🌻സൂര്യകാന്തി 🌻: ഭാഗം 36

Sooryakanthi mizhi

രചന: മിഴി

 അലക്കിയുണക്കിയ തുണികൾ അയയിൽ നിന്നുമെടുത്തു അകത്തേയ്ക്കു വരുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്.. കാന്തിയുടെ വിവാഹം കഴിഞ്ഞതൊന്നും നാട്ടിലധികം അറിഞ്ഞെത്തിയില്ല.. ഇത്രയും ദൂരെ പഠിക്കുന്നതുകൊണ്ടൊന്നും എളുപ്പം അറിയില്ലല്ലോ.. പിന്നെ.. അടുത്ത ചില ബന്ധുക്കൾ അറിഞ്ഞിട്ടുണ്ട്.. അതിൽ പലരും സഹതാപവും പരിഹാസവും കൂട്ടിക്കലർത്തിയ ആശ്വസിപ്പിക്കലായി വിളിക്കാറുണ്ട്... അതൊക്കെ ലതികയിൽ വല്ലാത്ത അസ്വസ്ഥത ഉണർത്താറുമുണ്ട്.. അഭിമാനം അടിയറവുവെയ്ക്കാനും ആർക്കുമുന്നിലും തലകുനിയ്ക്കുന്നതുമൊന്നും അവർക്കു പണ്ടേ ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല.. എന്നാലിപ്പോൾ മകളായിത്തന്നെ അതിനു വഴിതെളിച്ചിരിക്കുന്നു.. ഓരോ തവണ അപമാനിക്കപ്പെടുമ്പോഴും കാന്തിയോടുള്ളിൽ അമർഷം നിറയും.. മകളോടുള്ള സ്നേഹത്തേക്കാൾ അഭിമാനത്തിന്റെ തട്ട് തന്നെയാണ് ലതികയിൽ താണുനിന്നതും.. അൽപ്പം ശങ്കിച്ചു നിന്ന ശേഷം ലതിക റൂമിൽ ജനാലയിലായിരുന്ന ഫോണെടുക്കാനായി പോയി..

തുണിയ്യെല്ലാം ബെഡിലേയ്ക്കിട്ടവർ ഫോൺ കൈയിലേക്കെടുത്തു.. സ്‌ക്രീനിൽ തെളിഞ്ഞ പരിചയമില്ലാത്ത നമ്പർ നോക്കി ഒരുനിമിഷം എടുക്കണോയെന്നാലോചിച്ചു.. സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ള ദിവസം കിച്ചൻ ചിലപ്പോൾ ഇങ്ങനെ ആരേലും ഫോണിൽ നിന്നും വിളിച്ചു വിവരം പറയാറുണ്ട്.. അതും അച്ചുവും വീട്ടിൽ പറയാത്ത ദിവസങ്ങളിൽ.. അതുകൊണ്ടവർ ഫോൺ എടുത്തു.. മറുപുറത്തു നിന്നും കേട്ട ശബ്ദം ഉള്ളിൽ ഒരേസമയം സന്തോഷവും ക്രോധവും നിറച്ചു. ഉള്ളിലെവിടെയോ മകളൊന്നു വിളിച്ചെങ്കിലെന്നുമാ ശബ്ദമൊന്നു കേട്ടെങ്കിലെന്നുമൊക്കെ കൊതിച്ചിരുന്നു. അതേസമയം രവിയെയും കുടുംബത്തെയുമൊക്കെ ഓർക്കുമ്പോൾ ആ ചിന്തകൾക്ക് മേൽ കനൽ വീഴും.. അമ്മാ... ഞാനാ അമ്മാ കാന്തി... കണ്ണുകളടച്ചൊരു ദീർഘ ശ്വാസമെടുത്തവർ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു ബെഡിലേക്കിട്ടു.. ഉള്ളിലെ സങ്കടവും അമർഷവുമെല്ലാം ഒതുക്കാൻ പണിപ്പെടുമ്പോഴാണ് കഴിഞ്ഞദിവസം രവി പറഞ്ഞതോർമവന്നത്....

