സ്‌നേഹത്തോടെ: ഭാഗം 7

snehathode

രചന: മഹാദേവൻ

അനിരുദ്ധൻ ശിവനെ നോക്കി മീശയൊന്ന് തടവിക്കൊണ്ട് തിരികെ നടക്കുമ്പോൾ പിന്നിൽ ദേഷ്യത്താൽ പല്ലിറുമ്മുകയായിരുന്നു ശിവൻ. ----------------------------------------------------- പിന്നീടുള്ള ഓരോ ദിവസവും ആ സൗഹൃദത്തിന്റെ ആഴം കൂടുകയായിരുന്നു. അവൾക്ക് മുന്നിൽ എന്നും രക്ഷകനായി നിൽക്കുമ്പോൾ കോളേജിൽ അതൊരു പ്രണയമായി മാറി. അല്ലെങ്കിൽ കണ്ടവരെല്ലാം അതിനെ പ്രണയമെന്നു വിളിച്ചു. " എടി, നീയും ഞാനും പ്രണയമാണെന്ന് " അനിരുദ്ധൻ ചിരിയോടെ പറയുമ്പോൾ എല്ലാം അവളും ചിരിക്കും, " ആളുകൾ എന്തോ പറയട്ടെ ഇഷ്ട്ടാ. അവർക്കിങ്ങനെ പറയാനല്ലേ പറ്റൂ. നിനക്കെന്നോട് പ്രേമമുണ്ടോ? ഇല്ലല്ലോ... ഇനി അഥവാ ഉണ്ടെങ്കിൽ...... " " ഉണ്ടെങ്കിൽ...... " " ഉണ്ടെങ്കിൽ മോനത് മുളയിലേ നുള്ളിക്കോ.. കേട്ടല്ലോ.. "

അവൾ പൊട്ടിചിരിച്ചുകൊണ്ട് അവന്റെ കയ്യിലെ പാതി കഴിഞ്ഞ പരിപ്പുവട വാങി വായിലേക്ക് വെക്കുമ്പോൾ അവന്റെ നോട്ടം അവളുടെ കണ്ണുകളിൽ പതിച്ചു. ഇത്രേം തിളക്കമാർന്ന കണ്ണുകൾ വേറെ ആരിലും കണ്ടിട്ടില്ല. കാന്തം പോലെ മനസ്സിനെ ആകർഷിക്കുന്ന ഈ കണ്ണുകളെ ആരുമൊന്ന് നോക്കിപ്പോകും. അവന്റെ മിഴിയനക്കം നിലച്ച ആ നോട്ടം കണ്ട് അവൾ ആ തലയിൽ ഒരു തട്ട് കൊടുത്തു. " എന്താണ് സഖാവേ, ഒരു കള്ളനോട്ടം. " " ഏയ്യ്... നമുക്ക് ഇഷ്ടപ്പെട്ട ഒരു പൂവ് കണ്ടാൽ നമ്മളത് നോക്കി നിൽക്കില്ലേ. അത്പോലെ മനസ്സിന് ഇഷ്ടം തോന്നുന്ന പലതും നമ്മുടെ കണ്ണുകളെ ആകർഷിക്കും. അവയെ സ്വന്തമാക്കാൻ തോന്നും. അങ്ങനെ ഒരു പൂവ് ഞാൻ കണ്ടു നിന്റ കണ്ണുകളിൽ. അത്രമേൽ ആകർഷിക്കുന്ന തിളക്കമാർന്നവ. ആരായാലും ഒന്ന് നോക്കിനിന്ന് പോവും പെണ്ണെ. " അനിരുദ്ധൻ ആ വാക്കുകളിലേക്ക് സ്വയം മുഴുകുമ്പോൾ അവളത് കേട്ട് ചിരിയോടെ തലയാട്ടുകയായിരുന്നു. "

