സ്‌നേഹത്തോടെ: ഭാഗം 4

snehathode

രചന: മഹാദേവൻ

ആ സമയത്തായിരുന്നു അനിയുടെ ഫോൺ റിങ് ചെയ്തത്. അവൻ അഭിയെ ചേർത്തുപിടിച്ചുകൊണ്ട് തന്നെ ഹോൺ എടുത്ത് ചെവിയോട് ചേർത്തു, " പേടിക്കണ്ട, കുട്ടി ഇവിടെ സേഫ് ആണ്. അവളുടെ കൂടെ തങ്കപ്പെട്ട ഒരു പയ്യൻ ഉള്ളത് കൊണ്ട് അവൾക്കൊന്നും സംഭവിക്കില്ലെന്നേ, നിങ്ങൾ ധൈര്യമായിരി " അതും പറഞ്ഞ് അനിരുദ്ധ് ഫോൺ കട്ട്‌ ചെയ്ത് അഭിയെ നോക്കി ചിരിക്കുമ്പോൾ അഭിക്ക് മനസ്സിലായിരുന്നു വന്നവർ വഴിതെറ്റി കേറിയതല്ല, സ്നേഹയെ വീഴ്ത്താൻ താൻ വെട്ടിയ വഴിയടയ്ക്കാൻ വന്നവരാണെന്ന്. അപ്പോഴും സ്നേഹയുടെ മുഖത്തെ പരിഭ്രമം മാറിയിട്ടില്ലായിരുന്നു. പെട്ടന്ന് മുന്നിൽ രണ്ട് പേര് കണ്ടതിന്റെ വിറയൽ അവളുടെ ശരീരത്തെ വരിഞ്ഞുമുറുക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആളുടെ മുഖം എവിടെയോ കണ്ടുമറന്നപ്പോലെ അവളുടെ മനസ്സിൽ മിന്നിതെളിഞ്ഞു. പക്ഷേ എവിടെയാണെന്നോ ആരാണെന്നോ മാത്രം അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

" എന്താ മോളെ, പേടിച്ചുപോയോ. ഞങൾ നിങ്ങടെ ചേട്ടന്മാരല്ലേ. " ചിരിയോടെ തന്നെ അഭിയിൽ നിന്ന് പിടിവിട്ട് സ്നേഹയുടെ മുന്നിലേക്ക് അനിരുദ്ധൻ നീങ്ങി നിൽക്കുമ്പോൾ അവന് മുഖം കൊടുക്കാതെ അവൾ തല താഴ്ത്തിനിന്നു. " അല്ലേ മോളെ, ഞങ്ങൾ മോൾടെ ചേട്ടന്മാരല്ലേ... പറ മോളെ അല്ലേ...? " അവന്റെ ശാന്തമായുള്ള ചോദ്യം കേട്ട് അവൾ മറുപടി ഒന്നും പറയാതെ അതെ നിൽപ്പ് തുടർന്നപ്പോൾ പെട്ടന്നായിരുന്നു ശിവൻ കൈ നീട്ടി അഭിയുടെ കവിളടക്കം ഒന്ന് പൊട്ടിച്ചത്. പ്രതീക്ഷിക്കാതെയുള്ള അടിയിൽ നില തെറ്റി അഭി നിലത്തേയ്ക്ക് വീഴുമ്പോൾ ഒരു നിമിഷം പകച്ചുപ്പോയ സ്നേഹ വിറച്ചുകൊണ്ട് മുഖമുയർത്തി. മുന്നിൽ ശാന്തത വിടാതെ നിൽക്കുന്ന അനിയുടെ മുഖത്തേക്കവൾ പേടിയോടെ നോക്കി. " അപ്പോൾ മോള് തല ഉയർത്തും അല്ലേ. അല്ലെങ്കി തന്നെ ചേട്ടന്മാരെ കാണുമ്പോൾ മോളെന്തിനാ ങ്ങനെ തല താഴ്ത്തി തെറ്റ് ചെയ്തവരെപ്പോലെ നിൽക്കുന്നത്. ?

