🌻സൂര്യകാന്തി 🌻: ഭാഗം 21

Sooryakanthi mizhi

രചന: മിഴി

തകർക്കും ഞാൻ... ഇതുപോലെ അവളുടെ ജീവിതം... എല്ലാം ചില്ലുകൂടാരം പോലെ തകർന്നടിയുമ്പോൾ എന്റെ കൈപ്പിടിയിൽ വാരിക്കൂട്ടും... ഭ്രാന്തമായ ആവേശത്തോടെ അയാൾ പുലമ്പിക്കൊണ്ടിരുന്നു... അപ്പോഴും ഉള്ളിൽ സൂര്യന്റെ താലിയണിഞ്ഞു നിൽക്കുന്ന കാന്തിയായിരുന്നു... അതിന്റെ പ്രതിഫലനമെന്നോണം കണ്ണുകളിൽ ക്രൗര്യം നിറഞ്ഞു... ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഉറക്കംവരാതെ.... ആസ്വസ്തമായ മനസ്സോടെ.... രാത്രിയുടെ യാമങ്ങൾ തള്ളിനീക്കുമ്പോൾ മനസ്സ് പലവട്ടം മുന്നോട്ടുള്ള ജീവിതത്തിന്റെ ഗതിയളക്കുകയായിരുന്നു... കുട്ടിക്കാലം മുതൽ താൻ താണ്ടിക്കടന്ന ദുരിതപർവങ്ങൾക്ക് ഇതായിരിക്കുമോ കാലം കാത്തുവെച്ചത്... സൂര്യന്റെയും റിച്ചുവിന്റെയും മുഖമോർക്കേ ഉള്ളിൽ പൊതിയുന്ന കുളിരോർമ്മകൾ...

അവരെ നിഷേധിക്കാൻ വിസമ്മതിക്കുമ്പോൾ.. ഭൂതകാലത്തിന്റെ കറുത്തകൈകൾ തന്നെയിനിയും പൊതിയുമോയെന്ന ഭയം അതിനുമേൽ ആധിപത്യം നേടാൻ ശ്രമിക്കുന്നുണ്ടായിരുന്നു... തന്നെചുറ്റിപ്പിടിച്ചിരിക്കുന്ന സ്വാതിയുടെ കൈകൾ മെല്ലെ അടർത്തിമാറ്റി കാന്തി പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു... ഫോൺ എടുത്തു സമയം നോക്കി.. പുലർച്ചെ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു... എന്റെ പേരുകൊത്തിയ താലി നിന്റെ കഴുത്തിൽ വീഴും വരേയ്ക്കും നിനക്ക് സമയമുണ്ട് ആലോചിക്കാൻ.. സൂര്യന്റെ വാക്കുകൾ വീണ്ടും ഉള്ളിൽ മുഴങ്ങുമ്പോലെ തോന്നി .. രാവിലെ ഒൻപതു മണി കഴിഞ്ഞു ഒൻപതു മൂപ്പതിനകമാണ് മുഹൂർത്തം കിട്ടിയിരിക്കുന്നതെന്നു രാത്രിയെപ്പോഴോ സ്വാതി വിഷ്ണുവിനെ വിളിച്ചശേഷം പറയുന്നത് കേട്ടിരുന്നു.. ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ.. എന്നിട്ടും തനിക്കിതുവരെ ഒരു തീരുമാനത്തിലെത്താൻ ആയിട്ടില്ല... അതൊരിക്കലും മുൻപിലുള്ള ജീവിതം ഇഷ്ടമല്ലാഞ്ഞല്ല...