ഏട്ടനറിഞ്ഞാൽ ഇനിയും വിഷമിക്കും എന്നാൽ ഫോൺ കട്ട്‌ ആക്കിയ സ്ഥിതിയ്ക്കിനിയവൾ വിളിക്കുമോ.? അങ്ങോട്ട്‌ വിളിക്കാനും അഭിമാനം സമ്മതിക്കുന്നില്ല.. ആകെ ആശയക്കുഴപ്പത്തിലായി.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 പ്രതീക്ഷിച്ചതാണെങ്കിലും അമ്മയുടെ അവഗണന കാന്തിയ്ക്കു സങ്കടമായി.. എന്താ കുഞ്ഞേ... അമ്മ സംസാരിച്ചില്ലല്ലേ.. സാരമില്ല പോട്ടെ... നമുക്ക് ഇടയ്ക്ക് വിളിക്കാം.. രണ്ടുദിവസം കഴിയുമ്പോൾ ഈ ദേഷ്യമൊക്കെ മാറും.. ഇപ്പോൾ എന്തിനും ഞാൻ കൂടില്ലേ.. എന്റെ കുഞ്ഞ് ചെല്ല്.. പോയി കുളിച്ചു വാ.. നമുക്ക് അമ്പലത്തിൽ പോകണ്ടേ.. രാവിലെ അമ്മ പറഞ്ഞതല്ലേ..? കാന്തിയെ ആശ്വസിപ്പിച്ചുകൊണ്ടു സൂര്യൻ പറഞ്ഞു.. ഒരു വാടിയ പുഞ്ചിരിയിൽ മറുപടിയൊതുക്കിയവൾ കുളിയ്ക്കാനായി പോയി.. അമ്പലത്തിൽ പോയി തൊഴുതുവന്നപ്പോഴേയ്ക്കും മനസ്സാകെ ഒരു കുളിർമ തോന്നി.. വീട്ടിൽ പോയി വന്നശേഷം വിഷ്ണു നേരെ റൂമിലേയ്ക്ക് പോയിരുന്നു.. എപ്പോഴും കളിചിരിയുമായി നടക്കുന്നവൻ മുറിയിൽ അടച്ചിരുന്നപ്പോൾകാന്തിയ്ക്കും സൂര്യനും ആകെ ആധിയായി..

ചാരിയിരുന്ന വാതിൽ മെല്ലെ തുറന്നു കാന്തി അകത്തേയ്ക്കു കയറി.. റൂമിൽ ആകെ ഇരുട്ടായിരുന്നതിനാൽ തപ്പിപ്പിടിച്ചു ലൈറ്റ് ഇട്ടു.. കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുകയാണ് വിഷ്ണു.. ഉറങ്ങുകയാണോയെന്ന് സംശയിച്ചവൾ അടുത്തേയ്ക്കു ചെന്നു. കണ്ണടച്ചു കിടക്കുകയാണ്.. പതിവില്ലാത്തതിനാൽ ഇനി വയ്യായ്ക വല്ലോമുണ്ടോയെന്ന ആധിയും കാന്തിയെ അലട്ടി.. നെറ്റിയിൽ പതിയെ കൈചേർത്തു നോക്കി.. ഇല്ല... കുഴപ്പമൊന്നുമില്ലല്ലോ.. കാന്തി സ്വയം പറഞ്ഞു.. അപ്പോഴേയ്ക്കും നെറ്റിയിലെ സ്പർശമറിഞ്ഞു വിഷ്ണു കണ്ണ് തുറന്നു.. സത്യത്തിൽ ഉറങ്ങിയിട്ടില്ലായിരുന്നു.. സൂര്യനായിരിക്കുമെന്ന് കരുതിയാണ് കണ്ണടച്ചത്.. തന്റെ മുഖം കാണുമ്പോൾ അവൻ കാര്യം തിരക്കും. ആ മുഖത്തുനോക്കി കള്ളം പറയാനാകില്ല. തന്റെ ഈ സങ്കടത്തിനു കാരണം ഇച്ചേച്ചിയെക്കുറിച്ചുള്ള ഓർമകളാണെന്ന്.. ഇപ്പോൾ ഉള്ളിനെ മതിക്കുന്ന ഈ ഓർമ്മകൾ അടുത്ത ദിവസങ്ങളിൽ മാത്രം സന്തോഷം തിരികെക്കിട്ടിയ ആ മനുഷ്യന്റെ ഉള്ളിൽ നേരിപ്പോടായാൽ അതും ഇച്ചേച്ചിയ്ക്ക് മേൽ ശാപമായേ പതിയ്ക്കുള്ളു..

