സ്‌നേഹത്തോടെ: ഭാഗം 19 || അവസാനിച്ചു

snehathode

രചന: മഹാദേവൻ

താഴെ ആ ബുക്കിൽ അവന്റെ കൈപ്പടയിൽ പേര് തെളിയുമ്പോൾ അതിന് മുന്നിൽ അടയാളപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു, " സാക്ഷി " ഹരിയുടെ മുഖത്തെ അമ്പരപ്പിനേക്കാൾ അനി ശ്രദ്ധിച്ചത് രമയുടെ മുഖത്തെ സന്തോഷം ആയിരുന്നു. ഒരിക്കലും പിരിയാൻ കഴിയാത്ത അമ്മ എന്ന പവിത്രമായ സ്ഥാനത്തെ ഒരു നിമിഷം കൊണ്ട് നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ നിന്ന് വീണ്ടും ആ സ്ഥാനവും സ്നേഹവും തിരികെ ലഭിച്ച സന്തോഷമായിരുന്നു അവളിലെങ്കിൽ ആ നിമിഷങ്ങളിൽ അവളിലുണ്ടായ ഭാവമാറ്റങ്ങൾ അനിയുടെ ഉള്ളിലും പുഞ്ചിരി വിതറിയിരുന്നു. എല്ലാം കണ്ടു പകച്ചു നിൽക്കുകയായിരുന്നു അപ്പോഴും ഹരി. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്. സ്നേഹിക്കുന്നവർ പിരിയരുതെന്ന് ആഗ്രഹിച്ചു. പക്ഷേ, അവിടെയും ഒരു പടി മുന്നിൽ ചിന്തിക്കുകയായിരുന്നോ അനിരുദ്ധൻ. അവന്റെ നിൽപ്പും മുഖത്തെ ഭാവവും കണ്ട് അനിരുദ്ധൻ ഹരിക്ക് അരികിൽ വന്ന് അവന്റെ തോളിൽ കൈ വെച്ചു. " എനിക്കറിയ ഇയാൾ എന്താണ് ചിന്തിക്കുന്നത് എന്ന്. രണ്ട് ശരീരങ്ങളെ ഒന്നിപ്പിക്കുന്നപോലെ രണ്ട് മനസ്സുകളെ ഒന്നാക്കാൻ കഴിഞ്ഞെന്ന് വരില്ല. രമ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവളുടെ മോളോടൊപ്പം ആണ്.

എല്ലാത്തിനേക്കാൾ ഉപരി ആ മോളാണ് അവളുടെ ജീവിതം. അത് മനസ്സിലാക്കാതെയോ, അല്ലെങ്കിൽ അത് അറിഞ്ഞുകൊണ്ട് തന്നെ അവൾക്ക് മറ്റൊരു ജീവിതം കണ്ടെത്തുന്നതിൽ എന്ത് പ്രസക്തി. ഇവിടെ അവൾക്ക് അനിയോജ്യൻ നിങ്ങളാണ്. ഒന്ന് നഷ്ടപ്പെടുത്തി മറ്റൊന്ന് നേടുന്നതിനേക്കാൾ നല്ലതല്ലേ ചേർത്ത് പിടിച്ചതൊന്നും നഷ്ടപ്പെടാതെ ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മാത്രമല്ല, ഇത്രേം കാലം ഞാനടക്കം ഉള്ളവർ കരുതിയപ്പോലെ രമ നിങ്ങളുടെ ഭാര്യയായിതന്നെ ഇനിയും ജീവിക്കണം. അന്ന് അതൊരു തോന്നൽ ആയിരുന്നെങ്കിൽ ഇന്ന് മുതൽ ഇതൊരു യാഥാർഥ്യം ആവട്ടെ. " ഒട്ടും വിഷമം ഇല്ലാതെ നിറഞ്ഞ മനസ്സോടെ ആണ് അനി സംസാരിക്കുന്നതെന്ന് തോന്നി ഹരിക്ക്. പക്ഷേ, ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു ഹരിക്ക്. അവൻ നാലുപാടും ഒന്ന് നോക്കി. അമ്മയുടെയും മോളുടെയും കണ്ണുകൾ തന്റെ മുഖത്ത്‌ ആണെന്ന് മനസ്സിലായി. ആകാംഷ നിറഞ്ഞ നോട്ടങ്ങൾ. ഒരൊപ്പ് കൊണ്ട് മോൾക്ക് അമ്മയെയും അമ്മയ്ക്ക് മരുമോളെയും കിട്ടുന്ന ആ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അവർ. അമ്മ പുഞ്ചിരിയോടെ ഒപ്പിടാൻ തലയനക്കുമ്പോൾ രമ മറ്റൊന്നും ചിന്തിക്കാതെ ഒപ്പിട്ടു കഴിഞ്ഞിരുന്നു.

