🌻സൂര്യകാന്തി 🌻: ഭാഗം 40

Sooryakanthi mizhi

രചന: മിഴി

 എന്താ കുഞ്ഞുസ്സ്...? വന്നപ്പോ മുതൽ ആകെ മൂഡൗട്ട് ആണല്ലോ..? എന്താടാ അച്ഛന്റെ പൊന്നിന് പറ്റിയെ..? ഹരി എന്തോ ആലോചനയിലെന്നപോലെ കിടക്കുന്ന സ്വാതിയോടായി ചോദിച്ചു. താൻ നാട്ടിൽ വന്നശേഷം ആദ്യമായാണ് സ്വാതി വീട്ടിൽ വന്നത്.. ഹരിയും ട്രീസയും ഒരുമിച്ചാണ് അവളെ വിളിക്കാനായി ഹോസ്റ്റലിൽ ചെന്നതും. അല്ലെങ്കിൽ കിലുക്കാംപെട്ടിപോലെ വർത്താനം പറയുന്ന ആളാണ്. തങ്ങൾക്കു നടുവിൽ കിടക്കുന്ന മകളെ ട്രീസയും ആധിയോടെ നോക്കി. എനിക്ക് വിഷ്ണുവിനെ ഒരുപാട് ഇഷ്ടായി അച്ഛാ.... ഐ ആം ഇൻ ലവ് വിത്ത്‌ ഹിം ട്രീസക്കൊച്ചേ... സോറി... ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കുക കൂടി ചെയ്യാതെ അവനോടു എന്റെ ഇഷ്ടം പറഞ്ഞു... പാവാ അച്ഛാ വിഷ്ണു... അത്രയും പറയുമ്പോഴേയ്ക്കും ഹരിയെ ചുറ്റിപ്പിടിച്ചവൾ കരഞ്ഞുപോയിരുന്നു.. ആദ്യം മകളുടെ വാക്കുകളിൽ ഒന്നമ്പരന്നെങ്കിലും പതിയെ അയാളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. അതെ ഭാവത്തോടെ ട്രീസയെനോക്കി ഒന്ന് കണ്ണുചിമ്മി. കുഞ്ഞൂ...

ഇതിന്നാണോ എന്റെ കുഞ്ഞ് ഇത്രേം നേരം സങ്കടപ്പെട്ടു നിന്നെ..? മോൾക്ക് ഒരാളോട് ഇഷ്ടം തോന്നി. അതൊരു തെറ്റൊന്നുമല്ല... അതിനെന്നാത്തിനാ എന്റെ കൊച്ച് കരയുന്നെ..? ഹരി അവളുടെ നെറുകിൽ തഴുകിക്കൊണ്ട് ചോദിച്ചു.. ട്രീസയപ്പോഴും ഉള്ളിലൊരു പിടച്ചിലോടെ ഹരിയെതന്നെ നോക്കുകയായിരുന്നു.. ഉള്ളിൽ നിറഞ്ഞുനിന്നത് വർഷങ്ങൾക്കു മുൻപ് അപ്പച്ചൻ തന്നോട് പറഞ്ഞ വാക്കുകളാണ്.. സ്വന്തം അപ്പനേം അമ്മയേം നാണംകെടുത്തി ഇറങ്ങിപ്പോയ നീ അനുഭവിക്കും.. നാളെ നിന്റെ പിള്ളേരും ഇതുപോലെ വേണ്ടാത്തിനം കാട്ടുമ്പോഴേ ഈ നെഞ്ചിലെ തീ മനസ്സിലാകത്തൊള്ളൂ.. മനസ്സിൽ അപ്പന്റെ വാക്കുകൾ അലയടിക്കുമ്പോഴും സ്വന്തം മകളോടുള്ള സ്നേഹം.. ഒരിക്കലും തെറ്റായൊരു തീരുമാനം അവളെടുക്കില്ലെന്ന വിശ്വാസം ട്രീസയിൽ തെളിഞ്ഞുനിന്നു.. എന്റെ ട്രീസാക്കൊച്ചേ... നീ കേട്ടില്ലേ.. നമ്മുടെ മോൾക്ക്‌ ഒരാളോട് പ്രണയം.. ഇവള് നമ്മടെ പാരമ്പര്യം കാത്തു.. പെട്ടന്ന് മാറിയ ട്രീസയുടെ മുഖഭാവം കണ്ട് ഹരി തമാശയായി ചോദിച്ചു.