അത്രയ്ക്ക് സഹിച്ചിട്ടുണ്ട് എന്റെ ജിത്തേട്ടൻ.. അതുകൊണ്ടാണല്ലോ ജീവനായിട്ടും ഇന്നും ഇച്ചേച്ചിയെ അകറ്റിനിർത്തിയിരിക്കുന്നത്.. ഇരുചെന്നിയിൽക്കൂടിയും കണ്ണുനീർ ഒഴുകിയിറങ്ങി.. വിച്ചേട്ടാ... എന്താ പറ്റിയെ.. കരയാണോ..? ഒന്നുകൂടി പനിയൊന്നുമില്ലന്നുറപ്പിയ്ക്കാൻ കവിളിൽ ചേർത്ത കൈവെള്ളയിൽ നീർത്തടഞ്ഞപ്പോൾ കാന്തി വ്യഥയോടെ നിലത്തേയ്ക്കിരുന്നു.. അവന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.. എന്നാൽ തന്റെ കള്ളം കണ്ടുപിടിക്കപ്പെട്ടെന്നറിഞ്ഞതോടെ വിഷ്ണുവിന് കാന്തിയെ നോക്കാൻ ജാള്യത തോന്നി.. എന്തുപറയുമിവളോട്... പക്ഷേ ഇതുവരെ പിടിച്ചുവച്ചതൊക്കെ തടയനാകാതെ അണപൊട്ടിയൊഴുകി.. കവിളിൽ ചേർന്ന കൈകൾക്കുമേൽ മുഖം ചേർത്തു വിങ്ങിപ്പൊട്ടി.. അപ്പോഴും അവളെ നോക്കാനാകാതെ കണ്ണുകൾ ഇറുകെ പൂട്ടിയിരുന്നു.. വിച്ചേട്ടാ... എന്തിനാ കരയുന്നെ..? എന്തേലും വയ്യായ്കയുണ്ടോ..? കരയാതെ വിച്ചേട്ടാ... എനിക്ക് പേടിയാകുന്നു... കാന്തി അമ്പരപ്പോടെ.. എന്നാൽ അതിലേറെ എന്തെന്നറിയാതെ നെഞ്ചിടിപ്പോടെ അവന്റെ കണ്ണുകൾ തുടച്ചുകൊണ്ട് തിരക്കി..

