🌻സൂര്യകാന്തി 🌻: ഭാഗം 32

Sooryakanthi mizhi

രചന: മിഴി

രാവിലെ നേരത്തെതന്നെ കാന്തി ഉണർന്നു.. തന്നെയും കുഞ്ഞിനേയും ചുറ്റിപ്പിടിച്ചു ചരിഞ്ഞു കിടക്കുന്ന സൂര്യനെ ഒരുനിമിഷം നോക്കിക്കിടന്നു.. ഒരിക്കലും കിട്ടില്ലയെന്നു ഉറപ്പിച്ചിരുന്ന സന്തോഷങ്ങളാണ്.. തനിക്കുമുന്പിൽ കിട്ടിയിരിക്കുന്നത്.. തന്റെ എല്ലാ വ്യഥകളും അറിയാവുന്നൊരാൾ..... താലിയിൽ മുറുകെപ്പിടിച്ചുകൊണ്ട് ദൈവത്തോടവൾ നന്ദി പറഞ്ഞു.. മെല്ലെ ചെരിഞ്ഞു റിച്ചുമോളുടെ നെറുകിലൊന്നു മുകർന്നുകൊണ്ട് സാവധാനം സൂര്യന്റെ കൈകൾ ദേഹത്തുനിന്ന് മാറ്റി.. മാറാനുള്ള ഡ്രെസ്സുമായി ബാത്റൂമിലേയ്ക്ക് പോയി.. കുളികഴിഞ്ഞു താഴേയ്ക്ക് ചെല്ലുമ്പോൾ അടുക്കളയിൽ രാഗിണിയ്ക്കൊപ്പം വിഷ്ണുവുമുണ്ട്.. പച്ചക്കറി നുറുക്കുന്നതിനിടയിൽ ചായ ഗ്ലാസും ചുണ്ടോടു ചേർക്കുന്നുണ്ട്.. അവൾ അടുക്കളയിൽ തന്നെയുള്ള ക്ലോക്കിലേയ്ക്ക് നോക്കി. സമയം 6.15 ആയിരിക്കുന്നു...

തെല്ലൊരു പരിഭ്രമത്തോടെ വിഷ്ണുവിനടുത്തേയ്ക്ക് ചെന്നു.. ആ... രാവിലെ എഴുന്നേറ്റ് കുളിയൊക്കെ പാസ്സാക്കിയോ..? എന്റെ കൊച്ചേ.. ഈ വെളുപ്പങ്കാലത്തെഴുന്നേറ്റു തണുപ്പത് കുളിച്ചു പനിയൊന്നും പിടിപ്പിക്കല്ലേ..? അവൻ അവളെയൊന്നു കണ്ണുരുട്ടി കാട്ടി.. അപ്പോഴാണ് രാഗിണി കാന്തിയെ കണ്ടത്.. അതേ മോളേ... കുറച്ചു കഴിഞ്ഞിട്ട് കുളിച്ചാല് പോരാരുന്നോ.? ഒന്നാമതെവെള്ളം മാറിയതാ... വല്ല വയ്യായ്കയും വരും.. പറയുന്നതിനൊപ്പം വർക്ക്‌ ഏരിയയിലേക്കിറങ്ങി ഒരൽപ്പം ചാരമെടുത്തു അവളുടെ നെറുകിൽ തിരുമ്മി... ആഹാ.. ബെസ്റ്റ്.. നല്ല അമ്മായിയമ്മ... രാവിലെ മരുമോളെ ചാമ്പല് പൂശി... വിഷ്ണു കളിയാക്കി.. നീ പോടാ... ഇതേ നല്ലതാ.. കുഞ്ഞിലേ എന്റമ്മ ഇതുപോലെ തിരുമ്മി തരാറുണ്ടായിരുന്നു.. അവർ കാന്തിയെ ചേർത്തുനിർത്തി വിഷ്ണുവിനോടായി പറഞ്ഞു..

