🌻സൂര്യകാന്തി 🌻: ഭാഗം 45

Sooryakanthi mizhi

രചന: മിഴി

 എനിക്കെന്നും ബഹുമാനത്തിൽ കലർന്ന സ്നേഹമായിരുന്നു അമ്മാവനോട്.. അത്രയ്ക്കും കടപ്പാടുണ്ട്.. അതാണിന്നു വിഷ്ണുവിനും ഞാൻ നൽകുന്നത്.. മരിയ്ക്കും മുൻപും രണ്ടുമക്കളെയും കൈവിടല്ലെന്നേ ആവശ്യപ്പെട്ടുള്ളൂ.. അതുകൊണ്ടാണ് വിദ്യയെ വെറുക്കാനോ അവഗണിക്കാനോ കഴിയാത്തതും.... ആ ഓർമ്മയിൽ സൂര്യന്റെ മിഴികൾ സജലമായി. ഒന്നു നിർത്തിയ ശേഷം അവൻ വീണ്ടും പറഞ്ഞുതുടങ്ങി. അമ്മാവൻ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നപ്പോൾ നാളെ അവർക്കൊരു ബാധ്യതയാകുമോയെന്ന ഭയമായിരുന്നു എനിക്കും അമ്മയ്ക്കും. എന്നാൽ അങ്ങനൊരു ചിന്തയ്ക്കും ഇടക്കൊടുക്കാത്തതായിരുന്നു അവിടെ ഞങ്ങൾക്ക് കിട്ടിയ സ്ഥാനം. വിഷ്ണുവിനും വിദ്യയ്ക്കും ഒപ്പം തന്നെയായിരുന്നു എന്നെയും കണ്ടിരുന്നത്.. ഒന്നും ആവശ്യപ്പെടാതെത്തന്നെ എല്ലാം അമ്മാവൻ നടത്തിത്തന്നിരുന്നു.

ഡിഗ്രീ കഴിഞ്ഞു പിജി ചെയ്യുമ്പോഴും അമ്മാവന്റെ പാത പിന്തുടരുമ്പോഴും ജീവിതത്തിൽ ഞാനെത്ര ഭാഗ്യവനാണെന്നു ഓർത്തിട്ടുണ്ട്.. ചെറുപ്പം മുതൽ ഏൽക്കേണ്ടിവന്ന വിഷമങ്ങളിൽനിന്നും കരകയറ്റിയതിനു ദൈവത്തോട് നന്ദി പറഞ്ഞിരുന്നു.. വിഷ്ണു പണ്ടേ എല്ലാത്തിനും കൂടെ നിഴലായി നടന്നിരുന്നു. അന്നേ പറയുമായിരുന്നു എനിക്കും ജിത്തേട്ടനെ പോലെ ആയാൽ മതീന്ന്.. സ്വന്തം ലോകത്തേയ്ക്ക് പെട്ടെന്നൊരുദിവസം കയറിവന്നതിന്റെ ഒരു നീരസവും ഇരുവരും എന്നോട് കാണിച്ചിരുന്നില്ല. വിദ്യയെ ഒരിക്കലും തെറ്റായോരർത്ഥത്തിൽ കണ്ടിട്ടുമില്ല.. ശരിക്കും വാത്സല്യമായിരുന്നു രണ്ടാളോടും.. വിച്ചൂവാണെങ്കിൽ എനിക്കൊരു സൂപ്പർസ്റ്റാർ പരിവേഷം നൽകി നടക്കും.. എന്തുകിട്ടിയാലും അത് ജിത്തേട്ടനെന്നു പറഞ്ഞു കൊണ്ടത്തരും. പേന, പെൻസിൽ, ഡ്രസ്സ്‌ എല്ലാം ഞാൻ ഉപയോഗിച്ചത് നിധിപോലെ എടുത്തുകൊണ്ടുപോകും..

