🌻സൂര്യകാന്തി 🌻: ഭാഗം 43

Sooryakanthi mizhi

രചന: മിഴി

കുറച്ചു മുൻപേ നടന്ന സംഭവങ്ങളുടെ ഞെട്ടലും... വേണ്ടപ്പെട്ടവരിൽനിന്നും വീണ്ടും വീണ്ടുമേറ്റ അവഗനയുമെല്ലാം കാന്തിയെ നന്നായി തളർത്തിയിരുന്നു.. അതിന്റെ പ്രതിഫലനമെന്നോണം അവളുടെ ദേഹവും തളർന്നുതുടങ്ങിയിരുന്നു.. റിച്ചുമോളെ ഒന്നുനന്നായി തോളിൽ ചായ്ച്ചു കിടത്തി മറുകൈയാലേ കാന്തിയെയും ചേർത്തുപിടിച്ചു സൂര്യൻ നടന്നു.. എന്റെ കുഞ്ഞേ... ഇതിലും നല്ല സ്വീകരണമൊന്നും പ്രതീക്ഷിച്ചല്ലല്ലോ നമ്മൾ ഇങ്ങോട്ട് വന്നത്..? പിന്നെന്താ...? നിന്റെ അമ്മാവന്റെ അറ്റാക്ക് അപ്രതീക്ഷിതമായിരുന്നു.. പക്ഷേ.. അതിനുള്ളത് നമ്മൾ കണക്കിന് കൊടുത്തല്ലോ..? അതുകൊണ്ട് അതോർത്താണീ സങ്കടമെങ്കിൽ വേണ്ട.. സൂര്യൻ കാന്തിയെ തണുപ്പിക്കാനെന്നോണം പറഞ്ഞു.. ലതികയുടെ പെരുമാറ്റമാണ് അവളെയിത്രയും നീറ്റുന്നതെന്നു വ്യക്തമായറിയെ അതുതന്നെ വീണ്ടും ചികഞ്ഞിടാൻ അവനൊട്ടാഗ്രഹിച്ചില്ലെന്നതാണ് സത്യം.. എനിക്കറിയാം അമ്മയുടെ സ്വഭാവം... ഇതൊക്കെയേ പ്രതീക്ഷിച്ചുമുള്ളൂ.. പക്ഷേ... സാർ കൂടി നാണം കെട്ടില്ലേ..?

എന്തിന്... നമ്മൾ ശരിയാണെന്നിരിക്കെ മറ്റുള്ളവരുടെ ഇത്തരം വാക്കുകളിലോ പ്രവർത്തിയിലോ ഒട്ടും സങ്കടപെടേണ്ടതില്ലെടോ. ഞാൻ ഇങ്ങോട്ട് പോരും മുൻപേ പറഞ്ഞതേ ഇപ്പോഴും ആവർത്തിക്കുന്നുള്ളു.. കാര്യം നിന്റെ മാമന്റെ തരികിടയാലാണ് നമ്മൾ പെട്ടെന്ന് വിവാഹമെന്ന ഉടമ്പടിയിലെത്തിയത്... പ്രത്യക്ഷത്തിൽ നിന്റെ അമ്മയുൾപ്പെടെ എല്ലാപേരും വിശ്വസിച്ചിരിക്കുന്നത് നമ്മൾ സ്നേഹിച്ചു അവരെയെതിർത്തു കെട്ടിയതാണെന്നല്ലേ.. ആ സ്ഥിതിയ്ക്കു നിന്റെ അമ്മ തിരികെ വിളിക്കുമ്പോൾ അത് സ്വീകരിച്ചു അവരെ വന്നു കാണേണ്ട കടമ നമുക്കുണ്ട്.. അതുകൊണ്ട് നമ്മൾ വന്നു.. കണ്ടു.... പക്ഷേ...ഇപ്പോഴും ആത്മാർത്ഥമായി നമ്മുടെ വരവവരും ആഗ്രഹിച്ചിട്ടില്ലെന്നു മനസ്സിലായി.. സൊ.. നമ്മൾ തിരികെ പോകുന്നു.. നമ്മളുടെ ലോകത്തേയ്ക്ക്.. വിട്ടുകളയെടോ.. തനിക്ക് ഞങ്ങളില്ലേ.. ഞങ്ങൾക്ക് ഇയാളും.. അല്ലേ റിച്ചൂട്ടി.. തോളിലായി കിടക്കുന്ന കുഞ്ഞിന്റെ നെറുകിലൊന്നു ചുണ്ടുമുട്ടിച്ചുകൊണ്ടവൻ കാന്തിയോടായി പറഞ്ഞു.. ശരിയാണ്..

