🌻സൂര്യകാന്തി 🌻: ഭാഗം 34

Sooryakanthi mizhi

രചന: മിഴി

 ആഹാ... അമ്മായിയമ്മ മരുമകൾക്കായിട്ട് സ്പെഷ്യൽ എന്തോ ഉണ്ടാക്കുന്നെന്നു തോന്നുന്നുണ്ടല്ലോടി.. നല്ല മണം... ഗേറ്റ് തുറന്നു മുറ്റത്തേയ്ക്ക് കയറിയ സ്വാതി മൂക്കൊന്നു വിടർത്തി ശ്വാസം എടുത്തുകൊണ്ടു പറഞ്ഞു.. മനസ്സ് നിറഞ്ഞൊരു പുഞ്ചിരിയിൽ കാന്തി മറുപടിയൊതുക്കി.. അല്ലേലും എറിയാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ലല്ലോ.. ഇതിപ്പോ എന്ത് കിട്ടിട്ടും എനിക്കൊന്നും വേണ്ടെന്ന ഭാവത്തിൽ നുള്ളിപ്പെറുക്കുന്ന ഇവളെപ്പോലൊരു മൂരാച്ചിയ്ക്കല്ലേ ഇതൊക്കെ.. സ്വാതിയുടെ പറച്ചില് കേട്ട് പൊട്ടിവന്ന ചിരി കടിച്ചുപിടിച്ചു കുഞ്ഞിനെ മെല്ലെ കാന്തി നിലത്തേയ്ക്കിറക്കി.. സ്വാതി.. അമ്മ അടുക്കളയിലല്ലേ നമുക്ക് പുറകിൽ അടുക്കളവാതിലിൽ കൂടി കയറാം.. വാ... കാളിങ് ബെല്ലിലേയ്ക്ക് വിരലമർത്തും മുന്നേ അവൾ സ്വാതിയെ തടഞ്ഞുകൊണ്ട് പറഞ്ഞു. മ്മ്.. ശരി...

വല്യമ്മേടെ റിച്ചുക്കുട്ടി വായോ.. നമുക്ക് പോയി ചായ കുടിക്കാവേ.. പതിയെ പിച്ചനടക്കുന്ന കുഞ്ഞിനെ മറു കൈയിൽ പിടിച്ചു നടത്തിക്കൊണ്ട് സ്വാതിയും കൂടി.. ഹേ... ആര്.. വല്യമ്മയോ..? കാന്തി അതിശയത്തോടെ സ്വാതിയെ നോക്കി.. ആ... വല്യമ്മ... എന്താ സംശയമുണ്ടോ..? ഹേ..? അവൾ തന്നെ ചോദ്യഭാവത്തിൽ നോക്കിയ കാന്തിയുടെ ചുമലിൽ പിടിച്ചു തിരിച്ചു നിർത്തി കുഞ്ഞിനെ കയ്യിലെടുത്തു.. ഈ ഞാൻ ആരാടി കഴുതെ നിന്റെ..? പുരികമുയർത്തി സ്വാതി കാന്തിയോടായി തിരക്കി. നീയെന്റെ ബെസ്റ്റ് ഫ്രണ്ട്... അങ്ങനെ പറയുന്നതിനേക്കാൾ ഇഷ്ടം സ്വന്തം കൂടപ്പിറപ്പാണെന്നു പറയാനാ.. ആണല്ലോ.. എനിക്ക് നീയെന്റെ ജനിക്കാതെപോയ അനിയത്തിയാണ് മോളേ.. അപ്പോൾ ഞാൻ നിന്റെ മോളുടെ വല്യമ്മയായില്ലേ... ഐആം ഹാപ്പി മൈ സിസ്റ്റർ.. ഐആം ദി ഹാപ്പി... മുഖത്ത് ഓവർ എക്സ്പ്രഷൻ വാരിവിതരി സ്വാതി പറഞ്ഞുനിർത്തി.. എന്റെ പൊന്നു സ്വാതി നമിച്ചു.. നീയിവളുടെ വല്യമ്മ തന്നെ.. ഇനി ഈ വല്യമ്മയുടെ ചളി സ്വഭാവം കൂടി എന്റെ കുഞ്ഞിനെ പഠിപ്പിക്കാതിരുന്നാൽ മതി..

