സ്‌നേഹത്തോടെ: ഭാഗം 9

snehathode

രചന: മഹാദേവൻ

 " എന്ത് പറ്റി മോളെ" എന്ന് ചോദിച്ചുകൊണ്ട് ഹാളിലേക്ക് വന്ന അമ്മയോട് ഒന്നുമില്ലെന്ന് പറഞ്ഞവൾ നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ വേഗം അടുക്കളയിലേക്ക് നടന്നു. അതുവരെ പിടിച്ച് നിർത്തിയ വിഷമമെല്ലാം അടുക്കളയിൽ ഒരു പൊട്ടിക്കരച്ചിലായി മാറിയപ്പോൾ പുറത്ത് ഹാളിലെ വൃത്തിയാക്കലും രമയുടെ ദേഹത്തു കണ്ട കറിയുടെ പാടുകളും അടുക്കളയിൽ നിന്നുള്ള അടക്കിപ്പിടിച്ച തേങ്ങലുമെല്ലാം കണ്ട് കുറച്ചൊക്കെ ഉണ്ടായ കാര്യങ്ങൾ ഊഹിച്ചെടുത്ത അമ്മ ദേഷ്യത്തോടെ സ്നേഹയുടെ മുറിയിലേക്ക് നടന്നു. മുറിയ്ക്ക് മുന്നിലെത്തി ആ വാതിലിൽ മുട്ടിവിളിക്കുമ്പോൾ ദേഷ്യത്തോടെ ആയിരുന്നു സ്നേഹ വാതിൽ തുറന്നത്. ഡൈനിങ് ടേബിളിൽ ഉണ്ടായ സംഭവം ചോദിക്കാനോ പറയാനോ രമ വന്നതായിരിക്കുമെന്ന് കരുതിയാണ് ദേഷ്യത്തോടെ വാതിൽ തുറന്നത്. പക്ഷേ മുന്നിൽ അമ്മമ്മ ആണെന്ന് കണ്ടപ്പോൾ ഉള്ളിലെ ദേഷ്യം ഒതുക്കിക്കൊണ്ട് അവൾ തിരികെ ബെഡിനടുത്തേക്ക് നടന്നു. " സ്നേഹേ.. എന്താ അവിടെ ഉണ്ടായത്? "

അമ്മമ്മയുടെ ചോദ്യം കേട്ടെങ്കിലും അതിന് മറുപടി ഒന്നും പറയാൻ നിൽക്കാതെ അവൾ ഒരു ബുക്ക്‌ എടുത്തു കയ്യിൽ പിടിച്ചു. " സ്നേഹേ... നിന്നോട് ആണ് ചോദിച്ചത് എന്താ അവിടെ ഉണ്ടായതെന്ന്? " അത് വരെ കാണാത്തൊരു മുഖവും ശബ്ദവും കണ്ട് സ്നേഹ പേടിയോടെ അമ്മമ്മയുടെ മുഖത്തേക്ക് നോക്കി. " നിന്റ നാവിറങ്ങിപ്പോയോ? കുട്ടിയല്ലേ എന്ന് കരുതി ഒന്നും മിണ്ടാതേം പറയാതേം ഇരിക്കുമ്പോൾ എന്ത് തോന്നിവാസവും ആകാമെന്ന് കരുതിയോ? നിന്നെ ഇത്രേം ആകാൻ കഷ്ടപ്പെട്ട ആ പെണ്ണ് എന്നാ നിനക്ക് ശത്രു ആയത്? പഠിക്കാനെന്നും പറഞ്ഞ് തോന്നിയപ്പോലെ നടക്കുന്നത് ചോദിച്ചപ്പോഴോ? പറയെടി " " എന്റെ അമ്മമ്മേ, അവരുടെ വക്കാലത് പിടിക്കാനാണ് അമ്മമ്മ വന്നതെങ്കിൽ എനിക്ക് കേൾക്കണ്ട. എന്നെ ആരും ഭരിക്കുകയും വേണ്ട. " അത് പറയേണ്ട താമസം അമ്മമ്മയുടെ കൈ അവളുടെ കയ്യിൽ പതിഞ്ഞിരുന്നു. കൂടെ തലങ്ങും വിലങ്ങും മൂന്നാല് അടി കൂടി അടിച്ചെങ്കിലും സ്നേഹ കരയുകയോ പ്രതികരിക്കുകയോ ചെയ്തില്ല. "