ഇല്ലാത്തതിനെക്കുറിച്ചൊർത്തു വിഷമിക്കേണ്ട.. ഈ സമയം തനിക്ക് സ്വന്തമായുള്ള സൗഭാഗ്യമോർത്തു സന്തോഷിക്കണം.. അപ്പോഴല്ലേ ജീവിതം ആസ്വദിക്കാനാകുള്ളൂ... ഇതാണെന്റെ ലോകം.. ഇവരാണെന്റെ എല്ലാം..... ഉള്ളിൽ സൂര്യനെയും റിച്ചുമോളെയും നിറച്ചവൾ മിഴികൾ അമർത്തിത്തുടച്ചു.. ആഹ്... ഇതാണെന്റെ സൂര്യകാന്തി.. ഏഹ്.. എന്താ...? എടൊ ഇങ്ങനായിരിക്കണമെന്ന്.. ഈ സൂര്യന്റെ കാന്തി.. സൂര്യകാന്തി... സൂര്യന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി പതിയെ അവളിലേയ്ക്കും വ്യാപിച്ചു.. അതേ പുഞ്ചിരിയോടെ മുഖമുയർത്തിയപ്പോഴാണ് കുറച്ചകലത്തിലായി ബസ്റ്റാൻഡിനടുത്തു ബൈക്കിൽ ചാരി നിന്നുകൊണ്ട് തങ്ങളെത്തന്നെ നോക്കിനിൽക്കുന്നവനിൽ സൂര്യന്റെ മിഴിയുടക്കിയത്.. കാന്തിയിൽനിന്നും കൈകളടർത്തി സൂര്യൻ അവനെ കൈവീശി.. അതുകണ്ടു കാന്തി സംശയത്തിൽ സൂര്യനെ നോക്കി.. അപ്പോഴേയ്ക്കും അവർ അയാൾക്കടുത്തെത്തിയിരുന്നു.. വൈറ്റ് ടീ ഷർട്ടും കാക്കി യൂണിഫോം പാന്റ്സും..ഷൂവും..

ആളെന്തായാലും പോലീസ് ആണെന്ന് അവൾക്കു പിടികിട്ടിയിരുന്നു. കാന്തി.. ഇത് ജോബിൻ .. സ്ഥലം എസ് ഐ ആണ്.. സൂര്യൻ അയാളെ കാന്തിയ്ക്കു പരിചയപ്പെടുത്തി.. അവളും ബഹുമാനത്തോടെ ഒരു പുഞ്ചിരി തിരികെ നൽകി.. ആഹ്.. ജോ ഇത് എന്റെ വൈഫ്‌ ആണ്. കാന്തി... മ്മ്.. അത് മനസ്സിലായി.. ഇത് മോളാണല്ലേ.. ആള് ഉറങ്ങിയെന്നു തോന്നുന്നു.. ഏയ്... ഇല്ലെടാ.. ഏതാണ്ട് ഉറക്കം വരാനായി.. അതാ സംസാരം കേട്ടിട്ടും നോക്കാണ്ട് കിടക്കുന്നതു.. സൂര്യൻ കുഞ്ഞിനെ മെല്ലെ ജോബിന് കാണാനായി തിരിച്ചു കാട്ടി പറഞ്ഞു. വൈഫിന്റെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞിട്ട് പെട്ടെന്ന് പോകുവാണോ...? ജോബിൻ സംശയത്തോടെ നോക്കി. ആഹ്... പോകുവാണെടാ... നീയെന്തോ കേസിന്റെ കാര്യത്തിന് വന്നെന്നല്ലേ പറഞ്ഞെ...? സൂര്യൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകിക്കൊണ്ട് വിഷയം മാറ്റി.. എടോ.. ഞാൻ ഫോൺ ചെയ്യാൻ പുറത്തിറങ്ങില്ലേ.. വിച്ചൂനെ വിളിച്ചിട്ട് കിട്ടില്ല.. ഗേറ്റിനടുത്തു നിൽക്കുമ്പോഴാ ഇവനെ കണ്ടത്.. കുറച്ചുനേരം അവിടെ റോഡിൽ സംസാരിച്ചുനിന്നു പോന്നതാ..