ശബ്ദം പലയിടത്തും ഇടറി.. എഴുന്നേൽക്ക്.... ഇങ്ങനെ കരയല്ലേ... ഞാൻ സാറിനെ വിളിക്കാം.. കരച്ചില് കൂടുന്നതല്ലാതെ മറുപടി കിട്ടാഞ്ഞപ്പോൾ അവൾ നിലത്തുനിന്നും എഴുന്നേറ്റ് കട്ടിലിനോരമിരുന്നവനെ എഴുന്നേൽപ്പിക്കാൻ നോക്കി. വേണ്ട.. ജിത്തേട്ടനോട് പറയേണ്ട.. കണ്ണുകൾ അമർത്തിത്തുടച്ചവൻ മെല്ലെ എഴുന്നേറ്റ് അവളുടെ മടിയിലേക്കു കിടന്നു.. കാര്യം പറഞ്ഞില്ലെങ്കിലും അത്രയ്ക്കും മനസ്സിനെ നോവിയ്ക്കുന്ന എന്തോ ദുഃഖം അവനുണ്ടെന്നു കാന്തിയ്ക്കു തോന്നി.. അതുകൊണ്ടുതന്നെ ഇനിയും ചോദിച്ചു സങ്കടം കൂട്ടാതെ ഉള്ളിലെ നോവല്ലാം കരഞ്ഞുതീർക്കട്ടെയെന്നവളും കരുതി.. ആ മുടിയിഴകളിൽ തഴുകി അവിടിരുന്നു.. കാന്തി... മ്മ്... ഇന്ന് ഇച്ചേച്ചി വിളിച്ചിരുന്നു... ഇച്ചേച്ചി...? ആ.. എന്റെ ചേച്ചി... ചേച്ചി വിളിച്ചതിനാണോ ഈ കരയുന്നെ..? വിച്ചേട്ടന്റെ ഇച്ചേച്ചിയല്ലേ..? മ്മ്.. എന്നിട്ടെന്തു പറഞ്ഞു അനിയനോട്..? ഒന്നും പറഞ്ഞില്ല... ഞാൻ കട്ട്‌ ചെയ്തു.. അതുകേൾക്കേ മുടിയിൽ തഴുകിയിരുന്ന കൈകൾ പെട്ടെന്ന് നിശ്ചലമായി.. അതറിഞ്ഞു വിഷ്ണു മിഴികലുയർത്തിയവളെ നോക്കി.. അതെന്താ... വിച്ചേട്ടാ...

ഇച്ചേച്ചിയ്ക്ക് വിഷമായിക്കാണില്ലേ..? ഒത്തിരി ആഗ്രഹിച്ചയിരിക്കില്ലേ വിളിച്ചത്..? കാന്തി കുറച്ചു നീരസത്തോടെ തിരക്കി.. അപ്പോൾ എന്റെ വിഷമമോ..? പറയ് കാന്തി... എനിക്ക് ആകെയുള്ള കൂടപ്പിറപ്പാണ്.. അമ്മയും അച്ഛന്നുമില്ലാത്ത എനിക്ക് അവരെപ്പോലെ കൂടെ നിൽക്കേണ്ടവൾ.. ഒരു നല്ല ജീവിതം കൈവെള്ളയിൽ വെച്ചുകൊടുത്തിട്ടാ അവര് കണ്ണടച്ചേ.. എന്നിട്ട്.. എന്നിട്ട് ഇച്ചേച്ചി അതെല്ലാം തട്ടി തെറിപ്പിച്ചില്ലേ.. എന്റെ ജിത്തേട്ടനെ കണ്ണീരു കുടിപ്പിച്ചില്ലേ.. സ്വന്തം ചോരയെപ്പോലും വേണ്ടാന്ന് പറഞ്ഞില്ലേ.. ഉള്ളിൽ കൂടപ്പിറപ്പിനെ വെറുക്കാൻ കഴിയുന്നില്ലടി... പക്ഷേ.. സ്ഥാനം കൊണ്ടു ഏട്ടനാണെങ്കിലും അച്ഛനെപ്പോലെ നോക്കിയതാ ജിത്തേട്ടൻ. ആ മനുഷ്യന്റെ ജീവിതം വെറും കളിപ്പാട്ടം പോലെ വലിച്ചെറിഞ്ഞില്ലേ.. സ്നേഹിക്കാൻ പറ്റുന്നില്ല... അല്ല എനിക്ക് ഡിനേഹിക്കാനേ പറ്റുള്ളൂ എന്റെ ഇച്ചേച്ചിയെ.. പക്ഷേ.. അതു പ്രകടിപ്പിക്കാൻ പറ്റുന്നില്ല.. ഒന്നു മിണ്ടാൻ കൂടി തോന്നുന്നില്ല.. ഇന്നും ഇച്ചേച്ചിയെ ഒരു മോശം വാക്കുകൊണ്ട് പോലും എന്നുള്ളിൽ തെറ്റായി ചിത്രീകരിച്ചിട്ടില്ല ജിത്തേട്ടൻ..

