🌻സൂര്യകാന്തി 🌻: ഭാഗം 28

Sooryakanthi mizhi

രചന: മിഴി

 മോളേ..... പോകണമെന്ന് നിർബന്ധം പിടിച്ചിട്ടാ... അമ്മയ്ക്ക് ഒട്ടും മനസ്സില്ല കുട്ടിയെ വിടാൻ.. രാഗിണി സ്വാതിയെ ചേർത്തുപിടിച്ചുകൊണ്ടു ആ നെറുകിൽ മുത്തി... കാന്തി ഒന്നും മിണ്ടാതെ വിഷ്ണുവിനടുത്തായി നിന്നു.. സ്വാതി പോകുന്നതിലുള്ള വിഷമം ആ മുഖത്ത് പ്രകടമായിരുന്നു.. അത് സൂര്യയിലും പ്രതിഫലിച്ചു.. സ്വാതി..... വീട്ടിൽ ഞാൻ സംസാരിക്കാം.. നിങ്ങൾ രണ്ടാളും മാത്രമല്ലേ നമ്മുടെ കോളേജിൽ നിന്നുമവിടെയുള്ളൂ.. കാന്തി കൂടെയില്ലാത്ത സ്ഥിതിയ്ക്ക് താൻ തനിച്ചാകില്ലേ... ഇവിടെ നിൽക്കെടോ... സൂര്യ സ്വാതിയോടായി പറഞ്ഞു... താൻ ആഗ്രഹിച്ചത് സൂര്യയിൽനിന്നും കേട്ടതിന്റെ സന്തോഷത്തിൽ കാന്തി അവനെ നന്ദിപൂർവം നോക്കി.. ഒപ്പം ദൃഷ്ടി സ്വാതിയുടെ മറുപടിക്കായി അവളിലേയ്ക്കുമാറി... വിഷ്ണുവിന്റെയുള്ളിലും അവളെയയക്കാൻ മനസ്സില്ലെങ്കിലും എങ്ങനെ മറ്റുള്ളവർക്കുമുന്നിൽ അവതരിപ്പിക്കുമെന്ന ജാള്യതയിൽ മൗനിയായി.. കണ്ണുകൾ അവളിലേയ്ക്ക് പാറി.. ഒരുപാട് സന്തോഷമുണ്ട്.... അതിലേറെ നന്ദിയും...

ഈ സ്നേഹത്തിന്... ജീവിതത്തിൽ പുതിയൊരനുഭവമായിരുന്നു ഇവിടെ ചിലവഴിച്ച ഓരോ നിമിഷവും... അമ്മച്ചിയും അച്ഛയും മാത്രമായ എന്റെ ലോകത്തിനു പുറത്തേയ്ക്കൊരു അനുഭവം.. അതെല്ലാ അർത്ഥത്തിലും അറിയുകയായിരുന്നു... ഈ ക്ഷണം ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു... പക്ഷേ... ഇപ്പോൾ എനിക്ക് പോണം.. എന്റെ കാന്തിയുടെ കൂടെ ഏതുനിമിഷവും കയറി വരാനും.. വല്ലപ്പോഴുമൊക്കെ ഈ സ്നേഹക്കൂട്ടിൽ കഴിയാനുമുള്ള ക്ഷണമായി മതിയത്... അവൾ ചെറു പുഞ്ചിരിയോടെ കണ്ണിലൂറിയ കുഞ്ഞുതുള്ളി ചെറുവിരലാൽ തൂത്തുകൊണ്ടു പറഞ്ഞു.. സ്നേഹബന്ധങ്ങൾ ചിലപ്പോൾ അകലെയാകുമ്പോഴാണ് ദൃഢമാകുന്നത്... അതിന്റെ സൗകുമാര്യം നിലനിൽക്കുന്നത്... ഇപ്പോളിവിടെ തനിക്ക് കിട്ടുന്ന സ്ഥാനത്തിനു ഒരു മൂല്യമുണ്ട്.. അത് എന്നും ഇതുപോലെ നിലനിൽക്കാൻ താൻ മാറിനിൽക്കുന്നതാണ് നല്ലതെന്നവൾക്കും തോന്നി... പിന്നീടാരും സ്വാതിയെ എതിർത്തില്ല... പക്ഷേ ഉള്ളിൽ സ്നേഹത്തിന്റെ തിരിവെട്ടം കുറച്ചുകൂടി ശോഭിച്ചു..