അമ്മമ്മ തല്ലിക്കൊ. അല്ലേലും എനിക്കിവിടെ ആരാ ഉള്ളത്. വല്ലപ്പോഴും വിരുന്നുകാരനെ പോലെ വരുന്ന അച്ഛൻ. എന്നെങ്കിലും വിളിച്ചിട്ട് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറയുമെന്ന് അല്ലാതെ ഒരിക്കലും മോൾക്ക് സുഖമാണോ എന്ന് ചോദിച്ചിട്ടില്ല. എന്നും അവരെ വിളിക്കും, സ്നേഹത്തോടെ സംസാരിക്കും. എന്നെക്കാൾ എന്ത് സ്ഥാനമാ അവർക്ക് അച്ഛന്റെ ജീവിതത്തിൽ? രണ്ടാംഭാര്യയായി ജീവിക്കുന്നതോ? പിന്നെ അവർ, സ്നേഹം എന്ന പേരിൽ എന്റെ മെല് കാണിക്കുന്ന അധികാരം. അത് ചെയ്യരുത്, ഇത് ചെയ്യരുത്, ആണുങ്ങളോട് മിണ്ടരുത് എന്തൊക്കെ നിയമങ്ങൾ ആണ് എന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നത്. വെറുത്തു പോവാ. ആകെ ആശ്വാസം അമ്മമ്മ ആയിരുന്നു. പക്ഷേ ഇപ്പോൾ മനസ്സിലായി അമ്മമ്മയും അവരുടെ ഭാഗത്താ.. അവരു പറയുന്നതാണ് അമ്മമ്മയ്ക്കും ശരി. അവടെ പേരക്കുട്ടിക്ക് ഒരു സ്ഥാനാവും ഇല്ല. " സ്നേഹ നിറഞ്ഞ കണ്ണുകളൊന്ന് അമർത്തി തുടച്ചു. അവൾ മനസ്സിൽ ചിന്തിച്ചുകൂട്ടുന്നതും പറയുന്നതായ കാര്യങ്ങൾ കേട്ടപ്പോൾ ശരിക്കും ഞെട്ടിയിരുന്നു അമ്മമ്മ.

ഈ പ്രായത്തിൽ ഇവൾ എന്തൊക്കെയാണ് മനസ്സിൽ കൊണ്ടുനടക്കുന്നത് എന്നോർത്തപ്പോൾ അവരുടെ മനസ്സ് വല്ലാതെ പിടച്ചു. പതിയെ സ്നേഹയുടെ തലയിൽ കൈ വെച്ചപ്പോൾ അതിൽ നിന്നവൾ ഒഴിഞ്ഞുമാറി. " മോളെ വാശിയും വൈരാഗ്യവും കൊണ്ട് ഒന്നും നേടാൻ കഴിയില്ല, സ്വയം നശിക്കാം എന്നല്ലാതെ. മോളിപ്പോൾ ചെയ്യുന്നത് അതാണ്‌. മോള് പറഞ്ഞല്ലോ അച്ഛൻ സുഖമാണോ എന്ന് ചോദിക്കാറില്ല, സ്നേഹത്തോടെ സംസാരിക്കാറില്ല എന്നൊക്കെ. ആ അച്ഛനോളം നിന്നെ സ്നേഹിക്കുന്ന വേറൊരാളെ അമ്മമ്മയ്ക്ക് അറിയില്ല. അത് മനസ്സിലാക്കാൻ കഴിയാത്തതാണ് മോളുടെ പ്രശ്നം. പിന്നെ രമ. നീ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾ മറുത്തൊന്നും പറയാത്തതും ഇറങ്ങിപ്പോവാത്തതും എന്താന്ന് അറിയോ.. നിന്റ അമ്മ കാരണം ആണ്. നിന്റ അമ്മയ്ക്ക് നൽകിയ വാക്കാണ് അവൾ പാലിക്കുന്നത്, നിന്റ അച്ഛന്റെ ഭാര്യയല്ലാഞ്ഞിട്ടു കൂടി " ഞെട്ടലോടെ ആണ് സ്നേഹ അത് കേട്ടത്. അവൾ ആ ഭാവത്തോടെ തന്നെ അമ്മമ്മയെ നോക്കുമ്പോൾ അവർ പതിയെ തലയാട്ടി.

