🌻സൂര്യകാന്തി 🌻: ഭാഗം 37

Sooryakanthi mizhi

രചന: മിഴി

 അവനെ ഞാൻ വിളിക്കണോ..? എങ്കിൽ ഫോൺ കൊടുക്ക്..? ലതിക കാന്തിയുടെ മറുപടി കിട്ടാതെ വീണ്ടും തിരക്കി.. രവിയിപ്പോൾ ഏതുനേരവും കാന്തിയെക്കുറിചോർത്തു വിഷമിച്ചിരിക്കലാണ്.. തന്റെ ഏട്ടന്റെ സങ്കടം മാറാൻ കാന്തിയെ എങ്ങനെയേലും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ലതിക.. കാന്തി ഒരുനിമിഷം സൂര്യന് ഫോൺ നൽകണോയെന്ന് ആലോചിച്ചശേഷം അവന് നേരെ നീട്ടി.. അമ്മയ്ക്ക് സംസാരിക്കണമെന്ന്..? സൂര്യൻ ഫോൺ വാങ്ങി ചെവിയോട് ചേർത്തു.. ഹലോ.. ഞാൻ സൂര്യജിത്ത് ആണ്.. സൂര്യാ... നിങ്ങളെ ഇവിടേയ്ക്ക് ക്ഷണിക്കാനാ ഞാൻ വിളിച്ചത്. പെട്ടെന്ന് കേട്ടപ്പോൾ ഒന്നും അംഗീകരിക്കാൻ പറ്റിയില്ല... എന്നാലിപ്പോൾ.. ഇനിയും അവളെ അകറ്റിനിർത്താൻ തോന്നുന്നില്ല... അടുത്തുതന്നെ ഒരു ദിവസം ഇവിടേയ്ക്ക് വരണം.. പറഞ്ഞുകഴിഞ്ഞ ആശ്വാസത്തിൽ ലതിക രവിയെ നോക്കി..

രവിയിൽ അപ്പോഴും സൂര്യൻ എന്തുപറയുമെന്ന ആകാംഷയായിരുന്നു.. അതയാൾ എന്തായിയെന്നു നിശബ്ദമായി ലതികയോട് പുരികം പൊക്കി തിരക്കി.. സൂര്യൻ ഒന്നും പറഞ്ഞില്ല.. ഇപ്പോഴും ദേഷ്യമാണോ..? ലതിക മറുപുറത്തു നിന്നും മറുപടി കിട്ടാതെ തിരക്കി.. തന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന കാന്തിയെ കാൺകെ ഇല്ലായെന്ന് പറയാൻ സൂര്യന് നാവു പൊന്തിയില്ല.. മ്മ്... വരാം... സൂര്യൻ പറഞ്ഞതുകേട്ട് കാന്തിയ്ക്കാദ്യം സന്തോഷം തോന്നിയെങ്കിലും.. രവിയുടെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അതു പതിയെ ഭയത്തിലേയ്ക്ക് വഴിമാറി. ആ മാറ്റം സൂര്യനും നോക്കിക്കണ്ടു.. ഫോൺ കട്ട്‌ ചെയ്തു സൂര്യൻ വിഷ്ണുവിനെയും കാന്തിയെയുമൊന്നു നോക്കി.. ഇത്ര പെട്ടെന്ന് ഇവളുടെ അമ്മയുടെ മനസ്സ് മാറിയോ..? ആ കിളവന്റെ വാക്കും കേട്ട് ഇവിടെ നടത്തിയ ഷോ കണ്ടപ്പോൾ ഞാൻ കരുതി ഒരു നടക്ക് പോകില്ലെന്ന്.. വിഷ്ണു ദിവസങ്ങൾക്കു മുൻപേ കാന്തിയുടെ മേൽ ശാപവർഷം ചൊരിഞ്ഞുപോയ ലതികയുടെ ദൃശ്യം മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു..