എന്റെ പെണ്ണേ.. ഒന്ന് ചിരിക്കെടി.. ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കാതെ... കാന്തിയുടെ കവിളിലൊന്നു പെരുവിരലാൽ കുത്തിക്കൊണ്ട് സ്വാതി ചുണ്ടു കൂർപ്പിച്ചു. നിറമിഴികളാലെ മനസ്സില്ലാമനസ്സോടെ കാന്തി മെല്ലെ തലയനക്കി.. വിഷ്ണു... സ്വാതിയെ ഹോസ്റ്റലിലാക്കിയിട്ടു വാ... ഇന്ന് സൺ‌ഡേ അല്ലേ... ഉച്ചകഴിഞ്ഞു ആൾപ്പോക്കൊക്കെ കുറവായിരിക്കും.. തനിച്ചുവിടേണ്ട.... സൂര്യൻ വിഷ്ണുവിനോടായി പറഞ്ഞു... ശരി ഏട്ടാ... അവൻ കേൾക്കാൻ കാത്തുനിന്നതുപോലെ മുറ്റത്തേക്കിറങ്ങി... നിക്ക് ഞാൻ ചാവിയെടുത്തുതരാം.... ഈ സമയത്തിനി നടക്കേണ്ട... സൂര്യൻ തിരിഞ്ഞകത്തേയ്ക്ക് നടന്നുകൊണ്ടു പറഞ്ഞു.. എല്ലാപേരെയും ഒന്നുകൂടി നോക്കി യാത്രപറഞ്ഞുകൊണ്ട് സൂര്യന്റെ കൈയിലിരിക്കുന്ന റിച്ചുവിന്റെ കവിളിലൊന്നു കളിയായി പിച്ചി വിഷ്ണുവിന് പുറകിലായി ബൈക്കിൽ കയറി... ഏട്ടാ.. ഞാൻ വീട്ടിൽ കയറി ദീപം തെളിച്ചിട്ടേ വരുള്ളൂട്ടോ... താമസിക്കും... വിഷ്ണു ബൈക്ക് സ്റ്റാർട്ടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.. ഇതുപോലെ വിഷ്ണുവിനൊപ്പം കുറച്ചുനിമിഷങ്ങൾ എപ്പോഴൊക്കെയോ ആഗ്രഹിച്ചതാണ്..

എന്നാലിപ്പോൾ അതൊത്തുവന്നപ്പോൾ ഉള്ളിലൊരുതരം പിടപ്പുപോലെ... അവനില്നിന്നും അല്പം വിട്ടകന്നിരിയ്ക്കാൻ ശ്രെമിക്കുമ്പോഴും അവനോടു ചേർന്നിരിക്കാൻ ഉള്ളം തുടികൊട്ടുന്നു.. ഉള്ളിലെ ചിന്തകളുടെ പ്രതിഫലനമെന്നോണം മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞു.. ചുണ്ടുകൾ വിറകൊണ്ടു.. അതുപോലെ ദേഹവും.. അതെല്ലാം തെല്ലൊരു പുഞ്ചിരിയോടെ റിയർവ്യൂ മിററിലൂടെ നോക്കിക്കാണുകയായിരുന്നു വിഷ്ണു.. സൂര്യയുടെ വീട്ടിൽനിന്നും ഒരുവളവു കഴിഞ്ഞവർ കോളേജിന് പുറകുവശത്തെത്തി.. പെട്ടെന്ന് സൈഡ് ചേർത്തവൻ വണ്ടി നിർത്തി.. സ്വാതി പകപ്പോടെ ചുറ്റും നോക്കി.. എടോ... തനിക്ക് വിരോധമില്ലെങ്കിൽ എന്റെ വീട്ടിലൊന്നു കയറിയിട്ട് പോകാം... അവൻ തിരിഞ്ഞുനോക്കാതെതന്നെ ചോദിച്ചു.. പക്ഷേ സ്വരം ആർദ്രമായിരുന്നു.. മിഴികളുയർത്തി നോക്കിയപ്പോൾ തന്നെ മിററിലൂടെ നോക്കി മറുപടിക്കായി കാക്കുന്നവനെ നിരാകരിക്കാൻ തോന്നിയില്ല.. മ്മ്... സമ്മതത്തോടെ മെല്ലെയവൾ തലകുലുക്കി.. എന്നാലിറങ്ങടോ...