സഖാവിന്റെ ഉള്ളിലെ കവി ഇടയ്ക്ക് കേറിവരുന്നുണ്ടല്ലോ. വാ , ഇനീം ഇവിടെ ഇരുന്നാൽ ചിലപ്പോൾ സാറിന് ഒരു കവിത കൂടി എഴുതിയാലോ എന്ന് തോന്നും. അതുവരെ ഇരിക്കാനുള്ള സമയം എനിക്കില്ലാത്തത് കൊണ്ട് ഇപ്പോൾ പോകാം.. ഞാൻ ബസ്സ് കേറിയിട്ട് മോൻ ഇവിടെ ഇരുന്ന് വർണ്ണനയും കവിതയുമൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി. " അവൾ അവന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അനിരുദ്ധൻ അവളുടെ കൈ എടുത്ത് മാറ്റാൻ ശ്രമിക്കുകയായിയുന്നു " ആരെങ്കിലും കാണും പെണ്ണെ. അല്ലെങ്കിലേ പ്രേമമാനെന്നാ കോളേജിൽ " എന്നും പറഞ്ഞുകൊണ്ട്.  അന്നത്തെ സംഭവത്തിന്‌ ശേഷം പല ദിവസങ്ങളിലും ശിവനുമായി കോർക്കേണ്ടി വന്നു അനിരുദ്ധന്. അതിലധികവും സംഘടനയുടെ പേരിൽ ആയിരുന്നു. രണ്ട് സംഘടനയുടെ മുൻനിരയിൽ നിൽക്കുന്നവർ തമ്മിലുള്ള തമ്മിലടി അവരുടെ നാട്ടിലും വീട്ടിലും വരെ സംസാരമായിരുന്നു.

" നീ എന്തിനാണ് ശിവാ അവനോടിങ്ങനെ കൊമ്പ് കോർക്കാൻ നിൽക്കുന്നത്, കുട്ടിക്കാലത്തു നിങ്ങൾ ഒരുമിച്ചു തോളിൽ കയ്യിട്ട് നടന്നവർ അല്ലേ, എന്നിട്ടിപ്പോ സംഘടനയുടെ പേരും പറഞ്ഞ് പരസ്പ്പരം പോരിന് നിൽക്കുന്നു. മോനെ, രാഷ്ട്രീയമൊക്കെ വേണം, പക്ഷേ, അത് മിത്രങ്ങളെ ശത്രുക്കളാക്കാൻ ആവരുത്. നിന്നെ ഏറെ സ്നേഹിച്ചവനാ അനി. ആ അവനിപ്പോ നിന്റ ശത്രു ആണെങ്കിൽ അതിന് കാരണം മോൻ തന്നെ ആകും. " അമ്മ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും മൗനം പാലിക്കുകയായിരുന്നു ശിവൻ. അവനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അനിരുദ്ധൻ എപ്പോഴാണ് തന്റെ ശത്രുക്കളിൽ ഒരുവനായതെന്ന്. സ്കൂളിൽ കാലഘട്ടം വരെ തോളിൽ കയ്യിട്ട് നടന്നവർ ആണ്, പക്ഷേ, എപ്പോഴോ രണ്ട് ചേരിയിൽ ആയി. അന്ന് മുതൽ ഇന്ന് വരെ മുഖത്തോട് മുഖം നിന്നത് വാക്പോരിനും വിദ്വേഷം ഉണ്ടാകാനും മാത്രമായിരുന്നു. "മോനെ, ഇനിയെങ്കിലും നിങ്ങൾ തമ്മിലുള്ള ഈ വിദ്വേഷം നിർത്തണം.

