🌻സൂര്യകാന്തി 🌻: ഭാഗം 30

Sooryakanthi mizhi

രചന: മിഴി

സ്വാതി പോയപ്പോൾ ഉള്ളാകെ ഒരു ഗദ്ഗദം വന്നുനിറയുന്നപോലെ കാന്തിക്ക് തോന്നി.. ഇതുവരെയും ഒരു ചുവരിന്നപ്പുറം... വിളിപ്പാടകലെ... അവൾ ഉണ്ടെന്ന ആശ്വാസമായിരുന്നു.. എന്നാൽ ഇപ്പോൾ പേരറിയാത്തൊരു നൊമ്പരം തന്നെ മൂടുന്നതായവൾക്ക് തോന്നി.. ഗേറ്റ് അടച്ച് അകത്തേക്ക് വന്നപ്പോൾ വാതിൽക്കൽ ചിന്തയോടെ നിൽക്കുന്നവളിൽ സൂര്യന്റെ മിഴികളെത്തി നിന്നു.. വിദൂരതയിൽ ദൃഷ്ടിയൂന്നി മനസ്സിനെ അലയാൻ വിട്ടുനിൽക്കുന്ന പെണ്ണപ്പോഴും അമ്മക്കിളിയെപോലെ കുഞ്ഞിനെ ചുമലിൽ തട്ടിയുറക്കുന്നുണ്ടായിരുന്നു.. ടോ... എന്തുനിൽപ്പായിത്..? കുഞ്ഞുറങ്ങി... സൂര്യൻ മെല്ലെ ചുമലിൽ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു.. ഒന്നുഞെട്ടിപ്പിടഞ്ഞു കാന്തി അവനെ നോക്കി.. പിന്നെ ശ്രദ്ധ കുഞ്ഞിലേയ്ക്കായി... മുഖത്തൊരു ചെറു ചിരി വരുത്തിയവൾ ഉള്ളിലേയ്ക്ക് നടന്നു. ഹാളിൽനിന്നും അടുക്കള വാതിൽക്കലേയ്ക്ക് നടന്നവൾ രാഗിണിയേ നോക്കി. എന്നാൽ അടുക്കളയിൽനിന്നും പുറത്തേയ്ക്കുള്ള വാതിൽ അടച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ ആളവിടില്ലെന്നു മനസ്സിലായി..

അമ്മയ്ക്ക് ഊണ് കഴിഞ്ഞൽപ്പം കിടക്കുന്ന പതിവുണ്ട്.. മുൻപൊന്നും ഇല്ലായിരുന്നു.. തനിച്ചായപ്പോൾ തുടങ്ങിയതാണ്.. താൻ വാ ഇനിയിപ്പോ ചായ സമയമാകുമ്പോൾ നോക്കിയാൽ മതി. സൂര്യൻ കാന്തി രാഗിണിയേ നോക്കുന്നത് കണ്ടുകൊണ്ടു പറഞ്ഞു. മ്മ്.. ചെറുതായൊന്നു മൂളിയവൾ അവനൊപ്പം നടന്നു. മുകളിലേക്കുള്ള സ്റ്റെയർ കയറാൻ നേരം അവൻ ആദ്യം കയറാനായി കാന്തി ഓരത്തേക്ക് ഒതുങ്ങിനിന്നു.. എന്നാൽ തെല്ലമ്പരപ്പിച്ചുകൊണ്ട് സൂര്യൻ കാന്തിയെ തോളോടുചേർത്തുപിടിച്ചു.. അൽപ്പം പിടപ്പോടെ പെണ്ണ് നോക്കുമ്പോൾ ഒന്നു കണ്ണുചിമ്മിയവൻ പടികൾ കയറാൻ മുന്നോട്ടു മിഴികാട്ടി.. എന്തിനാ കുഞ്ഞേ ഇങ്ങനെ നിന്നു പരുങ്ങുന്നത്..? സ്വാതി പോയപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. ഇന്നലെ അത്രയും പറഞ്ഞിട്ടും എന്നെ വിശ്വാസം പോരായോ ? അവൻ തന്നെ നോക്കാതെ നിലത്തേക്ക് ദൃഷ്ടിയൂന്നി നടക്കുന്ന പെണ്ണിനോടായി ചോദിച്ചു.. അവളപ്പോഴും ചേർത്തുപിടിച്ചിരിക്കുന്ന ദേഹം പരമാവധി ഒതുക്കി പിടിക്കുകയായിരുന്നു.. വല്ലാതൊരു അപരിചിതത്വം പോലെ.. വീട്ടിൽ എപ്പോഴും അടക്കിപ്പിടിക്കുമ്പോൽ ജീവിച്ചിരുന്നതാണ്.. ആണുങ്ങളോട് എപ്പോഴും അകന്നുനിൽക്കാനാണ് അമ്മ ഉപദേശിച്ചിരുന്നതും.. അവൾ അപ്പോഴും ഓർമയുടെ നീർക്കയത്തിലായിരുന്നു..