എന്നാൽ അതിനൊരു കൂർപ്പിച്ച നോട്ടമായിരുന്നു ട്രീസ നൽകിയത്.. ഒപ്പം കണ്ണുകൊണ്ടു സ്വാതിയോട് ബാക്കി തിരക്കാൻ ഭർത്താവിനോടായി കണ്ണ് കാട്ടി. അച്ഛാ... നമ്മുടെ സാഹചര്യം ഓർക്കാഞ്ഞോ നിങ്ങളെ മറന്നിട്ടോ ഒന്നുമല്ല.. ഞാൻ പറഞ്ഞില്ലേ.. അവനൊരു പാവമാ.. ഉള്ളിൽ നിറച്ചും സ്നേഹം മാത്രേള്ളൂ.. പറയുന്നതിനോടൊപ്പം ഒന്നും മിണ്ടാതെ ചുമലിൽ തഴുകുന്ന അമ്മച്ചിയുടെ കൈകളിൽ മെല്ലെ പിടിച്ചു.. അമ്മച്ചിയെന്താ മിണ്ടാത്തെ..? അച്ഛൻ പറഞ്ഞതിൽ കൂടുതലൊന്നും അമ്മച്ചിക്കും പറയാനില്ല കൊച്ചേ... പക്ഷേ... ഒന്ന് മാത്രം ഓർക്കണം.. നീ അച്ഛന്റേം അമ്മച്ചീടേം ജീവിതമാണ്. നിന്റെ സന്തോഷത്തേക്കാൾ വല്യ നിധിയൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല.. മകളെ ഒന്നുകൂടി നെഞ്ചിലേയ്ക്ക് ചേർത്തുകൊണ്ട് ട്രീസ ഹരിയെ നോക്കി.. ആ മിഴികളിലും തുളുമ്പിനിൽക്കുന്ന നീർമണികൾ മകളോടുള്ള സ്നേഹമാണെന്ന് കണ്ടവർ സന്തോഷിച്ചു. ഇടറുന്ന വാക്കുകൾ ട്രീസയുടെ നാവുകൾ തടഞ്ഞപ്പോൾ അതറിഞ്ഞെന്നോണം ഹരി ബാക്കി പറഞ്ഞു.. അമ്മച്ചിപറഞ്ഞ നിധി ഞങ്ങൾക്ക് തരാൻ നിനക്കീ ബന്ധത്തിലൂടെ സാധിക്കുമെങ്കിൽ... അതിൽപ്പരം എന്ത് വേണമെടി കൊച്ചേ... ഹരി അൽപ്പം കുസൃതിയോടെ സ്വാതിയുടെ ചുമലിൽ തട്ടി..

ഉള്ളിലെ തെറ്റു ചെയ്‌തെന്ന കുറ്റബോധം മാറി തണുപ്പ് നിറയുന്നതവളറിഞ്ഞു. അല്ലെങ്കിലും അച്ഛനുമമ്മച്ചിയും എന്നും സ്നേഹം കൊണ്ട് തോൽപ്പിച്ചിട്ടേയുള്ളു.. സത്യായിട്ടും നിങ്ങളോട് പറയാതെ എനിക്കൊന്നുമില്ലന്ന് അറിയാല്ലോ രണ്ടാൾക്കും.. പിന്നെയും ഒരു കുഞ്ഞ് സങ്കടം തോന്നി. എന്റെ വിവാഹത്തേക്കുറിച്ച് നിങ്ങളൊത്തിരി സ്വപ്നമൊക്കെ കണ്ടേച്ചുണ്ടേൽ അതൊക്കെ വേസ്റ്റ് ആകില്ലേ.. സ്വാതി പതിയെ പഴയ കുസൃതിയിലേയ്ക്ക് വന്നു.. ആ സ്വപ്നമൊക്കെ കണ്ടിട്ടുണ്ട്... പക്ഷേ.. ഇനിയെന്നാ ചെയ്യാനാ. നീയെല്ലാം ഒറ്റക്കങ്ങു തീരുമാനിച്ചില്ലേ.. ഇനി നമുക്കെന്തു റോളാ.. അല്ലെ ട്രീസാക്കൊച്ചേ...? ഹരിയൽപ്പം നീട്ടി പറഞ്ഞു. അതുകേൾക്കേ സ്വാതിയ്ക്കല്പം സങ്കടം തോന്നി.. അവളുടെ മുഖം മങ്ങുന്നത് കണ്ട ട്രീസ ഹരിയെ കൂർപ്പിച്ചൊന്നു നോക്കി.. ഒന്ന് പോയേ ചേട്ടായി.. കൊച്ചിനെ വിഷമിപ്പിക്കാതെ... നീ സങ്കടപ്പെടണ്ട കൊച്ചേ.. നല്ല പയ്യനാണേൽ വേറൊന്നും നോക്കണ്ട. നമുക്കങ്ങു നോക്കാമെടി.. ട്രീസ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ആണോയെന്ന രീതിയിൽ അമ്മച്ചിയെ നോക്കിയവൾ പുരികമുയർത്തി.

