🌻സൂര്യകാന്തി 🌻: ഭാഗം 1

Sooryakanthi mizhi

രചന: മിഴി

ഇരുട്ടിന്റെ ആധിക്യത്താൽ മുന്നിലുള്ളതൊന്നും വ്യക്തമായില്ല... ഉള്ളിൽ ഉറഞ്ഞുകൂടിയിരിക്കുന്ന ഭയം കാലുകളെ ലക്ഷ്യബോധമില്ലാതെ പായിച്ചുകൊണ്ടിരുന്നു... ഉള്ളിലാർത്തലച്ചുപെയ്യുന്ന പേമാരിക്ക് കൂട്ടെന്നപോലെ പുറത്തും മഴ ആർത്തലച്ചുകൊണ്ടിരുന്നു... ശക്തമായാരുടെയോ പുറത്തുതട്ടി നിന്നപ്പോൾ അറിയാതെ ആശ്രയത്തിനെന്നോണം മുറുകെ അമർത്തിപ്പിടിച്ചു.. ആ നെഞ്ചിൽ മുഖമമർത്തി ശ്വാസഗതി നിയന്ത്രിച്ചു.. തൊണ്ടക്കുഴിയിൽ കുടുങ്ങിപ്പോയ ശബ്ദം ശരീരത്തെ തളർത്തിയപ്പോൾ പുറകെയ്‌ക്കു കൈകൾ കാട്ടി അയാളെ നോക്കി കൈകൂപ്പി കരഞ്ഞു.. കാന്തീ... ഇതുവരെ എഴുന്നേറ്റില്ലേ... പുറത്ത് കതകിൽ ശക്തമായ മുട്ടുകേട്ടപ്പോൾ അവൾ ഞെട്ടിയുണർന്നു.. അപ്പോഴും താൻ ആണ്ടിരുന്ന സ്വപ്നത്തിന്റെ പ്രതിഭലനമെന്നോണം ശ്വാസഗതി ഉയർന്നിരുന്നു.. ചെന്നിയിൽനിന്നും വിയർപ്പു ചലിട്ടൊഴുകിക്കൊണ്ടിരുന്നു...

പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു പുതച്ചിരുന്ന ബെഡ്ഷീറ്റുകൊണ്ട് മുഖം അമർത്തിതുടച്ചു... ഉള്ളിലപ്പോഴും തന്നെ ചേർത്തുപിടിച്ച ആളുടെ മുഖം കാണാൻ കഴിയാഞ്ഞ നിരാശയായിരുന്നു.. അതിലേറെ ശരീരത്തിൽ ആ നെഞ്ചിൽ ചേർത്തുപിടിച്ചപ്പോൾ പകർന്നുകിട്ടിയ ചൂടായിരുന്നു.. ഇല്ല... ഇതുപോലെയൊരാളും ഇത്രമേൽ സുരക്ഷിതത്വം നിറച്ചെന്നെ ചേർത്തുപിടിച്ചിട്ടില്ല.. ««««»« ഇത് കാന്തി... കാന്തി കൃഷ്ണ. കൃഷ്ണ കുമാറിന്റെയും ലതികയുടെയും മൂത്തപുത്രി... കൃഷ്ണൻ പ്രവാസിയാണ്... ലതിക ഗൃഹഭരണവും... കാന്തിയിപ്പോൾ ഡിഗ്രി കഴിഞ്ഞ് ബി എഡിന് ചേർന്നു.. തൃശ്ശൂരിലാണ് കോളേജ്... ഈ തിരുവനന്തപുരത്തൊന്നും കോളേജ് ഇല്ലാത്തതുപോലെ ഇവളെന്തിനാണ് തൃശൂർ പോയതെന്നാകുമല്ലേ... അതൊക്കെ വഴിയേ അവള് തന്നെ പറയട്ടെ... ഇനി കാന്തിയുടെ ബാക്കി കാര്യങ്ങൾ പറയാം.. ലതികയ്ക്കും കൃഷ്ണകുമാറിനും ഒരു മകൻ കൂടിയുണ്ട് കൗഷിക് കൃഷ്ണ... കിച്ചനെന്നു വിളിക്കും.. ഇപ്പോൾ പ്ലസ് വണ്ണിലേയ്ക്ക് കടന്നു... ലതികയുടെ കുടുംബവീട്ടിലാണ് ഇപ്പോൾ താമസം.. ഓഹരി കിട്ടിയപ്പോൾ അവിടെത്തന്നെ എങ്ങനേലും ഒരു വീട് തട്ടിക്കൂട്ടി.. അതിനു തൊട്ടുപുറകിലായിത്തന്നെയാണ് ലതികയുടെ മൂത്തസഹോദരൻ രവീന്ദ്രനും ഭാര്യ സാവിത്രിയും താമസിക്കുന്നത്... അവർക്കു ഒരു മകൾ അശ്വതി.... കിച്ചന്റെ പ്രായം.. അവരിരുപേരും ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ... ഇപ്പോൾ ഏകദേശം ഒരു രൂപമൊക്കെ കിട്ടിക്കാണുമല്ലോ...? ബാക്കിയൊക്കെ വഴിയേ....»»»»