കാന്തി തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.. അയ്യടാ..... എന്റെ കൊച്ചിനെ ഞാൻ എന്നെപോലെ വളർത്തും.. അല്ലാണ്ട് നിന്നെപ്പോലെ തൊട്ടാവാടി ആക്കി ഒതുക്കിക്കൂട്ടാനൊന്നും പറ്റത്തില്ല.. ചുണ്ടു കോട്ടിക്കൊണ്ടു സ്വാതി കുഞ്ഞുമായി അകത്തേയ്ക്കു പോയി.. ശരിയാണ്... എന്റെ മോളൊരിക്കലും അമ്മയെപ്പോലെ ആകണ്ട.. പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചുതന്നെ വളരണം. അതിനു നിന്നെപ്പോലെ ആയാൽ മതി.. മനസ്സിൽ ഉറപ്പോടെ പറഞ്ഞുകൊണ്ടവൾ നടന്നു.. പുറത്ത് അലക്കുകല്ലിനടുത്തുള്ള ടാപ്പിൽനിന്നും മുഖം നന്നായൊന്നമർത്തി കഴുകി കാന്തി അകത്തേയ്ക്കു കയറി.. അടുക്കളയിൽ സ്ലാബിളായി കുഞ്ഞിനെയിരുത്തി ഒപ്പം സ്വാതിയും കയറിയിരുന്നു.. രാഗിണി ഒരു ഗ്ലാസിൽ ചായ പകർന്നു അവൾക്കായി നീട്ടി. ഒപ്പം ഒരു പ്ലേറ്റിൽ ചൂടോടെ ഉള്ളിവടയും.. കാന്തി ബാഗ് പോലും ഊരാതെ ചായ കുടിക്കുന്ന സ്വാതിയെ നോക്കിയൊന്നു പുഞ്ചിരിച്ചു അവളുടെ ബാഗ് കൂടി വാങ്ങി ഹാളിൽ കൊണ്ടുവച്ചു.. ദാ.. മോളേ ചായ കുടിക്ക്.. ഒരു ഗ്ലാസ്‌ ചായ കാന്തിയ്ക്കായി പകർന്നു നൽകി..

ഒരു കപ്പിലായി റിച്ചുമോൾക്ക് ചായ ആറി തണുക്കാൻ മാറ്റിവെച്ചു.. കാന്തി കുഞ്ഞിനടുത്തേയ്ക്ക് വന്നു ഉള്ളിവടയുടെ മൊരിഞ്ഞ ഭാഗം നോക്കി അവളുടെ വായിലേയ്ക്ക് വെച്ചുകൊടുത്തു.. രുചിയറിഞ്ഞപ്പോൾ വീണ്ടും വീണ്ടും കുഞ്ഞു നാവിനാൽ നുണഞ്ഞു.. എന്തായാലും ഞാൻ ഇങ്ങു പോന്നത് നന്നായല്ലേ അമ്മേ.. അല്ലേല് ആ ഹോസ്റ്റലിലെ ഉണക്ക ഉഴുന്നുവടയോ ചായ് ബിസ്‌ക്കറ്റോ കഴിച്ചു വിശന്നു ചത്തേനെ.. ഉള്ളിവട ആസ്വദിച്ചു കഴിച്ചുകൊണ്ടിരിക്കെ സ്വാതി രാഗിണിയോടായി പറഞ്ഞു.. നിങ്ങള് സ്കൂളിന്ന് തിരിച്ചപ്പോഴേ ജിത്തു വിളിച്ചു പറഞ്ഞാരുന്നു.. സ്വാതിയും വരുന്നുണ്ട് ചായ എടുത്തു വെയ്ക്കമ്മേ.. അവൾക്കു ഉടനെ തിരിച്ചു പോകണമെന്ന്.. രാഗിണി ഇരുവരോടുമായി പറഞ്ഞു.. കാന്തിയ്ക്കതുകേൾക്കേ ഉള്ളിൽ സന്തോഷം അലതല്ലി... ഇന്നലെ വൈകിട്ട് ചായ സമയത്ത് സ്വാതിയെ ഓർത്തു താൻ സങ്കടപ്പെട്ടപ്പോൾ സൂര്യൻ സമാധാനിപ്പിച്ചതവളോർത്തു.. ഒട്ടും വിശപ്പുസഹിക്കില്ലവൾക്ക്.. ഹോസ്റ്റലിലെ രുചിയില്ലാത്ത ആഹാരത്തെപ്പറ്റി എപ്പോഴും സങ്കടപ്പെടാറുണ്ട്..

