🌻സൂര്യകാന്തി 🌻: ഭാഗം 14

Sooryakanthi mizhi

രചന: മിഴി

ആഹ്... കഴിഞ്ഞോ സംസാരിച്ചു ... ഇനി പോകാല്ലോ അല്ലേ ? രവി സൂര്യനെയൊന്നു തറപ്പിച്ചുനോക്കി ചോദിച്ചു... ഇല്ല... പോകാൻ പറ്റില്ല... സൂര്യന്റെ ശബ്ദം അവിടെയാകെ മുഴങ്ങി.. എല്ലാപേരും അമ്പരന്നു അവനെത്തന്നെ നോക്കി... അമ്മേ.... നിങ്ങളൊന്നു ഓഫീസിലേയ്ക്ക് വരണം... ഇതൊരു പബ്ലിക് ടോപ്പിക്ക് ആക്കിയാൽ അത് നിങ്ങൾക്കും കോളേജിനും ഒരുപോലെ മോശമാണ്... കൂടി നിൽക്കുന്ന ആൾക്കാരെയൊക്കെ ഒന്നുനോക്കി ലതികയോടായി അവൻ സ്വരം താഴ്ത്തി പറഞ്ഞു.. ഒന്നുകെട്ടി ഒരുകൊച്ചുമുള്ള നീ... പഠിക്കാൻ വന്നൊരു പാവം പെങ്കൊച്ചിനെ കറക്കിയെടുത്തു കൊണ്ടുനടക്കുവല്ലേ...? കൂടെ ദേ ഇവനും... ഇതിലും കൂടുതൽ ഇനിയെന്ത് മോശം വരാനാണ് ? പിന്നെ ഈ നിൽക്കുന്നവരും അറിയട്ടെ കോളേജ് പ്രിൻസിപ്പലിന്റെ തനിനിറം.. രവി എല്ലാവരും കേൾക്കുമാറു സൂര്യനെയും വിഷ്ണുവിനെയും ചൂണ്ടി ചോദിച്ചു.. പ്രതികരിച്ചാൽ അയാളതും തുറുപ്പുച്ചീട്ടാക്കുമെന്നറിയാവുന്നതുകൊണ്ടു സൂര്യൻ കൂർപ്പിച്ചോന്നുനോക്കി ഉള്ളിലേയ്ക്ക് പോയി...

അവന് പുറകെ വിഷ്ണുവും സ്വാതിയും കാന്തിയ്ക്കടുത്തേയ്ക്ക് പോയി... സൂര്യനോ വിഷ്ണുവോ പ്രതികരിക്കുമെന്നും അതിൽപ്പിടിച്ചു വായടപ്പിച്ചു കാന്തിയുമായി പോകാമെന്ന രവിയുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അവരാരും പ്രതികരിച്ചില്ല.. മറിച്ച് ഓഫീസിൽ തന്നെയിരുന്നു.. കാന്തിയും കുഞ്ഞുമായുള്ള അടുപ്പം അറിയാവുന്ന മറ്റുസ്റ്റാഫുകളിൽ പലരും രവി പറഞ്ഞ കഥകൾ വിശ്വസിച്ചു.. പക്ഷേ ആർക്കും നേരിട്ടത്തിൽ ഇടപെടാനുള്ള ധൈര്യം വന്നില്ല... പെട്ടെന്നാണ് കോളേജ് ഗേറ്റ് കടന്നു പോലീസ് ജീപ്പ് വന്നുനിന്നത്... അതുകാൺകേ രവിയുടെയുള്ളിലൊരു മിന്നൽപിണർ പാഞ്ഞു... ഏട്ടാ..... ദേ.. പോലീസ്... ലതിക അമ്പരപ്പോടെ രാവിയോട് പറഞ്ഞു... മ്മ്... എല്ലാം നശിച്ചു ലതേ... അവൾക്കു അവനെവിട്ട് വരാൻ പറ്റില്ല... കള്ളം കൈയോടെ പിടികൂടിയില്ലേ നമ്മൾ.. അതിന്റെ ദേഷ്യമാ എന്നോട് തീർക്കുന്നെ... നല്ലകാലമത്രെയും കുടുംബത്തേമറന്നു പെങ്ങൾക്കും മക്കൾക്കുംവേണ്ടി ഉരുകിതീർന്ന ഈ ഏട്ടന് ഇതുതന്നെ വരണം... അതും ഇത്രെയും നാണംകെട്ട കുറ്റം തന്നെ ചാർത്തിത്തരണം ....