എന്നിട്ട് ആ പഴയ സുഹൃത്തുക്കളായി തോളിൽ കയ്യിട്ട് നടക്കണം. സൗഹൃദങ്ങൾക്കിടയിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കരുത്. രണ്ടും രണ്ടായി തന്നെ നിൽക്കണം. " " എന്റെ ടീച്ചറമ്മേ. അവനും ഞാനും തമ്മിൽ എങ്ങനെ ആയിരുന്നു എന്നോ ഇപ്പോൾ എങ്ങനെ ആണെന്നോ അല്ല ഇപ്പോഴത്തെ വിഷയം. എനിക്ക് വല്ലാതെ വിശക്കുന്നു. അതിങ് എടുത്ത് തന്നാൽ ഇപ്പോഴത്തെ ഈ വിഷയം നമുക്ക് മറക്കാൻ കഴിയും. " അതും പറഞ്ഞ് ശിവൻ അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റ് അവർക്കൊരു ചിരിയും സമ്മാനിച്ചുകൊണ്ട് റൂമിലേക്ക് നടക്കുമ്പോൾ ആ അമ്മയുടെ കണ്ണിൽ മായാത്ത ഒരു ചിത്രം തിളക്കമാർന്നു തന്നെ നിൽപ്പുണ്ടായിരുന്നു. ശിവനും അനിരുദ്ധനും തോളിൽ കയ്യിട്ട് നിൽക്കുന്ന ഒരു പഴയ ചിത്രം.അന്ന് അനിരുദ്ധൻ അമ്പലത്തിലേക്ക് വരുമ്പോൾ അമ്മയും ഉണ്ടായിരുന്നു കൂടെ. കുറെ ദിവസമായുള്ള അമ്മയുടെ ആഗ്രഹമായിരുന്നു ആ വരവ്.

പുറത്ത് ചെരിപ്പ് ഊരിവെച് അമ്പലത്തിലേക്ക് കയറുമ്പോൾ മുന്നിൽ കയ്യിൽ പ്രസാദവുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ ആ അമ്മ സംശയത്തോടെ നോക്കി. ആരാ ഈ കുട്ടി എന്ന സംശയത്തോടെ അമ്മ അനിരുദ്ധനെ നോക്കുമ്പോൾ അവൻ അമ്മയെ നോക്കി വെറുതെ കണ്ണിറുക്കി കാണിച്ചു. "എന്റെ അമ്മേ, ഒരു പെണ്ണ് മുന്നിൽ നിൽക്കുന്നത് കണ്ടു വെറുതെ തെറ്റിദ്ധരിക്കല്ലേ. ഇതാണ് ഞാൻ ഇടയ്ക്ക് അമ്മയോട് പറയാറുള്ള എന്റെ ബെസ്റ്റി. കോളേജിൽ മ്മക്ക് എതിരെ മത്സരിച്ച ധീരവനിത. ഞങ്ങള് സുഹൃത്തുക്കൾ ആയതിന്റെ പേരിലാണ് ഞാനും ശിവനും ഇപ്പോൾ കൂടുതൽ തല്ല് പിടിക്കുന്നത്. " അതും പറഞ്ഞവൻ ചിരിക്കുമ്പോൾ അമ്മ പതിയെ അവളുടെ കയ്യിലൊന്ന് പിടിച്ചു. " മോൾടെ പേരെന്താ? " " രമാദേവി.. " അവൾ പുഞ്ചിരിച്ചുക്കൊണ്ട് മറുപടി പറയുമ്പോൾ അമ്മ അവളുടെ കവിളിൽ ഒന്ന് തലോടി.