പതിയെ ഹരിയും പേന കയ്യിലെടുക്കുമ്പോൾ എല്ലാവരും ആകാംഷയോടെ അവനെ മാത്രം ശ്രദ്ധിക്കുകയായിരുന്നു രമയുടെയും ഹരിയുടെയും ജീവിതത്തിലെ പുതിയ തുടക്കത്തിനായുള്ള ആ അസുലഭനിമിഷങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ട്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബാക്കി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി എല്ലാവരും പുറത്തേക്ക് ഇറങ്ങി. " അനിയും ശിവയും വാ.. വീട്ടിൽ വന്നിട്ട് പോകാം " എന്ന് പറഞ്ഞ ഹരിയുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു അനിരുദ്ധൻ. " തീർച്ചയായും വരാ, ഇപ്പോഴല്ല, പിന്നീട് ഒരിക്കൽ . " അനിരുദ്ധൻ എല്ലാവരെയും നോക്കി പുഞ്ചിരിയോടെ തലയാട്ടി തിരികെ നടക്കാൻ തുടങ്ങവേ ഒന്നുകൂടി അവർക്ക് നേരേ തിരിഞ്ഞു. "ഏയ്യ്.. ഹരി, രമ..... ഹാപ്പി മാരീഡ് ലൈഫ്.. ഇനിയങ്ങോട്ട് ജീവിതം കളറാവട്ടെ" അവൻ ഒന്നുകൂടി പുഞ്ചിരിച്ചുകൊണ്ട് ബൈക്കിനരികിലേക്ക് നടക്കുമ്പോൾ അവന്റ ചുണ്ടിൽ വിരിഞ്ഞ ചിരിക്കപ്പുറം അവസാനമായി അന്ന് രമയുമായി സംസാരിച്ച നിമിഷങ്ങൾ ഒരു വേള അവന്റെ കാതുകളിൽ ചുംബിച്ചുതുടങ്ങി.

