🌻സൂര്യകാന്തി 🌻: ഭാഗം 38

Sooryakanthi mizhi

രചന: മിഴി

  ഗേറ്റിനു മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങി ഗേറ്റ് തുറന്നു അകത്തേയ്ക്കു വണ്ടി കയറ്റുമ്പോഴേ തുറന്നുകിടക്കുന്ന ഡോറിലേയ്ക്ക് വിഷ്ണുവിന്റെ മിഴികൾ പാഞ്ഞു.. സ്വാതി വീട്ടിൽ പോകുമെന്നും വൈകിട്ട് വരില്ലെന്നും പറഞ്ഞിരുന്നതിനാൽ ചെറിയൊരു സങ്കടം തോന്നിയിരുന്നു.. ചാവിയൂരി വിരലിൽ കറക്കിക്കൊണ്ടു ഹെൽമെറ്റ് മറുകൈയിൽ പിടിച്ചവൻ ഉള്ളിലേയ്ക്ക് കയറി.. വാതിൽക്കൽനിന്നും കാലെടുത്തുവെച്ചപ്പോൾ തന്നെ കണ്ണുകൾ സോഫയിൽ ഇരിക്കുന്ന ആളിലേയ്ക്ക് നീണ്ടു.. ആദ്യം ഒന്നുതിളങ്ങിയ മിഴികളിൽ പെട്ടെന്ന് ക്രോധം ഇരച്ചുവന്നു.. അതേദേഷ്യത്തോടെ അമർത്തിചവിട്ടിയവൻ മുകളിലേയ്ക്കു പോയി.. .ശക്തിയിൽ ഡോർ തുറന്നു ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കണ്ണുകളടച്ചു ദേഷ്യം നിയന്ത്രിക്കാൻ നോക്കി.. ദേഷ്യവും സങ്കടവുമെല്ലാം കൂടിയവനെ തളർത്തിയിരുന്നു.. മെല്ലെ കട്ടിലിലേയ്ക്കിരുന്നുകൊണ്ടവൻ കൈയിൽ തലതാങ്ങിയിരുന്നു. വിച്ചു.... കാതുകളിൽ പരിചിതമായ ശബ്ദത്തോടൊപ്പം മുടിയിൽ ആ സ്നേഹസ്പർശവും...

ഇച്ചേച്ചി.... ഉള്ളം ആർത്തു വിളിക്കുമ്പോൾ ശബ്ദം സൂര്യന്റെ മുഖമോർക്കേ തൊണ്ടക്കുഴിയിൽ തടഞ്ഞു.. വിച്ചു.. ഒന്നു നോക്കെടാ... ഇടറുന്ന ശബ്ദം കേൾക്കെ അവന്റെ ഉള്ളും ആർദ്രമാകുന്നുണ്ടായിരുന്നു.. പക്ഷേ... കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി താൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ.. അരക്ഷിതാവസ്ഥ.. എല്ലാം ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കുന്നതിൽ നിന്നുമവനെ വിലക്കി.. അറിയാം... ഇച്ചേച്ചിയ്ക്ക് തെറ്റ് പറ്റി.. അതു ഞാനായിത്തന്നെ തിരുത്തി.. പക്ഷേ.. നിന്റെയീ അവഗണന സഹിക്കുന്നില്ല മോനേ.. അറ്റ്ലീസ്റ്റ് വഴക്ക് പറയാനേലും ഒന്നു മിണ്ടെടാ .. തന്നെ നോക്കാതെ കൈയിൽ മുഖം താങ്ങിയിരിക്കുന്നവന്റെ ചുമലിൽ കുലുക്കി വിളിച്ചവൾ നിലത്തേയ്ക്കിരുന്നു.. തന്റെതായി ഭൂമിയിൽ അവശേഷിയ്ക്കുന്ന ഒരേയൊരു കണ്ണി.. ഇച്ചേച്ചിയുടെ കൈയിൽ തൂങ്ങി നടന്നിരുന്ന സ്വന്തം വിച്ചൂട്ടൻ... ഒന്നു മിണ്ടിയിട്ട് നാളേറെയായിരിക്കുന്നു.. വിദ്യ ഉള്ള് പൊടിയുന്ന വേദനയിലവനെ നോക്കി. അവഗണന... അതെന്താണെന്നു എന്നെ പഠിപ്പിച്ചത് നിങ്ങളല്ലേ..