ദാ.. ഇതാണ് വീട്.. തൊട്ടു മുൻപിൽ കാണുന്ന ഓടുപാകിയ വീട്ടിലേയ്ക്കു ചൂണ്ടിയവൻ പറഞ്ഞു... പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ചാവിക്കൂട്ടം കയ്യിലെടുത്തു ഗേറ്റിലെ പൂട്ട് തുറന്നു.. ഗേറ്റ് അടച്ചു അവനൊപ്പം നടക്കുമ്പോഴും കണ്ണുകൾ വീട്ടിലേയ്ക്കും ചുറ്റുപാടിലേയ്ക്കും ഓടിനടന്നു.. ഗേറ്റിൽനിന്നും വീട്ടു മുറ്റത്തേയ്ക്ക് ഒരാൾ വീതിയിൽ ഓടുപാകിയിട്ടുണ്ട് മുറ്റത്ത്‌... ഇരുവശത്തും പുല്ലുപാകി പിടിപ്പിച്ചിട്ടുണ്ട്.. അതിനുമപ്പുറം ഒരുപാട് പൂച്ചെടികളും മരങ്ങളും.. മുല്ലയും പിച്ചിയും തുളസിയും സുഗന്ധം പരത്തി നിൽക്കുന്നു.. മാഞ്ചുവട്ടിൽ ചുറ്റും സിമന്റ് കൊണ്ടു തടവെച്ചിരിക്കുന്നു.. ഇരിപ്പിടം പോലെ... ചുറ്റും നോക്കി നടന്നതിനാൽ പെട്ടെന്ന് മുൻപിൽ സ്റ്റെപ് ഉണ്ടായിരുന്നത് ശ്രെദ്ധിച്ചില്ല.. വീഴാനായി മുന്നോട്ടാഞ്ഞപ്പോഴേയ്ക്കും അതൂഹിച്ചെന്നോണം വിഷ്ണു ചേർത്തുപിടിച്ചിരുന്നു.. ഒരുനിമിഷം കണ്ണുകൾ തമ്മിൽ കോർത്തു... ഇത്രയും നേരം കണ്ടിരുന്ന കുസൃതിയോ തന്നെ ചൊടിപ്പിക്കുന്ന നോട്ടമോ ഒന്നുമല്ല അവിടെയെന്നവൾക്ക് തോന്നി...

എന്തോ.... ആഴത്തിൽ സ്പർശിക്കും പോലെ.... പറയാതെ പറയുംപോലെ... ഉടലറിയാതെ വിറകൊണ്ടു... ചുണ്ടുകളും... ഉള്ളിലൂറിയ വികാരങ്ങൾക്ക് കടിഞ്ഞാണിട്ടെന്നോണം വിഷ്ണു കണ്ണെടുക്കാതെ മെല്ലെ പറഞ്ഞു.. സൂക്ഷിച്ച്... സ്റ്റെപ് ഉണ്ട്... അവനിൽനിന്നുമടർന്നുമാറി വീടിനു മുൻപിലെത്തി നിന്നു.. തിരിഞ്ഞുനോക്കുമ്പോൾ ആളും അവൾക്കൊപ്പം എത്തിയിരുന്നു... പുറമെ നിന്നു കണ്ടതുപോലല്ല വിശാലമായ പുരയിടത്തിൽ വിസ്ത്രിതമായി കിടക്കുകയാണ്... പഴമയുടെ ഗന്ധമുള്ളൊരു നാലുകെട്ട്.. ആൾതാമസമില്ലെന്നു കണ്ടാൽ പറയില്ല... വിഷ്ണു ഇവിടെ വന്നു നിൽക്കാറുണ്ടോ..? ചുറ്റുമൊന്നു വീക്ഷിച്ചുകൊണ്ട് സ്വാതി തിരക്കി.. വാ നമുക്കവിടെയിരുന്നു സംസാരിക്കാം.... അടുത്തായി ചുറ്റും സിമെന്റ് തടം തീർത്ത മാഞ്ചുവട്ടിലേയ്ക്ക് നടന്നുകൊണ്ടവൻ അവളെ ക്ഷണിച്ചു... വലിയൊരു മൂവാണ്ടൻ മാവ്... മാമ്പൂ വന്നുതുടങ്ങിയിട്ടേയുള്ളൂ... ആ പച്ചപ്പിന്റെ കുളിരിൽ മനസ്സ് ശാന്തമാകുന്നതും... ഒരുണർവ് നിറയുന്നതുമവളറിഞ്ഞു...