പലപ്പോഴും അതെനിക്ക് കുറ്റബോധവുമുണ്ടാക്കാറുണ്ട്. കാരണം ഒരു അല്ലലുമില്ലാതെ കഴിഞ്ഞ ചെറുക്കനാണ്.. എന്റെ ബാക്കി തേടി നടക്കുന്നത്. ആ സ്നേഹത്തിനു ഞാൻ യോഗ്യനാണോയെന്നുപോലും സംശയിച്ചിട്ടുണ്ട്. ഇന്നും എന്റെ നിഴലായി നടക്കുന്നു.. വിച്ചുവിന്റെ അമ്മവീട്ടുകാർക്കൊക്കെ അമ്മാവന്റെ പ്രവർത്തിയിൽ നല്ല നീരസം ഉണ്ടായിരുന്നു. അതിടയ്ക്കൊക്കെ അമ്മയുടെ നെഞ്ച് നീറ്റിത്തുടങ്ങിയപ്പപ്പോൾ മനസ്സില്ലമനസ്സോടെയെങ്കിലും അമ്മയുടെ ഷെയറിൽ ഒരു വീട് വെയ്ച്ചു തന്നു.. കോളേജിലെ ഷെയറിൽ മക്കൾക്കൊപ്പം അധികാരം തന്നു.. ഇന്ന് കാണുപോലെ മുകളിൽ മുറിയിറക്കിയതും മാറ്റം വരുത്തിയതുമൊക്കെ വർഷാവർഷം കോളേജ് ഷെയറിൽ നിന്നും കിട്ടിയ പങ്കു കൊണ്ടാണ്.. പ്ലസ് ടു കഴിഞ്ഞു വിദ്യ നഴ്സിങ്ങിന് പോണമെന്നു കട്ടായം നിന്നു. അതും ദൂരെയെവിടെലും മതിയെന്നും വാശിപിടിച്ചു.

അമ്മാവൻ നാട്ടിൽ അഡ്മിഷൻ ശരിയാക്കാമെന്നു പറഞ്ഞെങ്കിലും അവൾ കട്ടയ്ക്ക് നിന്നു. പുറമെ ഗൗരവക്കാരനാണെങ്കിലും മോളുടെ ആഗ്രഹം തള്ളിക്കളയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ ബാംഗ്ലൂരിൽ ബി എസ് സി നഴ്സിങ്ങിന് ചേർത്തു.. ആദ്യമാദ്യം എല്ലാ വീക്കെണ്ടിലും നാട്ടിലേയ്ക്കൊടി വരുമായിരുന്നു.. കാരണം വിച്ചുവെന്നാൽ അവൾക്കു ജീവനായിരുന്നു.. അവനും ഇച്ചേച്ചിയെ പിരിയാൻ ഭയങ്കര മടിയായിരുന്നു.. പിന്നേപ്പിന്നെ വരവ് മാസങ്ങളുടെ ദൈര്ഖ്യമുണ്ടാക്കി.. വിച്ചു ഇടയ്ക്കിടയ്ക്കതിനു പരാതിയും പറയുമായിരുന്നു.. ഞാൻ നമ്മുടെ കോളേജിൽ അധ്യാപകനായി കയറി ഒന്നര മാസമായപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ റിസേർച്ചിന് എൻട്രൻസ് കിട്ടി.. തന്നെ കേൾക്കാനായി കാതോര്തിരിക്കുന്നവളെ നോക്കി സൂര്യൻ ഓർമ്മകളുടെ ഏടുകൾ താണ്ടി.. ( ഇനി പാസ്റ്റും പ്രെസെന്റും മിക്സ്‌ ചെയ്തു പോകാവേ....) ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

പി എച് ഡിക്കു ജോയിൻ ചെയ്തിട്ട് മൂന്നാമത്തെ വർഷം... യൂണിവേഴ്സിറ്റി തീസിസ് സബ്‌മിറ്റ് ചെയ്യാൻ അഞ്ചുവർഷത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും നാലു വർഷത്തിനകം എല്ലാം ശരിയാക്കാൻ സൂര്യൻ തയ്യാറെടുത്തു.. ഡാറ്റാ കളക്ഷൻ നടക്കുന്ന സമയത്താണ് പെട്ടെന്നൊരു ദിവസം അമ്മാവന് സുഖമില്ല എന്ന് വിച്ചു വിളിച്ചു പറയുന്നത്.. തലേ ദിവസം കൂടി നന്നായി സംസാരിച്ച ആളാണ്. അതുകൊണ്ടുതന്നെ ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല.. നാട്ടിലെത്തിയപ്പോൾ അത്യാസന്ന നിലയിൽ ഐസിയുവിൽ കിടക്കുന്ന അമ്മാവനെയാണ് കാണാൻ കഴിഞ്ഞത്. കരഞ്ഞു തളർന്ന അമ്മായിയെയും ആകെ തകർന്നു നിൽക്കുന്ന വിച്ചുവിനെയും വിദ്യയെയും കാൻകെ ഉള്ളിൽ അകാരണമായൊരു ഭയം നിറഞ്ഞു.. ഐസിയുവിൽ തളർന്ന് കിടക്കുന്ന അമ്മാവനെ കാൻകെ ജീവിതത്തിൽ ഇതുവരെയും തന്നെ പൊതിഞ്ഞിരുന്ന കവച ത്തിന് ശക്തി കുറയും പോലെ സൂര്യന് തോന്നി.. ആത്മവിശ്വാസവും ഗൗരവവും നിറഞ്ഞിരുന്ന മുഖത്തപ്പോൾ തികച്ചും ദൈന്യതയാണ് കാണാൻ കഴിഞ്ഞത്..