വീണ്ടും കതകിൽ മുട്ടും അമ്മയുടെ സംസാരവും കേട്ടപ്പോൾ ഓടിപ്പോയി വാതിൽതുറന്നു... നിന്നോട് ഞാൻ എത്രതവണ പറഞ്ഞിട്ടുണ്ട് കാന്തി.. ഈ ഡോർ അടയ്ക്കരുതെന്ന്... ഇതിനകത്ത് അടച്ചിരുന്നെന്തെടുക്കാ നീ..? കാന്തിയുടെ അമ്മ ലതിക അല്പം ഈർഷ്യയോടെ തിരക്കി... അതമ്മേ.. ഞാൻ.. വാക്കുകൾക്കായി പരതിക്കൊണ്ട് കാന്തി മുഖം കുനിച്ചുനിന്നു.. ഇവിടന്നു മാറിയിട്ട് ഒരുമാസം ആകുന്നതേയുള്ളു.. അതിനിടയ്ക്ക് ആവശ്യമില്ലാത്ത ശീലങ്ങളൊക്കെ തുടങ്ങിയോ? ദേ... ഒരു കാര്യം പറഞ്ഞേക്കാം.. പെൺകുട്ടികൾ ഇങ്ങനെ മുറിയടച്ചിരിക്കുന്നത് അത്രനല്ലതല്ല ... അമ്മയുടെ വാക്കുകൾ ഉള്ളിൽ തീർത്ത നിർവികരതയോടെയവൾ പതിയെ തിരിഞ്ഞു കട്ടിലിനടുത്തേയ്ക്കു നടന്നു.. പുതപ്പ് മടക്കി കട്ടിലിന്റെ കാൽക്കൽ വെച്ചു.. ലതേ... കാന്തി എന്തിയെ..? റൂമിൽനിന്നും പുറത്തേക്കിറങ്ങിയ ലതികയോടായി തിരക്കിക്കൊണ്ട് രവീന്ദ്രൻ.. ലതികയുടെ മൂത്തസഹോദരൻ അവിടേയ്ക്കു വന്നു.. ആ.. ഏട്ടനോ..? ഞാൻ ഇപ്പോൾ കൂടി ഓർത്തതേയുള്ളൂ ഏട്ടന്റെ കാര്യം.. കാന്തി വന്നിട്ട് ഒന്നങ്ങട് വന്നുകൂടിയില്ലല്ലോ..? പറഞ്ഞിട്ടെന്താ... ഇന്നലെ വൈകുന്നേരം ഇവിടെത്തിയപ്പോൾ മുതൽ റൂമിൽനിന്നിറങ്ങിട്ടില്ല...