അതേന്റെ കുഞ്ഞുസേ.. ഹരി പുറകിൽനിന്നവളെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു. നിങ്ങള് പൊളിയാ... അപ്പനും അമ്മേം ആയാലിങ്ങനെ വേണം. സ്വാതി രണ്ടുപേരെയും ചേർത്തുപിടിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു.. ആ... കാര്യമൊക്കെ ശരിതന്നാ.. രണ്ടും നല്ല ഡീസന്റ് ആയിട്ട് പഠിപ്പൊക്കെ കഴിഞ്ഞ്. ഒരു ജോലിയൊക്കെ ആയിട്ട്.. അന്നും ഈ ഇഷ്ടമൊക്കെ അതുപോലെ ഉണ്ടേൽ നമുക്ക് പിന്നൊന്നും നോക്കാണ്ട് കെട്ടു നടത്താം... മനസ്സിലായോ..? ഹരി സ്വാതിയോടായി പറഞ്ഞു. അതുകേൾക്കേ ട്രീസയ്ക്കും ഉള്ളിലെ ആധി ഒഴിഞ്ഞു.. ഡബിൾ ഓക്കെ... എന്റെ അച്ചൂസ്.. പിന്നെ ഈ സ്വാതി അത്ര പൊട്ടി പെണ്ണൊന്നുമല്ല.. നിങ്ങടെ കട്ട പ്രണയം കണ്ടല്ലേ ഞാൻ വളർന്നത്. അതുകൊണ്ട് യഥാർഥ പ്രണയവും... ബന്ധങ്ങളുമൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുമുണ്ട്.. രണ്ടുപേരോടുമായവൾ പറഞ്ഞു. അപ്പോൾ ഗുഡ് നൈറ്റ്.. നാളെ രാവിലെ മടിപിടിച്ചു കിടന്നേക്കരുത്.. ഒരുപാട് പ്ലാനിങ് ഉള്ളതാ... ഇരുവരെയും ഓർമിപ്പിച്ചുകൊണ്ട് സ്വാതി റൂമിലേയ്ക്ക് പോയി.. ചേട്ടായി... മോള്....