" അതെ മോളെ, നിന്റ അച്ഛൻ ഭാര്യയായി സ്വീകരിച്ചു വന്നതല്ല രമ ഇവിടെ. എല്ലാവർക്കും അവർ ഭാര്യഭർത്താക്കന്മാർ ആയിരിക്കാം, പക്ഷേ, ഒരിക്കലും മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ നിന്റ അച്ഛന്റെ ഭാര്യ ആയിട്ടില്ല അവൾ." വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു സ്നേഹ. ഇത്രയും കാലം കരുതിയത് അവർ അച്ഛന്റെ രണ്ടാംഭാര്യ ആണെന്നാണ്. കുഞ്ഞിലേ കാണാൻ തുടങ്ങിയ മുഖം ആയതിനാൽ അങ്ങനെ ആയിരുന്നു മനസ്സിൽ. വല്ലപ്പോഴും വരുന്ന അച്ഛനോടൊപ്പം ഇരിക്കുന്നത് കണ്ടിട്ടില്ല. തന്നെയും എടുത്ത് അച്ഛന്റെ മുറിയിൽ വരാറുണ്ട്. ഉറങ്ങുന്നത് വരെ അടുത്ത് കിടക്കാറുണ്ട്. പക്ഷേ, അന്നൊക്കെ കരുതിയത്...... സ്‌നേഹയ്ക്ക് അമ്മമ്മ പറയുന്നത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. " മോൾക്ക് വിശ്വാസം ആകുന്നില്ല അല്ലേ. ശരിയാ... പെട്ടന്ന് കേൾക്കുമ്പോൾ ആർക്കും വിശ്വസിക്കാൻ പറ്റില്ല. പക്ഷേ അതാണ് സത്യം. മോൾക്ക് അറിയോ. നിന്റ അച്ഛന്റെ അമ്മാവന്റെ മോളാണ് രമ. അതായത് അച്ഛന്റെ മുറപ്പെണ്ണ്.

നിന്റ അമ്മയാണെങ്കിലോ രമയുടെ കൂട്ടുകാരിയും. നിന്റ അമ്മയും രമയും ഒരുമിച്ചു പഠിച്ചവർ ആയിരുന്നു സ്കൂളിൽ. സ്കൂളിൽ കഴിഞ്ഞ് അവർ രണ്ട് കോളേജിലാണ് പഠിച്ചതെങ്കിലും ആ സൗഹൃദം എന്നും ഉണ്ടായിരുന്നു. അമ്മമ്മ പറയുന്നത് അത്ഭുതത്തോടെ കേൾക്കുകയായിരുന്നു സ്നേഹ..... !  " എടി രമേ..... " പിന്നിൽ നിന്നുള്ള വിളി കേട്ട് രമ തിരിഞ്ഞുനോക്കുമ്പോൾ മുന്നിൽ ശ്രീഹരിയായിരുന്നു. " അല്ല, ആരിത്, ഹരിയേട്ടനോ. ഇതെപ്പോ എത്തി ഗൾഫിൽ നിന്ന് " രമ ആശ്ചര്യത്തോടെ അവനരികിൽ എത്തുമ്പോൾ അവളുടെ തലയിലൊന്ന് കൊട്ടി അവൻ. " ഞാൻ ഇന്നലെ രാവിലെ പറന്നിറങ്ങി. വീട്ടിലേക്ക് വരണം അമ്മായിയെ കാണാൻ എന്നൊക്കെ കരുതിയതാ, പക്ഷേ, ഇന്നലത്തെ ഉറക്കം തീർന്ന് എണീറ്റപ്പോൾ ഉച്ച കഴിഞ്ഞു. പിന്നെ കൂട്ടുകാരുടെ കൂടെ ചെറിയ ഒരാഘോഷം കൂടെ കഴിഞ്ഞപ്പോൾ പാതിരയായി. അതുകൊണ്ട് ഇന്നലെ ആ വഴി ഇറങ്ങാൻ പറ്റിയില്ല. " " അതൊക്ക അങ്ങനെ ആണല്ലോ. ഗൾഫിൽ പോയി ഇച്ചിരി കാശൊക്കെ ആയപ്പോൾ അമ്മായീം വേണ്ട മോളും വേണ്ട. ഒന്നോർത്തോ, എനിക്ക് വയസ്സ് ആയി. ഇനി എന്നെ കൂടി കെട്ടിച്ചു വിടേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് ആണ്. അച്ഛനില്ലാത്ത കുട്ടിയ ഞാൻ, അറിയാലോ.