ലതിക കാന്തിയെയൊന്നു നോക്കി അവിടെക്കുവരാൻ കണ്ണുകാണിച്ചു ഏട്ടനോടായി പറഞ്ഞു.. ആഹ്.. അതൊന്നും സാരമില്ല ലതേ.. അവിടെപ്പോഴും പഠിത്തമല്ലേ..? വീട്ടിൽ വരുമ്പോഴല്ലേ സമാധാനത്തോടെ ഒന്നു കിടക്കാനും ഇഷ്ടമുള്ളതൊക്കെ ചെയ്യാനും പറ്റുള്ളൂ.. ഇവള് ഇന്നലെ വരുമെന്ന് ഞാനും അറിഞ്ഞില്ല അല്ലേൽ എത്ര താമസിച്ചാലും ഇവിടെ കയറിയിട്ടേ പോകുള്ളാരുന്നു... ആ.. സദാശിവന്റെ മോൾടെ നിശ്ചയമല്ലാരുന്നോ അതിന്റെ കുറച്ചു പണിയൊക്കെ ഉണ്ടാരുന്നു.. ഇന്നലെ വന്നപ്പോ വൈകി.. കിടക്കാൻ നേരം സാവിത്രിയാ പറഞ്ഞേ.. കാന്തി വന്നിട്ടുണ്ടെന്ന്.. അപ്പോൾമുതൽ കാണാൻ കൊതിച്ചിരിക്കായിരുന്നു എന്റെ കുഞ്ഞിനെ ഒന്നു കാണാൻ.. ഡോറിന് പുറകിൽ മറഞ്ഞുനിൽക്കുന്ന കാന്തിയെ ഒന്നെത്തിനോക്കി അയാൾ പറഞ്ഞു.. അതിനു ഇന്നലെ വൈകുന്നേരം വന്നുകയറിയപ്പോഴാണ് അറിയുന്നത് തന്നെ.. ഒന്നറിയിച്ചത് കൂടില്ലലോ ഇവൾ.. ലതിക പരിഭവിച്ചു.. മ്മ്.. എന്താ മോളേ ഒളിച്ചുനിൽക്കുന്നെ... ഇങ്ങോട്ട് ഇറങ്ങിവന്നെ...

മാമ ശരിക്കൊന്നു കാണട്ടെ എന്റെ കുട്ടിയെ..? അനക്കമൊന്നുമില്ലാതെ അമ്മയെ കുറച്ചുകൂടി ചേർന്നുനിന്നുകൊണ്ട് കാന്തി ആ തോളിൽ അമർത്തിപ്പിടിച്ചു... ചെല്ല് കാന്തി... നീയെന്താ കൊച്ചു പിള്ളേരെപോലെ... തന്റെ പുറകില്നിന്നും ലതിക മകളെ മുന്പിലേയ്ക് പിടിച്ചുനിർത്തി.. തന്നേക്കാൻകെ വിടർന്ന രവിയുടെ മുഖം പിടച്ചിലോടെ നോക്കി അവൾ നിലത്തേക്ക് മിഴികളൂന്നി.. ഹോസ്റ്റലിലെ ആഹാരമൊന്നും ശരിയാകുന്നില്ലേ കുഞ്ഞേ... നീയാകെ ക്ഷീണിച്ചുപോയല്ലോ..? രവി കന്തിയെയൊന്നാകെ നോക്കി ആവലാതിയോടെ തിരക്കി... ഏയ്... ഇല്ല... മാമയ്ക്ക് തോന്നുന്നതാ... മോളെങ്ങനെയേ പറയുള്ളു ലതേ... അന്നേ ഞാൻ പറഞ്ഞതല്ലേ എത്ര രൂപവേണേലും മുടക്കാം ഇവിടത്തെ ട്രെയിനിങ് കോളേജിൽ ബി എഡിനു ചേർത്താൽ മതിയെന്ന്... അപ്പോൾ മോളുടെ ഇഷ്ടത്തിന് ഒപ്പം നിന്നു.. രവി നീരസത്തോടെ പറഞ്ഞു.. അതേട്ടാ... ഇവൾക്ക് അവിടെത്തന്നെ പഠിക്കണമെന്ന് പറഞ്ഞപ്പോൾ.. വെറുതേ കിട്ടിയ സീറ്റ് നഷ്ടപ്പെടുത്തേണ്ടെന്നു കരുതി.. മ്മ്... ഇനീപ്പോ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ..?

