സ്‌നേഹത്തോടെ: ഭാഗം 17

snehathode

രചന: മഹാദേവൻ

അമ്മേം പെങ്ങളേം തിരിച്ചറിയാത്തതിന്റ കുഴപ്പം ഉണ്ട് നിനക്ക്. അതിനെ വളർത്തുദോഷം എന്നല്ല പറയുക, മുട്ടില്ലാതെ നക്കാൻ കിട്ടിയപ്പോൾ വറ്റ് എല്ലിന്റെ ഇടയിൽ കേറുക എന്നാണ്. " ശിവൻ ഷർട്ടിന്റെ കൈ ഒന്ന് തെറുത്തു കയറ്റുമ്പോൾ എല്ലാം കണ്ട് ബൈക്കിൽ തന്നെ ചാരി ഇരിക്കുകയായിരുന്നു അനിരുദ്ധൻ. വലിയൊരു പൊട്ടിത്തെറിക്കു മുൻപുള്ള ശാന്തത പോലെ.. ! " ദേ, ചേട്ടന്മാര് ഇവിടെ വന്നത് ഷോ ഇറക്കാൻ ആണെങ്കിൽ വന്ന വഴിക്ക് വന്നതിനേക്കാൾ വേഗത്തിൽ പോകുന്നതാണ് നല്ലത്‌. വെറുതെ മണ്ണ് പറ്റാൻ നിൽക്കണ്ട " അഭിയുടെ കൂട്ടത്തിൽ ഒരുത്തൻ താടി തടവിക്കൊണ്ട് മുന്നോട്ട് വന്നപ്പോൾ ശിവൻ ചിരിച്ചു. ഇപ്പോൾ ഊതിവിട്ട നാല് പുകയുടെ ബലത്തിലാണ് മോൻ മുന്നോട്ട് വന്നതെങ്കിൽ ഒരു കൈ അകലം നിന്നോ. ഇച്ചിരി രോമം മുളച്ചാൽ എന്ത് പൊലയാട്ടും കാണിക്കാനുള്ള ലൈസൻസ് ആണെന്ന് കരുതി നീയൊക്കെ കാണിക്കുന്ന തന്തയില്ലായ്മയ്ക്ക് കൂട്ട് ചേർക്കാൻ പാവം പിടിച്ച കുറെ പെൺകുട്ടികളെ കൂടി വഴിച്ചിഴക്കുമ്പോൾ ഓർത്തില്ല അല്ലേ നിന്നേ ഒക്കെ കുന്തിരിക്കം ഇട്ട് പുകയ്ക്കാൻ ആരേലും വരുമെന്ന്?

പണ്ടാരോ പറഞ്ഞപ്പോലെ നിന്റ ഒക്കെ പാവം അപ്പന്മാർ അന്ന് നിനെയൊക്കെ ഉണ്ടാക്കാൻ എടുത്ത സമയം നല്ല രണ്ട് മാവ് വെച്ചിരുന്നെങ്കിൽ ചാവുമ്പോൾ വെട്ടി നെഞ്ചിൽ വെച്ച് ദഹിപ്പിക്കാൻ എങ്കിലും ഉപകരിക്കുമായിരുന്നു. ഇതിപ്പോ മാവിന് പകരം മാങ്ങാണ്ടി മാത്രം ആയതോർത്ത്‌ ദുഃഖിക്കാനല്ലേ അവർക്ക് പറ്റു മക്കളെ. " ശിവൻ ഒന്ന് മീശ തടവി എതിരെ വന്നവന്റ് മുന്നിലോട്ട് നിൽക്കുമ്പോൾ ഒരുവൻ അവനെ നേരേ കയ്യിലെ വടി ആഞ്ഞുവീശി. അത് പ്രതീക്ഷിച്ചപ്പോലെ ശിവൻ അതിൽ നിന്നും ഒഴിഞ്ഞുമാറി അവന്റെ നെഞ്ചുംകൂട് നോക്കി കൈമലർത്തി അടിക്കുമ്പോൾ കൂടെ ഉള്ള മറ്റുള്ളവരും ശിവന് നേരേ വരുന്നുണ്ടായിരുന്നു. അത് വരെ മൗനം പാലിച്ചു നിന്ന അനിരുദ്ധൻ ബൈക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എതിരെ വന്നവർ ശിവന്റെ ചുറ്റും നിരന്നിരുന്നു. ഒരു നിമിഷം..... ശിവന്റെ മുന്നിൽ ഒരു കവചം പോലെ അനി കേറി നിൽക്കുമ്പോൾ അഭിയും കൂടെ ഉള്ളവരും ദൂരേക്ക് നിലംപൊത്തി വീണിരുന്നു. എല്ലാം കണ്ടു വിറങ്ങലിച്ചു നിൽക്കുകയായിയുന്നു