അത് ആഴത്തിൽ എന്നിലടിച്ചേൽപ്പിച്ചത്... എന്റെ ജീവനായി ഞാൻ കൊണ്ടുനടന്ന ഇച്ചേച്ചിയല്ലേ..? പറയ്... നിങ്ങളല്ലെന്ന്..? ഉള്ളിലെ സംഘർഷം വാക്കുകളായവൻ വിദ്യയ്ക്ക് നേരെ ചീറ്റി.. മോനേ... ഇച്ചേച്ചി.. എനിക്ക് നിന്നെ.. നിന്നോടങ്ങനെ ചെയ്യാൻ പറ്റോടാ.. വിദ്യ തന്റെ നേരെ നീളുന്ന വിഷ്ണുവിന്റെ നോട്ടം നേരിടാനാകാതെ തല താഴ്ത്തി.. പറ്റുമെന്നു തെളിയിച്ചില്ലേ... നിഴലുപോലെ കൂടെക്കൊണ്ട് നടന്നിട്ട് ഇരുട്ടിൽ തള്ളില്ലേ എന്നെ.. പഠിക്കാൻ ബാംഗ്ലൂരേയ്ക്കു പോയപ്പോൾ മുതൽ തുടങ്ങി നമ്മൾ തമ്മിലുള്ള അകലം.. അന്നൊക്കെ വേദനയോടെ ആണേലും ഉള്ളിലൊതുക്കി.. ചുറ്റും നമ്മുടെ അച്ഛനും അമ്മയുമുണ്ടായിരുന്നു.. അവര് പോയപ്പോഴോ.. ഈ അനിയൻ ഒറ്റയ്ക്കാണെന്നു ഓർത്തില്ലേ.... പലപ്പോഴും ഞാനും ജിത്തേട്ടനും പറഞ്ഞതല്ലേ നാട്ടിൽ വന്നു നിക്കാൻ.. അപ്പോൾ ഇച്ചേച്ചിയ്ക്ക് വലുത് സ്വന്തം താല്പര്യങ്ങളായിരുന്നു... ആദ്യം സ്വന്തം അനിയനെ അവഗണിച്ചു.. പിന്നെ താലി കെട്ടിയവനെ.. ഏറ്റവുമൊടുവിൽ സ്വന്തം ചോരയെ... ഞങ്ങളെ കാര്യം പോട്ടെ..

നിങ്ങള്ക്കെങ്ങനെ തോന്നുന്നു ഇച്ചേച്ചി പാൽമണം മാറാത്ത ആ കുഞ്ഞിനെ അവഗണിക്കാൻ.. അതിനെ ഉപേക്ഷിക്കാൻ.. ശോ.. എന്റെ ഇച്ചേച്ചി ഇത്രയും ദുഷ്ടയായിപ്പോയതെങ്ങനെ..? വിഷ്ണു ദയനീയമായി വിദ്യയെ നോക്കി. ഇല്ല... ഞാൻ... ഒന്നും അറിഞ്ഞുകൊണ്ടു ചെയ്തതല്ല.. എനിക്ക്... ഇങ്ങനെയേ പറ്റുമായിരുന്നുള്ളൂ.. ഇനിയും... പക്ഷേ.. വിച്ചു.. നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.. എന്റെ അനിയൻ കൂടി വെറുപ്പോടെ നോക്കാതിരിക്കാൻ ഇത്രയും നാൾ ഓടിയൊലിച്ചു.. എന്നിട്ടോ.. അതിനിരട്ടി വെറുപ്പും പകയും നിനക്കുള്ളിൽ നിറഞ്ഞില്ലേ.. ജിത്തേട്ടനറിയാം എന്നെ.. എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി.. ഏട്ടന്റെ ജീവിതം കൂടി ഹോമിച്ചു... റിച്ചുമോളിലൂടെ ആ ജീവിതം വഴിതിരിച്ചുവിട്ടു... ഇനിയും ആ മനുഷ്യനെ വേദനിപ്പിക്കാൻ കഴിയാത്തോണ്ടാ ഞാൻ ആ ജീവിതത്തിൽനിന്നും പോയത്...