മറിച്ചു താൻ കാരണം സൂര്യ സാറിന്റെ ജീവിതം ഇനിയും കഷ്ടത്തിലാകുമോയെന്ന ഭയമാണ്... കണ്ണുകൾ ഇറുക്കിയടച്ചു മനസ്സ് ശാന്തമാക്കാനവൾ ശ്രമിച്ചു... പക്ഷേ... പഴയതൊക്കെ പതിവിലും തെളിമയിൽ മുന്നിൽ നിറയുന്നു... രവിയുടെ ചെയ്തികൾ പൊന്തിവരുമ്പോൾ നീറുന്നു... മനസ്സും.. ശരീരവും... പുകയുന്നു ദേഹം.... ഇല്ല... ഇനിയും വയ്യ.... അവൾ വെപ്രാളത്തോടെ പുലമ്പി... അയാളുടെ കൈകൾ പതിഞ്ഞ ഭാഗങ്ങളൊക്കെ ശക്തിയിൽ അമർത്തി തുടച്ചു.. സിഗരറ്റിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധം നിറച്ച ശ്വാസത്താൽ അമർത്തിചുംബിച്ച ചുണ്ടുകൾ കൈവെള്ളയിൽ അമർത്തി.... എന്നിട്ടും മതിവരാതെ.... അറപ്പോടെ പുതപ്പു വലിച്ചെടുത്തു ഇറുകെ ഉരസി... ഓർക്കുംതോറും ശരീരം വിറയ്ക്കാൻ തുടങ്ങി... വിയർത്തൊട്ടി... കാമം തീർക്കാനാ ദുഷ്ടൻ കീറിമുറിച്ച ദേഹം പുകയുന്നു.... അന്നത്തെപ്പോലെ എല്ലുകൾ നുറുങ്ങുമ്പോലെ വേദന.... അടിവയറൊടൊപ്പം കാലുകൾ പോലും ഊരിപ്പോകുന്നതായി കാന്തിയ്ക്കു തോന്നി.. തുടയിടുക്കിൽ വിറയ്ക്കുന്ന കൈകളാൽ ഒന്നു തൊട്ടു..

ചുറ്റും ചോരയുടെ ഗന്ധം പരക്കുന്നതായവൾക്ക് തോന്നി.. കൈയെത്തിച്ചു പെട്ടെന്നവൾ ലൈറ്റ് തെളിച്ചു... ബെഡ്ഷീറ്റിൽ വിരലോടിച്ചുനോക്കി... വെളിച്ചം പോലും കാഴ്ചയെ ദുസ്സഹമാക്കുമ്പോലെ... അവളാകെ ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു... മനസ്സ് കൈവിട്ടുപോകാൻ തുടങ്ങിയിരുന്നു....... മുറിയിലെ വെട്ടം ഉറക്കം അലോസരപ്പെടുത്തിയപ്പോഴാണ് സ്വാതി കണ്ണ് തുറന്നത്... കൈകൾ വെച്ചു അടുത്തായി കാന്തിയെ പരതിയെങ്കിലും കാണാതെയവൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു... പുലരുവോളം കാന്തിയെ ആശ്വസിപ്പിച്ചും ഓരോന്നുപദേശിച്ചും കിടന്നതാണ്.. എപ്പോഴാണ് കണ്ണടഞ്ഞതെന്നോർമയില്ല.. വാതിൽ മുകളിൽ താഴിട്ടിരിപ്പുണ്ട് അതുകാൺകേ എങ്ങും പോയിട്ടില്ലെന്നതുറപ്പായി.. ചുറ്റും മിഴികൾ പരതി.. അപ്പോഴാണ് നിലത്തായി കാട്ടിലിനു ഒരുവശത്തു കൂനിക്കൂടി മുട്ടിന്മേൽ മുഖമൊളിപ്പിച്ചിരിക്കുന്ന കാന്തിയെ കാണുന്നത്... പുറത്താകെ പുതപ്പു പൊതിഞ്ഞിരിക്കുന്നു... എന്തോ ഇടയ്ക്കിടെ പുലമ്പുന്നുണ്ട്.. കാന്തി... എടി...