അവിടെ ഉണ്ടായിരുന്ന മറ്റ് പെൺകുട്ടികൾ. അവർ പേടിയോടെ ഒരു മൂലയിലേക്ക് ഒതുങ്ങുമ്പോൾ രണ്ട് മിനുറ്റ് മതിയായിരുന്നു ശിവനും അനിരുദ്ധനും ആ ശുദ്ധികലശത്തിന്. അടി കൊണ്ട് തിണർത്ത മുഖവും ശരീരവുമായി എല്ലാവരും നിലത്തു നിന്ന് എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ അനിരുദ്ധൻ അഭിയുടെ ഷർട്ടിൽ പിടിച്ചു തൂക്കിയെടുത്തു ഭിത്തിയോട് ചേർത്തു. " എവിടെടാ നിന്റയൊക്കെ മറ്റതിന്റെ ഇടയിൽ ക്യാമറ വെച്ച് ഉണ്ടാക്കിയ വീഡിയോ? നിന്റ ഒക്കെ വീട്ടിലും ഇല്ലെടാ പെണ്ണുങ്ങൾ. അവരുടെ ഒക്കെ കുളിയും കിടപ്പും തുടിപ്പുമെല്ലാം ഇതുപോലെ ഒളിച്ചുനിന്ന് ഷൂട്ട് ചെയ്തിട്ടുണ്ടോ നീ? നീയൊക്കെ അല്ലെ. അതും ചെയ്തിട്ടുണ്ടാകും. ഇതൊക്കെ നിന്റ വീട്ടിൽ അറിഞ്ഞാൽ നിന്റ ഒക്കെ മുന്നിൽ വന്നു നിൽക്കാൻ പോലും പേടിക്കും നിന്റയൊക്കെ അമ്മയും പെങ്ങളുണ്ടെങ്കിൽ അവളും. നിന്റ കണ്ണുകൾ തിരയുന്നത് എന്താണെന്ന് അവർക്ക് അറിയില്ലല്ലോ. നീയുള്ള വീട്ടിൽ ഒന്ന് ഉറങ്ങാൻ പോലും മടിക്കും അവർ. കണ്ണടഞ്ഞാൽ നീ അവരുടെയൊക്കെ...... "

വാക്കുകൾ മുഴുവനാക്കാതെ ദേഷ്യത്താൽ തല കുടഞ്ഞു അനിരുദ്ധൻ. " അവന്റെ കണ്ണുകളിലെ തീഷ്ണത കണ്ട് ഭയന്ന് നിൽക്കുകയായിരുന്നു അഭി. " ശിവാ " അനിയുടെ വിളിയിലെ അർത്ഥം മനസ്സിലായപ്പോലെ ശിവൻ വേഗം ആ വീടിന്റ അകത്തേക്ക് കയറി കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചു. പിന്നാലെ അഭിയേയും കൂട്ടി അകത്തേക്ക് വന്ന അനിരുദ്ധന് ക്യാമറ ഇരിക്കുന്ന സ്ഥലവും മറ്റും കാണിച്ചുകൊടുത്തു അഭി. ഇനി ഇതിൽ നീയൊക്കെ എത്ര പേരുടെ പടം പിടിച്ചിട്ടുണ്ടോ അതൊക്കെ എടുക്ക്. ഇതിന്റെ ഒക്കെ കോപ്പി ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അതും. എന്നിട്ട് ഇവിടെ വെച്ച് എല്ലാം നശിപ്പിച്ചിട്ട് ഈ വെടിപ്പുരയ്ക്ക് തീയും കൊളുത്തിയിട്ട് പുറത്തേക്ക് ഇറങ്ങിയാൽ മതി നീ. അതല്ല, കിട്ടിയ ബോണസ്സിന്റെ കണക്ക് തീർക്കാൻ ഇനിയും പിറപ്പുകേട്‌ കാണിക്കാൻ നിന്നാൽ നിന്റ മൂത്രക്കുഴൽ ഞാൻ പൊട്ടിക്കും. പിന്നെ പെണ്ണെന്നു പറയുമ്പോൾ പൊട്ടിക്കരയാനേ പറ്റു. " അഭി എതിർക്കാതെ എല്ലാം സമ്മതിച്ചുകൊണ്ട് തലതാഴ്ത്തി. കുറച്ചു നേരത്തിനു ശേഷം ആ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.