ഒപ്പം കാന്തിയോടായി തൊട്ടു മുൻപേ ജോബിനെ കണ്ട കാര്യം പറയുകയും ചെയ്തു.. അപ്പോഴാണ് കാന്തിയ്ക്കു രവി സൂര്യൻ ആരോടോ സംസാരിച്ചു പുറത്തുപോയകാര്യം പറഞ്ഞിരുന്നതോർമ്മ വന്നത്.. അതേടാ... ജോലിയ്ക്കു കയറിയിട്ട് ഏകദേശം രണ്ടുരണ്ടര കൊല്ലമായി.. ആദ്യത്തെ പോസ്റ്റിങ്ങ്‌ കൊല്ലത്തായിരുന്നു... ഇവിടോട്ട് വന്നിട്ട് ഒന്നരമസമായതേയുള്ളു.. അപ്പോഴാ ഒരു മിസ്സിംഗ്‌ കേസ്.. പ്ലസ്ടു പഠിക്കണ പെൺകുട്ടിയാ.. ഇവിടെ എസ് വി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ.. ഒരാഴ്ച കഴിഞ്ഞു.. ഒരു തുമ്പും കിട്ടീട്ടില്ല... ആൾക്കാരെല്ലാം ഇളകി ഇരിക്കാ.. ആകെ വട്ടുപിടിച്ച അവസ്ഥ.. അതിന്റെ ഒരു കൂട്ടുകാരി കൊച്ചിനെ കാണാൻ പോയതാ.. വെറുതെ ആളും പുകിലുമൊന്നും ആക്കേണ്ടെന്നു കരുതി.. അതാ ഒറ്റയ്ക്ക് വന്നേ.. ജോബിൻ ഗൗരവവും ആശങ്കയും നിഴലിയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു നിർത്തി..

എസ്. വി സ്കൂളിലല്ലേ കാന്തി നീ പഠിച്ചത്..? ഇവിടടുത്തുള്ള കുട്ടിയാണേൽ നിനക്കും അറിയാമായിരിക്കുമല്ലേ..? സൂര്യൻ കാന്തിയോടായി തിരക്കി.. കാന്തിയും അതുതന്നെയായിരുന്നു ആലോചിച്ചത്.. എന്തായാലും തനിക്കറിയാവുന്ന കുട്ടിയായിരിക്കും.. അവൾ ആകാംഷയോടെ ഇരുവരെയും നോക്കി.. അതേ സാർ.. ഞാൻ ഹൈസ്കൂൾ മുതൽ അവിടാ പഠിച്ചേ.. പിന്നെ കിച്ചനും അച്ചുവുമൊക്കെ അവിടാണ് പഠിക്കുന്നെ..? ജോ... ഇവളുടെ അനിയനാണ് കിച്ചൻ.. പിന്നെ മാമന്റെ മകൾ അച്ചു.. രണ്ടാളും ഇതേ സ്കൂളിൽ പ്ലസ്ടു ബാച്ച് ആണ്.. സൂര്യൻ ജോബിന് മനസ്സിലാകാനായി പറഞ്ഞു.. ഓഹോ.. ഏതു ബാച്ച് ആണ്..? സർ.. രണ്ടാളും ബയോ സയൻസ് ആണ്.. ആഹ്.. അപ്പോൾ സെയിം ക്ലാസ്സ്‌. സാർ... ഏതാ ആ കുട്ടി..? കാന്തി ആകാംഷയോടെ തിരക്കി.. എടോ താൻ ന്യൂസൊന്നും കാണാറില്ലേ..? ഒരാഴ്ചയായി ഇതുതന്നെയായിരുന്നു ബ്രെക്കിങ് ന്യൂസ്‌.. ചാനൽ ചർച്ചകൾ തകൃതിയായി നടക്കുന്നുമുണ്ട്.. ജോബിൻ ഇരുവരെയും അത്ഭുതത്തോടെ നോക്കി.. എടാ.. ഒരാഴ്ചയായി ഞങ്ങടെ ജീവിതം ഒരു ടർണിങ് പോയിന്റിൽ ആയിരുന്നു..