ഞാൻ അന്യനല്ല.. നിന്റെ ഭർത്താവാണ്... അധികാരം സ്ഥാപിക്കുകയല്ല.. ഓര്മപ്പെടുത്തിയതാണ്.. അച്ഛനും അനിയനും ഒന്നു ചേർത്തുപിടിച്ചാൽ ഉള്ളിലൊരു ആശ്വാസം നിറയില്ലേ.. സുരക്ഷിതത്വം തോന്നില്ലേ.. അതുപോലെ ഞാനെന്ന പുരുഷനും നിന്റെ ജീവിതത്തിന്റെ ഭാഗമാണ് കാന്തി.. സൂര്യൻ പടിയിൽ തട്ടി ആഞ്ഞു വീഴാൻ പോയ കാന്തിയെ കുഞ്ഞോടൊപ്പം ചേർത്തണച്ചു.. അവളപ്പൊഴേയ്ക്കും കുഞ്ഞിനെ പേടിച്ചു മുറുക്കെ പിടിച്ചിരുന്നു.. കണ്ടോ.. ഇങ്ങനെ സ്വപ്നം കണ്ടുനടന്നാൽ വീഴില്ലേ..? ഇതിപ്പോ ഞാൻ പറഞ്ഞത് വല്ലോം കേട്ടോ ? സൂര്യൻ തെല്ലു ഗൗരവത്തോടെ തിരക്കി.. ഒപ്പം അവളെ ചേർത്തുപിടിച്ചുതന്നെ റൂമിലേയ്ക്ക് കടന്നു.. സോറി സർ.. പെട്ടെന്ന്... അറിയാതെ.. കാന്തി വാക്കുകൾക്കായി പരതി.. അറിയാതെയല്ല കാന്തി... അറിഞ്ഞുകൊണ്ടു തന്നെയാണ്.. ഉള്ളിൽ കുരുങ്ങിക്കിടക്കുന്ന ചിന്തകളുടെ കെട്ടുകൾ അറിഞ്ഞുകൊണ്ടു നീ വീണ്ടും വീണ്ടും അഴിക്കാനാകാത്ത കെണിയാക്കി മാറ്റുകയാണ്..

പതിയെയെങ്കിലും അത് അഴിക്കാൻ ശ്രമിച്ചില്ലെങ്കിൽ മനസ്സിന്റെ താളമൊന്നാകെ പൊട്ടിപ്പോകും കുഞ്ഞേ... അവിടെ തകരുന്നത് നമ്മൾ മൂവരുടെയും സ്വപ്നങ്ങളാണ്... കാന്തിയുടെ തോളിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നെറുകയിൽ മെല്ലെ തഴുകി അവൻ പറഞ്ഞു.. ഒരുപക്ഷേ... ഇനിയൊരു തിരിച്ചുവരവ് ഈ സൂര്യജിത്തിനും ഉണ്ടായെന്നുവരില്ല.. സൂര്യൻ കാന്തിയിലെ നിർവികാരതയിൽ നിസ്സഹായനായി.. ഒരുമുറിയിൽ അപരിചിതരെപ്പോലെ വീർപ്പുമുട്ടിക്കഴിയാൻ... ഇനിയും നാലുചുവരുകൾക്കുള്ളിൽ കഴിഞ്ഞതൊന്നും ആവർത്തിയ്ക്കാൻ കഴിയില്ലെന്നവനോർത്തു.. സൂര്യന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ ആഴത്തിൽ പതിയുമ്പോഴും.. താനിന്നേറെ സൂര്യനെന്ന ഊർജത്തിൽ... ആ വെളിച്ചത്തിൽ ജീവിക്കുന്നെന്നു കാന്തിയുടെ മനം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.. എന്നാൽ... ആശയും തീരുമാനങ്ങളും എന്തിനേറെ ശബ്ദം പോലും പുറത്തേയ്ക്കൊഴുകാതെ മനസ്സിൽ പൂട്ടിവെച്ചാണ് പതിവ്.. അതിനാൽ എല്ലാം ഉള്ളിൽ മാത്രം നിന്നു..