കാന്തി പുഞ്ചിരിയോടെ വിഷ്ണുവിന്റെ കൈയിൽനിന്ന് കത്തി വാങ്ങാൻ നോക്കി.. അയ്യടാ... അങ്ങനിപ്പോ എന്റെ തട്ടകത്തിൽ വന്നു കളിക്കേണ്ട.. നിനക്ക് വേണേൽ ബാക്കിയുള്ള എന്തേലും ഏറ്റെടുത്തോ.. ഞാനെന്തായാലും നുറുക്കിയ പച്ചക്കറി സാമ്പാറക്കിയിട്ടേ പോകുന്നുള്ളൂ.. കത്തിയോടൊപ്പം പച്ചക്കറി കുട്ട കൂടി സൈഡിലേയ്ക്കൊതുക്കിക്കൊണ്ട് വിഷ്ണു പറഞ്ഞു.. മോള് ദാ ഈ മാവ് കോരി ഇഡലി തട്ടിലൊഴിക്ക്.. അവൻ ചെയ്യുന്ന കാര്യം മുഴുവനാക്കിയിട്ടേ മാറുള്ളു.. ഇന്ന് ചോറ് കൊണ്ടുപോകേണ്ടേ.. ഞാൻ അരി കഴുകിയിടട്ടെ... രാഗിണി പാകപ്പെടുത്തിയ മാവ് കാന്തിയെ ഏല്പിച്ചുകൊണ്ടു അടുപ്പിനടുത്തേയ്ക്ക് നീങ്ങി .. വിച്ചേട്ടാ... സോറി... ഞാൻ ഏട്ടന് ചോറ് കൊണ്ടുപോകുന്ന കാര്യം ഓർത്തില്ല.. ഞാനും ഇങ്ങു പോന്നു കഴിക്കാന്നാ കരുതിയേ.. അതാ എഴുന്നേൽക്കാൻ വൈകിയേ..

മാവ് തട്ടിലേക്കോഴിക്കുന്നതിനിടയിൽ വിഷ്ണുവിനോടായി പറഞ്ഞു.. ഒന്നുപോടീ... ഇത് ഞാൻ സ്ഥിരം ചെയ്യുന്നതാ.. ജിത്തേട്ടൻ നാട്ടിലില്ലായിരുന്നപ്പോൾ ഞാനും അപ്പച്ചിയമ്മയും മാത്രമല്ലേ ഉള്ളായിരുന്നു.. അന്ന് മുതൽ രാവിലെ ആൾക്കൊപ്പം അടുക്കളയിൽ കയറും.. ഇങ്ങനെ നേരമ്പുലരും മുന്നേ എഴുന്നേൽക്കേണ്ടെന്നു പറഞ്ഞാലൊന്നും കേൾക്കില്ല.. പിന്നെ ഞാനും കൂടും.. അതൊക്കെ ശീലിച്ചുപോയി.. അതുകൊണ്ട് എന്റെ മോളിനി അലാറം വെച്ചുണരൊന്നും വേണ്ട.. ഇവിടെ മല മറിക്കുന്ന പണിയൊന്നുമില്ലേ........... അവൻ പുഞ്ചിരിയോടെ പറഞ്ഞു.. അതുകേട്ടപ്പോൾ ഉള്ളിലെ ടെൻഷൻ മാറ്റിയവളൊന്നു പുഞ്ചിരിച്ചു... പിന്നെ.. ഈ ഡിസ്‌കൗണ്ട് ഞാൻ പെണ്ണുകെട്ടൂവരെ മാത്രമേയുള്ളെ.. അതുകഴിഞ്ഞു എല്ലാം മോളേറ്റെടുത്തോണം.... ഒരു കുസൃതിച്ചിരിയോടെ വിഷ്ണു പറയുമ്പോൾ ചുണ്ടുകൂർപ്പിച്ചവളൊന്നു തലയനക്കി.. ഇഡലിയും സാമ്പാറും.... രാവിലേയ്ക്കും.. ചോറും സാമ്പാറും ചീരത്തോരനും ഒപ്പം പുളിയിഞ്ചിയും ഉച്ചയ്ക്കലേയ്ക്കും ശരിയാക്കി..

