🌻സൂര്യകാന്തി 🌻: ഭാഗം 12

Sooryakanthi mizhi

രചന: മിഴി

ആ ചൂട്.... താൻ സ്വപ്നത്തിൽ അഭയം തേടാറുള്ള ആ സാമീപ്യം.... ആ അനുഭൂതി.... തന്നെ തഴുകുന്നതായി കാന്തിയ്ക്കു തോന്നി... ബോധം മറഞ്ഞുപോകുംപോലെ തളരുമ്പോഴും ആ മാറിൽ മുഖമൊളിപ്പിച്ചു അവന്റെ പുറത്ത് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... ആശ്രയമെന്നപോലെ.... ആശ്വാസത്തോടെ.... തന്റെ നെഞ്ചോരം ചേർന്നു മിടിയ്ക്കുന്ന അവളുടെ ഉയർന്ന ഹൃദയതാളം ആ പെണ്ണിനുള്ളിലെ ഭയത്തിന്റെ ആധിക്യം വിളിച്ചോതുന്നുണ്ടായിരുന്നു. ഒരുവേള കുഞ്ഞിലും കാന്തിയിലുമായവൻ ചുരുങ്ങിപ്പോയി... അവിടെ രണ്ടുപേരോടും ഒരുപോലെ ഉള്ളിൽ ആണപൊട്ടുന്ന വാത്സല്യമവനറിഞ്ഞു.. ആരുമില്ലെന്ന ഉറപ്പിൽ തന്നെപാടെ അവഗണിച്ചുള്ള അവളുടെ നിൽപ്പുകണ്ടപ്പോൾ ആവേശത്തിൽ ചെയ്തുപോയതാണ്... നാട്ടിൽ ഇരുപ്പുറയ്ക്കാതെ ഇടയ്ക്ക് കോളേജിലേയ്ക്ക് വന്നു കാന്തി അറിയാതെ അവളെ നിരീക്ഷിക്കുമായിരുന്നു.. അങ്ങനെ ഒരിക്കൽ വന്നപ്പോൾ യാദൃശ്ചികമായി പരിചയപ്പെട്ടതാണ് ഇവിടുത്തെ പ്യൂണിനെ ... അയാൾക്ക്‌ കുറച്ചു കാശ് കൊടുത്തു സ്വന്തം വരുതിയിലാക്കി..

അയാൾ വഴി അറിഞ്ഞതാണ് സൂര്യനും വിഷ്ണുവുമായുള്ള കഥകളും... കുഞ്ഞുമായുള്ള അടുപ്പവുമൊക്കെ.. കൈവിട്ടുപോകുമോയെന്ന ആശങ്ക കൂടിയപ്പോൾ ലതികയെ പറഞ്ഞു പിരികേറ്റി കൊണ്ടുവന്നു.. എല്ലാം തന്റെ കൈയിൽ ഭദ്രമായെന്നു ഉറപ്പിച്ച നിമിഷമാണ് സൂര്യന്റെ വരവ്.... രവി ഒരുനിമിഷത്തെ പതർച്ച മറച്ചു സൂര്യന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുന്ന കാന്തിയെ നോക്കി... എങ്ങികരയുന്ന കാന്തിയെ സൂര്യൻ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നുണ്ട്... ചുറ്റുമുള്ളതൊന്നും അവരെബാധിക്കാത്ത പോലെ... ഡീ.... ഉള്ളിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം മൂർദ്ധന്യത്തിലെത്തിയപ്പോൾ അലറിക്കൊണ്ടയാൾ അവർക്കടുത്തേയ്ക്കു പാഞ്ഞു... ഒറ്റപ്പിടിയാലേ തിരിച്ചുനിർത്തി മുഖമടച്ചൊന്നു കൊടുത്തു... വലം കൈയാൽ കവിളിൽ പൊത്തിപ്പിടിച്ചു രവിയുടെ കൈയമർന്ന ഇടം കൈ പറ്റുന്നവിധത്തിൽ വിടുവിക്കാൻ നോക്കി കാന്തി നിസ്സഹായതയോടെ സൂര്യനെ നോക്കി.. എന്താടി ഞാൻ ഒന്നു പിടിച്ചപ്പോൾ സഹിക്കാൻ പറ്റില്ലല്ലോ.. ഇവനെ ഒട്ടിനിന്നപ്പോൾ ഈ അസ്വസ്ഥതയൊന്നും കണ്ടില്ലല്ലോ..?