കൈകൾ പിന്നിലേയ്ക്ക് കുത്തി പുറകോട്ടാഞ്ഞിരുന്നവൻ സ്വാതിയെ നോക്കി.. അവളും അവനെ കേൾക്കാൻ തയ്യാറാകുമ്പോലിരുന്നു... ഇവിടിപ്പോ താമസമില്ല.. പക്ഷേ എന്നും വരും. സന്ധ്യയ്ക്ക് ദീപം തെളിക്കാനും രാവിലെ പൂമുഖത്തെ വെട്ടം കെടുത്താനും.. പറയുന്നതോടൊപ്പം ദൃഷ്ടി തെക്കേതൊടിയിലേയ്ക്ക് പാഞ്ഞു.. അവിടെ അടുത്തടുത്തായി രണ്ടു വിളക്കുമാടങ്ങൾ... അവന്റെ ദൃഷ്ടിയെ പിന്തുടർന്നവയിൽ സ്വാതിയുമെത്തി നിന്നു.. അച്ഛനുമമ്മയുമായിരിക്കും അവളോർത്തു.. ഇന്നുമുതൽ ഹോസ്റ്റലിൽ ഒറ്റയ്ക്കാണല്ലേ..? പേടിയുണ്ടോ? വിഷ്ണു മൂകമായ അന്തരീക്ഷം മയപ്പെടുത്താണെന്നോണം സംസാരത്തിനു തുടക്കമിട്ടു.. പേടിയില്ല... പക്ഷേ...കാന്തിയെ മിസ്സ്‌ ചെയ്യും.. ഇതുവരെയും ഓരോ ദിനവും തുടക്കവും ഒടുക്കവും അവൾക്കൊപ്പമായിരുന്നു.. മാസങ്ങളെ ആയുള്ളുവെങ്കിലും ഈ ചുരുങ്ങിയ കാലയളവിൽ എന്റെ ആരെല്ലാമോ ആയി.. അമ്മച്ചിയും അച്ഛയും മാത്രമുള്ളയെന്റെ ലോകത്ത് പുതിയൊരഥിതി.. കൂടപ്പിറപ്പ്...

പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം.. പക്ഷേ... ഒരുപാട് ബുദ്ധിമുട്ടുണ്ടാകില്ല കേട്ടോ.... ഉള്ളിലെ സങ്കടം മറച്ചുകൊണ്ടവൾ പറഞ്ഞു.. മ്മ്... താനല്ലെങ്കിലും ബോൾഡ് അല്ലേ... അപ്പച്ചിയമ്മയും ഏട്ടനുമൊക്കെ നിർബന്ധിച്ചതല്ലേ അവിടെ നിൽക്കാൻ എന്താ സമ്മതിക്കാഞ്ഞേ...? എന്നോടുള്ള സ്നേഹം വാക്കുകളായി പുറത്തുവന്നതാണ്... എന്നുകരുതി ഒരിക്കലും ആരെയും ബുദ്ധിമുട്ടിയ്ക്കാൻ പാടില്ല.. ഉള്ളില്നിറഞ്ഞ സ്നേഹബന്ധങ്ങൾക്കിടയിൽ ചെറിയൊരു പോറൽ വീണാൽപോലും ചിലപ്പോൾ സഹിക്കാൻ പറ്റിയെന്നുവരില്ല... അതുകൊണ്ട് ഇപ്പോളുള്ള പോലെ നിൽക്കുന്നതാണ് നല്ലത് വിഷ്ണു... കാന്തി അവിടുത്തെ മരുമകളാണ്... ഞാനോ...? ഇനിയിപ്പോൾ അവിടെ നിന്നാൽപോലും നാളെ ഞാൻ നിമിത്തമൊരു ചീത്തപ്പേരുണ്ടായാൽ.. അതെനിക്ക് സഹിക്കാൻ കഴിയില്ല... അവൾ പുഞ്ചിരിയോടെ പറഞ്ഞു.. ആഹാ... ആളങ്ങു മച്ചുവേർഡ്‌ ആയല്ലോ..? വിഷ്ണു കളിയോടെ തിരക്കി... ഒരു ചെറുപുഞ്ചിരിയായിരുന്നു മറുപടി.. തന്റെ ഫാമിലിയെക്കുറിച്ച് പറഞ്ഞില്ലല്ലോ ?