ഇനി പറ.. മോൾടെ ചേട്ടന്മാരല്ലേ ഞങ്ങള്. അല്ലേടി? " പെട്ടന്നവന്റെ ചോദ്യത്തിന്റെ ഭാവം മാറിയപ്പോൾ പേടിയോടെ അതെ എന്നവൾ തലയാട്ടി. അത് കണ്ട അനിരുദ്ധൻ മുഖത്തെ കനപ്പിച്ച ഭാവം മാറ്റി വീണ്ടും ശാന്തതയോടെ അവളെ നോക്കി ചിരിച്ചു. " അപ്പൊ ഞങ്ങൾ ചേട്ടന്മാർ ആണ്. അപ്പ ഇനി ചേട്ടന്മാർ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം" അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പതിയെ തലയാട്ടുമ്പോൾ ശിവൻ അഭിയെ പിടിച്ചെഴുനേൽപ്പിച്ചു നിർത്തിയിരുന്നു " അവൾ മാത്രമല്ല, നീയും കേൾക്കണം " എന്ന് പറഞ്ഞുകൊണ്ട്. അതെ സമയത്തായിരുന്നു പുറത്തെ ശബ്ദം കേട്ട് ഹർഷനും അഹാനയും പുറത്തേക്ക് വന്നത്. മുന്നിൽ പരിചയമില്ലാത്ത രണ്ട് പേരും സ്നേഹയുടെ കരച്ചിലും അഭിയുടെ നിസ്സഹായതയോടെയുള്ള കവിൾ തടവലും കൂടെ കണ്ടപ്പോൾ രംഗം അത്ര പന്തിയല്ലെന്ന് മനസ്സിലായി അവർക്ക്. " നിങ്ങളൊക്കെ ആരാ... ഇതെന്തിനാ ഈ കൊച്ച് കരയുന്നത്. ആരാടാ നീയൊക്കെ ? "

ഹർഷൻ അഭിയെ ഒന്ന് നോക്കികൊണ്ട് അനിരുദ്ധന്റെ അടുത്തേക്ക് വരുമ്പോൾ അനിയെ മാറ്റിക്കൊണ്ട് ശിവൻ ഹർഷന്റെ മുന്നിലേക്ക് നിന്നു. " ഞങ്ങൾ ആരാ, എന്തിനാ വന്നത് എന്നൊക്കെ നീ വഴിയേ അറിയും. ഇനി കൂടുതൽ എന്തേലും അറിഞ്ഞേ പറ്റൂ എന്നാണെങ്കിൽ മോനെ, നിനക്കത് താങ്ങൂല. കേട്ടല്ലോ. അതുകൊണ്ട് മുന്നിൽ നിന്ന് രണ്ടടി മാറിനിന്ന് ഇവിടെ നടക്കുന്നതെന്താണെന്ന് ചുമ്മാ കയ്യുംകെട്ടി കണ്ടുനിന്നാൽ നിനക്ക് ദേ, ഇപ്പോൾ കാണുന്ന ഈ കോലത്തിൽ വലിയ തട്ടുകേട് പറ്റാതെ ഇരിക്കും. അതല്ല, കഞ്ചാവ്‌ തലയ്ക്ക് കേറി കൊരയ്ക്കാൻ നിന്നാൽ പിന്നിൽ നിൽക്കുന്ന പെണ്ണുമ്പിള്ളയ്ക്ക് ഒന്ന് വേണംന്ന് തോന്നിയാൽ പുറത്തിറങ്ങി അന്വോഷിക്കേണ്ടിവരും ഇച്ചിരി രോമാഞ്ചിഫിക്കേഷന് വേണ്ടി. പറഞ്ഞത് മനസ്സിലായില്ലേ? നിന്റ മാങ്ങാണ്ടി ഞാൻ പൊട്ടിക്കും ന്ന് " ശിവന്റെ വാക്കും നോക്കും കണ്ടപ്പോൾ ഹർഷൻ പെട്ടന്നുള്ള പരിഭ്രമത്തിൽ ഒന്ന് പിറകോട്ട് നിന്നു.