ഇത്രയും ദുർബലമായ മനസ്സിനെ അവൾ പഴിച്ചുകൊണ്ടിരുന്നു.. താനിത്രയും പറഞ്ഞിട്ടും തന്നോടൊരു വാക്കിനാൽ പോലും ആശ്വാസം നല്കാത്തവളെ കാൺകെ ഉള്ളം നിരാശയാൽ മൂടി. ഇനിയും പിടിച്ചുനിൽക്കാനാകില്ലെന്ന ബോധ്യം വന്നപ്പോളവൻ മെല്ലെ പുറത്തേയ്ക്കു നടന്നു.. ഇല്ല... ഞാൻ... സ്നേഹിക്കുന്നുണ്ട്.. ഇഷ്ടപ്പെടുന്നുണ്ട്.. വിവാഹം കഴിഞ്ഞു വന്നതുമുതലിതുവരെ എപ്പോഴും കൂടെനിന്നിട്ടേയുള്ളു.. അർഹിക്കുന്നതിലും കൂടുതൽ സ്നേഹവും പരിഗണയും തന്നു.. എന്നിട്ടും.. വേദനിപ്പിച്ചു... ഒടുവിൽ നിസ്സഹായത നിറഞ്ഞാ നോട്ടത്തിൽ കണ്ണുനീരിന്റെ ലാഞ്ചന ഉണ്ടായിരുന്നില്ലേ.. അവളെല്ലാം ഒന്നുകൂടി ഓർത്തെടുത്തു. നെഞ്ചിടിപ്പേറി... ഉള്ളം പിടച്ചു... കുഞ്ഞിനെ മെല്ലെ കട്ടിലിനു നടുക്കായി കിടത്തി തലയണയാൽ തട വെച്ചു. കാറ്റുപോലവൾ പുറത്തേയ്ക്കിറങ്ങി.. മിഴികൾ അവനായി ചുറ്റും അലഞ്ഞു.. ഒടുവിൽ വിഷ്ണുവിന്റെ മുറിയിലായി അവനടുത്തേയ്ക്കെത്തുമ്പോഴേയ്ക്കും ഏങ്ങൽ ചീളുകൾ പുറത്തേയ്ക്കൊഴുകിയിരുന്നു.. കട്ടിലിൽ മുഖത്തിന്‌ മുകളിൽ കൈയാൽ മറച്ചു കിടക്കുന്നവന്റെ മുന്നിൽ ഒരുനിമിഷം നിന്നു..