അതൊക്കെ വീണ്ടും കാണുമ്പോൾ പറയാം.. ഈ നടുറോഡിൽവെച്ചു വേണ്ട.. സൂര്യൻ അൽപ്പം കളിയായി അവന്റെ ചുമലിൽ തട്ടി പറഞ്ഞു. ഓഹ്.. സോറി. ഞാൻ അതുമറന്നു.. തീർച്ചയായും വീണ്ടും കാണണം.. കോളേജ് കഴിഞ്ഞു വല്യ സൗഹൃദങ്ങളൊന്നുമില്ല.. മിക്കതും ആദ്യത്തെ ആ ആവേശം കഴിഞ്ഞപ്പോൾ കൊഴിഞ്ഞു.. ഇപ്പോൾ യാദൃശ്ചികമായെങ്കിലും കണ്ടില്ലേ.. ഇനി ഈ ടച്ച്‌ നമുക്ക് കൊണ്ടുപോകാം.. ജോബിൻ സൂര്യന്റെ തോളിലായി കിടക്കുന്ന റിച്ചുമോളെയൊന്നു തഴുകി.. കാന്തിയപ്പോഴും ആ പെൺകുട്ടിയരാണെന്ന ആലോചനയിലായിരുന്നു.. കിച്ചൻ തന്നോട് സ്കൂൾ വിശേഷങ്ങളൊന്നും പറയാറില്ലെങ്കിലും തനിക്കറിയാവുന്ന അവന്റെയും അച്ചുവിന്റെയും ക്ലാസ്സിലെ പെൺകുട്ടികളുടെ മുഖങ്ങൾ ഉള്ളിലൂടെ ഓരോട്ട പ്രദക്ഷിണം നടത്തി.. ടോ.. ഇതാ ആള്.. പേര് ലിജി... ആള് കഴിഞ്ഞ ശനിയാഴ്ച ട്യൂഷന് പോയതാ.. സ്കൂളിനടുത്തുള്ള അക്കാദമിയിൽ.. പിന്നെ വന്നിട്ടില്ല.. പറയുന്നതൊപ്പം തന്റെ ഫോണിൽ ഫോട്ടോ കൂടി കാട്ടി ജോബിൻ പറഞ്ഞു.

ആളെക്കണ്ടതും കാന്തിയുടെ മുഖം വിവർണ്ണമായി... ആകെ സങ്കടം നിറഞ്ഞു.. അതുശ്രദ്ധിച്ചെന്നോണം ജോബിൻ തിരക്കി.. തനിക്കാളെ അറിയാമോ..? മ്മ്.. അറിയാം സാർ... ലിജി.. ഞങ്ങടെ വീട്ടിനു താഴോട്ടുള്ള റോഡെ ആണ് അവളുടെ വീട്.. അച്ഛൻ കുഞ്ഞിലേ മരിച്ചതാ.. പാവം ഗിരിജേച്ചി കഷ്ടപ്പെട്ടാ വളർത്തുന്നെ.. ഡിഗ്രിയ്ക്ക് പഠിക്കുമ്പോ അക്കാദമിയിൽ ഞാൻ ട്യൂഷൻ എടുത്തിട്ടുണ്ട്.. ഞാൻ പഠിപ്പിച്ചിട്ടുണ്ട്.. പിന്നെ വൈകുന്നേരം വീട്ടിലേയ്ക്ക് പോരുമ്പോൾ കൂട്ടുകാണുമായിരുന്നു.. പാവം കുട്ടിയാ... നന്നായി പഠിക്കും.. കാന്തി പറഞ്ഞു.. അവൾക്കെന്തേലും ആപത്തു പറ്റിക്കാണുമോ..? ആ ചിന്തയിൽ കാന്തിയുടെ ഉള്ളൊന്നു പിടഞ്ഞു.. സ്വന്തം വീട്ടിൽപോലും സുരക്ഷയില്ലാത്തതാണ്.. അപ്പോഴാണ് ഒരാഴ്ചയായി കാണാനില്ലെന്ന്... കാത്തോണേ ദേവീ.. അവളുള്ളിൽ ദൈവത്തെ വിളിച്ചു. സൂര്യൻ അവളുടെ വ്യഥയറിഞ്ഞെന്നോണം കൈകളിൽ കൈ ചേർത്തു.. മ്മ്.. അറിയുന്ന എല്ലാപേരും ഇതുതന്നെയാണ് പറയുന്നത്.. ഇതൊരു തുമ്പും കിട്ടുന്നില്ല..