വിദ്യ അനിയന് മുന്നിൽ പൂർണമായും ഉള്ളുതുറക്കാനാകാത്ത നിസ്സഹായതയിൽ തേങ്ങി.. വേദന കൊടുക്കാതിരിക്കാൻ അല്ലെ.. ഒരു ജന്മം മുഴുവൻ ഓർമിക്കാനുള്ള വേദന ആ നെഞ്ചിനുള്ളിൽ പൊതിഞ്ഞുകെട്ടിക്കൊടുത്തയച്ചിട്ടു... എങ്ങനെ കഴിയുന്നു ഇച്ചേച്ചി വീണ്ടും വീണ്ടും സ്വയം ന്യായീകരിച്ചു വിലകളയാൻ.. ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ ആ കുഞ്ഞിനെക്കൂടി ഇതിനിടയിലേയ്ക്ക്.. വിഷ്ണു വാക്കുകൾ പൂർത്തിയാക്കാനാകാതെ നിർത്തി.. ശരിയാണ്... അതെന്റെ മാത്രം സ്വാർത്ഥതയാണ്.. എല്ലാമറിഞ്ഞും എനിക്ക് വേണ്ടി ജീവിതം ബലിയാടാക്കിയ ഏട്ടന് മോളിലൂടെ ഞാൻ വലിയൊരു ചതി ചെയ്തു.. അതിൽ കുറ്റബോധവുമുണ്ട്.. പക്ഷേ.. പക്ഷേ.. ഒരിക്കലുമെനിക്കവൾക്ക് നല്ലൊരമ്മയാവാൻ കഴിയില്ല.. അതുകൊണ്ട് തന്നെയാണ് അവളിൽ അവകാശം പറയാത്തതും.. അല്ലെങ്കിലും അവളിലെനിക്കെന്തവകാശം.. എന്തോ ഓർത്തെന്നപോലെ വിദൂരതയിലേയ്ക്ക് മിഴിയൂന്നി നിൽക്കുന്ന വിദ്യയുടെ വാക്കുകൾ പകുതിയും വിഷ്ണുവിന് മനസ്സിലാകുന്നുണ്ടായിരുന്നില്ല..

എനിക്കൊന്നും മനസ്സിലാകുന്നില്ല.. എന്റെ ഇച്ചേച്ചിയെയും.. പക്ഷേ... ജിത്തേട്ടന്റെ ജീവിതത്തിൽ ഇനിയൊരു സങ്കടം ഇചേച്ചിയായി ഉണ്ടാക്കരുത്.. സന്തോഷമെന്തെന്നറിഞ്ഞു തുടങ്ങിയതേയുള്ളു ആ മനുഷ്യൻ.. അതുകൂടി ഇചേച്ചിയാൽ നശിച്ചാൽ പിന്നീ അനിയനെ കാണില്ല.. പറഞ്ഞുനിർത്തി വിദ്യയെയൊന്നു നോക്കിയവൻ താഴേയ്ക്ക് പോയി.. നേരെ റാഗിണിയെതിരക്കി അടുക്കളയിലേയ്ക്കാണ് പോയത്. ചായയും പലഹാരങ്ങളും ഡൈനിങ്ങ് ടേബിളിൽ അടച്ചുവെച്ചിട്ടുണ്ടായിരുന്നു.. അടുക്കളയിൽ കാണാഞ്ഞപ്പോഴേ വിഷ്ണു മുറിയിലേയ്ക്കു ചെന്നു.. കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുവാണ്. ഇടയ്ക്ക് ഉയർന്നുവരുന്ന ശ്വാസഗതി കരയുകയാണെന്ന് തോന്നിച്ചു. അപ്പച്ചിയമ്മേ.... തോളിലൊന്നു പിടിച്ചവൻ അടുത്തേയ്ക്കിരുന്നു.. വന്നിട്ട് കുറച്ചുനേരമായതേയുള്ളു.. കണ്ടപ്പോൾ അപ്പച്ചിയമ്മെന്നു വിളിച്ചു കെട്ടിപ്പിടിച്ചു.. പഴയതുപോലെ... ആ നിമിഷം മുഖം വീർപ്പിക്കാൻ കഴിഞ്ഞില്ല.. അല്ലേലും മക്കള് തെറ്റുചെയ്താലും അമ്മമാർക്കവരെ വെറുക്കാനോ തള്ളിക്കളയാനോ കഴിയില്ലല്ലോ..?