സൂര്യനും അതേ ചിന്തയിലായിരുന്നു.. ഇനി രവിയുടെ പുതിയ എന്തേലും അടവാണോയെന്നുമവൻ ഒരുവേള ചിന്തിച്ചു.. എന്താ കാന്തി നിന്റെ അമ്മ പറഞ്ഞത്..? ഇനി നിന്റെ മാമയുടെ ... വിഷ്ണു.... വിഷ്ണു പറഞ്ഞു മുഴുമിപ്പിക്കും മുൻപേ സൂര്യൻ അവനെ വിലക്കി.. വീണ്ടും രവിയുടെ പേരിൽ അവളിലെ സന്തോഷം നശിപ്പിക്കേണ്ടെന്നു കരുതി. അതുമനസ്സിലായെന്നപോലെ വിഷ്ണു പെട്ടെന്ന് സംസാരം നിർത്തി കന്തിയെ നോക്കി.. വിച്ചേട്ടൻ പറഞ്ഞതുപോലെ എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല സാർ.. വൈകിട്ട് വിളിച്ചപ്പോൾ കൂടി അമ്മ ഒന്നും മിണ്ടാതെ ഫോൺ കട്ടാക്കിയതല്ലേ.. അതുമല്ല സംസാരം കേട്ടിട്ടും എന്തോ പോലെ... കാന്തി വിഷ്ണുവിനെ ഒന്നു നോക്കി സൂര്യനോടായി പറഞ്ഞു.. ആ. അതൊക്കെ മാറും കാന്തി.. പിന്നെ ജിത്തേട്ടൻ കൂടെയില്ലേ.. വിഷ്ണു അവളെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു.. അതേടോ... അമ്മ വിളിച്ച സ്ഥിതിയ്ക്ക് നമുക്ക് ഒന്നു പോകാം.. എന്തായാലും നിന്റെ സ്കൂൾ വിസിറ്റ് കഴിയട്ടെ.. എന്നിട്ടൊരു ദിവസം പോകാം.. സൂര്യൻ ആലോചനയോടെ ഇരിക്കുന്ന കാന്തിയെ നോക്കി പറഞ്ഞു..

വിഷ്ണു.. നീ താഴേയ്ക്ക് ചെല്ല്.. നിനക്കെന്തെലും വയ്യായ്ക ഉണ്ടോന്നു പേടിച്ചു അമ്മയാകെ വിഷമിച്ചിരിക്കാ.. ഇനിയും കണ്ടില്ലേൽ ആ വയ്യാത്ത കാലും വെച്ചു സ്റ്റെപ് കയറി വരും.. സൂര്യൻ വിഷ്ണുവിന്റെ ചുമലിലൊന്നു തട്ടി.. ആ... ഞാനെന്നാൽ അപ്പച്ചിയമ്മയുടെ സങ്കടം മാറ്റട്ടെ... ഇരുവരെയും നോക്കിയൊന്നു ചിരിച്ചുകൊണ്ടവൻ മുറിക്ക് പുറത്തേയ്ക്കിറങ്ങി.. എന്നാൽ കാന്തിയപ്പോഴും അമ്മയുടെ വാക്കുകൾ അളന്നുമുറിയിക്കുകയായിരുന്നു.. അതു ശ്രെദ്ധിച്ച സൂര്യൻ അവളുടെ അടുത്തായി ബെഡിലേയ്ക്കിരുന്നു.. തോളിൽ ചേർത്ത് തന്നിലേയ്ക്കടുപ്പിച്ചു.. എന്താ കുഞ്ഞേ... അമ്മ വിളിച്ചിട്ടും സങ്കടം മാറിയില്ലേ.. അമ്മ സാറിനോട് നന്നായി തന്നാണോ സംസാരിച്ചേ..? അതെന്താടോ അങ്ങനെ തോന്നാൻ..? ങ്‌ഹും... ഒന്നുല്ല.. പിന്നെ.. പിന്നെ... സാറിന് ഇഷ്ടമുണ്ടെങ്കിൽ പോയാൽ മതീട്ടോ... അവിടെ ചെന്നു ആരേലും സാറിനെ വിഷമിപ്പിക്കുമ്പോലെ സംസാരിച്ചാൽ എനിക്കതു സഹിക്കാൻ പറ്റില്ല... പിന്നെ.. അയാൾ... അവൾ വാക്കുകൾ പാതിയിൽ നിർത്തി അവന്റെ നെഞ്ചോരം ചേർന്നു..