അവൾക്കു തെറ്റുപറ്റില്ലല്ലേ.... ട്രീസ ഹരിയോട് ചേർന്നുകൊണ്ട് നെഞ്ചിലേയ്ക്ക് തലചായ്ച്ചു.. ഇല്ലെടി പെണ്ണേ.. അവളുടെ സന്തോഷം അതല്ലേ നമുക്ക് വലുത്.. ആ കൊച്ചനെ നമ്മളും കണ്ടതല്ലേ.. നമ്മുടെ കൊച്ച് ഇതുവരെയും ഇതുപോലൊരിഷ്ടം ആരോടും തോന്നി പറഞ്ഞിട്ടുമില്ല.. പിന്നെ.. അപ്പനും അമ്മയുമൊന്നുമില്ലാത്ത പയ്യനാ.. അതിനെന്നാടി നമ്മൾക്കവൻ മോൻ തന്നാരിക്കത്തില്ലേ.. ഇനിയും സമയമുണ്ടല്ലോ.. അവർ തീരുമാനിക്കട്ടെ... ഹരി ആശ്വസിപ്പിക്കും പോലെ ട്രീസയുടെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ ട്രെയിനിന്റെ നീട്ടിയുള്ള വിസിൽ കേട്ട് കണ്ണുതുറക്കുമ്പോൾ കാന്തി സൂര്യന്റെ കൈകൾക്കുള്ളിൽ നെഞ്ചോടു ചേർന്നിരിക്കുകയായിരുന്നു. മറുകൈയിൽ കുഞ്ഞിനേയും ചേർത്ത് പിടിച്ചിട്ടുണ്ട്.. കണ്ണുകൾ അടഞ്ഞിരിക്കുന്നുണ്ടെങ്കിലും ആളുറക്കത്തിലല്ലെന്നു ഇടയ്ക്ക് ചലിയ്ക്കുന്ന കൃഷ്ണമണികൾ കാട്ടുന്നുണ്ടായിരുന്നു. കഴിഞ്ഞുപോയ നിമിഷങ്ങൾ അവളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു. വൈകിട്ട് വിഷ്ണുവുമൊത്തു പുറത്തുപോയി വന്നശേഷമാണ് വീട്ടിൽ പോയാലോയെന്നു തന്നോട് ചോദിച്ചത്.. അമ്മ വീട്ടിലേയ്ക്ക് ക്ഷണിച്ചെങ്കിലും എന്തോ ഒരതൃപ്തി സ്വരത്തിൽ നിറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ പോകാൻ പൂർണമനസ്സ് തോന്നുന്നില്ല. പക്ഷേ... വൈകുന്നേരം വീട്ടിലെ പുതിയ അതിഥികളെ കണ്ടപ്പോൾ മുതൽ സൂര്യനാകെ അസ്വസ്ഥനായി കണ്ടതുകൊണ്ടാണ് മറുത്തൊന്നും പറയാതെ സമ്മതം മൂളിയത്.. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാൽ മുൻപേ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ കഴിഞ്ഞില്ല. രാത്രി ആയതിനാൽ സ്വയം ഡ്രൈവ് ചെയ്യാൻ വിഷ്ണുവും സമ്മതിച്ചില്ല. അങ്ങനെയാണ് ഉള്ളതുപോലെ പോകാമെന്നു കരുതി ട്രെയിൻ തന്നെ പിടിച്ചത്. തൊട്ടടുത്ത സീറ്റിൽ ഒരു ഫാമിലി ആണ്. അച്ഛനും അമ്മയും രണ്ട് പെണ്മക്കളും. എല്ലാപേരും ഉറക്കമാണ്. കാന്തി മെല്ലെയൊന്നു തലചെരിച്ചു പുറത്തേയ്ക്ക് നോക്കി. നേരം പുലർന്നു വരുന്നുണ്ട്. താൻ ഉണർന്നോ..? ചെറിയൊരനക്കം അറിഞ്ഞപ്പോൾത്തന്നെ സൂര്യൻ കണ്ണുതുറന്നു.. മ്മ്... എവിടെത്തി..? അവൾ പുഞ്ചിരിയോടെ നിവർന്നിരുന്നു.. അപ്പോഴും കൈകൾ സൂര്യന്റെ കൈകൾക്കിടയിലൂടെ ചേർത്തുപിടിച്ചിരുന്നു.. ഇടയ്ക്ക് നാട്ടിൽ പോകുമ്പോഴും വരുമ്പോഴുമൊക്കെ തനിച്ചായിരുന്നു.