ഒരുകാര്യം ചെയ്യാം... മോളിനി ഹോസ്റ്റലിൽ നിൽക്കണ്ട... സാവിത്രിടെ അനിയത്തി സരയുവിന്റെ വീട് കൈതക്കൽ അടുത്തല്ലേ.. അവിടെ നിൽക്ക്.. അവിടാമ്പോ സാവിത്രിയും മകളും മാത്രമല്ലേയുള്ളു... അവളാമ്പോ നമുക്കും ഇടയ്ക്കൊക്കെ പോയി കൂടെ നിൽക്കാല്ലോ..? രവി തീരുമാനമെന്നോണം അറിയിച്ചു.. അത് ഞാനും ഓർത്തില്ല ഏട്ടാ.... ഇങ്ങനെ അറിയാത്തിടത്തൊക്കെ ഇവളെ നിർത്താൻ എനിക്കും മനസ്സുണ്ടായിരുന്നില്ല.. എങ്ങനത്തെ പിള്ളേരാണ് കൂടെയുള്ളതെനൊന്നും അറിയില്ലല്ലോ..? അതിന്റൊടെയൊക്കെ കൂട്ടുകൂടി എന്തേലും വന്നാലോന്ന പേടിയായിരുന്നു... ഇനീപ്പോ പേടിക്കേണ്ടല്ലോ...? സരയു എല്ലാം ശ്രെദ്ധിച്ചോളും... ആശ്വാസത്തോടെ ലതിക നെടുവീർപ്പിട്ടു.. ഏയ്‌... ഞാൻ ഹോസ്റ്റലിൽ തന്നെ നിൽക്കമമ്മേ.. ക്ലാസ്സ്‌ മിക്കവാറും ദിവസങ്ങളിൽ രാവിലെ 8.30നു തുടങ്ങും... വൈകിട്ടും ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ ഉള്ളപ്പോൾ അഞ്ചുമണിയൊക്കെ കഴിയും.. ഹോസ്റ്റൽ ആകുമ്പോൾ അടുത്തല്ലേ നടന്നുകയറാനുള്ളതേയുള്ളു.. കാന്തി വെപ്രാളത്തോടെ അമ്മയെ നോക്കി... ലതിക മകളോടും രവിയോടും എന്തുപറയണമെന്നറിയാതെ കുഴങ്ങി.. അതിനെന്താ കാന്തി..

കോളേജിൽനിന്നും കഷ്ടിച്ച് ഒരു അരമണിക്കൂർ യാത്രയല്ലേ കാണുള്ളൂ.. രവി തിരക്കി.. അതല്ല മാമേ... വൈകുന്നേരമാകുമ്പോഴേയ്ക്കും ആകെ ക്ഷീണിക്കും... പിന്നമ്മയ്ക്കും അറിയാല്ലോ കുറച്ചുനേരം ബസിൽ ഇരിക്കുമ്പോഴേയ്ക്കും എനിക്ക് തലവേദനിക്കും... ഒന്നാമതെ ഒരുപാട് പഠിക്കാനുണ്ട്.. അതിന്റെ കൂടെ... വയ്യമ്മേ... അവൾ ഇരുവരോടുമായി പറഞ്ഞു.. അപ്പോഴും ഉള്ളുരുകി പ്രാര്ഥിക്കുകയായിരുന്നു എങ്ങനെയെങ്കിലും ഈ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേയെന്ന്... എന്തായാലും ഈ വർഷം ഇങ്ങനങ്ങു പോകട്ടെ ഏട്ടാ... എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ അവിടെ പരിചയത്തിലാളുണ്ടല്ലോ..? അത്രയും ആശ്വാസം.. ആ.. ലതേ.. കടുപ്പത്തിലൊരു കട്ടനെടുക്ക്... ഞാൻ അപ്പോഴേയ്ക്കും എന്റെ മോളോടൊന്നു സംസാരിക്കട്ടെ... ലതികയോടായി പറഞ്ഞുകൊണ്ട് രവി കാന്തിയെ തോളിലൂടെ കൈയിട്ടു ചേർത്തുപിടിച്ചുകൊണ്ടു മുറിയിലേയ്ക്കു നടന്നു... തോളിൽ മുറുകുന്ന കൈയുടെ ബലം ഉള്ളിലെ ശക്തിയെ തോൽപ്പിക്കുന്നത് നിസ്സഹായതയോടെയവൾ അറിഞ്ഞു..