നീയിതെന്താ അവിടിരിക്കണേ.. സ്വാതി പെട്ടെന്നുതന്നെ നിലത്തേയ്ക്കൂർന്നിരുന്നു അവളെ കുലുക്കി വിളിച്ചു.. എന്താ മോളേ ഇതൊക്കെ... അവൾ പേടിയോടെ ശക്തിയിൽ മുഖം പിടിച്ചുയർത്തി... ആകെ കരഞ്ഞുകലങ്ങി ചുവന്ന മുഖവുമായി ഇരിയ്ക്കുന്ന പെണ്ണിനെ കാൺകെ ശരിയ്ക്കും ശ്വാസം നിലയ്ക്കുമ്പോലെ തോന്നി സ്വാതിയ്ക്കു.. ഒന്നും മിണ്ടാതെ തന്നെത്തന്നെ നോക്കിയിരിക്കുന്ന കാന്തിയുടെ പുറത്തുനിന്നും സ്വാതി മെല്ലെ പുതപ്പു വലിച്ചുമാറ്റാൻ നോക്കി.. കാരണം ഇതിനോടകം ചൂടിന്നാൽ പെണ്ണാകെ വിയർത്തുകുളിച്ചിരുന്നു... വേ... വേണ്ട... എനിക്ക്... വേദനിക്കുന്നു.... അവൾ സ്വാതിയുടെ കൈകൾ ശക്തമായി പുറകോട്ടു തള്ളിക്കൊണ്ട് പറഞ്ഞു... ഏയ്‌... എന്താടി... എന്താ പറ്റിയെ..? എവിടാ വേദനിക്കുന്നെ..? സ്വാതി അവളുടെ ഭാവം കണ്ടൽപ്പം ഭയത്തിൽ തിരക്കി.. പക്ഷേ.. ഉത്തരമേതുമില്ലാതെ കാന്തിയപ്പോഴും ദൃഷ്ടി ദൂരേയ്ക്കുതന്നെ ഉറപ്പിച്ചിരുന്നു.. പറയ്‌... കാന്തി... നിനക്കെന്താപറ്റിയെ..? എവിടാ വേദനിക്കണേ..? ഒന്നുപറയെടി എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ.....

അവൾ പതിയെ കാന്തിയ്ക്കടുത്തായിരുന്നു തോളിൽ ചേർത്തു തന്നോടടുപ്പിച്ചു... വേദനിക്കുന്നെടി.... മനസ്സും.. ശരീരവും.... തളർന്നുപോകുന്നെടി... വയ്യ... ഞാനെന്താ സ്വാതി ഇങ്ങനായിപ്പോയെ ? സ്വന്തമായി ഒരു തീരുമാനത്തിലെത്താൻ പോലും കെൽപ്പില്ലാതെ... മനസ്സുപോലും കൈപ്പിടിയിലൊതുക്കാനാകാതെ... അവളുടെ തോളിലേക്ക് തലചായ്ച്ചുകൊണ്ട് കാന്തി ചോദിച്ചു... ഉള്ളിൽ നുരഞ്ഞുപൊന്തുന്ന അമർഷം വാക്കുകളിൽ പ്രകടമായിരുന്നു.. ആകെ ഭ്രാന്തമായ അവസ്ഥയിൽ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടുമോയെന്ന ഭീതിയിൽ ഇനിയുമൊന്നും പറഞ്ഞവളെ വേദനിപ്പിക്കാനോ... കത്തുന്ന നെഞ്ചിൽ തന്റെയൊരാശ്വാസവാക്കും വിലപ്പോവില്ലെന്നും സ്വാതിയ്ക്കു തോന്നി.. എങ്ങനെ.... എന്ത് പറഞ്ഞാശ്വസിപ്പിക്കും മോളേ നിന്നെ...? അറിയില്ലെടി.... ഇനിയും നിന്നെ ആ ദുഷ്ടനിലേയ്ക്ക് വലിച്ചെറിയാനും പറ്റുന്നില്ല... എല്ലാം നിന്റെ കൈയിലാ... എല്ലാം... സ്വാതി തന്റെ ചുമലിൽ ചാരിയിരിക്കുന്ന കാന്തിയുടെ മുടിയിൽ തഴുകിക്കൊണ്ടു പറഞ്ഞു...