ഒരുകൈയിൽ ചായയും മറുകൈയിൽ കുഞ്ഞിനുള്ള പാലുമായി കാന്തി മുകളിലേയ്ക്കു പോയി... റൂമിലേയ്ക്ക് കടന്നപ്പോഴേ ബാത്റൂമിൽനിന്നും ഇറങ്ങി വരുന്ന സൂര്യനെയാണ് കണ്ടത്.. ഒരു പുഞ്ചിരി തന്റെ പെണ്ണിനായി നൽകിക്കൊണ്ടവൻ ടവലിൽ മുഖം തുടച്ചു.. അവൾ നീട്ടിയ കോഫി വാങ്ങി ചുണ്ടോടടുപ്പിച്ചു.. താൻ കുടിച്ചോടോ..? കുഞ്ഞിനടുത്തായിരുന്നു ആ കുഞ്ഞിക്കാലിൽ തഴുകുന്നവളെ നോക്കി സൂര്യൻ തിരക്കി.. മ്മ്... കുടിച്ചു.. ആ... എന്നാൽ ഇനി റെഡി ആകാൻ നോക്ക്... സാരിയൊക്കെ ചുറ്റണ്ടേ.. കുഞ്ഞുണരുമ്പോൾ ഞാൻ മേല് കഴുകിക്കാം... അയ്യോ..സാരിയൊക്കെ ചുറ്റണമല്ലോ.? അതോർക്കുമ്പോൾ ആകെയൊരു പരവേശം.. ഒന്നുമല്ല... ആകെ ഒരുതവണയാണ് സാരി ഉടുത്തിട്ടുള്ളത്.. അതും ബി എഡിന് ചേർന്നശേഷം ആദ്യനാളുകളിലൊരിക്കൽ.. അന്ന് സ്വാതിയാണ് ചുറ്റിതന്നത്.. മറ്റെല്ലാ കോളേജുകളിലും യൂണിഫോംമും സാരിയുമൊക്കെ നിർബന്ധമാണെങ്കിലും ഇവിടെ അങ്ങനൊന്നുമില്ലായിരുന്നു.. അതുകൊണ്ട് പഠിച്ചതുമില്ല...

കാന്തി ഒരുനിമിഷം ആലോചിച്ചു നിന്നശേഷം തന്റെ ബാഗ് തുറന്നു ഒരു സാരിയെടുത്തു.. നാട്ടിൽനിന്നും ഒടുവിൽ വന്നപ്പോൾ മൂന്ന് സാരി കൊണ്ടുവന്നിരുന്നു.. അവയ്ക്കു കോമൺ ആയി ഉപയോഗിക്കാൻ പറ്റുന്ന രണ്ടു ഉടുപ്പും.. മിക്കവാറും ബി എഡ് ചെയ്യുന്ന പ്രേത്യേകിച്ചു ഹോസ്റ്റലിലൊക്കെ നിൽക്കുന്ന പെൺകുട്ടികളുടെ സ്ഥിരം പണി ഇതുതന്നായിരിക്കും.. രണ്ടു ബ്ലോസിനൊപ്പം ഒപ്പിക്കാവുന്ന മൂന്നാല് സാരി കാണും.. അവൾ അതോർത്തുകൊണ്ട് ബാഗ് അടച്ചു എഴുന്നേറ്റു.. കാന്തി... അലമാരിയിൽ തനിക്ക് നാലഞ്ചു ജോഡി ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ട്.. അതിൽ രണ്ടു സാരിയുമുണ്ട്.. പെട്ടെന്നായതുകൊണ്ട് അത്രയേ പറ്റിയുള്ളൂ. ഇനി വേണ്ടത് നമുക്ക് സമയംപോലെ പോയെടുക്കാം കേട്ടോ. കാന്തിയുടെ കൈയിലിരിക്കുന്ന സാരി നോക്കിയവൻ പറഞ്ഞു.. തലകുലുക്കി എല്ലാം കേട്ട് നിൽക്കുന്നവളെ നോക്കിയവൻ അലമാര തുറന്നൊരു സാരിയെടുത്തു കൈയിൽ കൊടുത്തു.. ദാ.. ഇന്നിതുടുക്ക് കുഞ്ഞേ... ഈ ബ്ലൗസ്സിനിതു ചേരും..