പറ്റാവുന്നശക്തിയിൽ കുതറിമാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.. എന്താ.. മോളേ ഇത്... നീ വന്നെന്നു കേട്ടപ്പോൾമുതൽ എത്ര ആശിച്ചിരിക്കുവായിരുന്നെന്നറിയുമോ നിന്നെയൊന്നു കാണാൻ... ദേ.. ഇതുപോലെയൊന്നു ചേർത്തുനിർത്താൻ.. കൈകൾ ഒന്നുകൂടി മുറുക്കിക്കൊണ്ടയാൾ കാന്തിയുടെ ചെവിയോരം പറഞ്ഞു.. ദേഹത്ത് കനലെരിയുമ്പോലെയവൾ പൊള്ളിപ്പിടഞ്ഞുകൊണ്ടയാളെ നോക്കി.. നിറഞ്ഞൊഴുകുന്ന മിഴികൾ കാൺകെ അയാളുടെ കണ്ണിൽ വന്യമായൊരു വെട്ടം മിന്നി.. വിടെന്നെ... പ്ലീസ് മാമേ... ഞാൻ അമ്മയോട് പറയും... ആഹാ... ലത പറഞ്ഞത് ശരിയാണല്ലോ... ഒരുമാസം തികച്ചു മാറിനിന്നപ്പോൾ നീയാളങ്ങു മാറിയല്ലോ... വാപൂട്ടി മിണ്ടാണ്ട് നിന്നിരുന്നയാളു ഉശിരോടെ തിരിച്ചുപറയാനായോ..? ഹേ.... രവി ഒരു പുച്ഛത്തോടെ തിരക്കി... പോയിപ്പറയെടി... അവളുടെ സ്നേഹനിധിയായ ഏട്ടൻ മകളെ സ്നേഹിച്ചു കൊല്ലുവാണെന്ന്... എന്താ ധൈര്യമില്ലല്ലേ... ഇനി നീ പറഞ്ഞാലും അവള് വിശ്വസിക്കില്ലെടി... കാരണം... ദൈവത്തിനു തുല്യമായാ എന്റെ പെങ്ങൾ ഈ ഏട്ടനെ കാണുന്നത്... രവി ആത്മവിശ്വാസത്തോടെ പറഞ്ഞു.. എന്നിട്ടാണോ മാമ എന്നെ ഈ വൃത്തികെട്ട കണ്ണുകൊണ്ട് കാണുന്നത്...