തന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ ഭാവം എന്തായിരുന്നു... ഇന്നും ആ മനസ്സിനാഴം വായിക്കാൻ കഴിഞ്ഞിട്ടില്ല.. ജിത്തൂ.... മോനെ.. എന്റെ ദേവൂ... ഞാനില്ലാതെ ഒന്നും പറ്റില്ല അവൾക്ക്.. തളർന്നുപോകാതെ നോക്കണം.. വിച്ചു.. അവൻ കുഞ്ഞാണ്... അവന്റെ ഭാവി നിന്നെ ഏൽപ്പിക്കാ.. ഏട്ടനായി കൂടുണ്ട് നീ.. അറിയാം എന്നാലും ഞാൻ.. എന്റെ സ്ഥാനത്ത് നിൽക്കണം.. വഴിതെറ്റാണ്ട് നോക്കണം.. എനിക്ക്... പറയാൻ ഇനിയും ബാക്കിയെന്നപോലെയാ വൃദ്ധൻ കിതച്ചു.. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി.. മാമേ... ഒന്നും ഇല്ല.. പേടിക്കേണ്ട... ഇനിയൊന്നും സംസാരിക്കേണ്ട.. ഞാനില്ലേ... സൂര്യൻ വിറയ്ക്കുന്ന കൈകൾ കൂട്ടിപ്പിടിച്ചു മെല്ലെ തടവി. ഇ.. ഇല്ല.... എനി.. എനിക്ക്... ഇനി ഒരവസരം കിട്ടീന്ന് വരില്ല.. വിദ്യ... അവളെ.. നിന്നെ ഏൽപ്പിക്കണമെന്നായിരുന്നു ആഗ്രഹം.. പക്ഷേ... ഞാൻ ഒറ്റയ്ക്ക് അങ്ങനൊരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നു.. എന്റെ കുട്ടി... അവളെ തനിച്ചാക്കരുത്.. ഒരിക്കലും... അവളെ വെറുക്കരുത്... അവളെയോർത്തുള്ള ആധിയാ ജിത്തൂ നിക്ക്... ഈ.. കണ്ണടഞ്ഞാലും ശാന്തി കിട്ടില്ല നിക്ക്...

നീയവളെ.... ജിത്തൂ.... കൈവിട... മുഴുവൻ പറയും മുന്നേ വാക്കുകൾ മുറിഞ്ഞുപോയി.. ഇതുവരെയറിഞ്ഞ കൈകളുടെ വിറയൽ നിശ്ചലമായി.. ഇരുചെന്നിയിലുമപ്പോൾ ഊർന്നുവീണ നീര്മുത്തുകൾ കാതുകൾക്കിരുവശവും മുടിയിലൊളിച്ചു.. അപ്പോഴും മൃതിയെന്ന സത്യം അംഗീകരിക്കാനാവാതെ സൂര്യൻ നിശ്ചലനായിരുന്നു... ചെവിയിലപ്പോഴും ആ നനുത്ത ശബ്ദം പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരുന്നു... എന്നും ശക്തിയായി... പ്രചോദനമായി കൂടെനിന്നയാളാണ്... ആ സാമീപ്യം ഇനിയില്ലെന്ന ചിന്ത വരുമ്പോൾത്തന്നെ ദേഹം ബലം ചോർന്നു തളരുന്നു.... ഇന്നീ കാണുന്ന അസ്തിത്വം നേടിത്തന്നയാളാണ് ഇപ്പോൾ മുന്നൽ ചേതനയറ്റു കിടക്കുന്നത്.. ഉള്ളിൽ നിന്നോരാർത്തനാദം പുറത്തുവന്നു.. ഐ സി യു വിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മുന്നിൽ പ്രതീക്ഷയോടെ തിളങ്ങുന്ന കണ്ണുകൾക്ക്‌ മുന്നിൽ നാവ് തളർന്നു.. സത്യം ഓരോരുത്തരായി ഉൾക്കൊള്ളുമ്പോഴും സൂര്യന്റെ ഉള്ളം അനാഥനെന്നപോൽ ആർത്തുകരഞ്ഞു.. അവസാനമായി അദ്ദേഹം പറഞ്ഞേൽപ്പിച്ചതോർത്തപ്പോൾ അകമേ കരഞ്ഞവൻ പുറമെ ഏവർക്കും കവചമായി.. തണലായി...