എന്തായാലും ഞങ്ങൾ സ്ട്രോങ്ങ്‌ ആയിത്തന്നെ മൂവ് ചെയ്യുന്നുണ്ട്.. ജോബിൻ പെട്ടന്ന് ലിജിയുടെ കൂട്ടുകാരുടെയും ടീച്ചേഴ്സിന്റെയും വാക്കുകളോർത്തു.. നിങ്ങൾ ഇന്നുതന്നെ തിരികെ പോകുവാണോ നാട്ടിലേയ്ക്ക്..? അന്തരീക്ഷം അയവുവരുത്താനായി ജോബിൻ തിരക്കി.. ഇല്ലടാ... ഇന്നും നാളെയും സ്റ്റേ ആണ്.. തിങ്കളാഴ്ച ഇവിടെ ആർ. ജെ. ട്രെയിനിങ് കോളേജിൽ വെച്ചൊരു സെമിനാർ ഉണ്ട്. അത് അറ്റൻഡ് ചെയ്ത് ഈവെനിംഗ് ട്രെയിനിൽ തിരിക്കാനാ പ്ലാൻ.. സൂര്യൻ പുഞ്ചിരിയോടെ പറഞ്ഞു.. ആഹ്... അപ്പോൾ താമസമൊക്കെ...? ജോബിൻ സംശയത്തോടെ പുരികം ചുളിച്ചു.. അത് ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്.. രണ്ടു ദിവസത്തെ കാര്യമല്ലേ.. പിന്നെ പാപനാശം ബീച്ചും ജനാർദ്ദനസ്വാമി ക്ഷേത്രവുമൊക്കെ ഒന്നു പോകണം.... ഓഹ്.. അപ്പോൾ ഫുൾ പ്ലാനിംഗിൽ ആണല്ലേ രണ്ടാളും.. നാട്ടിൽ വന്നിട്ട് ഹോട്ടലിൽ താമസിക്കുമ്പോഴേ ഫാമിലി ഇഷ്യൂ ഒത്തിരി കോംപ്ലിക്കേറ്റഡ് ആണെന്ന് മനസ്സിലായി.. അത് നമുക്ക് പിന്നെ സംസാരിക്കാം പക്ഷേ.. ഈ പൊടികുഞ്ഞിനേം കൊണ്ട് ഹോട്ടലിലൊക്കെ...

വേണ്ടടാ.. ഞാനിവിടെ കോളേജ് ജംഗ്ഷനിലാണ് താമസം.. വൈഫ്‌ ഇവിടെ താലൂക് ഹോസ്പിറ്റലിൽ നേഴ്സ് ആണ്.. ഒരു മോനുണ്ട്..രണ്ടിൽ പഠിക്കുന്നു... നീ വാ.. വീട്ടിൽ നിൽക്കാം.. ജോബിൻ അവരെ ഹോട്ടലിൽ നിൽക്കാൻ സമ്മതിക്കാതെ നിർബന്ധിച്ചു.. ഏയ്... സാരമില്ലെടാ... ഇതിപ്പോ രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.. സൂര്യൻ സ്നേഹത്തോടെ തന്നെ ക്ഷണം നിരസിച്ചു.. കോളേജ് കാലത്തുപോലും തനിക്കു വലിയ അടുപ്പമുള്ള കൂട്ടുകാരൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിലും ഒരു അടിച്ചുപൊളി കോളേജ് ലൈഫ് തനിക്കുണ്ടായിട്ടില്ല.. ജോബിനെപ്പോലും വളരെ നാളുകൾക്കുശേഷം കാണുകയാണ്.. സ്നേഹത്തോടെ വിളിക്കുമ്പോൾ അവസരം മുതലെടുക്കാൻ പാടില്ലല്ലോ.. സൂര്യൻ കരുതി.. കോളേജ് ടൈമിൽ നമ്മളധികം കമ്പനിയൊന്നുമില്ലായിരുന്നല്ലോ..? പിന്നിപ്പോൾ നാളുകൾക്കു ശേഷം കാണുവല്ലേ..? അതിന്റെ വിഷമവും.. ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോയെന്ന കോംപ്ലക്സുമാണ് വാധ്യരുടെ ഉള്ളിലെങ്കിൽ അതൊക്കെയങ്ങു പൂട്ടിവെച്ചോ.. ഈ പൊടികുഞ്ഞിനേം പെങ്കൊച്ചിനേം കൊണ്ട് കണ്ട ഹോട്ടലിലൊന്നും കിടക്കാൻ ഞാൻ സമ്മതിക്കില്ല.. ആലീസ് അറിഞ്ഞാലും ഇതേ പറയുള്ളൂ..