എന്തായാലും അവർ വീട്ടിലേയ്ക്കു വിളിച്ചതല്ലേ.. എന്നിട്ടും പോകാതിരുന്നാൽ നാളെയതൊരു വിഷമമാകേണ്ട.. ആരെന്തുവേണേലും പറഞ്ഞോട്ടെ...... കൂടെ നീയുള്ളപ്പോ അതൊന്നും എന്നെ ഏൽക്കില്ല.. പിന്നെ... ഇനിയൊരു രവിയും എന്റെ കുഞ്ഞിനെ തൊടില്ല.. തെറ്റായൊന്നു നോക്കുക കൂടിയില്ല.. എല്ലാം എന്റെയുള്ളിൽ പതിഞ്ഞുകിടപ്പുണ്ട്... കൊടുത്തിരിയ്ക്കും.... കണക്ക് തെറ്റാതെത്തന്നെ... രവിയുടെ മുഖം മനസ്സിൽ തെളിയെ വാക്കുകളിൽ കനലാളി.. സൂര്യന്റെ സ്നേഹചൂടിൽ കാന്തിയുടെ ഉള്ളിലെ ഭയം അലിഞ്ഞു തുടങ്ങിയിരുന്നു... എല്ലാം അറിഞ്ഞിട്ടും തന്നെ ചേർത്തുപിടിക്കുന്ന മനുഷ്യനായി ഹൃദയത്തിൽ പുതിയൊരു വികാരം ഉടലെടുക്കുന്നതവളറിഞ്ഞു.. മെല്ലെ അവന്റെ നെഞ്ചിൽനിന്നും തലയുയർത്തി കാന്തി സൂര്യന്റെ കവിളിൽ അമർത്തി ചുംബിച്ചു.. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ചുടുമുത്തം അവന്റെയുള്ളിൽ വലിയ സന്തോഷത്തിരതന്നെ ഉയർത്തി.. ജീവിതത്തിലാദ്യമായി ഒരു പെണ്ണിനാൽ പ്രണയത്തോടെ ചുംബിക്കപ്പെട്ടിരിക്കുന്നു..

എത്രെയോ ആഗ്രഹിച്ച നിമിഷം.. അറിയാതെ ഒരുതുള്ളി അവന്റെ കണ്ണുകളിൽനിന്നും അടർന്നു കാന്തിയുടെ നെറുകിൽ പതിച്ചു.. കണ്ണീർചൂടിൽ പിടഞ്ഞുനോക്കിയ പെണ്ണിനോടായവൻ പറഞ്ഞു.. സന്തോഷം കൊണ്ടാ കുഞ്ഞേ... നീയെന്നെ സ്നേഹിച്ചു തുടങ്ങിയല്ലോ.. എന്നെ മനസ്സിലാക്കിയല്ലോ.. നെഞ്ചിൽ സന്തോഷം തുടികൊട്ടി.. അതിന്റെ പാരമ്യത്തിൽ അവളുടെ കുഞ്ഞു മുഖം കൈക്കുമ്പിളിൽ വാരിയെടുത്തവൻ ഇരുമിഴികളിലും അമർത്തിമുത്തി.. വീണ്ടും മതിവരാതെ ആ കുഞ്ഞു നാസികത്തുമ്പിലും തുടർന്നു വിറയ്ക്കുന്ന ചുണ്ടിലും സൂര്യന്റെ ചുണ്ടുകൾ പതിഞ്ഞു.. ഒന്നമർത്തി ചുംബിക്കാൻ ആഗ്രഹം തോന്നിയെങ്കിലും സ്വയമടക്കിയവൻ അവളെ നെഞ്ചിലേക്ക് ചായ്ച്ചുകൊണ്ടു നെറുകിൽ മുകർന്നു.. ഇരുവരും പ്രണയത്തിന്റെ പുതുഭാവങ്ങൾ അറിയുകയായിരുന്നു.. ആദ്യമായി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഇതേസമയം ഫോൺ വെച്ച്തിരിഞ്ഞ ലതികയെ അക്ഷമയോടെ നോക്കിയിരിക്കുകയായിരുന്നു രവി.. തൊട്ടടുത്തായി സാവിത്രിയുമുണ്ട്. ലതേ... അവളെന്തു പറഞ്ഞെടി..? രവിയ്ക്ക് കാന്തി വരുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അവളെന്തു പറയാൻ... ഇത്ര പെട്ടെന്ന് തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല.. അതുകൊണ്ടിപ്പോൾ സന്തോഷം കൊണ്ടു തുള്ളിച്ചാടുവായിരിക്കും.. സാവിത്രി ഇഷ്ടക്കേടോടെ ലതിക എന്തേലും പറയും മുൻപേ പറഞ്ഞു.. നീയെന്താ സാവിത്രി ഇങ്ങനൊക്കെ പറയുന്നേ..? എന്തു തെറ്റ് ചെയ്താലും അവളെ ഉപേക്ഷിക്കാൻ പറ്റുമോ..? പൊട്ടബുദ്ധിയ്ക്കൊരു രണ്ടാം കെട്ടുകാരന്റെ വലയിൽ വീണു.. ആ വലയിൽ കുരുങ്ങി തീരും മുൻപേ അതിനെ രക്ഷിക്കാണ്ടിരിക്കാൻ കഴിയുമോ..? നിങ്ങൾക്കൊക്കെ അവളെ തള്ളിപ്പറയാൻ കഴിയുമായിരിക്കും.. പക്ഷേ.. എനിക്കെന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയില്ല.. ഈ കൈവെള്ളയിലിട്ടാ ഞാനവളെ വളർത്തിയത്.. കണ്ടു കൊതിതീർന്നിട്ടില്ല എന്റെ കുട്ടിയെ..