അഭിയെ കൂട്ടി പുറത്തേക്ക് ഇറങ്ങിയ ശിവനും അനിരുദ്ധനും അവിടെ പേടിച്ച് വിറങ്ങലിച്ചു നിൽക്കുന്ന പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു. " ഇപ്പോൾ ഇവിടെ നടന്നത് എന്തിനാണെന്ന് മക്കൾക്ക് മനസ്സിലായോ. നിങ്ങളെ പോലെ ഒരു പെൺകുട്ടിയുടെ വീഡിയോ പകർത്തിയതിന്. ആ കുട്ടിയുടെ മാത്രമല്ല, നിന്റ ഒക്കെ ഉണ്ടായിരുന്നു ഇവന്റെ കയ്യിൽ. ഇതൊന്നുമറിയാതെ ഒന്ന് ചിരിച്ചുകാണിച്ചാൽ ഇവന്റെ ഒക്കെ കൂടെ ഇങ്ങനെ ഇറങ്ങിവരുന്നത് എന്ത് കണ്ടിട്ടാ? നിങ്ങളെ ഒക്കെ ഇത്രേം ആക്കിയ വീട്ടുകാരെ ഓർത്തോ.? നിങ്ങളൊന്നു വീട്ടിലെത്താൻ വൈകിയാൽ ആധി പിടിക്കുന്ന അവരെ പറ്റിച്ചു നിങ്ങൾ ഈ കാണിക്കുന്ന തോന്നിവാസം നാളെ നിങ്ങളെ മാത്രമല്ല, നിങ്ങടെ മാതാപിതാക്കളെ കൂടി ആണ് ഇല്ലാതാക്കുന്നതെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനെവിടെ സമയം അല്ലെ. അവരെ എങ്ങനെ പറഞ്ഞ് പറ്റിച്ചു ഇവന്മാരുടെ കൂടെ ഇതുപോലെ ആഘോഷിക്കാം എന്ന ചിന്തയിൽ ആയിരിക്കും നിങ്ങൾ. നിങ്ങൾ പഠിക്കുന്നവർ അല്ലേ.