അടുത്തു കണ്ടപ്പോഴേയ്ക്കും വീണ്ടും വാക്കുകൾ തൊണ്ടയിൽ കുടുങ്ങും പോലെ.. പക്ഷേ.. മറച്ചുവെച്ചിരിക്കുന്ന കണ്തടങ്ങളിൽ നനവൂറുന്നത് കാൺകെ അറിയാതെ വാക്കുകൾ പുറത്തുചാടി.. സർ... മനപ്പൂർവ്വമല്ല... ശീലിച്ചുപോയി.. എന്തു പറയണമെന്നോ... എങ്ങനെ പറയണമെന്നോ അറിയില്ല.. ഉള്ളിൽ ഒരായിരം വട്ടം സാറിനെ വിഷമിപ്പിക്കരുതെന്നു കരുതുമ്പോഴും അതൊന്നും വാക്കായി പുറത്തവരുന്നില്ല.. അവന്റെ കാൽചുവട്ടിലായി നിലത്തിരുന്നുകൊണ്ടവൾ പറഞ്ഞു. മിഴിനീർ അവന്റെ കാൽപ്പാദങ്ങളെ നനച്ചു.. ഏയ്... എന്താ കുഞ്ഞേ ഇത്... എഴുന്നേൽക്ക്... കാന്തി.. ദേ.. ഇങ്ങോട്ട് നോക്ക് മോളേ.. ഞാൻ.. പെട്ടെന്ന്... ഇയാളുടെ മൗനവും ഭയവുമൊക്കെ കണ്ടപ്പോൾ.. അറിയാതെ.. പറഞ്ഞുപോയതാ.. സൂര്യൻ ആധിയോടെ പെട്ടെന്ന് കട്ടിലിൽ നിന്നെഴുന്നേറ്റു.. അവളെ മെല്ലെ പിടിച്ചെ ഴുന്നേൽപ്പിച്ചുകൊണ്ട് പറഞ്ഞു.. സാരമില്ല... പോട്ടെ... സങ്കടം വന്നപ്പോൾ പിടിച്ചുനിൽക്കാനായില്ല.. അതാ ഇവിടെ വന്നുകിടന്നത്.. ഒന്നു ശരിയാമ്പോ ഞാനങ്ങു വരാം.. കുട്ടി ചെല്ല്.. ആ മുറിക്കുള്ളിൽ വീർപ്പുമുട്ടാൻ മനസ്സിന് ബലം പോരാ.. അത്രയ്ക്കോർമ്മകളുണ്ട് അവിടെ.. എന്തോ ഓർത്തെന്നപോലെ സൂര്യൻ പറഞ്ഞു.. എന്നാൽ കാന്തി പോകാതെ അവനെത്തന്നെ നോക്കി നിന്നു..

. പ്രതീക്ഷയോടെ തന്നിലേക്ക് നീളുന്ന മിഴികളെ അവഗണിക്കാനാകാതെ സൂര്യൻ കാന്തിയെ കൂട്ടി മുറിയിലേയ്ക്കു പോയി.. കുഞ്ഞിനടുത്തായി കിടന്നുകൊണ്ട് സൂര്യൻ കാന്തിയെ നോക്കി.. കാന്തിയുടെ ഉള്ളിലപ്പോൾ കഴിഞ്ഞരാത്രി തന്നെ ചേർത്തണച്ച വാൽത്സല്യ ചൂടും അവന്റെ വാക്കുകളും നിറഞ്ഞുനിന്നു.. അതേ... ഇപ്പോളും എന്നെ വിശ്വാസമുണ്ടെങ്കിൽ അടുത്തു കിടക്കാം... എനിക്കെന്തായാലും കുറച്ചുസമയം ഒന്നു ഉറങ്ങിയാൽ കൊള്ളാമെന്നുണ്ട്.. അവൻ ഷാളിൽ വിരൽ കൊരുത്തുനിൽക്കുന്ന കാന്തിയോടായി പറഞ്ഞു.. കേൾക്കേണ്ട താമസം പെണ്ണ് കുഞ്ഞിനെ ശ്രദ്ധപൂർവം നീക്കിക്കിടത്തി അവനടുത്തായി കിടന്നു.. പറയാതെതന്നെ വിരിച്ചുവെച്ചിരിയ്ക്കുന്ന കൈക്കൂടിൽ തലവെച്ചു.. അതുകാൺകേ ഉള്ളം സന്തോഷത്താൽ തുടികൊട്ടി.. അതിന്റെ പ്രതിഫലനാമെന്നോണം ഒരു നറുപുഞ്ചിരി അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു.. ദേ... ഇത്രേയുള്ളൂ.. ഞാൻ പറഞ്ഞതല്ലേ എന്നെ പേടിക്കരുതെന്ന്.. ഇപ്പോൾ സത്യം പറഞ്ഞാൽ റിച്ചുവിനെ ചേർത്തുപിടിക്കുംപോലെ ഒരുപാട് സ്നേഹം നിറയുന്നുണ്ട്..