ഈ നിമിഷം ചത്താൽ മതിയെനിക്ക്.... നെഞ്ചിൽകൈവെച്ചു വേദനിയ്ക്കുംപോലെ രവി ലതികയെ നോക്കി പറഞ്ഞുകൊണ്ട് ബെഞ്ചിലേയ്ക്കിരുന്നു... ഏട്ടാ.... അയ്യോ... എന്താ പറ്റിയത് ? അവർ നെഞ്ചിടിപ്പോടെ അയാളുടെ നെഞ്ചിൽ തടവിക്കൊണ്ട് തിരക്കി... ഏയ്... ഒന്നുമില്ല ലതേ... എന്റെ അശ്വതിയേക്കാൾ സ്നേഹിച്ചതും നോക്കിയതുമൊക്കെ കാന്തിയെയാ... ആ മോളെ ഞാൻ തെറ്റായി നോക്കിയെന്നു കേട്ടപ്പോൾ സഹിക്കുന്നില്ലെടി... ഇനിയുള്ള കാലം ഈ അപമാനവും പേറി ജയിലിൽ കിടക്കണമല്ലോ ? ലതികയെ വിശ്വസിപ്പിക്കാൻ അയാൾ പണിപ്പെട്ടു... എന്താ ഏട്ടാ ഈ പറയുന്നത്...? അവൾ വിവരക്കേടിനെന്തേലും പറഞ്ഞെന്നുകരുതി ഏട്ടനെ ഞാൻ അവിശ്വസിക്കുമോ ? എനിക്കറിയാം ഇനിയെന്ത് വേണമെന്ന് ? ഏട്ടൻ എന്നോട് ക്ഷമിക്കണം... ഇനിയുമവളോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല... ഏട്ടൻ വാ... രവിയെയും പിടിച്ചുകൊണ്ടവൾ ഓഫീസിലേയ്ക്ക് കയറി.. അതേസമയം പോലീസ് പുറത്തുനിന്നവരെ വഴക്കുപറഞ്ഞു ഓടിച്ചു... കുറച്ചുപേർ ജീപ്പ് കണ്ടപ്പോഴേ പിരിഞ്ഞുപോയി...

രണ്ടു കൂട്ടരുടെയും ഭാഗം സി ഐ വിശദമായി കേട്ടു... എന്നാൽ രവി കാന്തിയോട് മോശമായി പെരുമാറുന്ന കാര്യം സൂര്യൻ പറഞ്ഞില്ല... അത് രവിയ്ക്ക് ആശ്വാസമായെങ്കിലും അവളെ കൂട്ടിപ്പോകാനുള്ള പഴുതടയുമോയെന്നയാൾ ഭയന്നു... നോക്കൂ... നിങ്ങൾ രണ്ടു പേരുടെയും ഭാഗം കേട്ടുകഴിഞ്ഞു... ഇതൊരു പരാതിയിലേയ്ക്കും നടപടിയിലേയ്ക്കും കൊണ്ടുപോകേണ്ടെന്നാണ് എന്റെ അഭിപ്രായം... ഇരുകൂട്ടരേയും ഒന്നുനോക്കി സി ഐ രാമചന്ദ്രൻ പറഞ്ഞു... സർ... എനിക്കും ഒരു പരാതിയായി മുന്നോട്ട് പോകാൻ താല്പര്യമില്ല... ഈ കുട്ടിയ്ക്ക് പഠിക്കണമെന്നാണ് ആഗ്രഹം.. എന്നാൽ ഇവർ തെറ്റിദ്ധാരണയുടെ പേരിൽ ഇവളെ ബലമായി കൊണ്ടുപോകാനാണ് ശ്രെമിക്കുന്നത്.. സൂര്യൻ രാമചന്ദ്രനോട് പറഞ്ഞു... അതല്ല സർ... ഇനിയും ഇവിടെ തുടർന്നാൽ ഞങ്ങടെ കൊച്ചിന്റെ ഭാവി പോകും... സ്നേഹം കാണിച്ചു അടുപ്പിച്ചിട്ട് ഒടുക്കം എന്തേലും പറ്റിപ്പോയാല് ഞങ്ങൾക്കാണ് നഷ്ടം... രവി മാക്സിമം വിനയത്തിൽ രാമചന്ദ്രനോട് പറഞ്ഞു.. ആ... ഇവിടിപ്പോൾ എനിക്ക് മുഖ്യം ദേ..