എന്നിട്ടും... കുഞ്ഞിനേയും കൊണ്ടു എല്ലാം തകർന്നവനെപ്പോലെ ഈ വീട്ടിൽ വന്നുകയറിയ ഏട്ടന്റെ മുഖമോർക്കുമ്പോൾ ദേഷ്യം തോന്നാ ഇച്ചേച്ചിയോട്.. വിഷ്ണു ഉള്ളിലെ നോവല്ലാം കിതപ്പോടെ പറഞ്ഞു നിർത്തി.. കാന്തി അറിയുകയായിരുന്നു പുറമെ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞു നടക്കുന്നവന്റെ ഉള്ളിലെ മുറിപ്പാട് .. ഇച്ചേച്ചിയെന്നാൽ ജീവനാണ്.. പക്ഷേ.. അതുപോലെ സ്ഥാനം ഏട്ടനും ഉണ്ട്.. അതുകൊണ്ടാകാം ഇച്ചേച്ചിയെ അകറ്റിനിർത്തുന്നതും.. വിച്ചേട്ടാ... കരയണ്ടാട്ടോ.. ഇച്ചേച്ചിയ്ക്കും സാറിനും തമ്മിൽ ഒരിക്കലും ഒതുപോകാൻ കഴിയതോണ്ടായിരിക്കില്ലേ അവർ പിരിഞ്ഞത്... പിന്നെ.. മോളുടെ കാര്യത്തിൽ ഞാനും വിച്ചേട്ടനോട് യോജിക്കുന്നു.. പക്ഷേ... ഇനി ഇച്ചേച്ചിയോട് പിണങ്ങി നിൽക്കരുത്.. വിച്ചേട്ടന് ഞങ്ങളൊക്കെയില്ലേ.. ഇച്ചേച്ചിയ്ക്കോ... അവരവിടെ ഒറ്റയ്ക്കല്ലേ.. വിച്ചേട്ടനും കൂടി തള്ളിപ്പറഞ്ഞാൽ ആൾക്കതു സഹിക്കാൻ പറ്റുമോ..? കാന്തി ചോദിച്ചു..

ഓഹ്.. നീയാരാ മദർ തെരെസയോ..? അതേ.. എന്റെ ഇചേച്ചിയാ.. അവളോട്‌ എനിക്ക് തോന്നാത്ത സഹതാപമൊന്നും നീ നിർമ്മിക്കണ്ട.. വിഷ്ണു കാന്തിയുടെ ഉപദേശം കേട്ട് അൽപ്പം നീരസത്തിൽ പറഞ്ഞു.. ആഹ്... അതെനിക്ക് മനസ്സിലായി.. അല്ലെങ്കിലും ഞാനാണല്ലോ വിച്ചേട്ടന് ആരുമല്ലാത്തെ... എന്റെ ജിത്തേട്ടൻ.. എന്റെ ഇച്ചേച്ചി... ഹും.. വിഷ്ണു ആരുമില്ലെന്ന പരിഭവം പറഞ്ഞപ്പോൾ കാന്തിയ്ക്കുള്ളിൽ തന്നെയോർത്തില്ലല്ലോയെന്ന സങ്കടം തോന്നി.. എന്റെ കാന്തി.. നീയെനിക്ക് സ്പെഷ്യൽ അല്ലേ..? ആരുമല്ലാഞ്ഞിട്ടാണോ ഞാനിങ്ങനെ ചേർത്തുപിടിച്ചു നടക്കണേ.. ദാ.. ഇപ്പൊ വര്ഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്നതൊക്കെ ഒരു മുഖവുര പോലുമില്ലാതെ പറഞ്ഞത്... മ്മ്... അപ്പോത്തെ എന്റെ സങ്കടത്തിൽ അങ്ങനെ പറഞ്ഞുന്നുള്ളത് നേരാ.. പക്ഷേ... പറഞ്ഞുതെളിയിക്കാൻ പറ്റാത്ത അത്രേം ഇഷ്ടം നിന്നോടെനിക്കുണ്ടെടി..