ഈ കണ്ണുകളിൽ എന്നോടുള്ള ഭയം നിറയുമ്പോൾ സഹിക്കില്ല കുഞ്ഞേ.. നിന്റെ അച്ഛനോ അനിയനോ ഉള്ള സ്ഥാനം പോലും ഈ മനസ്സിലെനിക്കില്ലെന്നു അറിയുമ്പോൾ ഉള്ളിൽ എനിക്ക് സ്വയം ആ നീചനെയാണ് കാണാൻ കഴിയുന്നത്.. അയാളെ പ്പോലെ നീയെന്നെ അകറ്റുന്നെന്നു തോന്നിപ്പോകും.. അവൻ കാന്തിയെ തനിയ്ക്ക് അഭിമുഖമായി കിടത്തി മുഖത്തേയ്ക്കു അലിവോടെ നോക്കി. ആ നിമിഷം പെണ്ണിന്റെ ഉള്ളൊന്നു പിടഞ്ഞു.. സൂര്യനെ ഇനിയൊന്നും പറയരുതെന്ന പോലെയവൾ കൈകളാൽ ചുണ്ടുകൾ ബന്ധിച്ചു.. അരുതേയെന്നു തലയനക്കി.. ഇത്രയും സ്നേഹത്തോടെ സുരക്ഷിതത്വത്തോടെ ഒരാളുമെന്നേ ചേർത്തുപിടിച്ചിട്ടില്ല.. അച്ഛനോ അനിയനോ സ്നേഹത്തോടെയൊന്നു തലോടിയ ഓർമ പോലുമില്ല.. അമ്മപോലും എന്റെ മനസ്സറിയാനോ ഒന്നു ചേർത്തുപിടിച്ചു സ്നേഹത്തോടെ സംസാരിക്കാനോ മുതിർന്നിട്ടില്ല.. പക്ഷേ.. സ്നേഹമുണ്ട്.. അതെല്ലാം ഗൗരവത്തിന്റെ മുഖം മൂടിയിൽ പൊതിഞ്ഞു ഒരു കൈയകലത്തിൽ മാറ്റിവെച്ചിരുന്നു.. പിന്നെങ്ങനെയാണ് അവരെപ്പോലെ ഞാൻ സാറിനെ കാണുന്നത്.. കിട്ടിയിരുന്നതൊക്കെ സ്നേഹമെന്ന പേരിൽ ഞെരിച്ചുടയ്ക്കുന്ന വേദനകളായിരുന്നു.. അതിനെല്ലാം കാപട്യം നിറഞ്ഞ മാമയുടെ മുഖവുമായിരുന്നു..

ഇല്ല.. അയാളുമായി സാറിന്റെ നിഴലിനെപ്പോലും താരതമ്യം ചെയ്യരുത്.. അവൾ കേഴുമ്പോലെ സൂര്യനെ നോക്കി.. അച്ഛൻ നാട്ടിലില്ലല്ലോ..? അതുകൊണ്ട് തോന്നുന്നതായിരിക്കും മോളേ? അല്ലാണ്ട് നിന്നോടിഷ്ടമില്ലാണ്ടിരിക്കോ..? സൂര്യൻ അവളെ ആശ്വസിപ്പിക്കുംപോലെ പറഞ്ഞു.. ഇഷ്ടമൊക്കെയുണ്ട്.. വരുമ്പോൾ ഒത്തിരി ഡ്രെസ്സും സ്വീറ്റ്സുമൊക്കെ കൊണ്ടുതരാറുണ്ട്.. പക്ഷേ.. അച്ഛന് പെട്ടെന്ന് ദേഷ്യം വരും.. ദേഷ്യം വന്നാൽ പിന്നെ രക്ഷയില്ല.. സാറിനറിയോ കുഞ്ഞിലേ ഞാൻ എന്തോ പറഞ്ഞു വാശിപിടിച്ചു കരഞ്ഞപ്പോൾ ദേഷ്യം വന്നിട്ട് അച്ഛനെന്നെ എടുത്തെറിഞ്ഞു.. ഇപ്പോഴുമുണ്ട് അതിന്റെ ശേഷിപ്പെന്നോണം ഇടതു തോളിൽ മുറിപ്പാട്.. അതുപറയുമ്പോളേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു.. അവളുടെ തുറന്നുപറച്ചിലിൽ സൂര്യന്റെ നെഞ്ചോന്ന് കാളി.. ചേർത്തുപിടിച്ചാ നെറുകിൽ ചുണ്ടുചേർക്കുമ്പോഴും നോട്ടം തന്റെ റിച്ചുമോളിൽ എത്തിനിന്നു.. താനുമൊരച്ഛനാണ്.. പക്ഷേ.. ഒരിക്കലും എന്റെ കുഞ്ഞു നൊന്തു കരയുന്നതോർക്കാൻ കൂടി പറ്റില്ല.. മനുഷ്യമനസ്സ് വലിയൊരു മരീചികയായി അവന് തോന്നി..