രവി ഇരുവരെയും അമർഷത്തോടെ നോക്കി ചോദിച്ചു.. ഡോ... താനിതെന്തൊക്കെയാ ഈ പറയുന്നത് ? തോന്നിവാസം കാണിച്ചതും പോരാഞ്ഞിട്ട് നിന്ന് പ്രസംഗിക്കുന്നോ ? അവളുടെ കയ്യിന്നു വിടെടോ ? സൂര്യൻ രവി മുറുകെപ്പിടിച്ചിരിക്കുന്ന കാന്തിയുടെ കൈയിൽ പിടിച്ചു അവളെ മോചിപ്പിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.. എന്നാൽ കുഞ്ഞിരിക്കുന്നത് കാരണം ബലം കൊടുക്കാനും കഴിയുന്നില്ല... ആഹാ... കൊള്ളാം.. നല്ല ബെസ്റ്റ് ചോദ്യം... ഇപ്പൊ ചോദിച്ചത് ഞാൻ അങ്ങോട്ട് വേണം ചോദിക്കാൻ... എന്റെ അനന്തിരവളെ കേറി കെട്ടിപ്പിടിക്കാനും ആശ്വസിപ്പിക്കാനും നിനക്കാരാടാ അധികാരം തന്നേ..? യെഹ്..? രവി ഒട്ടും വിട്ടുനൽകാൻ ഉദ്ദേശമില്ലാത്തപോലെ പിടുത്തം കുറച്ചുകൂടി മുറുക്കി മറുകൈയാൽ സൂര്യയുടെ കൈപിടിച്ചു മാറ്റി... വേണ്ടായെന്ന രീതിയിൽ ചൂണ്ടുവിരൽ ചലിപ്പിച്ചു.. ഏട്ടാ... എന്താ ഇവിടെ പ്രശ്നം? ക്ലാസ്സിലേയ്ക്ക് പോയ സൂര്യനെക്കാണാതെ തിരക്കിവന്ന വിഷ്ണു രവി ചൂടാകുന്നത് കണ്ടു അവിടേയ്ക്കു വന്നു തിരക്കി.. ഒപ്പം കരഞ്ഞുതളർന്നു നിൽക്കുന്ന കാന്തിയെക്കണ്ടപ്പോൾ രംഗമൊട്ടും പന്തിയല്ലെന്ന് മനസ്സിലായി...

ആഹാ... അടുത്താളും എത്തിയല്ലോ..? നീയാള് കൊള്ളാല്ലോടി രണ്ടു പേരെയും ഒരുപോലെ മയക്കി കുപ്പിയിലാക്കിയല്ലേ..? രവി വഷളൻ ചിരിയോടെ കാന്തിയോടായി പറഞ്ഞു... കേട്ട അറക്കുന്ന വാക്കുകളിൽ നിയന്ത്രണം നഷ്ടപ്പെട്ട വിഷ്ണു പൊട്ടിത്തെറിച്ചുകൊണ്ട് രവിയുടെ അടുത്തേയ്ക്കു പാഞ്ഞു... വിഷ്ണു.... സൂര്യൻ അവനെ തടഞ്ഞുകൊണ്ട് മാറ്റിനിർത്തി... ശേഷം കുഞ്ഞിനെ അവനെ ഏൽപ്പിച്ചു... ബലമായി കാന്തിയുടെ കൈകൾ അയാളിൽനിന്നും മോചിപ്പിച്ചു... അവളെ തന്നോട് ചേർത്തുനിർത്തി... ഇതുവരെ തന്നേ കൈവയ്ക്കാതിരുന്നത് നിങ്ങൾ കുറച്ചു മുൻപേ പറഞ്ഞ ഇവളുമായുള്ള ബന്ധം ഓർത്തതുകൊണ്ട് മാത്രമാണ്.. പക്ഷേ തൊട്ടുമുന്നേ കണ്ട പ്രവർത്തിയും ഇപ്പോൾ പുറത്തുവന്ന അറയ്ക്കുന്ന വാക്കും ആണത്വം ഉള്ളൊരാൾക്കും കേട്ടുനിൽക്കാനാകില്ല... അതുകൊണ്ട് ഇനിയും നിന്ന് സീനുണ്ടാക്കാതെ പോകാൻ നോക്ക്....