അതിനു വിഷ്ണു ചോദിച്ചില്ലല്ലോ ? ആണോ ? എന്നാലിപ്പോൾ ചോദിച്ചിരിക്കുന്നു... കോട്ടയംകാരി അച്ചായത്തിയെന്നൊക്കെ പറയാൻ ഒരു ഗുമ്മുണ്ട്... പക്ഷേ ഈ ആലപ്പുഴക്കാരി അച്ചായത്തി.. ഒട്ടും സിംങ് ആകുന്നില്ലല്ലോ.... വിഷ്ണു പുരികമുയർത്തി.. അതുമാത്രമേയുള്ളോ സിംഗ് ആകാത്തത്? അവൾ അതേ സ്വരത്തിൽ തിരികെ ചോദിച്ചു. ഏയ്‌... അല്ലല്ല.. ഞങ്ങടെ കൂടെ പഠിച്ചിട്ടുള്ള അച്ചായത്തി പെൺപിള്ളേർക്കൊക്കെ വല്ല അന്നമ്മയോ... സൂസമ്മയോ ഒക്കെയാണ്... ഇത് സ്വാതിയെന്നൊക്കെ ആദ്യമായി കേൾക്കാ... ഓഹോ.... സംശയം ന്യായമാണ്.. എന്നോട് പലരും ചോദിച്ചിട്ടുള്ളതുമാണ്.. അവർക്കെല്ലാം മറുപടിയൊരു പുഞ്ചിരിയിലൊതുക്കിവിട്ടു... ഒന്നുനിർത്തിയവൾ അവനെ ഇടംകണ്ണിട്ടു നോക്കി.. ആഹ്... മനസ്സിലായി.. അപ്പോൾ കാര്യമായെന്തോ രഹസ്യം ഈ പേരിനു പിന്നിലുണ്ടല്ലേ... അല്ലെങ്കിലും എല്ലാം തുറന്നുപറയാനുള്ളടുപ്പമൊന്നും എന്നോടില്ലല്ലോ.. അവസാനവാചകം എങ്ങോ ദൃഷ്ടിയൂന്നി പറഞ്ഞുകൊണ്ടവൻ മെല്ലെ മാവിൻ ചോട്ടിലേയ്ക്ക് കിടന്നു...