താങ്ങായി.. ഭർത്താവിന്റെ വിയോഗം ദേവകിയെ തീർത്തും തളർത്തിയിരുന്നു.. പതിയെ പതിയെ ശരീരവും ക്ഷയിച്ചു തുടങ്ങി.. വിദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾത്തന്നെ കർമ്മങ്ങളെല്ലാം തീർത്തു തിരികെ ബാംഗ്ലൂർക്കു പോയി. അച്ഛന്റെ മരണം ഒട്ടും ഉൾക്കൊള്ളനാകാതെ മൂകയായിരുന്നവളെ ദയയാണ് നിർബന്ധിച്ചു കൂടെക്കൂട്ടിയത്.. ഒരു മാറ്റം അവൾക്കാശ്വാസമാകുമെന്നോർത്തു വിച്ചൂവാണ് നിർബന്ധിച്ചു ദിയയ്‌ക്കൊപ്പം അയച്ചതും.. എന്നാൽ വിച്ചുവിന്റെ മാറ്റം തികച്ചും അത്ഭുതമായിരുന്നു.. കളിയും കുസൃതിയും നിറഞ്ഞ കൊച്ചുപയ്യനിൽനിന്നും പക്വതയുള്ളൊരു ആളായി മാറിയിരുന്നു.. കാരണം തങ്ങളെക്കാളൊക്കെ അച്ഛന്റെ വിയോഗം തളർത്തിയത് സൂര്യനെയാണെന്നു അവനു നല്ല ബോധ്യമുണ്ടായിരുന്നു.. എന്നിട്ടുമൊന്നും പുറമെകാട്ടാതെ കോളേജും പഠിത്തവുമായി ഓടിനടക്കുന്നവന് താങ്ങാവാൻ താൻ കുറച്ചുകൂടി ബോൾഡ് ആവണമെന്ന് വിച്ചൂവിനും തോന്നി.. കാലം പോകെ യാഥാർദ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ മനുഷ്യനോളം കഴിവ് മാറ്റാർക്കുമില്ലല്ലോ...

സൂര്യൻ റിസേർച് ഏകദേശം പൂർത്തിയാക്കി സബ്‌മിറ്റ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.. അമ്മാവന്റെ മരണം കഴിഞ്ഞു ഏകദേശം ആറ് മാസങ്ങൾക്കിപ്പുറം ഒരു ശനിയാഴ്ച വൈകുന്നേരമാണ് സൂര്യനെ കാണാനായി പോണ്ടിച്ചേരിയിൽ അവൻ പേയിങ് ഗസ്റ്റ്‌ ആയി താമസിക്കുന്ന വീട്ടിൽ വിദ്യ വന്നത്.. സൂര്യനാണ് കോളേജിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്.. നാട്ടിൽ ഇല്ലെങ്കിലും എല്ലാത്തിലും ഒരു ശ്രദ്ധ അവൻ കൊടുക്കാറുണ്ട്. സാലറി അക്കൗണ്ട്സ് ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കോളിങ് ബെൽ അടിച്ചത്.. ഇവിടെ പ്രത്യേകിച്ചാരും വരാനില്ലാത്തതുകൊണ്ടുതന്നെ സംശയത്തോടെയാണ് വാതിൽ തുറക്കുന്നതും.. മുന്നിൽ നിൽക്കുന്ന വിദ്യയേക്കണ്ടപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്.. വിദ്യാ... നീ... നീയെങ്ങനെ ഇവിടെ വന്നു.. ഈ ലൊക്കേഷൻ എങ്ങനെ കൃത്യം അറിഞ്ഞു..? നാട്ടിൽനിന്നും ആരും ഇതുവരെ ഇവിടെക്കു വന്നിട്ടില്ല.