" മോള് തൊഴുതല്ലോ അല്ലേ. ഞങ്ങൾ നട അടയ്ക്കുംമുന്നേ ഒന്ന് തൊഴുതേച്ചും വരാം, മോളിവിടെ നിൽക്ക്ട്ടോ. " അന്ന് തൊഴുതു വന്ന ശേഷം അമ്മയും രമയും ഒരുപാട് നേരം സംസാരിച്ചിരുന്നു. അവളെ യാത്രയാക്കി തിരികെ പോരുമ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അത് അനുരുദ്ധന്റെ മനസ്സിലും വല്ലാത്തൊരു നിമിഷമായിരുന്നു. "നല്ല കുട്ടിയാ മോനെ, നിനക്ക് ചേരും. " അമ്മയുടെ വാക്കുകളിൽ നിറഞ്ഞ സന്തോഷം പെട്ടെന്നെന്തോ അവനിൽ നിന്ന് മാഞ്ഞുപോയിരുന്നു. "അമ്മേ, അമ്മ ഉദ്ദേശിക്കുംപ്പോലെ ഒന്നുമില്ല ഞങ്ങൾ തമ്മിൽ. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്. അതിനപ്പുറത്തേക്ക് അവളും ഞാനും ചിന്തിക്കുന്നുപ്പോലും ഇല്ല. വെറുതെ അമ്മ ഓരോ മനക്കോട്ട കെട്ടല്ലെ. " " മോനെ അനി. നീയിങ്ങനെ ഉരുണ്ടുകളിക്കണ്ട. ഞാൻ അത്ര പൊട്ടിയൊന്നും അല്ല. അമ്മയെ കാണിക്കാൻ വേണ്ടി ആണ് ഇന്നത്തെ ഈ നാടകം എന്നും അറിയാം.

വെറുതെ എന്തിനാടാ പൊട്ടൻകളിക്കുന്നത്. എന്തായാലും അമ്മയ്ക്ക് ഇഷ്ടമായി. " അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. അവളോടെങ്ങാനും ഇത് പറഞ്ഞാൽ ഭൂകംബം ഉണ്ടാകും. തല്ക്കാലം അമ്മ പറഞ്ഞത് സ്വന്തം മനസ്സിൽ തന്നെ ഇരിക്കട്ടെ എന്ന് ചിന്തിച്ചുകൊണ്ടാണ് അവൻ അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നത്. അന്ന് കോളേജ് ഡേ ആയിരുന്നു. പാട്ടും ഡാൻസുമൊക്കെയായി സന്തോഷത്തിന്റെ അതിരറ്റ നിമിഷങ്ങൾ. എല്ലാത്തിന്റെയും മേൽനോട്ടമെന്നോണം ഓടിനടക്കുകയായിരുന്നു അനിരുദ്ധൻ. എല്ലാവർക്കിടയിലും ഓടിയെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞും കണ്ടറിഞ്ഞും ചെയ്യുമ്പോൾ സ്റ്റേജിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും കഴിഞ്ഞിരുന്നില്ല അവന്. "ടാ മച്ചാ, നീ ഇങ്ങനെ രാവെളിച്ചത്തിൽ വിട്ട കോഴീനെ പോലെ പരക്കം പാഞ്ഞു നടക്കാതെ ആ സ്റ്റെജിൽ കേറി ന്തേലുമൊക്കെ ഒന്ന് കാണിക്ക്.

ഒന്നല്ലെങ്കിൽ നീ ഈ കോളേജിന്റെ കവിയല്ലേ. പോയി നല്ല ഒരു കവിത ചൊല്ല്. " കൂട്ടുകാരന്റെ നിർബന്ധത്തിനു ഞാൻ ഇല്ലടാ എന്ന് നിസാരമട്ടിൽ പറഞ്ഞൊഴിഞ്ഞെങ്കിലും അവൻ വിടാൻ തയ്യാറല്ലായിരുന്നു. ഒരു കവിതയെങ്കിലും ചൊല്ലാതെ വിടില്ല എന്ന അവന്റെ വാശിക്ക് മുന്നിൽ ഒഴുക്കൻമട്ടിൽ സമ്മതം മുള്ളുമ്പോൾ ഞൊടിയിടയിൽ സ്റ്റെജിൽ കയറി അവൻ അനൗൺസ് ചെയ്തിരുന്നു. " അടുത്തതായി നമ്മുടെ കോളേജിന്റെ ആർട്സ് സെക്രട്ടറിയും കവിയുമായ അനിരുദ്ധന്റെ ഒരു കവിത. എല്ലാവരും ഒന്ന് കയ്യടിച്ചേ " പറയാൻ കാത്തിരുന്ന പോലെ ഹാളിലെ നിറഞ്ഞ സദസ്സ് അവനായി കരഘോഷം മുഴക്കിത്തുടങ്ങി. പതിയെ അനിരുദ്ധൻ സ്റ്റേജിലേക്ക് കയറി. " പ്രിയമുള്ളവരേ. നിങ്ങൾക്ക് മുന്നിൽ ഇതുപോലെ നിൽക്കുമ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം ആണ്. അതുപോലെ സങ്കടവും ഉണ്ട്. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ പിന്നെ നമ്മൾ പല വഴി പിരിയും.