ഉള്ളിൽ നൊവേറുമ്പോഴൊക്കെ ഇതുപോലൊരു സാന്ത്വനം കൊതിച്ചിരുന്നു.. ഇന്നിപ്പോൾ മനസ്സ് ശാന്തമാണ്.. ആഹ്.. ഏകദേശം എത്താറായി.. കൊല്ലം ആണ് ഇനി വരുന്നത്.. പിന്നെ അടുത്ത സ്റ്റോപ്പ്‌ അല്ലേ..? മ്മ്.. സാറിന്നപ്പോൾ സ്ഥലമൊക്കെ കൃത്യമായറിയാമല്ലേ..? പിന്നെ.. അറിയാതെ... ഞാൻ ഒരു രണ്ട് മാസം വർക്കല ഒരു സ്കൂളിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. ബി. എഡ്. കഴിഞ്ഞ സമയത്ത്. അമ്മാവന്റെ കെയർ ഓഫിൽ.. സൂര്യൻ റിച്ചുമോളെ തോളിൽ നിന്നും കാന്തിയുടെ മടിയിലേയ്ക്ക് കിടത്തി. ഞാനിപ്പോ വരാവേ... ഒന്ന് ടോയ്‌ലെറ്റിൽ പോയി വരാം .. നിങ്ങളുറക്കമായൊണ്ട് തനിച്ചാക്കി പോകാൻ തോന്നിയില്ല.. കാന്തി റിച്ചുമോളെ ഷാൾ കൊണ്ടൊന്നു പുതപ്പിച്ചുകൊണ്ട് താലയാട്ടി. കൊല്ലത്തു നിന്നും അടുത്ത സ്റ്റോപ്പ്‌ വർക്കലയായിരുന്നു. ഫാസ്റ്റ് എക്സ്പ്രസ്സ്‌ ആയതുകൊണ്ടുതന്നെ കുഞ്ഞ് സ്റ്റോപ്പുകളിലൊന്നും നിർത്താറില്ല. വർക്കലയിറങ്ങി അടുത്തുതന്നെയൊരു ഹോട്ടലിൽ മുറിയെടുത്തു.. ഒന്ന് ഫ്രഷായി കുറച്ചുസമയം ഉറങ്ങി.. കാന്തിയുടെ വീട്ടിൽ പോകണമെന്ന് മാത്രമുദ്ദേശിച്ചല്ല സൂര്യനും പെട്ടെന്ന് യാത്രയ്ക്കിറങ്ങിയത്.. തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ മറ്റാരിൽനിന്നും അവളറിയരുതെന്നു അവനും നിർബന്ധമുണ്ടായിരുന്നു. എല്ലാം തന്നിലൂടെയാണവൾ അറിയേണ്ടതും...

അവിടപ്പോൾ കാന്തിയും മോളും മാത്രം മതി.. സൂര്യൻ അടുത്തായി കിടക്കുന്ന ഇരുവരിലേക്കും മിഴിപായിച്ചു.. രാവിലെ ആഹാരമൊക്കെ കഴിഞ്ഞാണ് കാന്തിയുടെ വീട്ടിലേയ്ക്കിറങ്ങിയത്.. ഓട്ടോ മതിയെന്ന് കാന്തിയാണ് പറഞ്ഞതും.. വീട്ടിൽ പോകുന്നതും അമ്മയെ കാണുന്നതുമൊക്കെ ഓർക്കുമ്പോൾ കഴിഞ്ഞതൊക്കെ മുന്നിൽ തെളിയുന്നു.. ഒപ്പം രവിയുടെ മുഖവും.. സൂര്യനെങ്ങനെ പ്രതികരിക്കുമെന്നോ താനെങ്ങനെ അയാളെ അഭിമുഖീകരിക്കുമെന്നോ അവൾക്കൊരെത്തും പിടിയും കിട്ടിയില്ല.. വീടിനുമുന്നിൽ ഓട്ടോ നിർത്തി ഇറങ്ങുമ്പോൾ അടുത്ത വീട്ടിലെ സരള ചേച്ചി അത്ഭുതത്തോടെ നോക്കുന്നുണ്ട്. നോട്ടം തറഞ്ഞു നിൽക്കുന്നത് തനിക്കൊപ്പം ഇറങ്ങിയ സൂര്യനിലും കുഞ്ഞിലുമാണ്.. എന്തായാലും തന്റെ വിവാഹം കഴിഞ്ഞത് തൊട്ടയൽപ്പക്കം പോലും അറിഞ്ഞിട്ടില്ല. ഇനിയാണ് വാർത്ത ചൂടോടെ പരക്കാൻ തുടങ്ങുന്നത്.. ഗേറ്റ് തുറന്നു അകത്തേയ്ക്ക് കയറിയപ്പോൾ അടഞ്ഞുകിടക്കുന്ന മുൻവാതിൽ കണ്ടു ഇരുവരുമൊന്നു സംശയിച്ചു.. പറയാതെ വന്നതബദ്ധമായോയെന്നു ചിന്തിച്ചു.