ഈ പെങ്കൊച്ചിന്റെ മൊഴിയാണ്... സൊ.... ഐ വാണ്ട്‌ ടു ടോക്ക് ഹേർ... അയാൾ കാന്തിയെ നോക്കി പറഞ്ഞു... ഒപ്പം എഴുന്നേറ്റു പുറത്തേയ്ക്കു നടന്നു. പരിഭ്രമിച്ചു നിൽക്കുന്ന കാന്തിയെനോക്കി തുടർന്നു... മോള് പേടിക്കണ്ട... ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ മാത്രം മതി.. ഒന്നു പുറത്തേയ്ക്കു വരൂ... എന്താ.. ഒറ്റയ്ക്ക് വരാൻ പേടിയാണോ ? എങ്കിൽ കൂട്ടുകാരിയെക്കൂടി വിളിച്ചോളൂ... സ്വാതിയോടൊപ്പം പുറത്ത് പൂന്തോട്ടത്തിൽ നിൽക്കുന്ന രാമചന്ദ്രനടുത്തേയ്ക്ക് നടക്കുമ്പോൾ ശരീരം വിറകൊണ്ടിരുന്നു... തണുത്തുറഞ്ഞ കൈകൾ സ്വാതിയുടെ കൈത്തണ്ടയിൽ മുറുകിയിരുന്നു... മനസ്സിന്റെ പിരിമുറുക്കം... ഒന്നും തീരുമാനിയ്ക്കാനാകാത്ത അവസ്‌ഥ.. ആ പെണ്ണിന്റെ ഉള്ളം ഇളക്കി മറിച്ചുകൊണ്ടിരുന്നു... എന്റെ മോളെ... നീയിങ്ങനെ ടെൻഷൻ അടിക്കാതെ.. ആ ദുഷ്ടന്റെ തനിനിറം പറയാൻ പറ്റാത്തതിൽ വിഷമമുണ്ട്... പക്ഷേ.. എനിക്കറിയാടീ... അതിനെതുടർന്നുള്ളതൊന്നും സഹിക്കാൻ എന്റെ കൊച്ചിന് പറ്റില്ലെന്ന്.... അല്ലെങ്കിലും വേണ്ട.. എന്റെ കാന്തിയെ ആരും മോശമായി നോക്കുന്നത് എനിക്കും സഹിക്കാൻ പറ്റില്ല..