ചിലർ വീണ്ടും പഠനം, ചിലർ ജോലി അങ്ങനെ അങ്ങനെ.... ഒരുപാട് ഓർമ്മകളുമായി നമ്മളീ സ്വർഗ്ഗത്തിൽ നിന്നും പടിയിറങ്ങുമ്പോൾ ഒരുപിടി സൗഹൃദങ്ങൾ മാത്രമാകും നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ. ജീവിതം കൊണ്ട് അടയാളപ്പെടുത്താൻ അതിനപ്പുറം വേറെന്ത്‌. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങൾ എല്ലാം മറന്ന് നമുക്കൊരു ലോകം സൃഷ്ടിക്കാം. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ... ഓർമ്മകളിൽ ഒരു വസന്തകാലം എന്നും നമ്മിൽ നിറഞ്ഞു നിൽക്കാൻ ഈ ലോകം അത്രമേൽ സുന്ദരമാക്കാം നമുക്ക്. വെറുപ്പോ വിധ്വേഷമോ വേണ്ട, എല്ലാവരും സ്നേഹിക്കപ്പെടട്ടെ ! " പെയ്യാൻ മറന്ന മേഘങ്ങളോട് ഞാൻ കലഹിക്കാറുണ്ട് ! എനിക്കായ് പെയ്തിടാൻ മറക്കുന്നതെന്തേ നീ? പാടാൻ മറന്ന കിളികളോടു ഞാൻ പരിഭവിക്കാറുണ്ട് !

എനിക്കായ് പാടാൻ ഈണം മറക്കുന്നതെന്തേ നീ? വിടരാൻ മറന്ന പൂവിനോട് ഞാൻ പിണങ്ങാറുണ്ട് ! എനിക്ക് മുന്നിൽ നീയെന്തേ വസന്തം നിറയ്ക്കാത്തതെന്ന്... എല്ലാവർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, നിനക്കായ് പെയ്യാൻ നിനക്കായ് പാടാൻ നിനക്കായ് വസന്തമാകാൻ നീ സൃഷ്ടിച്ചൊരു ലോകമുള്ളപ്പോൾ നീ പരിഭവിക്കുന്നതെന്തിന്? നീയിപ്പോൾ നിലാവാണ് ! സൗഹൃദമെന്ന നക്ഷത്രകൂട്ടങ്ങളാൽ ചുറ്റപ്പെട്ട പൂനിലാവ് !!" അതെ നിങ്ങളാണ് ആ നക്ഷത്രങ്ങൾ. നിങ്ങളുടെ സ്നേഹത്താൽ ഞാൻ ഒരു നിലാവ് ആകുന്നു. മായില്ല എന്ന വിശ്വാസത്തോടെ.... നന്ദി, " അനിരുദ്ധൻ എല്ലാവരെയും നോക്കിക്കൊണ്ട് ചിരിയോടെ വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ ആ ഹാളിന് പിന്നിൽ അവന്റെ വാക്കുകൾക്ക് കയ്യടിക്കാൻ അവനുമുണ്ടായിരുന്നു. "ശിവൻ "...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story