ഈ കൂടപ്പിറപ്പാകാൻ ഒരു വയറ്റിൽ ജനിക്കണമെന്നോ രക്തബന്ധമുണ്ടാകണമെന്നോ ഒന്നുമില്ലെടി.. ദാ.. ഇപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞപ്പോൾ ഈ കണ്ണ് നിറഞ്ഞില്ലേ.. നെഞ്ചിടിപ്പേറിയില്ലേ.. ഇതുമതി.. കൈയുയർത്തി അവളുടെ കവിളിലൊന്നു തട്ടി കണ്ണടച്ചുകാട്ടിയവൻ പറഞ്ഞു.. മ്മ്.. ശരിയാ വിച്ചേട്ടാ.. ഞാനും അതറിയുവാ.. കാന്തിയുടെ ഉള്ളിലപ്പോൾ സ്വന്തം ലോകത്ത് മുഴുകിനടക്കുന്ന കിച്ചന്റെ മുഖമായിരുന്നു.. അന്ന് താൻ കൊതിച്ചതൊക്കെ വിഷ്ണുവിൽ കാണുകയായിരുന്നു.. എന്റെ വിച്ചേട്ടാ.. ഈ ചൂടത്തു ഫാനിടാതെ എങ്ങനെ കിടക്കുന്നു.. ഒന്നുമില്ലേലും ആ ജനാലയെങ്കിലും ഒന്നു തുറന്നുടെ.. അവന്റെ നെറ്റിയിലെ വിയർപ്പു ഷാളിന്റെ തുമ്പിനാൽ തുടച്ചുകൊണ്ടവൾ തിരക്കി.. ഉള്ളിലെ തീയോളം പൊള്ളില്ലല്ലോ കാന്തി പുറത്തെ ചൂടിനാൽ.. ചെറു പുഞ്ചിരിയാൽ പറഞ്ഞുകൊണ്ട് വാതിൽക്കലേയ്ക്ക് നോക്കിയ വിഷ്ണു കണ്ടത് തങ്ങളെ നോക്കി വാതിൽക്കൽ കൈകെട്ടി നിൽക്കുന്ന സൂര്യനെയാണ്.. എന്താ ജിത്തേട്ടാ.. അവിടെത്തന്നെ നിന്നത്..?

വിഷ്ണു കാന്തിയുടെ മടിയിൽനിന്നും എഴുന്നേറ്റുകൊണ്ടു ചോദിച്ചു.. ഒന്നുമില്ല.. നീയവിടെ കിടന്നോ.. നീ വന്നപ്പോൾ മുഖമൊക്കെ വല്ലാണ്ടിരുന്നെന്നു അമ്മ പറഞ്ഞു കേട്ടപ്പോൾ മുതലൊരു വല്ലായ്കയായിരുന്നു.. ഈ ചിരി കണ്ടപ്പോൾ സമാധാനമായി.. സൂര്യൻ വിഷ്ണുവിനെ കാന്തിയുടെ മടിയിൽ കിടക്കാൻ കൈ കാട്ടിക്കൊണ്ടു കട്ടിലിലേയ്ക്കിരുന്നു.. ഏയ്.. അതൊന്നുമില്ല ജിത്തേട്ടാ.. ഇന്നാകെ അലച്ചിലായിരുന്നു.. അതുകൊണ്ടായിരിക്കും തലവേദനപോലെ.. ദാ.. എന്റെ ഏട്ടത്തി ഒന്നു നെറ്റിയുഴിഞ്ഞപ്പോഴേയ്ക്കും ആശ്വാസമുണ്ട്.. കാന്തിയെനോക്കി കണ്ണിറുക്കി വിഷ്ണു പറഞ്ഞു.. വീണ്ടും വിദ്യയെക്കുറിച്ച് സൂര്യനെ ഓർമ്മിപ്പിക്കാൻ വിഷ്ണുവും ആഗ്രഹിച്ചിരുന്നില്ല.. ആ.. കാന്തിയ്ക്കു അമ്മയുടെ കാൾ ഉണ്ടായിരുന്നു.. അതുംകൊണ്ടാ ഇങ്ങോട്ട് വന്നത്.. അപ്പോഴേയ്ക്കും കട്ടായി. ദാ.. വീണ്ടും വിളിക്കുന്നുണ്ട്.. ഞാൻ പറഞ്ഞില്ലേ അപ്പോൾ ദേഷ്യത്തിൽ കട്ട് ആക്കിയതാണെന്ന്.. ഇതാ.. സംസാരിക്ക്.. അവളുടെ ഫോൺ നീട്ടി സൂര്യൻ പറഞ്ഞു.. ഇരുവരെയും മാറിമാറി നോക്കിയവൾ ഫോൺ വാങ്ങി..