പതിയെ അവളെ ചേർത്തു പിടിച്ചുകൊണ്ട് സ്വാതി പറഞ്ഞു.. സ്വാതി... എടീ എനിക്ക് പേടിയാവുന്നു.. എന്തു പറയണം ഞാൻ... ഉള്ളതൊക്കെ പറഞ്ഞാൽ... പിന്നെ ഓർക്കാൻ കൂടി വയ്യടീ... ആ ദുഷ്ടനെ വലിച്ചു കീറാൻ ഉള്ള ദേഷ്യമുണ്ട്... പക്ഷേ..... അതൊക്കെ എല്ലാപേരും അറിഞ്ഞാൽ പിന്നെ... പിന്നെ ഞാൻ... ഈ സമൂഹത്തിൽ എന്റെ സ്ഥാനം എന്താവും..? പാവം എന്റെ അമ്മ.... തകർന്നു പോകുമെടീ.... പിന്നേ..... നിന്റെ അമ്മ.... നീയിത്രേം പറഞ്ഞിട്ടും ആ ദുഷ്ടനേം വാഴ്ത്തിക്കൊണ്ട് നടക്കുവാ... സ്വാതി അരിശത്തോടെ പറഞ്ഞു.. അയാളെ അത്രയ്ക്ക് വിശ്വസിച്ചുപോയെടീ... പാവം.. അല്ലാതെ അമ്മയ്ക്ക് സ്നേഹമില്ലാത്തോണ്ടല്ല... നീ വിഷമിക്കാൻ പറഞ്ഞതല്ല കൊച്ചേ.. നിന്നോട് അയാൾ ചെയ്തതൊക്കെ ഓർക്കുമ്പോൾ അറിയാണ്ട് ആ ദേഷ്യം നിന്റെ അമ്മയോടും വന്നുപോകുവാ.. എന്റെ അമ്മച്ചിയെങ്ങാനും ആയിരിക്കണം ഇനി എത്ര പുന്നാരമായാലും ഈ മോള് പറയുന്നതിൽ ഒരു തരി പോലും അവിശ്വസിക്കില്ല... ആ.. അതുപോട്ടെ.. ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ അവസരം നീ മാക്സിമം ഉപയോഗിക്കണം..

ഇനി എന്തൊക്കെ വന്നാലും പഠിപ്പും നിർത്തി അയാളുടെ കാൽക്കിഴിൽ പോയി കിടക്കേണ്ടി വരരുത്... അത് തീരുമാനിയ്ക്കുന്നത് ഇപ്പോൾ ആ സി ഐ ക്കു മുൻപിൽ നീ കൊടുക്കാൻ പോകുന്ന മൊഴിയാണ്... മനസ്സിലായോ ? ഒരു കൊച്ചുകുഞ്ഞിന്നോടെന്ന പോലെ അവൾ കാന്തിയ്ക്ക് പറഞ്ഞുകൊടുത്തു.. മ്മ്... അറിയാം.. ഉള്ളിലെ സംഘർഷങ്ങൾക്ക് മുകളിലൊരു കാറ്റുവീശീയപോലെ കാന്തിയ്ക്കു തോന്നി.. പക്വതയോടെ ഒരു മുതിർന്നസഹോദരിയുടെ കരുതലോടെ തന്നെ ചേർത്തുപിടിച്ചു സ്വാതി പറഞ്ഞ ഓരോ വാക്കുകളും അവളിൽ ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരമേകിയിരുന്നു.. മോളെ.... നീ ഒട്ടും ടെൻഷനടിക്കേണ്ട.. പിന്നെ അമ്മ പിണങ്ങുമെന്ന് കരുതി എല്ലാം ഉപേക്ഷിച്ചു കൂടെ പോകാൻ തുനിഞ്ഞാൽ നാളെയൊരിക്കൽ ഈ അമ്മ നെഞ്ചുപൊട്ടി കരയേണ്ടിവരും... അതുപക്ഷേ.. ഈ മോളുടെ ദുർവിധി അറിഞ്ഞായിരിക്കും... അല്ലെങ്കിൽ അയാളുടെ കാൽക്കീഴിൽ നെരിഞ്ഞമരുന്ന മകളുടെ ജീവിതം കണ്ടായിരിക്കും... അതുകൊണ്ട് തെറ്റായി കാണേണ്ട.. ഇനി ആരില്ലെങ്കിലും ഈ സ്വാതി കാണും...