റിച്ചുമോൾ മുറ്റത്തു ചിതറിക്കിടക്കുന്ന മുല്ലപ്പൂക്കൾ കണ്ടപ്പോഴേ പതിയെ നൂഴ്ന്നിറങ്ങാൻ തുടങ്ങി. അതുകണ്ടു സൂര്യൻ ഒരെണ്ണം കൈയിലെടുത്തു നൽകി.. പിന്നെ അതിലായി ശ്രദ്ധ.. സൂര്യൻ തന്നാണ് കാളിങ് ബെൽ അമർത്തിയത്.. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറന്നു.. കിച്ചനാണ്... മുന്നിൽ നിൽക്കുന്ന ചേച്ചിയെ കണ്ടവനൊന്നമ്പരന്നു.. നോട്ടം വഴിയേ സൂര്യനിലേയ്ക്കും നിലത്തായി നിൽക്കുന്ന കുഞ്ഞിലേയ്ക്കും വീണു.. അമ്മ ഇവിടില്ല.. വാ... ഒരുനിമിഷം നോക്കിനിന്നവൻ അവളോടായി പറഞ്ഞു. കാന്തി റിച്ചുമോളെ കൈയിലെടുത്തു മറുകൈയാൽ സൂര്യന്റെ കരംഗ്രഹിച്ചകത്തേയ്ക്ക് കയറി.. കിച്ചൻ അകത്തേയ്ക്ക് പോയിരുന്നു. മുറിയിൽ നിന്നും ഫോണുമായി ഇറങ്ങി വന്നു. ഇരിക്കൂ.. അമ്മയും മാമിയും അച്ചുവിനെക്കൊണ്ട് ഹോസ്പിറ്റലിൽ പോയതാ.. സൂര്യനോടായി ഇരിക്കാൻ പറയുമ്പോഴും ഒരിക്കൽ പോലും നോട്ടം കാന്തിയിൽ എത്തിയില്ല.. അത് അവളിൽ തെല്ലു വേദന നിറച്ചെങ്കിലും ഇതിനുമുമ്പും വല്യ സ്നേഹപ്രകടനങ്ങളൊന്നും അവനിൽനിന്നും കിട്ടിയിട്ടില്ലാത്തതു കൊണ്ട് പെട്ടെന്നലിഞ്ഞു മാറി..

ഞാൻ ഇപ്പൊ വരാം.. ആരോടോയെന്നപോലെ പറഞ്ഞവൻ പുറത്തേക്കിറങ്ങി.. കാന്തി ചുറ്റുമൊന്നോടിച്ചു നോക്കി.. ഒന്നും മാറ്റമില്ല.. അപ്പോഴേയ്ക്കും റിച്ചുമോൾ ചെറുതായി കരഞ്ഞുതുടങ്ങി. സാർ.. മോൾക്ക്‌ ചൂടെടുത്തിട്ടാന്ന് തോന്നുന്നു കരയുന്നെ.. ആകെ വിയർത്തിട്ടുമുണ്ട്.. ഈ ഡ്രസ്സ്‌ ഒന്ന് മാറ്റി ഫാനിട്ട് കിടത്തിയാൽ ആശ്വാസം കിട്ടും. വാ.. അതാ എന്റെ മുറി.. കാന്തി ഹാളിന് ഇടതു വശത്തായുള്ള മുറി കാട്ടി കുഞ്ഞിനെയുമെടുത്തു പറഞ്ഞു.. മ്മ്മ്... താൻ ചെല്ല്.. ഞാൻ ഒന്ന് വിഷ്ണുവിനെ വിളിക്കട്ടെ.. എത്തിയപ്പോൾ മെസ്സേജ് ഇട്ടതെയുള്ളു.. വിളിച്ചില്ല.. പിന്നെ കോളേജിൽ കമ്പ്യൂട്ടർ ലാബിൽ കുറച്ചു പണിയുണ്ട്. ഇന്ന് വന്നു റെഡിയാക്കാമെന്നു ആ ശരത് ഏറ്റിരുന്നതാ. ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വരുന്ന വെപ്രാളത്തിൽ മറന്നുപോയി. വിഷ്ണുവിനോട് കോളേജിൽ പോയി അതൊന്നു നോക്കാൻ പറയണം. ആരേലും ഇല്ലേൽ ശരിയാകില്ല.. പറഞ്ഞുകൊണ്ടുതന്നെ അവൻ പുറത്തേയ്ക്ക് നടന്നു.. സാർ... എന്താ കുഞ്ഞേ....? സത്യായിട്ടും സാർ ഹാപ്പിയാണോ..? ഇഷ്ടായിട്ടാണോ ഇങ്ങോട്ട് വന്നേ..? എനിക്ക് സങ്കടാകുമെന്ന് കരുതി പറയാത്താണോ..? എന്റെ കുഞ്ഞേ... എനിക്കൊരു ഇഷ്ടക്കേടുമില്ല.. നിങ്ങള് കൂടുള്ളപ്പോൾ ഞാൻ ഫുൾ ഹാപ്പിയാണ്.. എന്തായാലും നിന്റെ അമ്മ വിളിച്ച സ്ഥിതിയ്ക്കു വരാതിരിക്കുന്നത് മോശമല്ലേ..?