ഉള്ളിൽ കാന്തിയുടെ രൂപം നിറച്ചു ഉന്മാദത്തോടെ രവി കണ്ണുകളടച്ചു.. ഓഹ്... എന്നിട്ടാ കുഞ്ഞ് ഒരു ദക്ഷണ്യവുമില്ലാണ്ടാല്ലേ ഈ മാമയെക്കുറിച്ച് വേണ്ടത്തീനം പറഞ്ഞത്.. സാവിത്രി എടുത്തടിച്ചപോലെ പറഞ്ഞു.. സാവിത്രി... നീ മിണ്ടാണ്ട് പോയേ.. അല്ലേൽ തന്നെ ആകെ നിലവിട്ടു നിക്കാ ഞാൻ.. കൂടുതൽ പറഞ്ഞു എന്റേന്ന് മേടിക്കണ്ട.. രവി അവരെയൊന്നിറുത്തിനോക്കി.. നീ പറ മോളേ... അവര് വരുമോ..? അവളൊന്നും പറഞ്ഞില്ല ഏട്ടാ.. സൂര്യൻ വരാമെന്നു പറഞ്ഞിട്ടുണ്ട്.. ലതിക രവിയെ ആശ്വസിപ്പിക്കുംപോലെ പറഞ്ഞു. മ്മ്... അവള് വരട്ടെ.. പിന്നെന്താ വേണ്ടതെന്നു ഞാൻ പറയാം.. മനസ്സിലെന്തോ കണക്കുകൂട്ടലോടെ രവി പുറത്തേയ്ക്കു നടന്നു.. ആ... വരട്ടെ... അറിഞ്ഞ ബന്ധുക്കളുടെ ചോദ്യോം പറച്ചിലും തന്നെ സഹിക്കാൻ മേല.. ഇനി ആ കൊച്ചിനേം തന്തയെയും ചേർത്തുപിടിച്ചവൾ നാട്ടില് വരേണ്ട പാടേയുള്ളു.. പിന്നെല്ലാർക്കുന്ന തലയിൽ മുണ്ടിട്ടു നടക്കാം... എന്റെ കൊച്ചിനും കൂടി ഇതിന്റെ ദോഷം വരുമോ എന്തോ..? ലതികയേനോക്കി പിറുപിറുത്തുകൊണ്ട് സാവിത്രിയും രവിയ്ക്ക് പുറകെ പോയി.. ലതികയ്ക്കാക്കട്ടെ സാവിത്രിയുടെ പറച്ചിലും കൂടിയായപ്പോൾ അപമാനഭാരമേറി.. എങ്കിലും ഏട്ടനെ ധിക്കരിക്കാനും മനസ്സുവരുന്നില്ല..

ചിന്താഭാരത്തോടെയവർ അടുക്കളയിലേയ്ക്ക് നടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പുതു അറിവുകൾ നേടി കാന്തിയും വിഷ്ണുവും സ്വാതിയും സ്കൂൾ ഇൻഡക്ഷൻ പൂർത്തിയാക്കി.. വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ കുട്ടികളോടും അധ്യാപകരോടുമൊക്കെ യാത്ര പറഞ്ഞു കാന്തിയും സ്വാതിയും വീട്ടിലേയ്ക്കു തിരിച്ചു.. രണ്ടുദിവസം അവധിയായതിനാൽ സ്വാതി വീട്ടിലേയ്ക്കു പോകുന്നുണ്ട്.. അച്ഛൻ വന്നിട്ടിതുവരെ അങ്ങോട്ട്‌ പോയില്ല.. കൂട്ടിക്കൊണ്ടു പോകാൻ അച്ഛൻ വരുമെന്ന് പറഞ്ഞതിനാൽ സ്വാതി സ്കൂളിൽനിന്നും ഇറങ്ങി ധൃതിയിൽ യാത്ര പറഞ്ഞു ഹോസ്റ്റലിലേയ്ക്ക് പോയി. കാന്തി സൂര്യനെ കാണാതെ കോളേജിലേയ്ക്ക് നടന്നു.. മിക്കവാറും കുഞ്ഞിനേയും കൊണ്ടു പുറത്ത് കാത്തുനിൽക്കാറാണ് പതിവ്. മോളേ ഏൽപ്പിച്ചു വീണ്ടും കോളേജിലേയ്ക്ക് പോകും.. എല്ലാം ഒതുക്കി അഞ്ചു മണിയോടെ വീട്ടിലേയ്ക്കു വരും. കോളേജ് ഗേറ്റ് കടന്നപ്പോഴേ കണ്ടു ഓഫീസ് മുറിയിൽ ലാപ്പിൽ കാര്യമായെന്തോ പണിയിൽ മുഴുകിയിരിക്കുന്ന സൂര്യനെ..