സൂര്യൻ അവളുടെ കൈയിലിരിക്കുന്ന ബ്ലൗസ് സാരിക്കു മാച്ച് ആണോയെന്നുറപ്പിച്ചുകൊണ്ട് പറഞ്ഞു.. പറയുമ്പോൾ അവന്റെ മുഖത്തെ തെളിച്ചം കാന്തി ശ്രദ്ധിച്ചു.. അതുകാൺകേ ചെറുപുഞ്ചിരിയോടവൾ തലയാട്ടി.. എന്നാൽ ഞാൻ ബാൽക്കണിയിൽ ഇരിക്കാം കേട്ടോ..? മോളുണരും മുൻപേ ചുറ്റി വരുട്ടോ... ടേബിളിൽ നിന്നും ഫോണെടുത്തു ബാൽക്കണിയിലേയ്ക്ക് നടന്നുകൊണ്ടു സൂര്യൻ പറഞ്ഞു.. സർ... ഞാൻ താഴെ പോയി ഉടുത്തുവരാം.. അവൾ പെട്ടെന്ന് പറഞ്ഞു.. അതെന്താണെന്നുള്ള ഭാവത്തിൽ നോക്കുന്നവനെ നോക്കിയവൾ തുടർന്നു.. എനിക്ക്.... സാരി ചുറ്റാൻ അറിയില്ല.. ചെറുതായിട്ട്... അറിയുള്ളു... പറയുന്നതിനോടൊപ്പം ചൂണ്ടുവിരലിൽ പകുതി മറച്ചവൾ കുറച്ചെന്നു കാട്ടി.. മ്മ്... ശരി.. പോയിവാ... സൂര്യൻ പെണ്ണിന്റെ എക്സ്പ്രഷൻ കണ്ടു ചിരിയോടെ തലകുലുക്കി.. സാരിയൊക്കെ ചുറ്റിക്കഴിയാറായപ്പോഴേയ്ക്കും റിച്ചുമോളുടെ കരച്ചിൽ കേട്ടുതുടങ്ങിയിരുന്നു.. റൂമിൽനിന്നും വെപ്രാളത്തിൽ ഷോൾഡറിൽ പിന്നൊക്കെ ശരിയാക്കി ഇറങ്ങിയപ്പോൾ മോളേ ആശ്വസിപ്പിച്ചുകൊണ്ടു സ്റ്റെപ്പിറങ്ങുന്ന സൂര്യനെയാണ് കണ്ടത്..

കാന്തിയെ കണ്ടു കുഞ്ഞു അമ്മേയെന്നു വിളിച്ചു ചുണ്ടുപിളർത്തി.. അയ്യോടാ... അമ്മേടെ ചുന്ദരി ഉണർന്നോ..? എന്തിനാ കരയുന്നെ... നമുക്ക് ആദ്യം തമ്പാനെ തൊഴാം.. കുഞ്ഞിനെ മേടിച്ചുകൊണ്ടവൾ പൂജാമുറിയിക്കാടുത്തേയ്ക്ക് കൊണ്ടുചെന്നു തൊഴുവിച്ചു... കണ്ടില്ലേ കള്ളി... അമ്മയെ കണ്ടപ്പോ കരച്ചില് മാറി .. ഞാൻ കൊടുത്തേച്ചു പാല് കൂടി കുടിച്ചില്ല.. സൂര്യൻ ചുണ്ടുകൂർപ്പിച്ചു റിച്ചുവിനെ നോക്കി പാൽക്കുപ്പി കാന്തിയ്ക്കു നേരെ നീട്ടി.. അവൾ നിറഞ്ഞ മനസ്സോടെ അതുവാങ്ങി കുഞ്ഞുമായി ഹാളിലേക്കു നടന്നു.. ഒരിടത്തിരുന്നു കുഞ്ഞി ചുണ്ടുകളിലേയ്ക്ക് കുപ്പി അടുപ്പിച്ചു... ഒരു നിർവൃതിയോടെ അവർ അമ്മയെയും മകളെയും നോക്കിക്കണ്ടു.. മക്കളെ.. വൈകിട്ട് ക്ഷേത്രത്തിൽ പോകണേ... കുറച്ചു വഴിപാടുണ്ട്.. അതൊക്കെ കഴിക്കണം... പ്രാതൽ കഴിക്കുന്നതിനിടയിൽ രാഗിണി സൂര്യനോടും കാന്തിയോടുമായി പറഞ്ഞു..