അതുകേൾക്കേ ഉള്ളിലൊരു നോവുണരുമ്പോലെ തോന്നിയവൾക്ക്... അതുമറച്ചവൾ മുഖത്തൊരു കപട ദേഷ്യമണിഞ്ഞു... അത്രയ്ക്ക് വല്യ രഹസ്യമൊന്നുമില്ല... സാധാരണ മക്കൾക്ക്‌ പേരിടുന്നത് അവരുടെ അച്ഛനുമമ്മയുമല്ലേ.. അതുപോലെ എന്റെ അച്ചയ്ക്കിഷ്ടപ്പെട്ട പേര് എനിക്കുമിട്ടു... അത്രതന്നെ... സ്വാതി ചുണ്ടു കൂർപ്പിച്ചു.. പിന്നെ വിഷ്ണുവൊന്നും ചോദിച്ചില്ല.. മാവിൻമുകളിലേയ്ക്ക് നോക്കി നിശബ്ദനായി കിടന്നു.. തെല്ലുനേരം സ്വാതിയും അവനെ നോക്കിയിരുന്നു.. പിന്നെ അവനഭിമുഖമായി ചമ്രം പടിഞ്ഞിരുന്നുകൊണ്ട് പറയാൻ തുടങ്ങി... തന്നെക്കുറിച്ച്.... കാന്തിയ്ക്കു മാത്രമറിയാവുന്ന തന്റെ കുടുംബത്തേക്കുറിച്ച്... അമ്മ തനി കോട്ടയംകാരി അച്ചായത്തി തന്നെയാണ്... അത്യാവശ്യം പേരുകേട്ടൊരു നസ്രാണി കുടുംബമായിരുന്നു അമ്മച്ചിയുടേത്... കേൾക്കുമ്പോൾ സിനിമക്കഥയെ വെല്ലും കേട്ടോ... അവളൊന്നു നിർത്തി കളിയായി പറഞ്ഞു.. അവളെ കേൾക്കാനായി വിഷ്ണു അവൾക്കുനേരെ ചരിഞ്ഞു തലയിൽ കൈതാങ്ങി കിടന്നു.. അമ്മയ്ക്ക് മൂത്തത് നാലാങ്ങളമാരാണ്....

ഏകദേശം അവരെയൊക്കെ കെട്ടുപ്രായമാകാറായപ്പോ കിട്ടിയതാണ് അമ്മച്ചിയെ.. അപ്പോൾപ്പിന്നെ പറയണ്ടല്ലോ താഴത്തും തറയിലും വയ്ക്കാണ്ട് വളർത്തി.. പറഞ്ഞിട്ടെന്താ കാര്യം പുള്ളിക്കാരത്തി തൃശ്ശൂർക്കാരൻ പട്ടരുമായി അടുപ്പത്തിലായി... അവിടെ സി എം എസ് കോളേജിൽ അമ്മച്ചിയുടെ സീനിയറായിരുന്നു അച്ഛ... സംഭവം വീട്ടിലറിഞ്ഞു ആകെ പുകിലായി.. രണ്ടാളുടെയും വീട്ടിൽ അഭിമാനപ്രശ്നമായി.. പക്ഷേ.. രണ്ടാളും പിരിയാൻ തയ്യാറായില്ല... ഏതോ പ്രമാണിയുമായി കെട്ടുറപ്പിച്ചപ്പോൾ അമ്മച്ചി അച്ഛയുടെ കൂടിറങ്ങി പോയി.. തൃശ്ശൂർക്ക്.. അതായതീ നാട്ടിൽ... ആഹാ.. അപ്പോൾ ഈ നാട്ടുകാരിയാണല്ലേ... വിഷ്ണു തിരക്കി.. അല്ല... എന്റെ നാട് ആലപ്പുഴയാണ്.. അങ്ങനെ പറയാനാണെനിക്കിഷ്ടം... അവൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു.. കുറുമ്പിയായ സ്വാതിയിൽനിന്നും പക്വതയോടെ കാര്യങ്ങൾ പറയുന്ന പെണ്ണിലേയ്ക്കുള്ള മാറ്റം അത്ഭുതത്തോടെ വിഷ്ണു നോക്കിക്കണ്ടു.. എത്രയൊക്കെയായാലും കുറച്ചുകഴിയുമ്പോൾ വീട്ടുകാർ സ്വീകരിക്കുമെന്ന വിശ്വാസത്തിൽ അച്ഛയുടെ വീടിനടുത്തുതന്നെ ഒരു കുഞ്ഞു വാടക വീടെടുത്തു ഇരുവരും താമസം തുടങ്ങി..