അതോർക്കേ രുചിയോടെ ഒന്നും കഴിക്കാൻ തനിക്കുമായിരുന്നില്ല. എന്നാലിപ്പോൾ അവളുടെ മുഖത്തെ സന്തോഷം ഉള്ള് നിറച്ചു.. പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ സ്വാതിയ്ക്കു നെഞ്ചം തുടികൊട്ടി.. ഇന്ന് സ്കൂളിലായിരുന്നതുകൊണ്ട് വിഷ്ണുവിനെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു. അല്ലേൽ എപ്പോഴും കാന്തിയ്ക്കൊപ്പം നടന്ന് അവനോടു അടിയിടലായിരുന്നു പണി. ഓരോന്നോർത്തു ചുണ്ടിലൂറിയ ചിരിയോടെ ഉള്ളിവട വായിലേക്കടുപ്പിച്ചു.. അതേ സ്പീഡിൽ കൈയോടെ അത് വിഷ്ണു വായ്ക്കുള്ളിലാക്കിയിരുന്നു.. ആ.. കൊള്ളാം അപ്പച്ചിയമ്മേ... നല്ല കറുമുറന്നിരിക്കുന്നു... എനിക്കിഷ്ടായി.. സ്വാതിയെ ഏറു കണ്ണിട്ടുനോക്കി രാഗിണിയോടായി വിഷ്ണു പറഞ്ഞു.. എന്നാലേ... എനിക്കൊട്ടുമിഷ്ടായില്ല.. കൊതിയൻ... നോക്കമ്മേ.. എന്റെ കയ്യിന്നു തട്ടിപ്പറിച്ചത്.. സ്വാതി കെറുവിച്ചുകൊണ്ട് രാഗിണിയോടായി പരാതി പറഞ്ഞു.. ഓഹ്... ആനക്കൊതിച്ചിയാണ് എന്നെ പരാതി പറയുന്നത്.. ഞാൻ വന്നതല്ലെയുള്ളു.. കൈയൊന്നും കഴുകിയില്ലല്ലോ അപ്പച്ചിയമ്മേ..

ഇവളുടെ ആക്രാന്തം കണ്ടു ആർത്തിമൂത്തു അറിയാണ്ട് മേടിച്ചു കഴിച്ചു പോയതാ.. അവൻ നിഷ്കളങ്കത വാരിവിതറി രാഗിണിയെ നോക്കി.. ആഹ്.. ബെസ്റ്റ്... നന്നായി കൈകഴുകിയ ആളിന്റെന്ന വിച്ചേട്ടൻ വാങ്ങി തിന്നത്. വന്നവഴിയേ അടുക്കളപ്പുറത്തിരുന്നു തുടങ്ങിത വല്യമ്മേം മോളും.. കാന്തി സ്വാതിയെയും റിച്ചുവിനെയും കളിയാക്കി പറഞ്ഞു.. അയ്യോ... അമ്മേ.. പണി പാളുമോ...? നല്ല ടീച്ചർ... സദ്ഗുണ സമ്പന്ന... വിഷ്ണു സ്വാതിയെ ഒന്നിരുത്തി നോക്കി.. ഒന്നു പോയേപ്പാ... അവൾ അതേ ഊക്കിൽ മുഖം തിരിച്ചു.. ചായ കഴിഞ്ഞു സ്വാതി പോകാനായിറങ്ങി.. വിഷ്ണു കൊണ്ടാക്കാമെന്നു പറഞ്ഞു ഫ്രഷാകാനായി റൂമിലേയ്ക്ക് പോയി.. കാന്തി കുഞ്ഞുമായി സ്വാതിയ്ക്കടുത്തായി വന്നിരുന്നു.. കാന്തി... വീട്ടിന്നാരേലും വിളിച്ചാരുന്നോടി..? മടിയിലിരുന്ന് കളിക്കുന്ന കുഞ്ഞിനെ ശ്രെധിച്ചിരിക്കുന്നവളോടായി സ്വാതി തിരക്കി.. മ്മ്മ്ഹ... ഇല്ല... കാന്തി തല ചലിപ്പിച്ചില്ലെന്നു കാട്ടി. നിനക്ക് വിളിക്കാൻ തോന്നുന്നുണ്ടോ ? തന്റെ ചോദ്യം കേട്ട് മുഖം കുനിച്ചിരിക്കുന്നവളോടായി സ്വാതി ചോദിച്ചു...