കണ്ണുകൾ മെല്ലെയടയുമ്പോൾ ഉള്ളിൽ വഴിയറിയാതെ ഓടുന്ന മനസ്സിനെ വരുത്തിയിലാക്കാൻ പണിപ്പെടുകയായിരുന്നു.. ഒടുവിലെപ്പോഴോ സ്വപ്നത്തിൽ അണയാറുള്ള ആ നെഞ്ചിന്റെ ചൂടും കരുതലും തന്നെപൊതിയുന്നതായവൾക്ക് തോന്നി.. അതിനൊപ്പം ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അമ്പലനടയിൽ കൈകൂപ്പി നിൽക്കുമ്പോൾ കണ്ണുകളിൽ നിന്നും ഒരുതുള്ളി ഇറ്റു വീണു... മാറിലപ്പോഴും സൂര്യൻ അണിയിച്ച താലിയുടെ കുളിർമ നിറഞ്ഞുനിന്നു... കാന്തിയുടെ നെറുകയിൽ സിന്ദൂരം ചുമപ്പിക്കുമ്പോൾ എന്നും തന്റെ നല്ലപാതിയായി അവളുണ്ടാകണേയെന്ന പ്രാര്ഥനയായിരുന്നു സൂര്യനുള്ളിൽ... ഇരുവർക്കുമൊപ്പം തൊട്ടടുത്തായി നിറഞ്ഞമനസ്സോടെ വിഷ്ണുവും സ്വാതിയുമുണ്ടായിരുന്നു... ഇനി കന്യാദാനം ചെയ്തോളൂ... പൂജാരി മുന്നോട്ടുനോക്കി പറഞ്ഞു.. അതുകേട്ടു കാന്തിയുടെ ഉള്ളൊന്നു വിങ്ങി... തന്നെ കൈപിടിച്ചേൽപ്പിക്കാൻ സ്വന്തമായാരുമില്ല.. സൂര്യൻ വിഷ്ണുവിനെയൊന്നു നോക്കി.. അർത്ഥം മനസ്സിലായപോലെ അവൻ മുന്നോട്ടുവന്നു...

ഞാൻ ചെയ്തോട്ടെ...? കാന്തി അമ്പരപ്പോടെ തിരിഞ്ഞുനോക്കി.. സ്വാതിയുടെ ഉള്ളം സന്തോഷം കൊണ്ടു തുടികൊട്ടി.. രാത്രി അമ്മച്ചിയെവിളിച്ചു കാര്യങ്ങൾ പറയുമ്പോൾ ഉടനെ പുറപ്പെട്ടുവരുമെന്ന് കരുതിയതല്ല.. അച്ഛൻ നാട്ടിലെത്തിയത് ഇന്നലെ പുലർച്ചെയായിരുന്നു.. എന്നാൽ ഇന്ന് രാവിലെ ഹോസ്റ്റലിലെത്തിയെന്ന് പറഞ്ഞു വിളിച്ചപ്പോൾ ആദ്യം വിശ്വാസം വന്നിരുന്നില്ല.. എന്നാൽ പുറത്ത് വാർഡ്നുമായി സംസാരിച്ചുനിൽക്കുന്ന കണ്ടപ്പോഴാണ് ബോധ്യമായത്.. കാന്തിയുടെ കല്യാണം കൂടാൻ അവരെത്തിയപ്പോൾ.. സ്വന്തം മകളെപ്പോലെ വിവാഹം നടത്തിയയക്കാമെന്നു പറഞ്ഞപ്പോൾ അഭിമാനമായിരുന്നു തോന്നിയത്.. അവരുടെ നല്ല മനസ്സോർത്ത്.. എന്നാലിപ്പോൾ അച്ഛൻ ഞെട്ടിച്ചിരിക്കുന്നു.. അവൾ നന്ദിപൂർവം അച്ഛനെ നോക്കി.. കാന്തിയ്ക്കും സന്തോഷം സഹിക്കാനായില്ല... ആരുമില്ലാതായ തനിക്ക് മുൻപിൽ നിൽക്കുന്ന വ്യക്തികളെല്ലാം ദൈവതുല്യരായവൾക്ക് തോന്നി... അതേ... ഭൂമിയിലെ ദൈവങ്ങൾ... അവൾ സന്തോഷത്തോടെ സമ്മതമറിയിച്ചു..... വുഷ്ണുവും നന്ദിപൂർവം അവരെ നോക്കി...