കിച്ചനും എന്നോടധികം അടുപ്പമില്ല.. കുഞ്ഞിലേ മുതൽ രവി മാമേടെ മകൾ അച്ചുവിനോടാണ് കൂടുതൽ അടുപ്പം.. കാരണം അവർ ഏകദേശം ഒരേപ്രായമാണ്.. പിന്നെ അവന് മൂന്നാല് വയസാകുന്നവരെ അമ്മയുമവനും അച്ഛന്റെ വീട്ടിലായിരുന്നു.. അതിനു ശേഷമാണ് അവിടെനിന്നും പ്രശ്നമൊക്കെയായി വീട്ടിൽ വരുന്നത്.. അപ്പോഴേയ്ക്കും അവന്റെ ലോകം അമ്മയും സമപ്രായക്കാരിയായ അച്ചുവുമായി മാറിയിരുന്നു.. അവൾ തെല്ലൊരു സങ്കടത്തോടെ പറഞ്ഞുനിർത്തി.. സാരമില്ലെടോ.. അതൊന്നുമോർക്കേണ്ട.. ഇനീപ്പോ ഞാനില്ലേ തനിക്കെല്ലാമായി.. അമ്മയും അച്ഛനുമായി.. പിന്നെ വിഷ്ണു നിന്നെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയല്ലേ സ്നേഹിക്കുന്നത്.. പക്ഷേ... ഒടുവിൽ ഉള്ളിലൊരായിരം പ്രണയമഴ എനിക്കായി തരണം താൻ.. അവൻ മെല്ലെ കാന്തിയുടെ കാതോരം പറഞ്ഞു..

അതുകേൾക്കേ ഉള്ളം കുളിർത്തെങ്കിലും അനുനിമിഷം രവിയുടെ ചെയ്തികളോർക്കേ ശരീരം ചുട്ടുപൊള്ളുന്നതായവൾക്ക് തോന്നി.. സർ... ഞാൻ... മനസ്സ് കൊണ്ടു ഇതുവരെയും കളങ്കപ്പെട്ടിട്ടില്ല... ആർക്കും നൽകിയിട്ടുമില്ല... പക്ഷേ... അവൾ മുഴുമിപ്പിക്കാനാകാതെ വ്യഥയോടെ സൂര്യനെ നോക്കി.. കാന്തി.... വേണ്ട... ഇനിയും ഇത്തരം സംസാരം നമുക്കിടയിൽ ഉണ്ടാകരുത്.. നോക്കു കുഞ്ഞേ... നമ്മുടേതായ എന്തേലും സമ്മതമില്ലാതെ മോഷ്ടിച്ചെടുത്താൽ.. അതുമല്ലെങ്കിൽ തട്ടിയെടുത്താൽ അതിനവകാശം സ്ഥാപിക്കാനാകുമോ ? ഇല്ലല്ലോ ? അതുപോലെ തന്റെ ഈ മനസ്സും ശരീരവും പരിശുദ്ധമാണ്.. അതെല്ലാം നമ്മുടെ കാഴ്ചപ്പാട് പോലെയിരിക്കും.. കേട്ടോ ? ഇനി ഇതൊന്നും നമുക്കിടയിൽ വരരുത്.. അവൻ തന്റെ പെണ്ണിനോടായി പറഞ്ഞു.. ഉള്ളിലലയടിക്കുന്ന സംഘർഷങ്ങളെ പുഞ്ചിരിയാൽ മറച്ചവൾ അവനോടു ചേർന്നുകിടന്നു.. കുറച്ചുനേരം ഉറങ്ങിക്കോട്ടോ.. ക്ഷീണമൊക്കെ ഒന്നുമാറിയിട്ടു വൈകുന്നേരം നാളത്തേയ്ക്കുള്ള കാര്യങ്ങൾ ഒതുക്കിവെയ്ക്കണം.. നന്നായി പഠിക്കണം കേട്ടോ? സൂര്യൻ കൊച്ചുകുട്ടികളോടെന്നപോൽ കാന്തിയോടായി പറഞ്ഞു.. നിറഞ്ഞമനസ്സാലെയവൾ സമ്മതമറിയിച്ചു...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story