പിന്നെ അത്ര നല്ല സ്വീകരണമൊന്നും പ്രതീക്ഷിക്കേണ്ട.. ഇതുവഴി പോയപ്പോൾ നമ്മളൊന്ന് കയറി.. അമ്മ വന്നു കണ്ട ശേഷം നമ്മള് പോകേം ചെയ്യും.. അത്രേം ചിന്തിച്ചാൽ മതി.. പുഞ്ചിരിയോടെ അവളുടെ കവിളിലൊന്നു തട്ടിയവൻ പുറത്തേയ്ക്ക് നടന്നു.. മ്മേ... ഉപ്പ്... റിച്ചുമോൾ അപ്പോഴേയ്ക്കും ഉടുപ്പൊക്കെ പിടിച്ചു ഊരാനും മറ്റും തുടങ്ങി.. ആ.. അമ്മേടെ പൊന്നു കരയണ്ടാട്ടോ.. നമുക്ക് ഇതൊക്കെ മാറ്റി കാറ്റ് കൊള്ളാവേ.. കാന്തി റൂമിലേയ്ക്ക് കയറി ഫാൻ ഓണാക്കി.. ഇട്ടിരുന്ന ഫ്രോക്ക് മാറ്റി കുഞ്ഞിനെ ബെഡിലേയ്ക്കിരുത്തി.. ഒപ്പം ഹാൻഡ് ബാഗിൽ നിന്നും ഒരു പാക്കറ്റ് ബിസ്കറ്റ് എടുത്തു കുപ്പിയിൽനിന്നും പാല് അതിനടപ്പിലേക്ക് പകർന്നു കുതിർത്തു കൊടുത്തു.. കൈയിൽ കളയാതെ പിടിച്ചിരുന്ന മുല്ലപൂവ് വാസനിച്ചും ഇതളടർത്തിയും ആള് കളിച്ചുകൊണ്ട് ബിസ്ക്കറ്റ് തിന്നു.. വാവ ദാ.. ഈ ഡപ്പി കൊണ്ട് കളിച്ചോട്ടോ... അമ്മ ദാ.. ഈ കുപ്പി കഴുകി വരാവേ.. പാല് കഴിഞ്ഞ കുപ്പി കഴുകാനായി റൂമിൽത്തന്നെയുള്ള ബാത്‌റൂമിലേയ്ക്കവൾ പോയി.. കുഞ്ഞിനെ നിലത്തായി തുണിവിരിച്ചിരുത്തിയിരുന്നു.. നിലത്താണിരുതിയതെങ്കിലും പെട്ടെന്നവൾ ബോട്ടിൽ കഴുകി പുറത്തേയ്ക്ക് വന്നു.. മുന്നിലായി കുഞ്ഞിനെയുമെടുത്തു നിൽക്കുന്നയാളെക്കണ്ടവൾ അമ്പരന്നു.. തൊട്ടടുത്ത നിമിഷം കുഞ്ഞിന്റെ ദേഹത്ത് അമരുന്ന ആ കൈകൾ കാണെ കണ്ണിൽ തീയാളി ദേഹം പെരുത്തു....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story