പറ്റണില്ലടി... അമ്മ എന്നെ തള്ളിപ്പറഞ്ഞിട്ടും മറക്കാനോ പിണങ്ങാനോ എനിക്കാവുന്നില്ലടി.. ഉള്ളിൽ തികട്ടിവന്ന വ്യഥ മറയ്ക്കാൻ ശ്രമിച്ചവൾ സ്വാതിയുടെ കൈകളിൽ മുറുക്കെപ്പിടിച്ചു.. ശ്ശെ... എന്താടി മോളേ.. കരയാതെ.. കണ്ണുതുടക്ക്. കൊച്ച് ദാണ്ടേ അമ്മ കരയുന്നത് കണ്ടു ചിണുങ്ങുന്നു.. ചുണ്ടുപിളർത്തിയ കുഞ്ഞിനെ കാട്ടി കാന്തിയോടായി സ്വാതി പറഞ്ഞു. ഒപ്പം അവളെ തന്നോട് ചേർത്തുപിടിച്ചു ചുമലിൽ തട്ടി. സഹിക്കാൻ പറ്റണില്ലെടി... എന്റെ മോളേ പിരിഞ്ഞിരിക്കുന്ന കാര്യം... അതുമല്ലെങ്കിൽ അവളെ അവിശ്വസിക്കുന്നത് സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയില്ലെനിക്ക്.. ദാ.. ഈ.. കുഞ്ഞു മുഖമൊന്നു വാടിയാൽ ചങ്കു പൊട്ടുമെടി.. എന്നിട്ട്.. എന്നിട്ടെങ്ങാനാടി.. എന്റെ പെറ്റമ്മയ്ക്ക് എന്നെ തള്ളിപ്പറയാൻ കഴിഞ്ഞത്.. ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും ഒരു തരിമ്പും വിശ്വാസമില്ലാതെപോയത്.. അയാളുടെ മുന്നിൽ പെടാതിരിക്കാൻ ആ മാറിൽ മുഖമമർത്തി.. നെഞ്ചിൻ ചൂടിൽ രക്ഷതേടുമ്പോൾ പലവട്ടം വിളിച്ചുപറയാൻ ആഗ്രഹിച്ചതാണ്..

സ്വന്തം ചോരയുടെ ഉള്ളിലുറങ്ങുന്ന ചെകുത്താനെക്കുറിച്ച്.. പക്ഷേ.. അപ്പോഴും മിണ്ടാതിരുന്നത്. എല്ലാമറിയുമ്പോൾ തകർന്നുപോകുന്ന അമ്മയെ ഓർത്താണ്.. ആ.. അമ്മയാണ്.. സ്വന്തം മകളെ ഒരുനിമിഷത്തെ ആലോചനപോലുമില്ലാതെ മാറ്റിനിർത്തിയത്... അതു പറയുമ്പോഴേയ്ക്കും നെഞ്ചിലെ ഭാരം അധികരിച്ചവളുടെ തൊണ്ടക്കുഴിയിലെത്തിയിരുന്നു.. അതേ എങ്ങലോടെ മുഖമുയർത്തിയപ്പോൾ കണ്ണുനീർ പാടതീർത്ത കാഴ്ച്ചയിൽ ഒരു നിഴൽചിത്രമായി മുന്നിൽ സൂര്യനെക്കണ്ടവൾ പിടഞ്ഞെണീറ്റു... കാന്തിയുടെ കണ്ണുകളെ പിന്തുടർന്നു സ്വാതിയും സൂര്യനടുത്തെത്തി.. കാന്തിയെ ചുറ്റിയിരുന്ന കൈകളുടെ മുറുക്കമൊന്നുകൂടി കൂട്ടിയവൾ തന്നോട് ചേർത്തു. പതിയെ കാതിൽ മൊഴിഞ്ഞു.. കണ്ണുതുടയ്ക്ക്.. സാറിന് സങ്കടാകും കാന്തി.. അതുകേട്ടവൾ പെട്ടെന്ന് മുഖമമർത്തി തുടച്ചു.. താൻ പറഞ്ഞതൊന്നും കേട്ടുകാണരുതേയെന്നവൾ പ്രാർത്ഥിച്ചു. അതാമനുഷ്യനിൽ മുറിവേൽപ്പിക്കുമെന്നവൾ ഭയന്നു.. ആ..ജിത്തേട്ടനെത്തിയോ..? ഞാൻ ഇവളെ ഹോസ്റ്റലിലാക്കി തറവാട്ടിൽ വിളക്ക് തെളിച്ചിട്ട് വരാവേ..