ഇരുവരും സന്തോഷത്തോടെ തലയാട്ടി.. വിഷ്ണു നേരത്തെതന്നെ പോകാനായി ഇറങ്ങി.. അവന് പ്രാക്ടിസിനു കിട്ടിയിരിക്കുന്ന സ്കൂൾ വീട്ടിൽനിന്നും നാലഞ്ചു കിലോമീറ്റർ അകലെയാണ്.. ബൈക്കിലാണ് പോയത്.. കുഞ്ഞിനേയും കൂട്ടി സൂര്യനും കാന്തിയും കോളേജിലേക്കിറങ്ങി... സ്വാതി മുൻവശത്തുതന്നെ കാത്തുനിൽപ്പുണ്ട്.. കോളേജിന് തൊട്ടുമുൻപിലുള്ള സ്കൂൾ ആയതിനാൽ അവിടെ കിട്ടിയവരോട് ഇന്ന് ലെറ്റർ വാങ്ങിപ്പോകാനാണ് അറിയിച്ചിരുന്നത്.. അതിനാൽ അവിടെയ്ക്കുള്ളവരെല്ലാം കോളേജിൽ എത്തിയിരുന്നു.. സൂര്യനൊപ്പം കയറിവരുന്ന കാന്തിയെക്കണ്ടപ്പോൾ പലരിലും അത്ഭുതം നിറഞ്ഞു.. ഒപ്പം ചിലർ അടക്കം പറയാനും തുടങ്ങി.. നെറുകിൽ ചുവപ്പിച്ച സിന്ദൂരവും കഴുത്തിലെ മഞ്ഞചരടിൽ കോർത്ത താലിയിലേയ്ക്കും അവരുടെ മിഴികൾ ഓടിനടന്നു.. കാന്തി.....

പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ... ഞാനുണ്ട് കൂടെ.. സൂര്യൻ ഗേറ്റിൽ നിന്നും ഉള്ളിലേയ്ക്ക് കയറും വഴി കാന്തിയെ ഓർമ്മിപ്പിച്ചു.. റിച്ചുമോളെ വാങ്ങിയവൾ സ്വാതിയ്ക്കടുത്തേയ്ക്ക് നടന്നു.. എടി കള്ളിപ്പെണ്ണേ.... ഇതെന്താ തലയിൽ... റിച്ചുവിന്റെ മുടിയിൽ ഇരിക്കുന്ന ഫ്ലവർ ബോ കാട്ടി സ്വാതി തിരക്കി.. അതുകേട്ടു റിച്ചു നാണത്തോടെ കാന്തിയുടെ തോളിൽ മുഖം പൂഴ്ത്തി.. അയ്യോ... ഇതാരാ..... മിസ്സിസ് സൂര്യജിത്തോ... എന്റെ സൗമ്യേച്ചി എന്നെയൊന്നു പിച്ചിയെ.. ഇത് സ്വപ്നമാണോന്നു നോക്കട്ടെ.. രേഷ്മ സൗമ്യയ്‌ക്കൊപ്പം സ്വാതിയ്ക്കും കാന്തിയ്ക്കുമാരികിലേയ്ക്ക് വന്നുകൊണ്ടു പറഞ്ഞു.. ഒപ്പം മിഴികളാൽ അവളെയൊന്നുഴിഞ്ഞു.. കാന്തിയുടെ സെയിം ഓപ്ഷൻ ആണ് ഇരുവരും... സ്വാതി അതുകേട്ടു നല്ലരീതിയിലൊരു പിച്ചങ്ങു വെച്ചുകൊടുത്തു രേഷ്മയുടെ കൈമുട്ടിനു മുകളിലായി...

ആഹ്... രേഷ്മ വേദനയോടെ കൈ തിരുമ്മി.. ഇപ്പൊ എന്തു തോന്നുന്നു രേഷ്മാ... സത്യം തന്നെയാണല്ലോ അല്ലേ..? ചുണ്ടിലൂറിയ ചിരി മറച്ചുകൊണ്ട് സ്വാതി തിരക്കി.. അതുകണ്ടു സൗമ്യ ചുണ്ടു കടിച്ചുപിടിച്ചു ചിരിയമർത്തി.. രേഷ്മ പല്ലുകടിച്ചുകൊണ്ടു ഒന്നുകൂടെ ഉഷാറായി.. ആ.. സത്യം തന്നെ.. എന്നാലും ഒറ്റരാത്രികൊണ്ട് ക്ലാസ്സ്‌മുറിയിൽനിന്നും സാറിന്റെ ബെഡ്‌റൂം വരെയെത്തിയില്ലേ... സമ്മതിക്കണം മോളേ നിന്നെ.. എന്നാലും കണ്ടാൽ മിണ്ടാട്ടമുണ്ടെന്നു തോന്നുവോ? രേഷ്മ ചുറ്റും നിൽക്കുന്നവരെവനോക്കി പറഞ്ഞു.. എല്ലാപേരുടെയും ദൃഷ്ടി തന്നിലേയ്ക്കാണെന്നറിയെ അറിയാതെ തലകുനിഞ്ഞു....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story