എന്നും.. കൂട്ടുകാരി മാത്രമായല്ല നീ പറയുന്നപോലെ കൂടെപ്പിറപ്പായി... അതുകൊണ്ട് പോയിട്ട് വാ.. ആ സാറവിടെ നിന്നെ നോക്കി നിൽക്കുന്നുണ്ട്.. ഞാൻ ഇവിടെ നീ നോക്കിയാൽ കാണുന്നിടത്തു നിൽക്കാം... സി ഐ യെ കാട്ടി ഗാർഡന്റെ മുൻപിൽ ഒതുങ്ങിനിന്നുകൊണ്ട് സ്വാതി പറഞ്ഞു.. ഒപ്പം കാന്തിയെയൊന്നു ചേർത്തണച്ചു... ആ നെഞ്ചിൽ ചേർന്നുനിൽക്കുമ്പോൾ ഉള്ളിലെ കനലിൽ തണുത്ത ജലം വീണപോലൊരു കുളിർമ തോന്നി.. സ്വാതിയിൽനിന്നുമടർന്നുമാറി ഗാർഡനിലേയ്ക്ക് നടക്കുമ്പോഴും ഉള്ളിൽ അവളുടെ വാക്കുകൾ പ്രതിധ്വനിയ്ക്കുന്നുണ്ടായിരുന്നു... സ്വാതിയ്ക്കൊപ്പം തലകുനിച്ചു നടന്നുവരുന്ന കാന്തിയെ കാൺകെ രവിയിൽ ഇനിയെന്തെന്നുള്ള ആകാംഷയായിരുന്നു... അവളെന്തെങ്കിലും പറഞ്ഞുകാണുമോയെന്ന ഭയമായിരുന്നു... ഒരു തൊട്ടാവാടിയാണ്... ഒന്നു വിരട്ടിയാൽ എല്ലാം മണിമണിപോലെ പുറത്തുവരും.. അവളുടെ ഈ ദൈന്യഭാവം തന്നെയാണ് തനിക്കും എല്ലാത്തിനും സൗകര്യമായതെന്നോർക്കേ അയാളിൽ ഭയത്തിന്റെ ആധിക്യം കൂടിക്കൂടി വന്നു..

നിങ്ങളല്ലേ ഈ കുട്ടിയുടെ അമ്മ ? ലതികയെ നോക്കി രാമചന്ദ്രൻ ഉറപ്പിയ്ക്കാനെന്നോണം തിരക്കി... അ.. അതേ സർ..... കാന്തിയെന്താണ് പറഞ്ഞെതെന്ന ആകാംഷയില് നിൽക്കുന്ന ലതിക മുന്നോട്ട് വന്നുകൊണ്ടു പറഞ്ഞു.. മ്മ്... ലുക്ക്‌... കാന്തിയ്ക്കു ഇപ്പോൾ നിങ്ങളുടെ കൂടെ വരാൻ താല്പര്യമില്ലെന്നാണ് ആ കുട്ടി പറയുന്നത്... ആൾക്ക് ഈ കോഴ്സ് കംപ്ലീറ്റ് ആക്കണം... അതുമല്ല ഇയാളുടെ സംസാരത്തിൽനിന്നും ഒരുപാട് മെന്റൽ സ്‌ട്രെയിൻ അനുഭവിക്കുന്നതുപോലെ തോന്നുന്നുണ്ട്... സൊ... പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെന്ന നിലയിൽ ഇവളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാൻ ആകില്ല.. കാന്തിയെ തുടർന്നു പഠിക്കാൻ അനുവദിക്കണം... രാമചന്ദ്രൻ ലതികയോടായി പറഞ്ഞു... അതുകേൾക്കേ രവിയിൽ ദേഷ്യം നുരഞ്ഞുപൊങ്ങി... അതേ ദേഷ്യത്തിലവളെ തുറിച്ചുനോക്കി..അതുതാങ്ങാനാകാതെ കാന്തി മുഖം കുനിച്ചു..