ഇനി ഞാൻ ചോദിക്കട്ടെ... നിനക്ക് എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ? " അവളുടെ മറുപടിക്ക് വേണ്ടി ആകാംഷയോടെ ആണവൻ കാത്തിരുന്നത്. അനിരുദ്ധന്റെ ചോദ്യം കേട്ട് അവളൊന്ന് പുഞ്ചിരിച്ചു. " ഉണ്ട്... " അവളിലെ ആ മറുപടി അവന് ആശ്ചര്യമായിരുന്നു. പിന്നീട് അവൾ പറഞ്ഞ വാക്കുകൾക്ക് അവൻ ചെവിയോർക്കുമ്പോൾ പുറത്ത് ഒരു മഴയ്ക്കുള്ള തെയ്യാറെടുപ്പെന്നപ്പോലെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. രമയിൽ നിന്ന് അങ്ങനെ ഒരു ഉത്തരം അല്ലായിരുന്നു അനിരുദ്ധൻ പ്രതീക്ഷിച്ചത്. പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും ഈ സൗഹൃദം പ്രണയമാവരുതെന്ന് പറഞ്ഞവളാണ് ഇപ്പോൾ പറയുന്നത് അനിരുദ്ധനോട് പ്രണയമായിരുന്നു എന്ന്. അവന്റെ ഉള്ളൊന്ന് തുടിച്ചു. പക്ഷേ, ഒരിക്കൽ പോലും..... അവന്റെ ചോദ്യത്തിന് ദീർഘനിശ്വാസത്തോടെ ആയിരുന്നു അവൾ മറുപടി പറഞ്ഞ് തുടങ്ങിയത്. " എന്നോ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ, നമ്മുടെ സൗഹൃദത്തേക്കാൾ വലുതലായിരുന്നു ആ ഇഷ്ടം. അതുകൊണ്ട് തന്നെ പറയാൻ മടിച്ചു. നിങ്ങടെ മനസ്സിൽ അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ പറയുമെന്ന് കരുതി. പക്ഷേ ഒരു പെരുമാറ്റത്തിൽ പോലും അങ്ങനെ ഒന്നും കാണാതിരുന്നപ്പോൾ മൗനം പാലിച്ചു. ആ ഇടയ്ക്ക് ആയിരുന്നു അവളുടെ മരണം.

സ്നേഹമോളെ കാണിച്ച് നീ ഇവൾക്ക് അമ്മയാവണം എന്ന് അവൾ പറഞ്ഞപ്പോൾ ആ മോളെ നെഞ്ചോടു ചേർത്ത് പിടിച്ചു. പിന്നീട് അവളായിരുന്നു എല്ലാം. എന്റെ മോൾക്ക് വേണ്ടിയായിരുന്നു ഓരോ ദിവസവും... ആ ഇടയ്ക്ക് എന്റെ അമ്മ കൂടെ പോയപ്പോൾ പിന്നീട് ഹരിയേട്ടന്റ് വീട്ടിലായി താമസം പോലും. പലപ്പോഴും ഹരിയേട്ടൻ പറഞ്ഞിട്ടുണ്ട് ഒരു വിവാഹത്തെ കുറിച്ച്. പക്ഷേ, മോളെ അങ്ങനെ ഉപേക്ഷിച്ചു ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലായിരുന്നു. എന്റെ കൂട്ടുകാരിക്ക് ഞാൻ കൊടുത്ത വാക്കിനേക്കാൾ വലുതല്ല എനിക്കെന്റെ ജീവിതം. ഇപ്പോൾ ഹരിയേട്ടൻ വിവാഹത്തെ കുറിച്ച് പറയുമ്പോൾ അദ്ദേഹം കണ്ടെത്തിയത് അനിയേട്ടനെ ആണെന്ന് പറഞ്ഞപ്പോൾ വല്ലാത്തൊരു മരവിപ്പ് ആയിരുന്നു. അത് നിങ്ങളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല. ങ്ങളോട് താല്പര്യം ഇല്ലെന്ന് പറയാൻ എനിക്ക് കഴിയാത്തോണ്ടാ. അതുപോലെ തന്നെ നിങ്ങളെ സ്വീകരിക്കാനും എനിക്ക് കഴിയില്ല. ഇത്രേം കാലം മോളായി നെഞ്ചിൽ കൊണ്ട് നടന്ന ന്റെ കുട്ടിയെ ഈ പ്രായത്തിൽ ഒറ്റയ്ക്ക് വിട്ട് എനിക്കൊരു ജീവിതം കണ്ടെത്തി സന്തോഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