അതുകൊണ്ടുതന്നെ വിദ്യ വീടെങ്ങനെ കൃത്യം കണ്ടുപിടിച്ചെന്ന ആശ്ചര്യമായിരുന്നു സൂര്യനിൽ.. എന്റെ സൂര്യാ... ഇങ്ങനെ പുറത്തുനിർത്തി ക്യോസ്റ്റിയൻ ചെയ്യാതെ ഒന്നകത്തേയ്ക്ക് കയറ്റെഡോ..? അപ്പോൾമാത്രമാണ് വിദ്യയ്ക്ക് പുറകിൽ സ്റ്റെപ്പിലായി നിൽക്കുന്ന ദയയെ അവൻ ശ്രദ്ധിയ്ക്കുന്നത്.. ഓഹ്.. സോറി... രണ്ടുപേരും അകത്തേയ്ക്ക് വരൂ.. വിദ്യാ... എന്താ ഒന്നു പറയുക കൂടി ചെയ്യാതെ.. ഇത്രെയും ദൂരെ.. തീരെ പരിചയമില്ലാത്തിടത്തേയ്ക്ക്.. സൂര്യൻ ഉള്ളിലെ ആധി മറയ്ക്കാതെ അവളെ നോക്കി.. ഇത്രെയും പറഞ്ഞിട്ടും ഇതുവരേയ്ക്കും ഒന്നും മിണ്ടാതെ മൗനിയായി നിൽക്കുന്നവളെ കാൻകെ സൂര്യൻ തെല്ലാശങ്കയിലായി.. വിദ്യാ... എന്താ മോളെ.. നീയെന്താ ഒന്നും മിണ്ടാത്തെ.. എന്തേലും വയ്യായ്കയുണ്ടോ..? ചോദിക്കുമ്പോഴും അവളെയാകെ ആശങ്കയോടെ നോക്കുന്നുണ്ടായിരുന്നു..

ജിത്തേട്ടാ... എനിക്ക്.. എനിക്കേട്ടനോട് കുറച്ചു സംസാരിക്കാനുണ്ട്... സൂര്യന്റെ മുഖത്ത് നോക്കാതെത്തന്നെയവൾ പറഞ്ഞൊപ്പിച്ചു.. ഇട്ടിരിയ്ക്കുന്ന കുർത്തയുടെ സ്ലീവിൽ മുറുകുന്ന വിരലുകൾ അവളുടെ ഉള്ളിലെ സംഘർഷം വിളിച്ചോതുന്നുണ്ടായിരുന്നു... എന്താ... പെട്ടെന്ന്..... ഒന്നു വിളിച്ചാൽ പോരായിരുന്നോ? ഫോണിൽ പറയാൻ പറ്റാത്തതായോണ്ടല്ലേ സൂര്യാ ഇത്രേം ദൂരം വന്നേ..? ദയ വിദ്യയെത്തന്നെ നോക്കി ആവലാതിപ്പെടുന്നവനെ നോക്കിയൽപ്പം നീരസത്തിൽ പറഞ്ഞു.. താൻ വാ... ഇത്രേം യാത്ര ചെയ്തതല്ലേ.. ആദ്യം രണ്ടാളുമൊന്നു ഫ്രഷ് ആകു.. അപ്പോഴേയ്ക്കും എന്തേലും കഴിയ്ക്കാൻ മേടിച്ചു വരാം ... ഇവിടെ അധികം കുക്കിങ് ഒന്നുമില്ല.. ഞാൻ മാത്രമല്ലേയുള്ളൂ..

സൂര്യൻ ഇരുവരെയും നോക്കി പറഞ്ഞശേഷം മുറി കാട്ടിക്കൊടുത്തു. ജിത്തേട്ടാ... ഞാൻ.. പറയാൻ വന്നത്... മ്മ്.. എല്ലാം പറയാം... എന്തായാലും സംഭവം അൽപ്പം സീരിയസ് ആണെന്ന് തോന്നുന്നു.. അതുകൊണ്ടുതന്നെ ആദ്യം മൈൻഡ് ഒന്നു റിലാക്സ് ആക്കു. എന്നിട്ട് സമാധാനമായി പറഞ്ഞാൽ മതി.. സൂര്യൻ വിദ്യയുടെ തോളിലൊന്നു തട്ടി റൂമിലേയ്ക്ക് വിരൽചൂണ്ടി.. തന്നെ ഗൗനിക്കാതെയുള്ള സൂര്യന്റെ പ്രവർത്തിയിൽ ദയയ്ക്കല്പം നീരസം തോന്നിയെങ്കിലും സന്ദർഭം മനസ്സിലാക്കി അവൾ പിൻവലിഞ്ഞു.. വിഷമിക്കേണ്ട കേട്ടോ.. എല്ലാം നമുക്ക് ശരിയാക്കാം. വീണ്ടും വിഷമത്തോടെ നോക്കിനിൽക്കുന്നവളെ സൂര്യൻ ആശ്വസിപ്പിച്ചു....... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story