അശ്വതിയെപ്പോലെ കാണേണ്ടതല്ലേ എന്നെയും.... നീ പറഞ്ഞത് ശരിയാ മോളേ... പക്ഷേ ഒരു തിരുത്തുണ്ട്... അശ്വതിയെപ്പോലെ ഒരിക്കലും നിന്നെ കാണാൻ കഴിയില്ല... അവള് ജനിക്കും മുൻപേ... നോക്ക്... ദേ... ഈ കൈക്കുള്ളിൽ ഏറ്റുവാങ്ങിയതാ മാമ നിന്നെ... അന്നുമുതൽ താഴത്തും തറയിലും വയ്ക്കാതെയാ ഞാൻ നിന്നെ നോക്കിയത്... അശ്വതി പരതി പറയാറില്ലേ... അച്ഛന് കാന്തി ചേച്ചിയോടാ കൂടുതലിഷ്ടമെന്ന്.. അത് ശരിയാടി മോളേ... നിന്റെ ഓരോ വളർച്ചയും എത്ര സന്തോഷത്തോടെയാണെന്നോ ഞാൻ നോക്കിക്കാണുന്നത്... അയാളുടെ മുഖം കൂടുതൽ വന്യമായി... അതുകാൺകേ കാന്തിയിൽ ഭയം വർധിച്ചു... നിങ്ങളുടെ ഉദ്ദേശം നടക്കില്ല മാമേ... എനിക്ക് ജീവനുള്ളപ്പോൾ ഇനി നിങ്ങൾക്കെന്നെ ഒന്നും ചെയ്യാനാകില്ല... അവൾ വിറച്ചുകൊണ്ട് പറഞ്ഞു.. നടക്കും.... നീ എനിക്കുള്ളതാണ്... ഈ രവി ആഗ്രഹിച്ചതൊന്നും കിട്ടാതിരുന്നിട്ടില്ല... അതിൽ പ്രധാനം നീതന്നെയാ കാന്തി... കൂടുതൽ വിളച്ചിലെടുത്താൽ നിന്റെ സമ്മതമൊന്നും നോക്കില്ല... ഓർമയുണ്ടല്ലോ മുൻപ് നടന്നതൊക്കെ... അതുകൊണ്ട്.. പുതിയ കൂട്ടും ആൾക്കാരെയുമൊക്കെ കാണുമ്പോൾ ഈ രവിയുടെ മുഖം കൂടി ഓർക്കുന്നത് നല്ലതാ... ഞാൻ അറിയാത്തതൊന്നും വേണ്ട.... ഒരു താക്കിതോടെ പറഞ്ഞുകൊണ്ടയാൾ കാറ്റ് പോലെ പുറത്തേയ്ക്കിറങ്ങി.. കേട്ട വാക്കുകൾ പുതുമയുള്ളതല്ലെങ്കിലും...

മനപ്പൂർവം മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് തള്ളിയിട്ടവ വീണ്ടും വീണ്ടും മിഴിവോടെ തെളിയുമ്പോൾ സ്വയം ദഹിപ്പിക്കാൻ തോന്നിയവൾക്ക്... കവിളുകളെ നനച്ചിറങ്ങിയ കണ്ണുനീർതുള്ളികൾ കൽപ്പാദങ്ങളിൽ പതിക്കവേ മെല്ലെയവൾ വാതിൽക്കലേയ്ക്ക് നടന്നു.... കൈകൾ ലോക്കിലേയ്ക്കു നീളവേ അമ്മയുടെ വാക്കുകൾ ചെവിയിൽ പ്രകമ്പനം കൊണ്ടു... കൈകൾ പിൻവലിച്ചുകൊണ്ട് ഡോർ അൽപ്പം തുറന്നിട്ട്‌ ബാത്‌റൂമിൽക്കയറി കതകടച്ചു.. ഷവറിന് നേരെനിന്നു ടാപ് തുറന്നു... വെള്ളം ദേഹം നനച്ചിറങ്ങുമ്പോൾ കണ്ണുനീരും അതിനൊപ്പം മത്സരിച്ചുകൊണ്ടിരുന്നു.. വെള്ളത്തിന്റെ തണുപ്പിനെക്കാളും കാഠിന്യം ഉള്ളിൽ ആലിക്കതുന്ന തീയ്ക്കായിരുന്നു... അപ്പോഴും രവിയുടെ വാക്കുകൾ അവളെ പഴയ ഓർമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.... കാന്തിയ്ക്കു നാലുവയസാകാറായപ്പോഴാണ് ലതിക കിച്ചനെ ഗർഭം ധരിക്കുന്നത്...