താക്കീതോടെ സൂര്യൻ പറഞ്ഞു... അതേടാ... പോകാൻ തന്നാ വന്നത്.... പോകുമ്പോൾ കൂടെ ഇവളും കാണും.. പിന്നെ... നീയെല്ലാം കണ്ട സ്ഥിതിയ്ക്ക് ഒന്നും മറയ്ക്കുന്നുമില്ല.... ദേ... ഈ നിൽക്കുന്ന കാന്തിയെ... എന്റെ അനന്തിരവളെ എനിക്ക് വല്യ ഇഷ്ടാ... ഇഷ്ടമെന്ന് വെച്ചാല് അസ്ഥിയ്ക്കു പിടിച്ച ഇഷ്ടം... അതുകൊണ്ട് ഇനിയും ഇവിടെ നിർത്തി നിനക്കൊന്നും കൂടെ അഴിഞ്ഞാടാൻ വിടാൻ ഉദ്ദേശമില്ല... അതുകൊണ്ട് മോൻ ഇവളെയങ്ങു മറന്നേക്ക്... ഇവളെ..ഈ രവി വളർത്തുന്ന മുതലാ... അത് വേറെ ആരും അനുഭവിക്കുന്നത് എനിക്കിഷ്ടമല്ല... പറയുന്നതിനൊപ്പം അവളെ ബലമായി അവനിൽനിന്ന്നും പിടിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു... എന്നാൽ സൂര്യൻ അവളെ രവിയിൽ സംരക്ഷിച്ചു പൊതിഞ്ഞുകൊണ്ട് തിരിഞ്ഞുനിന്നു... കാന്തീ.... ലതികയുടെ ഒച്ച ക്ലാസ്സിലാകെ മുഴങ്ങി.. അവർക്കുപിന്നിലായി ഒന്നും മനസ്സിലാകാതെ സ്വാതിയുമുണ്ട്... സൂര്യന്റെ കൈകൾക്കുള്ളിൽ നെഞ്ചിൽചേർത്തുപൊതിഞ്ഞുപിടിച്ചിരിക്കുന്ന കാന്തിയും... അവരെ തടഞ്ഞുകൊണ്ട് കാന്തിയെ അവനില്നിന്നും അടർത്തിമാറ്റാൻ ശ്രമിക്കുന്ന രവിയും... ഒരുനിമിഷത്തെ അന്താളിപ്പിനോടുവിൽ അവർ കാറ്റുപോലെ ക്ലാസ്സിലേയ്ക്ക് കയറി.. ലതികയുടെ വിളിയിൽ രവിയൊന്നു പതറി...

എന്തെങ്കിലും കണ്ടോ കേട്ടോ കാണുമോയെന്നമ്പരന്നു... എന്നാൽ നോട്ടം സൂര്യനിലും കാന്തിയിലുമാണെന്നറിഞ്ഞപ്പോൾ ആശ്വാസത്തോടെ കുടിലതയുടെ കെട്ടഴിച്ചു.. അപ്പോഴേയ്ക്കും സൂര്യൻ കാന്തിയെ വേർപ്പെടുത്തി... അമ്മയെത്തിയല്ലോയെന്ന ആശ്വാസമായിരുന്നു അവനിലെങ്കിൽ... ഇനിയെന്തെന്ന ആശങ്കയായിരുന്നു കാന്തിയിൽ... കാരണം മറ്റൊന്നുമല്ല രവി പാലെന്നു പറഞ്ഞു വെള്ളം കാണിച്ചാലും കണ്ണുമടച്ചു കുടിക്കുന്ന ആളാണ്... അതുമല്ല ഇങ്ങോനൊരു അവസ്ഥയിൽ തന്നെചൊല്ലി സൂര്യസാറും കൂട്ടുകാരുമൊക്കെ പഴികേൾക്കേണ്ടിവരുമല്ലോയെന്ന സങ്കടവും... എന്താടീ... ഇതൊക്കെ.... എല്ലാരും പറഞ്ഞപ്പോഴും.. പലതും കണ്ടപ്പോഴും ഒത്തിരിവട്ടം ഉള്ളിൽ പറഞ്ഞു വിശ്വസിപ്പിച്ചു.. എന്റെ മകൾ ഇങ്ങനൊന്നുവഴിതെറ്റിപ്പോകില്ലെന്ന്... ഈ അമ്മയ്ക്ക് നാണക്കേടുണ്ടാക്കില്ലെന്ന്... ആ.. എന്നെനീ തോൽപ്പിച്ചുകളഞ്ഞല്ലോടീ...