എന്റെ ഏട്ടൻ സഹിക്കില്ല... കണ്ണടയാൻ നേരം മാലതിയും ഒന്നേ പറഞ്ഞുള്ളു.. മക്കളെ കൈവിടല്ലെന്നു.. രാഗിണി വിഷ്ണുവിനെ നോക്കാതെതന്നെ കിടന്ന കിടപ്പിൽ പറഞ്ഞു.. ഒപ്പം കണ്ണീരൊപ്പി.. മ്മ്.. അമ്മ തന്നെയാണ്.. ഈ അമ്മ മനസ്സിനെ ഞങ്ങളോട് പൊറുക്കാനും കഴിയുള്ളു.. തെറ്റായിപ്പോയി ഇച്ചേച്ചിചെയ്തതൊക്ക.. പൊറുക്കണം അവളോട്‌.. ജിത്തേട്ടന്റെ ജീവിതത്തിൽ ഇച്ചേച്ചിയൊരിക്കവും തടസ്സമാകില്ല.. ഈ വിച്ചൻ തരുന്ന വാക്കാ അപ്പച്ചിയമ്മയ്ക്ക്... രാഗിണിയുടെ ചുമലിൽ മുഖം ചേർത്തു വിഷ്ണു പറഞ്ഞു.. എന്താ മോനേ... കരയാതെ.. അപ്പച്ചിയമ്മയ്ക്ക് നിങ്ങളെ വെറുക്കാൻ കഴിയോ? എഴുന്നേക്ക് ചായ കുടിക്കാം.. വിഷ്ണുവിന്റെ തലയിൽ തഴുകി രാഗിണി മെല്ലെ എഴുന്നേൽക്കാൻ നോക്കി.. ഒന്നു കണ്ണുചിമ്മി വിഷ്ണു രാഗിണിയെ പിടിച്ചെഴുന്നേല്പിച്ചു.. ജിത്തേട്ടൻ അറിഞ്ഞോ..? ഇല്ല.. മ്മ്.. ഞാൻ പുറത്തോട്ടു നിക്കാം അപ്പച്ചിയമ്മേ... ഏട്ടൻ വരാറായി കാണും.. പെട്ടെന്ന് ഇച്ചേച്ചിയെ കാണുമ്പോൾ കാന്തിയും അമ്പരക്കും. വിഷ്ണു പറഞ്ഞുകൊണ്ട് പുറത്തേയ്ക്കു പോയി. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ചായയുമായി പുറത്ത് നടന്നുകൊണ്ടു വിഷ്ണു സൂര്യനെയും കാന്തിയെയും നോക്കിനിന്നു.. ദൂരെനിന്നും അവരെക്കണ്ടപ്പോഴേ വിഷ്ണുവിന്റെ നെഞ്ചിടിപ്പേറി.. ഫോൺ ചെവിയോട് ചേർത്തു കാര്യമായെന്തോ സംസാരിച്ചുകൊണ്ടു സൂര്യൻ ഗേറ്റ് തുറന്നു.. റിച്ചു കാന്തിയുടെ തോളിൽ നല്ല ഉറക്കമാണ്.. വിഷ്ണുവിനെനോക്കിയൊന്നു ചിരിച്ചവൻ മുകളിലേയ്ക്കു കയറിപ്പോയി.. മോളേ കിടത്തിയിട്ട് വരാവേ കിച്ചേട്ടാ.. കാന്തി സൂര്യന് പുറകെ വിച്ചുവിനോടായി പറഞ്ഞുകൊണ്ട് ഉള്ളിലേയ്ക്ക് കടന്നു.. വിദ്യ വന്നെന്ന സൂചനയെങ്കിലും സൂര്യന് നൽകാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിൽ വിഷ്ണു അകത്തേയ്ക്കു കയറി . റൂമിന്റെ വാതിൽ തുറന്നുള്ളിലേയ്ക്ക് കയറിയ സൂര്യൻ തന്റെ ബെഡിൽ ഇരിയ്ക്കുന്ന ആളെക്കണ്ടു സ്ഥബ്ധനായി.. പുറകിലായി വന്ന കാന്തിയും സംശയഭാവത്തിൽ അവരെനോക്കി.. ആ.. കം ഓൺ മിസ്റ്റർ സൂര്യജിത്ത്... ചെറു പുഞ്ചിരിയോടെ പറയുമ്പോഴും അവളുടെ മിഴികൾ തൊട്ടുപുറകിലായി കുഞ്ഞിനെ തോളിലിട്ട് നിൽക്കുന്ന കാന്തിയിൽ സംശയത്തോടെ പതിഞ്ഞു.. മെല്ലെ അവളുടെ കഴുത്തിലെ താലിയിലും നെറുകയിലേ സിന്ദൂരത്തിലേയ്ക്കും കണ്ണുകൾ സഞ്ചരിച്ചു.. അതേസംശയത്തിൽ റൂമിനു പുറത്ത് വിദ്യയുമുണ്ടായിരുന്നു....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story