കൃഷ്ണന്റെ വീട്ടിൽ ലതികയ്ക്ക് അത്രസുഖമുള്ളോരന്തരീക്ഷമായിരുന്നില്ല.. അതുകൊണ്ടുതന്നെ കാന്തിയെ കുടുംബവീട്ടിൽ അമ്മയ്‌ക്കൊപ്പം നിർത്തിയാണ് അവൾ കൃഷ്ണന്റെ വീട്ടിലേയ്ക്കു പോയത്... കൃഷ്ണൻ അന്ന് പ്രവാസജീവിതത്തിൽ ആയിരുന്നു... അത്യാവശ്യം നന്നായി വെള്ളമടിയും ദൂർത്തും കടമല്ലാതെ കാര്യമായ ലാഭമൊന്നും അവർക്കുണ്ടാക്കിയിരുന്നില്ല... കാന്തിയ്ക്കു അമ്മമ്മയും അപ്പൂപ്പനും എന്നും സ്നേഹം നിറയുന്ന ഓർമയാണ്... തൊട്ടടുത്തുതന്നെ രവിയും കുടുംബവുമുള്ളതിനാൽ കുഞ്ഞു കാന്തിയെ അവർ കൂടുതൽ സമയവും അവർക്കൊപ്പം ആക്കിയിരുന്നു.. കാരണം അപ്പൂപ്പൻ ചെറിയ രീതിയിലൊരു കട നടത്തുന്നുണ്ട്.. ഭാര്യ അംബികയും രാവിലെ ഭർത്താവിനൊപ്പം കടയിലേയ്ക്ക് പോകും... സ്നേഹമുള്ള മാമയുടെ തലോടലുകൾ ആദ്യം ആസ്വദിച്ചിരുന്നെങ്കിലും അതിടയ്ക്ക് നൽകുന്ന വേദനയും ആരോചാകത്വവും ആ കുഞ്ഞുമനസ്സിൽ പതിയെ ഭയമായി മാറി... പഴയപോലെ രവിയെ അവൾ അടുപ്പിക്കാതെയായി... മിക്കവാറും വാശിപിടിച്ചു അമ്മുമ്മയ്‌ക്കൊപ്പം കടയിൽ പോയിത്തുടങ്ങി.. സാവിത്രിയുടെ മറപറ്റി നടക്കാൻ തുടങ്ങി... അതിന്റെ പ്രതിഫലം രവി ആ എഴുവയസ്സുകാരിയിൽ ഒരിക്കലും മറക്കാനാവാത്ത നോവായി നൽകി.. സാവിത്രിയെ പ്രസവത്തിനായി നാട്ടിൽ കൂട്ടിക്കൊണ്ടുപോയ സമയത്ത് ഒരിക്കൽ അതി ക്രൂരമായിത്തന്നെ ആ കുഞ്ഞിനെ അയാൾ കീഴടക്കി...