അവർ പതപറഞ്ഞു കരഞ്ഞു... അമ്മാ.... ഞാനൊന്നും ചെയ്തില്ല.. ഈ മാമ... കാന്തി രവിയേചൂണ്ടി പറഞ്ഞുതുടങ്ങിയതും ഇടയ്ക്ക് കയറി അയാൾ തടഞ്ഞു... ഒന്നും ചെയ്തില്ല..... ഇവൾ നമ്മളെ പറ്റിക്കുവാർന്നു ലതേ... കൂടെ വരാൻ പറഞ്ഞതിന് ഇവൾ ഇവനോടൊപ്പം ചേർന്ന്.... അയാൾ ഒരുകൈയാൽ മുഖം പൊത്തി സങ്കടപ്പെട്ടുകൊണ്ട് ലതികയുടെ തോളിൽ കൈകൾ ചേർത്തു.. ഏട്ടാ.... വിഷമിക്കാതെ... എല്ലാം എനിക്ക് ബോധ്യമായി... എന്റെ തെറ്റാ... ഇവളുടെ വാക്ക് കേട്ട് ഇത്രയും ദൂരെ പറഞ്ഞയച്ചു... അവർ രവിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു... അമ്മാ... ഞാൻ.... കാന്തി നിസ്സഹായതയോടെ വിളിച്ചു.. വേണ്ട... നീയിനിയൊന്നും പറയണ്ട... ഇനിയെല്ലാം ഞങ്ങൾ പറയും.. നീ അനുസരിക്കും... പോ... പോയി ബാഗ് എടുത്തുവാ.. പോകാം.. അവർ കാന്തിയെ വിലക്കിക്കൊണ്ട് പറഞ്ഞു... സ്വാതിയും വിഷ്ണുവും എന്തുചെയ്യുമെന്നറിയാതെ നിന്നു.... സത്യമെന്തെന്നറിയാതെ നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്...? ഞാൻ വന്നപ്പോൾ ഇയാൾ കാന്തിയെ.. എനിക്ക് പറയാൻപോലും കഴിയില്ല...

സൂര്യൻ കുറച്ചു ദേഷ്യത്തിലും എന്നാൽ അവസാനം അവളുടെ അവസ്ഥയിൽ സങ്കടത്തോടെയും പറഞ്ഞു... ആഹ്... സത്യം നീ കണ്ടില്ലേ ലതേ... രണ്ടും കൂടി കെട്ടിപ്പിടിച്ചു നില്ക്കുന്നെ... ഇനി എന്തേലും പറഞ്ഞു ഇവളെ ഇവിടെ നിർത്താനുള്ള പരിപാടിയാ... അതിനു ഇത്രയും വല്യ കള്ളം പറയേണ്ടിയിരുന്നോ... നിനക്കറിയാല്ലോ മോളേ.. ഇവളെ എന്റെ സ്വന്തം മോളെക്കാൾ കാര്യമായിട്ടാ നോക്കുന്നെ... അതീവ ദുഖത്തോടെ അയാൾ കണ്ണുനീർ തുടച്ചു.. സ്വാതി ഞെട്ടലോടെ രവിയേനോക്കി... അപ്പോൾ എന്റെ കാന്തിയെ വേട്ടയാടുന്ന സിംഹം ഇയാളായിരുന്നോ ? പക്ഷേ.... എങ്ങനെ... എങ്ങനെ തോന്നിയിയാൾക്ക് സ്വന്തം രക്തബന്ധത്തെ.. മകളായി കാണേണ്ടവളെ കാമക്കണ്ണോടെ നോക്കാൻ.. ഇടറുന്ന കാലടികളോടെ അവൾ കാന്തിയ്ക്കരുകിലേയ്ക്ക് ചെന്നു.. അവളെ മുറുകെപ്പിടിച്ചു... രവിയിലെ നടനെ രോഷത്തോടെയും അതിലേറെ അത്ഭുതത്തോടെയും നോക്കിക്കാണുകയായിരുന്നു വിച്ചുവപ്പോൾ.. സ്വന്തം മകളേക്കാൾ വിശ്വാസമാണോ അമ്മേ ? ഈ പാവം ഓരോനിമിഷവും പേടിച്ചിട്ടാണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്... ഇപ്പോൾ ഇത്രയുംദൂരം ഓടിയൊളിച്ചതുപോലും ഇയാളെ പേടിച്ചിട്ടാണ്... ഇപ്പോൾ ഇവളെ രക്ഷിക്കുകയല്ല..