അതുകൊണ്ട് മോൻ പോയി ഫ്രഷ് ആയി റൂമൊക്കെ വെക്കേറ്റ് ചെയ്തിരിക്ക്.. ദാ.. ഇപ്പൊ സമയം പതിനൊന്നരയായി.. കൃത്യം ഒരുമണിക്ക് ഞാൻ കാറുമായി വരാം.. ജോബിൻ മറുത്തൊന്നും പറയാൻ സമ്മതിക്കാതെ ബൈക്കിലേയ്ക്ക് കയറി.. നീ അന്തംവിട്ട് നോക്കണ്ട.. ഞങ്ങൾ പോലീസ്കാർക്ക് മനസ്സിലുള്ളത് കുറച്ചൊക്കെ വായിച്ചെടുക്കാം.. കള്ളന്മാരെ പറ്റും. പിന്നാണോ നിന്നെപ്പോലൊരു നിഷ്കു വാധ്യരുടെ.. ഞാൻ വിളിക്കാവേ.. അപ്പോൾ ഹോട്ടൽ പറഞ്ഞാൽ മതി... മനസ്സ് വായിച്ചെന്നപോലെ താൻ പറഞ്ഞതുകേട്ട് കണ്ണുമിഴിച്ചുനിൽക്കുന്നവനെ നോക്കിയൊന്നു കണ്ണുചിമ്മി ജോബിൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. സൂര്യനും കാന്തിയും ജോബിനെ കണ്ടതും വീട്ടിലേയ്ക്ക് ക്ഷണിച്ചതുമൊക്കെ ഒരു സ്വപ്നത്തിലെന്നപോലെ മനസ്സിലോർത്തു. സ്വന്തം നാട്ടിൽ ആരുമില്ലാത്തവരെപ്പോലെ ഹോട്ടലിൽ കഴിയുന്നത് കാന്തിയെ നന്നായി അലട്ടിയിരുന്നു. എന്നാലിപ്പോൾ ദൈവദൂതനെപ്പോലെ ജോബിൻ.. അതും ഈ നാട്ടിൽ തികച്ചും അപരിചിതനായ സൂര്യന്റെ കൂട്ടുകാരനായി..

ഇതാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങളെന്നു പറയുന്നത്.. കാന്തി ഉള്ളിലോർത്തു.. വാ കുഞ്ഞേ..... നിങ്ങളെയും കൊണ്ട് ഹോട്ടലിലൊക്കെ കഴിയുന്നത് എനിക്കും വിഷമമായിരുന്നു.. അതുകൊണ്ടുതന്നെ സെമിനാറിനു ഞാൻ തനിച്ചു വരാമെന്നാ കരുതിയെ.. ഞായറാഴ്ച രാത്രി തിരിച്ചു തിങ്കൾ രാത്രി തിരികെ വരുമ്പോൽ.. പക്ഷേ.... പെട്ടെന്ന് വിദ്യയൊക്കെ വന്നപ്പോൾ... പിന്നെ നിങ്ങളെ അവിടാക്കി പോരാൻ തോന്നിയില്ല.. അതുമല്ല എനിക്കവിടെ ഭ്രാന്ത് പിടിക്കും പോലായിരുന്നു.. അതാ മുന്നും പിന്നും നോക്കാതെ നിന്റെ അമ്മ വിളിച്ച പേരിൽ ഇങ്ങോട്ട് വന്നത്.. ദൈവമായിട്ടാ ജോബിനെ കണ്ടത്.. സൂര്യൻ ഉള്ളിലെ ആധിയൊഴിഞ്ഞപോൽ പറഞ്ഞു.. ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ സാവിത്രിയുടെ വിളി വന്നപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് അശ്വതി വീട്ടിലേയ്ക്ക് ചെന്നത്. നീയെന്താടി വന്നേച്ചു അവിടങ്ങിരുന്നേ..? ഇപ്പൊ യഥാസമയവും അവിടെത്തന്നാണല്ലോ..? പഠിപ്പും കഴിപ്പും കിടപ്പുമെല്ലാം.. രണ്ടു ദിവസായി ഞാൻ ശ്രദ്ധിക്കുവാ പെണ്ണിന് ആകെയൊരു മാറ്റം...