വിഷ്ണു ഇതെല്ലാമെപ്പോളെന്നെ ഭാവത്തിൽ സൂര്യനെ നോക്കി.. അവൻ പറയാമെന്നപോലെ ആംഗ്യം കാട്ടി.. ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർക്കുമ്പോൾ അവളുടെ കൈ വിറച്ചു.. തന്റെ നെറ്റിയിലമർന്ന കൈകളുടെ വിറയലിൽ വിഷ്ണുവിന്നത് മനസ്സിലായി. അതറിഞ്ഞെന്നൊണമവൻ തന്റെ കൈകൾ കൊണ്ടവളുടെ കൈവെള്ളയിലമർത്തിപിടിച്ചു.. ഹലോ... മറുപുറത്തു ലതിക അടുത്തായി തന്നെ നോക്കിയിരിക്കുന്ന രവിയെ നോക്കി ഒന്നു മൂളി.. അമ്മാ.... മ്മ്.. അതോർമ്മയുണ്ടായിരുന്നെങ്കിൽ നീ എന്നെ നാണം കെടുത്തില്ലായിരുന്നല്ലോ..? അവർ ഉള്ളിലെ അമർഷം പുറത്തുകാട്ടി.. രവി അതുകേട്ടവളെ അരുതെന്നു വിലക്കി..

ആഹ്.. അതുപറഞ്ഞിട്ടിനി കാര്യമില്ലല്ലോ..? എല്ലാം നിന്റെ വിധി.. ഇനി ഞങ്ങളായിട്ടൊന്നിനും ഇല്ല... നീ അവനെയും വിളിച്ചു ഒരു ദിവസം ഇങ്ങോട്ട് വാ.. ഇനി പിണക്കം കാട്ടിയിട്ടു എന്തിനാ..? ശാന്തമായാണ് പറഞ്ഞതെങ്കിലും കാന്തിയ്ക്കതിൽ തെല്ലും ആത്മാർത്ഥത തോന്നിയില്ല.. അതിനാലവൾ ഒന്നും മിണ്ടാതെ നിന്നു.. അവനെ ഞാൻ വിളിക്കണോ..? എങ്കിൽ ഫോൺ കൊടുക്ക്..? ലതിക കാന്തിയുടെ മറുപടി കിട്ടാതെ വീണ്ടും തിരക്കി.. രവിയിപ്പോൾ ഏതുനേരവും കാന്തിയെക്കുറിചോർത്തു വിഷമിച്ചിരിക്കളാണ്.. തന്റെ ഏട്ടന്റെ സങ്കടം മാറാൻ കാന്തിയെ എങ്ങനെയേലും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ലതിക.. ഒരുനിമിഷം സൂര്യന് ഫോൺ നൽകണോയെന്ന് ആലോചിച്ചശേഷം അവന് നേരെ നീട്ടി.. അമ്മയ്ക്ക് സംസാരിക്കണമെന്ന്..? സൂര്യൻ ഫോൺ വാങ്ങി ചെവിയോട് ചേർത്തു.. ഹലോ.. ഞാൻ സൂര്യജിത്ത് ആണ്...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story