എന്നാൽ മറ്റുള്ളവരിൽ ഇത് ആശ്വാസമാണ് നൽകിയത്.... സർ... ഇവിടെ നടക്കുന്നതൊക്കെ അറിഞ്ഞിട്ടും ഇനിയും ഇങ്ങനെ അഴിഞ്ഞാടാൻ വിടാൻ പറ്റില്ല... ഞങ്ങൾക്കും ചില ഉത്തരവാദിത്താങ്ങളൊക്കെയുണ്ട്... പഠിത്തമൊക്കെ ഇനി നാട്ടിൽ മതി.. അല്ലാതെ ഇനിയുമിവിടെ വിട്ടിട്ട് പോകാൻ പറ്റില്ല... രവി അമർഷത്തോടെ എന്നാൽ സ്വരം അല്പം താഴ്ത്തി പറഞ്ഞു... ഡോ... ഞാൻ ഈ കുട്ടിയുടെ അമ്മയോടാണ് പറഞ്ഞത്.. കൂടുതൽ ഷോ കാണിച്ചാൽ തൂക്കിയെടുത്തോണ്ട് പോകും ഞാൻ.. അതിനുള്ളതൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്.. വകുപ്പൊക്കെ ഇയാൾക്ക് മനസ്സിലായിക്കാണുമല്ലോയല്ലേ ? രവിയേയൊന്നിരുത്തിനോക്കി രാമചന്ദ്രൻ ചോദിച്ചു.. കാന്തിയുടെ സംസാരത്തിൽനിന്നും അയാളോടുള്ള ഭയവും വെറുപ്പും രാമചന്ദ്രനിൽ സംശയമുണ്ടാക്കിയിരുന്നു... പെട്ടെന്നുള്ള സി ഐ യുടെ ചോദ്യം രവിയിൽ ഞെട്ടലുണ്ടാക്കി.. കന്തിയെന്തെങ്കിലും പറഞ്ഞോയെന്ന പേടി തോന്നി.. സർ... ഏട്ടൻ പറഞ്ഞ അഭിപ്രായമാണ് എനിക്കും.. പഠിത്തം മുടക്കണമെന്നൊന്നുമില്ല.. പക്ഷേ.... ഇവിടെ വേണ്ട...

നാട്ടിൽ എവിടേലും ചേർക്കാം.. ഇവളെ കൊണ്ടുപോകാൻ അനുവദിക്കണം... ലതിക രവിയെ രക്ഷിക്കാനെന്നോണം പറഞ്ഞു... ഈ വർഷം പുതിയ അഡ്മിഷൻ നടക്കുമോ ? രാമചന്ദ്രൻ ഉടനടി തിരക്കി... ഉത്തരം മുട്ടി നിൽക്കുന്ന ലതികയെ നോക്കിയിട്ട് ചോദ്യം സൂര്യനോടായി.. ഇല്ല സർ.. ഇനി അടുത്ത വർഷം പുതുതായി അഡ്മിഷൻ എടുക്കണം. സൂര്യൻ മറുപടി നൽകി... അപ്പോൾ നടക്കില്ല.... പഠിക്കാൻ താല്പര്യമുള്ള കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് ക്രിമിനൽ ഓഫൻസ് ആണ് അയാൾ എടുത്തടിച്ചപോലെ പറഞ്ഞു... അപ്പോൾ ഇനി തർക്കമൊന്നുമില്ലല്ലോ..? ഇപ്പോൾ പറഞ്ഞതിൽ എന്തേലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കംപ്ലയിന്റ് തരൂ. ഇല്ലെങ്കിൽ നിങ്ങൾ തിരികെ പോകൂ.. ലതികയേയും രവിയെയും നോക്കി രാമചന്ദ്രൻ പറഞ്ഞു.. കാന്തിയുടെ ഉള്ളിൽ ആശ്വാസം അലതല്ലി... രവി പല്ലുകടിച്ചു... ഉണ്ട് സർ.... ഇവളെ ഇങ്ങനെ വിട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്.. ഇവൾക്ക് പഠിക്കാനുള്ള താല്പര്യം കൊണ്ടല്ല വരാൻ മടി കാണിക്കുന്നതെന്നറിയാം... അതുകൊണ്ട് ഇനി അങ്ങോട്ട് വരണമെന്നില്ല...