അവൾ ചുറ്റും നോക്കി.. പുറത്ത് ആരെയും കാണാനില്ല.. ടീച്ചേഴ്‌സൊക്കെ പോയിക്കാണും. മനസ്സിലോർത്തവൾ ഓഫീസിലേയ്ക്ക് കയറി. ഇടയ്ക്കെപ്പോഴോ തലയുയർത്തിയപ്പോൾ സൂര്യനും കാന്തിയെക്കണ്ടു.. അപ്പോഴാണ് സമയം ഒത്തിരി ആയെന്നു അറിഞ്ഞത്. അയ്യോ.. കുഞ്ഞേ.. സ്കൂൾ കഴിഞ്ഞല്ലേ.. ഒന്നുരണ്ടു മെയിൽ റിപ്ലേ കൊടുക്കാൻ ഉണ്ടായിരുന്നു.. മോളുറങ്ങിയപാടെ ഇരുന്നതാ.. സമയം പോയതറിഞ്ഞില്ല അവൻ ലാപ്പിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. സാരമില്ല സർ.. ഞാൻ ഇവിടിരിക്കാം.. ഏയ്‌.. വേണ്ട.. സ്വാതിയ്ക്കു പെട്ടെന്ന് ഹോസ്റ്റലിൽ പോകാനുള്ളതല്ലേ.. അവളെ കൂട്ടി വീട്ടിൽ പൊയ്ക്കോളൂ.. മോളേ എടുത്തോ.. സൂര്യൻ സ്വാതി കൂടെ ഉണ്ടാകുമെന്നു കരുതി പറഞ്ഞു.. സ്വാതി ഇല്ല സർ.. അവളിന്ന് വീട്ടിൽ പോകുന്നുണ്ട്. അച്ഛൻ വരുമെന്നു പറഞ്ഞു നേരെ ഹോസ്റ്റലിലേയ്ക്ക് പോയി.. അവൾ അവനടുത്തായി മേശയിൽ കൈതാങ്ങി നിന്നു. ആണോ.. എങ്കിൽ ഇയാളിവിടിരിക്ക്.. ഒരു പതുമിനിറ്റത്തെ കാര്യമേയുള്ളൂ.. ഇത് തീർത്തു നമുക്കൊരുമിച്ചു പോകാം..

അതുകേട്ടു കാന്തി കുഞ്ഞിനരികിലേയ്ക്ക് പോയി.. അടുത്തായി നിലത്തിരുന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഗേറ്റിനു മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങി ഗേറ്റ് തുറന്നു അകത്തേയ്ക്കു വണ്ടി കയറ്റുമ്പോഴേ തുറന്നുകിടക്കുന്ന ഡോറിലേയ്ക്ക് അവന്റെ മിഴികൾ പാഞ്ഞു.. സ്വാതി വീട്ടിൽ പോകുമെന്നും വൈകിട്ട് വരില്ലെന്നും പറഞ്ഞിരുന്നതിനാൽ ചെറിയൊരു സങ്കടം തോന്നിയിരുന്നു.. ചാവിയൂരി വിരലിൽ കറക്കിക്കൊണ്ടു ഹെൽമെറ്റ് മറുകൈയിൽ പിടിച്ചവൻ ഉള്ളിലേയ്ക്ക് കയറി.. വാതിൽക്കൽനിന്നും കാലെടുത്തുവെച്ചപ്പോൾ തന്നെ കണ്ണുകൾ സോഫയിൽ ഇരിക്കുന്ന ആളിലേയ്ക്ക് നീണ്ടു.. ആദ്യം ഒന്നുതിളങ്ങിയ മിഴികളിൽ പെട്ടെന്ന് ക്രോധം ഇരച്ചുവന്നു.. അതേദേഷ്യത്തോടെ അമർത്തിചവിട്ടിയവൻ മുകളിലേയ്ക്കു പോയി....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story