കെട്ടു നടക്കുമ്പോൾ അച്ഛ പിജി അവസാന പരീക്ഷ എഴുതിയതേയുള്ളായിരുന്നു.. റിസൾട്ട്‌ വന്നിട്ടുമില്ല... അല്ലെങ്കിലും പഠിപ്പുണ്ടായിട്ടുമാത്രം കാര്യമില്ലല്ലോ.. ജോലി കൂടി വേണ്ടേ... ഒരു ചങ്ങാതി വഴി അടുത്തൊരു പാരലൽ കോളേജിൽ പഠിപ്പിക്കാൻ കയറി.. കഷ്ടിച്ച് കഴിയാനുള്ളത് അതിൽനിന്നും കിട്ടി... നാളുകൾ കഴിഞ്ഞിട്ടും ഇരുവീട്ടുകാരും സ്വീകരിച്ചില്ല... അവർക്കിടയിൽ ഞാനെത്തിയിട്ടും ആർക്കും മനസ്സലിഞ്ഞില്ല... അധ്യാപനത്തിനൊപ്പം പല കൂലി വേലയ്ക്കും പോയാണ് പ്രസവമൊക്കെ കടത്തിയത്.. എന്തിനേറെ പ്രസവശേഷം അമ്മയെ നോക്കിയതും രക്ഷ ചെയ്തതുമൊക്കെ അച്ഛയായിരുന്നു.. അതിനായരെയും നിർത്താനുള്ള പണമൊന്നുമുണ്ടായില്ല.. പിന്നീട് പണത്തിന്റെയും അഭിമാനത്തിന്റെയും പേരിൽ മാറ്റിനിർത്തിയ ആരെയും വേണ്ടായെന്നു ഞങ്ങളും തീരുമാനിച്ചു..

ഇവിടുന്നു ആലപ്പുഴയിലേയ്ക്ക് മാറി.. അതും ഒരാത്മാർത്ഥ സുഹൃത്തിന്റെ സഹായത്തിൽ... അവിടെ ചെറിയൊരു ജോലിയിൽ പൊയ്ക്കൊണ്ടിരിക്കെയാണ് അച്ഛയ്ക്ക് ഗൾഫിൽ ജോലി ശരിയായതും.. ഇന്നീ കാണുന്നതൊക്കെ നേടിയതും... അവൾ പറഞ്ഞുനിർത്തി അവനെ നോക്കി.. അപ്പോൾ ഇതുവരെയും ബന്ധുക്കളാരും തിരക്കിവന്നിട്ടില്ലേ... മിണ്ടിയിട്ടില്ലേ..? അവൻ ആകാംക്ഷയോടെ തിരക്കി.. മ്മ്... അച്ഛയുടെ ബസ്സിനസ്സൊക്കെ പച്ചപ്പിടിച്ചപ്പോൾ ചിലരൊക്കെ വന്നിട്ടുണ്ട്... അവരെയൊക്കെ പിണക്കാതെ ഒരകലത്തിൽത്തന്നെ നിർത്തി.. അച്ഛയെപ്പോഴും പറയാറുണ്ട്.. വീട്ടുകാരെ ധിക്കരിച്ചതും നാണം കെടുത്തിയതുമൊക്കെ തെറ്റുതന്നെയാണ്.

പക്ഷേ... ഉള്ളിലെ ഇഷ്ടത്തെ മറക്കാനോ മറ്റൊരാളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്താനോ ആകാത്തതുകൊണ്ട് ഒന്നിച്ചു... ജീവിതത്തിൽ താങ്ങാഗ്രഹിക്കുന്ന പല സന്ദര്ഭങ്ങളിലും അവരുടെയൊക്കെ സാന്നിധ്യം കൊതിച്ചിട്ടുണ്ട്.. അപ്പോളൊന്നും കിട്ടാത്തത് ഇനിയിപ്പോൾ എന്തിനാണെന്ന്.. അതുകൊണ്ട് ഇന്നും ആരോടും പരാതിയില്ല.പരിഭവമില്ല..... സ്വാതി പുഞ്ചിരിയോടെ പറഞ്ഞു.. അപ്പോൾ ഒരു വിപ്ലവമായിരുന്നല്ലേ അമ്മച്ചിയുടെയും അച്ഛയുടെയും വിവാഹം.. വിഷ്ണു മെല്ലെയെഴുന്നേറ്റിരുന്നുകൊണ്ട് തിരക്കി.. അതേ..... പ്രണയമായിരുന്നു.... അന്നും..... ഇന്നും.... അവൾ കണ്ണുകൾ മെല്ലെപൂട്ടി മൊഴിഞ്ഞു....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story