സ്വന്തം മകളല്ലേ ഒരു ഉറപ്പില്ലാതെ വിട്ടിട്ട് പോകാനുമാകില്ല.. അതുകൊണ്ട് ഇവളുടെ ഇഷ്ടം നടക്കട്ടെ.. പക്ഷേ... ഇവൻ കാന്തിയെ സ്വീകരിക്കണം... അല്ലെങ്കിലും ഒരു കുഞ്ഞുള്ള അധ്യാപകന്റെ കൂടെ നടക്കുന്ന മകൾക്കു നാട്ടിൽ എങ്ങനെ നല്ലൊരു ഭാവിയുണ്ടാക്കി നൽകാനാണ്... ഒന്നിനുമൊരുറപ്പില്ലാതെ തിരികെപ്പോയാൽ നാളെ എന്തേലും സംഭവിച്ചാൽ ആരോട് ചോദിക്കാനാണ്... ലതികയുടെ വാക്കുകൾ ഇടിമുഴക്കം പോലെ ഓഫീസ് റൂമിൽ പ്രതിഫലിച്ചു... കാന്തി നടുക്കത്തോടെ അമ്മയെ നോക്കി... ആ കണ്ണുകളിൽ വാത്സല്യത്തിന് പകരം അഗ്നി വമിക്കുംപോലെ തോന്നിയവൾക്ക്... ലതേ.... നീയെന്താണീ പറയുന്നത് ? അവളെന്തെങ്കിലും പറഞ്ഞെന്ന് കരുതി നീ..? രവി കേൾക്കാനാഗ്രഹിക്കാത്തതെന്തോ കേട്ട നടുക്കത്തിൽ ചോദിച്ചു... അറിയാതെ ശബ്ദം ഉച്ചത്തിലായി.. ജയിക്കട്ടെ.. ഏട്ടാ.. അവളുടെ വാശി ജയിക്കട്ടെ...

ഈ ഇഷ്ടം കൊണ്ടുനടക്കാനല്ലേ അവളിത്രയും നാടകമൊക്കെ ഇവിടെ നടത്തിയത്... ഏട്ടനെപോലും ഒരു വൃത്തികെട്ടവനാക്കി കാണിച്ചത്..? സ്നേഹിച്ചതിനും വളർത്തിയതിനുമൊക്കെ പ്രതിഫലം തന്നില്ലേ..? പൊയ്ക്കോട്ടേ ഏട്ടാ.... ഇവന്റെ കൊച്ചിനേം നോക്കി ഒരു വേലക്കാരിയെപ്പോലെ കഴിഞ്ഞു മടുക്കുമ്പോ അങ്ങോട്ടേക്കു വന്നോളും.... അവർ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു പറഞ്ഞു... സൂര്യനപ്പോൾ കേട്ടതൊന്നും ഉൾക്കൊള്ളനാകാതെ തരിച്ചുനിന്നുപോയി... കാന്തി... താനവളെ ഒരിക്കലും തെറ്റായി കണ്ടിട്ടില്ല.. തന്റെ കുഞ്ഞിനെ ഒരിക്കലും അടുപ്പിക്കാൻ ശ്രമിച്ചിട്ടില്ല.. അവരറിയാതെ തന്നെ പരസ്പരം അടുത്തതാണ്.... ഇപ്പോൾ താൻ കാരണം കാന്തിയ്ക്കൊരു പേരുദോഷം... അതും അവളുടെ ഭാവിയാണിവിടെ തന്റെ മുൻപിൽ ഉഴറുന്നത്.... സ്വാതിയിലും വിഷ്ണുവിലും ലതികയുടെ വാക്കുകൾ സന്തോഷം നൽകി... കാരണം റിച്ചുവുമായുള്ള അവളുടെ അടുപ്പം കാണുമ്പോൾ ഇടയ്ക്കെങ്കിലും അവരും ഈ ബന്ധം ആശിച്ചിരുന്നു... എന്താ സൂര്യാ....? ഇവരിങ്ങനെ വാശി പിടിച്ചാൽ തള്ളിക്കളയാനാകില്ല....