എന്നവൾക്ക് ആവശ്യം ഒരു അമ്മയാണ്. കണ്ണ് തെറ്റിയാൽ കൊത്തിപറക്കാൻ കാത്തിരിക്കുന്ന കഴുകൻമാരുള്ള നാട്ടിൽ ചിറകിനടിയിൽ നിന്നും അടർത്തിമാറ്റി മറ്റൊരു ലോകം കണ്ടെത്താൻ എനിക്ക് കഴിയില്ല. അതുകൊണ്ട്...... " ബാക്കി പറയാതെ തന്നെ മനസ്സിലാക്കാൻ അനിരുദ്ധനു കഴിഞ്ഞിരുന്നു. ആലോചിക്കുമ്പോൾ അതാണ് ശരി. ആ കുട്ടിക്ക് അമ്മയുടെ കരുതൽ കൂടുതൽ വേണ്ടത് ഇപ്പോഴാണ്. അമ്മയോളം ചിന്തിക്കുന്ന അവൾ അർഹിക്കുന്ന ജീവിതം ഒരു ഇഷ്ട്ടത്തിന്റെ പേരിലും തട്ടിയെടുക്കാൻ കഴിയില്ല. അവളിലെ അമ്മമനസ്സിനെ വേരോടെ പിഴുതെറിയാൻ കഴിയാത്തിടത്തോളം കാലം അവൾ പറഞ്ഞത് തന്നെ ആണ് ശരി. സ്നേഹമുള്ള അമ്മയായി ആ വീട്ടിൽ തന്നെ അവൾ ജീവിക്കട്ടെ. അവളുടെ വാക്കുകൾക്ക് പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി. കൂടെ ഫോൺ കട്ട് ചെയ്യും മുന്നേ ഒന്നുകൂടി പറഞ്ഞു.

ഹരിയുടെ ആഗ്രഹം പോലെ തന്റെ വിവാഹം നടക്കണം. ----" ഡേ, എന്തോന്ന് ഇത്ര ആലോചന " അനിരുദ്ധൻ തോളിൽ തട്ടി ശിവന്റെ ചോദ്യം ആയിരുന്നു അവനെ ഓർമ്മകളിൽ നിന്ന് തിരികെ കൊണ്ടുവന്നത്. ഒന്നുമില്ലെന്ന് ചുമലിളക്കികൊണ്ട് അനിരുദ്ധൻ പുഞ്ചിരിച്ചു. " മോൻ വണ്ടിയെടുക്ക്. " അനിരുദ്ധൻ പറയുന്നത് കേട്ട് ചിരിയോടെ ശിവൻ ബൈക്കിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി കെട്ടത്. " ഹേയ്..... " പരിചിതമായില്ലാത്ത ശബ്ദം കേട്ട് അനിരുദ്ധനും ശിവനും തിരിഞ്ഞുനോക്കുമ്പോൾ പുഞ്ചിരിയോടെ ഒരാൾ അരികിലേക്ക് വരുന്നുണ്ടായിരുന്നു, " അനിരുദ്ധനും ശിവനും അല്ലേ...? " മുന്നിൽ നിൽക്കുന്ന ആളെ മനസ്സിലാക്കാതെ സംശയത്തോടെ അതെ എന്ന് തലയാട്ടുമ്പോൾ മുന്നിൽ നിൽക്കുന്ന ആൾ മനോഹരമായൊന്ന് പുഞ്ചിരിച്ചു. പിന്നെ അനിരുദ്ധനു നേരേ ഷേക്ഹാൻഡിനായി കൈ നീട്ടി. " ഞാൻ രശ്മിക... ഇച്ചിരി കൊല്ലം പുറകോട്ട് പോയാൽ പണ്ട് കോളേജിൽ ഓർത്തെടുക്കാൻ പറ്റും ഈ മുഖം. " രശ്മിക സുബ്രമണ്യൻ " അവൻ ആശ്ചര്യത്തോടെ ചോദിക്കുമ്പോൾ അവൾ അതെ എന്ന് തലയാട്ടി. പിന്നെ രണ്ട് പേരും പുഞ്ചിരിയോടെ ഷേക്ഹാൻഡ് നൽകി. ഒരു പഴയ കാലത്തെ ഓർമ്മകളിലെ പുതിയ അദ്ധ്യായത്തിന് തുടക്കമെന്നോണം.... !!! - അവസാനിച്ചു -

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story