സൂര്യന്റെ കൈകൾക്കുള്ളിൽ കാന്തിയുടെ കൈകൾ ചേർത്തുവെച്ഛനുഗ്രഹിക്കുമ്പോൾ അയ്യാളുടെ ഉള്ളവും നിറഞ്ഞിരുന്നു.. ഒരച്ഛന്റെ നിറവോടെ... കാന്തിയുടെ കണ്ണിൽനിന്നുമൊരുതുള്ളി ആനന്ദശ്രു അയാളുടെ കൈകൾക്കുമേൽ പതിച്ചു.. അമ്പലനടയിൽ വലംവെച്ചു പുറത്തിറങ്ങി ഇരുവരും രാഗിണിയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി... ആ അമ്മമനവും നിറഞ്ഞിരുന്നു... ഒരിക്കൽ താൻ മുൻകൈയെടുത്തേൽപ്പിച്ച ജീവിതം കണ്മുന്നിൽ തകർന്നടിഞ്ഞപ്പോൾ മകന്റെ ഭാവിയോർത്തൊരുപാട് നീറി.. എന്നാൽ ഇന്നതെ സ്ഥാനത്ത് പുതിയൊരാൾ വന്നിരിക്കുന്നു.. എന്നും ഇരുവരെയും ചേർത്തുനിർത്തണേയെന്നവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. കാന്തി അമ്മയുടെ കൈയിൽനിന്നും റിച്ചുമോളെ വാങ്ങി.. കവിളിൽ തഴുകി നെറുകിൽ മുത്തി.. കണ്ടുനിന്ന എല്ലാപേരുടെയും മനം നിറഞ്ഞു.. അപ്പോളിനി വീട്ടിലേയ്ക്കു പോയാലോ ഏട്ടത്തി...? വിഷ്ണു കാന്തിയെനോക്കി ചോദിച്ചു... ഏട്ടന്റെ ഭാര്യ ഏട്ടത്തിയല്ലേ..? അവൻ സംശയത്തോടെ തന്നെനോക്കുന്ന കാന്തിയോടായി പറഞ്ഞു..

സൂര്യന്റെ ബന്ധുവാണെന്നല്ലാതെ സഹോദരനാണെന്നു അറിയില്ലായിരുന്നു.. അവൾക്കു നെഞ്ചം സന്തോഷത്താൽ തുളുമ്പി.. വീട്ടിലെത്തി ഗൃഹപ്രവേശം കഴിഞ്ഞു ചെറിയൊരു സദ്യ ഒരുക്കിയിരുന്നു.. വീട്ടുകാർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.. അത്യാവശ്യം പുതുമയുള്ളൊരു ഇരുനിലവീടായിരുന്നു സൂര്യന്റേത്.... സ്വാതി കാന്തിയ്ക്കൊപ്പം മാറാതെ കൂടെത്തന്നെ നിന്നു.. അതവൾക്കുമൊരാശ്വാസമായിരുന്നു.. ഊണ് കഴിഞ്ഞു കുറച്ചുകഴിഞ്ഞപ്പോഴേ സ്വാതിയുടെ അമ്മച്ചിയും അച്ഛനും പുറപ്പെടാനൊരുങ്ങി.. അന്നവിടെ നിൽക്കാൻ നിർബന്ധിച്ചെങ്കിലും പിന്നൊരിക്കൽ ആക്കാമെന്നുപറഞ്ഞവർ ഇറങ്ങാൻ നിന്നു.. മോളേ... സ്വന്തം അമ്മയും അച്ഛനുമായി കണ്ടാൽ മതി.... സ്വാതിയെ പോലെ തന്നാ ഞങ്ങൾക്ക് മോളും.. വിഷമിക്കണ്ട... എന്തുണ്ടെങ്കിലും ഒന്നു വിളിച്ചാൽ മതി.. അമ്മച്ചിയും അച്ഛയും ഓടിയെത്തും.. സ്വാതിയുടെ അമ്മ സ്നേഹത്തോടെ കാന്തിയെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു.. അപ്പോഴും റിച്ചൂസ് അവളുടെ തോളിൽ ചാഞ്ഞു കിടക്കുന്നുണ്ടായിരുന്നു... ഒരുപാട് നന്നിയുണ്ട്.. ഈ സ്നേഹത്തിനും കരുതലിനും... ഇന്ന് എനിക്കായി ചെയ്തതൊക്കെ ഒരിക്കലും മറക്കില്ല... ദൈവത്തിന്റെ മുഖമാണ് നിങ്ങൾക്കെല്ലാപേർക്കും എന്റെയുള്ളിൽ...