ഓരോ ദിവസവും നിങ്ങളെ പോലെ ചതിക്കപ്പെടുന്ന എത്ര പെൺകുട്ടിളുടെ വാർത്തകൾ ആണ് കേൾക്കുന്നതും കാണുന്നതും. എന്നിട്ടും പിന്നേം ഇതുപോലെ... നിങ്ങൾ ആവർത്തനങ്ങൾ ആണ്. എത്ര കൊണ്ടാലും ചെളിക്കുണ്ട് കണ്ടു കണ്ണ് മഞ്ഞളിക്കുന്ന ആവർത്തനങ്ങൾ. ഇനി ഒരു കാര്യം. മക്കള്ക്ക് പോണമെങ്കിൽ ഇപ്പോൾ പോകാം. മുകളിലെ റോഡിൽ കേറിയാൽ വണ്ടി കിട്ടും. അതല്ല, ഇനിയും ഇവന്റെ ഒക്കെ ഒലിപ്പീരും ഓലപ്പീപ്പിയും കണ്ട് ഇവിടെ നിൽക്കാൻ ആണ് ഉദ്ദേശമെങ്കിൽ കുറച്ചു കഴിഞ്ഞാൽ പോലീസ് വരും, അവരുടെ കൂടെ ജോളിയായി പോയി നാളെ നിങ്ങടെ ഒക്കെ വീട്ടുകാർക്ക് നിനെയൊക്കെ ഓർത്തു അഭിമാനിക്കാൻ പത്രത്തിൽ ഫോട്ടോയുമായി നിറഞ്ഞു നിൽക്കാം. " അനിരുദ്ധൻ അവരെ രൂക്ഷമായി നോക്കികൊണ്ട് അഭിയേയും കൂടെ ഉള്ളവന്മാരെയും അവിടെ ഒരു മരത്തിൽ ചേർത്തുകെട്ടി. പിന്നെ അരയിൽ തിരുകിവെച്ച ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. " എന്തായി അനിരുദ്ധാ. എല്ലാം ഭംഗിയായോ? " അപ്പുറത്ത് നിന്നുള്ള ചോദ്യം കേട്ട് അനിരുദ്ധൻ ഒന്ന് അമർത്തി ചിരിച്ചു. " എല്ലാം വിചാരിച്ചതിൽ കൂടുതൽ ഭംഗിയായി സാറേ. ചെറുതായിട്ട് ഒന്ന് കുടഞ്ഞു മരത്തിൽ കെട്ടിയിട്ടുണ്ട്,

കൂടെ കഞ്ചാവിന്റെ ഒരു കവറും. ഇനിയൊക്കെ സാറിന്റെ പണിയാണ്. " "കൂടെ പെൺകുട്ടികൾ വല്ലതും. " അപ്പുറത് നിന്നുള്ള ചോദ്യം കേട്ട് വിറച്ചു കരഞ്ഞുനിൽക്കുന്ന പെണ്ണുങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കി അനിരുദ്ധൻ. "ഇല്ല സാറേ. പെൺകുട്ടികൾ ഇല്ല. ഇവന്മാർ മാത്രേ ഉളളൂ. അപ്പൊ ഞങ്ങള് പോവാ.. ഇനി സാറ് ന്താച്ചോ ആയിക്കോ " അനിരുദ്ധൻ ഫോൺ കട്ട്‌ ആക്കി പോക്കറ്റിൽ ഇട്ട് ശിവനോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന പെൺകുട്ടികളെ അരികിലേക്ക് വിളിച്ചു. "നിങ്ങൾ ഈ കാണിച്ചത് തെറ്റാണെന്ന് പൂർണ്ണബോധ്യം ഉണ്ടെങ്കിൽ മുന്നിൽ നടന്നോ, പിറകെ ഞങ്ങൾ ഉണ്ടാകും. ഒരു ഏട്ടൻ ആണെന്ന് കരുതിയാൽ മതി. വഴിയിൽ ഇട്ട് പോകില്ല. പക്ഷേ, ഇനി വഴി തെറ്റരുത് ആരുടേയും. " അവർ കണ്ണുകൾ തുടച്ചുകൊണ്ട് അവന് മുന്നിൽ തലതാഴ്ത്തുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു, " നാളെ ലോകം അറിയേണ്ടവരാണ് നിങ്ങൾ, പക്ഷേ, അത് ഇതുപോലെ ആവരുത്. അവർ നശിക്കാൻ തീരുമാനിച്ചവർ ആണ്, നിങ്ങളെ പോലെ നെല്ലും പതിരും തിരിച്ചറിയാത്ത പെൺകുട്ടികളെ നശിപ്പിക്കാനും. നിങ്ങളെ ഓർത്ത് അഭിമാനിക്കാൻ ആഗ്രഹിക്കുന്ന വീട്ടുകാർക്ക് നിങ്ങളെ ഓർത്ത് ദുഃഖിക്കാൻ ഉള്ള അവസരം ആക്കരുത് ജീവിതം " എല്ലാം കേട്ട് അവന് മുന്നിൽ മനസ്സ് കൊണ്ട് തെറ്റ് പറഞ്ഞ് അവർ മുന്നോട്ട് നടക്കുമ്പോൾ പിറകിൽ അനിയും നടന്നു. അവരുടെ ഏട്ടനായി !..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story