" അപ്പൊ ഇനി മോള് ചേട്ടമ്മാർ ചോദിക്കുന്നതിനുള്ള ഉത്തരം പറ. സ്കൂളിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി ഇങ്ങനെ കണ്ടവന്മാരുടെ കൂടെ തോന്നിയപോലെ നടക്കുന്നത് ശരിയാണോ? പോട്ടെ, നിങ്ങളെയൊക്കെ സ്കൂളിലേക്കന്നും പറഞ്ഞ് ഒരുക്കിവിടുന്ന വീട്ടുകാരെ കുറിച്ച് ഓർത്തിട്ടുണ്ടോ മോള്? ഇന്നത്തെ കാലത്ത് പെൺകുട്ടികൾ അല്പമൊന്നു വൈകിയാൽ നെഞ്ചിടിപ്പ് കൂടുന്നത് എന്താണെന്ന് അറിയോ. ദേ, ഇവനെ പോലെ കീറിയ പാന്റും കട്ടത്താടിയും വല്ലവന്റെയും കയ്യിൽ നിന്ന് ഇരന്നുവാങ്ങിയ ബൈക്കും കൊണ്ട് ചുറ്റിക്കാൻ ഇറങ്ങുന്നവന്റെ വായിൽ തന്നെ ചെന്ന് ചാടിക്കൊടുത്ത്‌, അവസാനം കഞ്ചാവിനും മയക്കുമരുന്നിനും വേണ്ടി എന്തിനും തയ്യാറാവാൻ വരെ പെൺകുട്ടികൾ തുനിഞ്ഞിറങ്ങുന്ന ഈ കാലത്തെ പേടിയാണ് വീട്ടുകാർക്ക്. എന്റെ മോളങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന അവർക്ക് നിങ്ങൾ നൽകുന്ന സമ്മാനമാണ് ഇതുപോലെയുള്ള......... "

വാക്കുകൾ മുഴുവനാക്കാതെ ഒന്ന് നിർത്തി അനിരുദ്ധൻ. പിന്നെ ഉള്ളിലെ ദേഷ്യം അടക്കിപ്പിടിച്ചുകൊണ്ട് താടിയിൽ തടവിക്കൊണ്ടിരുന്നു. " എത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്ത പെണ്ണുങ്ങൾ ഉള്ളിടത്തോളം കാലം ദേ, ഇവരെ പോലെയുള്ളവർ ചിരിച്ചും വളച്ചും ഇവിടെ പൂണ്ടുവിളയാടും. " അനിരുദ്ധൻ ദേഷ്യത്തോടെ കൈ കുടഞ്ഞു. പിന്നെ അഭിക്ക് നേരേ തിരിഞ്ഞു. " ടാ, ഉണ്ടാക്കിയ തന്തയുടെ പേര് കളയാൻ വേണ്ടി ജനിച്ച നീയൊക്കെ ചെയ്യുന്ന ഈ തന്തയില്ലായ്മയ്ക്ക് ചെയ്യേണ്ടത് എന്താണെന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ, നാളെ ഇതിന്റെ പേരിൽ ഈ കുട്ടിക്ക് ദോഷം ഉണ്ടാകരുതെന്ന് കരുതി മാത്രം ദേ, ഇതിവിടെ നിർത്തുവാ.. ഇനി ഇവളെ നീ കണ്ടെന്നോ ഇതുപോലെ നിന്റ പിറപ്പ്കേട് കാണിക്കാൻ പോന്ന ഇടങ്ങളിലേക്ക് ഇവളെ കൂട്ടി വന്നെന്നോ ഞങ്ങൾ അറിഞ്ഞാൽ മോനെ, നിന്നെ തൂക്കി പോലീസ് ഏൽപ്പിച്ചു തീറ്റിപ്പോറ്റാനോ ഏത് തെമ്മാടിത്തരവും ചെയ്യാനുള്ള ധൈര്യം തരാനൊന്നും ഞങ്ങൾ നിൽക്കില്ല.

ഇവളെ മാത്രമല്ല, ഒരു പെണ്ണിനേയും പഞ്ചാരയും കഞ്ചാവുമായി നീ ഇനി ഇവിടെ വന്നാൽ....... മോനെ, നിന്റ ഹൽവാപരുവത്തിലുള്ള ഈ പന്നിയിറച്ചി വെട്ടി മുളക് തെക്കും ഞങ്ങൾ, മനസ്സിലായോ.? " അനിരുദ്ധൻ വാക്കുകൾ മുഴുവനാക്കും മുന്നേ ശിവന്റെ കൈ വീണ്ടും അഭിയുടെ കവിളിൽ പതിഞ്ഞിരുന്നു. അടിയുടെ ആഘാതത്തിൽ വീഴാൻ പോയ അഭിയുടെ കോളറിൽ പിടിച്ചു നിർത്തി ശിവൻ. " അപ്പൊ ഇവൻ പറഞ്ഞത് മോൻ കേട്ടല്ലോ. അവൻ ങ്ങനെ പറയേ ഉളളൂ, ഞാൻ അങ്ങനെ അല്ല, പറയുന്നതിനേക്കാൾ കൂടുതൽ പ്രവർത്തിച്ച ശീലം. അതുകൊണ്ട് ഇനി നീ ഇമ്മാതിരി ആറാംപിറപ്പുമായി ഇറങ്ങിയാൽ.... " ശിവൻ ഒരു താക്കീത് പോലെ പറയുമ്പോൾ ചൂണ്ടുവിരൽ ഹർഷന്റെയും അഹാനയുടെ നേർക്ക് നീണ്ടിരുന്നു. ശിവൻ പതിയെ അഭിയുടെ കോളറിൽ നിന്ന് പിടിവിടുമ്പോൾ അവൻ ദേഷ്യത്തോടെ പല്ലുകൾ ഞെരിച്ചു.