പിന്നെ പെങ്ങന്മാരോ പ്രാരാബ്ദമോ ഒന്നും ഇല്ലാത്തത് കൊണ്ട് അതിനുള്ള ചാൻസ് ഞാൻ തരാം " രമ തമാശയെന്നോണം അവന്റെ തോളിൽ തട്ടി പറയുമ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ രമയ്‌ക്കൊപ്പം ഉണ്ടായിരുന്ന, കുറച്ചപ്പുറത്ത്‌ മാറി നിൽക്കുന്ന പെൺകുട്ടിയിൽ ആയിരുന്നു. " എടി ഏതാടി ആ കൊച്ച്? !! " അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ കപടമായ ദേഷ്യം കാണിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " ഹരിമോനെ, വല്ല ലൈനും വലിക്കാൻ ആണ് ഉദ്ദേശമെങ്കിൽ വേണ്ട, അത് ഐറ്റം വേറെ ആണ്. " " എന്നാലും ആരാണെന്നു പറയാലോ നിനക്ക്. എന്നിട്ട് എനിയ്ക്കൊന്ന് പരിചയപ്പെടുത്തി താ. " അവൾ അവന്റെ ആവേശം കണ്ട് ഒന്ന് ഇരുത്തിമൂളിക്കൊണ്ട് അവനെയും കൂട്ടി അവൾക്ക് അരികിലേക്ക് നടന്നു. " മോളെ ഇതാണ് ശ്രീഹരി. പറഞ്ഞ് വരുമ്പോൾ എന്റെ മുറചെക്കൻ ആണെങ്കിലും പ്രത്യക്ഷത്തിൽ ആ ലൈനിനോട് താല്പര്യം ഇല്ലാത്ത വ്യക്തികളാണ് ഞങ്ങൾ. പറഞ്ഞത് മോൾക്ക് മനസ്സിലായോ.... മുറചെക്കനും മുറപ്പെണ്ണും പ്രേമം, കല്യാണം... ആ ലൈൻ.... " അത് കേട്ട് കൂട്ടുകാരി ഒന്ന് ചിരിച്ചെന്ന് വരുത്തുമ്പോൾ ഹരിക്കായി അവളെ പരിചയപ്പെടുത്തുകയായിരുന്നു രമ ! " മോനെ ഹരിയേട്ടാ..... ഇതാണ് സുകന്യ . എന്റെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാള്. " അവൻ പതിയെ തലയാട്ടികൊണ്ട് ചിരിയോടെ അവൾക്ക് നേരേ കൈ നീട്ടിയപ്പോൾ സുകന്യ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ രമയെ ഒന്ന് നോക്കിക്കൊണ്ട് തിരികെ ഹരിക്ക് നേരെയും കൈ നീട്ടി ഇനി മുതൽ പരസ്പ്പരം ചേർത്തുവെക്കാനുള്ളതാണ് ആ കൈകൾ എന്നറിയാതെ !...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story