ദേ... നിന്റെ ചേച്ചിടെ പാരമ്പര്യം കൊണ്ടുനടക്കാനെന്നതെലും പ്ലാൻ ഉണ്ടേൽ കൊന്നു കുഴിച്ചുമൂടും അസത്തെ... സാവിത്രി അടുപ്പിലിരുന്ന കാപ്പി ഗ്ലാസിലേയ്ക്ക് പകരുന്നതിനിടയിൽ അച്ചുവിനെയൊന്നു കൂർപ്പിച്ചുനോക്കി.. അവളതു കണ്ടതും മുഖമൊന്നു കോട്ടി റൂമിലേയ്ക്ക് നടന്നു.. പോകുന്നവഴിയിൽ റൂമിൽ ജനാലയ്ക്കലേയ്ക്ക് ചെരിഞ്ഞുകിടക്കുന്ന രവിയേയൊന്നു നോക്കി.. ഉള്ളിൽ ഭയവും വെറുപ്പും നുരഞ്ഞുപൊന്തുന്നതവളറിഞ്ഞു.. റൂമിൽക്കയറി ഡോർ ചേർത്തടച്ചു കുറ്റിയിട്ടു.. എന്നിട്ടും പേടി മാറാതെ താക്കോൽക്കൂട്ടം രണ്ടുവട്ടം തിരിഞ്ഞമർത്തി.. മെല്ലെ ഡോറിലൂർന്നു നിലത്തേയ്ക്കിരിക്കുമ്പോൾ ഉള്ളിൽ നിറഞ്ഞിരുന്നത്... മധുരമൂറുന്ന ഒരു കിളിനാദമായിരുന്നു.. വാലിട്ടെഴുതിയ മിഴികളും നവരസം വിരിയുന്ന മുഖവുമായിരുന്നു.. നിറഞ്ഞ കൈയ്യടികൾക്കിടയിൽ പുഞ്ചിരിയോടെ ക്യാഷ് അവാർഡ് വാങ്ങുന്ന പെൺകുട്ടിയായിരുന്നു.. ലിജി... പെട്ടന്ന് കാത് കൊട്ടിയടയുംപോലെ ആ വാക്കുകളും... അവളുടെ ഓർമ്മ മൂന്നു ദിവസം മുൻപുള്ളൊരു ഉച്ചനേരത്തേയ്ക്ക് പോയി..

ടീച്ചേഴ്സിന് കോഴ്സ് നടക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം പ്ലസ് ടു ബയോളജി ക്ലാസുകൾക്ക് അവധിതന്നിരുന്നു.. വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും പുറകിൽ പുരയിടത്തിലെന്തോ പണിയിലായിരുന്നു.. കൃഷിഭവനിൽനിന്നും കുറച്ചു വാഴക്കന്നു കിട്ടിയിരുന്നു. അത് നടീലാണ്.. റൂമിൽ ബാഗ് വെയ്ച്ചു ഇറങ്ങുമ്പോഴാണ് അച്ഛന്റെ റൂമിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.. അടുത്തിടെയാണ് അയാൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങിയത്.. കിച്ചന്റെ ഫോണിൽ ഇടയ്ക്കൊക്കെ ഉപയോഗിക്കാറുണ്ട്.. അല്ലതെ കിട്ടാറില്ല.. അച്ചു ജനാലവഴി പുരയിടത്തിലേയ്ക്കൊന്നെത്തി നോക്കി.. അവിടെ ലതിക കൂടി നിൽക്കുന്നത് കണ്ടപ്പോൾ ഇപ്പോഴൊന്നും തിരികെവരില്ലെന്നവൾ ഉറപ്പിച്ചു.. ഡിസ്പ്ലേയിൽ പേരില്ലാത്തൊരു നമ്പർ.. ഒരുവട്ടം ബെല്ലടിച്ചു രണ്ടാമതും റിങ്ങായപ്പോൾ അച്ചു ഫോൺ എടുത്തു.. ടാ.. രവീ... ഞാനാടാ സതീഷ്... എടാ.