ജീവിതം നശിപ്പിക്കാനാണ് ഈ കൂട്ടിക്കൊണ്ട് പോകുന്നത്... അമ്മയ്ക്ക് മുന്നിൽ തലകുമ്പിട്ട് നിർവികാരയായി നിൽക്കുന്ന കാന്തിയെ ചേർത്തുപിടിച്ചു സ്വാതി പറഞ്ഞു.. കാന്തി ഞെട്ടി അമ്മയേനോക്കി.. ഇത്രയുംനാളും താൻ പറയാൻ മടിച്ചു ഉള്ളിലൊതുക്കിയ രഹസ്യം.. ഇപ്പോളിതാ പുറത്തുവന്നിരിക്കുന്നു.. എന്നാൽ സ്വാതി കാണിച്ച ചങ്ക്കൂട്ടം ഇപ്പോഴും ഒന്നും തുറന്നുപറയാൻ തനിക്കില്ലല്ലോയെന്നവൾ പരിതപിച്ചു... എന്നാൽ തൊട്ടടുത്തനിമിഷം ലതികയുടെ വാക്കുകൾ അവളുടെ നേരിയ പ്രതീക്ഷപോലും കെടുത്തി.. എന്താണ് സത്യമെന്നൊക്കെ ഞാൻ നേരിട്ട് കണ്ടതാണ്... അല്ലെങ്കിൽ കൂടി എന്നെ വിശ്വസിപ്പിക്കാൻ ഇത്രയും പാപം പറഞ്ഞുകൂട്ടേണ്ട.... കുട്ടി പറയുന്നതൊക്കെ ഇവളിൽ നിന്ന് കേട്ടതല്ലേ... എന്നാൽ അതല്ല സത്യം... ഈ മനുഷ്യൻ ഞങ്ങൾക്ക് ആരാണെന്നറിയാമോ ? ദൈവതുല്യനാണ്... ജീവിതം വഴിമുട്ടിയപ്പോഴൊക്കെ പ്രത്യാശ നൽകിയവനാണ്... സഹോദരിയെക്കാൾ മകളായാണ് എന്നെ കണ്ടിട്ടുള്ളത്.. അങ്ങനെയുള്ള ഏട്ടനെപ്പറ്റി ഇനിയൊന്നും പറയരുത്.. ദൈവം പോലും പൊറുക്കി

ലതിക കിതപ്പോടെ പറഞ്ഞുനിർത്തി...എന്നാൽ വെറുപ്പോടെ കാന്തിയെ ഉഴിഞ്ഞുനോക്കി.. സഹോദരനോടുള്ള അന്ധമായ വിശ്വാസത്തിൽ സ്വന്തം മകളെപ്പോലും തള്ളിപ്പറയുന്ന ലതികയെ സഹതാപത്തോടെ മാത്രമേ അവർക്കു നോക്കിക്കാണാൻ ആയുള്ളൂ... അത്രയ്ക്കും മികച്ച സൂത്രദരനാണ് രവി.. ഇരയെ കെണിവെച്ചു പിടിക്കാൻ മിടുക്കൻ... അമ്മയുടെ പ്രതികരണം തനിക്ക് അനുകൂലമാകില്ലെന്നറിയാമായിരുന്നെങ്കിലും ഇത്രയും തന്നേ തകർക്കുന്ന പ്രതികരണമവൾ ഒട്ടും പ്രതീക്ഷിച്ചില്ല... കുടിലതയോടെ തന്നേ നോക്കുന്ന രവിയെ കാൺകെ ഉള്ളം വീണ്ടും മുറവിളികൂട്ടി... താൻ നടന്നുകയറാൻ പോകുന്നത് നാശത്തിലേയ്ക്കാണെന്നവളുടെ മനം അലമുറയിട്ടു... ഇനിയെന്ത് നോക്കി നിൽക്കുവാ നീ... എന്താ എടുക്കേണ്ടെന്നു വെച്ചാൽ എടുത്തോണ്ട് വാ.. മതി എല്ലാം...

ഏട്ടനെ ഇത്രയും അപമാനിച്ച നിന്നെയിനി കാണുക കൂടി വേണ്ടയെനിക്ക് .. എങ്കിലും മകളായിപ്പോയില്ലേ ഉപേക്ഷിക്കാൻ കഴിയില്ലല്ലോ... വാ.. പോകാം... ആരെയും നോക്കാതെ പറഞ്ഞുകൊണ്ട് ലതിക പുറത്തേയ്ക്കു നടന്നു... ഓഫീസിനു മുൻപിലുള്ള ബെഞ്ചിൽ പോയി തളർന്നിരുന്നു... അപ്പോൾ പോകാമല്ലേ... ഞാൻ പറഞ്ഞതല്ലേ ഈ രവിയെ പൂട്ടാൻ പറ്റില്ലെന്ന്.... ഇനിയെന്ത് നോക്കി നിൽക്കാടി.. ഇങ്ങോട്ട് വാ... രവി കാന്തിയ്ക്കു നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.. പക്ഷേ പരിഹാസം നിറഞ്ഞ ചിരിയോടെ അവരെയൊന്നുഴിഞുനോക്കി... കാന്തി സ്വാതിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു... രക്ഷയ്‌ക്കെന്നപോലെ അവരിലേക്ക് മിഴികൾ പാറിനടന്നു....... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story