എല്ലാപേരെയും നോക്കി പറയുമ്പോൾ കാന്തിയുടെ തൊണ്ടയിടറി... ഏയ്... എന്താ മോളേ ? ഇനി കരയരുത്.. ഇത് പുതിയൊരു തുടക്കമാണ്.. അത് സ്നേഹത്തോടെ ജീവിക്കുക... സൂര്യനെയും കാന്തിയെയും നോക്കി സ്വാതിയുടെ അച്ഛനാണത് പറഞ്ഞത്.. പിന്നെ ഭൂമിയിലെ ഓരോ ജീവജാലങ്ങളിലും ദൈവത്തിന്റെ കൈയൊപ്പുണ്ട്... നമുക്ക് നമ്മിൽത്തന്നെ ദൈവത്തെ കാണാം... സ്വന്തം പ്രവർത്തികൾക്കൊണ്ട് മറ്റുള്ളവർക്ക് ദൈവതുല്യരാകാം... അവളുടെ കവിളിലൊന്നുതട്ടി റിച്ചുമോളുടെ തലയിലൊന്നു തഴുകി അയാൾ പുറത്തേയ്ക്കിറങ്ങി.. എല്ലാപേരോടും യാത്ര പറഞ്ഞു അമ്മയും പുറകെ നടന്നു.. കൈപിടിച്ചു കുറച്ചുദൂരം സ്വാതിയും... അച്ഛാ.... ഒരുപാട് ഒരുപാട് ഇഷ്ടം തോന്നാ നിങ്ങളോട്..... എന്റെ അമ്മിച്ചിയും അച്ചൂസും... എന്നെ മനസ്സിലാക്കിയല്ലോ....

അവൾ ഇരുവരെയും ചേർത്തുപുണർന്നുകൊണ്ടു പറഞ്ഞു.. ആ... സെന്റിയൊക്കെ മതി.. ഞങ്ങടെ കുഞ്ഞൂസ് എപ്പോഴും ഹാപ്പി ആയിരിക്കണം... ഇപ്പോൾ പെങ്ങടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞില്ലേ... അതുമതി ഈ അമ്മിച്ചിയ്ക്കും അച്ഛയ്ക്കും.. പിന്നെ... വൈകാതെ അങ്ങ് പൊന്നേക്കണം.. അറിയാല്ലോ കുഞ്ഞുസല്ലാതെ ആരുമില്ലഞങ്ങൾക്ക് കാത്തിരിക്കാനും സ്നേഹിക്കാനും... നെറുകയിൽ മുത്തി മകളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ടാ അച്ഛൻ മിഴികൾ തുടച്ചു... കാർ കാഴ്ചയിൽനിന്നും മറഞ്ഞിട്ടും കണ്ണെടുക്കാതെ അകലേക്ക്‌ നോക്കിയവൾ കൈവീശിക്കൊണ്ടേയിരുന്നു... അരികിൽ അവളെ കണ്ണെടുക്കാതെ നോക്കി വിഷ്ണുവും...... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story