കുളിച്ചു ഡ്രെസ്സൊക്കെ മാറി വീട്ടിലെ ചാവിയുമായി വിഷ്ണു പുറത്തേയ്ക്കു വന്നു. സൂര്യനെക്കണ്ടു പറഞ്ഞശേഷം പുറത്തേയ്ക്കിറങ്ങി.. എന്താടി നിന്റെ നാക്കിന്റെ ഫിലമെന്റ് അടിച്ചു പോയോ..? ഇത്രേം നേരം കലപില ആയിരുന്നല്ലോ ? അവിടത്തെ നിശ്ശബ്ദതയും എല്ലാപേരുടെയും മുഖത്തെ വിഷാദവും കണ്ടവൻ സ്വാതിയെയൊന്നു ചൂടാക്കാനായി തിരക്കി.. ഡീ.. പോയിട്ട് വരാമേ..? ഞാൻ എത്തിയിട്ട് വിളിക്കാം.. കാന്തിയുടെ കവിളിലൊന്നു തട്ടി റിച്ചുവിനൊരു കുഞ്ഞുമ്മയും നൽകിയവൾ ഗേറ്റിനടുത്തേയ്ക്ക് നടന്നു.. പോകുംവഴി വിഷ്ണുവിനെ നോക്കി വരാനായി കണ്ണുകാട്ടി.. ഒപ്പം സൂര്യനോടും യാത്ര ചോദിച്ചു. പിന്നൊന്നും പറയാതെ കാന്തിയുടെ കൈയിലൊന്ന്മർത്തി ആശ്വസിപ്പിക്കുംപോലെ കണ്ണുചിമ്മിയവൻ പോയി.. ഒന്നും കേട്ടില്ലെങ്കിലും ആ കലങ്ങിയ കണ്ണുകൾ മതിയായിരുന്നു കാന്തിയുടെ ഉള്ളിലെ സംഘർഷമറിയാൻ അവളുടെ വിച്ചേട്ടന്.. ഡാ.. വണ്ടിയെടുത്തേച് പോടാ.. സൂര്യൻ പുറകില്നിന്നും വിളിച്ചുപറഞ്ഞു. വേണ്ടെട്ടാ... ഞങ്ങൾ നടന്നോളാം..

വിഷ്ണു ഗേറ്റ് അടയ്ക്കുന്നതിനിടയിൽ പറഞ്ഞു. ഗേറ്റ് അടച്ചുകഴിഞ്ഞു തിരിഞ്ഞപ്പോഴാണ് പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്തത്.. തന്നേക്കാത്തു കുറച്ച് മുൻപിലായി നിൽക്കുന്ന സ്വാതിയെ നോക്കിത്തന്നെ ഫോൺ കൈയിലെടുത്തു.. ചുണ്ടൊന്നുകൂട്ടി ഒരുമ്മ പറപ്പിച്ചവൻ കണ്ണുചിമ്മി ഫോൺ ചെവിയോട് ചേർത്തു.. ഹലോ.. വിച്ചാ.. മറുപുറത്തുനിന്നും കേട്ട അടക്കിയ ശബ്ദത്തിൽ വിഷ്ണു ഒരുനിമിഷം ശ്വാസമടക്കി നിന്നു. ശേഷം ഫോണൊന്നു മാറ്റി ഡിസ്‌പ്ലേയിൽ നമ്പർ നോക്കി.. ഇച്ചേച്ചി ♥️ സ്വാതിയെ നോക്കി നിന്നതിനാൽ ആരെന്നുകൂടി നോക്കാതെയാണ് ഫോണെടുത്തത്.. ഒരുപാട് നാളായി മനപ്പൂർവം ഒഴിവാക്കിവിട്ടിരുന്ന ഫോൺ കാൾ.. താനാണോ... അല്ല ഇച്ചേച്ചി തന്നെ.. ജിത്തേട്ടനുമായുള്ള ഡിവോഴ്സിന് ശേഷം താനും പതിയെ മാറ്റിനിർത്തി.. കൈകളിലെ മുറുക്കമറിഞ്ഞവൻ തലചെരിച്ചു നോക്കി..