ഈ കുട്ടി ഇവിടെ നിൽക്കണമെന്ന് വാശി പിടിക്കുന്നു... വീട്ടുകാർ ഇവിടെ നിർത്തില്ലെന്ന വാശിയിലും... ഇതിവിടെ നിന്നു നാളെ എന്തേലും പുലിവാലായാൽ എനിക്കും കൂടിയാ അതിന്റെ പ്രശ്നം.... അതുകൊണ്ട് ഇതിന്റെ അമ്മ പറഞ്ഞതുപോലെ എന്തേലുമുണ്ടെങ്കിൽ അക്കാര്യത്തിൽ ഒരു തീരുമാനം പറയ്‌... അല്ലയെങ്കിൽ കാന്തിയെ നാട്ടിലേയ്ക്ക് വിടണം... അറിയാല്ലോ ഇന്നത്തെ കാലമാണ് ? തൊട്ടേനും പിടിച്ചേനും തൊപ്പിത്തെറിക്കുന്ന വഴിയറിയത്തില്ല.. റിട്ടർ ആകാൻ ഇനി കഷ്ടിച്ച് നാലു വർഷമേയുള്ളു... അതിനിടയ്ക്ക് ഒരു പെണ്ണ് കേസ്.... പറ്റത്തില്ല... രാമചന്ദ്രൻ കസേരയിലേയ്ക്ക് ഒന്നുകൂടി നിവർന്നിരുന്നു നെറ്റിയിൽ വിരലോടിച്ചുകൊണ്ട് സൂര്യനെയും കാന്തിയെയും നോക്കി പറഞ്ഞു.. സർ... അത്.... സൂര്യനെന്തു പറയണമെന്നറിയാതെ ഉഴറി... കാന്തിയുടെ നിസ്സഹായതയിൽ പൊതിഞ്ഞ മുഖം കാൺകെ മറുത്തു പറയാൻ വന്ന വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. ഒപ്പം റിച്ചുമോളുടെ മുഖം ഓർക്കേ ഉള്ളിൽ സ്വർത്ഥത മുളപൊട്ടുന്നതുമറിഞ്ഞു.. വേറെ വഴിയില്ലെടോ... എന്ത് വേണമെന്ന് ആലോചിച്ചു പറയ്..

രണ്ടാളും നന്നായാലോചിച്ചിട്ട് തീരുമാനം എന്തായാലും സ്റ്റേഷനിൽ വന്നൊന്നു എഴുതിത്തന്നിട്ട് പൊയ്ക്കോളൂ... പിന്നെ... തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം നിങ്ങൾക്കിരുവർക്കുമാണ്.. അതിലാരും ഇടപെടേണ്ട.. അപ്പോൾ ഞാൻ ഇറങ്ങുവാണ്... ഒരു മണിക്കൂറിനകം സ്റ്റേഷനിലെത്തി റിപ്പോർട്ട്‌ ചെയ്യണം.... രാമചന്ദ്രൻ തൊപ്പി തലയിൽ വെച്ചുകൊണ്ട് എല്ലാപേരേയുമൊന്നു നോക്കി പറഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി... ഇനിയൊന്നും പറയാൻ ഇല്ലായെന്നപോലെ ലതികയും പുറത്തേയ്ക്കു നടന്നു... ആ... ചെല്ലെടീ .....ചെല്ല്... പോയി തീരുമാനമറിയിക്ക്.... ഈ കൊണ്ടുനടക്കുന്നവന്മാരിൽ ആരെയാ കെട്ടാൻ പോകുന്നതെന്ന് രണ്ടുപേരുമായിട്ട് നല്ലോണം ആലോചിക്ക്... മിണ്ടിപ്പോകരുത്..... നിങ്ങളുടേയീ പുഴുത്ത നാവുകൊണ്ട് കാന്തിയെക്കുറിച്ചോ എന്റെ ഏട്ടനെക്കുറിച്ചോ ഇനിയൊരൊറ്റ അക്ഷരം മിണ്ടിപ്പോകരുത്... രവിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് വിഷ്ണു അലറി..... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story