എത്ര സമയം വെള്ളത്തിനു കീഴിൽ നിന്നെന്നറിയില്ല.. ദേഹം നനഞ്ഞു വിറയ്ക്കാൻ തുടങ്ങിയപ്പോഴാണ് കാന്തി ഓര്മകളിൽനിന്നും ഞെട്ടിയുണർന്നത്... അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഓടിയോളിക്കുകയായിരുന്നു... ഇടയ്ക്കിടെ പതിയുന്ന വന്യമായ നോട്ടങ്ങളിലും തലോടലിലും സഹനത്തോടെ നിൽക്കുമെങ്കിലും വീണ്ടുമൊരിക്കൽക്കൂടി തന്നിൽ ആധിപത്യമുറപ്പിക്കാൻ അയാളെ അനുവദിച്ചിരുന്നില്ല... ഇനിയും പിടിച്ചുനിൽക്കാൻ കഴിയുമോയെന്നറിയില്ല... കൗശലക്കാരനായ ആ മാന്യനെക്കുറിച്ച് പറഞ്ഞാൽ അയാൾ പറഞ്ഞതുപോലെ പെറ്റമ്മപോലും തന്നെ വിശ്വസിക്കില്ലെന്നവൾക്കറിയാം... അതോടെ തകരും തന്റെ കുടുംബവും താനുമെല്ലാം.... ഭയമില്ലാതെ ഒന്നുറങ്ങിയതുപോലും ഹോസ്റ്റലിൽ തങ്ങിയ ഈ ഒരുമാസക്കാലമാണ്.. വയ്യ...ഓടിതളർന്നു.... സ്വപ്നത്തിലെപ്പോലെ എന്നെ താങ്ങാൻ സുരക്ഷിതമായൊരു കരമുണ്ടാകുമോ.. ദേവീ... അവൾ നിലത്തേയ്ക്കിരുന്നുകൊണ്ട് മുട്ടുകളിൽ മുഖമൊളിപ്പിച്ചു... ( തുടരും....... )

ഇതാ ഒരു പുതിയ കഥയുമായി ഞാൻ വീണ്ടും........ മറ്റ് രണ്ടു സ്റ്റോറി പോലെ ഇതിനെ ഒരിക്കലും വായിച്ചുതുടങ്ങരുതേ... കാരണം കുറച്ചു ഭാവനയ്ക്കൊപ്പം വേദനിപ്പിക്കുന്ന ഒരു റിയാലിറ്റി കൂടിയാണ് ഞാൻ എഴുതിപ്പോകുന്നത്... വെറുമൊരു ക്ലിഷേ പ്രണയമോ അതുമല്ലെങ്കിൽ ഫുൾ ഹാപ്പി going ഒന്നും ഇതിൽ കാണില്ല... ഇഷ്ടമായില്ലെങ്കിൽ ക്ഷമിക്കുക... വായിക്കുമ്പോൾ കുറച്ചുപേർക്കെങ്കിലും തോന്നും ഇങ്ങനെയും ഇന്നത്തേപെൺപിള്ളേർ സഹിക്കുമോയെന്ന്.. അല്ലെങ്കിൽ എന്റെ മനസ്സിന്റെ വന്യതയിൽ ഉൾതിരിഞ്ഞൊരു ആശയം വരച്ചിടുകയല്ലേയെന്ന്... പക്ഷേ... സത്യത്തിന്റെ മുഖംമൂടി വികൃതമാണെന്ന് പറയുംപോലെ... ഇതുപോലെ ഒരുപാട് കാന്തിമാർ നമ്മുടെ സമൂഹത്തിൽ ജീവയ്ക്കുന്നുണ്ട്.. ചിലർ തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഇരയായി ജീവിക്കുന്നു... എന്നാൽ 90% വെളിപ്പെടുത്താൻ ഭയന്നു തങ്ങളിൽത്തന്നെ സത്യങ്ങൾ കുഴിച്ചുമൂടി നീറി കാലം കഴിക്കുന്നു... ഇതുവായിക്കുന്ന ചിലർക്കെങ്കിലും കാന്തിയെ തന്നിൽ കാണാൻ കഴിയും... അതുമല്ലെങ്കിൽ നമ്മുടെ കുരുന്നുകൾക്കും ചിലപ്പോൾ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്നുണ്ടായിരിക്കാം... നമ്മളറിയാതെ... അത് പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുട്ടികളും... സ്വീകരിക്കുമെന്ന വിശ്വാസത്തോടെ തുടങ്ങിവെക്കുന്നു... നിങ്ങളുടെ അഭിപ്രായം തീർച്ചയായും കുറിക്കണേ.. സ്മൈലി അല്ലാതെ രണ്ടുവാക്ക്...

Share this story