈ ലോകം അത്ര മോശമാണെന്ന് അറിഞ്ഞിട്ടും, വിവരവും വിദ്യാഭ്യാസവും ഉള്ള ഇക്കാലത്തു ഈ പെൺകുട്ടികൾ പിന്നെയും അവിടെ തന്നെ ചെന്ന് ചാടുന്നത് എങ്ങനെ ആണെന്നാണ് അറിയാത്തത്." അനിരുദ്ധന് രോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു. ഓരോ മക്കളും ങ്ങനെ അപകടങ്ങളിലേക്ക് അറിഞ്ഞുകൊണ്ട് നടന്നുചെല്ലുമ്പോൾ ഇതുപോലെ ഉള്ള നരാധമന്മാർ വളർന്നില്ലെങ്കിലേ ഉളളൂ. പ്രായപൂർത്തിപോലും ആകാത്ത ആൺകുട്ടികൾ ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്. പത്തോ ഇരുപതോ വയസ്സാകുമ്പോഴേക്കും ക്രിമിനൽലിസ്റ്റിൽ പെടുന്ന എത്രയോ ആൺകുട്ടികൾ. ഒന്ന് ജയിലിൽ അടച്ചാൽ പിന്നെ ഇറങ്ങുന്നത് കണ്ടതിനേക്കാൾ വലിയ ക്രിമിനലായി. " എന്റെ അനി നീയിങ്ങനെ ആലോചിച്ചുകൂട്ടിയിട്ട് കാര്യം ഇല്ല. പോലീസിൽ പറഞ്ഞാൽ അവന്മാർ ആ വീഡിയോ ലീക്ക് ആക്കും എന്നല്ലേ പറഞ്ഞത്. അപ്പൊ പിന്നെ പോലീസ് പറ്റില്ല.

ന്നാ പിന്നെ വെറുതെ ഓരോന്ന് ആലോചിച്ചു സമയം കളയാതെ നമുക്ക് ഒന്ന് ഒരുങ്ങിഇറങ്ങിയാലോ. എന്തായാലും നനഞ്ഞു, എന്നാൽ പിന്നെ ഒന്ന് കുളിച്ച്, കൂടെ ആ കുളവും ഒന്ന് കലക്കി ഇടയിൽ കേറി പിടയ്ക്കുന്ന വരാലുകളുടെ വാരിയെല്ല് നോക്കി പൊട്ടിച്ചിട്ട് നമുക്ക് കുളിച്ച് കയറാംന്നേ.. വഴുതിപ്പോണ വരാലിനെ വലയിട്ട് പിടിച്ചാൽ പോരാ , വെട്ടുകത്തികൊണ്ട് ഒന്ന് വരയണം, " അത് പറയുമ്പോൾ ശിവന്റെ മുഖം മുറുകുന്നത് കാണുന്നുണ്ടായിരുന്നു അനിരുദ്ധൻ. "വേണെൽ ആ പുള്ളിയെ കൂടി കൂടെ കൂട്ടാം. ആ ഹരിയെ. സ്വന്തം മോളുടെ കാര്യം ആകുമ്പോൾ അയാൾക്കും ചെയ്യാൻ ഉണ്ടാകും ചിലത്. ഒരച്ഛന്റ വാശിക്ക് വാളിനേക്കാൾ മൂർച്ച ഉണ്ടാകും. " ശിവൻ ബീഡി ഒന്ന് ആഞ്ഞുവലിച്ച് പുക മുകളിലേക്ക് ഊതിക്കൊണ്ട് അനിരുദ്ധനെ നോക്കുമ്പോൾ അത് വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി അനി. " അയാൾ ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതുംകൂടെ അറിഞ്ഞാൽ ചിലപ്പോൾ മനുഷ്യൻ തകർന്നുപോകും. അതുകൊണ്ട് ഇനിയൊരാൾ ഇത് അറിയണ്ട. ഒരാളും..... " അതൊരു ഉറച്ച വാക്കായിരുന്നു. സ്നേഹയെ സമര്ത്ഥമായി കെണിയിൽ പെടുത്തിയവനാൽ പോലും ഇനി ഒരാളും ഇത് അറിയരുത് എന്നുള്ള ഉറച്ച തീരുമാനം. 