അവർ അടിച്ചതിനേക്കാൾ കൂടുതൽ അവൾക്ക് മുന്നിൽ ഉണ്ടായ നാണക്കേട് അവന്റെ നെഞ്ചിൽ കനൽപ്പോലെ എരിഞ്ഞുതുടങ്ങിയിരുന്നു. എല്ലാം കണ്ട് വിറച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു സ്നേഹ. ഉണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നൊലിച്ചപ്പോലെ അവൾ തല താഴ്ത്തി നിൽക്കുമ്പോൾ അനിരുദ്ധൻ അഭിയെ അരികിലേക്ക് വിളിച്ചു. " നീ എവിടെ നിന്ന് ഇവളെ ബൈക്കിൽ കേറ്റിയോ അവിടെ തന്നെ ഇതുപോലെ കൊണ്ട് വിട്ടേക്കണം . അതല്ല ഇപ്പോൾ ഇവിടെ നടന്നതിന്റെ ദേഷ്യം ഇവളോട് തീർക്കാൻ പോകുന്ന വഴി എന്തേലും തന്തയില്ലായ്മ കാണിക്കാൻ തോന്നിയാൽ, പിന്നിൽ ഞങ്ങൾ ഉണ്ടാകും നിന്റ ശവമടക്കിന്. കേട്ടല്ലോ? " അതും പറഞ്ഞ് അനിരുദ്ധൻ സ്നേഹയ്ക്ക് നേരേ തിരിഞ്ഞു. " ഇനി നിന്നോട് ആണ്. ഇവന്റെ കൂടെ ആണ് പോകുന്നതെന്നോർത്ത്‌ ഇപ്പോൾ ഉണ്ടായ സങ്കടം തീർക്കാൻ പിന്നിൽ നിന്ന് കെട്ടിപിടിക്കാനോ തൊട്ടുരുമ്മി ഇരിക്കാനോ നിൽക്കാതെ രണ്ടടി പിറകിലോട്ട് ഇരുന്നോണം അവിടെ പോയി ഇറങ്ങുന്നത് വരെ. കേട്ടല്ലോ. "

അതൊരു താക്കീത് ആയിരുന്നു. അവൾ പേടിയോടെ തലയാട്ടി. " എന്നാ പിന്നെ മോൻ വണ്ടി എടുക്ക് " അഭി ഹർഷനെയും അഹാനയെയും നോക്കികൊണ്ട് പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ വീടിനുള്ളിൽ കയറി ബാഗുമെടുത്തുകൊണ്ട് സ്നേഹയും കയറി. അവർ മുന്നോട്ട് ബൈക്ക് എടുക്കുമ്പോൾ ഹർഷനെയും അഹാനയെയും ഒന്ന് തറപ്പിച്ചുനോക്കിക്കൊണ്ട് ശിവനും ബൈക്ക് സ്റ്റാർട്ട് ചെയ്തു. തിരികെയുള്ള യാത്രയിൽ സ്നേഹ ഒന്നും മിണ്ടാൻ കഴിയാതെ ആ ഷോക്കിൽ തന്നെ ആയിരുന്നു. പരസ്പ്പരം ഒന്നും മിണ്ടാതെയുള്ള ആ യാത്രയിൽ അഭി ഇടയ്ക്കിടെ ദേഷ്യത്തോടെ സൈഡ്ഗ്ലാസിലൂടെ പിറകിലോട്ട് നോക്കി, പിറകിൽ മറുത്തൊരു ചലനത്തിന് പോലും ഇട നൽകാതെ പിന്തുടരുന്ന ശിവനെ അനുരുദ്ധനെയും.. ! ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story