സ്വാതിയാണ്.. ഫോണിന്റെ ഡിസ്പ്ലേയിലേയ്ക്ക് നോക്കിനിൽക്കുന്ന വിഷ്ണുവിനെ നോക്കി എന്തെന്നുള്ള ഭാവത്തിൽ നോക്കി.. അവൻ ഒന്നുമില്ലായെന്ന രീതിയിൽ ചുമൽകൂച്ചി ഫോൺ കട്ട്‌ ആക്കി. ശേഷം സൈലന്റ് മോഡിലിട്ടു.. മനസാകെ ഇളകിമറിയുന്നു.. ഒരുക്കടലിരമ്പം പോലെ.. എന്താ... ഇയാടെ നാക്കിന്റെ ഫിലമെന്റ് അടിച്ചുപോയോ..? മ്മ്.. കുറച്ചുമുന്നേ തൊടുത്ത അമ്പ് അതേ വെലോസിറ്റിയിൽ തിരിച്ചുപായിച്ചാണ് പെണ്ണിന്റെ ചോദ്യം.. ഉള്ളിലെ പ്രഷുബ്ധതയെ അടക്കിനിർത്തിയവൻ മനസ്സിനെ വരുതിയിലാക്കി.. ആ.. ദാ ഇപ്പൊ.. എന്തായിരുന്നു അവിടെ..? ഒന്നു കലിപ്പിച്ചവൻ വീട്ടിലെ കാര്യം തിരക്കി.. സ്വാതി മെല്ലെ കാന്തിയുടെ സങ്കടം പറഞ്ഞുതുടങ്ങി.. വിഷ്ണുവത് മൂളി കേൾക്കുമ്പോഴും മനസ്സറിയാതെ ഒഴുകിനടന്നു.. ഉള്ളിൽ നിറയെ ഇച്ചേച്ചിയുടെ വിച്ചായെന്നുള്ള വിളിയും.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഉറങ്ങിയ കുഞ്ഞിനെ ബെഡിലേയ്ക്ക് കിടത്തി തലയിണയാൽ തടവെച്ചു കാന്തി സൂര്യനടുത്തേയ്ക്കിരുന്നു.. അവന്റെ മുഖം കണ്ടപ്പോൾത്തന്നെ മനസ്സിലായി എല്ലാം കേട്ടിരിയ്ക്കുന്നുവെന്ന്.. സർ.. ഞാൻ.. അവൾ വാക്കുകൾക്കായി പരതി. ഏയ്.. എന്താ കുഞ്ഞേ.. ഇത് ഞാൻ വിവാഹം കഴിഞ്ഞ അന്നുമുതൽ പറയാൻ ഇരുന്നതാണ്.. പിന്നെ നിന്റെ അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞില്ലെന്നേയുള്ളൂ.. എത്രയായാലും അപ്പോഴത്തെ മാനസികാവസ്ഥയിൽ അങ്ങനൊക്കെ പ്രതികരിച്ചതാവും അമ്മ.. നീയൊന്നു വിളിക്കാൻ അവരും കാത്തിരിക്കുകയാണെങ്കിലോ..? നീയായിട്ട് പറയാൻ കാത്തിരുന്നതാ ഞാനും.

എന്റെ കുട്ടിയ്ക്ക് അമ്മയെ വിളിക്കാൻ തോന്നുവാണെങ്കിൽ വിളിക്ക്.. ചിലപ്പോൾ ദേഷ്യപ്പെട്ടേക്കാം... ഫോൺ വെച്ചേക്കാം.. അതുമല്ലെങ്കിൽ പിണക്കമൊക്കെ മറന്നേക്കാം.. എന്തായാലും കുഞ്ഞ് വിളിക്ക്.. കൂടെ ഞാനുണ്ടാകും.. സൂര്യൻ നെറുകിൽ തഴുകി അവളുടെ ഫോൺ കൈയിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.. വിറയ്ക്കുന്ന കൈകളിൽ ഫോൺ വാങ്ങി കാന്തി മെല്ലെ നമ്പർ ഡയൽ ചെയ്തു.. അതേസമയം സൂര്യന്റെ ഫോൺ റിങ് ചെയ്തു.. പരിചയമില്ലാത്തൊരു നമ്പർ കണ്ടു അവൻ തെല്ലൊരാലോചനയോടെ ഫോൺ ചെവിയോട് ചേർത്തു.. ഹലോ സൂര്യജിത്ത്.. മറന്നോ..? ചെറുചിരിയോടെ എന്നാൽ ഉറച്ച സ്ത്രീശബ്ദം അവന്റെ ഓർമകളെ പുറകിലേക്ക് കൊണ്ടുപോയി.. മെല്ലെ കാന്തിയെ കണ്ണുകൊണ്ടു ഇപ്പൊ വരാമെന്ന രീതിയിൽ ബാൽക്കാണിയിലേയ്ക്ക് നടന്നു..... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story