" മോളെ അമ്മ പറയുന്നത് മോള് കേൾക്കണം. ഹരിയുടെ ആഗ്രഹം പോലെ മോള് വിവാഹത്തിന് സമ്മതിക്കണം. അവൻ നിനക്ക് അന്യൻ ഒന്നും അല്ലല്ലോ. ഇത്രേം കാലം നീ ഇങ്ങനെ ജീവിച്ചു. ഇനിയത് പോരാ. ഇനി എത്ര നാൾ ഞാൻ ഉണ്ടാകുമെന്ന് അറിയില്ല. അതിന് മുൻപ് നീ സുമംഗലിയായി കാണണം. അമ്മേടെ ആഗ്രഹം ആണ് " പുറത്തെ അരത്തിണ്ണയിൽ ഇരിക്കുന്ന രമയ്ക്കരികിലിരുന്ന് ആ കയ്യിൽ പിടിച്ച് സ്നേഹത്തോടെ അമ്മ പറഞ്ഞത് അവൾ കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. "എനിക്കറിയാം മോൾക്ക് പെട്ടന്ന് ഇത് ഉൾക്കൊള്ളാൻ കഴിയില്ലെന്ന്. എന്നാലും ആലോചിക്ക്. ഹരിക്കും ആഗ്രഹം ഉണ്ട് ഒരു വിവാഹത്തിന്. ഒരാൺതുണ ഉള്ളത് നല്ലതാ മോളെ. ഒറ്റപെട്ട ജീവിതം കുറെ കഴിയുമ്പോൾ മടുക്കും. " അമ്മ അവളുടെ കയ്യിൽ ഒന്ന് തഴുകികൊണ്ട് എഴുനേറ്റു പോകുമ്പോൾ രണ്ട് പേരോടും എന്ത് മറുപടി പറയണമെന്ന് അറിയാതെ കണ്ണുകൾ അടച്ചിരുന്നു രമ. -- ശിവനും അനിരുദ്ധനും അന്ന് പോയ ആ കാടിനുള്ളിലെ വീടിനടുത് എത്തുമ്പോൾ കുറെ ബൈക്കുകൾ ഉണ്ടായിരുന്നു അവിടെ. പാട്ടും കുടിയും കെട്ടിപിടുത്തവുമായി മതിമറന്ന് ആഘോഷിക്കുന്ന നാലഞ്ചു ചെറുപ്പക്കാരും കൂടെ മൂന്ന്നാല് പെൺകുട്ടികളും.

അതിനിടയിൽ ശിവനും അനിരുദ്ധനും തിരഞ്ഞുവന്ന ആ മുഖവും ഉണ്ടായിരുന്നു. മറ്റൊരു പെണ്ണിന്റ ഇടുപ്പിൽ കൈ ചുറ്റി കയ്യിലെ സിഗരറ്റ് അവളുടെ വായിലേക്ക് വെച്ച് അവൾ പുക ഊതിവിടുന്നത് ആസ്വദിക്കുന്ന അഭി. അവർക്ക് മുന്നിലേക്ക് ബൈക്ക് നിർത്തുമ്പോൾ പെട്ടെന്ന് മറ്റു രണ്ടാളെ കണ്ട വെപ്രാളത്തിൽ എല്ലാവരും പാട്ടും ഡാൻസും നിർത്തി. ഒരിക്കൽ വന്നിട്ട് പോയ ആ രണ്ട് മുഖങ്ങൾ കണ്ട അഭിയുടെ മുഖത്തെ പതർച്ച അനിരുദ്ധൻ കണ്ടു. ആദ്യമൊന്ന് പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത അഭി കൂടെ ഉള്ളവരെ വകഞ്ഞുമാറ്റി മുന്നിലേക്ക് വന്നു. " ചേട്ടന്മാര് പിന്നേം രക്ഷകരായിട്ട് ഇറങ്ങിയതാണോ? " അത് കേട്ട് ചിരിയോടെ മുന്നോട്ട് വന്നത് ശിവൻ ആയിരുന്നു. " മോനെ... നശിക്കാൻ ഇറങ്ങിയവളുമാരെ രക്ഷിച്ചിട്ടും കാര്യമില്ലന്നേ.. നിന്നെ പോലെ എത്ര കിട്ടിയാലും പടിക്കൂല. പിന്നെ ഒരു കാര്യം ചെയ്യാം.

നശിപ്പിക്കാൻ നടക്കുന്നവരെ കണ്ട് ഒന്ന് ഉപദേശിക്കാം. പിന്നേം കേട്ടില്ലെങ്കിൽ ഇതുപോലെ ഒരിക്കൽ കൂടെ വരും. പക്ഷേ, പോകുമ്പോൾ വീട്ടിലുള്ള അപ്പന് വായ്ക്കരിയിടാൻ ഒരു പുള്ള കുറയും.. എന്തിനാ മോനെ ഇങ്ങനെ അപ്പന്റെ അവസാന അരി നീ ആയിട്ട് മുടക്കുന്നെ ... അതുകൊണ്ട് നീ ഒരു കാര്യം ചെയ്യ്. അന്ന് നീ സംവിധാനം ചെയ്ത സിനിമയുടെ ഒറിജിനൽ അങ്ങ് കളഞ്ഞേക്ക്. എന്നിട്ട് ഈ കളി അങ്ങ് നിർത്തിയേക്ക്. അമ്മേം പെങ്ങളേം തിരിച്ചറിയാത്തതിന്റ കുഴപ്പം ഉണ്ട് നിനക്ക്. അതിനെ വളർത്തുദോഷം എന്നല്ല പറയുക, മുട്ടില്ലാതെ നക്കാൻ കിട്ടിയപ്പോൾ വറ്റ് എല്ലിന്റെ ഇടയിൽ കേറുക എന്നാണ്. " ശിവൻ ഷർട്ടിന്റെ കൈ ഒന്ന് തെറുത്തു കയറ്റുമ്പോൾ എല്ലാം കണ്ട് ബൈക്കിൽ തന്നെ ചാരി ഇരിക്കുകയായിരുന്നു അനിരുദ്ധൻ. വലിയൊരു പൊട്ടിത്തെറിക്കു മുൻപുള്ള ശാന്തത പോലെ.. !..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story