എല്ലാം ഒപ്പിച്ചു വെച്ചിട്ട് നീയവിടെ സുഖിച്ചു കഴിയുന്നല്ലേ... എനിക്കാണെങ്കിൽ പേടിച്ചിട്ട് കൈയും കാലും വിറയ്ക്കാ... പേടി മാറ്റാനായിട്ട് രണ്ടടിക്കാമെന്നു വെച്ചാല് അതും പേടിയാ.. കുടിച്ചു വെളിവില്ലാതെ ഞാനെന്തേലും പറഞ്ഞുപോയാൽ നിന്റെയൊപ്പം ഞാനും കുടുങ്ങില്ലേ.. പക്ഷേ... ഇന്ന് ഞാനല്പം കുടിച്ചു.. എന്നാലും ഓവർ അല്ല... നീയെന്താടാ.. ഒന്നും മിണ്ടാത്തെ.. അത് പറയുമ്പോഴും സതീഷിന്റെ ശബ്ദം കുഴഞ്ഞിരുന്നു. ആഹ്.. എന്റെ നമ്പർ കണ്ടാൽ നീ എടുക്കില്ലല്ലോ അല്ലേ.. പിന്നെ.. സൂക്ഷിച്ചും കണ്ടും നടന്നോ... ആ ചത്ത കൊച്ചില്ലേ.. ലിജി... അതിന്റെ ബോഡി കൂടി കിട്ടാത്തോണ്ട് ആൾക്കാരൊക്കെ ഇളകിയിരിക്കാ... എല്ലായിടത്തും പോലീസ് കണ്ണും കാതും കൂർപ്പിച്ചു നടക്കാ.. എടാ.. ആ ശവമെങ്ങാനും കണ്ടുപിടിക്കോ... പോലീസ് നായയൊക്കെ കറങ്ങി നടപ്പാണ്.. എന്നാലും നിന്റെ മോളെ പ്രായമുള്ള കൊച്ചിനെ വേണ്ടാത്തതൊക്കെ ചെയ്തേച്ചും പോരാഞ്ഞു കൊന്നു കുഴിച്ചു മൂടിയില്ലെടാ... എന്റെ കഷ്ടകാലത്തിനാണ് ആ സമയത്ത് അങ്ങോട്ട് വരാനും കാണാനുമൊക്കെ ഇടവന്നത്..

അതുകൊണ്ടല്ലെടാ ദ്രോഹി.. ഈ.. എന്നെ... ടാ.. ഈ.. സതീഷിനെ.. നിന്റെ ചങ്കിനെ നീ കുടുക്കിയത്.. എന്റെ ഗതികേട് കൊണ്ട്... പിന്നെ ശബ്ദം നേർത്തു വന്നിരുന്നു.. പക്ഷേ . കേട്ട വാർത്തയുടെ നടുക്കത്തിൽ അച്ചു അവ്യക്തമായ അയാളുടെ ശബ്ദവീചികൾക്ക് കാതോർത്തു.. എന്റെ.. എന്റെ ഗതികേട് കൊണ്ട് ആ കൊച്ചിന്റെ ശവം കുഴിച്ചുമൂടാൻ സഹായിച്ചു.. അല്ലാണ്ട്... ഞാനൊന്നു തൊട്ടുപോലും നോക്കില്ല.. സതീഷ് കൊള്ളാത്തവനാ.. പക്ഷെങ്കില്... വള്ളിക്കെട്ടാകാത്ത കേസെ നോക്കത്തൊള്ളൂ.. അല്ലാണ്ട് ഈ കൊച്ച് പിള്ളേരെയൊന്നും ഓർക്കത്തുകൂടിയില്ല.. അല്ലേലും ആ അനന്തരവാള് കൊച്ചിനെ നീ കൊറേ ദ്രോഹിച്ചതല്ലേ.. നാളെ നീ നിന്റെ മോളേം കേറിപ്പിടിക്കാതില്ലെടാ നാറി... സതീഷ് പറയും... ഇനിയും പറയും... പിന്നീടൊന്നും കേൾക്കാൻ കഴിയാത്തപ്പോൾ അച്ചു തളർന്നിരുന്നു.. പുറത്തു സാവിത്രിയുടെയും രവിയുടെയും സംസാരം കേട്ടപ്പോഴേ റൂമിലേയ്ക്ക് കയറി ഡോർ വലിച്ചടച്ചു.. കാന്തിയും ലിജിയും ഒരു നാണയത്തിന്റെ മറുപുറമെന്നപോൽ മനസ്സിൽ തെളിഞ്ഞു... ഒപ്പം ഒരു ഭീകരസത്വം പോൽ രവിയും.. നാളെ നീ നിന്റെ മോളേം കേറി പിടിക്കത്തില്ലെടാ നാറി... അച്ചുവിന്റെ കാതുകളിലപ്പോഴും സതീഷിന്റെ വാക്കുകൾ അലയടിച്ചു.. ഒപ്പം ഭയവും........ കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story